ഭര്‍ത്താവിനെ അനുസരിക്കാത്ത ഭാര്യ

ഭര്‍ത്താവിനെ അനുസരിക്കാത്ത ഭാര്യ
ഇസ്‌ലാമിക വസ്ത്രധാരണ മര്യാദകള്‍ പാലിക്കാന്‍ എത്ര ഉപദേശിച്ചിട്ടും ഭാര്യ തയ്യാറാകുന്നില്ല. അവളെ എങ്ങനെ മാറ്റിയെടുക്കും?
ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു: ''...അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം''(4:19).

''സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു'' (2:228). ഈ ക്വുര്‍ആന്‍ വചനങ്ങളില്‍നിന്ന് മനസ്സിലാകുന്നത് ഭര്‍ത്താവിനെ അനുസരിക്കല്‍ ഭാര്യക്ക് നിര്‍ബന്ധമാണ് എന്നാണ്. വീട്ടില്‍നിന്ന് പുറത്തിറങ്ങിപ്പോകാന്‍ ഭാര്യക്ക് ഭര്‍ത്താവിന്റെ സമ്മതം വേണം. സ്വന്തം മാതാവിനോടും പിതാവിനോടും ഉള്ളതിനെക്കാള്‍ ബാധ്യത ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിനോടുണ്ട്.

അതുകൊണ്ടാണ് നബി(സ്വ) ഇങ്ങനെ പറഞ്ഞത്: ''ഞാന്‍ ആരോടെങ്കിലും ഒരാള്‍ക്ക് സുജൂദ് ചെയ്യാന്‍ കല്‍പിക്കുകയാണെങ്കില്‍ സ്ത്രീകളോട് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് സുജൂദ് ചെയ്യാന്‍ കല്‍പിക്കുമായിരുന്നു'' (ഇബ്‌നുമാജ: 1853). മറ്റൊരു നബിവചനത്തില്‍ ഇങ്ങനെ കാണാം: ''ഒരു സ്ത്രീ അഞ്ചുനേരം നമസ്‌കരിക്കുകയും ഒരു മാസം നോമ്പനുഷ്ഠിക്കുകയും തന്റെ ഗുഹ്യസ്ഥാനം സൂക്ഷിക്കുകയും ചെയ്താല്‍ അവള്‍ ഇഷ്ടപ്പെടുന്ന കവാടത്തിലൂടെ സ്വര്‍ഗത്തില്‍ കടക്കാന്‍ അവളോട് പറയപ്പെടും'''(ഇബ്‌നുഹിബ്ബാന്‍). ഭാര്യയുടെ അനുസരണക്കേടിനെക്കുറിച്ചാണ് സഹോദരന്‍ പരാതിപ്പെട്ടിരിക്കുന്നത്. മുകളില്‍ കൊടുത്ത പ്രവാചക വചനങ്ങള്‍ മതി ഒരു സ്ത്രീ ഭര്‍ത്താവിനെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാവാന്‍.

ഭാര്യയില്‍നിന്ന് അനുസരണക്കേട് പ്രകടമായാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അല്ലാഹു നിര്‍ദേശിക്കുന്നത് കാണുക: ''പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു. ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'' (4:34,35).

ആദ്യം വേണ്ടത് ഉപദേശമാണ് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. അവര്‍ക്ക് ഇസ്‌ലാമികമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയുന്ന നല്ല മാര്‍ഗം അവലംബിക്കണം. നല്ലവരും അറിവുള്ളവരുമായ സ്ത്രീകളെ ഉപയോഗിച്ചോ പ്രഭാഷണ സിഡികളോ മറ്റോ ഉപയോഗപ്പെടുത്തിയോ ഇത് ചെയ്യാം. തനിക്ക് ബോധ്യപ്പെടാത്ത കാര്യം നിഷേധിക്കുക എന്നത് മനുഷ്യസഹജമാണ്. ഭര്‍ത്താവിന് മാത്രം ബോധ്യപ്പെട്ട കാര്യം ഭാര്യ പ്രവര്‍ത്തിക്കണമെന്ന് വാശിപിടിച്ചാല്‍ അത് നടക്കാന്‍ സാധ്യതയില്ല. ബോധ്യപ്പെടുത്താന്‍ സ്‌നേഹപൂര്‍വമായ സമീപനങ്ങളും ക്രമപ്രവൃദ്ധമായ നീക്കങ്ങളുമാണ് ആവശ്യം.

