ഹദീസ് 01

ഹദീസ് : 01

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «مَنْ آمَنَ بِاللَّهِ وَرَسُولِهِ، وَأَقَامَ الصَّلاَةَ، وَصَامَ رَمَضَانَ، كَانَ حَقًّا عَلَى اللَّهِ أَنْ يُدْخِلَهُ الجَنَّةَ، هَاجَرَ فِي سَبِيلِ اللَّهِ، أَوْ جَلَسَ فِي أَرْضِهِ الَّتِي وُلِدَ فِيهَا»، قَالُوا: يَا رَسُولَ اللَّهِ، أَفَلاَ نُنَبِّئُ النَّاسَ بِذَلِكَ؟ قَالَ: «إِنَّ فِي الجَنَّةِ مِائَةَ دَرَجَةٍ، أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِي سَبِيلِهِ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالأَرْضِ، فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الفِرْدَوْسَ، فَإِنَّهُ أَوْسَطُ الجَنَّةِ، وَأَعْلَى الجَنَّةِ، وَفَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الجَنَّةِ»- البخاري

അബൂഹുറൈറ (റ) നിവേദനം, നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും, നമസ്‌കാരം നിലനിര്‍ത്തുകയും റമദ്വാനിലെ നോമ്പ് അനുഷ്ടിക്കുകയും ചെയ്താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുക എന്നത് അല്ലാഹു (അവന്റെ മേല്‍) കടമയാക്കിയിരിക്കുന്നു. അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഹിജ്‌റ പോയാലും, അല്ലെങ്കില്‍ അവന്‍ ജനിച്ചതായ അവന്റെ നാട്ടില്‍ തന്നെ ഇരിക്കുന്നവനായാലും ശരി.അവര്‍ (സ്വഹാബികള്‍) പറഞ്ഞു: ഈ കാര്യം ഞങ്ങള്‍ ജനങ്ങളെ അറിയിക്കട്ടെയോ.. നബി ﷺ പറഞ്ഞു: 'നിശ്ചയംസ്വര്‍ഗ്ഗത്തില്‍ നൂറ് പദവികള്‍ ഉണ്ട്, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്ന (പ്രവര്‍ത്തിക്കുന്ന) ആളുകള്‍ക്ക് അവന്‍ ഒരുക്കി വെച്ചവയാണ് അവ. ഓരോ രണ്ട് പദവികള്‍ക്കിടയിലും ആകാശ ഭൂമിയോളം വിശാലതയുണ്ട്. നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയാണെങ്കില്‍ ഫിര്‍ദൗസ് തന്നെ ചോദിക്കുക, നിശ്ചയം അത് സ്വര്‍ഗ്ഗത്തിന്റെ ഏറ്റവും നടുവിലും, ഏറ്റവും ഉന്നതിയിലും ആണ്. അതിന് മുകളിലാണ് അല്ലാഹുവിന്റെ അര്‍ശ്. അതില്‍ നിന്നാണ് സ്വര്‍ഗ്ഗത്തിലെ നദികള്‍ പൊട്ടിയൊഴുകുന്നത്. (ബുഖാരി)

വിവരണം

> സൽകർമങ്ങൾ ചെയ്യുന്നവർക്ക് അർഹമായ പ്രതിഫലം അല്ലാഹു നൽകും. ചില കർമങ്ങൾക്ക് പ്രതിഫലംനൽകപ്പെടു ന്നത് പതിൻ മടങ്ങ് ഇരട്ടിയായിട്ടാണ്.

> ആത്മാർത്ഥതക്കനുസരിച്ചാണ് ഓരോ കർമങ്ങളും സ്വീകരിക്കപ്പെടുക. അപ്പോൾ അതനുസരിച്ച് പ്രതിഫലം പരിപൂർണ്ണമായും നൽകപ്പെടും.

·> ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസം, നമസ്‌കാരം നിലനിർത്തൽ, റമദ്വാനിലെ നോമ്പ് എന്നിവയാണ് അവ. ഇവ ഭംഗിയായി ചെയ്യുന്നവർക്ക് സ്വർഗ്ഗം നൽകൽ അല്ലാഹു സ്വന്തത്തിന് ബാധ്യതയാക്കിയിട്ടുണ്ട്. 

·> സകാത്ത്, ഹജ്ജ് എന്നീ രണ്ട് കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടവ തന്നെയാണ്. എന്നാൽ സകാത്ത് എല്ലാവർക്കും ബാധ്യതയില്ല, സകാത്ത് നൽകാൻ മാത്രം ധനം ഉള്ളവരാണ് അതിൽ പെടുക. ഹജ്ജും അത് പോലെയാണ്, ജീവിതത്തിൽ ഒരിക്കൽ ചെയ്യലാണ് ബാധ്യതയായിട്ടുള്ളത്. അത് തന്നെ അതിന് സാധിക്കുന്നവർക്ക് മാത്രം. 

·> മുകളിൽ സൂചിപ്പിച്ച മൂന്ന് കാര്യങ്ങൾ എല്ലാവർക്കും ബാധകമാണ്. അഞ്ച് കാര്യങ്ങളും ഭംഗിയായി നിർവ്വഹിക്കാൻ നമുക്ക് സാധിക്കണം. അപ്പോൾ നാം കൂടുതൽ പദവികൾക്ക് അർഹരാകും. 

·> ഹദീസിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ ചെയ്താൽ സ്വർഗ്ഗം ലഭിക്കുമെന്നാണ് നമ്മുടെ നബി  പറഞ്ഞത്. ശേഷം സ്വർഗ്ഗത്തിന്റെ ചില വിശേഷണങ്ങളും പറഞ്ഞു തന്നിരിക്കുന്നു. 

·> സ്വർഗ്ഗത്തിൽ നൂറ് പദവികളുണ്ട്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മസമരം ചെയ്യുന്ന/പ്രവർത്തിക്കുന്നവർക്കുള്ളതാണത്.

·> സ്വർഗ്ഗത്തിലെ പദവികൾ വളരെ വിശാലമായതാണ്. അതിന്റെ വലിപ്പം മനസ്സിലാക്കൽ നമുക്ക് എളുപ്പമല്ല. ആകാശ ഭൂമിയോളം വിശാലത ഒരു പദവിക്ക് തന്നെ ഉണ്ട് എന്നാണ് ഹദീസിലുള്ളത്. 

·> ഹദീസിന്റെ തുടക്കത്തിൽ പറയപ്പെട്ട കാര്യങ്ങൾ ചെയ്താൽ സ്വർഗ്ഗത്തിൽ പ്രവേശിക്കാം. എന്നാൽ ഈ പദവികൾ കരസ്ഥമാക്കാൻ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. 

·> വിശ്വാസമുണ്ട്, നമസ്‌കരിക്കുന്നുണ്ട്, നോമ്പ് നോൽക്കുന്നുണ്ട് എന്നും പറഞ്ഞ് വെറുതെ ഇരിക്കാൻ പറ്റില്ല എന്നർത്ഥം. ധാരാളം സൽകർമങ്ങളുമായി മുന്നേറാൻ സാധിക്കണം.

·> സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം ‘ഫിർദൗസ്’ ആണ്. സ്വർഗ്ഗത്തിന്റെ ഏറ്റവും മധ്യത്തിലും ഏറ്റവും ഉന്നതിയിലുമുള്ള സ്ഥാനമാണത്. സ്വർഗ്ഗം ചോദിക്കുമ്പോൾ ആ സ്ഥാനം ലഭിക്കാനാണ് ചോദിക്കേണ്ടത്. അത് ലഭിക്കാൻ മാത്രം പ്രവർത്തനങ്ങൾ ഉണ്ടാക്കാനുള്ള പ്രേരണയാണ് ഹദീസ് നൽകുന്നത്.

ഈ റമദ്വാൻ നമുക്ക് അതിനുള്ള പ്രചോദനമാകട്ടെ. ആമീൻ

റമദാൻ ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

റമദാൻ ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

ആമുഖം

അബൂഹുറൈറ (റ) നിവേദനം. നബി  പറഞ്ഞു: ‘ആരെങ്കിലും റമദ്വാനില്‍ ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും നോമ്പനുഷ്ടിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും. ആരെങ്കിലും ക്വദ്‌റിന്റെ രാത്രിയില്‍ ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും നിന്നാല്‍ (നമസ്‌കരിച്ചാല്‍) അവന്‍ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും’. (ബുഖാരി, മുസ്‌ലിം)

‘ആരെങ്കിലും ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും റമദ്വാനില്‍ നിന്നാല്‍ (തറാവീഹ് നമസ്‌കരിച്ചാല്‍) അവന്‍ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും’. (ബുഖാരി, മുസ്‌ലിം)

‘ആരെങ്കിലും റമദ്വാനിലെ നോമ്പനുഷ്ടിക്കുകയും പിന്നെ ശവ്വാലിലെ ആറ് (നോമ്പുകള്‍) അതിനെ തുടര്‍ന്ന് അനുഷ്ടിക്കുകയും ചെയ്താല്‍ അത് ഒരു വര്‍ഷം നോമ്പനുഷ്ടിച്ചത് പോലെയാണ്’. (മുസ്‌ലിം)

പാഠങ്ങള്‍:

1. റമദാനിലെ കര്‍മങ്ങള്‍ വളരെ മഹത്വമേറിയതാണ്,

2.റമദ്വാനിലെ കര്‍മങ്ങള്‍ ആത്മാര്‍ത്ഥതക്കനുസരിച്ച് അവയുടെ പ്രതിഫലങ്ങള്‍ അനേകം ഇരട്ടിയായി മാറും. 

3.റമദ്വാനിലെ നോമ്പ് പ്രധാനപ്പെട്ട ഒരു ആരാധനാ കര്‍മമാണ്.

4. അതിലൂടെ മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും.

5. ഇങ്ങനെ പൊറുക്കപ്പെടുന്നത് ചെറുപാപങ്ങളാണ്. വന്‍പാപങ്ങള്‍ പൊറുക്കപ്പെടാന്‍ തൗബ അനിവാര്യമാണ്.

6. റമദ്വാനിലെ നോമ്പ് മുഖേന പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ അതിന് രണ്ട് നിബന്ധനകളുണ്ട്:

(1). ദൃഢമായ ഈമാന്‍, (2). പ്രതിഫലേച്ഛ.

7.പ്രതിഫലേച്ഛ എല്ലാ കര്‍മങ്ങള്‍ക്കും വേണ്ടതാണ്.

8. ഒരു കര്‍മം ചെയ്യുമ്പോള്‍ പ്രതിഫലേച്ഛ ഉണ്ടാവണമെങ്കില്‍ അതിന്റെ പ്രതിഫലങ്ങള്‍ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം.

9.റമദ്വാനില്‍ ഉള്ള മഹത്വമേറിയ ഒരു രാത്രിയാണ് ലൈലതുല്‍ ക്വദ്ര്‍.

10. അന്നേ ദിവസം മുഴുവന്‍ ആരെങ്കിലും തറാവീഹിലും, മറ്റു ഇബാദത്തുകളിലും കഴിഞ്ഞാല്‍ അത് ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാണ്.

11. മാത്രമല്ല ഈമാനോട് കൂടിയും, പ്രതിഫലേച്ഛയോട് കൂടിയും അത് ആരെങ്കിലും ശ്രദ്ധിച്ചാല്‍ അവന്‍ മുമ്പ് ചെയ്തപാപങ്ങള്‍ എല്ലാം പൊറുക്കപ്പെടും.

12. റമദാനിലെ നോമ്പ് പോലെ അതിലെ തറാവീഹ് (രാത്രിനമസ്‌കാരം) വളരെ മഹത്വമേറിയതാണ്.

13. ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും അത്‌നിര്‍വഹിച്ചാല്‍ മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും.

14. റമദ്വാനിലെ മുഴുവന്‍ നോമ്പുകളും അനുഷ്ഠിച്ച ശേഷം ശവ്വാലിലെ ആറ് നോമ്പ് ആരെങ്കിലും അനുഷ്ഠിച്ചാല്‍ അവന്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചത് പോലെയാണ്.

15. അപ്പോള്‍ റമദാനിലെയും, ശവ്വാലിലേയും ഈ നോമ്പുകള്‍ ഓരോന്നും പത്തിരട്ടിയായാണ് സ്വീകരിക്കപ്പെടുന്നത് എന്നര്‍ത്ഥം.

 

സ്ത്രീകള്‍ മതപരമായ അറിവു നേടുന്നതിന്റെ ആവശ്യകത

സ്ത്രീകള്‍ മതപരമായ അറിവു നേടുന്നതിന്റെ ആവശ്യകത

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും” (ക്വുര്‍ആന്‍ 66:6).

ഇതിന്റെ വിശദീകരണമായി അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു: ‘അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക’ (ഹാകിം തന്റെ മുസ്തദ്‌റകില്‍ ഉദ്ധരിച്ചത്, ഇത് സ്ഥിരപ്പെട്ടതാണ്).

അല്ലാഹു സത്യവിശ്വാസികളോട് അവരുടെയും അവരുടെ കുടുംബത്തിന്റെയും അല്ലാഹുവിന്റെ ശിക്ഷയുടെയും ഇടയില്‍ സംരക്ഷണകവചം ഉണ്ടാക്കുവാനായി കല്‍പിച്ചിട്ടുണ്ട്. മതത്തിന്റെ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും അവയെ കുടുംബത്തിന് പഠിപ്പിച്ചുകൊടുക്കലും നന്മയില്‍ പെട്ടതാണ്. ഒരു മുസ്‌ലിമായ സ്ത്രീ; അവള്‍ മകളോ സഹോദരിയോ ഭാര്യയോ ആകട്ടെ, അറിവോടുകൂടി അല്ലാഹുവിനെ ആരാധിക്കാന്‍ ആവശ്യക്കാരിയായിത്തീരുന്നുണ്ട്. അവള്‍ പുരുഷന്മാരെപ്പോലെ തന്നെ മതവിധികളാല്‍ കല്‍പിക്കപ്പെട്ടവളുമാണ്.

അവളുടെ ദീനിനെ അവള്‍ക്ക് പഠിക്കുവാനും നിര്‍ദേശങ്ങള്‍ നല്‍കുവാനുമായി പിതാവോ സഹോദരനോ ഭര്‍ത്താവോ മഹ്‌റമോ (വിവാഹ ബന്ധം നിഷിദ്ധമായവര്‍) പോലുള്ളവരെ അവള്‍ക്ക് ആശ്രയിക്കാം. ഇനി അവരെയൊന്നും ഇതിനായി ലഭിച്ചില്ലായെങ്കില്‍ മതനിയമങ്ങള്‍ പാലിച്ചുകൊണ്ട് പണ്ഡിതന്മാരോട് ചോദിച്ച് പഠിക്കുകയും ചെയ്യാം.

ദീനിന്റെ വിധിവിലക്കുകള്‍ പഠിക്കുന്ന വിഷയത്തില്‍ മുസ്‌ലിം സ്ത്രീ പിന്നാക്കം നില്‍ക്കുകയാണെങ്കില്‍ ആ പാപഭാരത്തിന്റെ അധികവും അവളുടെ വലിയ്യോ (രക്ഷിതാവ്), ഉത്തരവാദപ്പെട്ടവരോ ആയവരും ഭാഗികമായി അവളും ചുമക്കേണ്ടി വരും. മുസ്‌ലിംസ്ത്രീയുടെ അവസ്ഥയിലും അവളുടെ അജ്ഞതയിലും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ജൗസി(റഹി) പറയുകയാണ്: ”ഞാന്‍ ജനങ്ങളെ അറിവിലേക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ടേയിരിക്കുകയാണ്. കാരണം, അത് നേര്‍മാര്‍ഗം പ്രാപിക്കാനുള്ള വെളിച്ചമാണ്. എന്നാല്‍ അറിവില്‍നിന്നും അകന്നുനില്‍ക്കുകയും തന്നിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന സ്ത്രീകളാണ് എന്തുകൊണ്ടും പുരുഷന്മാരെക്കാള്‍ ഇതിലേക്ക് ആവശ്യക്കാരെന്നാണ് എനിക്ക് തോന്നുന്നത്. (തന്റെ കാലത്തുള്ള അവസ്ഥയെപ്പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്). കാരണം, അധികസമയത്തും അവരുടെ മടിയില്‍ വളരുന്ന കുഞ്ഞിന് ക്വുര്‍ആന്‍ ഓതിപ്പഠിപ്പിക്കുകയോ ആര്‍ത്തവരക്തത്തില്‍നിന്നുള്ള ശുദ്ധി, നമസ്‌കാരത്തിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ തുടങ്ങിയവ അറിയുകയോ വിവാഹത്തിനുമുമ്പ് ഭര്‍ത്താവിനോടുള്ള തന്റെ ബാധ്യതകള്‍ മനസ്സിലാക്കുകയോ അവള്‍ ചെയ്യുന്നില്ല തുടങ്ങി ധാരാളം അപകടങ്ങള്‍ ഈ വിഷയത്തിലുണ്ട്” (അഹ്കാമുന്നിസാഅ്).

ആയതിനാല്‍ പൂര്‍ണമായ ഇസ്‌ലാമിനെ ആഗ്രഹിക്കുന്ന മുസ്‌ലിംവനിത ഉപകാരപ്രദമായ വിജ്ഞാനം പഠിക്കുകയും സ്ത്രീകളില്‍നിന്നുള്ള, തങ്ങളെ പോലുള്ളവര്‍ക്കിടയില്‍ അത് പ്രചരിപ്പിക്കുകയും വേണം. തീര്‍ച്ചയായും മുന്‍ഗാമികളായ സ്ത്രീകള്‍ ദീനിന്റെ കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കുവാന്‍ അങ്ങേയറ്റം താല്‍പര്യം കാണിച്ചിരുന്നവരായിരുന്നു.

അബൂസഈദ് അല്‍ഖുദ്‌രി(റ)യില്‍നിന്ന് നിവേദനം: ”സ്ത്രീകള്‍ അല്ലാഹുവിന്റെ പ്രവാചകനോട് പറഞ്ഞു: ‘ഞങ്ങളെക്കാള്‍ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് താങ്കള്‍തന്നെ ഞങ്ങള്‍ക്ക് ഒരു ദിവസം നിശ്ചയിച്ചു തരണം.’ അപ്പോള്‍ പ്രവാചകന്‍ ﷺ അവരെ അഭിമുഖീകരിക്കുവാനായി ഒരു ദിവസം നിശ്ചയിച്ചുകൊടുക്കുകയും അവര്‍ക്ക് ഉപദേശങ്ങളും കല്‍പനകളും നല്‍കുകയും ചെയ്തു” (സ്വഹീഹുല്‍ ബുഖാരി).

 

ഇബ്‌നുഹജര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: ”മതകാര്യങ്ങള്‍ പഠിക്കുവാന്‍ സ്വഹാബാവനിതകള്‍ കാണിച്ച അങ്ങേയറ്റത്തെ താല്‍പര്യത്തെ ഈ ഹദീഥ് അറിയിക്കുന്നുണ്ട്.”

ഇപ്രകാരം മതത്തില്‍ പ്രാവീണ്യം നേടാനായി മുസ്‌ലിം വനിതകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. വിശ്വാസവും തൗഹീദും തൗഹീദിന്റെ വിപരീതവും മനസ്സിലാക്കുകയും, ആരാധനകളുടെയും ഇടപാടുകളുടെയും വിധിവിലക്കുകള്‍, ഇസ്‌ലാമിക സ്വഭാവമര്യാദകള്‍ തുടങ്ങിയവ പഠിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ മതത്തില്‍ പാണ്ഡിത്യം ഉണ്ടാക്കുവാനായി നാം നമ്മുടെ സ്ത്രീകളെയും സഹോദരിമാരെയും ഉണര്‍ത്തേണ്ടതുണ്ട്.

മതത്തില്‍ പ്രാവീണ്യംനേടലും അറിവുനേടലും പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകള്‍ക്കും കൂടി നിര്‍ബന്ധമായ കാര്യമാണ്. കാരണം, ഇത് അല്ലാഹുവിന്റെ മതത്തിന്റെ അറിവാണ്. എന്തിനാണിത്? ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും ഈ മഹത്തായ ദീനിനെ വിവരിച്ചുകൊടുക്കുവാനും ഈ അറിവിലേക്കും പ്രവാചകന്റെ മാര്‍ഗത്തെ മുറുകെപ്പിടിക്കുന്നതിലേക്ക് ആളുകളെ ക്ഷണിക്കുവാനുമൊക്കെ വേണ്ടിയാണിത്.

ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞു: ”ആരെങ്കിലും ഇസ്‌ലാമിനെ ജീവസ്സുറ്റതാക്കാനായി അറിവ് നേടിയാല്‍ അവന്‍ സ്വിദ്ദീക്വുകളുടെ (സത്യവാന്മാരുടെ) കൂടെയായിരിക്കും.അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും” (മിഫ്താഹു ദാരിസ്സആദ).

അതുകൊണ്ട് പുരുഷനാവട്ടെ, സ്ത്രീയാവട്ടെ ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി അറിവ് തേടിയാല്‍ അവന്‍ സത്യവാന്മാരുടെ കൂടെയും അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും. കാരണം, അവര്‍ പ്രവാചകന്റെ അനന്തരത്തെയാണ് വഹിക്കുന്നതും പ്രചരിപ്പിക്കുന്നതും.

അതുകൊണ്ട് സ്ത്രീകള്‍ ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധകാണിക്കുക. മതപരമായ അറിവ് നേടുന്ന, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, അഗാധമായ പാണ്ഡിത്യമുള്ള, അതില്‍ അടിയുറച്ചു നില്‍ക്കുന്ന, ക്ഷമിക്കുന്ന, അറിവിന്റെ അടയാളങ്ങള്‍ ജീവിതത്തില്‍ പ്രകടമാകുന്ന മാതൃകാവനിതകളെ നമുക്ക് ആവശ്യമുണ്ട്.

ഹസനുല്‍ ബസ്വരി(റഹി) പറഞ്ഞതുപോലെ; ‘ഒരാള്‍ അറിവ് നേടുകയും അല്‍പം കഴിയുകയും ചെയ്യുമ്പോള്‍ തന്നെ അറിവിന്റെ അടയാളം അവന്റെ നമസ്‌കാരത്തിലും സംസാരത്തിലും ശൈലിയിലും കാണപ്പെടാറുണ്ട്’ (അസ്സുഹ്ദ്, അഹ്മദ് ബിന്‍ ഹമ്പല്‍).

