ഹദീസ് : 21
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ أَحَدَكُمْ، إِذَا قَامَ يُصَلِّي جَاءَهُ الشَّيْطَانُ فَلَبَسَ عَلَيْهِ، حَتَّى لاَ يَدْرِيَ كَمْ صَلَّى، فَإِذَا وَجَدَ ذَلِكَ أَحَدَكُمْ، فَلْيَسْجُدْ سَجْدَتَيْنِ وَهُوَ جَالِسٌ. – مسلم
അബൂഹുറൈറ (റ) നിവേദനം. റസൂൽ ﷺ പറഞ്ഞു: നിശ്ചയം നിങ്ങളിൽ ഒരാൾ എഴുന്നേറ്റ് നമസ്‌കരിക്കുകയാണെങ്കിൽ അവന്റെ അടുക്കൽ പിശാച് വന്ന് (കാര്യങ്ങൾ) കൂട്ടിക്കലർത്തും, അവൻ എത്ര നമസ്‌കരിച്ചു എന്ന് അവൻ അറിയാതിരിക്കുന്നത് വരെ. നിങ്ങളിൽ ആർക്കെങ്കിലും അത് അനുഭവപ്പെട്ടാൽ അവൻ ഇരിക്കുന്നവനായിരിക്കെ രണ്ട് സുജൂദ് ചെയ്യട്ടെ. - (മുസ്‌ലിം).
വിവരണം
> പിശാച് മനഷ്യനെ വഴി തെറ്റിക്കാൻ ശ്രമിച്ച് കൊണ്ടേയിരിക്കും. ഓരോ സന്ദർഭങ്ങളിലും അവന്റെ ശല്യം ഉണ്ടായിക്കൊണ്ടിരിക്കാം. അതിനാൽ തന്നെ അവന്റെ വസ്‌വാസുകളിൽ നിന്ന് രക്ഷപ്പെടാൻ ജാഗ്രത കാണിക്കണമെന്ന് നബി g അറിയിച്ചിട്ടുണ്ട്. അവനിൽ നിന്ന് രക്ഷ നേടാനുള്ള ധാരാളം പ്രാർത്ഥനകൾ നബി ﷺ പഠിപ്പിച്ചിട്ടുമുണ്ട്.
·> അടിമക്കം അല്ലാഹുവിനം ഇടയിൽ മറയിടാൻ പിശാച് കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരിക്കും. അടിമ അല്ലാഹുവുമായി ഏറ്റവും അടുക്കുന്ന നമസ്‌കാരത്തിൽ പോലും അവന്റെ ശല്യമുണ്ടാകും.
·> ഒരാൾ നമസ്‌കരിക്കാൻ നിന്നാൽ നമസ്‌കാരത്തിൽ പലതും ഓർക്കാൻ പിശാച് പ്രേരിപ്പിക്കം. താൻ നമസ്‌കാരത്തിൽ എന്തൊക്കെയാണ് ചെയ്തത്? എത്ര റക്അത്തായി എന്നൊക്കെ സംശയം ഉണ്ടാക്കുകയും ചെയ്യും.
·> ഇങ്ങനെ പിശാച് വസ്‌വാസ് ഉണ്ടാക്കുന്നു എങ്കിൽ അത് മനസ്സിലാക്കിചെയ്യുന്ന കർമം ഭംഗിയാക്കുകയും പിശാചിനോട് എതിരിടാൻ മനസ്സിനെ സജ്ജമാക്കുകയും വേണം.
·> നമസ്‌കാരത്തിൽ പിശാചിന് പിടികൊടുക്കാതെ പൂർത്തിയാക്കാൻ ശ്രമിക്കണം, പിശാചിന് ഒരു നിലക്കും വഴങ്ങിക്കൊടുക്കാതെ ഉണർവ്വിലും മനസ്സാന്നിധ്യത്തിലും നിൽക്കണം. പിശാച് വ്യക്തമായ ശത്രു തന്നെയാണ്.
·> എത്രയാണ് നമസ്‌കരിച്ചത് എന്ന് സംശയമുണ്ടായാൽ ഏറ്റവും ഉറപ്പുള്ള എണ്ണം നോക്കി ബാക്കി പൂർത്തീകരിക്കുകയും അവസാനം അവൻ ഇരിക്കുന്നവനായിരിക്കേ രണ്ട് സുജൂദ് ചെയ്യുകയും വേണം. സഹ്‌വിന്റെ (മറവിയുടെ) സുജൂദുകളാണിവ.
പിശാചിൽ നിന്ന് എപ്പോഴും രക്ഷ നേടാൻ
1- ദിക്‌റുകളും ദുആകളും അധികരിപ്പിക്കൽ, പ്രത്യേകിച്ച് പിശാചിൽ നിന്ന് രക്ഷ ലഭിക്കാനുള്ള പ്രാർത്ഥനകൾ പതിവാക്കൽ.
2- പിശാചിന്റെ വസ്‌വാസുകളെ അവഗണിക്കൽ. കർമത്തിൽ ശ്രദ്ധിക്കുകയും വസ്‌വാസിലേക്ക് തിരിഞ്ഞ് നോക്കാതിരിക്കുയും ചെയ്താൽ പിന്നെ ആ ശല്യം ഉണ്ടാകില്ല. അതിന് മനസ്സിനെ പാകപ്പെടുത്തിയെടുക്കണം.
