റമദാൻ ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )
ആമുഖം
അബൂഹുറൈറ (റ) നിവേദനം. നബി ﷺ പറഞ്ഞു: ‘ആരെങ്കിലും റമദ്വാനില്‍ ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും നോമ്പനുഷ്ടിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും. ആരെങ്കിലും ക്വദ്‌റിന്റെ രാത്രിയില്‍ ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും നിന്നാല്‍ (നമസ്‌കരിച്ചാല്‍) അവന്‍ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും’. (ബുഖാരി, മുസ്‌ലിം)
‘ആരെങ്കിലും ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും റമദ്വാനില്‍ നിന്നാല്‍ (തറാവീഹ് നമസ്‌കരിച്ചാല്‍) അവന്‍ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും’. (ബുഖാരി, മുസ്‌ലിം)
‘ആരെങ്കിലും റമദ്വാനിലെ നോമ്പനുഷ്ടിക്കുകയും പിന്നെ ശവ്വാലിലെ ആറ് (നോമ്പുകള്‍) അതിനെ തുടര്‍ന്ന് അനുഷ്ടിക്കുകയും ചെയ്താല്‍ അത് ഒരു വര്‍ഷം നോമ്പനുഷ്ടിച്ചത് പോലെയാണ്’. (മുസ്‌ലിം)

പാഠങ്ങള്‍:
1. റമദാനിലെ കര്‍മങ്ങള്‍ വളരെ മഹത്വമേറിയതാണ്,
2.റമദ്വാനിലെ കര്‍മങ്ങള്‍ ആത്മാര്‍ത്ഥതക്കനുസരിച്ച് അവയുടെ പ്രതിഫലങ്ങള്‍ അനേകം ഇരട്ടിയായി മാറും.
3.റമദ്വാനിലെ നോമ്പ് പ്രധാനപ്പെട്ട ഒരു ആരാധനാ കര്‍മമാണ്.
4. അതിലൂടെ മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും.
5. ഇങ്ങനെ പൊറുക്കപ്പെടുന്നത് ചെറുപാപങ്ങളാണ്. വന്‍പാപങ്ങള്‍ പൊറുക്കപ്പെടാന്‍ തൗബ അനിവാര്യമാണ്.
6. റമദ്വാനിലെ നോമ്പ് മുഖേന പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ അതിന് രണ്ട് നിബന്ധനകളുണ്ട്:
(1). ദൃഢമായ ഈമാന്‍, (2). പ്രതിഫലേച്ഛ.
7.പ്രതിഫലേച്ഛ എല്ലാ കര്‍മങ്ങള്‍ക്കും വേണ്ടതാണ്.
8. ഒരു കര്‍മം ചെയ്യുമ്പോള്‍ പ്രതിഫലേച്ഛ ഉണ്ടാവണമെങ്കില്‍ അതിന്റെ പ്രതിഫലങ്ങള്‍ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം.
9.റമദ്വാനില്‍ ഉള്ള മഹത്വമേറിയ ഒരു രാത്രിയാണ് ലൈലതുല്‍ ക്വദ്ര്‍.
10. അന്നേ ദിവസം മുഴുവന്‍ ആരെങ്കിലും തറാവീഹിലും, മറ്റു ഇബാദത്തുകളിലും കഴിഞ്ഞാല്‍ അത് ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാണ്.
11. മാത്രമല്ല ഈമാനോട് കൂടിയും, പ്രതിഫലേച്ഛയോട് കൂടിയും അത് ആരെങ്കിലും ശ്രദ്ധിച്ചാല്‍ അവന്‍ മുമ്പ് ചെയ്തപാപങ്ങള്‍ എല്ലാം പൊറുക്കപ്പെടും.
12. റമദാനിലെ നോമ്പ് പോലെ അതിലെ തറാവീഹ് (രാത്രിനമസ്‌കാരം) വളരെ മഹത്വമേറിയതാണ്.
13. ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും അത്‌നിര്‍വഹിച്ചാല്‍ മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും.
14. റമദ്വാനിലെ മുഴുവന്‍ നോമ്പുകളും അനുഷ്ഠിച്ച ശേഷം ശവ്വാലിലെ ആറ് നോമ്പ് ആരെങ്കിലും അനുഷ്ഠിച്ചാല്‍ അവന്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചത് പോലെയാണ്.
15. അപ്പോള്‍ റമദാനിലെയും, ശവ്വാലിലേയും ഈ നോമ്പുകള്‍ ഓരോന്നും പത്തിരട്ടിയായാണ് സ്വീകരിക്കപ്പെടുന്നത് എന്നര്‍ത്ഥം.