ഇത് പുരുഷനെയും സ്ത്രീയെയും ഒരു പോലെ ഉദ്ദേശിച്ചുകൊണ്ടുള്ള സംസാരമാണ്. ഈ അറിവ് അവരെ സ്വാധീനിക്കുക തീര്‍ച്ചയാണ്. കാരണം, അവര്‍ വായിക്കുന്നത് ‘അല്ലാഹുവും പ്രവാചകനും പറഞ്ഞു,’ ‘അബൂബക്കര്‍ സിദ്ദീക്വ്(റ) പറഞ്ഞു,’ ‘ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു,’ ‘ഇമാം മാലിക്(റഹി) പറഞ്ഞു,’ ‘ഇമാം ശാഫിഈ(റഹി) പറഞ്ഞു’ എന്നൊക്കെയാണ്. ഇത് പ്രകാശത്തിനുമേല്‍ പ്രകാശമാണ്. അതിനാല്‍ നിര്‍ബന്ധമായും അവന്റെ നമസ്‌കാരത്തിലും മറ്റു ആരാധനകളിലും ഇടപാടുകളിലും അറിവിന്റെ അടയാളം പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും.

അതുകൊണ്ട് നമ്മുടെ ഭാര്യയും സഹോദരിയും മകളും ഉമ്മയുമടങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുക. നാം വല്ലതും പഠിക്കുകയോ അറിവിന്റെ സദസ്സുകളില്‍ ഹാജരാവുകയോ ചെയ്താല്‍ ആ അറിവിനെ നമ്മുടെ കുടുംബക്കാര്‍ക്കും പഠിപ്പിച്ചുകൊടുക്കല്‍ നിര്‍ബന്ധമാണ്. ഇത് നാം (ഈ കുറിപ്പിന്റെ) തുടക്കത്തില്‍ പാരായണം ചെയ്ത, അല്ലാഹുവിന്റെ കല്‍പനയെ പിന്‍പറ്റലാണ്: ‘സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക…’

അഥവാ മതം പഠിപ്പിക്കുന്ന നന്മതിന്മകളെയും ഹറാമിനെയും ഹലാലിനെയും നിങ്ങളുടെ കുടുംബത്തെ പഠിപ്പിക്കുക. ഇത് കുഴപ്പങ്ങളില്‍നിന്നും നരകശിക്ഷയില്‍നിന്നുമുള്ള സംരക്ഷണമായി മാറും. നമ്മെയെല്ലാവരെയും അല്ലാഹു ആ ശിക്ഷയില്‍നിന്നും കാത്തുരക്ഷിക്കുമാറാകട്ടെ.

ഇത് നമുക്ക് ഉപകാരപ്പെടുവാനും നമ്മുടെ സ്ത്രീകളെ നേര്‍മാര്‍ഗത്തിലാക്കാനും നമുക്കും അവര്‍ക്കും മതത്തില്‍ പാണ്ഡിത്യം നല്‍കാനുമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ്.

 

(ആശയ വിവര്‍ത്തനം)
ശൈഖ് ഇബ്‌റാഹീം ബിന്‍ അബ്ദില്ല അല്‍മസ്‌റൂഈ
വിവ: ഫായിസ് ബിന്‍ മഹ്മൂദ് അല്‍ഹികമി
നേർപഥം വാരിക

ഉപദ്രവം പലവിധം

ഉപദ്രവം പലവിധം

(മുഹമ്മദ് നബി ﷺ , ഭാഗം 10)

നബി ﷺ നമസ്കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്‍റെ ചീഞ്ഞളിഞ്ഞ കുടല്‍മാലകള്‍ ശത്രുക്കള്‍ കഴുത്തില്‍ ചാര്‍ത്തിയ സംഭവം നാം വായിച്ചു. മറ്റൊരു സംഭവം നോക്കൂ:

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അബൂജഹ്ല്‍ ചോദിച്ചു: ‘മുഹമ്മദ് നിങ്ങളുടെ മുന്നില്‍വെച്ച് അവന്‍റെ മുഖം നിലത്ത് കുത്താറുണ്ടോ?’ അപ്പോള്‍ പറയപ്പെട്ടു: ‘അതെ.’ അപ്പോള്‍ അവന്‍ പറഞ്ഞു: ‘ലാത്തയും ഉസ്സയും തന്നെയാണ് സത്യം, അവന്‍ അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടാല്‍ അവന്‍റെ പിരടിയില്‍ ഞാന്‍ ചവിട്ടുകതന്നെ ചെയ്യുന്നതാണ്. അല്ലെങ്കില്‍ അവന്‍റെ മുഖത്തെ ഞാന്‍ മണ്ണില്‍ പൂഴ്ത്തുന്നതാണ്.’ (അബൂഹുറയ്റ(റ) പറഞ്ഞു:) ‘അങ്ങനെ അവന്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ നമസ്കരിച്ചുകൊണ്ടിരിക്കെ (നബി ﷺ യുടെ അടുത്തേക്ക്) ചെന്നു. (അങ്ങനെ) അവിടുത്തെ പിരടിയില്‍ ചവിട്ടാനായി അവന്‍ മുന്നോട്ട് വന്നു. അപ്പോള്‍ അവന്‍ അവന്‍റെ ഇരു കാലുകളും പിന്നോട്ട് വലിച്ചതും അവന്‍റെ ഇരു കൈകള്‍കൊണ്ടും (രക്ഷപ്പെടാന്‍ വേണ്ടി) സൂക്ഷിക്കുന്നതുമല്ലാതെ അവനില്‍ നിന്ന് അവരെ അമ്പരപ്പിച്ചില്ല.’ (അബൂഹുറയ്റ(റ) പറഞ്ഞു: അപ്പോള്‍ അവനോട് പറയപ്പെട്ടു: ‘എന്തുപറ്റി?’ അവന്‍ പറഞ്ഞു: ‘എനിക്കും അവനും (നബിക്കും) ഇടയില്‍ തീയാലുള്ള ഒരു കിടങ്ങും ഭയാനകരൂപങ്ങളും ചിറകുകളും (ഞാന്‍ കണ്ടു).’ അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: ‘അവന്‍ എന്നോട് (അതിനായി) അടുത്തിരുന്നുവെങ്കില്‍ മലക്കുകള്‍ അവനെ കഷ്ണം കഷ്ണമായി റാഞ്ചിക്കൊണ്ടു പോകുക തന്നെ ചെയ്യുമായിരുന്നു.’ (അബൂഹുറയ്റ(റ) പറഞ്ഞു:) അപ്പോള്‍ അല്ലാഹു, “നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു; തന്നെ സ്വയംപര്യാപ്തനായി കണ്ടതിനാല്‍. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം. വിലക്കുന്നവനെ നീ കണ്ടുവോ? ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍. അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍, (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? അഥവാ അദ്ദേഹം സൂക്ഷ്മത കൈക്കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍. അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചുതള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? (അബൂജ്ഹല്‍ ആണ് ഉദ്ദേശിക്കപ്പെടുന്നത്)  അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്? നിസ്സംശയം,; അവന്‍ വിരമിച്ചിട്ടില്ലെങ്കില്‍ നാം ആ കുടുമ പിടിച്ചു വലിക്കുകതന്നെ ചെയ്യും. കള്ളം പറയുന്ന, പാപം ചെയ്യുന്ന കുടുമ. എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ. നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം. നിസ്സംശയം; നീ അവനെ അനുസരിച്ചുപോകരുത്, നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക” (അല്‍അലക്വ് 6-19) എന്ന വചനങ്ങള്‍ ഇറക്കി” (മുസ്ലിം).

അബൂജഹ്ല്‍ മക്കക്കാരോട് ചോദിച്ചത് കണ്ടില്ലേ? ‘മുഹമ്മദ് അവന്‍റെ മുഖത്തെ നിങ്ങളുടെ മുന്നില്‍ വെച്ച് നിലത്ത് കുത്താറുണ്ടോ’ എന്ന്! സുജൂദ് ചെയ്യുക എന്ന മഹത്തായ ആരാധനാകര്‍മത്തെയാണ് അവന്‍ പരിഹസിച്ചത്. അബൂജഹ്ലിന്‍റെ ചോദ്യം കേട്ടവരില്‍നിന്ന് ‘അതെ’ എന്ന ഉത്തരവും വന്നു. അപ്പോള്‍ ശപിക്കപ്പെട്ട അവന്‍ പറഞ്ഞത് ഇനി അപ്രകാരം ചെയ്യുന്നത് ഞാന്‍ കണ്ടാല്‍ അവന്‍റെ പിരടിയില്‍ ഞാന്‍ ചവിട്ടും, അല്ലെങ്കില്‍ അവന്‍റെ മുഖത്തെ ഞാന്‍ മണ്ണില്‍ പൂഴ്ത്തിക്കളയും’ എന്നാണ്. ആ വീരവാദം നടപ്പിലാക്കാനായി അവന്‍ നബി ﷺ നമസ്കാരത്തിലായിരിക്കെ നബിയുടെ അടുത്തേക്ക് ചെന്നു. ആ സന്ദര്‍ഭത്തില്‍ അവന്‍ ഒരു ഭീകരമായ രംഗം കാണുകയുണ്ടായി. അതായത്, അഗ്നിയാലുള്ള ഒരു വന്‍ കിടങ്ങും ഭീകരരൂപങ്ങളും ചിറകുകളും! അത് കണ്ടതും അവന്‍ പുറകോട്ട് മാറി. അതിനെ തടുക്കുവാന്‍ കൈകൊണ്ട് അവന്‍ ശ്രമിക്കുന്നുമുണ്ട്. അവന്‍ കണ്ട കാഴ്ചകള്‍ മറ്റുള്ളവര്‍ കാണുന്നില്ലായിരുന്നു. അതിനാല്‍തന്നെ എല്ലാവര്‍ക്കും അബൂജഹ്ലിന്‍റെ ഈ പുറകോട്ട് വലിയല്‍ കണ്ട് ഉത്കണ്ഠയും ആശ്ചര്യവും ഉണ്ടായി.

‘അവന്‍ എന്നെ ചവിട്ടാനായി എന്‍റെ അടുത്തേക്ക് വന്നിരുന്നെങ്കില്‍ അല്ലാഹുവിന്‍റെ മലക്കുകള്‍ അവനെ കഷ്ണം കഷ്ണമായി റാഞ്ചിയെടുക്കുമായിരുന്നു’ എന്ന് നമസ്കാര ശേഷം അതിനെ സംബന്ധിച്ച് നബി ﷺ പറയുകയുണ്ടായി. നബി ﷺ യെ ദ്രോഹിക്കാന്‍ വെമ്പല്‍കൊണ്ട അബൂജഹ്ലില്‍നിന്നും അല്ലാഹു നബി ﷺ ക്ക് പ്രത്യേകമായ ഒരു സംരക്ഷണം നല്‍കുന്നതാണ് നാം ഇതിലൂടെ കണ്ടത്.

ഇതുപോലെ, മറ്റൊരിക്കല്‍ മക്വാമു ഇബ്റാഹീമില്‍വെച്ച് നബി ﷺ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സംഭവമുണ്ടായി:

ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “നബി ﷺ നമസ്കരിക്കുകയായിരുന്നു. അപ്പോള്‍ അബൂജഹ്ല്‍ (അവിടെ) വന്നു. എന്നിട്ട് അവന്‍ (നബി ﷺ യോട്) ചോദിച്ചു: ‘നിന്നെ ഇതില്‍നിന്ന് ആരും വിലക്കിയില്ലേ? നിന്നെ ഇതില്‍ നിന്ന് ആരും വിലക്കിയില്ലേ? നിന്നെ ഇതില്‍ നിന്ന് ആരും വിലക്കിയില്ലേ?’ അങ്ങനെ നബി ﷺ (നമസ്കാരത്തില്‍ നിന്ന്) പിരിഞ്ഞു. എന്നിട്ട് അവനെ (ധീരതയോടെ) തടഞ്ഞു. അപ്പോള്‍ അബൂജഹ്ല്‍ ചോദിച്ചു: ‘ഇവിടെവെച്ച് വിളിച്ചാല്‍ ഏറ്റവും കൂടുതല്‍ (ജനശക്തി എനിക്കാണുള്ളത് എന്ന്) തീര്‍ച്ചയായും നിനക്ക് അറിയാമല്ലോ.’ അപ്പോള്‍ അല്ലാഹു “എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ. നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം” (എന്ന സൂക്തം) ഇറക്കി. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, അവന്‍ അവന്‍റെ ആളുകളെ വിളിച്ചിരുന്നുവെങ്കില്‍ അല്ലാഹുവിന്‍റെ സബാനിയത്ത് അവനെ പിടിക്കുക തന്നെ ചെയ്യുമായിരുന്നു” (തിര്‍മിദി).

പരസ്യപ്രബോധന കാലത്തിന്‍റെ തുടക്കത്തില്‍തന്നെ ശത്രുക്കളില്‍നിന്ന് നബി ﷺ ക്ക് നേരിടേണ്ടി വന്ന ചില പീഡനങ്ങളെക്കുറിച്ചാണ് നാം മനസ്സിലാക്കിയത്.

ഉര്‍വതുബ്നു സുബയ്റി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അംറുബ്നുല്‍ ആസ്വിനോട് പറഞ്ഞു: മുശ്രിക്കുകള്‍ നബി ﷺ യെക്കൊണ്ട് ചെയ്തതില്‍ ഏറ്റവും കഠിനമായത് (എന്താണെന്ന്) എനിക്ക് അറിയിച്ച് തരൂ.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഒരിക്കല്‍ കഅ്ബയുടെ മുറ്റത്ത് നമസ്കരിക്കുന്നതിനിടയില്‍ ഉക്വ്ബതുബ്നു അബീമുഅയ്ത്വ് അവിടേക്ക് മുന്നിട്ടുവന്നു. എന്നിട്ട് അവന്‍ റസൂലിന്‍റെ ﷺ ചുമലില്‍ പിടിച്ചു. (എന്നിട്ട്) അവന്‍ അവന്‍റെ വസ്ത്രം (നബി ﷺ യുടെ) കഴുത്തില്‍ ചുറ്റി. എന്നിട്ട് അതുകൊണ്ട് ശക്തിയായി ഒരു വലിക്കല്‍ വലിച്ചു. അപ്പോള്‍ അബൂബക്ര്‍ (അവിടേക്ക്) വന്നു. അപ്പോള്‍ അദ്ദേഹം അവന്‍റെ ചുമല ില്‍ പിടിക്കുകയും അല്ലാഹുവിന്‍റെ റസൂലില്‍നിന്ന് അവനെ തള്ളിമാറ്റുകയും ചെയ്തു. അദ്ദേഹം “എന്‍റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ?” (ഗാഫിര്‍ 28) എന്ന് പറയുകയും (ചെയ്തു)” (ബുഖാരി).

അല്ലാഹുവിന്‍റെ റസൂല്‍ ﷺ നമസ്കരിക്കുന്ന സമയത്ത് അദ്ദേഹത്തെ ശ്വാസംമുട്ടിച്ച് കൊല്ലുവാനാണ് ആ ദുഷ്ടനായ മനുഷ്യന്‍ ശ്രമിച്ചത്. ആ സന്ദര്‍ഭത്തില്‍ അബൂബക്ര്‍(റ) അവിടെ എത്തുകയും നബി ﷺ യെ അവനില്‍നിന്ന് രക്ഷിക്കുകയും ചെയ്തു.

ദിനംപ്രതി മര്‍ദനം വര്‍ധിക്കാന്‍ തുടങ്ങി. അവസാനം ലോകത്തിന് കാരുണ്യമായി അല്ലാഹു അയച്ച ആ പ്രവാചകന്‍ അവര്‍ക്കെതിരില്‍ പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു.

ക്വുറയ്ശികള്‍ തന്നോട് അങ്ങേയറ്റത്തെ അനുസരണക്കേട് കാണിക്കുന്നത് നബി ﷺ കണ്ടു. അങ്ങനെ അവിടുന്ന് പ്രാര്‍ഥിച്ചു: “യൂസുഫിന്‍റെ (നാട്ടിലെ) ഏഴു കൊല്ലത്തെ പോലെ ഒരു ഏഴുകൊണ്ട് അവരുടെ മേലും (ചെയ്ത്) നീ എന്നെ സഹായിക്കേണമേ.” അങ്ങനെ അവരുടെ എല്ലാതും നീങ്ങിപ്പോകുന്നതുവരെ അവരെ വരള്‍ച്ച പിടികൂടി. അവര്‍ എല്ലുകളും തോലുകളും ഭക്ഷിക്കുന്നതുവരെ (ആയിത്തീര്‍ന്നു). അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: ‘അവര്‍ (ജനങ്ങള്‍) തോലുകളും ശവങ്ങളും തിന്നുന്നവര്‍ വരെ (ആയിരിക്കുന്നു). ഭൂമിയില്‍നിന്ന് പുകപോലെ എന്തോ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു.’ അങ്ങനെ അബൂസുഫ്യാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: ‘ഓ… മുഹമ്മദ്, തീര്‍ച്ചയായും നിന്‍റെ ജനത നശിച്ചിരിക്കുന്നു. അതിനാല്‍ അവരില്‍നിന്ന് (ഈ കെടുതി) നീങ്ങാന്‍ നീ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.’ അങ്ങനെ നബി ﷺ പ്രാര്‍ഥിച്ചു. ഇതിനുശേഷം നിങ്ങള്‍ മടങ്ങുമോ (എന്ന്) പിന്നീട് ചോദിച്ചു. പിന്നീട് (അദ്ദേഹം) ഓതി: “അതിനാല്‍ ആകാശം, തെളിഞ്ഞുകാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക. മനുഷ്യരെ അത് പൊതിയുന്നതാണ്. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം. എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞുകളയുകയാണ് ചെയ്തത്. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു. തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്) മടങ്ങുക തന്നെ ചെയ്യുമല്ലോ” (ദുഖാന്‍ 10-15), (ബുഖാരി).

സ്വൈര്യമായി ജനങ്ങളോട് സത്യംപറയാന്‍ സാധിക്കാത്ത സാഹചര്യം, പരിശുദ്ധ കഅ്ബയുടെ പരിസരത്ത് നമസ്കരിക്കാന്‍ പറ്റാത്ത അവസ്ഥ! ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങള്‍. ഇങ്ങനെ വല്ലാത്ത പ്രയാസത്തിലായപ്പോള്‍ നബി ﷺ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു; യൂസുഫ് നബി(അ)യുടെ കാലത്ത് ഏഴുകൊല്ലം തുടര്‍ച്ചയായി ക്ഷാമവും വരള്‍ച്ചയും ഉണ്ടായതുപോലെ ഇവരിലും ഉണ്ടാകാന്‍. അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു. കടുത്ത പട്ടിണിയും വരള്‍ച്ചയും അവരെ ബാധിച്ചു. അവസാനം ശവവും എല്ലുകളും മൃഗത്തിന്‍റെ തൊലിയുമൊക്കെ തിന്നേണ്ട ദുര്‍ഗതി അവര്‍ക്കുണ്ടായി. എത്രത്തോളമെന്നാല്‍ ചെരുപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് അതുപോലും കഴിക്കേണ്ടുന്ന ദുരവസ്ഥ! നബി ﷺ യെ ഉപദ്രവിച്ചവര്‍ക്ക് അല്ലാഹു അക്കാലത്തുതന്നെ ശിക്ഷ നല്‍കുന്നതാണ് നാം കണ്ടത്. അവസാനം അബൂസുഫ്യാന്‍ നബി ﷺ യെ സമീപിച്ചു. എന്നിട്ട് പറഞ്ഞു: ‘മുഹമ്മദ്, അല്ലാഹുവിനെ അനുസരിക്കണമെന്നും കുടുംബബന്ധം ചേര്‍ക്കണമെന്നുമാണല്ലോ നീ കല്‍പിക്കുന്നത്? ഇപ്പോള്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവര്‍ അടക്കം നശിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും.’

അബൂസുഫ്യാന്‍ അന്ന് മുശ്രിക്കായിരുന്നു. മുശ്രിക്കുകള്‍ക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു എന്നത് ഈ ഭാഗം വായിക്കുന്നവര്‍ക്ക് വ്യക്തമാകാതിരിക്കില്ല. നബി ﷺ വിശ്വസിക്കുന്ന അല്ലാഹുവില്‍ തന്നെയാണ് അവരും വിശ്വസിച്ചിരുന്നത്. അബൂസുഫ്യാന്‍ ഏതൊരു അല്ലാഹുവിനോടാണോ പ്രാര്‍ഥിക്കാനായി നബി ﷺ യോട് ആവശ്യപ്പെട്ടത്; അതേ അല്ലാഹുവിനോടായിരുന്നു നബി ﷺ പ്രാര്‍ഥിച്ചതും.

ലോകത്തിന് കാരുണ്യമായി അയക്കപ്പെട്ട പ്രവാചകന്‍റെ മനസ്സ് വേദനിച്ചു, അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. നമസ്കാരത്തില്‍ തന്‍റെ മേല്‍ ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്‍റെ കുടല്‍മാലകള്‍ ചാര്‍ത്തിയ, ശപിക്കപ്പെട്ടവനെന്നും കള്ളനെന്നും മാരണക്കാരനെന്നും വിളിച്ച് ആക്ഷേപിച്ച, തന്നെ ഏതെല്ലാം മാര്‍ഗത്തിലൂടെ ദ്രോഹിക്കാന്‍ പറ്റുമോ ആ മാര്‍ഗമെല്ലാം സ്വീകരിച്ച് ദ്രോഹിച്ച ആളുകളുടെ എല്ലാ ദ്രോഹങ്ങളും മറന്ന് ആ ജനതക്കായി നബി ﷺ പ്രാര്‍ഥിച്ചു.

നബി ﷺ യോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുക മാത്രമല്ല അവര്‍ ചെയ്തത്. ഈ വറുതിയും ക്ഷാമവും നീങ്ങിയാല്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയും ചെയ്യാം എന്നും അവര്‍ നബി ﷺ യോട് പറഞ്ഞിരുന്നു. ഇത് കേട്ടപ്പോള്‍ നബി ﷺ ക്ക് അങ്ങേയറ്റത്തെ സന്തോഷമായി. നരകവഴിയില്‍നിന്ന് സ്വര്‍ഗവഴിയിലേക്ക് തങ്ങള്‍ മടങ്ങാന്‍ തയ്യാറാണ് എന്നു ജനങ്ങള്‍ പറഞ്ഞാല്‍ കാരുണ്യത്തിന്‍റെ ദൂതന്‍ എങ്ങനെ സന്തോഷിക്കാതിരിക്കും. നബി ﷺ യുടെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുകയും അവരുടെ ക്ഷാമം മാറുകയും ചെയ്തു. എന്നാല്‍ മുശ്രിക്കുകള്‍ അവരുടെ പഴയ വഴിയില്‍ത്തന്നെ നിലയുറപ്പിച്ചു. അവര്‍ മാറാന്‍ കൂട്ടാക്കിയില്ല!

ആരോപണങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും അവര്‍ നബിയെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. നബി ﷺ ഇരുന്നാല്‍ ചുറ്റും അവിടുത്തെ അനുചരന്മാരിലെ ദുര്‍ബലരുണ്ടാകുമായിരുന്നു. (അപ്പോള്‍ മുശ്രിക്കുകള്‍) അവരെ കളിയാക്കിക്കൊണ്ട് പറയും; ഈ ഇരിക്കുന്നവരാണോ നമ്മുടെ ഇടയില്‍ നിന്ന് അല്ലാഹു അനുഗ്രഹിച്ചവര്‍?

നബി ﷺ യുടെ കൂടെ അമ്മാര്‍(റ), ബിലാല്‍(റ), ഖബ്ബാബ്(റ), സ്വുഹയ്ബ്(റ) പോലെയുള്ള പാവങ്ങളും ദുര്‍ബലരുമായിരുന്നു ആദ്യനാളുകളില്‍ കൂടുതലും ഉണ്ടായിരുന്നത്. അവരോടൊത്ത് അവിടുന്ന് ഇരിക്കുന്നത് കാണുമ്പോള്‍ ശത്രുക്കള്‍ നന്നായി പരിഹസിക്കും. അല്ലാഹുവിന്‍റെ റസൂലാണ് ഞാന്‍ എന്ന് നബി ﷺ പറയുന്നതുതന്നെ അവര്‍ പരിഹാസത്തോടെയാണ് കണ്ടിരുന്നത്. അവരുടെ ചില ചോദ്യങ്ങള്‍ നോക്കൂ:

“ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത് അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു” (അല്‍ഇസ്റാഅ് 94).

പണ്ട് ‘അല്‍അമീന്‍’ എന്ന് വിളിച്ചവര്‍, തര്‍ക്കങ്ങളില്‍ മധ്യസ്ഥനായി സ്വീകരിച്ചവര്‍, നീ സത്യമേ പറയൂ എന്ന് പറഞ്ഞവര്‍… സത്യം ജനങ്ങളോട് പറഞ്ഞപ്പോള്‍ ശത്രുവായി, കണ്ടുകൂടാത്തവനായി, കുഴപ്പക്കാരനായി. ഇവനാണോ അല്ലാഹുവിന്‍റെ റസൂല്‍, ഇവന്‍ മനുഷ്യനല്ലേ, മനുഷ്യന്‍ എങ്ങനെ റസൂലാകും എന്നിങ്ങനെ പരിഹാസത്തോടും നിഷേധത്തോടും അവര്‍ ചോദിച്ചു.

“ഇയാളുടെ (നബി ﷺ യുടെ) മേല്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ്എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല. ഇനി നാം ഒരു മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍തന്നെ ആ മലക്കിനെയും നാം പുരുഷരൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്” (അല്‍അന്‍ആം 9).

മലക്കിനെയാണ് അവരിലേക്ക് റസൂലായി അല്ലാഹു അയക്കേണ്ടതെന്നും മനുഷ്യനെ അതിന് പറ്റില്ലെന്നുമാണ് അവര്‍ ധരിച്ചത്. തങ്ങള്‍ക്ക് വിശ്വസിക്കാനായി ഈ നബിയുടെ മേല്‍ സഹായിയായി ഒരു മലക്കിനെ എന്തുകൊണ്ട് അയച്ചുകൂടാ എന്നെല്ലാം അവര്‍ ചോദിക്കുന്നത് ഇത് കാരണത്താലാകാം. എന്നാല്‍ അല്ലാഹു അതിന് മറുപടി നല്‍കി. മലക്കുകളെ നാം അയക്കുന്ന സമയം ശിക്ഷയുടെ സമയമാകുമെന്നും, പിന്നീട് യാതൊരു സഹായവും ലഭിക്കില്ലെന്നും അല്ലാഹു അറിയിച്ചു. മാത്രവുമല്ല, റസൂലായി ഒരു മലക്കിനെയാണ് മനുഷ്യരിലേക്ക് അയക്കുന്നതെങ്കില്‍ മനുഷ്യനായിട്ട് തന്നെയാണ് അല്ലാഹു അയക്കുക. കാരണം, മനുഷ്യരിലേക്കാണല്ലോ റസൂലിനെ അയക്കുന്നത്. അപ്പോള്‍ മനുഷ്യപ്രകൃതിയുള്ള ആളുതന്നെയാകണം അവരുടെ പ്രവാചകന്‍. അതുപോലെ മലക്കിനെ സാക്ഷാല്‍ രൂപത്തില്‍ മനുഷ്യന് കാണാനും സാധ്യമല്ലല്ലോ. മനുഷ്യരൂപത്തില്‍ വന്നാല്‍ മാത്രമെ മനുഷ്യര്‍ക്ക് മലക്കിനെ കാണാന്‍ സാധിക്കുകയുള്ളൂ. അപ്പോഴും ഇവര്‍ ആശയക്കുഴപ്പത്തില്‍ തന്നെയാകും ഉണ്ടാകുക. (തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

02: ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

(ഭാഗം: 2)

മാതാവൊത്ത സഹോദര സഹോദരിമാര്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തുല്യമായി അനന്തരമെടുക്കുന്ന രൂപം കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. ഇനി രണ്ടാമത്തെ രൂപം പരിചയപ്പെടാം:

നോക്കൂ, സഹോദരിയും സഹോദരനും ഒന്നിച്ചുവന്നപ്പോഴും അവര്‍ക്കിടയില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ അനന്തരസ്വത്ത് ഭാഗംവെക്കപ്പെടും.

മാതാവൊത്ത സഹോദര, സഹോദരിമാരുടെ അവകാശത്തില്‍ മാതാവും പിതാവുമൊത്ത സഹോദരങ്ങള്‍ യാതൊരു വ്യത്യാസവുമില്ലാതെ അനന്തരമെടുക്കുന്ന അവസ്ഥയും ഉണ്ട്. നമുക്ക് പരിചയപ്പെടാം:

മരിച്ച വ്യക്തിക്ക് അവകാശികളായുള്ളത് ഭര്‍ത്താവും മാതാവും മാതാവൊത്ത രണ്ടോ അതിലധികമോ സഹോദരിമാരും മാതാവും പിതാവുമൊത്ത ഒരു സഹോദരനുമാണെന്ന് കരുതുക. എങ്കില്‍ ഭര്‍ത്താവിന് സ്വത്തിന്‍റെ പകുതി, മാതാവിന് ആറില്‍ ഒന്ന്, മാതാവൊത്ത സഹോദരിമാര്‍ക്ക് മൂന്നിലൊന്ന്, മാതാവും പിതാവുമൊത്ത സഹോദരന് ബാക്കിയുള്ളത് എന്നിങ്ങനെയാണ് നല്‍കേണ്ടത്. അതിന്‍റെ അടിസ്ഥാനത്തില്‍ സ്വത്തിനെ ആറ് ഓഹരിയാക്കി ഭര്‍ത്താവിന് മൂന്ന് ഓഹരിയും മാതാവിന് ഒരു ഓഹരിയും മാതാവൊത്ത സഹോദരിമാര്‍ക്ക് രണ്ട് ഓഹരിയും നല്‍കും. ഇവിടെ മാതാവും പിതാവുമൊത്ത സഹോദരന് അവകാശമായി ഒന്നും ലഭിക്കാതെ വരുന്നു. വിമര്‍ശകര്‍ പറയുന്നതുപോലെയാണ് കാര്യമെങ്കില്‍ സഹോദരന്‍മാര്‍ക്ക് ഇരട്ടിയും സഹോദരിമാര്‍ക്ക് പകുതിയുമാണ് നല്‍കേണ്ടിയിരുന്നത്.

മൊത്തത്തില്‍ സഹോദരന്മാരുടെ ഗണത്തില്‍ പെടുത്തി നല്‍കുന്ന രൂപംകൂടി മനസ്സിലാക്കാം:

വിമര്‍ശകര്‍ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടെന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.

അനന്തരാവകാശിയായി ഒരാള്‍ മാത്രമാകുന്ന അവസ്ഥ:

അവിടെയും ആണ്‍, പെണ്‍ വ്യത്യാസമില്ല. സ്വത്ത് മുഴുവന്‍ ആ അനന്തരാവകാശിക്കായിരിക്കും.

അതിന് ഏതാനും ചില ഉദാഹരണങ്ങള്‍ കാണുക:

1. പരേതന് പിതാവ് മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി അദ്ദേഹത്തിന് ലഭിക്കും.

2. പരേതന് മാതാവ് മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ മൂന്നിലൊന്ന് നിശ്ചിതോഹരിക്കാരിയായും ബാക്കി മൂന്നിലൊന്ന് മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) മാതാവിന് ലഭിക്കും.

3. പരേതന് ഒരു മകന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ അവന് ശിഷ്ടമോഹരിയായി ലഭിക്കും.

4. പരേതന് ഒരു മകള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ പകുതി നിശ്ചിതോഹരിക്കാരിയായും ബാക്കി പകുതി മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) അവള്‍ക്ക് ലഭിക്കും.

5. പരേതന് ഒരു സഹോദരന്‍ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി സഹോദരന് ലഭിക്കും.

6. പരേതന് ഒരു സഹോദരി (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ പകുതി നിശ്ചിതോഹരിക്കാരിയായും ബാക്കി പകുതി മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) സഹോദരിക്ക് ലഭിക്കും.

7. പരേതന് ഒരു പിതൃവ്യന്‍ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി അദ്ദേഹത്തിന് ലഭിക്കും.

8. പരേതന് ഒരു പിതൃവ്യ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ‘ബന്ധുക്കള്‍’ (ദവുല്‍അര്‍ഹാം) എന്ന നിലയ്ക്ക് അവര്‍ക്ക് ലഭിക്കും.

ഇത്തരത്തിലുള്ള ധാരാളം അവസ്ഥകള്‍ ഇസ്ലാമിക അനന്തരവകാശ നിയമത്തില്‍ കാണാന്‍ സാധിക്കും. മേല്‍പറഞ്ഞതില്‍ പരിമിതപ്പെടുന്നില്ല എന്നതാണ് വാസ്തവം.

ഇതേ ഇനത്തില്‍ പെടുന്ന മറ്റു ചില അവസ്ഥകള്‍ കൂടി പരിചയപ്പെടാം:

ഒരാള്‍ക്ക് അനന്തരാവകാശികളായുള്ളത് ഭാര്യയും ആണ്‍മക്കളുമാണെങ്കില്‍ ഭാര്യക്ക് എട്ടിലൊന്നും ബാക്കി ആണ്‍മക്കള്‍ക്കുമായിരിക്കും. ആണ്‍മക്കള്‍ക്ക് പകരം പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ പെണ്‍മക്കള്‍ക്ക് സ്വത്തിന്‍റെ മൂന്നില്‍ രണ്ടും ബാക്കി മടക്കസ്വത്തായും (റദ്ദ്) ലഭിക്കും.

ഭാര്യക്ക് പകരം ഭര്‍ത്താവാണെങ്കില്‍ ഭര്‍ത്താവിന് നാലിലൊന്നും ബാക്കി മുകളില്‍ പറഞ്ഞതുപോലെയും ആയിരിക്കും.

ഇവിടെയും സ്വത്തിന്‍റെ ലഭ്യതയില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാത്ത അവസ്ഥയാണുള്ളത്. ഇത്തരത്തിലുള്ള ഒരു ഉദാഹരണം കൂടി കാണാം:

മുകളില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ ഇത്തരം അവസ്ഥകളും ഈ ഉദാഹരണങ്ങളില്‍ പരിമിതപ്പെടുന്നതല്ല. ഇനി സഹോദര, സഹോദരിമാര്‍ക്കിടയില്‍ ഒരുപോലെ സ്വത്ത് ലഭിക്കുന്ന മറ്റുചില അവസ്ഥകള്‍ കൂടി പരിചയപ്പെടാം:

മറ്റൊരു ഉദാഹരണം:

മാതാവൊത്ത സഹോദരിയും മാതാവും പിതാവുമൊത്ത സഹോദരനും സ്വത്ത് തുല്യമായെടുക്കുന്ന സന്ദര്‍ഭം കാണുക:

(അവസാനിച്ചില്ല)


ശബീബ് സ്വലാഹി
നേർപഥം വാരിക

ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ഇസ്ലാം വിമര്‍ശകരുടെ ഏറ്റവും വലിയ പ്രചാരണായുധങ്ങളില്‍ ഒന്നാണ് സ്ത്രീകളുടെ അനന്തരാവകാശ സ്വത്തുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍. ഗഹനമായ പഠനത്തിന്‍റെയൊ മനനത്തിന്‍റെയൊ അടിസ്ഥാനത്തിലല്ല ഈ വിമര്‍ശനങ്ങളൊന്നും തന്നെ എന്നത് അവരുടെ വാദങ്ങളെ വിശകലനം ചെയ്താല്‍ ബോധ്യമാവും. ഇസ്ലാമിന്‍റെ അനന്തരാവകാശ നിയമങ്ങളെ കുറിച്ച മൗലികമായ പഠനം.

ഇസ്ലാം ലോകരക്ഷിതാവായ അല്ലാഹുവില്‍നിന്നുള്ള മതമാണ്. അതുകൊണ്ടുതന്നെ ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന വിധിവിലക്കുകളെല്ലാം അന്യൂനവും സമ്പൂര്‍ണവുമാണ്. ഇസ്ലാമിനെയും അതിന്‍റെ വിധിവിലക്കുകളെയും ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും കടന്നുവന്നവരെല്ലാം അതിന്‍റെ ദൈവികതയുടെ മുന്നില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് എക്കാലത്തും കണ്ടിട്ടുള്ളത്. വിമര്‍ശകരുടെ ജല്‍പനങ്ങള്‍ക്ക് മുന്നില്‍ ഇസ്ലാം എന്നും പ്രശോഭിതമാവുക മാത്രമാണ് ചെയ്തിട്ടുള്ളത്. അത് അപ്രകാരം ഇനിയും തുടരുകയും ചെയ്യും.

“അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണുദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു”(ക്വുര്‍ആന്‍ 61:8).

അത്തരം വിമര്‍ശനങ്ങളിലുള്‍പെടുന്ന ഒന്നാണ് ഇസ്ലാമിലെ അനന്തരവകാശ നിയമങ്ങളുമായി ബന്ധപ്പെട്ടത്; പ്രത്യേകിച്ചും സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍.  ഇസ്ലാമിനെതിരില്‍ ഉന്നയിക്കപ്പെടാറുള്ള മറ്റു വിമര്‍ശനങ്ങളെ പോലെത്തന്നെ കഴമ്പില്ലാത്ത വിമര്‍ശനം മാത്രമാണിതെന്ന്  പ്രസ്തുത വിഷയം വസ്തുനിഷ്ഠമായി പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്.

എന്നാല്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിശ്വസിച്ച്, ഇസ്ലാമിനെ തെറ്റുധരിച്ച പലരെയും നമുക്ക് കാണാന്‍ സാധിക്കും. ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന പരിഗണനയെ  മനസ്സിലാക്കാതെ തെറ്റുധാരണകളില്‍ അകപ്പെട്ടവരും ബോധപൂര്‍വം ആശയക്കുഴപ്പങ്ങള്‍ പടച്ചുവിടുന്നവരും സമൂഹത്തിലുണ്ടെന്നത് ഒരു യാഥാര്‍ഥ്യവുമാണ്.

സ്ത്രീക്ക് പുരുഷന്‍റെ പകുതി അനന്തരസ്വത്ത് മാത്രമാണ് ഇസ്ലാം നല്‍കുന്നത് എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. ഇസ്ലാമിക അനന്തരാവകാശ നിയമത്തില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ക്കിടയിലെ ഏറ്റവ്യത്യാസത്തിന്‍റെ മാനദണ്ഡം സ്ത്രീ പുരുഷ വേര്‍തിരിവല്ല എന്നതാണ് വസ്തുത. അനന്തരാവകാശത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീയുടെയും പുരുഷന്‍റെയും ഓഹരികള്‍ക്കിടയില്‍ വരുന്ന ഏറ്റവ്യത്യാസത്തെ സ്ത്രീകള്‍ക്കുള്ള പരിഗണനക്കുറവായി കാണുകയാണ് ചിലര്‍ ചെയ്യുന്നത്. ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ആത്മാര്‍ഥമായി പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും അനന്തരവകാശത്തിലെ വേര്‍തിരിവിന്‍റെ അടിസ്ഥാന പാഠങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഇസ്ലാമില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ പ്രധാനമായും മൂന്ന് മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിഭജിച്ചിരിക്കുന്നത്. അവ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം:

ഒന്ന്) മരണപ്പെട്ട വ്യക്തിക്കും അനന്തരാവകാശികള്‍ക്കുമിടയിലെ ബന്ധത്തിന്‍റെ അടുപ്പം.

രണ്ട്) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം.

മൂന്ന്) ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും.

ഇനി ഇവ ഓരോന്നും സംക്ഷിപ്തമായി നമുക്ക് മനസ്സിലാക്കാം:

ഒന്ന്) മരണപ്പെട്ട വ്യക്തിക്കും അനന്തരാവകാശികള്‍ക്കുമിടയിലെ ബന്ധത്തിന്‍റെ അടുപ്പം:

ഈ തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തരവകാശികള്‍ക്കിടയിലുള്ള ബന്ധത്തിന്‍റെ അടുപ്പം വര്‍ധിക്കുന്നതിനനുസരിച്ച്  അവര്‍ക്കിടയിലെ ഓഹരിയിലും വര്‍ധനവുണ്ടാവും. അപ്രകാരം ബന്ധം അകലുന്നതിനനുസൃതമായി ഓഹരിയില്‍ കുറവും സംഭവിക്കും. അനന്തരാവകാശികള്‍ക്കിടയിലെ ലിംഗവ്യത്യാസം ഇവിടെ പരിഗണിക്കപ്പെടുകയില്ല. അതിനൊരു ഉദാഹരണം കാണുക: ഒരാള്‍ മരണപ്പെട്ടു. ഉമ്മയും ഉപ്പയുമൊത്ത രണ്ട് സഹോദരികളും ഉപ്പയൊത്ത രണ്ട് സഹോദരന്മാരുമാണ് അയാള്‍ക്കുള്ള അനന്തരവകാശികള്‍. അദ്ദേഹത്തിന്‍റെ സ്വത്ത് മൊത്തം ആറായി ഭാഗിച്ച് രണ്ട് ഓഹരികള്‍ വീതം സഹോദരിമാര്‍ക്കും ഓരോ ഓഹരി വീതം സഹോദരന്മാര്‍ക്കും  നല്‍കപ്പെടും. ആറ് ഓഹരിയില്‍ നാല് ഓഹരി സഹോദരിമാര്‍ക്കും രണ്ട് ഓഹരി സഹോദരന്മാര്‍ക്കുമെന്ന് ചുരുക്കം.

ഇവിടെ സ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി മാത്രമാണ് പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നത്. അതിനുള്ള കാരണം മരണപ്പെട്ട വ്യക്തിയിലേക്ക് ഉമ്മയിലൂടെയും ഉപ്പയിലൂടെയും സഹോദരിമാരുടെ ബന്ധം സ്ഥാപിക്കപ്പെടുമ്പോള്‍ ഉപ്പയിലൂടെ മാത്രമാണ് സഹോദരന്‍മാരുടെ ബന്ധം സ്ഥാപിക്കപ്പെടുന്നത്. വിമര്‍കര്‍ ഉന്നയിക്കുന്നതുപോലെയാണ് കാര്യമെങ്കില്‍ ആറ് ഓഹരിയില്‍ നാല് ഓഹരി സഹോദരന്മാര്‍ക്കും രണ്ട് ഓഹരി മാത്രം സഹോദരിമാര്‍ക്കും നല്‍കപ്പെടുമായിരുന്നു. ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.

രണ്ട്) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം അടിസ്ഥാനപ്പെടുത്തി:

സ്വാഭാവികമായും ജീവിതത്തിലേക്ക് കാലെടുത്തുവച്ചിട്ടുള്ള, ജീവിതഭാരങ്ങള്‍ വഹിക്കേണ്ടതായി വരുന്ന പുതുതലമുറയുടെ ഓഹരികള്‍ മുതിര്‍ന്ന തലമുറയുടേതിനെക്കാള്‍ കൂടുതലായിരിക്കും. ഇവിടെയും അനന്തരാവകാശികള്‍ക്കിടയിലെ സ്ത്രീപുരുഷ വ്യത്യാസമല്ല പരിഗണിക്കുന്നത്. ഉദാഹരണം കാണുക: ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ക്ക്  അനന്തരാവകാശികളായുള്ളത് പിതാവും ഒരു മകനുമാണെന്ന് കരുതുക. അയാളുടെ സ്വത്ത് മൊത്തം ആറ് ഓഹരിയായി തിരിച്ച് അതില്‍ ഒരു ഓഹരി പിതാവിനും ബാക്കിയുള്ള അഞ്ച് ഓഹരി ആ മകനുമാണ്.

പിതാവും മകനും പുരുഷന്മാരാണെന്നത് അവര്‍ക്കിടയില്‍ സ്വത്ത് തുല്യമായി വീതിക്കപ്പെടാന്‍ കാരണമായില്ല. ചിന്തിക്കുന്ന ഏതൊരാള്‍ക്കും  ഇതിന്‍റെ  പിന്നിലെ, അല്ലാഹുവിന്‍റെ ഉന്നതമായ യുക്തി കണ്ടത്താന്‍ സാധിക്കും.

ഒരു ഉദാഹരണം കൂടി കാണുക: ഒരാളുടെ സ്വത്തിന് അവകാശികളായുള്ളത് ഭര്‍ത്താവും ഒരു മകളും മാത്രമാണെന്ന് കരുതുക. സ്വത്ത് നാല് ഓഹരിയായി ഭാഗിച്ച് ഒരു ഓഹരി ഭര്‍ത്താവിനും  മൂന്ന് ഓഹരി മകള്‍ക്കും നല്‍കപ്പെടും.