നമസ്‌കാരത്തിൽ ഭക്തി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1-നമസ്‌കാരത്തിന് നന്നായി ഒരുങ്ങൽ
2-നമസ്‌കാരത്തിൽ ശാന്തതഉണ്ടാവൽ
3-നമസ്‌കാരത്തിൽ മരണത്തെ ഓർക്കൽ
4-ഓതുകയും ചൊല്ലുകയും ചെയ്യുന്നവയുടെ ആശയങ്ങൾ മനസ്സിലാക്കി ചിന്തിക്കൽ
5-ആയത്തുകൾ നിർത്തി നിർത്തി ഓതൽ
6-പാരായണം നല്ല ശബ്ദത്തിൽ ഭംഗിയായി ഭക്തിയിൽ ചൊല്ലൽ
7-നമസ്‌കാരത്തിൽ അല്ലാഹു തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കൽ
8-നമസ്‌കരിക്കാൻ നിൽക്കുമ്പോൾ ഒരു മറയിലേക്ക് നിൽക്കുകയും അതിനോട് അടുത്ത് നിൽക്കലും
9-വലത് കൈ ഇടത് കൈക്ക് മുകളിലായി നെഞ്ചത്ത് വെക്കൽ
10-സുജൂദിന്റെ സ്ഥലത്തേക്ക് നോക്കൽ
11-തശഹ്ഹുദിൽ ചൂണ്ടു വിരൽ അനക്കൽ
12-വ്യത്യസ്ഥ സൂറത്തുകളും പഠിപ്പിക്കപ്പെട്ട വിവിധ പ്രാർത്ഥനകളും ചൊല്ലൽ. എല്ലായ്‌പ്പോഴും ഒന്ന് തന്നെ ചൊല്ലുന്ന രീതി ഒഴിവാക്കുക.
13-സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ വന്നാൽ സുജൂദ് ചെയ്യുക.
14-പിശാചിൽ നിന്ന് രക്ഷ ചോദിക്കൽ (ഇസ്തിആദ)
15-പൂർവ്വികർ അവരുടെ നമസ്‌കാരത്തിൽ എങ്ങനെയായിരുന്നു എന്ന് പഠിക്കലും, ചിന്തിക്കലും.
16-നമസ്‌കാരത്തിൽ ഭയഭക്തിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് പഠിക്കൽ
17-നമസ്‌കാരത്തിൽ നന്നായി പ്രാർത്ഥിക്കാൻ ശ്രമിക്കൽ. പ്രത്യേകിച്ചും സുജൂദിൽ.
18-നമസ്‌കാരത്തിന് ശേഷമുള്ള ദിക്‌റുകൾ ചൊല്ലൽ
19-നമസ്‌കാരത്തിൽ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന വസ്തുക്കൾ നമസ്‌കാര സ്ഥലത്ത് നിന്ന് നീക്കം ചെയ്യൽ.
20-എഴുത്തുകളും വരകളും ഉള്ള വസ്ത്രങ്ങൾ ധരിച്ച് നമസ്‌കരിക്കാതിരിക്കുക.
21-ഇഷ്ടഭക്ഷണത്തിന്റെ സാന്നിധ്യത്തിൽ വിശപ്പോടെ നമസ്‌കരിക്കാതിരിക്കുക.
22-മൂത്രിക്കാനോ, കാഷ്ടിക്കാനോ ഉള്ള അവസ്ഥയിൽ നമസ്‌കരിക്കാതിരിക്കുക.
23-ഉറക്കവും, മയക്കവും ഉള്ളപ്പോൾ നമസ്‌കരിക്കാതിരിക്കുക.
24-ഉറങ്ങുന്നവന്റേയോ, സംസാരിക്കുന്നവന്റേയോ പിറകിൽ നമസ്‌കരിക്കാതിരിക്കുക.
25-നമസ്‌കരിക്കുമ്പോൾ വസ്ത്രമോ, മുസ്വല്ലയോ നേരെയാക്കിക്കൊണ്ടിരിക്കൽ.
26-മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്ന രൂപത്തിൽ പാരായണം ചെയ്യാതിരിക്കൽ.
27-നമസ്‌കാരത്തിൽ അങ്ങോട്ടുമിങ്ങോട്ടും നോക്കാതിരിക്കൽ
28-ആകാശത്തേക്ക് കണ്ണുകൾ ഉയർത്താതിരിക്കൽ
29-നമസ്‌കാരത്തിൽ മുന്നിലേക്ക് തുപ്പാതിരിക്കൽ.
30-കോട്ടുവായ തടഞ്ഞു വെക്കൽ
31-നമസ്‌കാരത്തിൽ ഊരക്ക് കൈകൊടുക്കാതെ നിൽക്കൽ.
32-വസ്ത്രം നിലത്ത് വലിച്ചിഴക്കാതിരിക്കൽ
33-മൃഗങ്ങളോട് സാദൃശ്യപ്പെടുന്ന രീതിയിൽ കർമങ്ങൾ ചെയ്യാതിരിക്കൽ. (നമസ്‌കാരത്തിൽ ഭക്തി ലഭിക്കാനുള്ള 33 കാരണങ്ങൾ)