ഹദീസ് : 10
عَنْ أَبِي سَعِيدٍ الخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ: عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا يُصِيبُ المُسْلِمَ، مِنْ نَصَبٍ وَلاَ وَصَبٍ، وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ، حَتَّى الشَّوْكَةِ يُشَاكُهَا، إِلَّا كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ»- رواه البخاري
അബൂ സഈദുൽ ഖുദ്‌രി (റ) അബൂഹുറൈറ (റ) എന്നിവർ നിവേദനം. നബി ﷺ പറഞ്ഞു: നിശ്ചയം ഒരു മുസ്‌ലിമിന് ക്ഷീണമോ, രോഗമോ, മനഃപ്രയാസമോ, ദുഖമോ, ഉപ്രദ്രവമോ, മനക്ലേശമോ ഒരു മുള്ള് തറക്കൽ വരെ ബാധിച്ചാൽ അത് മുഖേന അവന്റെ പാപങ്ങൾ അല്ലാഹു മായ്ച്ച് കൊടുക്കും. (ബുഖാരി).
വിവരണം
> ദുരിതങ്ങളിൽ ക്ഷമയവലംബിക്കാൻ പ്രേരിപ്പിക്കുന്ന ഹദീസ് ആണ് ഇത്.
> പ്രയാസങ്ങളിൽ ക്ഷമിക്കുമ്പോൾ ധാരാളം നൻമകൾ വരികയും തിൻമകൾ മാഞ്ഞ് പോവുകയും ചെയ്യും.
> എല്ലാ കാര്യങ്ങളിലും ക്ഷമിക്കാൻ കൽപ്പിക്കപ്പെട്ടവനാണ് വിശ്വാസി. അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിലും, വിപത്തുകളിലും, നിഷിദ്ധങ്ങൾ ഒഴിവാക്കുന്നതിലുമെല്ലാം ഈ ക്ഷമ അനിവാര്യമാണ്.
> അങ്ങനെ ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു എന്ന് ക്വുർആനിൽ പറയുന്നു. (അൻഫാൽ:46).
> ഹദീസിൽ പറഞ്ഞത് പോലെയുള്ള ഏതൊരു പ്രയാസവും അടിമക്ക് സംഭവിച്ചാൽ അതിലൂടെ അവൻ സംശുദ്ധനാക്കപ്പെടും.
> ഒരു മുള്ള് തറച്ചാൽ പോലും അതിൽ അവൻ ക്ഷമിച്ചാൽ അവന് നേട്ടമുണ്ട് എന്നാണ് ഹദീസ് വ്യക്തമാക്കുന്നത്.
> എന്ത് വിപത്ത് സംഭവിച്ചാലും അത് അല്ലാഹുവിന്റെ ക്വദർ നിമിത്തമാണെന്ന് വിശ്വസിക്കുന്നതിലൂടെയാണ് ക്ഷമിക്കാൻ സാധിക്കുന്നതും ശ്രേഷ്ടതകൾ നേടിയെടുക്കാൻ കഴിയുന്നതും.
> പ്രയാസങ്ങൾ വരുമ്പോൾ ക്ഷമകേട് കാണിക്കാതെ മനസ്സിനെ ഉറപ്പിച്ച് നിർത്താനും ക്ഷമിക്കാനും സാധിക്കണം. ചെറിയതോ വലിയതോ ആയ പ്രയാസങ്ങൾ നേരിടുമ്പോൾ അതിലൂടെ ലഭിക്കുന്ന പ്രതിഫലം ആഗ്രഹിക്കുകയും വേണം.
> പ്രയാസങ്ങൾ എല്ലാവക്കുമുണ്ടാകും, ഏറ്റവും കൂടുതൽ പ്രയാസങ്ങൾ നേരിട്ടത് നബിമാരാണ്. പിന്നെ അവരെപ്പോലെ ജീവിക്കുന്നവർക്ക് എന്ന് ഹദീസിൽ കാണാം.
> ആ പരീക്ഷണങ്ങൾ തന്നെ ശുദ്ധീകരിക്കാനാണെന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്.
> പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഹറാമായ വഴികൾ തേടൽ വിഡ്ഡിത്തവും കുറ്റകരവുമാണ്.
> ഒരാൾക്ക് പ്രതിസന്ധികൾ വരുമ്പോൾ അതിലൂടെ തനിക്ക് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ ആ പ്രയാസങ്ങളെ നിസാരമായി കാണാൻ അവന് സാധിക്കും. ക്ഷമയിലൂടെ നിരവധി ഫലങ്ങളാണ് ജീവിതത്തിൽ ഉണ്ടാവുക.
> ഹദീസിൽ പറയപ്പെട്ട കാര്യങ്ങൾ ഇല്ലാത്തവരായി ആരുമുണ്ടാവില്ല. അപ്പോൾ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ എത്രമാത്രം പാപങ്ങൾ കളയാൻ നമുക്ക് സാധിക്കും..!! ഇത് അല്ലാഹുവിന്റെ മഹത്തായ ഒരു ഔദാര്യമാണെന്ന് നാം മനസ്സിലാക്കണം.
> نَصَبٍ എന്നാൽ ക്ഷീണം എന്നാണ് അർത്ഥം. ശരീരത്തിനുണ്ടാകുന്ന ഏതൊരു ക്ഷീണവും ഇതിൽ പെടും.
> وَصَبٍ എന്നാൽ സ്ഥിരമായി ഉണ്ടാകുന്ന രോഗത്തിനോ വേദനക്കോ പറയുന്ന പേരാണ്.
ഇവ രണ്ടും ശരീരത്തിനെ ബാധിക്കുന്നതാണ്.
> هَمّ ഉം حُزْن ഉം മനസ്സിനെ ബാധിക്കുന്നവയാണ്.
> ഭാവിയെ കുറിച്ചുള്ള ആശങ്കകളും മറ്റുമാണ് هَمّ,, അതിനെ മനഃപ്രയാസം എന്ന് പറയാം.
> സംഭവിച്ചു പോയ കാര്യത്തിലുള്ള ദുഖത്തെ അറിയിക്കുന്നതാണ് حُزْن. രോഗമോ, മരണമോ, മറ്റു നഷ്ടങ്ങളോ തുടങ്ങിയവ ഇതിൽ പെടുന്നു.
> أَذى എന്നതിൽ മുകളിൽ പറഞ്ഞവയും അല്ലാത്തവയും ഉൾപ്പെടുന്നു. പരിഹാസങ്ങളും, അതിക്രമങ്ങളും, ഏഷണിയും തുടങ്ങി എല്ലാ ഉപദ്രവങ്ങൾക്കും أَذى എന്ന് പറയുന്നു.
> غَمّ എന്നാൽ മനഃക്ലേശം എന്നാണ് അർത്ഥം. കഠിനമായ ദുഃഖത്തിനാണ് ഇത് ഉപയോഗിക്കുന്നത്. മനുഷ്യന്റെബോധം വരെ നഷ്ടപ്പെടാൻ കാരണമാകുന്നതാണിത്.
> ഇവയൊക്കെ അഭിമുഖീകരിക്കേണ്ടി വന്നാൽ നമ്മുടെ പാപങ്ങൾ ഏറെ ഇല്ലാതായിത്തീരും എന്നാണ് റസൂൽ g അറിയിക്കുന്നത്.أَذى