ഹദീസ് : 24
عَنْ عَبْدِ اللهِ، قَالَ: قَالَ لَنَا رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: يَا مَعْشَرَ الشَّبَابِ، مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ- البخاري ومسلم
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് (റ) നിവേദനം. ഞങ്ങളോട് റസൂൽ ﷺ പറഞ്ഞു: ഏ.. യുവ സമൂഹമേ.. നിങ്ങളിൽ വിവാഹത്തിന് ശേഷി എത്തിയവൻ വിവാഹം ചെയ്ത് കൊള്ളട്ടെ. നിശ്ചയം അത് കണ്ണിനെ ഏറെ താഴ്ത്തുന്നതും, ഗുഹ്യ സ്ഥാനത്തിന് ഏറ്റവും സംരക്ഷണം നൽകുന്നതും ആണ്. അതിന് സാധിക്കാത്തവൻ നോമ്പെടുക്കട്ടെ, നിശ്ചയം അത് അവന് (വൈകാരികതക്കുള്ള) ശമനമാണ്. (ബുഖാരി, മുസ്‌ലിം).
വിവരണം
> നികാഹ് പ്രബലമായ സുന്നത്താണ്. ഒരാളുടെ ജീവിതത്തിൽ നൻമകൾക്ക് കാരണമാകുന്ന കാര്യമാണത് എന്ന് ഹദീസ് വ്യക്തമാക്കുന്നു.
> വിവാഹം കഴിക്കൽ സുന്നത്താണെങ്കിലും ചില സന്ദർഭങ്ങളിൽ അത് നിർബന്ധമായിത്തീരും. വിവാഹം കഴിക്കാൻ സാധിക്കുകയും, വികാരം ഉള്ളവനായിരിക്കുകയും ആണെങ്കിൽ അവന് വിവാഹം കഴിക്കൽ നിർബന്ധമാണ്. എന്നാൽ അതിന് കഴിയാത്തവനും, വികാരമില്ലാത്തവനു മാണെങ്കിൽ അവന് ഇത് നിർബന്ധമില്ല.
> വിവാഹം കഴിക്കാൻ സാധിക്കുന്ന യുവാക്കൾ അത് പിന്തിപ്പിക്കരുത്. ജീവിതത്തിൽ ധാരാളം നൻമകളും ശ്രേഷ്ടതകളും കൈവരാൻ ഇത് കൊണ്ട് സാധ്യമാകും.
> ഹറാമുകൾ നോക്കാതിരിക്കാനും, അവയെ തൊട്ട് ദൃഷ്ടികൾ താഴ്ത്താനും ഇടവരുത്തുന്ന ഉത്തമ മാർഗ്ഗമാണ് വിവാഹം.
> കാരണമില്ലാതെ വിവാഹം പിന്തിപ്പിക്കുന്നവരോട് പൂർവ്വികർ കാർക്കശ്യത്തോടെ സംസാരിച്ചിരുന്നു. ഉമർ h അബു സവാഇദിനോട് പറഞ്ഞു: നിന്നെ വിവാഹത്തിൽ നിന്ന് തടയുന്നത് ദുർബലതയോ അല്ലെങ്കിൽ തെമ്മാടിത്തമോ ആണ്.
> الباءة എന്നാൽ വിവാഹം കഴിക്കാനാവശ്യമായ ശാരീരിക കഴിവിനെയാണ് അറിയിക്കുന്നത്. അതോടൊപ്പം വിവാഹത്തിന് വേണ്ട ചിലവുകളും വഹിക്കാൻ സാധിക്കുക എന്നാണ്.
> പഠനം തീരട്ടെ, വീടാവട്ടെ എന്നീ തുടങ്ങിയ കാരണങ്ങളൊന്നും വിവാഹം പിന്തിക്കാനുള്ള കാരണങ്ങളല്ല.
> കല്യാണം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ എന്നാണ് നബി g പറഞ്ഞിരിക്കുന്നത്. നോമ്പ് ചാരിത്ര്യത്തിന്റെ കാരണങ്ങളിൽ പെട്ടതാണ്. ഇത് കണ്ണിനെ താഴ്ത്താനും ഹറാമുകളിൽ നിന്ന് വിട്ടു നിൽക്കാനും മനുഷ്യനെ പ്രേരിപ്പിക്കും.
> കണ്ണിനെയും ഗുഹ്യസ്ഥാനത്തേയും സൂക്ഷിക്കൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിലൂടെയാണ് മനുഷ്യ ജീവിതത്തിൽ ധാരാളം തിൻമകൾ കടന്നു വരുന്നത്. ആയതിനാൽ കണ്ണിനെ താഴ്ത്താനും, ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കാനും അല്ലാഹു കൽപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:
قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ
وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ
(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. ? സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. (അന്നൂർ:30-31)