ഇവിടെയും സ്ത്രീപുരുഷ വേര്‍തിരിവെന്നത് മാനദണ്ഡമല്ലെന്ന് സുവ്യക്തമാണ്. വിമര്‍ശകര്‍ പറയുന്നതുപോലെയാണ് കാര്യമെങ്കില്‍ സ്വത്ത് മൂന്ന് ഓഹരിയാക്കി രണ്ട് ഓഹരി ഭര്‍ത്താവിനും ഒരു ഓഹരി മകള്‍ക്കുമാണ് നല്‍കപ്പെടേണ്ടത്.

മൂന്ന്) ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തി:

ഇസ്ലാമിക അനന്തരാവകാശ നിയമത്തില്‍ സ്ത്രീപുരുഷ വേര്‍തിരിവ് തോന്നിയേക്കാവുന്ന ഒരേയൊരു മാനദണ്ഡം ഇതുമാത്രമാണ്. എന്നാല്‍ ഇതില്‍പോലും സ്ത്രീകളോട് അതിക്രമം കാണിക്കുകയോ അവരുടെ അവകാശങ്ങളില്‍ കുറവുവരുത്തുകയോ ചെയ്യുന്നില്ല. ആണ്‍മക്കളെയും പെണ്‍മക്കളെയും പോലെ അനന്തരാവകാശികള്‍ ബന്ധത്തിന്‍റെ കാര്യത്തില്‍ തുല്യരാവുകയും അവര്‍ ഒരേ തലമുറയില്‍ പെട്ടവരാകുകയും ചെയ്താല്‍ അവര്‍ക്കിടയില്‍ അനന്തരസ്വത്ത് വീതിക്കുന്നതിലെ ഏറ്റവ്യത്യാസത്തിന്‍റെ മാനദണ്ഡം അവരുടെ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതുകൊണ്ടാണ് അനന്തരസ്വത്ത് വീതിക്കുന്നതിലെ പൊതുഅടിസ്ഥാനമായി സ്ത്രീപുരുഷ വ്യത്യാസം ക്വുര്‍ആന്‍ പരാമര്‍ശിക്കാതിരുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.

കുടുംബത്തെ പോറ്റേണ്ട ബാധ്യതയും ഉത്തരവാദിത്തവും പുരുഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇത്തരത്തിലുള്ള ഒരു ബാധ്യതയും ഇസ്ലാം നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ തനിക്ക് ലഭിക്കുന്ന ഏതുതരം സമ്പത്തും തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രം വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി. കാരണം സഹോദരി എന്ന നിലയ്ക്ക് അവളുടെ സംരക്ഷണോത്തരവദിത്തവുംബാധ്യതയുംഅവളുടെസഹോദരനും, ഭാര്യ എന്ന നിലയ്ക്ക് അവളുടെയും അവളുടെ മക്കളുടെയും സംരക്ഷണോത്തരവാദിത്തവും ബാധ്യതയും അവളുടെ ഭര്‍ത്താവിനുമാണുള്ളത്. തദടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തന്‍റെ ഇരട്ടി അനന്തരാവകാശമായി ലഭിച്ചിട്ടുള്ള സഹോദരനെക്കാള്‍ വലിയ പരിഗണനയാണ് ഇസ്ലാം അവള്‍ക്ക് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാണ്. സാമ്പത്തിക ഉത്തരവാദിത്തം അവളില്‍ ഏല്‍പിക്കപ്പെടാതിരുന്നിട്ടും സ്ത്രീയെന്ന നിലയിലുള്ള അവളുടെ ദൗര്‍ബല്യം അംഗീകരിച്ചുകൊണ്ടും പ്രയാസഘട്ടങ്ങളില്‍ ജീവിതത്തിന് സുരക്ഷിതത്വം നല്‍കുന്നതിനുമാണ് അല്ലാഹു അവള്‍ക്ക് ഈ ഓഹരി നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. ഇത് പലര്‍ക്കും ബോധ്യപ്പെടാതിരിക്കുന്നതാണ് പ്രശ്നം. ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വം ദുഷ്പ്രചാരണം നടത്തുന്നവരെ തിരുത്താനാവില്ല.

അനന്തരസ്വത്തിന്‍റെ വിതരണത്തിലെ ഭാഗികമായ ഈ ഏറ്റവ്യത്യാസത്തെ സ്ത്രീകളോടുള്ള അവഗണനയായി കാണുന്ന, മതമുള്ളവരും ഇല്ലാത്തവരുമായ ആളുകള്‍ ഇസ്ലാമിലെ അനന്തരാവകാശത്തിലെ വ്യത്യസ്ത അവസ്ഥകളെ ശരിയായി മനസ്സിലാക്കേണ്ടതുണ്ട്.

സ്ത്രീപുരുഷ വേര്‍തിരിവിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക സ്വത്തവകാശനിയമത്തെ നാലായി വേര്‍തിരിക്കാം:

1. പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍ (നാല് സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അത്തരം അവസ്ഥകള്‍ ഉള്ളത്).

2. പുരുഷന് തുല്യമായ ഓഹരി സ്ത്രീക്കും ലഭിക്കുന്ന അവസ്ഥ. (ഒന്നാമത്തെ അവസ്ഥയെക്കാള്‍ ഇരട്ടിയിലധികം രണ്ടാമത്തെ അവസ്ഥയാണുള്ളത്).

3. സ്ത്രീക്ക് പുരുഷനെക്കാള്‍ കൂടുതല്‍ ഓഹരി ലഭിക്കുന്ന അവസ്ഥ (ഇത് പത്തിലേറെ സന്ദര്‍ഭങ്ങളിലുണ്ട്).

4. സ്ത്രീക്ക് ഓഹരി ലഭിക്കുകയും അതേസമയം തുല്യസ്ഥാനത്തുള്ള പുരുഷന് അനന്തരാവകാശം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

അതായത് സ്ത്രീക്ക് പുരുഷന്ന് തുല്യമോ അതിനെക്കാള്‍ കൂടുതലോ ആയ ഓഹരി ലഭിക്കുന്ന മുപ്പതിലേറെ സന്ദര്‍ഭങ്ങള്‍ ഇസ്ലാമിക അനന്തരാവകാശ നിയമത്തിലുണ്ട്. അതേസമയം പുരുഷനെക്കാള്‍ കുറവ് ഓഹരി അവള്‍ക്ക് ലഭിക്കുന്ന നാല് സന്ദര്‍ഭങ്ങള്‍ മാത്രമാണുള്ളത്. അവയില്‍ പ്രധാനപ്പെട്ടവ ഉദാഹരണസഹിതം നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം:

പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍

ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തിയാണ് പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍ ഉള്ളത് എന്നും അവ നാല് അവസരങ്ങളില്‍ മാത്രമാണുള്ളതെന്നും നമ്മള്‍ മുമ്പ് മനസ്സിലാക്കി. പുരുഷനെക്കൊണ്ട് സ്ത്രീ ശിഷ്ടം ഓഹരിക്കാരാവുക എന്ന ഗണത്തിലാണ് ഇവയിലെ രണ്ട് അവസ്ഥകള്‍ ഉള്‍പ്പെടുക. ഇവിടെ മാത്രമാണ് ഒരു പുരുഷന് രണ്ട്സ്ത്രീകള്‍ക്കുള്ള ഓഹരിയാണുള്ളത് എന്ന തത്ത്വം ബാധകമാകുന്നത്.

എന്നാല്‍ ബാക്കി രണ്ട് അവസ്ഥകള്‍ ഈ പൊതുതത്ത്വത്തിനുള്ളില്‍ വരുന്നതല്ല. ഓരോന്നും ഉദാഹരണങ്ങളിലൂടെ നമുക്ക് കൂടുതല്‍ മനസ്സിലാക്കാം.

പുരുഷനെക്കൊണ്ട് സ്ത്രീ ശിഷ്ടം ഓഹരിക്കാരിയാകുന്ന അവസ്ഥ. (ഒരുപുരുഷന് രണ്ട് സ്ത്രീകള്‍ക്കുള്ള ഓഹരിയാണുള്ളത് എന്ന തത്ത്വം ബാധകമാകുന്നത്).

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരവകാശികളായുള്ള മകനും മകളുമാകുക. മക്കളെന്ന ഗണത്തില്‍ മകന്‍റെ മകളും മകന്‍റെ മകനും ഉള്‍പ്പെടും.

അല്ലാഹുപറയുന്നു: “നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് ‘വസ്വിയ്യത്ത്’ ചെയ്യുന്നു: ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്.”

‘ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്’ എന്ന തത്ത്വത്തെ പൊതുവല്‍കരിച്ചു കാണിക്കാനാണ് വിമര്‍ശകര്‍ സാധാരണയായി ശ്രമിക്കാറുള്ളത്.  ഒന്നാമതായി നാം അറിയേണ്ടത് ഈ തത്ത്വം പുരുഷനെക്കൊണ്ട് സ്ത്രീ ‘അസ്വബ’യായി മാറുന്ന അവസരത്തില്‍ മാത്രമാണ് ബാധകം എന്നാണ്.

ഉദാഹരണം കാണുക:

മേല്‍വിവരിച്ച രണ്ട് അവസ്ഥകളിലും സഹോദരിമാര്‍ എന്ന നിലയ്ക്ക് അവരുടെ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അവരുടെ സഹോദരന്മാരിലാണ് ഇസ്ലാം ചുമതലപ്പെടുത്തിയിട്ടുള്ളത്. അതിന്‍റെ ഭാഗമായാണ് സഹോദരിമാരെക്കാള്‍ ഒരു ഓഹരി കൂടുതലായി സഹോദരനു നല്‍കാനുള്ള കാരണം.

2. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരാവകാശികളായുള്ളത് ഉപ്പയും ഉമ്മയും ഒത്ത സഹോദരനും സഹോദരിയുമാവുക. അല്ലെങ്കില്‍ ഉപ്പയൊത്ത സഹോദരനും സഹോദരിയുമാവുക. 

‘ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്’ എന്ന പൊതുതത്ത്വമല്ലെങ്കിലും സ്ത്രീകള്‍ക്കുള്ളതിന്‍റെ ഇരട്ടി പുരുഷന് എന്ന് തോന്നാവുന്ന രണ്ട് അവസ്ഥകള്‍:

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരവകാശികളായി അയാള്‍ക്കുള്ളത് മാതാവും പിതാവും മാത്രമാകുക.

ഈ ഘട്ടത്തില്‍ മാതാവ് നിശ്ചിത ഓഹരിക്കാരിയും പിതാവ് ശിഷ്ടം ഓഹരിക്കാരനുമാണ്. അല്ലാഹു പറയുന്നത് കാണുക:

‘ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ അയാളുടെ അനന്തരവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിനു മൂന്നിലൊരുഭാഗമുണ്ടായിരിക്കും.’

നിശ്ചിത ഓഹരിക്കാരിയായ ഉമ്മ മൂന്നിലൊന്നെടുത്താല്‍ ബാക്കിവരുന്ന രണ്ട് ഓഹരി ശിഷ്ടമോഹരിക്കാരനായ പിതാവിനായിരിക്കും ലഭിക്കുക.

ഇവിടെ അനന്തരാവകാശികള്‍ തമ്മിലുള്ള ബന്ധം നോക്കൂ. അവര്‍ ഭാര്യയും ഭര്‍ത്താവുമാണ്. സ്വാഭാവികമായും ഭാര്യയെ സംരക്ഷിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും അവളുടെ ഭര്‍ത്താവിനു തന്നെയാണുള്ളത്. ഈ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിനാല്‍ അതിനുള്ള സഹായം എന്ന നിലയ്ക്ക് തന്നെയാണ് തന്‍റെ ഭാര്യയെക്കാള്‍ ഇരട്ടി ഓഹരി ഭര്‍ത്താവിന് അഥവാ പരേതന്‍റെ പിതാവിന് ഇസ്ലാം വകവച്ചുനല്‍കിയത് എന്ന് വ്യക്തമാണ്.

2. ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ഓഹരികള്‍ തമ്മിലുള്ള അനുപാതത്തിലും സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇവര്‍ രണ്ടുപേരും ഒന്നിച്ച് അനന്തരവകാശികളാകുന്ന അവസ്ഥയുണ്ടാവുകയില്ല.

“നിങ്ങളുടെ ഭാര്യമാര്‍ വിട്ടേച്ചുപോയതിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു; അവര്‍ക്ക് സന്താനമില്ലെങ്കില്‍. എനി, അവര്‍ക്ക്  സന്താനമുണ്ടായിരുന്നാല്‍, അവര്‍ വിട്ടേച്ചുപോയതില്‍നിന്നും നാലിലൊന്ന് നിങ്ങള്‍ക്കുണ്ടായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമാണ് (ഇതെല്ലാം). നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടുപോയതില്‍നിന്നും അവര്‍ക്ക്  നാലിലൊന്നുമുണ്ടായിരിക്കും. എനി, നിങ്ങള്‍ക്ക് സന്താനം ഉണ്ടായിരുന്നെങ്കില്‍, അപ്പോള്‍ നിങ്ങള്‍ വിട്ടുപോയതില്‍നിന്നും അവര്‍ക്ക്  എട്ടിലൊന്നുണ്ടായിരിക്കും.”

സ്തീപുരുഷ വ്യത്യാസമില്ലാതെ അനന്തരമെടുക്കുന്ന അവസ്ഥകള്‍

സ്ത്രീപുരുഷ വ്യത്യാസമില്ലാതെ സ്വത്ത് അനന്തരമെടുക്കുന്ന അവസ്ഥയുണ്ടെന്ന് നാം മനസ്സിലാക്കി. അത് അല്‍പം വിശദമായി മനസ്സിലാക്കാം. അവയില്‍ പ്രഥമവിഭാഗം മാതാവും പിതാവുമാണ്.

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് പിതാവും മാതാവും ആണ്‍മക്കളുമാകുക: പിതാവും മാതാവും തുല്യമായാണ് അനന്തരമെടുക്കുക. ആണ്‍, പെണ്‍ വ്യത്യാസം പരിഗണിക്കപ്പെടുകയില്ല.

2. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് പിതാവും മാതാവും രണ്ടോ അതിലധികമോ പെണ്‍മക്കളുമാവുക:

3. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായി പിതാവും മാതാവും ഭാര്യയും മകളും ഉണ്ടാവുക:

ഈ ഗണത്തില്‍ വരുന്ന മറ്റൊന്ന് കാണുക:

4. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായി പിതാവും മാതാമഹിയും

(മാതാവിന്‍റെ മാതാവ്) ആണ്‍മക്കളോ, രണ്ടില്‍കൂടുതല്‍ പെണ്‍മക്കളോ ഉണ്ടാവുക. പിതാവുണ്ടായിരിക്കെതന്നെ പരേതനിലേക്ക് ബന്ധംകൊണ്ട് അകന്നുനില്‍ ക്കുന്ന മാതാവിന്‍റ മാതാവിന് പിതാവിന്‍റെ അതേ അവകാശമാണ് ഇസ്ലാം നല്‍കുന്നത്.

2.  ഉമ്മയൊത്ത സഹോദരി സഹോദരന്‍മാര്‍ക്കിടയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയാണ് അനന്തരസ്വത്ത് ഓഹരിവെക്കേണ്ടത്. അല്ലാഹു പറയുന്നത്കാണുക:

“അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരുസഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദര-സഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികംപേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും.”

ഇതിന്‍റെ രൂപം ചാര്‍ട്ടിലൂടെ നമുക്ക് എളുപ്പം മനസ്സിലാക്കാം.

ഇവിടെനോക്കൂ; സഹോദരനും സഹോദരിയും ഒരുപോലെയാണ് അനന്തരമെടുത്തത്. അവരുടെ അവകാശം തുല്യമാണ്. യാതൊരു വ്യത്യാസവുമില്ല. (അവസാനിച്ചില്ല)

 

ശബീബ് സ്വലാഹി
നേർപഥം വാരിക

09: പരസ്യപ്രബോധനം

പരസ്യപ്രബോധനം

(മുഹമ്മദ് നബി ﷺ , ഭാഗം 9)

രഹസ്യപ്രബോധനത്തില്‍നിന്ന് മാറി പരസ്യപ്രബോധനം നടത്താനായി അല്ലാഹുവിന്‍റെ കല്‍പന വന്നു. ക്വുര്‍ആനിലെ അശ്ശുഅറാഅ് എന്ന സൂറത്തിലാണ് ആ കല്‍പന നമുക്ക് കാണാന്‍ സാധിക്കുക. ഈ അധ്യായത്തില്‍ മൂസാ നബി(അ)യുടെയും മറ്റു ചില നബിമാരുടെയും പ്രബോധനവും അവര്‍ നേരിട്ട പരീക്ഷണങ്ങളും അല്ലാഹു വിവരിക്കുന്നുണ്ട്. മൂസാ നബി(അ)യുടെ ചരിത്രം അല്‍പം വിശദമായിത്തന്നെ ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ആരുടെയും തുണയില്ലാതെ, ക്രൂരനും അക്രമിയുമായ ഫിര്‍ഔനിന്‍റെ നാട്ടില്‍ പ്രബോധനം ചെയ്യാന്‍ ആരംഭിച്ചതുമുതല്‍ അവസാനം വിശ്വാസികള്‍ക്ക് വിജയവും അവിശ്വാസികള്‍ക്ക് പരാജയും ലഭിച്ചതുവരെയുള്ള സംഭവങ്ങള്‍ ഇവിടെ അല്ലാഹു വിവരിക്കുന്നുണ്ട്. നൂഹ് നബി(അ)യുടെ ജനത, ആദ് സമുദായം, ഥമൂദുകാര്‍, ഇബ്റാഹീം നബി(അ)യുടെ ജനത, ലൂത്വ് നബി(അ)യുടെ ജനത, അസ്വ്ഹാബുല്‍ ഐകത്ത് തുടങ്ങിയ, പ്രവാചകന്മാരെ കളവാക്കിയ വിഭാഗങ്ങളുടെയെല്ലാം പര്യവസാനം എന്തായിരുന്നു എന്നും ഈ അധ്യായത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.

മുഹമ്മദ് നബി ﷺ ക്കും വിശ്വാസികള്‍ക്കും പ്രബോധന വീഥിയില്‍ നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികളെ കുറിച്ചുള്ള ഒരു തിരിച്ചറിവ് നല്‍കുന്നതിനും മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ ധീരചരിത്രങ്ങളെ മാതൃകയാക്കുവാനും ധൈര്യം പകരാനുമായിരിക്കാം പരസ്യപ്രബോധനത്തിന് കല്‍പിക്കുന്നതിന് മുമ്പായി ഈ ചരിത്രങ്ങള്‍ വിവരിക്കുന്നത്. പരസ്യപ്രബോധനത്തിനായി നബി ﷺ യോട് അല്ലാഹു കല്‍പിക്കുന്നത് ഇപ്രകാരമാണ്:

“നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക” (അശ്ശുഅറാഅ് 214)

പ്രബോധനം പരസ്യപ്പെടുത്താന്‍ അല്ലാഹുവിന്‍റെ കല്‍പന വന്നു. കല്‍പന വന്നപ്പോള്‍ നബി ﷺ എന്ത് ചെയ്തു?

ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക’ (എന്ന വചനം) ഇറങ്ങിയപ്പോള്‍ നബി ﷺ സ്വഫായില്‍ കയറി. എന്നിട്ട് (ഇങ്ങനെ) വിളിക്കുവാന്‍ തുടങ്ങി: ‘ഫിഅ്റിന്‍റ സന്തതികളേ, അദിയ്യിന്‍റെ സന്തതികളേ.’ അവര്‍ (മക്കക്കാര്‍) എല്ലാവരും ഒരുമിച്ചുകൂടി. അങ്ങനെ (അവിടേക്ക്) പുറപ്പെടാന്‍ കഴിയാത്ത ഒരാള്‍ (തന്‍റെ) ഒരു ദൂതനെ അത് (ആ വിളി) എന്താണെന്ന് നോക്കുവാന്‍ അയച്ചു. അങ്ങനെ അബൂലഹബും ക്വുറയ്ശും വന്നു. എന്നിട്ട് നബി ﷺ ചോദിച്ചു: ‘ഈ താഴ്വരയില്‍ ഒരു കുതിരപ്പട നിങ്ങളെ അക്രമിക്കാന്‍ ഉദ്ദേശിച്ച് നില്‍ക്കുന്നു എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്താകും?’ അവര്‍ പറഞ്ഞു: ‘അതെ, ഞങ്ങള്‍ക്ക് നിന്‍റെ മേല്‍ സത്യമല്ലാതെ പരിചയമില്ലല്ലോ.’ (അപ്പോള്‍) നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ശക്തമായ ശിക്ഷ വരുന്നതിനുമുമ്പ് നിങ്ങള്‍ക്കുള്ള ഒരു താക്കീതുകാരനാകുന്നു ഞാന്‍.’ അപ്പോള്‍ അബൂലഹബ് പറഞ്ഞു: ‘നിനക്ക് നാശം. ഇന്നത്തെ ദിവസം അല്ലാത്തതിലും (നിനക്ക് നാശം). ഇതിനായിരുന്നോ നീ ഞങ്ങളെ ഒരുമിച്ചുകൂട്ടിയത്?’ അപ്പോള്‍ ‘അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല’ (എന്ന സൂക്തങ്ങള്‍) ഇറങ്ങി” (ബുഖാരി).

