ഹദീസ് 13

ഹദീസ് : 13

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَوْنِ بْنِ أَبِي جُحَيْفَةَ، عَنْ أَبِيهِ: أَنَّهُ اشْتَرَى غُلاَمًا حَجَّامًا، فَقَالَ: «إِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنْ ثَمَنِ الدَّمِ، وَثَمَنِ الكَلْبِ، وَكَسْبِ البَغِيِّ، وَلَعَنَ آكِلَ الرِّبَا وَمُوكِلَهُ، وَالوَاشِمَةَ وَالمُسْتَوْشِمَةَ وَالمُصَوِّرَ»- صحيح البخاري

ഔനു ബ്‌ന് അബീജുഹൈഫ (റ) തന്റെ പിതാവിൽ നിന്ന് നിവേദനം. അദ്ദേഹം ഹിജാമ ചെയ്യുന്ന ഒരു ഭൃത്യനെ വാങ്ങി. അദ്ദേഹം പറഞ്ഞു: നിശ്ചയം നബി രക്തത്തിന്റെ വിലയും, നായയുടെ വിലയും, വേശ്യയുടെ പണവും നിരോധിച്ചിരിക്കുന്നു. പലിശ തിന്നുന്നവനെയും തീറ്റുന്നവനേയും പച്ച കത്തുന്നവനേയും പച്ച കുത്തിക്കുന്നവനേയും ചിത്രം വരക്കുന്നവനേയും നബി ശപിച്ചിരിക്കുന്നു- (ബുഖാരി).

വിവരണം

> അല്ലാഹു തന്റെ അടിമകൾക്ക് നല്ല കാര്യങ്ങൾ അനുവദിക്കുകയും ചീത്തയായ കാര്യങ്ങൾ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അന്ന പാനീയങ്ങളിലും, സമ്പാദിക്കുന്നതിലും കച്ചവടത്തിലും തുടങ്ങി എല്ലാ മേഖലകളിലും ഇത് ബാധകമാക്കിയിട്ടുണ്ട്. മ്ലേച്ചവും നിന്ദ്യവുമായ കാര്യങ്ങളിൽ നിന്ന് വിട്ടു നിന്ന് സംശുദ്ധമായ അവസ്ഥ കൈവരിക്കാൻ വേണ്ടിയുള്ള പ്രേരണയാണിത്.

·> അബൂ ജുഹൈഫ (വഹ്ബു ബ്‌നു അബ്ദില്ല അസ്സുവാഈ) ഹിജാമ ചെയ്തിരുന്ന ഒരു അടിമയെ വാങ്ങി. അദ്ദേഹം അയാളോട് അയാളുടെ ഹിജാമയുടെ ഉപകരണം നശിപ്പിക്കാൻ പറഞ്ഞു. അപ്പോൾ അബൂജുഹൈഫയുടെ മകൻ ഔൻ ഇതിനെ കുറിച്ച് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യമാണ് ഹദീസിൽ ഉള്ളത്.

ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ വിരോധിക്കപ്പെട്ട സമ്പാദ്യങ്ങൾ

1-രക്തത്തിലൂടെ സമ്പാദിക്കുന്നത്

2-നായയെ വിൽക്കുന്നതിലൂടെ ലഭിക്കുന്നത്

3-വേശ്യാവൃത്തിയിലൂടെ സമ്പാദിക്കുന്നത്

4-പലിശയിലൂടെ ഉണ്ടാക്കുന്നത്

5-പച്ച കുത്തുന്നതിലൂടെയുള്ള സമ്പാദ്യം

6-ചിത്രം വരക്കുന്നതിലൂടെയുള്ളത്

·> രക്തത്തിന്റെ വിലയും രക്തം പുറത്തെടുക്കുന്നതിന്റെ വിലയും വിരോധിക്കപ്പെട്ടതിൽ പെടുന്നു. അതിനാൽ ഹിജാമക്ക് കൂലി വാങ്ങൽ നല്ലതല്ല എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വിരോധിക്കൽ ഹറാമായിട്ടല്ല, മറിച്ച് കറാഹത്ത് ആയിട്ടാണ്. 

