ഹദീസ് : 02
عَنْ عَبْدِ اللهِ بْنِ بُسْرٍ، أَنَّ رَجُلاً قَالَ: يَا رَسُولَ اللهِ إِنَّ شَرَائِعَ الإِسْلاَمِ قَدْ كَثُرَتْ عَلَيَّ، فَأَخْبِرْنِي بِشَيْءٍ أَتَشَبَّثُ بِهِ، قَالَ: لاَ يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ.- الترمذي- صحيح
അബ്ദുല്ലാഹി ബ്‌നു ബുസ്ര്‍ (റ) നിവേദനം, ഒരു മനുഷ്യന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ.. നിശ്ചയം ഇസ്‌ലാമിന്റെ നിയമങ്ങള്‍ എന്റെ മേല്‍ അധികരിച്ചിരിക്കുന്നു, ആയതിനാല്‍ എപ്പോഴും മുറുകെ പിടിക്കാന്‍ ഒരു കാര്യം താങ്കള്‍ എനിക്ക് അറിയിച്ച് തന്നാലും. റസൂല്‍ ﷺ പറഞ്ഞു: താങ്കളുടെ നാവ് അല്ലാഹുവിനുള്ള സ്മരണയാല്‍ നനവുള്ളതാവട്ടെ. (തിർമിദി).
വിവരണം
> മതവിഷയങ്ങളിൽ സ്വഹാബിമാർക്കുണ്ടായിരുന്ന താൽപര്യം ഇത് പോലെയുള്ള ഹദീസുകളിൽ നിന്ന് വ്യക്തമാണ്.
> ഐച്ഛികമായി ചെയ്യേണ്ട ധാരാളം നിയമങ്ങളും കർമങ്ങളും ആയപ്പോൾ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാൻ പറ്റുന്ന കാര്യമാണ് സ്വഹാബി ചോദിച്ചത്. നിർബന്ധ കാര്യങ്ങൾ എല്ലാവക്കും ഒരു പോലെ ബാധ്യതയാണ്.
> അറിയേണ്ടതും, സംശയമുള്ളതും പോലെയുള്ള കാര്യങ്ങൾ കൃത്യമാക്കുന്നതിൽ സ്വഹാബികൾ മുൻപന്തിയിലായിരുന്നു.
> മതനിയമങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതും വമ്പിച്ച പ്രതിഫലം ലഭിക്കുന്നതുമായ കർമങ്ങൾ അറിയാൻ വേണ്ടിയിട്ടുള്ള ചോദ്യമായിരുന്നു അവരുടേത്. മത നിയമങ്ങൾ ചെയ്യാനുള്ള മടി കൊണ്ട് ചോദിക്കുന്നവയല്ല. കർമങ്ങളിൽ അങ്ങേയറ്റം മുൻപന്തിയിൽ നിൽക്കുന്നവരിൽ നിന്നാണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടായത്.
> മികച്ച് നിൽക്കുന്ന കർമങ്ങൾ അവർക്ക് ഉണ്ടാകണം എന്ന താൽപര്യത്തിലാണ് അവർ നബി ﷺ യോട് പ്രത്യേകം കാര്യങ്ങൾ അറിയാൻ ചോദിക്കുന്നത്.
> ഐച്ഛിക കാര്യങ്ങൾ കൊണ്ട് അല്ലാഹുവിലേക്ക് അടുക്കാൻ ശ്രമിച്ചാൽ അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കാൻ അത് ഏറെ കാരണമാകുന്നതാണ്.
> അല്ലാഹുവിനെ ഓർക്കൽ അതിൽ പെട്ട ഒരു വലിയ നൻമയാണ്. ഇത് രണ്ട് വിധമുണ്ട്. പൊതുവായതും പ്രത്യേകമായതും. നിത്യേന നാം ചെയ്യുന്ന ആരാധനാ കർമങ്ങളിൽ അല്ലാഹുവിനെ ഓർക്കൽ പൊതുവായ ഇനത്തിൽ പെടുന്നതാണ്. വിശുദ്ധ ക്വുർആനിലും ഹദീസിലും വന്നിട്ടുള്ളതായ ദിക്‌റുകൾ ചൊല്ലിക്കൊണ്ട് അല്ലാഹുവിനെ ഓർക്കൽ ആണ് രണ്ടാമത്തേത്. സ്വയം ഇഷ്ടപ്രകാരം അല്ലാഹുവിനെ ഓർക്കാൻ സമയം കണ്ടെത്തലാണ് അത്.
> ഇങ്ങനെ അല്ലാഹുവിനെ സ്മരിക്കാൻ തയ്യാറാവുന്നവന് മറ്റു അനാവശ്യ സംസാരങ്ങളിൽ നിന്നും ചിന്തകളിൽ നിന്നം വിട്ടു നിൽക്കാനും അങ്ങനെ സംശുദ്ധമായ ജീവിതം നയിക്കാനും അവന് സാധ്യമാകും. മാത്രമല്ല വമ്പിച്ച പ്രതിഫലം അവന് ലഭിക്കുകയും ചെയ്യും.