പരസ്യപ്രബോധനത്തിനായി കല്‍പന വന്നപ്പോള്‍ നബി ﷺ സ്വഫാ കുന്നില്‍ കയറി എല്ലാവരെയും അവിടേക്ക് വിളിച്ചു ചേര്‍ത്തു. നാല്‍പത് പേര്‍ അവിടെ ഒരുമിച്ചുകൂടി എന്നും അമ്പത് പേരായിരുന്നു എന്നുമെല്ലാം കാണാവുന്നതാണ്. നബി ﷺ യുടെ വിളി കേട്ടവര്‍ അവിടേക്ക് എത്തി. എത്താന്‍ കഴിയാത്തവര്‍ അവിടേക്ക് ദൂതനെ പറഞ്ഞുവിട്ടു. നബി ﷺ യുടെ പിതൃവ്യന്മാരായ അബ്ബാസ്(റ), ഹംസ(റ), അബൂത്വാലിബ്, അബൂലഹബ് തുടങ്ങിയവരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും എത്തിയതിന് ശേഷം അവരോട് ചോദിച്ചു: ‘ഈ താഴ്വരയില്‍ നിങ്ങളെ അക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സൈന്യത്തെ സംബന്ധിച്ച് നിങ്ങളോട് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?’ അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും. കാരണം, നിന്നില്‍ നിന്ന് സത്യമേ ഞങ്ങള്‍ക്ക് പരിചയമുള്ളൂ.’ അപ്പോള്‍ നബി ﷺ വരാനിരിക്കുന്ന ശിക്ഷയെ പറ്റി അവര്‍ക്ക് മുന്നറിയിപ്പുനല്‍കി. അത് അവര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ല. അവര്‍ കോപാകുലരായി. ചീത്ത വളിച്ചു. പിതൃവ്യന്‍ അബൂലഹബ് ആയിരുന്നു നബി ﷺ യെ ആദ്യമായി ചീത്തവിളിച്ചത്. അതിന്‍റെ കാരണത്താല്‍ അവനെ ശപിച്ചുകൊണ്ട് അല്ലാഹു ക്വുര്‍ആന്‍ വചനങ്ങള്‍ ഇറക്കി. അബൂലഹബിന് മോശമായ പര്യവസാനം ലഭിക്കുകയും ചെയ്തു എന്നാണ് ചരിത്രം വിശദമാക്കുന്നത്. അബൂലഹബിനെ ശപിച്ചുകൊണ്ട് ഇറക്കപ്പെട്ട ഈ സൂക്തങ്ങളെ പറ്റി ചിന്തിച്ച് മനസ്സിലാക്കി ഇസ്ലാമിലേക്ക് വന്നവര്‍ പോലും ഉണ്ടായിട്ടുണ്ട് എന്നതും ചരിത്ര പ്രസിദ്ധമാണ്. അബൂലഹബ് നശിക്കട്ടെ എന്നും അവന്‍ നശിച്ചിരിക്കുന്നു എന്നും അവനെയും അവന്‍റെ ഭാര്യയും നരകത്തില്‍ കത്തിക്കപ്പെടുന്നതാണ് എന്നും അല്ലാഹു അറിയിച്ചല്ലോ. അത് അറിഞ്ഞപ്പോള്‍ ഇവര്‍ രണ്ടുപേരും ഇസ്ലാം സ്വീകരിച്ചിരുന്നെങ്കില്‍ ക്വുര്‍ആനില്‍ വൈരുധ്യം ഉണ്ടാകുമായിരുന്നില്ലേ? പക്ഷേ, അത് സംഭവിച്ചില്ല. ക്വുര്‍ആന്‍ ദൈവിക ഗ്രന്ഥമല്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹു അയച്ച ദൂതനല്ലെന്നും സ്ഥാപിക്കുക എന്ന ദുരുദ്ദേശ്യത്തോടെയെങ്കിലും അവര്‍ ഇസ്ലാം സ്വീകരിച്ചില്ല. ഈ വചനങ്ങള്‍ ഇറങ്ങിയ ശേഷവും എത്രയോ കാലം ഇരുവരും ജീവിച്ചെങ്കിലും ഇസ്ലാം സ്വീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് ക്വുര്‍ആനിന്‍റെ ദൈവികത വ്യക്തമാക്കുന്നു. ക്വുര്‍ആനിനെ പഠനവിധേയമാക്കിയ പലര്‍ക്കും ഈ സംഭവം ഇസ്ലാമിലേക്ക് വരാന്‍ കാരണമായിട്ടുണ്ട്.

ത്രികാല ജ്ഞാനിയിയായ അല്ലാഹു പറഞ്ഞത് ഒരിക്കലും പിഴക്കില്ലല്ലോ. അവര്‍ ഇരുവരും സത്യനിഷേധികളായിട്ടുതന്നെയാണ് നശിച്ചുപോയത്.

അബൂലഹബിന്‍റെ ഭാര്യ ഉമ്മു ജമീല്‍ നബി ﷺ യെ ആക്ഷേപിച്ച് ഇങ്ങനെ പാടിയത് കാണാം:

“ആക്ഷേപത്തിന് അര്‍ഹനായവന്‍ (ചില കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞപ്പോള്‍) ഞങ്ങള്‍ (അവനോട്) വിസമ്മതം കാണിച്ചു. അവന്‍റെ ദീനിനെ ഞങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. അവന്‍റെ കല്‍പനകളോട് ഞങ്ങള്‍ അനുസരക്കേട് കാണിക്കുകയും ചെയ്യുന്നു.”

മക്കക്കാര്‍ മുഹമ്മദ് നബി ﷺ യെ ആക്ഷേപിക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ ‘മുദമ്മമുന്‍’ എന്ന് വിളിച്ച് പ്രയാസപ്പെടുത്താറുണ്ടായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവിടുന്ന് വിഷമത്താല്‍ കൂട്ടുകാരന്‍ അബൂബക്റി(റ)നെ പോലെയുള്ളവരെ വിളിച്ച് ഇപ്രകാരം ചോദിക്കും:

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: ‘എങ്ങനെയാണ് ക്വുറയ്ശികളുടെ ചീത്തവിളിയും അവരുടെ ശാപവും എന്നില്‍നിന്ന് അല്ലാഹും മാറ്റിയത് (എന്ന് ആലോചിച്ച്) നിങ്ങള്‍ അത്ഭുതപ്പെടുന്നില്ലേ? മുദമ്മമുന്‍ (എന്നുപറഞ്ഞ്) അവര്‍ എന്നെ ചീത്ത വിളിക്കുന്നു. മുദമ്മമുന്‍ (എന്നുപറഞ്ഞ്) അവര്‍ എന്നെ ശപിക്കുന്നു. ഞാനാകട്ടെ മുഹമ്മദാകുന്നു.”(ബുഖാരി).

‘മുദമ്മമുന്‍’ (ആക്ഷേപിക്കപ്പെടുന്നവന്‍) എന്ന് പറഞ്ഞുകൊണ്ടാണല്ലോ അവര്‍ നബി ﷺ യെ ചീത്ത വിളിക്കുകയും ശപിക്കുകയുമെല്ലാം ചെയ്യുന്നത്. എന്നാല്‍ അവരുടെ ചീത്തവിളിയും ശാപവാക്കുകളും എല്ലാം അല്ലാഹു നബി ﷺ യില്‍നിന്നും തിരിച്ചുവിടുകയാണ് ചെയ്തത്. മുഹമ്മദ് എന്നതിന്‍റെ അര്‍ഥം സ്തുതിക്കിപ്പെട്ടവന്‍ എന്നാണല്ലോ. നബി ﷺ വാസ്തവത്തില്‍ എല്ലാവരാലും വാഴ്ത്തപ്പെടുകയും പ്രശംസിക്കപ്പെടുകയുമാണ് ചെയ്തത്.

പരസ്യപ്രബോധനത്തിന് അല്ലാഹുവിന്‍റെ കല്‍പനയുണ്ടായപ്പോള്‍ നബി ﷺ എന്താണ് ചെയ്തതെന്ന് ബുഖാരിയിലെ ഹദീഥിലൂടെ നാം മനസ്സിലാക്കി. സ്വഹീഹ് മുസ്ലിമില്‍ ഇപ്രകാരം നമുക്ക് കാണാം:

അബൂഹുറയ്റ(റ) പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലി ﷺ ന് ‘നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക’ (എന്ന വചനം) ഇറക്കപ്പെട്ട സന്ദര്‍ഭത്തില്‍ (അവിടുന്ന്) പറഞ്ഞു: ‘ഓ ക്വുറയ്ശ് സമൂഹമേ, അല്ലാഹുവില്‍നിന്ന് നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ വാങ്ങുവിന്‍. അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്ക് വേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, ബനൂ അബ്ദുല്‍മുത്ത്വലിബ്, അല്ലാഹുവില്‍ നിന്ന് നിങ്ങള്‍ക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല, ഓ, അബ്ബാസുബ്നു അബ്ദുല്‍ മുത്ത്വലിബ്, അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, അല്ലാഹുവിന്‍റെ റസൂലിന്‍റെ പിതൃസഹോദരി സ്വഫിയ്യാ, അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്ക് വേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, അല്ലാഹുവിന്‍റെ റസൂലിന്‍റെ മകള്‍ ഫാത്വിമാ, നീ ഉദ്ദേശിക്കുന്നതില്‍നിന്ന് എന്നോട് നീ ചോദിച്ചോളൂ. അല്ലാഹുവില്‍നിന്ന് നിനക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല.”

പരസ്യ പ്രബോധനം കുടുംബത്തില്‍നിന്ന് നാട്ടുകാരിലേക്ക് മാറി. അതിന് അല്ലാഹുവിന്‍റെ കല്‍പന വന്നിരുന്നു.

“അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക” (ഹിജ്ര്‍ 94)

അല്ലാഹു തന്നില്‍ ഏല്‍പിച്ചിട്ടുള്ള കാര്യങ്ങള്‍ കൃത്യമായി നിറവേറ്റുവാനും ആ മാര്‍ഗത്തില്‍ ശത്രുക്കളുടെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ധീരമായി മുന്നേറുവാനും കല്‍പന വന്നു. പിന്നീട് നബി ﷺ പ്രബോധനം മക്കയില്‍ പരസ്യമാക്കുകയാണ്. കുടുംബത്തിലെയും നാട്ടിലെയും വേണ്ടപ്പെട്ടവരെല്ലാം മുഹമ്മദിന്‍റെ ദീനില്‍ ആകൃഷ്ടരാകുന്നു എന്ന് മനസ്സിലാക്കിയ മക്കക്കാര്‍ ഒന്നടങ്കം ഇളകി. കൂക്കിവിളിച്ചും കല്ലെറിഞ്ഞും കളിയാക്കിയും അസഭ്യം പറഞ്ഞും നബി ﷺ ക്കും വിശ്വാസികള്‍ക്കുമെതിരില്‍ കൊടിയ മര്‍ദനം അഴിച്ചുവിട്ടു. പീഡനങ്ങള്‍ പലവിധത്തില്‍ നടത്തി. മാനസികമായും ശാരീരികമായും ഉപദ്രവം ഉണ്ടാക്കി. ഒരു സംഭവം കാണുക:

അബ്ദുല്ലാഹി(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂല്‍ കഅ്ബയുടെ അടുക്കല്‍ നമസ്കരിച്ചുകൊണ്ടിരിക്കുകയാണ്. ക്വുറയ്ശി സംഘം അവരുടെ ഇരിപ്പിടങ്ങളിലുമാണ്. അതിനിടയില്‍ അവരില്‍നിന്ന് ഒരാള്‍ ഇപ്രകാരം പറഞ്ഞു: ‘ഈ കാണിക്കുന്നവനിലേക്ക് നിങ്ങള്‍ നോക്കുന്നില്ലേ? ഇന്ന ആളുടെ കുടുംബത്തില്‍ (അറുത്ത) ഒട്ടകത്തിന്‍റെ കാഷ്ഠവും രക്തവും കുടല്‍മാലകളും (എടുക്കാന്‍) നിങ്ങളില്‍ ആരാണ് ആദ്യം തയ്യാറാകുക? എന്നിട്ട് അവന്‍ അത് കൊണ്ടുവരികയും ഇവന്‍ സുജൂദ് ചെയ്താല്‍ അവന്‍റെ പിരടികള്‍ക്കിടയില്‍ വെക്കുകയും ചെയ്യണം.’ അങ്ങനെ അവരിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍ അതിനായി എഴുന്നേറ്റു. അല്ലാഹുവിന്‍റെ റസൂല്‍ ﷺ സുജൂദ് ചെയ്തപ്പോള്‍ അവന്‍ അവിടുത്തെ പിരടികള്‍ക്കിടയില്‍ വെച്ചു. നബി ﷺ സുജൂദില്‍ തന്നെ നിന്നു. അപ്പോള്‍ അവര്‍ ചിലര്‍ മറ്റു ചിലരിലേക്ക് ചെരിയുന്നതുവരെ പൊട്ടിച്ചിരിച്ചു. അപ്പോള്‍ ഒരാള്‍ ഫാത്വിമ(റ)യുടെ അടുത്തേക്ക് (വിവരം അറിയിക്കാന്‍) പോയി. അങ്ങനെ അവര്‍ ഓടിവന്നു. അവര്‍ നബി ﷺ യില്‍നിന്ന് അത് എടുത്ത് ഒഴിവാക്കുന്നതുവരെ നബി ﷺ സുജൂദില്‍ തന്നെയായിരുന്നു. (അവര്‍ അത് എടുത്തുമാറ്റിയതിന് ശേഷം) അവര്‍ അവര്‍ക്കുനേരെ തിരിഞ്ഞ് അവരെ ചീത്തപറഞ്ഞു. അങ്ങനെ അല്ലാഹുവിന്‍റെ റസൂല്‍ ﷺ നമസ്കരിച്ച് കഴിഞ്ഞപ്പോള്‍ ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവേ, ക്വുറയ്ശികളുടെ കാര്യം നിന്‍റെ മേലാണ്. അല്ലാഹുവേ, ക്വുറയ്ശികളുടെ കാര്യം നിന്‍റെ മേലാണ്. അല്ലാഹുവേ, ക്വുറയ്ശികളുടെ കാര്യം നിന്‍റെ മേലാണ്.’ പിന്നീട് പേരെടുത്ത് (അവിടുന്ന് പറഞ്ഞു:) ‘അല്ലാഹുവേ, അംറുബ്നു ഹിശാമിന്‍റെയും (അബൂലഹബ്), ഉത്ബതുബ്നു റബീഅയുടെയും ശയ്ബതുബ്നു റബീഅയുടെയും അല്‍വലീദുബ്നു ഉത്ബയുടെയും ഉമയ്യതുബ്നു ഖലഫിന്‍റെയും ഉക്വ്ബതുബ്നു അബീമുഅയ്ത്വിയുടെയും ഉമാറതുബ്നുല്‍ വലീദിന്‍റെയും കാര്യം നിന്‍റെ മേലാകുന്നു.’ (സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന) അബ്ദുല്ല(റ) പറഞ്ഞു: ‘അല്ലാഹുവാണ സത്യം! ബദ്ര്‍ യുദ്ധ ദിവസം ഞാന്‍ അവരെ വീണുകിടക്കുന്നത് കാണുകയുണ്ടായി. പിന്നീട് അവര്‍ ബദ്റിലെ ആ പൊട്ടക്കിണറ്റിലേക്ക് വലിച്ചിഴക്കപ്പെടുകയുണ്ടായി.’ പിന്നീട് അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: ‘പൊട്ടക്കിണറിന്‍റെ ആളുകള്‍ ശാപം പിന്തുടരപ്പെടുന്നവരാകുന്നു.’

ഈ ദുഷ്കൃത്യത്തിന് നേതൃത്വം നല്‍കിയതും അബൂലഹബായിരുന്നു. അബൂലഹബിന്‍റെ വാക്കുകേട്ട് ഒന്നും ചിന്തിക്കാതെ റസൂലി ﷺ നോട് ഇങ്ങനെ ചെയ്തവന്‍ ഉക്വ്ബയായിരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.

നബി ﷺ യുടെ നമസ്കാരവും ക്വുര്‍ആന്‍ പാരായണവും മുശ്രിക്കുകള്‍ക്ക് ഏറെ അസഹ്യമായിരുന്നു. ക്വുര്‍ആന്‍ ഓതുന്നത് കേള്‍ക്കുമ്പോള്‍ ചീത്തവിളിച്ചുകൊണ്ട് അവര്‍ ഒപ്പം കൂടുമായിരുന്നു എന്നാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്.

 ‘നിന്‍റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്’ (എന്ന) അല്ലാഹുവിന്‍റെ വചനത്തെ (17:110) സംബന്ധിച്ച് (ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂല്‍ ﷺ മക്കയില്‍ ഒളിഞ്ഞിരിക്കുമ്പോഴാണ് ഇത് ഇറങ്ങിയത്. നബി ﷺ തന്‍റെ അനുചരന്മാരെയും കൊണ്ട് നമസ്കരിച്ചാല്‍ ക്വുര്‍ആന്‍ പാരായണംകൊണ്ട് ശബ്ദം ഉയര്‍ത്താറുണ്ടായിരുന്നു. അങ്ങനെ അത് മുശ്രിക്കുകള്‍ കേട്ടാല്‍ അവര്‍ ക്വുര്‍ആനിനെയും അത് ഇറക്കിയവനെയും അത് കൊണ്ടുവന്നവനെയും ചീത്തിവിളിക്കും. അപ്പോള്‍ അല്ലാഹു നബി ﷺ യോട് പറഞ്ഞു: ‘നിന്‍റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്.’ അതായത്, നിന്‍റെ പാരായണംകൊണ്ട്. കാരണം, മുശ്രിക്കുകള്‍ (അത്) കേള്‍ക്കുകയും അങ്ങനെ അവര്‍ ക്വുര്‍ആനിനെ ചീത്ത പറയുകയും ചെയ്യും. ‘അത് പതുക്കെയുമാക്കരുത്.’ താങ്കളുടെ അനുചരന്മാരെ തൊട്ട്; അപ്പോള്‍ അവര്‍ (അത്) കേള്‍ക്കാതിരിക്കുകയും ചെയ്യും. ‘അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക’.

നമസ്കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്‍റെ ചീഞ്ഞളിഞ്ഞ കുടല്‍മാലയും മറ്റു വൃത്തികേടുകളും അവിടുത്തെ പിരടിയില്‍ ഇട്ട് പ്രയാസപ്പെടുത്തിയ രംഗം നാം വായിച്ചു. ഇപ്രകാരം അവര്‍ പല തവണ ചെയ്തിരുന്നു. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അവര്‍ ചെയ്തിട്ടുണ്ട്.

നാം ഇന്ന് സുരക്ഷിതമായി സമാധാനത്തോടെ പള്ളികളിലും വീടുകളിലും സുജൂദില്‍ കിടന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍, നബി ﷺ ഇതിനുവേണ്ടി എത്ര ത്യാഗമാണ് സഹിച്ചിട്ടുള്ളതെന്ന് നാം ഓര്‍ക്കുന്നത് നല്ലതാണ്. (അവസാനിച്ചില്ല)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

08: പ്രബോധനരംഗത്ത്

പ്രബോധനരംഗത്ത്

(മുഹമ്മദ് നബിﷺ, ഭാഗം 8)

രഹസ്യപ്രബോധനം

‘ഹേ, പുതച്ചു മൂടിയവനേ’ എന്ന് തുടങ്ങുന്ന സൂറത്തുല്‍ മുദ്ദസ്സിറിലെ ആദ്യസൂക്തങ്ങള്‍ ഇറങ്ങിയ പശ്ചാത്തലം നാം മനസ്സിലാക്കുകയുണ്ടായി. പേടിച്ച് മൂടിപ്പുതച്ച് കിടക്കുന്ന മുഹമ്മദ് നബി ﷺ യോട് അല്ലാഹു എഴുന്നേല്‍ക്കുവാനും ജനങ്ങള്‍ക്ക് താക്കീത് നല്‍കുവാനും മറ്റും കല്‍പിച്ചു.

മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ നിര്‍ദേശപ്രകാരം ജനങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചു. പ്രവാചകന്‍റെ പ്രബോധം ആദ്യനാളുകളില്‍ രഹസ്യമായിട്ടായിരുന്നു നടന്നിരുന്നത്. താന്‍ പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ട വിവരവും തനിക്ക് നല്‍കപ്പെട്ടിട്ടുള്ള സന്ദേശങ്ങളും കഅ്ബയുടെ അടുത്തുചെന്ന് പരസ്യമായി പ്രഖ്യാപിക്കലായിരുന്നില്ല അവിടുന്ന് ആദ്യം ചെയ്തത്. വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു നബി ﷺ പ്രബോധനം ചെയ്തത് എന്നര്‍ഥം. ഈ പദ്ധതി നബി ﷺ സ്വയം ഉണ്ടാക്കുന്നതായിരുന്നില്ല. മറിച്ച്, അല്ലാഹുവിന്‍റെ നിര്‍ദേശത്താലായിരുന്നു അവിടുന്ന് അപ്രകാരമെല്ലാം ചെയ്തിരുന്നത്.

‘ഹേ, പുതച്ചു മൂടിയവനേ’ എന്ന് തുടങ്ങുന്ന വചനങ്ങള്‍ ഇറങ്ങിയതിനുശേഷം തന്‍റെ വീട്ടിലുള്ളവരെയും തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരെയും വിശ്വസ്തരും തന്നോട് അടുത്ത് ഇടപഴകുന്നവരുമായവരെയും ആദ്യമായി ഈ സന്ദേശം അറിയിച്ചു. മൂന്ന് കൊല്ലത്തോളം ഇപ്രകാരം രഹസ്യമായിട്ടായിരുന്നു നബി ﷺ പ്രബോധനം നടത്തിയത് എന്നാണ് ചരിത്രത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

നബി ﷺ യുടെ പ്രബോധനത്താല്‍ ഇസ്ലാമിലേക്ക് ആദ്യമായി പ്രവേശിച്ചത് അവിടുത്തെ പ്രിയപത്നി ഖദീജ(റ) തന്നെയായിരുന്നു. ശേഷം തന്‍റെ വീട്ടില്‍ ദത്തുപുത്രനായി വളര്‍ന്ന സയ്ദുബ്നു ഹാരിഥും(റ) നബി ﷺ യില്‍ വിശ്വസിച്ചവരില്‍ മുന്‍പന്തിയിലുള്ളവരാണ്. അതുപോലെ നബിയുടെ സംരക്ഷണത്തില്‍ വളര്‍ന്ന പിതൃവ്യപുത്രന്‍ അലി(റ)യും നബി ﷺ യില്‍ ആദ്യമേ വിശ്വസിച്ചു. അന്ന് അദ്ദേഹത്തിന് പത്ത് വയസ്സ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളൂ. നബിയുടെ പിതൃവ്യന്‍ അബൂത്വാലിബ് വലിയ ഒരു സമ്പന്നനായിരുന്നില്ല. അദ്ദേഹത്തിന് ധാരാളം മക്കളും ഉണ്ടായിരുന്നു. അബൂത്വാലിബിന് ജീവിത പ്രാരാബ്ധം അങ്ങേയറ്റം ഉള്ളതിനാല്‍ എല്ലാവരെയും പോറ്റുക എന്നത് പ്രയാസമായിരുന്നു. ഈ പ്രയാസം കണ്ട നബി ﷺ അലി(റ)യുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും അവിടുത്തെ ഭവനത്തില്‍ വളര്‍ത്തുകയുമാണ് ചെയ്തത്. ചുരുക്കത്തില്‍, നബിയുടെ വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യ ഖദീജ(റ), മക്കളായ സൈനബ്, റുക്വിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ(റ) തുങ്ങിയവരും, ദത്തുപുത്രന്‍ സയ്ദ്(റ), വളര്‍ത്തുപുത്രന്‍ അലി(റ) തുടങ്ങിയവരും ആദ്യമേ നബിയില്‍ വിശ്വസിച്ചു. തന്‍റെ ഉറ്റസുഹൃത്തായ അബൂബക്റും(റ) തുടക്കത്തില്‍ ഇസ്ലാം ആശ്ലേഷിച്ചവരുടെ കൂട്ടത്തിലാണ്. അബൂബക്റി(റ)നെ നബി ﷺ ഇപ്രകാരം പുകഴ്ത്തിയത് കാണാവുന്നതാണ്:

അബുദ്ദര്‍ദാഅ്(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഞാന്‍ നബി ﷺ യുടെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അബൂബക്ര്‍ തന്‍റെ കാല്‍മുട്ട് വെളിവാകുന്നത് വരെ തന്‍റെ വസ്ത്രത്തിന്‍റെ അറ്റം പിടിച്ചുകൊണ്ട് (അവിടേക്ക്) മുന്നിട്ടു… അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു നിങ്ങളിലേക്ക് എന്നെ നിയോഗിക്കുകയുണ്ടായി. അപ്പോള്‍ നിങ്ങള്‍ പറഞ്ഞു: നീ കളവാണ് പറയുന്നത്. (അതേ സമയം) അബൂബക്ര്‍ പറഞ്ഞു; ‘നബി പറയുന്നത് സത്യമാകുന്നു.’ അദ്ദേഹം തന്‍റെ ശരീരംകൊണ്ടും സമ്പത്തുകൊണ്ടും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നിട്ട് എനിക്കുവേണ്ടി എന്‍റെ കൂട്ടുകാരനെ നിങ്ങള്‍ ഒഴിവാക്കുകയാണോ?’ രണ്ടു തവണ നബി ﷺ ഇങ്ങനെ ചോദിക്കുകയുണ്ടായി.”