ഉപദേശം ഫലം കാണാതെ വരുമ്പോഴാണ് വിട്ടുനില്‍ക്കാനും ശിക്ഷിക്കാനും മധ്യസ്ഥരെ സ്വീകരിക്കാനും അല്ലാഹു നിര്‍ദേശിക്കുന്നത്. വേര്‍പിരിയാന്‍ അനുവാദമുണ്ടെങ്കിലും ഗുണത്തെക്കാള്‍ ദോഷമാണോ ഉണ്ടാവുക എന്ന് നന്നായി ചിന്തിക്കണം. ഭാര്യയില്‍നിന്നുണ്ടാകുന്ന ഉപദ്രവങ്ങളെ സഹിച്ചും ക്ഷമിച്ചും അവളെ കൂടെ നിര്‍ത്താന്‍ തീരുമാനിക്കുന്നത് പ്രതിഫലാര്‍ഹമാണ്. അതാണ് തുടക്കത്തില്‍ കൊടുത്ത 4:19 സൂക്തത്തില്‍ നിന്ന് മനസ്സിലാകുന്നത്. ക്ഷമ നല്ല ഫലം മാത്രമെ നല്‍കൂ.

പിശാചിന് ഏറെ ഇഷ്ടമുള്ള കാര്യമാണ് ഭാര്യാഭര്‍ത്താക്കന്മാെര വേര്‍പിരിക്കല്‍. ഈ കാര്യം രണ്ടുപേരും നന്നായി മനസ്സിലാക്കണം. ഭാര്യയുടെ അവസ്ഥ നന്നായിക്കിട്ടാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുക.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

ആദര്‍ശയോജിപ്പില്ലാത്ത ഭര്‍തൃവീട്ടുകാര്‍

ആദര്‍ശയോജിപ്പില്ലാത്ത ഭര്‍തൃവീട്ടുകാര്‍
ആദര്‍ശപരമായി യോജിക്കാത്ത ഭര്‍തൃവീട്ടുകാരുമായി സഹകരിച്ച് പോകാന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കാമോ?
നമ്മുടെ കൂടെ ജീവിക്കുന്നവരെല്ലാം നമ്മുടെ ആശയക്കാരും ആദര്‍ശക്കാരുമാവണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അതിന് വേണ്ടി പ്രവര്‍ത്തിക്കലും ആവശ്യമാണ്. അങ്ങനെ ആണെങ്കില്‍ മാത്രമെ അവിടെ ജീവിക്കൂ എന്ന് തീരുമാനിച്ചാല്‍ അത് പ്രയാസകരമായിരിക്കും. അബൂത്വാലിബ് നബി (സ)യെ ഏറ്റവുമധികം സംരക്ഷിച്ച വ്യക്തിയാണ്. പക്ഷേ, ഇസ്‌ലാം സ്വീകരിച്ചിട്ടില്ല. ഫിര്‍ഔനിന്റെ ഭാര്യ വിശ്വാസികള്‍ക്ക് മാതൃകയാണ്. ഭര്‍ത്താവ് അവരുടെ ആദര്‍ശ ശത്രുവായിരുന്നു എന്നത് പ്രത്യേകം ആലോചിക്കേണ്ടതുണ്ട്. ഹിദായത്ത് നല്‍കുന്നത് അല്ലാഹുവാണ്. നമുക്ക് പ്രാര്‍ഥിക്കുവാനും നിമിത്തമാകുവാനും മാത്രമെ സാധിക്കൂ.

തന്റെ വിശ്വാസത്തെ നിലനിര്‍ത്താനും ആരാധനകള്‍ നിര്‍വഹിക്കാനും ഒരു നിലയ്ക്കും അനുവദിക്കാത്തിടത്ത് അവയില്‍ വീഴ്ച വരുത്തി നിലനിന്ന് പോകുന്നത് തെറ്റാണ്. കാരണം, ഒരു വിശ്വാസിക്ക് അല്ലാഹുവിനെക്കാളും പ്രവാചകനെക്കാളും പ്രിയപ്പെട്ടതല്ല മറ്റൊന്നും. ''നബിയേ, പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല'' (9:24).

ഈ ക്വുര്‍ആന്‍ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം നാസിറുസ്സഅദി(റഹി) പറയുന്നു: ''കാരണം, അല്ലാഹുവോടും പ്രവാചകനോടുമുള്ള സ്‌നേഹം മറ്റെല്ലാറ്റിനോടുമുള്ള സ്‌നേഹത്തെക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നതാണ്. മറ്റെല്ലാം അവ രണ്ടിന്റെയും അനുബന്ധങ്ങള്‍ മാത്രമാണ്.'' ചോദ്യകര്‍ത്താവിന് തന്റെ ഭര്‍തൃവീട്ടില്‍ തന്റെ ആദര്‍ശമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും പിന്തുണയോ പ്രോത്സാഹനങ്ങളോ ലഭിക്കുന്നില്ല. മാത്രമല്ല, കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും കൂടി ചെയ്യുന്നു. ഭര്‍തൃവീടുമായി നല്ലബന്ധം നിലനിര്‍ത്തുന്നത് ഭര്‍ത്താവുമായി സമാധാനപരമായി ജീവിച്ചുപോകാന്‍ ആവശ്യമാണ്.

