ഹദീസ് 12

ഹദീസ് : 12

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَائِشَةَ، زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: إِنَّ الرِّفْقَ لاَ يَكُونُ فِي شَيْءٍ إِلاَّ زَانَهُ، وَلاَ يُنْزَعُ مِنْ شَيْءٍ إِلاَّ شَانَهُ. – رواه مسلم

നബി (റ) യുടെ ഭാര്യ ആഇശ (റ) നിവേദനം. നബി പറഞ്ഞു: നിശ്ചയം രിഫ്ക്വ് (മൃദുത്വം) ഏതൊരു കാര്യത്തിലും ഉണ്ടായാൽ അത് അതിനെ അലങ്കരിക്കും, ഏതൊരു കാര്യത്തിൽ നിന്ന് അത് ഊരപ്പെടുന്നവോ അത് അതിനെ ന്യൂനതയുള്ളതാക്കും. (മുസ്‌ലിം).

വിവരണം

رِفْق എന്ന പദത്തിന് മൃദുത്വം, ദയ, നേർത്തത്, മയമുള്ളത്, അച്ചടക്കം എന്നൊക്കെ അർത്ഥം പറയാം. 

> നമ്മുടെ ഓരോ കർമങ്ങളിലും ഈ മയം ഉണ്ടായാൽ അത് അതിനെ ഭംഗിയുള്ളതാക്കും, പരുക്കൻ സ്വഭാവത്തിൽ ആണ് കർമങ്ങൾ ചെയ്യുന്നത് എങ്കിൽ അതിൽ ന്യൂനതകളുമുണ്ടാവും.

> ഒരാൾ തന്റെ പ്രബോധനത്തിലും, നൻമ കൽപിക്കുന്നതിലും, തിൻമ വിരോധിക്കുന്നതിലും, ഉപദേശങ്ങളിലും, എല്ലാ കാര്യങ്ങളിലും മയമുള്ളവനാകണം എന്ന് ഈ ഹദീസിൽ പ്രേരണയുണ്ട്. അവൻ അവന്റെ കുടുംബത്തോടും സഹോദരങ്ങളോടും, കൂട്ടുകാരോടും പൊതു ജനങ്ങളോടും ഉള്ള പെരുമാറ്റത്തിൽ ഇത് ശ്രദ്ധിക്കണം. പെരുമാറ്റം പരുക്കൻ സ്വഭാവത്തിൽ ആയിക്കൂടാ. 

> അല്ലാഹു رَفيق ആണ്, അവൻ رِفْق നെ ഇഷ്ടപ്പെടുന്ന്. അഥവാ അല്ലാഹു ദയയുള്ളവനാണ്, ദയയെ അവൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 

> ഒരാൾ ജനങ്ങളോട് ദയയോടും മയത്തോടും ഇടപെട്ടാൽ അതിന്റെ ആസ്വാദനം അവന് മനസ്സിലാക്കാൻ കഴിയും, എന്നാൽ കഠിനവും പരുക്കൻ ആയതുമായ സ്വഭാവത്തിൽ ഇടപെട്ടാൽ പിന്നീട് അവന് ഖേദമുണ്ടാകും, ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ എന്ന് വിലപിക്കുന്ന അവസ്ഥ വരും. മയത്തോട് കൂടി ആയിരുന്നാൽ പിന്നെ ഖേദിക്കേണ്ടി വരില്ല.

رِفْق  എന്ന സ്വഭാവം നമ്മുടെ നബി ﷺ യുടെ സ്വഭാവ വിശേഷണങ്ങളിൽ പെട്ടത് കൂടിയാണ്.

എപ്പോഴൊക്കെ ഇത് ശ്രദ്ധിക്കണം

> നൻമ കൽപിക്കുമ്പോഴും തിൻമ വിരോധിക്കുമ്പോഴും.

> തർക്കിക്കുമ്പോഴും സംവാദത്തിലേർപ്പെടുമ്പോഴും.

> കുടുംബത്തിൽ ഇടപെടുമ്പോൾ

> അയൽവാസികളോട്

> തന്റെ കീഴിൽ ജോലി ചെയ്യുന്നവരോട്

> ഇമാം തന്റെ പിന്നിൽ നമസ്‌കരിക്കുന്നവരോട്

> ജനങ്ങളുടെ മേൽ ഏതെങ്കിലും അധികാരത്തിലുള്ളവർ

> അധ്യാപകർ കുട്ടികളോട്

> എല്ലാ സൽകർമങ്ങൾ ചെയ്യുമ്പോഴും

തുടങ്ങി ഈ ഗുണം ആവശ്യമായ എല്ലാ സന്ദർഭങ്ങളിലും ഇത് പാലിക്കാൻ ഓർമ ഉണ്ടാവണം.

> നിങ്ങൾ എളുപ്പമുണ്ടാക്കുക, ഞെരുക്കമുണ്ടാക്കരുത്. നിങ്ങൾ സന്തോഷം ഉണ്ടാക്കുക, നിങ്ങൾ വെറുപ്പിക്കരുത് എന്ന് റസൂൽ g പറഞ്ഞിട്ടുണ്ട്. ഇതിനൊക്കെ മയവും ദയയവും അത്യാവശ്യമാണ്.

> ഒരു ഗ്രാമീണൻ പള്ളിയിൽ മൂത്രമൊഴിച്ചപ്പോൾ അയാൾക്ക് നല്ല നിലക്ക് കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും സ്വഹാബിമാരോട് മയത്തിൽ പെരുമാറാനുമാണ് റസൂൽ ﷺ കൽപിച്ചത്. പരുക്കൻ സ്വഭാവം ആളുകളെ നമ്മിൽ നിന്ന് അകറ്റുന്നതാണ്. 

> നബി ﷺ യോട് പോലും അല്ലാഹു പറഞ്ഞത് നോക്കൂ:

فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ

(നബിയേ,) അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽ നിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാൽ നീ അവർക്ക് മാപ്പുകൊടുക്കുകയും, അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. (ആലു ഇംറാൻ: 159)
 

Leave a Comment