അബൂബക്ര്‍(റ) ഇസ്ലാമിലേക്ക് വന്നതോടെ അദ്ദേഹത്തിന്‍റെ കുടുംബവും ഇസ്ലാം സ്വീകരിച്ചു. ആഇശ(റ) തന്‍റെ മാതാപിതാക്കളെ കുറിച്ച് പറയുന്നത് ഇപ്രകാരം നമുക്ക് കാണാന്‍ സാധിക്കും:

“(ഓര്‍മവെച്ച നാള്‍ മുതല്‍) എന്‍റെ മാതാപിതാക്കളെ ഈ ദീന്‍ അനുസരിച്ച് ജീവിക്കുന്നവരായിട്ടല്ലാതെ എനിക്ക് അറിയില്ല. ഏതൊരു ദിവസത്തിന്‍റെയും രണ്ടറ്റത്ത് (അഥവാ) രാവിലെയും വൈകുന്നേരവും അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഞങ്ങളുടെ അടുത്ത് വന്നുപോകാത്ത ഒരു ദിവസവും ഉണ്ടായിരുന്നില്ല. പിന്നീട് അബൂബക്റിന് (അത്) വെളിവായി. അങ്ങനെ അദ്ദേഹം തന്‍റെ വീടിന്‍റെ മുറ്റത്ത് ഒരു പള്ളി നിര്‍മിച്ചു. അതില്‍ അദ്ദേഹം നമസ്കരിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്യുമായിരുന്നു. അപ്പോള്‍ മുശ്രിക്കുകളുടെ ഭാര്യമാരും കുട്ടികളും അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ആശ്ചര്യപ്പെടുന്നവരായിക്കൊണ്ട് അദ്ദേഹത്തെ നോക്കിനില്‍ക്കും. അബൂബക്ര്‍(റ) കൂടുതല്‍ കരയുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന് ക്വുര്‍ആന്‍ പാരായണം തുടങ്ങിയാല്‍ തന്‍റെ കണ്ണുകളെ നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നില്ല. മുശ്രിക്കുകളില്‍ പെട്ട ക്വുറയ്ശി പ്രമാണിമാരെ ഇത് ഭയപ്പെടുത്തി” (ബുഖാരി).

തന്‍റെ ചെറുപ്രായം മുതല്‍ തന്നെ ഉപ്പയെയും ഉമ്മയെയും കാണുന്നത് ഇസ്ലാം അനുസരിച്ച് ജീവിക്കുന്നവരായിട്ടായിരുന്നു എന്നാണല്ലോ ഈ വചനത്തിലൂടെ ആഇശ(റ) നമ്മെ അറിയിക്കുന്നത്.

അബൂബക്ര്‍(റ) പ്രബോധന മാര്‍ഗത്തില്‍

താന്‍ മനസ്സിലാക്കിയ സത്യം തന്‍റെ കൂട്ടുകാരനെ പോലെ അദ്ദേഹവും ആളുകളെ അറിയിച്ചിരുന്നു. നബി ﷺ യെ മാതൃകയാക്കി ജനങ്ങള്‍ക്കിടയില്‍ സ്വകാര്യമായി അദ്ദേഹം നടത്തിയ പ്രബോധനത്തിലൂടെ ധാരാളം ആളുകള്‍ ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്. ഉസ്മാനുബ്നു അഫ്ഫാന്‍ ﷺ , സഅദുബ്നു അബീവക്വാസ്വ് ﷺ തുടങ്ങയ സ്വഹാബിമാര്‍ അവരില്‍പെട്ടവരാണ്.

നബി ﷺ ക്ക് പ്രവാചകത്വം ലഭിച്ചതിന് ശേഷമുള്ള ആദ്യകാലഘട്ടത്തില്‍ ഇസ്ലാമിലേക്ക് കടന്നുവന്നവരില്‍ അപൂര്‍വം ചിലരേ ഉണ്ടായിരുന്നുള്ളൂ. അതില്‍പെട്ട ആളാണ് സഅദുബ്നു അബീവക്വാസ് ﷺ .അദ്ദേഹത്തിന് ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ ധാരാളം വിഷമം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഈ മതം ഉപേക്ഷിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്‍റെ മുമ്പില്‍കിടന്ന് മരിക്കുന്നതാണ് എന്നൊക്കെ പറഞ്ഞ് മാതാവ് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

അവന്‍റെ മതത്തില്‍ അവിശ്വസിക്കുന്നതുവരെ സഅദിനോട് ഒരിക്കലും സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യില്ലെന്ന് സഅദിന്‍റെ ഉമ്മ ശപഥം ചെയ്യുകയുണ്ടായി. അവര്‍ പറഞ്ഞു: ‘മാതാപിതാക്കളെ കൊണ്ട് അല്ലാഹു നിനക്ക് ഉപദേശം നല്‍കുന്നുണ്ടെന്ന് നീ വാദിക്കുന്നുവല്ലോ. ഞാന്‍ നിന്‍റെ ഉമ്മയാണ്, ഇതുകൊണ്ട് ഞാന്‍ നിന്നോട് കല്‍പിക്കുന്നു.’ (അദ്ദേഹം) പറഞ്ഞു: ‘അവര്‍ മൂന്നുദിവസം (അങ്ങനെ) കഴിച്ചുകൂട്ടി. അവരെ പ്രയാസം മൂടുന്നതുവരെ.’

നബി ﷺ യില്‍ വിശ്വസിച്ച സഅദി(റ)ന്‍റെ ജീവിതത്തിലെ വിശ്വാസ-ആചാര രംഗത്തെല്ലാം കണ്ടുതുടങ്ങിയ മാറ്റങ്ങളില്‍നിന്ന് സഅദിനെ മുഹമ്മദിന്‍റെ മതം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ മാതാവിന് മനസ്സിലായി. അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആവുന്നതെല്ലാം അവര്‍ ചെയ്തു. അങ്ങനെയാണ് ഈ നിരാഹാരം അവര്‍ തുടങ്ങിയത്. എന്നാല്‍ മഹാനായ സഅദിനെ മാതാവിന്‍റെ ശപഥങ്ങളൊന്നും സ്വാധീനിച്ചില്ല. യാതൊരു പതര്‍ച്ചയും സംഭവിക്കാതെ അല്ലാഹുവിന്‍റെ ദീനില്‍ അദ്ദേഹം ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. മകന്‍ വിശ്വസിച്ചിട്ടുള്ള ഈ മാര്‍ഗത്തില്‍നിന്ന് പിന്മാറില്ലെന്ന് മാതാവിനും ബോധ്യമായി. അവസാനം സത്യമാര്‍ഗത്തില്‍നിന്ന് മകനെ പിന്തിരിപ്പിക്കാന്‍ നടത്തിയ മുഴുവന്‍ വേലകളും ആ മാതാവ് അവസാനിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെ അവര്‍ ഭക്ഷണം കഴിക്കാനും വെള്ളംകുടിക്കാനുമെല്ലാം തുടങ്ങി.

അബൂബക്റി(റ)ന്‍റെ പ്രബോധനത്താല്‍ ഇസ്ലാമിലേക്ക് ആദ്യനാളുകളില്‍തന്നെ വന്ന മഹാന്മാരായിരുന്നു ഉസ്മാനുബ്നു അഫ്ഫാന്‍, അബ്ദുര്‍റഹ്മാനുബ്നു ഔഫ്, ത്വല്‍ഹതുബ്നു ഉബയ്ദില്ലാഹ്, സുബയ്റുബ്നുല്‍ അവ്വാം(റ) തുടങ്ങിയവര്‍.

ബിലാല്‍, ഖബ്ബാബ്ബ്നുല്‍അറത്, അബൂ ഉബയ്ദതുല്‍ ജര്‍റാഹ്, അമ്മാറുബ്നു യാസിര്‍, അബൂസലമ, അര്‍ക്വമുബ്നു അബില്‍ അര്‍ക്വം, സുമയ്യ, സ്വുഹയ്ബ്, മിക്വ്ദാദ്, ഉസ്മാനുബ്നു മള്ഊന്‍, ഉബയ്ദതുബ്നുല്‍ ഹാരിഥ്, സഈദുബ്നു സയ്ദ്, ഫാത്വിമ, അസ്മാഅ് ബിന്‍ത് അബീബക്ര്‍, ജഅ്ഫറുബ്നു അബീത്വാലിബ്(റ)… തുടങ്ങിയവരെല്ലാം ആദ്യ നാളുകളില്‍ ഇസ്ലാമിലേക്ക് കടന്നുവന്നരില്‍ പെട്ടവരാണ്. രഹസ്യസ്വഭാവത്തോടെയായിരുന്നു ഇവര്‍ ഇസ്ലാമിലേക്ക് പ്രവേശിച്ചത്.

ഇസ്ലാമിലേക്ക് ആദ്യമായി മുന്‍കടന്നുവന്ന ഈ സ്വഹാബിമാര്‍ക്ക് നബി ﷺ അല്ലാഹുവിന്‍റെ ദീന്‍ പഠിപ്പിക്കണമല്ലോ. ആരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് അതിനായി അദ്ദേഹം ഇവരെ ഒരുമിച്ചുകൂട്ടും. നബി ﷺ യുടെ വീട് അതിന് പറ്റിയ വിശാലതയോ സൗകര്യമോ ഉള്ളതായിരുന്നില്ല. അബൂബക്റി(റ)ന്‍റെ വീടും അതിന് പറ്റില്ല. കാരണം, അദ്ദേഹം നബി ﷺ യുടെ ഉറ്റ ചങ്ങാതിയാണ്. മക്കക്കാര്‍ അത് ശ്രദ്ധിക്കാന്‍ കാരണമാകും. കഅ്ബയുടെ പരിസത്ത് എവിടെയായിരുന്നാലും മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു. അതിനാല്‍ അതിന് പറ്റിയ ഒരു ഇടം കണ്ടെത്തി. ആരുടെയും ശ്രദ്ധയില്‍ പെടാത്ത, ക്വുറയ്ശി ഗോത്രത്തില്‍ പെടാത്ത, മഖ്സൂം ഗോത്രക്കാരനായ അര്‍ക്വമി(റ)ന്‍റെ വീടായിരുന്നു നബി ﷺ തെരഞ്ഞെടുത്തത്. വളരെ സ്വകാര്യമായി നബിയും വിശ്വാസികളും അവിടെ ഒരുമിച്ച് കൂടുമായിരുന്നു. ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനും പ്രസരിപ്പിക്കുന്നതിനുമായി ആദ്യമായി രൂപംകൊണ്ട പാഠശാല ദാറുല്‍ അര്‍ക്വം (അര്‍ക്വമിന്‍റെ വീട്) ആയിരുന്നു. ഈ കാലത്ത് ഇസ്ലാമിലേക്ക് വരാന്‍ കൊതിച്ച ആളുകളോട് നബി ﷺ കൂടെയുള്ള ആളുകളുടെ എണ്ണക്കുറവെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു എന്നെല്ലാം ചരിത്രത്തില്‍ കാണാവുന്നതാണ്.

ദാറുല്‍ അര്‍ക്വമില്‍വച്ച് നബി ﷺ അല്ലാഹു ഇറക്കിക്കൊടുക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ വിശ്വാസികള്‍ക്ക് ഓതിക്കൊടുക്കുമായിരുന്നു. ആദ്യമായി ഇറങ്ങുന്ന വചനങ്ങള്‍ ആ സന്ദര്‍ഭത്തില്‍തന്നെ നബി ﷺ യില്‍നിന്ന് കേള്‍ക്കാന്‍ ഭാഗ്യംലഭിച്ച മഹാന്മാരായിരുന്നു ഈ സ്വഹാബിമാര്‍. നബി ﷺ ഓതിക്കൊടുക്കുന്ന സൂക്തങ്ങള്‍ അവര്‍ ശ്രദ്ധിച്ച് ഭവ്യതയോടെ കേള്‍ക്കുകയും അതില്‍നിന്ന് ഉദ്ബോധനം സ്വീകരിക്കുകയും അതുമുഖേന അവരുടെ ജീവിതത്തെ സംസ്കരിച്ചെടുക്കുകയും ചെയ്തു.

ആദ്യകാലത്ത് പരസ്യമായി ജനങ്ങളോട് ഈ സന്ദേശം പ്രഖ്യാപിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരുന്നില്ല. അതിനാല്‍തന്നെ വളരെ സ്വകാര്യമായിക്കൊണ്ടായിരുന്നു അവിടുത്തെ ഓരോ കാല്‍വയ്പും. തന്‍റെ കൂടെ വിശ്വാസദൃഢതയുള്ള കുറച്ചുപേര്‍ ഉണ്ടാകുന്നതിനായി നബി ﷺ പ്രവര്‍ത്തിച്ചു.

ആദ്യകാലത്ത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന, അന്ത്യദിനത്തെ ഓര്‍മപ്പെടുത്തുന്ന, നബി ﷺ യുടേത് അടക്കം മുന്‍കാല പ്രവാചകന്മാരുടെ ചരിത്രവും അവരുടെ രിസാലത്തിനെ അറിയിക്കുന്നതുമായ സൂക്തങ്ങളായിരുന്നു അവതീര്‍ണമായിരുന്നത്.

അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ ഓര്‍മപ്പെടുത്തി, അവന്‍റെ കഴിവിനെ പറ്റിയും മഹത്ത്വത്തെ പറ്റിയും പരിചയപ്പെടുത്തി, അല്ലാഹു മാത്രമാണ് ആരാധനക്ക് അര്‍ഹന്‍ എന്ന ഏകദൈവ വിശ്വാസത്തിന്‍റെ കാതല്‍ അവരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വിധത്തിലായിരുന്നു ആദ്യകാലത്തെ ക്വുര്‍ആന്‍ വചനങ്ങള്‍. അതുപോലെ, മരണത്തോടെ ജീവിതം അവസാനിക്കുന്നില്ലെന്നും മരണത്തിന് ശേഷമാണ് യഥാര്‍ഥ ജീവിതം തുടങ്ങുന്നതെന്നും അറിയിക്കുന്നതായിരുന്നു ആദ്യകാലത്തെ ക്വുര്‍ആന്‍ വചനങ്ങള്‍. പ്രവാചകന്മാര്‍ ആരാണെന്നും അവരില്‍ വിശ്വസിക്കേണ്ടതിന്‍റെ പ്രാധാന്യവും അവര്‍ കാണിക്കുന്ന പ്രകാശത്തെ സ്വീകരിച്ച ആളുകളെ ജനങ്ങള്‍ എങ്ങനെയാണ് സ്വീകരിച്ചിരുന്നതെന്നും മുന്‍കാല പ്രവാചകന്മാരുടെ ചരിത്രങ്ങളിലൂടെ ഓര്‍മപ്പെടുത്തി വിശ്വാസം വര്‍ധിപ്പിക്കുന്നതായിരുന്നു ആദ്യകാലത്ത് അവതീര്‍ണമായ ക്വുര്‍ആന്‍ വചനങ്ങള്‍.

ഇപ്രകാരം ഇറങ്ങിയ ക്വുര്‍ആനിലെ വചനങ്ങളില്‍നിന്ന് തൗഹീദ് അവരുടെ ഹൃദയത്തില്‍ പാറപോലെ ഉറച്ചു. പ്രവാചകന്മാരുടെ ചരിത്രങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട അവര്‍ക്ക് മക്കക്കാരുടെ എതിര്‍പ്പില്‍ ക്ഷമിക്കാനും സഹിക്കാനും സാധിച്ചു. പരലോക ജീവിതത്തില്‍ വിജയിക്കുന്നതിന് വേണ്ടി അവരുടെ സ്വഭാവത്തെ അല്ലാഹുവിന് ഇഷ്ടമുള്ളതാക്കി മാറ്റുന്നതിനും അവര്‍ക്ക് സാധിച്ചു.

ഏതാണ്ട് മൂന്നു കൊല്ലം നീണ്ടുനിന്ന രഹസ്യപ്രബോധന കാലത്ത് പതറാത്ത, ഉറച്ച വിശ്വാസമുള്ള, എന്തും സഹനത്തോടെ നേരിടാന്‍ ധൈര്യമുള്ള, സല്‍സ്വഭാവികളായ, മാതൃകായോഗ്യരായ നാല്‍പതോളം ആളുകളെ നബി ﷺ വാര്‍ത്തെടുത്തു.

മുഹമ്മദ് നബി ﷺ യുടെ നേതൃത്വത്തില്‍ മക്കയില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ചിലരെല്ലാം അറിഞ്ഞിരുന്നു. അവര്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. കാരണം, ബഹുദൈവാരാധനയില്‍നിന്ന് മാറിനിന്ന് ഏകദൈവാരാധകരായി ഇബ്റാഹീം നബി ﷺ യുടെ മില്ലത്തില്‍ ജീവിച്ച ഉമയ്യതുബ്നു അബിസ്വല്‍ത്, ക്വുസ്സ്ബ്നു സാഇദ, അംറുബ്നു നുഫയ്ല്‍(റ) തുടങ്ങിയവരെ പോലുള്ള ഒറ്റപ്പെട്ട ആളുകള്‍ അങ്ങിങ്ങായി ഉണ്ടായിരുന്നു. അക്കാലത്ത് ഇവര്‍ ജനങ്ങളില്‍ പ്രബോധനം ചെയ്യാത്തതിനാല്‍ നാട്ടില്‍ പ്രശ്നമുണ്ടായിരുന്നില്ല. ഇതുപോലെതന്നെ മുഹമ്മദ് നബി ﷺ യും സ്വഹാബിമാരും ജനങ്ങള്‍ക്കിടയില്‍ പ്രബോധനം നടത്താതെ അവര്‍ മനസ്സിലാക്കിയതുപോലെ ജീവിച്ചുകൊള്ളുമെന്നാണ് അവര്‍ വിചാരിച്ചത്. കാരണം ആരും അവരുടെ ഇസ്ലാം ആശ്ലേഷണം പരസ്യമാക്കിയിരുന്നില്ല. അതിന് നബി ﷺ അവരോട് കല്‍പിക്കുകയും ചെയ്തിരുന്നില്ല. ഇങ്ങനെ പരസ്യമാക്കാത്തതിനാലാണ് ക്വുറയ്ശികള്‍ അന്ന് ഇവരുടെ കാര്യം പരിഗണിക്കാതിരുന്നത്. (തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

07: ആദ്യ ദിവ്യസന്ദേശത്തിനു ശേഷമുള്ള ഇടവേള

07: ആദ്യ ദിവ്യസന്ദേശത്തിനു ശേഷമുള്ള ഇടവേള

(മുഹമ്മദ് നബിﷺ, ഭാഗം 7)

ഹിറാഅ് ഗുഹയില്‍വച്ച് ലഭിച്ച ആദ്യ വഹ്‌യിനു ശേഷം അല്‍പകാലത്തേക്ക് വഹ്‌യ് ഉണ്ടായില്ല. വഹ്‌യ് നിലച്ച ആ കാലം ‘ഫത്‌റതുല്‍ വഹ്‌യ് എന്നാണ് അറിയപ്പെടുന്നത്. അത് എത്ര കാലമായിരുന്നു എന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഇതു സംബന്ധമായി വന്ന റിപ്പോര്‍ട്ടുകളെ പരിശോധിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്: ‘എന്നാല്‍ വഹ്‌യ് നിലച്ച ആ കാലം ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇബ്‌നു സഅദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നത്; അത് (ആ കാലം ഏതാനും) ദിവസങ്ങളായിരുന്നു എന്നാണ്.’

അത് എത്ര ദിവസമാണെന്ന് ക്ലിപ്തമല്ല. മൂന്നുദിവസം, പത്തുദിവസം, പതിനഞ്ചുദിവസം, നാല്‍പതു ദിവസം, ആറുമാസം എന്നൊക്കെ അഭിപ്രായപ്പെട്ടവരുണ്ട്. രണ്ടരവര്‍ഷം എന്നും മൂന്നുവര്‍ഷം എന്നുമൊക്കെ യാതൊരു നിലയ്ക്കും സ്വീകാര്യയോഗ്യമല്ലാത്ത അഭിപ്രായം പറഞ്ഞവരുമുണ്ട്.