ഇവിടെ ഭര്‍ത്താവിന്റെ ആദര്‍ശപരമായ പിന്തുണ ഈ സഹോദരിക്കുണ്ടെന്ന് മനസ്സിലാകുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുരുക്കിപ്പറയട്ടെ.

1. നിങ്ങളുടെ ദീനീ പ്രവര്‍ത്തനങ്ങള്‍ അവരോടുള്ള ഒരു വെല്ലുവിളിയാകരുത്. 'എന്റെ മാര്‍ഗം സത്യമല്ലേ, പിന്നെ ഞാനെന്തിന് ഭയപ്പെടണം?' എന്നത് ശരിയായ ഒരാശയമാണെങ്കിലും നടപ്പിലാക്കുന്നതില്‍ ചില പ്രായോഗികതകള്‍ സ്വീകരിക്കണം. ഞാന്‍ ഒരു ഗ്രൂപ്പിനുവേണ്ടിയോ, ഒരു സംഘടനാ നേതാവിനു വേണ്ടിയോ അതല്ലെങ്കില്‍ എതിര്‍കക്ഷിയെ പരാജയപ്പെടുത്താനോ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. മറിച്ച് നല്ലതെന്ന് എനിക്ക് ബോധ്യപ്പെട്ട, എന്റെ പരലോകത്തേക്ക് ഉപകരിക്കുന്ന ചില കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നുമാത്രം. ഇത്തരം ഗുണകാംക്ഷാപരമായ സമീപനം ആരും അംഗീകരിക്കും.

2. ''ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് വിശ്വാസം പൂര്‍ണമായവര്‍'' എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. നമ്മുടെ ദീന്‍ നമ്മുടെ സ്വഭാവ, പെരുമാറ്റങ്ങളില്‍ പ്രകടമാവണം. വിയോജിപ്പുകള്‍ പരസ്പരം തകര്‍ച്ചയുണ്ടാക്കിയാല്‍ പിന്നീട് അവിടെ ജീവിക്കല്‍ പ്രയാസകരമാവും. സഹകരിക്കാവുന്ന മേഖലകളില്‍ ഏറ്റവും നന്നായി സഹകരിച്ച് ജീവിക്കുക.

3. ഭര്‍തൃവീട്ടില്‍ നിങ്ങള്‍ക്ക് സ്വന്തമായി റൂമും സൗകര്യങ്ങളുമുണ്ടാകുമല്ലോ! അത് പരമാവധി ദീനീ പഠനത്തിനും പ്രയോഗത്തിനും ഉപയോഗിക്കുക. പരസ്യമാകുമ്പോഴാണ് വിമര്‍ശനങ്ങള്‍ കൂടുന്നത്.

4. സ്ത്രീകള്‍ക്കിടയില്‍ പ്രബോധനം നിര്‍വഹിക്കാനും മതം പഠിക്കാനും പുറത്തിറങ്ങാതെ തന്നെ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ച് സാധിക്കും. ബന്ധങ്ങളും പ്രബോധനവും ഇതുവഴി നിര്‍വഹിക്കുക. സൂക്ഷ്മത കൈവിടാതിരിക്കുക.

5. ഭര്‍ത്താവിന്റെ സഹകരണമുള്ളതിനാല്‍ അല്‍പംകൂടി ക്ഷമിച്ചാല്‍ സ്വതന്ത്രമായി ജീവിക്കാവുന്ന വീടും സാഹചര്യങ്ങളും ഭര്‍ത്താവിനോടൊപ്പം സാധ്യമാകുമ്പോള്‍ ഈ പ്രതിസന്ധി അവസാനിക്കും.

6. ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കാത്ത മാര്‍ഗങ്ങള്‍ തുറന്നു തരുന്നവനാണ് അല്ലാഹു എന്നോര്‍ക്കുക.

7. നിങ്ങള്‍ക്ക് സത്യമായി തോന്നിയ ആദര്‍ശം സത്യമാണെന്ന് അംഗീകരിക്കാവുന്ന ഒരു മാനസികാവസ്ഥ അവര്‍ക്കും സൃഷ്ടിച്ചെടുക്കാന്‍ അറിവോടും യുക്തിയോടും കൂടി പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ!

