ഹദീസ് : 16
عن أَبي مُوسَى: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ بَيْنَ يَدَيِ السَّاعَةِ أَيَّامًا، يُرْفَعُ فِيهَا العِلْمُ، وَيَنْزِلُ فِيهَا الجَهْلُ، وَيَكْثُرُ فِيهَا الهَرْجُ» وَالهَرْجُ: القَتْلُ– رواه البخاري ومسلم
അബൂമൂസ (റ) നിവേദനം. നബി ﷺ പറഞ്ഞു: നിശ്ചയം അന്ത്യ ദിനത്തിന്റെ മുന്നോടിയായി ചില ദിവസങ്ങൾ വരാനുണ്ട്, അതിൽ അറിവ് ഉയർത്തപ്പെടുകയും, അറിവില്ലായ്മ ഇറക്കപ്പെടുകയും, ഹർജ് അഥവാ കൊല വർദ്ധിക്കുകയും ചെയ്യും. (ബുഖാരി മുസ് ലിം)
വിവരണം
> അന്ത്യ ദിനത്തിന്റെ അടയാളങ്ങളായിട്ടുള്ള ചില കാര്യങ്ങളാണ് ഹദീസിൽ വിശദീകരിച്ചിരിക്കുന്നത്.
> അന്ത്യദിനത്തിന് തൊട്ടുമുമ്പായി വിജ്ഞാനം ഉയർത്തപ്പെടുകയും അഥവാ വിജ്ഞാനം ലോകത്ത് നിന്ന് നഷ്ടമാവുകയും, അജ്ഞത സമൂഹത്തിൽ വരികയും, കൊലപാതകങ്ങൾ വർദ്ധിക്കുകയും ചെയ്യും.
> ഇതിൽ പറയപ്പെട്ട ലക്ഷണങ്ങളെല്ലാം നമ്മുടെ കൺമുന്നിൽ നാം കണ്ടുകൊണ്ടിരിക്കുന്നു. വിജ്ഞാനം ഉള്ളവർ കുറവായിരിക്കുന്നു, അറിവില്ലായ്മ സമൂഹത്തിൽ വ്യാപകമായിരിക്കുന്നു, കൊലപാതങ്ങളും വർദ്ധിച്ചിരിക്കുന്നു. മാത്രമല്ല അന്ത്യദിനത്തിന്റെ അടയാളമായി പറയപ്പെട്ട പല കാര്യങ്ങളും നമ്മുടെ ചുറ്റുപാടുകളിൽ സംഭവിച്ച് കൊണ്ടിരിക്കുകയും ചെയ്തിരിക്കുന്നു.
> വിജ്ഞാനം ഒന്നടങ്കം ഉയർത്തപ്പെടുകയില്ല, അറിവുള്ള പണ്ഡിതൻമാരെ മരിപ്പിച്ച് കൊണ്ടായിരിക്കും ഇൽമിനെ ഉയർത്തുന്നത്. പരിപൂർണ്ണമായും ഇൽമ് ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല.
> ഈ ഹദീസിൽ പറയപ്പെട്ട വിജ്ഞാനം വിശുദ്ധ ക്വുർആനിന്റേയും തിരുസുന്നത്തിന്റേയും വിജ്ഞാനമാണ്. നബിമാരിലൂടെ കൈമാറി വന്ന വിജ്ഞാനമാണത്. പണ്ഡിതൻമാർ നബിമാരുടെ അനന്തരാവകാശികളാണ്, അവർ വിജ്ഞാനമാണ് അനന്തരമെടുത്തത്. അവരുടെ മരണത്തിലൂടെ അറിവ് നഷ്ടപ്പെടുകയും, സുന്നത്തുകൾ ഇല്ലാതാവുകയും, ബിദ്അത്തുകൾ വെളിപ്പെടുകയും അറിവില്ലായ്മ പ്രചരിക്കുകയും ചെയ്യും.
> പണ്ഡിതൻമാരില്ലാത്തപ്പോൾ വിവരമില്ലാത്തവർ ഫത്‌വ നൽകുന്ന അവസ്ഥയുണ്ടാവും, അവർ വഴിതെറ്റുകയും മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യും.
> കൊലപാതകം ഇന്ന് വ്യാപിച്ച് കൊണ്ടിരിക്കുന്നു. അന്യായമായി ഒരു ആത്മാവിനെയും വധിക്കാൻ പാടില്ല. അത് മഹാ അപരാധമാകുന്നു. ആത്മഹത്യയും, കൊലപാതകങ്ങളും വലിയ ദുരന്തങ്ങളായി കാണപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. ഉറ്റവരെയും ഉടയവരെയും വരെ നിസാര കാര്യങ്ങൾക്ക് വേണ്ടി കൊന്നൊടുക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു.
> ഹദീസിൽ നിന്നള്ള പാഠങ്ങൾ:
1- അന്ത്യ ദിനത്തിന്റെ അടയാളമായി പറയപ്പെട്ടവ സമൂഹത്തിൽ വ്യാപിക്കും,അറിവ് ഉയർത്തലും, അറിവില്ലായ്മ പരക്കലും, മദ്യപാനം വർധിക്കലും, വ്യഭിചാരം പ്രകടമാകലും എല്ലാം വലിയ തോതിൽ അന്ത്യദിനത്തിന്റെ മുന്നോടിയായി കാണപ്പെടും. ഇതിന് വിപരീതമായ കാര്യങ്ങൾ വളരെ കുറയുന്ന സാഹചര്യമായിരിക്കും അന്ന്.
2- അറിവില്ലായ്മ എന്നാൽ മതപരമായ വിഷയങ്ങളിൽ അറിവില്ലായ്മ പെരുകും എന്നാണ്. ഭൗതിക വിജ്ഞാനങ്ങൾ ഇതിൽ പെടില്ല.ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും നല്ല പോലെ അറിയാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക.
3- അറിവിനെ ഉയർത്തുന്നത് അറിവുള്ളവരുടെ മരണത്തിലൂടെയാണ്.
4- അറിവില്ലാത്തവരിൽ നിന്ന് അറിവ് തേടുന്ന അവസ്ഥ അന്ത്യ ദിനത്തിന്റെ അടയാളത്തിൽ പെട്ടതാണ്. പല യുവാക്കളും മത വിഷയത്തിൽ ഫത്‌വ നൽകാൻ ധൈര്യം കാണിക്കുന്ന അവസ്ഥ കാണാവുന്നതാണ്. അങ്ങനെ ഫത്‌വകൾ നൽകി വഴിതെറ്റിക്കുന്നതും ഇതിൽ പെടും.