വഹ്‌യ് ഇല്ലാതിരുന്ന ഈ കാലത്ത് നബിﷺ അങ്ങേയറ്റത്തെ ദുഃഖിതനായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ആ ദുഃഖം മൂത്ത് അവിടുന്ന് ആത്മഹത്യക്ക് പോലും ചിന്തിച്ചെന്നും അതിനായി പലതവണ മലമുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ചെന്നും ഓരോ തവണ പര്‍വതത്തിന്റെ ഉച്ചിയില്‍നിന്ന് ചാടാനൊരുങ്ങുമ്പോഴെല്ലാം ജിബ്‌രീല്‍(അ) നബിﷺയുടെ അടുത്ത് വരികയും, ശേഷം ‘ഓ, മുഹമ്മദ്, തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണെന്നത് സത്യമാകുന്നു’ എന്നു പറഞ്ഞ് ആശ്വസിപ്പിക്കാറാണ് പതിവെന്നും ചില റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. ഇതൊന്നും അംഗീകരിക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ല. കാരണം, ആത്മഹത്യയെന്ന മഹാപാപം ചെയ്യാന്‍ ഒരിക്കലും പ്രവാചകന്മാര്‍ ഉദ്ദേശിക്കില്ല. അതുപോലെ ജിബ്‌രീല്‍(അ) വന്ന് നബിﷺയെ ആശ്വസിപ്പിക്കുമ്പോള്‍ അതില്‍ വിശ്വാസം കൊള്ളുന്നതിന് പകരം വീണ്ടും ജീവന്‍ നശിപ്പിക്കാന്‍ ഒരു പ്രവാചകന്‍ ശ്രമിക്കുമോ? ഒരിക്കലുമില്ല! മാത്രവുമല്ല, ഈ സംഭവമൊന്നും പ്രവാചകനിലേക്ക് ചേര്‍ക്കപ്പെട്ട റിപ്പോര്‍ട്ടുകളുമല്ല. ആശയപരമായും നിവേദകപരമ്പരയുടെ സ്വീകാര്യതയുടെ അടിസ്ഥാനത്തിലും ഇത് തള്ളിക്കളയേണ്ടതാണ്.

വീണ്ടും വഹ്‌യ് വരുന്നു

അല്‍പനാളുകളിലെ ഇടവേളക്ക് ശേഷം വീണ്ടും ദിവ്യബോധനം വരാന്‍ ആരംഭിച്ചു. എന്തിനായിരുന്നു ഈ അല്‍പകാലത്തെ ഇടവേള എന്നതിനെ സംബന്ധിച്ച് ഇബ്‌നു ഹജര്‍(റഹി) പറയുന്നു:

”അത് (വഹ്‌യ് കുറച്ചുകാലം വരാതെ പിന്നീട് വരാന്‍ തുടങ്ങിയത്) നബിﷺക്ക് ഉണ്ടായ പേടി നീങ്ങിപ്പോകുന്നതിനു വേണ്ടിയും ഇനിയും അത് തുടര്‍ന്നിരുന്നെങ്കില്‍ എന്ന ആഗ്രഹം അവിടുത്തേക്ക് ഉണ്ടാകുന്നതിന് വേണ്ടിയും ആയിരുന്നു.”

രണ്ടാമത് വഹ്‌യ് വരുന്ന സന്ദര്‍ഭത്തെ പറ്റി നബിﷺ തന്നെ നമുക്ക് പറഞ്ഞുതരുന്നത് കാണുക: ”ജാബിര്‍ ഇബ്‌നു അബ്ദില്ലാഹ്(റ) പറഞ്ഞു: ‘നബിﷺ വഹ്‌യ് നിലച്ചതിനെ പറ്റി സംസാരിക്കവെ (ഇപ്രകാരം) പറഞ്ഞു: ഞാന്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആകാശത്തുനിന്നും ഒരു ശബ്ദം കേള്‍ക്കാനിടയായി. അപ്പോള്‍ ഞാന്‍ എന്റെ ദൃഷ്ടി ഉയര്‍ത്തി. അപ്പോഴതാ ഹിറാഇല്‍ എന്റെ അടുത്തു വന്ന മലക്ക് ആകാശത്തിന്റെയും ഭൂമിയുടെയും ഇടയില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നു. അപ്പോള്‍ ഞാന്‍ പേടിച്ചു. ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ എന്നെ പുതപ്പിക്കൂ, നിങ്ങള്‍ എന്നെ പുതപ്പിക്കൂ.’ അപ്പോള്‍ അല്ലാഹു (ഈ സൂക്തങ്ങള്‍) അവതരിപ്പിച്ചു: ‘ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക.”

മറ്റു ചില റിപ്പോര്‍ട്ടുകളില്‍ നബിﷺ ആ സന്ദര്‍ഭത്തില്‍ പേടിച്ച് ഭൂമിയിലേക്ക് വീണു എന്നും കാണാവുന്നതാണ്.

രണ്ടാം തവണ വഹ്‌യ് ഇറങ്ങിയപ്പോഴും അവിടുന്ന് നന്നായി പേടിച്ചു. ആദ്യത്തേതുപോലെത്തന്നെ പേടിച്ച് കുടുംബത്തിലേക്ക് ഓടുകയും അവര്‍ അദ്ദേഹത്തെ പുതപ്പിക്കുകയും ചെയ്തു. അങ്ങനെ കിടക്കുന്ന സന്ദര്‍ഭത്തിലാണ് ഈ സൂക്തങ്ങള്‍ ഇറക്കപ്പെടുന്നത്. പേടിച്ച് പുതപ്പിനുള്ളില്‍ കിടക്കേണ്ടവനല്ല താങ്കളെന്നും, എഴുന്നേറ്റ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടവനാണെന്നും, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രബോധനം നടത്തേണ്ടതിനാല്‍ ശുദ്ധികൈവരിക്കണമെന്നും അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളെ ഒഴിവാക്കണമെന്നും കല്‍പിച്ചുകൊണ്ടുള്ളതായിരുന്നു രണ്ടാമത്തെ വഹ്‌യ്. പന്നീട് വഹ്‌യ് തുടരെത്തുടരെ വന്നുകൊണ്ടിരുന്നു.

സൂറത്തുല്‍ അലക്വിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങള്‍ ഇറങ്ങിയതിനുശേഷം ഇറങ്ങുന്നത് സൂറത്തുല്‍ മുദ്ദസ്സിറിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങളാണല്ലോ. അപ്പോള്‍ എന്തുകൊണ്ട് ഈ ഭാഗം സൂറത്തുല്‍ അലക്വിന്റെ ബാക്കിഭാഗത്ത് വന്നില്ല എന്ന് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടായേക്കാം. ക്വുര്‍ആനിലെ ഓരോ സൂക്തവും നബിﷺക്ക് ഇറങ്ങുമ്പോള്‍ത്തന്നെ ആ വചനങ്ങള്‍ ഏത് അധ്യായത്തിലാണ് വരേണ്ടതെന്നും എവിടെയാണ് വരേണ്ടതെന്നും അല്ലാഹു അറിയിച്ചിരുന്നു. ആ കാര്യം നബിﷺയുടെ വഹ്‌യ് എഴുത്തുകാരെ അറിയിക്കുകയും അവര്‍ അതുപ്രകാരം എഴുതിവയ്ക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വുര്‍ആനിലെ ഓരോ അധ്യായവും അതിലെ ഓരോ വചനങ്ങളും ക്രമീകരിച്ചിരിക്കുന്നത് എന്ന കാര്യം നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടതുണ്ട്.

വഹ്‌യ് നിലയ്ക്കല്‍ മറ്റൊരു സന്ദര്‍ഭത്തിലും

മറ്റൊരു സന്ദര്‍ഭത്തിലും ഇതുപോലെ നബിﷺക്ക് വഹ്‌യ് വരാത്ത ഇടവേള ഉണ്ടായിരുന്നു. അത് രണ്ടോ മൂന്നോ ദിവസം മാത്രമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ശത്രുക്കള്‍ അവിടുത്തെ നന്നായി പരിഹസിക്കാനും കുത്തിപ്പറയാനും തുടങ്ങി. മുഹമ്മദിനെ അവന്റെ റബ്ബ് ഒഴിവാക്കിയിരിക്കുന്നു എന്ന് അവര്‍ നബിﷺയെ പറ്റി പറയാന്‍ തുടങ്ങി. അപ്പോഴാണ് അല്ലാഹു താഴെ കാണുന്ന സൂക്തങ്ങള്‍ ഇറക്കിയത് എന്ന് ചരിത്രത്തില്‍ കാണാം.

”പൂര്‍വാഹ്നം തന്നെയാണ സത്യം; രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍. (നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല” (ക്വുര്‍ആന്‍ 93:1-3).

സൂറത്തുല്‍ അലക്വിലെ ആദ്യ സൂക്തങ്ങള്‍ ഇറക്കപ്പെട്ടതിനുശേഷം വഹ്‌യ് നിലച്ച സംഭവം നാം വിവരിക്കുകയുണ്ടായി. അതിനെത്തുുടര്‍ന്നാണ് സൂറത്തുല്‍ മുദ്ദസ്സിറിലെ സൂക്തങ്ങള്‍ ഇറങ്ങിയതെന്നും നാം മനസ്സിലാക്കി. എന്നാല്‍ ആദ്യവഹ്‌യ് നിലച്ചതിനുശേഷം ആദ്യമായി ഇറക്കപ്പെട്ടതാണ് ഈ സൂക്തങ്ങളെന്ന്(93:1-3) തെറ്റുധരിച്ച ചിലരുണ്ട്. അത് ശരിയല്ല.

വഹ്‌യിന്റെ ഇനങ്ങള്‍

സത്യസന്ധമായ സ്വപ്‌നമായിരുന്നു വഹ്‌യിന്റെ ആരംഭമെന്ന് മുമ്പ് നാം വിവരിച്ചത് ഓര്‍ക്കുമല്ലോ. പ്രവാചകന്മാര്‍ക്ക് അല്ലാഹു സ്വപ്‌നത്തിലൂടെയും വഹ്‌യ് നല്‍കും എന്നതാണ് ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്. നബിﷺക്ക് ഏകദേശം ആറു മാസത്തോളം ഈ അവസ്ഥയുണ്ടായിരുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇബ്‌റാഹീം നബി(അ)ക്ക് സ്വപ്‌നത്തിലൂടെ വഹ്‌യ് നല്‍കിയ സംഭവം പ്രസിദ്ധമാണ്.

രണ്ടാമത്തെ രൂപം മറ്റൊന്നായിരുന്നു. ജിബ്‌രീല്‍(അ) നബിﷺയുടെ അടുക്കല്‍ വന്ന് സന്ദേശം നല്‍കും. എന്നാല്‍ നബിﷺ ജിബ്‌രീലിനെ കാണാറില്ലായിരുന്നു. മലക്ക് മനുഷ്യരൂപത്തില്‍ നബിﷺയുടെ അടുത്തുവന്ന് സന്ദേശം നല്‍കലാണ് വഹ്‌യിന്റെ മൂന്നാമത്തെ രൂപം. അതിനെ സംബന്ധിച്ച് നബിﷺ പറയുന്നത് കാണുക: ”ചിലപ്പോള്‍ മലക്ക് എനിക്കുവേണ്ടി ഒരു പുരുഷന്റെ രൂപംപ്രാപിക്കും. എന്നിട്ട് എന്നോട് അദ്ദേഹം സംസാരിക്കും. അപ്പോള്‍ ഞാന്‍ അദ്ദേഹം പറയുന്നത് നന്നായി മനസ്സിലാക്കും” (ബുഖാരി).

ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വഹാബിമാര്‍ക്കും ജിബ്‌രീലിനെ കാണാമായിരുന്നു. മണിനാദംപോലെയുള്ള ശബ്ദം കേള്‍ക്കുന്ന രൂപത്തിലാണ് നബിﷺക്ക് വഹ്‌യ് ലഭിക്കുന്നതിന്റെ നാലാമത്തെ രൂപം. അതായിരുന്നു അവിടുത്തേക്ക് അങ്ങേയറ്റത്തെ പ്രയാസമുണ്ടായിരുന്നത്. അതിനെ സംബന്ധിച്ച് ഹദീഥുകളില്‍ ഇപ്രകാരം കാണാം:

അല്‍ഹാരിഥ് ഇബ്‌ന് ഹിശാം(റ) റസൂലിﷺനോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എപ്രകാരമായിരുന്നു അങ്ങേക്ക് വഹ്‌യ് വന്നിരുന്നത്?’ അപ്പോള്‍ റസൂല്‍ﷺ പറഞ്ഞു: ‘ചിലപ്പോള്‍ മണിനാദംപോലെയാണ് എനിക്ക് വഹ്‌യ് വന്നിരുന്നത്. അതായിരുന്നു എനിക്ക് ഏറ്റവും പ്രയാസം. അങ്ങനെ അത് എന്നില്‍നിന്ന് വിട്ടുമാറിപ്പോയാല്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ നന്നായി മനസ്സിലാക്കുകയും ചെയ്യും'(ബുഖാരി).

ഈ അവസ്ഥയില്‍ വഹ്‌യ് വരുന്ന സന്ദര്‍ഭത്തെ പറ്റി ആഇശ(റ) പറയുന്നത് കാണുക: ”കഠിനമായ തണുപ്പുള്ള ഒരു ദിവസത്തില്‍ നബിﷺക്ക് വഹ്‌യ് ഇറങ്ങുന്നത് ഞാന്‍ കാണുകയുണ്ടായി. അങ്ങനെ അത് (വഹ്‌യ് ഇറങ്ങുന്നത്) ഒഴിവായപ്പോള്‍ തീര്‍ച്ചയായും അവിടുത്തെ നെറ്റിയില്‍ വിയര്‍പ്പ് ഒഴുകി”(ബുഖാരി).

അവിടുത്തെ മുഖത്തിന്റെ അവസ്ഥതന്നെ മാറുമായിരുന്നു എന്നും മറ്റു ചില റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. നബിﷺയുടെ വഹ്‌യ് എഴുത്തുകാരനായ സൈദുബ്‌നു ഥാബിത്(റ) പറയുന്നത് കാണുക:

”നബിﷺയുടെ തുട എന്റെ തുടയില്‍ ആയിരിക്കുമ്പോള്‍ അല്ലാഹു അവന്റെ റസൂലിന്ﷺ (വഹ്‌യ്) ഇറക്കി. എന്റെ തുട പൊട്ടിപ്പോകുന്നത് ഞാന്‍ പേടിക്കുന്നത് വരെ അത് എനിക്ക് അങ്ങേയറ്റത്തെ ഭാരമായി”(ബുഖാരി).

നബിﷺയും സൈദും(റ) അന്നേരം ഒട്ടകപ്പുറത്ത് യാത്രയിലായിരുന്നു. ആ ഇരുത്തത്തില്‍ അവിടുത്തെ കാല്‍തുട സൈദി(റ)ന്റെ കാല്‍തുടയില്‍ തട്ടിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. അപ്പോഴാണ് ഇപ്രകാരം വഹ്‌യ് ഇറങ്ങിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ ഭാരം താങ്ങാന്‍ കഴിയാതെ വാഹനം മുട്ടുകുത്തുമായിരുന്നു എന്നും നമുക്ക് കാണാവുന്നതാണ്. മലക്കിനെ തനതായ രൂപത്തില്‍ കാണുന്ന രൂപത്തിലും നബിﷺക്ക് വഹ്‌യ് ലഭിക്കാറുണ്ടായിരുന്നു. രണ്ടുതവണയാണ് ഇപ്രകാരം ഉണ്ടായത് എന്നും ജിബ്‌രീലിനെ സാക്ഷാല്‍ രൂപത്തില്‍ നബിﷺ കണ്ടപ്പോള്‍ ജിബ്‌രീലിന് അതിവിശാലമായ അറുനൂറ് ചിറകുകള്‍ ഉണ്ടായിരുന്നു എന്നും നബിﷺ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അല്ലാഹു തന്നെ നേരിട്ട് ഒരു മറക്ക് പിന്നില്‍വച്ച് സംസാരിച്ചും വഹ്‌യ് നല്‍കും. ഇതാണ് അഞ്ചാമത്തെ രൂപം. ഇസ്‌റാഅ്-മിഅ്‌റാജ്‌യാത്രയില്‍ നബിﷺയോട് നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ട സന്ദര്‍ഭത്തില്‍ അല്ലാഹു നബിﷺയുമായി നടത്തിയ സംസാരം ഇതിന് ഉദാഹരണമാണ്. മൂസാ(അ) തൗറാത്ത് സ്വീകരിക്കാന്‍ പോയ സന്ദര്‍ഭത്തില്‍ അല്ലാഹുവുമായി സംസാരിച്ചത് നാം മനസ്സിലാക്കിയിട്ടുണ്ട്.

”നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന്നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ലതന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് പര്‍വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു”(ക്വുര്‍ആന്‍ 7:143).

മൂസാനബി(അ)യോട് അല്ലാഹു സംസാരിച്ച ഈ സന്ദര്‍ഭവും ഒരു മറക്ക് പിന്നില്‍ നിന്നായിരുന്നു എന്ന് ഈ ആയത്തില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. വഹ്‌യിന്റെ ഈ രൂപത്തെ പറ്റി ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നത് കാണുക:

”(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 42:51).

നബിﷺക്ക് ജിബ്‌രീല്‍(അ) വഹ്‌യ് നല്‍കുന്ന വേളയില്‍ പെെട്ടന്ന് അതെല്ലാം ഹൃദിസ്ഥമാക്കുന്നതിന് ധൃതിപ്പെടുമായിരുന്നു. വഹ്‌യ് നല്‍കപ്പെടുന്ന കാര്യങ്ങള്‍ മറന്നേക്കുമോ എന്നെല്ലാമുള്ള പേടികൊണ്ടാകാം അവിടുന്ന് ഇപ്രകാരം ധൃതികാണിച്ചിരുന്നത്. അതിനാല്‍ നബിﷺയെ അല്ലാഹു ആശ്വസിപ്പിച്ചു:

”നീ അത് (ക്വുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതുംകൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു” (ക്വുര്‍ആന്‍ 75:16-19).

”നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല” (ക്വുര്‍ആന്‍ 87:6).

”…ക്വുര്‍ആന്‍-അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി- പാരായണം ചെയ്യുന്നതിനു നീ ധൃതികാണിക്കരുത്. എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 20:114).

നബിﷺക്ക് വഹ്‌യ് നല്‍കുന്ന ഏതൊരു കാര്യത്തിലും യാതൊരു മറവിയും സംഭവിക്കാത്ത വിധത്തില്‍ അല്ലാഹു പ്രത്യേകമായ കാവല്‍ നല്‍കിയിരുന്നു. ധൃതിപ്പെട്ട് പഠിക്കാന്‍ ശ്രമിച്ച നബിﷺയോട് അല്ലാഹു പറഞ്ഞത് നാം കണ്ടല്ലോ. അതിന് ശേഷം നബിﷺ എപ്രകാരമായിരുന്നു എന്നത് ഹദീഥില്‍ കാണാം.

”അങ്ങനെ ജിബ്‌രീല്‍ നബിﷺയുടെ അടുത്ത് വന്നാല്‍ അവിടുന്ന് തലതാഴ്ത്തി ഇരിക്കും. ജിബ്‌രീല്‍ പോയാല്‍ അല്ലാഹു നബിﷺക്ക് വാഗ്ദാനം നല്‍കിയതുപോലെ അത് പാരായണം ചെയ്യുമായിരുന്നു” (ബുഖാരി).

(തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

06: നബി ﷺ യുടെ ഏകാന്തവാസം

നബി ﷺ യുടെ ഏകാന്തവാസം

(മുഹമ്മദ് നബി ﷺ , ഭാഗം 6)

മുഹമ്മദ് ﷺ പ്രവാചകത്വത്തിന് മുമ്പും ശേഷവും ആര്‍ക്കും മാതൃയാകും വിധമാണ് ജീവിച്ചിരുന്നത് എന്നു നാം മനസ്സിലാക്കി. ജാഹിലിയ്യ കാലത്തെ അറബികളുടെ മൂല്യച്യുതിയുടെ ആഴം ചെറുതായിരുന്നില്ല. അവരുടെ വഴിവിട്ട ജീവിതം പ്രവാചകനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സമൂഹത്തിന്റെ അന്ധവിശ്വാസങ്ങളോടും അരാജകത്വങ്ങളോടും നീരസവും വിമുഖതയും നബി ﷺ യില്‍ നിലനിന്നു. സമൂഹത്തില്‍നിന്നും അകന്നുമാറി ഏകാന്തനായി ജീവിക്കുന്നത് അദ്ദേഹത്തിന് പ്രിയങ്കരമായിത്തോന്നി. ഈ ചിന്ത ദിനംപ്രതി വര്‍ധിച്ചു. നുബുവ്വത്ത് (പ്രവാചകത്വം) ലഭിക്കാന്‍ പോകുന്നതിന്റെ പല അടയാളങ്ങളും നബി ﷺ യില്‍ ഉണ്ടാകാന്‍ തുടങ്ങി. നബി ﷺ ക്ക് താന്‍ നബിയാകാന്‍ പോകുന്നു എന്നതിനെപ്പറ്റി അറിവില്ലായിരുന്നെങ്കിലും പലതരത്തിലുള്ള പ്രത്യേകതകളും അവിടുത്തെ ജീവിതത്തില്‍ സംഭവിക്കാന്‍ തുടങ്ങി. നബി ﷺ മക്കയിലൂടെ നടന്നുപോകുമ്പോള്‍ ഒരു കല്ല് അവിടുത്തോട് സലാം പറയാന്‍ തുടങ്ങിയത് അതില്‍പെട്ട ഒരു പ്രത്യേകതയായിരുന്നു. അതിനെപ്പറ്റി നബി ﷺ പറയുന്നത് കാണുക:

ജാബിറുബ്‌നു സമുറ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘ഞാന്‍ (പ്രവാചകനായി) നിയോഗിക്കപ്പെടുന്നതിന് മുമ്പ് എന്നോട് സലാം പറയാറുണ്ടായിരുന്ന മക്കയിലെ ഒരു കല്ലിനെപ്പറ്റി തീര്‍ച്ചയായും എനിക്ക് അറിയാം. തീര്‍ച്ചയായും ഇപ്പോഴും ഞാന്‍ അതിനെ തിരിച്ചറിയുന്നു.”

പ്രവാചകനായി നിയോഗിക്കപ്പെടുന്നതിനു മുമ്പ് നബി ﷺ ഇടയ്ക്കിടക്ക് ചില സ്വപ്‌നങ്ങള്‍ കാണാറുണ്ടായിരുന്നു. ഈ സ്വപ്‌നങ്ങള്‍ പ്രഭാതം പൊട്ടിവിടരുന്നതുപോലെ സത്യമായി പുലരുകയും ചെയ്യും! ആഇശ(റ) അതിനെപ്പറ്റി നമുക്ക് പറഞ്ഞുതരുന്നുണ്ട്.

