ഹദീസ് : 03
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّهُ قَالَ: قُلْتُ: يَا رَسُولَ اللَّهِ، مَنْ أَسْعَدُ النَّاسِ بِشَفَاعَتِكَ يَوْمَ القِيَامَةِ؟ فَقَالَ: “لَقَدْ ظَنَنْتُ، يَا أَبَا هُرَيْرَةَ، أَنْ لاَ يَسْأَلَنِي عَنْ هَذَا الحَدِيثِ أَحَدٌ أَوَّلُ مِنْكَ، لِمَا رَأَيْتُ مِنْ حِرْصِكَ عَلَى الحَدِيثِ، أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ القِيَامَةِ مَنْ قَالَ: لاَ إِلَهَ إِلَّا اللَّهُ، خَالِصًا مِنْ قِبَلِ نَفْسِهِ” – صحيح البخاري
അബൂ ഹുറൈറ (റ) പറഞ്ഞു: ഞാൻ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ... അന്ത്യദിനത്തിൽ നിങ്ങളുടെ ശഫാഅത്തിന് (ശുപാർശക്ക്) ഏറ്റവും സൗഭാഗ്യവാൻ ആരാണ്?'. അപ്പോൾ റസൂൽ ﷺ പറഞ്ഞു: അബൂ ഹുറൈറാ.. ഹദീസിലുള്ള താങ്കളുടെ അതിയായ താൽപര്യം ഞാൻ കണ്ടതിനാൽ താങ്കളേക്കാൾ ആദ്യം ആരും ഈ ഹദീസിനെ കുറിച്ച് ചോദിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ചിരുന്നു. മനസ്സിൽ അത്മാർത്ഥമായി لاَ إِلَهَ إِلَّا اللَّهُ എന്ന് പറയുന്നവനാണ് അന്ത്യദിനത്തിൽ എന്റെ ശഫാഅത്ത് കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവൻ. (ബുഖാരി).
വിവരണം
·> മതവിഷയങ്ങള്‍ അറിയാനുള്ള താല്‍പര്യം അറിയിക്കുന്നതാണ് അബൂഹുറൈറ (റ) വിന്റെ ഈ ഹദീസും.
·> റസൂല്‍ ﷺ യുടെ ശഫാഅത്തിന് ഏറ്റവും സൗഭാഗ്യം ലഭിക്കുന്ന ആള്‍ ആരാണെന്നാണ് ചോദ്യം.
·> പരലോകത്ത് നബി ﷺ യുടെ വിവിധ ശഫാഅത്തുകള്‍ ഉണ്ട്. മഹ്ശറില്‍ നില്‍ക്കുമ്പോള്‍ വിചാരണ നടത്താനും, നരകത്തില്‍ പ്രവേശിച്ച വിശ്വാസികളെ പുറത്ത് കൊണ്ട് വരാനും, വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാനും, പദവികള്‍ വര്‍ദ്ധിപ്പിച്ച് നല്‍കാനും, ചിലര്‍ക്ക് ശിക്ഷ ലളിതമാക്കാനും തുടങ്ങി വിവിധ ശഫാഅത്തുകള്‍ ഉണ്ടാവും.
·> ശഫാഅത്ത് പല പദവികളായിട്ടാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. നബി g യുടെ മഹത്തായ ശഫാഅത്തിന് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവര്‍ ആരാണെന്ന് റസൂല്‍ ﷺ ഈ ഹദീസില്‍ അറിയിക്കുന്നു.
·> തൗഹീദ് ഉള്ളവര്‍ക്കാണ് നബി ﷺ യുടെ ശഫാഅത്തിന് ഏറ്റവും സൗഭാഗ്യം ലഭിക്കുക. മനസ്സില്‍ ആത്മാര്‍ത്ഥമായി لاَ إِلَهَ إِلَّا اللَّهُ പറഞ്ഞ് അതനുസരിച്ച് ജീവിച്ചവര്‍ക്കാണത്.
·> ഈ ഹദീസ് لاَ إِلَهَ إِلَّا اللَّهُ എന്ന വാക്യത്തിന്റെ മഹത്വം അറിയിക്കുന്നു.
·> لاَ إِلَهَ إِلَّا اللَّهُ എന്നത് വെറുതെ പറഞ്ഞാല്‍ മാത്രം പോരാ. മനസ്സറിഞ്ഞ് അതിലെ ആശയം ഉള്‍ക്കൊണ്ട് പറയുകയും മനസ്സ് കൊണ്ട് അംഗീകരിക്കുകയും ജീവിതത്തില്‍ നടപ്പിലാക്കുകയും വേണം. അതിന് വിരുദ്ധമായ ശിര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വരാനും പാടില്ല. അല്ലാഹുവില്‍ പങ്ക് ചേര്‍ത്താല്‍ പിന്നെ എല്ലാ കാര്യങ്ങളും ബാത്വിലാകും. അല്ലാഹു നമ്മെ കാക്കട്ടെ.. ആമീന്‍
·> അബൂഹുറൈറ (റ) വിന്റെ മഹത്വവും ഹദീസില്‍ നിന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന് നബിവചനങ്ങളോട് അതിയായ താല്‍പര്യമായിരുന്നു. അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ ഹദീസുകള്‍ നബി ﷺ യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയതിനാല്‍ ഈ ഹദീസിനെ കുറിച്ച് അബൂഹുറൈറ (റ) തന്നെ നബി ﷺ യോട് ആദ്യം ചോദിച്ചിരുന്നെങ്കില്‍ എന്ന് നബി ﷺ ആഗ്രഹിച്ചിരുന്നു. അത് അങ്ങനെ തന്നെ ആവുകയും ചെയ്തു.