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

ബന്ധം മുറിക്കാൻ പ്രേരിപ്പിക്കുന്ന ഭർത്താവ്‌

ബന്ധം മുറിക്കാൻ പ്രേരിപ്പിക്കുന്ന ഭർത്താവ്‌
ഞാൻ വളരെ വിഷമത്തിലാണ്‌. എന്റെ ഭർത്താവ്‌ വലിയ മുൻകോപക്കാരനും വാശിക്കാരനുമാണ്‌. ചില തെറ്റിദ്ധാരണകൾ കാരണമായി അദ്ദേഹം എന്റ വീട്ടുകാരോട്‌ വർഷങ്ങളായി പിണങ്ങിക്കഴിയുകയാണ്‌. മതപരമായി വലിയ അറിവൊന്നുമില്ലാത്ത അദ്ദേഹം തെറ്റിദ്ധാരണകൾ തിരുത്താൻ തയ്യാറല്ല. മാത്രമല്ല, ഞാനും അദ്ദേഹം ചെയ്യുന്നതുപോലെ എന്റെ സ്വന്തക്കാരോട്‌ പിണങ്ങിക്കഴിയാൻ അദ്ദേഹം നിർബന്ധിക്കുന്നു. ഈ വിഷയത്തിൽ അദ്ദേഹം പറയുന്നത്‌ ഞാൻ അനുസരിക്കേണ്ടതുണ്ടോ?
സഹോദരിയുടെ ചോദ്യത്തിലുള്ള പ്രധാന കാര്യം ഭർത്താവിന്റെ നിർബന്ധത്തിന്‌ വഴങ്ങി സ്വന്തം വീട്ടുകാരുമായുള്ള ബന്ധം മുറിക്കേണ്ടതുണ്ടോ എന്നതാണ്‌. കുടുംബ ബന്ധം മുറിക്കുക എന്നത്‌ ഇസ്ലാം വിരോധിച്ച കാര്യമാണ്‌. തെറ്റിൽ ഒരാളെ അനുസരിക്കേണ്ടതില്ല. ഇത്തരം കാര്യങ്ങളിൽ നാം അവലംബിക്കേണ്ട അടിസ്ഥാന തത്ത്വം `ഉപദ്രവിക്കാനോ ഉപദ്രവം ഏൽക്കാനോ പാടില്ല` എന്നതാണ്‌. ഇവിടെ ചോദ്യകർത്താവിനും ഭർത്താവിനും ബുദ്ധിമുട്ട്‌ വരാത്ത വഴികളെക്കുറിച്ച്‌ ചിന്തിക്കേണ്ടതുണ്ട്‌.

ഒരു ഭാര്യയെന്ന നിലയ്ക്ക്‌ നിങ്ങൾക്ക്‌ ആവശ്യമുള്ളതെല്ലാം നൽകി സംരക്ഷിക്കുന്നുവെങ്കിൽ, പ്രത്യേകിച്ചും മക്കളുണ്ടെങ്കിൽ സുരക്ഷിതം അയാളോടൊപ്പം ജീവിക്കലാണ്‌. വീട്ടുകാരുമായി ബന്ധം പുലർത്തുന്നത്‌ അയാൾക്കിഷ്ടമില്ലെങ്കിൽ അയാളോടൊപ്പം ജീവിക്കലും വീട്ടുകാരുമായി ബന്ധം പുലർത്തലും വളരെ പ്രയാസമാവും. ഇവിടെ പ്രായോഗികമായ ചില വഴികൾ കണ്ടെത്തേണ്ടതുണ്ട്‌.

ഇത്തരം സാഹചര്യങ്ങൾ ജീവിതത്തിൽ വളരെയധികം മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കും. ഭർത്താവിനെയും സ്വന്തം വീട്ടുകാരെയും ഒന്നിച്ച്‌ തൃപ്തിപ്പെടുത്താൻ കഴിയാതിരിക്കൽ വളരെ വിഷമകരമാണ്‌. ഭർത്താവിന്‌ മുൻകോപവും വാശിയുമുണ്ടെന്ന്‌ പറഞ്ഞ സ്ഥിതിക്ക്‌ അദ്ദേഹത്തെ അനുനയിപ്പിക്കൽ പ്രയാസകരമാകും. ഏതെങ്കിലും രൂപത്തിൽ ഭർത്താവിനെ മാറ്റിയെടുക്കാൻ സാധിക്കുമെങ്കിൽ അതാണ്‌ ഏറ്റവും നല്ലത്‌. തെറ്റ്‌ ചെയ്യുന്ന ഏതൊരു വ്യക്തിയും മാറുമെന്ന്‌ തന്നെയാണ്‌ നാം പ്രതീക്ഷിക്കേണ്ടത്‌. “എന്നിട്ട്‌ നിങ്ങൾ അവനോട്‌ സൗമ്യമായ വാക്ക്‌ പറയുക. അവൻ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന്‌ വരാം“ (ക്വുർആൻ 20:44) ഫിർഔനിന്റെ കാര്യത്തിൽ അല്ലാഹു നിർദേശിച്ചത്‌ ഇതാണെങ്കിൽ ആരിലും മാറ്റമുണ്ടാകുമെന്ന്‌ നാം പ്രതീക്ഷിക്കണം.