നബി ﷺ യുടെ പത്‌നി ആഇശ(റ) പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലി ﷺ ന് ആദ്യമായി വഹ്‌യിന് തുടക്കം കുറിച്ചത് സത്യസന്ധമായ സ്വപ്‌നത്തിലൂടെയായിരുന്നു. നബി ﷺ (ഒരു) സ്വപ്‌നവും കാണാറില്ലായിരുന്നു; പ്രഭാതം പൊട്ടിവിടരുന്നതുപോലെ (ആ) സ്വപ്‌നം പുലരാതെയല്ലാതെ. പിന്നീട് അവിടുത്തേക്ക് ഏകാന്തവാസം ഇഷ്ടമാക്കപ്പെട്ടു. അങ്ങനെ നബി ﷺ ഹിറാഅ് ഗുഹയില്‍ ആരാധനയിലായി കുറെ രാത്രികള്‍ കുടുംബത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് കഴിച്ചുകൂട്ടും. അതിനുള്ള പാഥേയം അവിടുന്ന് കരുതിയിരുന്നു. പിന്നീട് ഖദീജ(റ)യുടെ അടുക്കലേക്ക് മടങ്ങും. അങ്ങനെ അവിടുത്തേക്ക് സത്യം വെളിപ്പെടുന്നതുവരെ അതുപോലെയുള്ള പാഥേയം ഒരുക്കുമായിരുന്നു. (അങ്ങനെ) അദ്ദേഹം ഹിറാഅ് ഗുഹയില്‍ ആയിരിക്കെ മലക്ക് വന്നു. എന്നിട്ട് (മലക്ക്) പറഞ്ഞു: ‘വായിക്കുക.’ അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ നബി ﷺ പറഞ്ഞു: ‘എനിക്ക് വിഷമം ഉണ്ടാകുന്നതുവരെ (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു.’ എന്നിട്ട് പറഞ്ഞു: ‘വായിക്കുക.’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ എനിക്ക് വിഷമം ഉണ്ടാകുന്നത് വരെ രണ്ടാമതും (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു. എന്നിട്ട് പറഞ്ഞു: ‘വായിക്കുക.’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ എനിക്ക് വിഷമം ഉണ്ടാകുന്നതുവരെ മൂന്നാമതും (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു. എന്നിട്ട് (മലക്ക്) പറഞ്ഞു: ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു” (സൂറ അലക്വ് 1-5).

നബി ﷺ അതുമായി പേടിച്ച് മടങ്ങി. അങ്ങനെ ഖദീജ(റ)യുടെ അടുക്കല്‍ പ്രവേശിച്ചു. എന്നിട്ട് അവിടുന്ന് അവരോട് പറഞ്ഞു: ‘എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ.’ അങ്ങനെ അവിടുത്തെ ഭയം നീങ്ങുന്നതുവരെ അവര്‍ അദ്ദേഹത്തെ പുതപ്പിച്ചു. അദ്ദേഹം ഖദീജ(റ)യോട് പറഞ്ഞു: ‘ഖദീജാ, എനിക്ക് എന്തുപറ്റി? ഞാന്‍ എന്റെ കാര്യത്തില്‍ പേടിക്കുന്നു!’ എന്നിട്ട് അവരോട് ആ വിവരം അറിയിച്ചു. ഖദീജ(റ) പറഞ്ഞു: ‘അങ്ങനെയല്ല, അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ (സത്യം) അല്ലാഹു അങ്ങയെ ഒരിക്കലും നിന്ദിക്കുകയില്ല. അല്ലാഹുവാണ (സത്യം), അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം പറയുന്നു. (കഷ്ടപ്പെടുന്നവന്റെ) ഭാരം ചുമക്കുന്നു. ഇല്ലാത്തവന് വേണ്ടി സമ്പാദിക്കുന്നു. അതിഥിയെ മാനിക്കുന്നു. അവകാശം നഷ്ടപ്പെട്ടവരെ സഹായിക്കുന്നു.’ എന്നിട്ട് ഖദീജ(റ) അദ്ദേഹത്തെ തന്റെ പിതൃവ്യനായ വറക്വതുബ്‌നു നൗഫലിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ജാഹിലിയ്യ കാലത്ത് ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹം അറബിയില്‍ എഴുതും. ഇഞ്ചീലില്‍നിന്ന് അല്ലാഹു ഉദ്ദേശിച്ചത് അറബിയില്‍ എഴുതാറുണ്ടായിരുന്നു. അദ്ദേഹം വലിയ പ്രായമുള്ള, അന്ധത ബാധിച്ച ആളായിരുന്നു. ഖദീജ(റ) പറഞ്ഞു: ‘ഓ, പിതൃവ്യ പുത്രാ, താങ്കളുടെ സഹോദര പുത്രനില്‍നിന്ന് (അദ്ദേഹം പറയുന്നത്) കേട്ടാലും.’ വറക്വത് പറഞ്ഞു: ‘ഓ, സഹോദര പുത്രാ, എന്താണ് താങ്കള്‍ കണ്ടത്?’ അപ്പോള്‍ നബി ﷺ കണ്ടതെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ വറക്വത് പറഞ്ഞു: ‘ഇത് മൂസായുടെമേല്‍ ഇറക്കപ്പെട്ട മലക്കാകുന്നു. നിന്റെ സമൂഹം നിന്നെ പുറത്താക്കുന്ന സമയത്ത്…’ റസൂല്‍ ﷺ ചോദിച്ചു: ‘അവര്‍ എന്നെ പുറത്താക്കുമെന്നോ?’ വറക്വത് പറഞ്ഞു: ‘അതെ, നിനക്ക് കൊണ്ടു വന്നതുമായി വന്നിട്ടുള്ള ഏതൊരാളും ഉപദ്രവിക്കപ്പെടാതെ വന്നിട്ടില്ല. നിന്നെ (അവര്‍ ഉപദ്രവിക്കുന്ന) ദിവസത്തില്‍ ഞാന്‍ ജീവിച്ചിരിക്കുന്നവനാണെങ്കില്‍ നിന്നെ ഞാന്‍ ബലിഷ്ഠമായി സഹായിക്കുക തന്നെ ചെയ്യും.’ പിന്നീട് താമസിയാതെ വറക്വത് മരണപ്പട്ടു. അങ്ങനെ നബി ﷺ ദുഃഖിതനാകുന്നതുവരെ വഹ്‌യ് (അല്‍പ കാലം) നിന്നു” (ബുഖാരി).

ദീര്‍ഘമായ ഈ ഹദീഥിന്റെ തുടക്കത്തില്‍ നബി ﷺ യുടെ വഹ്‌യിന്റെ ആരംഭം സത്യസന്ധമായ സ്വപ്‌നമായിരുന്നു എന്നത് മനസ്സിലാക്കാം. അഥവാ, പ്രവാചകന്‍ ﷺ ഉറക്കത്തില്‍ കാണുന്ന ഓരോ സ്വപ്‌നവും പകല്‍ വിടരുന്നതുപോലെ സത്യമായി പുലര്‍ന്നുവന്നിരുന്നു. ഇത് പ്രവാചകത്വത്തിന്റെ തുടക്കത്തിനുള്ള ഒരു അടയാളമായിരുന്നു. ഈ കാര്യം നബി ﷺ ക്ക് തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. മറഞ്ഞകാര്യങ്ങള്‍ അവിടുത്തേക്ക് സ്വന്തമായി അറിയില്ലല്ലോ. ശേഷം അവിടുത്തേക്ക് ഏകാന്തവാസം ഇഷ്ടമാകുകയും ഹിറാഅ് ഗുഹയില്‍ ഏകാന്തനായി ആരാധനയില്‍ കഴിച്ചുകൂട്ടുകയും ചെയ്തു. ഏകാന്തവാസത്തിനായി ഹിറാഅ് ഗുഹ തെരഞ്ഞെടുക്കാന്‍ കാരണം അവിടെനിന്നു നോക്കിയാല്‍ കഅ്ബ നന്നായി തെളിഞ്ഞ് കാണാമായിരുന്നു എന്നതാണ് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഹിറാഅ് ഗുഹയില്‍ ഏകാന്തനായി, ധ്യാനനിരതനായി നബി ﷺ കഴിച്ചുകൂട്ടും. അങ്ങനെ ധാരാളം രാത്രികള്‍ വീട്ടിലേക്ക് മടങ്ങാതെ അവിടെത്തന്നെ കഴിയാറായിരുന്നു പതിവ്. ഭക്ഷണവും വെള്ളവുമെല്ലാം പത്‌നി ഖദീജ(റ) തയ്യാറാക്കിക്കൊടുക്കും. അതുമായി അവിടുന്ന് ഹിറാഅ് ഗുഹയിലേക്ക് പോകും. പാഥേയം തീര്‍ന്നാല്‍ വീട്ടിലേക്ക് മടങ്ങിവരും. ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

അങ്ങനെ ഒരു ദിവസം നബി ﷺ ഹിറാഅ് ഗുഹയില്‍ ഏകാന്തനായി ഇരിക്കുമ്പോള്‍ അവിടെ ജിബ്‌രീല്‍ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു. എഴുത്തും വായനയും അറിയാത്ത പ്രവാചക ﷺ നോട് ജിബ്‌രീല്‍(അ) ആദ്യമായി കല്‍പിച്ചത് വായിക്കാന്‍ വേണ്ടിയായിരുന്നു. ‘ഞാന്‍ വായിക്കുന്നവനല്ല, അഥവാ എനിക്ക് വായന അറിയില്ല’ എന്നായിരുന്നു മറുപടി. നബി ﷺ യെ ജിബ്‌രീല്‍ ശക്തമായി മൂന്നുതവണ ആലിംഗനം ചെയ്യുകയും വിടുകയും ചെയ്തു. ആ ശക്തമായ പിടുത്തത്തില്‍ നബി ﷺ ക്ക് വല്ലാത്ത ക്ലേശം അനുഭവപ്പെട്ടു. തുടര്‍ന്ന് ക്വുര്‍ആനിലെ സൂറതുല്‍ അലക്വിലെ ആദ്യ സൂക്തങ്ങള്‍ ഓതിക്കൊടുക്കുകയും ചെയ്തു. അത് ഒരു റമദാനില്‍ ആയിരുന്നു; നബി ﷺ യുടെ നാല്‍പതാമത്തെ വയസ്സിന്റെ തുടക്കത്തില്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നബി ﷺ യുടെ ജനനം റമദാനിലായിരുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

വഹ്‌യിന് ഒരു ഭാരം ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആഇശ(റ)യുടെ മടിയില്‍ നബി ﷺ തലവച്ച് കിടക്കുമ്പോള്‍ വഹ്‌യ് ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ ആഇശ(റ) അനുഭവിച്ചിരുന്ന പ്രയാസം ഹദീഥുകളില്‍ കാണാം. അതുപോലെ ഈ ക്വുര്‍ആന്‍ ഒരു പര്‍വതത്തിലാണ് ഇറക്കിയിരുന്നതെങ്കില്‍ അത് വിനയപ്പെടുകയും അല്ലാഹുവിനെക്കുറിച്ചുള്ള പേടിയാല്‍ പൊട്ടിപ്പിളരുകയും ചെയ്യുമായിരുന്നു എന്ന് ക്വുര്‍ആനും (സൂറഃ അല്‍ഹശ്ര്‍ 22) വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭാരം സ്വീകരിക്കുവാന്‍ പര്യാപ്തമാകും വിധത്തില്‍ അവിടുത്തെ സജ്ജമാക്കിയതാകാം ജിബ്‌രീലി(അ)ന്റെ ശക്തമായ പിടുത്തവും വിടലും എല്ലാം. അല്ലാഹുവാണ് ഏറ്റവും അറിവുള്ളവന്‍.

മലക്ക് ഓതിക്കൊടുത്തത് പോലെ അവിടുന്നും ഉരുവിട്ടു. ആ വചനങ്ങള്‍ അവിടുത്തെ ഹൃദയത്തിലേക്ക് പ്രവേശിച്ചു. പെെട്ടന്ന് തന്റെ അടുത്തു വന്ന മലക്കിനെ കാണാതാകുകയും ചെയ്തു. നബി ﷺ അങ്ങേയറ്റം പേടിച്ചു. ഹിറാഅ് ഗുഹയില്‍നിന്ന് ഇറങ്ങി. പ്രിയ സഖി ഖദീജഃ(റ)യുടെ അടുത്തേക്ക് ധൃതിപ്പെട്ട് മടങ്ങി. അവിടുന്ന് പേടിച്ച് വിറക്കുന്നുണ്ടായിരുന്നു. എന്നെ പുതപ്പിക്കൂ എന്ന് ഭാര്യയോട് പറഞ്ഞപ്പോള്‍ അവര്‍ തന്റെ സ്‌നേഹനിധിയെ നന്നായി പുതപ്പിച്ചു. ബുദ്ധിമതിയായ ഖദീജ(റ) അവിടുത്തോട് മറ്റൊന്നും ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. കാരണം, പേടിച്ച് വന്നതാണല്ലോ. ആദ്യം അവിടുന്ന് ആവശ്യപ്പെട്ടത് നിവൃത്തിച്ചുകൊടുത്തു. പിന്നീട് പേടി അല്‍പാല്‍പമായി നീങ്ങി. അപ്പോള്‍ ഖദീജ(റ) കാര്യം തിരക്കി. നബി ﷺ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. നബി ﷺ യുടെ സംഭവ വിവരണം കേട്ടപ്പോള്‍ ഖദീജ(റ) അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

ശേഷം, ഖദീജ(റ)യുടെ ബന്ധുവായ, മുന്‍വേദഗ്രന്ഥങ്ങളില്‍ അവഗാഹമുള്ള വറക്വതുബ്‌നു നൗഫലിന്റെ അടുത്തേക്ക് നബി ﷺ യെ കൊണ്ടുപോയി. കാര്യങ്ങളെല്ലാം നബി ﷺ വിവരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇത് മൂസായുടെ അടുക്കല്‍ ഇറങ്ങിയ അതേ ആളാണ്. അങ്ങയെ അല്ലാഹു അതേ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. താങ്കള്‍ക്ക് ലഭിച്ചിട്ടുള്ള ഈ കാര്യങ്ങള്‍ ആര്‍ക്കെല്ലാം വന്നിട്ടുണ്ടോ, അവരെല്ലാം ദ്രോഹിക്കപ്പെട്ടിട്ടുണ്ട്. നിന്റെ സമൂഹം നിന്നെ നാട്ടില്‍നിന്ന് പുറത്താക്കുന്ന സമയത്ത് ഞാനൊരു ആരോഗ്യമുള്ള യുവാവായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിക്കുന്നു.’ ഇത് കേട്ടപ്പോള്‍ അവിടുന്ന് അമ്പരന്നു. അല്‍അമീന്‍ എന്ന് എന്നെ വിളിക്കുന്ന എന്റെ നാട്ടുകാര്‍ പുറത്താക്കുമെന്നോ? വറക്വത് പറഞ്ഞു: ‘അതെ. ഇങ്ങനെ വന്നവരെല്ലാം ദ്രോഹിക്കപ്പെടുകയോ ശത്രുക്കളാക്കപ്പെടുകയോ ചെയ്യാതിരുന്നിട്ടില്ല. അന്ന് ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിന്നെ ഞാന്‍ ശക്തമായി സഹായിക്കുന്നതാണ്.’ അധികകാലം കഴിയും മുമ്പ് വറക്വത് മരണപ്പെട്ടു.

ഈ വഹ്‌യിന് ശേഷം പിന്നീട് കുറച്ചുനാളത്തേക്ക് വഹ്‌യ് നിലച്ചു. അത് നബി ﷺ ക്ക് ദുഃഖമുണ്ടാക്കി. എങ്കിലും പിന്നീട് വഹ്‌യിന് തുടര്‍ച്ച ഉണ്ടാകുകയും ചെയ്തു.

പലരും പുണ്യഭൂമി (മക്ക) സന്ദര്‍ശിക്കുമ്പോള്‍ പാടുപെട്ട് ഹിറാഅ് ഗുഹ സന്ദര്‍ശിക്കുന്നതായി കാണാം. പലരും ആ സ്ഥലത്തിന് പ്രത്യേക പുണ്യം കണക്കാക്കുന്നവരുമാണ്. അത് സന്ദര്‍ശിക്കുന്നതിലോ അതില്‍വച്ച് ആരാധനകള്‍ നിര്‍വഹിക്കുന്നതിലോ പ്രത്യേകമായ യാതൊരു പുണ്യവുമില്ല. നബി ﷺ ഹിജ്‌റക്കുമുമ്പ് പത്ത് വര്‍ഷത്തിലേറെ മക്കയില്‍ ഉണ്ടായിട്ടും ഹിറാഅ് ഗുഹയിലേക്ക് ഒരു പുണ്യയാത്രപോയിട്ടില്ല. മക്കാവിജയ ദിവസമോ അതിനുശേഷമോ അപ്രകാരം അവിടുന്ന് ചെയ്യുകയോ അതിന് നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഹിറാഅ് ഗുഹ സന്ദര്‍ശിക്കുന്നതിലോ അതില്‍ ഇബാദത്ത് നിര്‍വഹിക്കുന്നതിലോ പ്രത്യേകമായ യാതൊരു പുണ്യവുമില്ല എന്നതും ഒരു ചരിത്ര സ്ഥലം എന്ന നിലയ്ക്ക് ആരെങ്കിലും സന്ദര്‍ശിക്കുന്നുവെങ്കില്‍ അതില്‍ വിരോധവുമില്ല എന്നതും മനസ്സിലാക്കുക.

അപരിചിതനായ ഒരാളു(ജിബ്‌രീലു)മായുള്ള ആ സംഗമം പ്രവാചകനില്‍ അങ്ങേയറ്റത്തെ ഭീതിയുണ്ടാക്കി എന്നത്, നബി ﷺ പ്രവാചകത്വം പ്രതീക്ഷിച്ചിരുന്നില്ല എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. സമൂഹത്തില്‍നിന്ന് മാറി ഹിറാഅ് ഗുഹയില്‍ ഏകാന്തവാസം സ്വീകരിച്ചത് സമൂഹത്തെ നേരിന്റെ വഴിയില്‍ നടത്താന്‍ ഒരു വെളിച്ചം അന്വേഷിച്ചതായിരുന്നു എന്നും അതിനായുള്ള ഒരു ആത്മീയ തയ്യാറെടുപ്പ് നടത്തുകയായിരുന്നു അവിടുന്ന് ചെയ്തിരുന്നത് എന്നും, തേടിയ വള്ളി കാലില്‍ചുറ്റി എന്ന് പറയുന്നതു പോലെ നബി ﷺ ആഗ്രഹിച്ചത് നടന്നു എന്നുമെല്ലാം ചിലര്‍ പറയാറുണ്ട്. എന്നാല്‍ നബി തിരുമേനി ﷺ ഒരിക്കലും ഒരു പ്രവാചകത്വത്തെയോ തനിക്ക് വേദഗ്രന്ഥം ഇറക്കപ്പെടുന്നതിനെ പറ്റിയോ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ക്വുര്‍ആന്‍ നമുക്ക് മുമ്പില്‍ വ്യക്തമാക്കുന്നത്.

”നിനക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (അതു ലഭിച്ചു)” (സൂറഃ അല്‍ക്വസ്വസ്വ് 86).

”അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴികാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്റെ പാതയിലേക്ക്. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്” (സൂറഃ അശ്ശൂറാ 52,53).

പ്രവാചകന്മാര്‍ക്ക് പ്രവാചകത്വം നല്‍കപ്പെടുന്നത് അവര്‍ ആഗ്രഹിച്ചതുകൊണ്ടോ അതിനുവേണ്ടി അധ്വാനിച്ചതിനാലോ അല്ല. ഇനി, ആരെങ്കിലും ആഗ്രഹിക്കുകയോ അതിനുവേണ്ടി അധാനിക്കുകയോ ചെയ്താലും നുബുവ്വത്ത് എന്ന ആ ഉന്നത പദവി ലഭിക്കപ്പെടാനും പോകുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന ആ പദവി അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുകയാണ് ചെയ്യാറ്. നുബുവ്വത്ത്, രിസാലത്ത് തുടങ്ങിയ രണ്ട് സ്ഥാനവും ‘വഹബിയ്യ്’ ആണ്; ‘കസബിയ്യ്’ അല്ല. അഥവാ, അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നതാണ്, സ്വപ്രയത്‌നത്താല്‍ നല്‍കപ്പെടുന്നതല്ല. അതിനാല്‍ മുഹമ്മദ് നബി ﷺ ഒരിക്കല്‍ പോലും പ്രവാചകത്വം കൊതിക്കുകയോ അതിനുവേണ്ടി സ്വയം തയ്യാറാവുകയോ ചെയ്തിരുന്നില്ല എന്നും, എല്ലാ നബിമാര്‍ക്കും അല്ലാഹു അനുഗ്രഹമായി നല്‍കിയതുപോലെ മുഹമ്മദ് നബി ﷺ യെ അതിനായി തെരഞ്ഞടുക്കുകയാണ് ചെയ്തത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രവാചകനും താന്‍ നബിയാകാന്‍ പോകുന്ന ആളാണെന്ന് നേരത്തെ അറിയാന്‍ സാധിക്കുമായിരുന്നില്ല.

നബി ﷺ നേരത്തെ പ്രവാചകത്വം ആഗ്രഹിച്ചിരുന്നുവെങ്കില്‍ ജിബ്‌രീല്‍(അ) തന്റെ മുന്നില്‍ വന്നപ്പോള്‍ പേടിക്കേണ്ടിയിരുന്നില്ലല്ലോ. ഞാന്‍ പ്രതീക്ഷിച്ചത് നടക്കാന്‍ പോകുന്നു എന്ന് സന്തോഷിക്കുകയല്ലേ വേണ്ടിയിരുന്നത്? തന്റെ മോഹം പൂവണിയാന്‍ പോകുന്നു എന്നായിരുന്നില്ലേ വിചാരിക്കേണ്ടിയിരുന്നത്? സന്തോഷിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? എന്നാല്‍ വളരെയധികം ഭയപ്പെടുകയാണുണ്ടായത് എന്ന് ബുഖാരിയില്‍ വന്ന ഹദീഥില്‍നിന്നും നാം കണ്ടു. മുഹമ്മദ് നബി ﷺ ക്ക് നിനച്ചിരിക്കാതെ തന്നെ ലഭിച്ച മഹത്തായ സൗഭാഗ്യമായിരുന്നു പ്രവാചകത്വം എന്നതിനാണ് പ്രമാണങ്ങള്‍ പിന്‍ബലം നല്‍കുന്നത്. (തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക