ഹദീസ് : 30
عَنْ جَرِيرٍ، قَالَ: كُنَّا جُلُوسًا عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذْ نَظَرَ إِلَى القَمَرِ لَيْلَةَ البَدْرِ قَالَ: «إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا القَمَرَ، لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ، وَصَلاَةٍ قَبْلَ غُرُوبِ الشَّمْسِ، فَافْعَلُوا»- البخاري ومسلم
ജരീർ (റ) പറഞ്ഞു: ഞങ്ങൾ റസൂൽ ﷺ യുടെ അടുക്കൽ ഇരിക്കുകയായിരുന്നു, അപ്പോൾ റസൂൽ ﷺ പൂർണ്ണചന്ദ്രനെ നോക്കി പറഞ്ഞു: നിശ്ചയം നിങ്ങൾ ഈ ചന്ദ്രനെ കാണുന്നത് പോലെ നിങ്ങളുടെ റബ്ബിനെ കാണും. അവനെ കാണുന്നതിൽ നിങ്ങൾക്ക് മങ്ങൽ ഉണ്ടാവുകയില്ല. ആയതിനാൽ സൂര്യോദയത്തിന് മുമ്പുള്ള ഒരു നമസ്‌കാരവും, സൂര്യാസ്തമയത്തിന് മുമ്പുള്ള ഒരു നമസ്‌കാരവും നിർവ്വഹിക്കുന്നതിന് (ചില തടസ്സങ്ങളാൽ) നിങ്ങൾ അതിജയിക്കപ്പെടാതെ നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങൾ അവ ചെയ്യുക. (ബുഖാരി മുസ്‌ലിം)
വിവരണം
> വിശ്വാസികൾക്ക് അന്ത്യദിനത്തിൽ അല്ലാഹുവിനെ കാണാൻ സാധിക്കും. ഇത് അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിൽ സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു:
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
إِلَىٰ رَبِّهَا نَاظِرَةٌ
ചില മുഖങ്ങൾ അന്ന് പ്രസന്നതയുള്ളതും ? അവയുടെ രക്ഷിതാവിന്റെ നേർക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (ക്വിയാമ:22-23)
> പതിനാലാം രാവിൽ പൂർണ്ണ ചന്ദ്രനെ കാണുന്നത് പോലെ അന്ന് അല്ലാഹുവിനെ വ്യക്തമായി കാണാനാകും എന്നാണ് റസൂൽ g അറിയിച്ചിട്ടുള്ളത്.
> വിശ്വാസികൾ മാത്രമേ റബ്ബിനെ കാണുകയുള്ളൂ. അവിശ്വാസികൾക്ക് അതിന് സാധിക്കുകയില്ല. അല്ലാഹു പറയുന്നു:
كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
അല്ല; തീർച്ചയായും അവർ അന്നേ ദിവസം അവരുടെ രക്ഷിതാവിൽ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു. (മുത്വഫ്ഫിഫീൻ:15)
> പരലോകത്ത് അല്ലാഹുവിനെ കാണൽ വലിയൊരു സമ്മാനമാണ്. അത് അതിനർഹമായ കർമങ്ങൾ ചെയ്തവർക്ക് മാത്രം ലഭിക്കുന്ന സവിശേഷ പദവിയാണ്.
> ഇതിന് നിബന്ധനയായി റസൂൽ g അറിയിച്ചത് വീഴ്ച കൂടാതെ ഫജ്ർ നമസ്‌കാരവും, അസ്വ്ർ നമസ്‌കാരവും കൃത്യമായി നിർവ്വഹിക്കുക എന്നതാണ്.
> فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഉറക്കം, തിരക്കുകൾ തുടങ്ങിയവ നിങ്ങളെ അതിജയിച്ച് ഇവ കൃത്യമായി ചെയ്യാൻ സാധിക്കാതെ വരരുത് എന്നാണ്. അങ്ങനെ നിങ്ങൾ അതിൽ പരാജയപ്പെടാതെ അവ നിർവ്വഹിക്കുന്നവരാകണം.
> ഈ രണ്ട് നമസ്‌കാരങ്ങൾ ഈ സന്ദർഭത്തിൽ പറയാൻ കാരണം ഇവക്ക് മറ്റു നമസ്‌കാരങ്ങളേക്കാൾ ശ്രേഷ്ടതയുണ്ട് എന്നതാണ്. അവ ഹദീസുകളിൽ വന്നിട്ടുണ്ട്. ഈ രണ്ട് നമസ്‌കാരങ്ങളും കൃത്യമായി നിർവ്വഹിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. കാരണം ഫജ്ർ ഉറക്ക സമയവും അസ്വ്ർ നമസ്‌കാര സമയം തിരക്കുകളുടെ സന്ദർഭവുമാണ്. ഇത്തരം കാരണങ്ങൾ നമ്മെ അതിജയിക്കാതെ നോക്കാൻ നമുക്കാവണം. ഓരോ കർമങ്ങളും ഭംഗിയായി നിർവ്വഹിച്ചാൽ അതിന്റെ പ്രതിഫലങ്ങൾ പരിപൂർണമായി ലഭിക്കാൻ കാരണമാകും.
> നാളെ അല്ലാഹുവിനെ കണ്ടുമുട്ടുന്ന സൗഭാഗ്യവാൻമാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുമാറാവട്ടെ..ആമീൻ