ഹദീസ് : 18
عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: كُلُّ مُسْكِرٍ خَمْرٌ، وَكُلُّ مُسْكِرٍ حَرَامٌ، وَمَنْ شَرِبَ الْخَمْرَ فِي الدُّنْيَا فَمَاتَ وَهُوَ يُدْمِنُهَا لَمْ يَتُبْ، لَمْ يَشْرَبْهَا فِي الآخِرَةِ -مسلم
ഇബ്‌നു ഉമർ (റ) നിവേദനം. റസൂൽ ﷺ പറഞ്ഞു: ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്, ലഹരി ഉണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ദുൻയാവിൽ മദ്യം കുടിക്കുകയും അതിന് അടിമപ്പെട്ട്, പശ്ചാത്തപിക്കാതെ മരിക്കുകയും ചെയ്താൽ പരലോകത്ത് അവനത് കുടിക്കുകയില്ല. (മുസ്‌ലിം).
വിവരണം
> ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യം എന്ന ഇനത്തിൽ പെട്ടതാണ്. അത്തരത്തിൽ ലഹരിയായിട്ടുള്ളതെല്ലാം ഹറാമുമാണ്. ലഹരിക്ക് മദ്യം എന്ന പേരിട്ടാലും ഇല്ലെങ്കിലും ശരി. അത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും ഹറാം തന്നെയാണ്.
> ലഹരി എന്നാൽ: ആസ്വാദനത്തിലൂടെയോ മറ്റോ ബുദ്ധിയെ മൂടലാണ് ലഹരി. ആസ്വാദനത്തിൽ അവൻ ആരാണെന്ന് വരെ അറിയാത്ത അവസ്ഥയുണ്ടാവും.
> ലഹരിക്കായി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഹറാം തന്നെയാണ്.
> ലഹരിക്ക് അടിപ്പെട്ട് മരണം വരിക്കുന്നവന് അതിന്റെ ശിക്ഷയുണ്ടാകും, മാത്രമല്ല പരലോകത്ത് അവനത് കുടിക്കാൻ സാധിക്കുകയുമില്ല.
> മദ്യവും മയക്കുമരുന്നുകളുമെല്ലാം മ്ലേച്ചവും പൈശാചികവുമാണ്. അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം. (മാഇദ:90)
> ഇത്തരം ലഹരികൾക്ക് അടിമപ്പെട്ടവർ വേഗം അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങണം. ആ തിൻമ ഉപേക്ഷിക്കുകയും ചെയ്ത് പോയതിൽ ഖേദമുണ്ടാവുകയും അതിലേക്ക് ഇനി മടങ്ങുകയില്ല എന്ന് ദൃഢനിശ്ചയം എടുക്കുകയും വേണം. അപ്പോഴാണ് അതിന്റെ തൗബ ശരിയാവുകയുള്ളൂ.
> മദ്യപാനം സകല തിൻമകളുടേയും താക്കോലാണ്.
> സ്വർഗ്ഗത്തിൽ മദ്യമുണ്ടാകും. അത് നല്ലതും ലഹരിയോ, ശരീരത്തിന് ഉപദ്രവമോ ഇല്ലാത്തതാണ്. എന്നാൽ ഇവിടത്തെ മദ്യം എല്ലാ നിലക്കും മനുഷ്യനും, സമൂഹത്തിനും ദോഷകരമായിട്ടുള്ളതാണ്.
> സ്വർഗ്ഗത്തിലെ പാനീയത്തെ കുറിച്ചുള്ള അല്ലാഹുവിന്റെ വചനം നോക്കൂ:
يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍ
بَيْضَاءَ لَذَّةٍ لِّلشَّارِبِينَ
لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ
ഒരു തരം ഉറവു ജലം നിറച്ച കോപ്പകൾ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. ? വെളുത്തതും കുടിക്കുന്നവർക്ക് ഹൃദ്യവുമായ പാനീയം. ? അതിൽ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവർക്ക് ലഹരി ബാധിക്കുകയുമില്ല. (സ്വാഫ്ഫാത്ത്:45-47)