ഹദീസ് 22

ഹദീസ് : 22

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن أَبي مَالِكٍ الْأَشْعَرِيُّ، سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: “لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ، يَسْتَحِلُّونَ الحِرَ وَالحَرِيرَ، وَالخَمْرَ وَالمَعَازِفَ – صحيح البخاري

അബൂ മാലിക് അൽ അശ്അരി (റ) നബി പറയുന്നതായി കേട്ടു. വ്യഭിചാരവും, പട്ടും, മദ്യവും, വാദ്യോപകരണങ്ങളും അനുവദനീയമാക്കുന്ന ചില ആളുകൾ എന്റെ സമുദായത്തിൽ ഉണ്ടാവുക തന്നെ ചെയ്യും.- (ബുഖാരി)

വിവരണം

> ഈ കാലഘട്ടത്തിലെ വലിയ വിപത്തുകളിൽ പെട്ടതാണ് ഹറാമുകളെ ന്യയീകരിക്കുന്നവരുടെ ആധിക്യം. നബി ﷺ പ്രവചിച്ചതിനെ സത്യപ്പെടുത്തുന്ന വിധമാണ് ഈ കാര്യങ്ങൾ സംഭവിക്കുന്നത്. പ്രവാചകത്വത്തിന്റെ തെളിവുകളിൽ പെട്ട ഹദീസ് ആണിത്.

> ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ കാണുമ്പോൾ കഴിവിന്റെ പരമാവധി അവയെ എതിർക്കാനും അവയിൽ നിന്ന് വിട്ടു നിൽക്കാനും വിശ്വാസികൾ പരിശ്രമിക്കണം.

> വ്യഭിചാരം, പട്ടുവസ്ത്രം, മദ്യം, വാദ്യോപകരണങ്ങൾ എന്നിവയാണ് അനുവദനീയമാക്കപ്പെടുന്ന കാര്യങ്ങളായി നബി g അറിയിച്ചത്. അവ അതേ പേരിലോ അല്ലെങ്കിൽ മറ്റു പേരകളിലോ ആയി അംഗീകരിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക.

> ഈ പറയപ്പെട്ട കാര്യങ്ങൾ ഹറാമാണ്. അതിനെ ഒന്നുകിൽ ചെയ്യുകയോ, അല്ലെങ്കിൽ അതിനെ അനുവദനീയമാക്കുകയോ ചെയ്യുന്നത് ഈ ഹദീസിന്റെ ആശയത്തിന്റെ പരിധിയിൽ പെടും. 

> പാശ്ചാത്യ സംസ്‌കാരത്തിനെ അനുകരിക്കുന്നതിലൂടെ ഇത്തരം നിഷിദ്ധങ്ങൾ സമൂഹത്തിൽ പ്രചരിക്കുന്നതിന് കാരണമായിട്ടുണ്ട്. അതും നബി g പ്രവചിച്ച കാര്യമാണ്. മുൻകഴിഞ്ഞു പോയവരുടെ ചര്യകളെ നിങ്ങൾ പിന്തുടരുക തന്നെ ചെയ്യുമെന്ന് റസൂൽ g അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും വിശ്വാസി വ്യക്തമായ കാഴ്ച്ചപ്പാടുള്ളവനും ബുദ്ധിമാനുമായിരിക്കണം. 

വ്യഭിചാരം

> വ്യഭിചാരത്തിന്റെ എല്ലാ ഇനങ്ങളും നിഷിദ്ധമാണ്. الْحِر എന്നാൽ ഗുഹ്യസ്ഥാനം എന്നാണർത്ഥം. അതിനെ അനുവദനീയമാക്കുക എന്നാൽ വ്യഭിചാരത്തെ അനുവദനീയമാക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. ആളുകൾ അതിനെ എന്ത് പേരിട്ട് വിളിച്ചാലും അത് ഹറാം തന്നെയായിരിക്കും.

> വ്യഭിചാരത്തെ കുറിച്ച് അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ:

 وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا

നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു. -ഇസ്‌റാഅ്: 32

പട്ടു വസ്ത്രം

> പുരുഷൻമാർക്ക് പട്ടു വസ്ത്രം ധരിക്കൽ അനുവദനീയമല്ല. അത് വലിയ പാപങ്ങളിൽ പെട്ടതാണ്. എന്നാൽ സ്ത്രീകൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

മദ്യപാനം

> മദ്യപാനവും ഹറാമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധം തന്നെയാണ്. അതിനെ അനുവദനീയമാക്കൽ ഗുരുതരമായ പാപമാണ്.

വാദ്യോപകരണങ്ങൾ

المَعَازِف എന്നാൽ വാദ്യോപകരണങ്ങൾ എന്നാണർത്ഥം. ഈ കാലഘട്ടത്തിൽ ഇവ വ്യാപകമായിട്ടുണ്ട്. ഇത് വിവിധ രൂപത്തിൽ ഉപയോഗിക്കുന്ന അവസ്ഥയും വ്യാപിച്ചിരിക്കുന്നു. സംഗീതം (മ്യൂസിക്) ഇസ്‌ലാമിൽ നിഷിദ്ധമാണ്.

> വാദ്യോപകരണങ്ങളും അതിലൂടെയുണ്ടാകുന്ന ശബ്ദങ്ങളും ഒഴിവാക്കേണ്ടതാണ്. നൻമയിൽ നിന്ന് തടയാനും, ഹൃദയത്തെ മലിനമാക്കാനും മാത്രമേ അവ ഉപകരിക്കുകയുള്ളൂ. അത് ഒഴിവാക്കൽ അനിവാര്യമാണ്. അല്ലാഹു പറയുന്നു:

وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ

‘യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദ വാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത് ‘. (ലുക്വ്മാൻ: 6).

അല്ലാഹു ഹറാം ആക്കിയതിനെ അനുവദനീയമാക്കുന്നവന്റെ വിധി:

> അല്ലാഹു ഹറാം ആക്കിയതിനെ ഹലാൽ ആക്കുകയോ, അല്ലാഹു ഹലാൽ ആക്കിയതിനെ ഹറാം ആക്കുകയോ ചെയ്താൽ അവൻ സത്യനിഷേധിയാവുകയും,മതത്തിന് പുറത്താകുമെന്നും പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്. അത് കൊണ്ട് ഈ വിഷയങ്ങളിൽ നല്ല ശ്രദ്ധ പുലർത്തണം.

 

Leave a Comment