ഹദീസ് 26

ഹദീസ് : 26

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الجَنَّةُ أَقْرَبُ إِلَى أَحَدِكُمْ مِنْ شِرَاكِ نَعْلِهِ، وَالنَّارُ مِثْلُ ذَلِكَ»- البخاري

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം. നബി പറഞ്ഞു: സ്വർഗ്ഗം നിങ്ങളിൽ ഒരാളിലേക്ക് അവന്റെ ചെരുപ്പിന്റെ വാറിനേക്കാൾ ഏറ്റവും അടുത്തുള്ളതാണ്, നരകവും അങ്ങനെ തന്നെ- (ബുഖാരി).

വിവരണം

> ഈ ഹദീസിൽ تَرْغِيب ഉം تَرْهِيب ഉം ആണുള്ളത്. ആദ്യത്തെ വാചകത്തിൽ ആഗ്രഹമുണ്ടാക്കലും, രണ്ടാമത്തെ വാചകത്തിൽ ഭയപ്പെടുത്തലുമാണ്.

> സ്വർഗ്ഗവും നരകവും മനുഷ്യന്റെ ഏറ്റവും അടുത്താണുള്ളത്. അത് ചെരുപ്പിന്റെ വാറിനേക്കാൾ അടുത്താണെന്നാണ് നബി g പറഞ്ഞിരിക്കുന്നത്.

> നന്മകൾ വർധിപ്പിക്കലും, നിഷിദ്ധങ്ങൾ ഒഴിവാക്കലും സ്വർഗ്ഗ പ്രവേശനത്തിന് കാരണമാണ്. അത് അല്ലാഹു എളുപ്പമാക്കിയവർക്ക് നിസാരമായ കാര്യമാണ്. 

> എന്നാൽ മതപരമായ കാര്യങ്ങൾ കൃത്യമായി ചെയ്യാത്തവർക്ക് അത് വലിയ പ്രയാസവുമാണ്.

> തിൻമകളെ സൂക്ഷിക്കണം. ഏത് തിൻമ കാരണമാണ് നാം നരകത്തിൽ പതിക്കുക എന്ന് നമുക്കാർക്കുമറിയില്ല. നരകവും നമ്മോട് ഏറെ അടുത്ത് തന്നെയുണ്ട്. 

> സ്വർഗ്ഗ പ്രവേശനവും, നരക പ്രവേശനവും എളുപ്പത്തിൽ സംഭവിക്കുന്നതാണെന്ന് ഹദീസ് മനസ്സിലാക്കി തരുന്നു. സ്വർഗ്ഗത്തിന് വേണ്ടി പണിയെടുക്കുന്നവർ സ്വർഗ്ഗത്തിലും, നരകത്തിന് വേണ്ടി പണിയെടുക്കുന്നവർ നരകത്തിലും പതിക്കും. 

> അതിനാൽ സൽകർമങ്ങളെയൊന്നും ആരും നിസാരമാക്കരുത്. തിൻമകളേയും നിസാരമായി കണ്ട് ചെയ്ത് കൂട്ടുകയും അരുത്.

> സ്വർഗ്ഗപ്രവേശനത്തിന് കാരണമായ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും നരകപ്രവേശനത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യണം.

നരകം ഭീകരമാണ് 

> നരകത്തെ കുറിച്ച് അല്ലാഹു പറയുന്നു:

إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا

തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്ക് നാം വേറെ തൊലികൾ മാറ്റികൊടുക്കുന്നതാണ്. അവർ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാൻ വേണ്ടിയാണത്. തീർച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. (നിസാഅ്:56)

സ്വർഗ്ഗം അനുഭൂതിയുടെ കേന്ദ്രമാണ്

അല്ലാഹു പറയുന്നു:

فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ

എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല. (സജദ:17)

Leave a Comment