ഹദീസ് : 15
عَنِ الأَعْرَجِ، قَالَ: قَالَ أَبُو هُرَيْرَةَ: يَأْثُرُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «إِيَّاكُمْ وَالظَّنَّ، فَإِنَّ الظَّنَّ أَكْذَبُ الحَدِيثِ، وَلاَ تَجَسَّسُوا، وَلاَ تَحَسَّسُوا، وَلاَ تَبَاغَضُوا، وَكُونُوا إِخْوَانًا- البخاري ومسلم
അഅ്‌റജ് നിവേദനം, അബൂ ഹുറൈറ (റ) നബി ﷺ യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന: നബി ﷺ പറഞ്ഞു: നിശ്ചയം നിങ്ങൾ ഊഹത്തെ സൂക്ഷിക്കണം. നിശ്ചയം ഊഹം സംസാരത്തിലെ ഏറ്റവും കളവായതാണ്. നിങ്ങൾ ചാരവൃത്തി നടത്തരുത്, നിങ്ങൾ കാര്യങ്ങൾ ചൂഴ്ന്നന്വേഷിക്കരുത്, നിങ്ങൾ പരസ്പരം പക കാണിക്കരുത്. നിങ്ങൾ സഹോദരൻമാരായിത്തീരുക. (ബുഖാരി, മുസ്‌ലിം)
വിവരണം
> സാമൂഹികമായി മനുഷ്യർ ശ്രദ്ധിക്കേണ്ട വലിയ മര്യാദകളാണ് ഈ ഹദീസിന്റെ ഉള്ളടക്കം. ഇവ സമൂഹത്തിലെ ആളുകൾ പാലിച്ചാൽ പല പ്രശ്‌നങ്ങൾക്കും അസ്വാരസ്യങ്ങൾക്കും പരിഹാരമാകും.
·> ഒരു വിശ്വാസി കാര്യങ്ങളിൽ ഇടപെടേണ്ടത് ഉറപ്പ് കൊണ്ടാണ്, ഊഹം കൊണ്ടല്ല. ഊഹങ്ങൾ തെറ്റാവാൻ ഇടയുണ്ട്. അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ
സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത് കുറ്റമാകുന്നു. (ഹുജുറാത്ത്:12)
·> നമ്മൾ ഊഹിക്കുന്നതാണ് ശരി എന്ന് നമുക്ക് ഉറപ്പിക്കാൻ സാധിച്ച് കൊള്ളണമെന്നില്ല. ചിലപ്പോൾ അത് സംസാരത്തിലെ വലിയ കളവായി മാറും. അത് കൊണ്ടാണത് സൂക്ഷിക്കണം എന്ന് റസൂൽ ﷺ പറഞ്ഞത്.
·> ഊഹം സംസാരത്തിലെ വലിയ കളവാണ് എന്ന് റസൂൽ g പറഞ്ഞത് ഊഹം മനസ്സിന്റെ സംസാരമായത് കൊണ്ടാണ്.
·> ഊഹം നല്ലതും ചീത്തയും ഉണ്ട്. ഒരാളെ കുറിച്ച് നല്ലത് ഊഹിക്കൽ സ്തുത്യർഹമായ കാര്യമാണ്. അത് പോലെ അല്ലാഹുവിനെ കുറിച്ചും ഒരു വിശ്വാസിക്ക് നല്ല വിചാരം ആയിരിക്കണം.
·> അല്ലാഹുവിനെ കുറിച്ചും, ഇതര മനുഷ്യരെ കുറിച്ചും മോശമായി ഊഹിക്കൽമനസ്സിന്റെ രോഗമാണ്. അത് അപകടകരവുമാണ്.
·> ജനങ്ങളെ കുറിച്ച് മോശമായി ഊഹിക്കാനുള്ള കാരണങ്ങൾ:
1- ഒരാൾ സ്വന്തത്തെ നല്ലവനായി കാണൽ, മുള്ളവരേക്കാൾ ഞാൻ നല്ലവനാണെന്ന തോന്നലാണത്.
2- മനസിന്റെ വൃത്തികേട് കാരണം.
3- മതവിഷയങ്ങളിൽ അതിരു വിടലും അമിതമായ കാർക്കശ്യവും
4- മറ്റുള്ളവരെയും അവരുടെ അഭിപ്രായങ്ങളേയും പരിഗണിക്കാ തിരിക്കൽ
5- ദേഹേച്ഛയെ പിന്തുടരൽ
·> ഊഹത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കി നടക്കലും (تجسس), അവരുടെ സംസാരങ്ങൾ ശ്രദ്ധിക്കലും (تحسس) പാടില്ലാത്തവയാണ്.
·> പ്രത്യക്ഷവും പരോക്ഷവുമായ അവരുടെ കുറ്റങ്ങളും കുറവുകളും ചിക്കിചികയാൻ പാടില്ല എന്നാണ് ഹദീസിലുള്ളത്.
·> അതുപോലെ മുസ്‌ലീംകൾ തമ്മിൽ പരസ്പരം ദേഷ്യത്തിൽ കഴിയുകയും അരുത്. വിശ്വാസികൾ പരസ്പരം സാഹോദര്യത്തിൽ കഴിയേണ്ടവരാണ്.
> മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പ്രചരിപ്പിക്കുകയല്ല വേണ്ടത്. അവ മറച്ച് വെക്കുകയാണ് വേണ്ടത് എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. അത്തരക്കാർക്ക് വലിയ പ്രതിഫലങ്ങളുമുണ്ട്.