ഭർത്താവിൽ നിന്നും അനിഷ്ടകരമായ അനുഭവങ്ങളുണ്ടാകുമ്പോൾ ഭാര്യ അകലാൻ തുടങ്ങും. അപ്പോൾ ഭർത്താവ്‌ കൂടുതൽ പ്രകോപിതനും വെറുക്കുന്നവനുമായിത്തീരും. ഇത്‌ പല ഭാര്യമാർക്കും പറ്റുന്ന അബദ്ധമാണ്‌. ചിലപ്പോൾ ആ അകൽച്ച വിവാഹമോചനത്തിലേക്ക്‌ പോലും നയിക്കും. ആദരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട ഒരു വ്യക്തിയാണ്‌ ഭർത്താവ്‌ എന്ന നിലയ്ക്ക്‌ എന്ത്‌ അനിഷ്ടകരമായ അനുഭവമുണ്ടായാലും തന്റെ ബാധ്യതകൾ കൃത്യമായി നിർവഹിച്ച്‌ കൂടുതൽ നന്നായി പെരുമാറി അടുക്കുവാൻ ശ്രമിക്കണം.

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റ ബന്ധുഎന്നോണം ആയിത്തീരുന്നു“ (41:34).

അങ്ങനെ സംഭവിച്ചാൽ കാര്യങ്ങൾക്ക്‌ ശാശ്വത പരിഹാരമാകും. ഭർത്താവിന്റെ അവസ്ഥക്ക്‌ മാറ്റം വരുന്നില്ലെങ്കിൽ നിങ്ങൾക്ക്‌ നല്ലത്‌ വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അദ്ദേഹത്തിന്റെ കൂടെ കഴിയുകയും ചെയ്യുകയാണ്‌. വീട്ടുകാർ നിങ്ങളുടെ നല്ല ഭാവിക്ക്‌ വേണ്ടി എന്ത്‌ സഹകരണത്തിനും തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാം. ഭർത്താവിനെ പ്രകോപിതനാക്കാത്ത വിധത്തിൽ കുടുംബവുമായി ബന്ധപ്പെടാൻ അവസരങ്ങൾ സൃഷ്ടിക്കുകയും ആത്മാർഥമായി അല്ലാഹുവിനോട്‌ പ്രാർഥിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക. ഏതൊരു പ്രയാസത്തിനും കൂടെ എളുപ്പം തരുന്ന നാഥൻ നിങ്ങളുടെ പ്രയാസങ്ങളെ എളുപ്പത്തിൽ പരിഹരിച്ചുതരുമാറാകട്ടെ!

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

മദ്യപനായ പിതാവ്

മദ്യപനായ പിതാവ്
ചോദ്യം: പ്രവാസം അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുന്ന എന്റെ പിതാവ് സ്ഥിരം മദ്യപാനിയാണ്. മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത അദ്ദേഹം വീട്ടുചെലവിലേക്ക് (അദ്ദേഹത്തിന്) ഞാന്‍ അയച്ചുകൊടുക്കുന്ന പണത്തില്‍നിന്നും വിഹിതമെടുത്താണ് മദ്യപിക്കുന്നത് എന്നതിനാല്‍ ഞാന്‍ കുറ്റക്കാരനാകുമോ?
മറുപടി: അല്ലാഹു താങ്കളുടെ പിതാവിനെ സന്മാര്‍ഗത്തിലാക്കുകയും തെറ്റായ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അനുഗ്രഹം നല്‍കുകയും ചെയ്യുമാറാകട്ടെ. താങ്കളും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുള്ളവരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അല്ലാഹു മതിയായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ.

മദ്യപാനവും മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗവും ഗുരുതരമായ പാപമാണ്. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു വിരോധിച്ച കാര്യമാണ് മദ്യം. ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (5:90).

തിന്മകളുടെ മാതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന മദ്യം മനുഷ്യനെ എല്ലാ തിന്മകളിലേക്കും എത്തിക്കും. മദ്യപിക്കാന്‍ പണം ലഭിക്കാന്‍ അയാള്‍ മോഷ്ടിക്കും. ഭാര്യയുമായി പിണങ്ങിയാല്‍ അയാള്‍ വ്യഭിചരിച്ചേക്കും. ലഹരിയില്‍ വഴക്കടിക്കുമ്പോള്‍ അയാള്‍ കൊല നടത്തിയേക്കും. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തും. ഇങ്ങനെ എല്ലാ തെറ്റുകളിലേക്കും ഒരാളെ എത്തിക്കാന്‍ ലഹരിക്ക് കഴിയും. അല്ലാഹു വിരോധിച്ച കാര്യമായതുകൊണ്ട് തന്നെ ജീവിതത്തില്‍ പലരൂപത്തില്‍ പ്രതികൂലത സൃഷ്ടിക്കും. മദ്യപന്‍ വേണ്ടെന്നുവെച്ചാലും ഒഴിവാക്കാന്‍ കഴിയാത്ത വിധത്തിലുള്ള അഡിക്ഷന്‍ അതുണ്ടാക്കുന്നു. മദ്യപരായ സുഹൃത്തുക്കളും മദ്യഷോപ്പുകളും മാത്രമല്ല മദ്യക്കുപ്പികള്‍ കാണുന്നതു പോലും മദ്യപനെ വീണ്ടും മദ്യത്തിലേക്കെത്തിക്കുന്നു!