·> നബി  ഹിജാമ ചെയ്യുകയും ചെയ്ത ആൾക്ക് പ്രതിഫലം നൽകിയിട്ടുണ്ടെന്നും വേറെ ഹദീസുകളിൽ കാണാം. ഇത് ഹദീസുകളുടെ വൈരുധ്യമല്ല. മറിച്ച് ഇതിലൂടെയുള്ള സമ്പാദ്യം മാന്യമായതല്ല എന്നാണ് പണ്ഡിതൻമാർ വിശദീകരിച്ചത്. എന്നാൽ ഹിജാമ ചെയ്യുന്നവന് സമ്മാനമായി എന്തെങ്കിലും നൽകുന്നത് കൊണ്ട് പ്രശ്‌നമില്ല എന്നും അവർ വിശദീകരിച്ചിരിക്കുന്നു. 

·> ശൈഖ് ഇബ്‌നു ബാസ് (റ) പറയുന്നു: ഹിജാമക്ക് ദിർഹമുകളോ, സ്വാഉകളോ (പണമോ, ധാന്യങ്ങളോ) പ്രതിഫലം വാങ്ങിയാൽ കുഴപ്പമില്ല, എന്നാൽ ഹിജാമ ചെയ്യുന്നവൻ (പ്രതിഫലമായി) ഒന്നും വാങ്ങാതിരിക്കുകയോ അല്ലെങ്കിൽ ഹിജാമയല്ലാത്ത ജോലി നോക്കലോ ആണ് ഉത്തമം. (ശർഹു ബുലൂഗിൽ മറാം)

·> രക്തം വിറ്റ് സമ്പാദിക്കന്ന സമ്പാദ്യം ഹറാമാണ്.

·> നായയെ വിൽക്കാനും ആ പണം ഉപയോഗിക്കാനും പാടില്ല. അത് നല്ല സമ്പാദ്യമല്ല. കാവലിനും, വേട്ടക്കും ഉള്ള നായകളെ ആവശ്യമെങ്കിൽ വളർത്താം. അല്ലാത്ത നായകളെവളർത്താൻ അനുവാദമില്ല എന്നതിനാലാണ് അതിലൂടെയുള്ള സമ്പത്ത് നല്ലതല്ലാത്തത്.

·> വ്യഭിചാരത്തിലൂടെയുള്ള സമ്പത്ത് ഹറാം ആണ്. ഹറാമിന് പകരമായി ലഭിക്കുന്നതാണത്.

·> പലിശ തിന്നുന്നവനേയും തീറ്റുന്നവനേയും പച്ച കുത്തുന്നവനേയും കുത്തിക്കുന്നവനേയും (ജീവനുള്ളവയുടെ) ചിത്രം വരക്കുന്ന/രൂപമുണ്ടാക്കുന്നവനേയും നബി  ശപിച്ചിരിക്കുന്നു. 

·> പലിശയുമായിട്ട് ഒരു ബന്ധവും വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ല. അതിലൂടെയുണ്ടാക്കുന്ന സമ്പാദ്യം ഹറാമായതാണ്.

·> പച്ചകുത്തലും കുത്തിക്കലും നബി ﷺ യുടെ ശാപത്തിന് കാരണമാകുന്നതാണ്, അതിലൂടെ സമ്പാദിക്കന്നു പണം ഹറാമുമാണ്.

·> ജീവനള്ളുവയുടെ ചിത്രം വരക്കൽ നിഷിദ്ധമാണ്. അവരെ നബി ﷺ  ശപിച്ചിരിക്കുന്നു. വിഗ്രഹങ്ങളും, രൂപങ്ങളും ഉണ്ടാക്കുന്നവരും ഇതിൽ പെടും. ഈ മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നത് നിഷിദ്ധമാണ്.

 

Leave a Comment