ഹദീസ് : 20
عن أَبي هُرَيْرَةَ قال، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: إِذَا قُلْتَ لِصَاحِبِكَ: أَنْصِتْ، يَوْمَ الْجُمُعَةِ، وَالإِمَامُ يَخْطُبُ، فَقَدْ لَغَوْتَ . – مسلم
അബൂഹുറൈറ (റ) നിവേദനം. റസൂൽ ﷺ പറഞ്ഞു: വെള്ളിയാഴ്ച ഇമാം ഖുതുബ നടത്തിക്കൊണ്ടിരിക്കേ താങ്കൾ താങ്കളുടെ അടുത്തിരിക്കന്നവനോട് മിണ്ടരുത് എന്ന് പറഞ്ഞാൽ താങ്കൾ അനാവശ്യം പറഞ്ഞിരിക്കുന്നു- (മുസ്‌ലിം).
വിവരണം
> ജുമുഅ സന്ദർഭത്തിൽ പാലിക്കേണ്ട മര്യാദയെക്കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്.
> വളരെയേറെ പ്രാധാന്യമുള്ള ഒരു കർമമാണ് ജുമുഅ. അതിന് മുമ്പും ജുമുഅ സമയത്തും ജുമുഅക്ക് ശേഷവുമെല്ലാം ചില മര്യാദകളും സുന്നത്തുകളും പാലിക്കേണ്ടതുണ്ട്. വെറുതെ ഒരു ചടങ്ങായി കഴിച്ചു കൂട്ടേണ്ട കാര്യമല്ല ജുമുഅ.
> ജുമുഅ സമയത്ത് ആരെങ്കിലും സംസാരിക്കുകയാണെങ്കിൽ നീ മിണ്ടരുത് എന്ന് പോലും പറയാൻ പാടില്ല എന്നാണ് നബി g അറിയിച്ചിരിക്കുന്നത്. അങ്ങനെ പറഞ്ഞാൽ അവൻ അനാവശ്യം സംസാരിച്ചിരിക്കുന്നു, അല്ലെങ്കിൽ അവൻ ജുമുഅയിൽ ബഹളം വെച്ചിരിക്കുന്നു എന്നാണ്. അവന്റെ ജുമുഅക്ക് ന്യൂനത സംഭവിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
> لَغَا എന്നാൽ അനാവശ്യ സംസാരം, ബഹളം, ബാത്വിലായ സംസാരം എന്നൊക്കെയാണർത്ഥം.
> لَغْو വാക്ക് കൊണ്ടും പ്രവർത്തനം കൊണ്ടും സംഭവിക്കും. ജുമുഅ നടക്കുമ്പോൾ കല്ലിലോ മറ്റു സാധനങ്ങളിലോ തൊട്ടാൽ അവൻ അനാവശ്യം ചെയ്തിരിക്കുന്നു എന്ന് നബി g പറഞ്ഞിട്ടുണ്ട്. മൊബൈൽ, ചാവി പോലുള്ള വസ്തുക്കളിൽ മനഃപ്പൂർവ്വം തൊടുന്നത് ഇതിൽ പെടും.
> ജുമുഅ സമയത്ത് പരിപൂർണ്ണമായും മിണ്ടാതിരിക്കൽ നിർബന്ധമാണ്. ആ സന്ദർഭത്തിൽ സംസാരിച്ചാൽ അവന്റെ ജുമുഅയുടെ പ്രതിഫലം നഷ്ടപ്പെടും.
> ഖുത്വ്ബ തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെയാണ് നിശബ്ധമായിരിക്കൽ നിർബന്ധമായിട്ടുള്ളത്. സംസാരിക്കാതെ ചൂണ്ടിക്കാണിച്ചോ മറ്റോ സൂചന നൽകലും ഒഴിവാക്കേണ്ടതാണെന്ന് സലഫുകളുടെ അധ്യാപനങ്ങളിൽ വന്നിട്ടുണ്ട്.
> ജുമുഅ സമയം സലാം വീട്ടലും തുമ്മിയാൽ അൽഹംദുലില്ലാഹ് പറയുലും പാടില്ലാത്തതാണെന്നാണ് ഭൂരിഭാഗം പണ്ഡിതരുടേയും അഭിപ്രായം.
> ജുമുഅയുടെ സുന്നത്തുകളും, മര്യാദകളും കൃത്യമായി പഠിച്ച് ജുമുഅയുടെ പ്രതിഫലം പരിപൂർണ്ണമായി കരസ്ഥമാക്കാൻ നാം ശ്രമിക്കണം.