ജീവിതത്തില്‍ ഒരു 'കമ്പനിക്ക്' വേണ്ടിയോ നിര്‍ബന്ധത്തിന് വഴങ്ങിയോ ആഘോഷവേളകളിലോ ആദ്യമായി മദ്യപിക്കുന്നവര്‍ പിന്നീട് പൂര്‍ണ മദ്യപരായിത്തീരുന്നു. ഇത്തരം പ്രതിബന്ധങ്ങളില്‍ പെട്ടു പോയവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കലാണ് എപ്പോഴും ശാശ്വത പരിഹാരം. സ്‌നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെയും മതിയായ ചികിത്സയിലൂടെയും അവരെ തിരിച്ചുെകാണ്ടുവരാന്‍ കഴിയും. ഡി അഡിക്ഷന്‍ സെന്ററുകള്‍ അതിന് സഹായിക്കും.

ഇത്തരക്കാരില്‍ പെട്ട പിതാവിനോട് താങ്കള്‍ ചെയ്യേണ്ട കാര്യം ചുരുക്കിപ്പറയാം.

1. ഒരു മദ്യപനായി അദ്ദേഹം മരിച്ചുപോകാതിരിക്കാന്‍ ഫലമ്രദമായ മാര്‍ഗങ്ങളിലൂടെ അദ്ദേഹത്തെ സന്മാര്‍ഗത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണം.
2. അദ്ദേഹത്തിന്റെ തിന്മകള്‍ ഒരു നിലയ്ക്കും മറ്റുള്ളവരിലേക്ക് പടരാതെ സൂക്ഷിക്കണം. അദ്ദേഹത്തെ വെടിഞ്ഞുനില്‍ക്കുക എന്നതുകൊണ്ട് മാത്രം ഫലം കിട്ടിക്കൊള്ളണമെന്നില്ല. മദ്യപിക്കാന്‍ ഉപയോഗിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ പണം കൊടുക്കരുത്. കാരണം നന്മയിലും ഭക്തിയിലും മാത്രമെ സഹകരിക്കാവൂ എന്ന് അല്ലാഹു പറയുന്നുണ്ട്: (ക്വുര്‍ആന്‍ 5:2).

അപ്പോള്‍ മദ്യം വാങ്ങാന്‍ കാശ് നല്‍കാന്‍ പാടില്ല. എന്നാല്‍ അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും അദ്ദേഹത്തിനും ഭക്ഷണവും മറ്റ് ജീവിതാവശ്യങ്ങളും നിറവേറ്റിക്കൊടുക്കുന്നതില്‍ വീഴ്ച വരുത്തരുത്.

കഴിയാവുന്ന മാര്‍ഗങ്ങളെല്ലാം അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ സ്വീകരിക്കണം. അതോടൊപ്പം താങ്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

1. അദ്ദേഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ പണ്ഡിതന്മാരോ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഉപയോഗിച്ച് മാറ്റിയെടുക്കാന്‍ ശ്രമിക്കണം.

2. വീട്ടിലുള്ള കുട്ടികള്‍, ബന്ധുക്കള്‍ മുതലായവരെ അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെടാത്തവിധം അകറ്റിനിര്‍ത്തണം.

3. അദ്ദേഹത്തെ മദ്യപാനത്തില്‍ പിടിച്ചു നിര്‍ത്തുന്ന സുഹൃത്തക്കള്‍, സഹായികള്‍ എന്നിവരെ കണിശമായി അയാളില്‍നിന്നും അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കണം.

4. മതബോധം നല്‍കുന്ന മതപഠനവേദികള്‍, ഫലപ്രദമായ ചികിത്സാകേന്ദ്രങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുക.

5. താങ്കളും അടുത്ത ബന്ധുക്കളും അയാളുടെ മനസ്സ് മാറാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.

6. അദ്ദേഹത്തിന്റെ തിന്മയെ ശക്തമായി വെറുക്കുന്നതോടൊപ്പം പിതാവെന്ന നിലയ്ക്ക് സ്‌നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറി പരമാവധി മനസ്സ് മാറ്റിയെടുക്കാന്‍ പരിശ്രമിക്കുക. കാരണം പിതാവിനോടുള്ള നന്മ ഇസ്‌ലാമില്‍ നിര്‍ബന്ധമാണ്. എന്നാല്‍ അല്ലാഹുവിന്റെ തൃപ്തിക്ക് വിരുദ്ധമായി ഒരാളുടെ തൃപ്തി ആഗ്രഹിക്കരുത്. 'ജനങ്ങളുടെ തൃപ്തിക്കു വേണ്ടി അല്ലാഹുവിനെ കോപിപ്പിക്കുന്നവനെ അല്ലാഹു ജനങ്ങള്‍ക്ക് ഏല്‍പിച്ചുെകാടുക്കും' എന്ന പ്രവാചക വചനം ഓര്‍ക്കുക.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

ഭർതൃമാതാവിൽ നിന്ന്‌ പീഡനം

ഭർതൃമാതാവിൽ നിന്ന്‌ പീഡനം
ചോദ്യം: എന്റെ വിവാഹം കഴിഞ്ഞിട്ട്‌ കുറച്ച്‌ വർഷങ്ങളായി. ഭർതൃ മാതാവിൽ നിന്നും വളരെയധികം മാനസിക പീഡനം അനുഭവിക്കേണ്ടിവരുന്നു. ഭർത്താവിന്റെ ഭാഗത്തു നിന്നും ഒരു പരിഹാരം ഉണ്ടാകുന്നില്ല. മാനസിക, ശാരീരിക രോഗങ്ങൾ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്ന എനിക്ക്‌ ചെറിയ മക്കളുണ്ട്‌. ഇത്തരം ഒരു സാഹചര്യത്തിൽ ഭർത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെടുന്നതിൽ തെറ്റുണ്ടോ?
ഉത്തരം: ധാരാളം സഹോദരിമാർ ചോദിക്കാനാഗ്രഹിക്കുന്ന ഒരു ചോദ്യമാണിത്‌. അതുകൊണ്ടു തന്നെ ഇതിന്റെ ഉത്തരം പലർക്കും പ്രയോജനകരമാകുമെന്ന്‌ കരുതുന്നു.

വിവാഹം കഴിച്ചു കൊണ്ടുവരുന്ന തന്റെ ഭാര്യക്ക്‌ മാന്യമായ താമസ സൗകര്യവും സുഖകരമായ ജീവിതവും ഉറപ്പാക്കി കൊടുക്കുക എന്നത്‌ ഭർത്താവിന്റെ കടമയിൽ പെട്ടതാണ്‌. “നിങ്ങൾ താമസിക്കുന്ന സ്ഥലത്ത്‌ നിങ്ങൾ അവരെ താമസിപ്പിക്കണം. അവർക്ക്‌ ഞെരുക്കമുണ്ടാക്കാൻ വേണ്ടി നിങ്ങൾ അവരെ ദ്രോഹിക്കരുത്‌“ (ക്വുർആൻ 65:6).

ഭർത്താവിന്റെ കൂടെയാണ്‌ ഭാര്യ താമസിക്കേണ്ടത്‌ എന്നും അവർക്ക്‌ മനഃപൂർവം പ്രയാസങ്ങളുണ്ടാക്കാൻ പാടില്ലെന്നും ഈ ക്വുർആൻ വചനത്തിൽ നിന്നും വ്യക്തമാകുന്നു. ഒരു സ്ത്രീക്ക്‌ ആവശ്യമായ സൗകര്യങ്ങളും സുരക്ഷിതത്വവും ഏർപെടുത്തി കൊടുക്കേണ്ട ബാധ്യത ഭർത്താവിനുണ്ട്‌. ഇമാം മുസ്ലിം റിപ്പോർട്ട്‌ ചെയ്യുന്ന ഒരു നബി വചനത്തിൽ ഇങ്ങനെ കാണാം: ”സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾ അല്ലാഹുവിന്റെ പേരിലുള്ള ഒരു അമാനത്ത്‌ എന്ന നിലയ്ക്കാണ്‌ അവരെ സ്വീകരിച്ചത്‌. അല്ലാഹുവിന്റെ നാമത്തിൽ അവരെ നിങ്ങൾക്ക്‌ അവൻ അനുവദിച്ചു തരികയും ചെയ്തിരിക്കുന്നു.“ ഇതിൽ വീഴ്ച വരുത്തുന്നത്‌ മനഃപൂർവമാണെങ്കിൽ അത്‌ ഈ സഹോദരിയുടെ ഭർത്താവിനെ പ്രതികൂലമായി ബാധിക്കും.

ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം, ഉപദ്രവിക്കുന്ന ഭർതൃമാതാവിനെ പരിചരിച്ച്‌ അവരോടൊപ്പം തന്നെ ജീവിക്കാൻ ഈ സഹോദരിയെ നിർബന്ധിക്കേണ്ടതുണ്ടോ എന്നതാണ്‌. ഇങ്ങനെയുള്ള മാതാവിന്റെയും ഭാര്യയുടെയുമിടയിൽ അങ്ങേയറ്റത്തെ മാനസിക സംഘർഷമാണ്‌ ഭർത്താവിന്‌ അനുഭവിക്കേണ്ടിവരിക. ഇവിടെ ഒരു പരാതിക്കാരിയാവാതെ ഭർത്താവിന്റെ മനസ്സറിഞ്ഞ്‌ അയാളോടൊപ്പം നിന്ന്‌ പരിഹാരത്തിന്റെ പ്രായോഗിക മാർഗങ്ങൾ അന്വേഷിക്കുന്നതാണ്‌ ഗുണകരം.

പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ ഭാഗമാണെന്ന്‌ മനസ്സിലാക്കുകയും അതിന്‌ തനിക്ക്‌ പരലോകത്ത്‌ പ്രതിഫലവും ഇഹലോകത്ത്‌ എളുപ്പവും വൈകാതെ വരും എന്ന പ്രതീക്ഷ ഉണ്ടാവുകയും വേണം. വിവാഹമോചനം പരിഹാരമാകുന്ന ചില സന്ദർഭങ്ങളുണ്ട്‌. എന്നാൽ തനിക്കും തന്റെ പിഞ്ചുമക്കൾക്കും ഭർത്താവിനും കൂടുതൽ പ്രയാസവും അനാഥത്വവും ദുരിതവുമാണ്‌ വരുത്തുകയെങ്കിൽ ഇപ്പോഴുള്ള അവസ്ഥ തുടരുന്നതായിരിക്കും നല്ലത്‌.

അനുഭവങ്ങൾ പറയുന്നത്‌ ക്ഷമിക്കേണ്ട സന്ദർഭങ്ങളിൽ ക്ഷമ കൈവിട്ട്‌ കടുത്ത തീരുമാനങ്ങൾ എടുത്തവർക്ക്‌ പിന്നീട്‌ ഖേദിക്കേണ്ടി വന്നിട്ടുണ്ട്‌ എന്നാണ്‌. എന്നാൽ ക്ഷമിച്ചുനിന്നവരാകട്ടെ സ്വന്തമായൊരു വീട്ടിൽ മുതിർന്ന മക്കൾക്കൊപ്പം ഭർത്താവുമൊത്ത്‌ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു എന്നു മാത്രമല്ല; ഭർതൃമാതാവ്‌ പിൽക്കാലത്ത്‌ അവരുടെ കുടുംബത്തിന്റ ഭാഗമായി മാറുകയും മുമ്പു ചെയ്തുപോയ തെറ്റുകളിൽ കുറ്റബോധത്തോടെയും മനസ്സാക്ഷിക്കുത്തോടെയും അവരോടാപ്പം ജീവിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യാൻ സാധിക്കുന്നുവെങ്കിൽ അതായിരിക്കും ഈ ചോദ്യകർത്താവിനും ഇതുപോലുള്ളവർക്കും ഏറ്റവും നല്ലത്‌. ഇത്തരം സഹോദരിമാരുടെ ജീവിത പ്രയാസങ്ങൾ നീക്കി അല്ലാഹു ആശ്വാസകരമായ ജീവിതം പ്രദാനം ചെയ്യട്ടെ.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

വിധവയും അനാഥനും

വിധവയും അനാഥനും
ഭർത്താവ്‌ മരണപ്പെട്ട എനിക്ക്‌ ഒരു മകനും മകളുമുണ്ട്‌. മകൻ പഠനം നിർത്തി. ചെറിയൊരു ജോലിയുണ്ട്‌. പ്രതീക്ഷിച്ച പോലെയായില്ല. അവനെ ശരിയാക്കിയെടുക്കാൻ ഞാനെന്ത്‌ ചെയ്യണം?

പത്തൊമ്പത്‌ വയസ്സുള്ള മകനെയും കൂട്ടി നേരിട്ട്‌ വന്ന്‌ പരാതിപ്പെട്ട ഒരു വിധവയുടെ ചോദ്യമാണിത്‌. കുട്ടിയുമായി വിശദമായി സംസാരിക്കാൻ അവസരം ലഭിച്ചു. മാനസിക രോഗത്തിന്റെ ചില ലക്ഷണങ്ങൾ ശരിക്കും ആ കുട്ടിയിൽ കണ്ടുതുടങ്ങിയിട്ടുണ്ട്‌. മൂന്നാം ക്ളാസ്സിൽ പഠിക്കുമ്പോഴുള്ള, പിതാവിന്റെ മരണമാണ്‌ അവനെ തളർത്തിയത്‌. ഇന്നും ആ വേർപാട്‌ അവനെ പ്രയാസപ്പെടുത്തുന്നു.

ബാപ്പ എന്നും വീട്ടിലേക്ക്‌ വരുമ്പോൾ ചായക്ക്‌ മിക്സ്ചർ(ബേക്കറി) കൊണ്ടുവരുമായിരുന്നു. ഇപ്പോഴും ചായ കുടിക്കുമ്പോൾ അവന്‌ പിതാവിനെ ഓർമ വരും. അവന്റെ കണ്ണുകൾ നിറയും. അനാഥത്വം അവന്റെ മനസ്സിനെ തളർത്തിയതിൽ ചെറുതല്ലാത്ത പങ്ക്‌ ഉമ്മക്കുണ്ടെന്ന്‌ ഉമ്മയുടെ സംസാരത്തിൽനിന്നും മനസ്സിലായി. ഉമ്മക്ക്‌ വിധവയുടേതായ പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ട്‌. പിതാവിന്റെ അസാന്നിധ്യം കുട്ടികൾക്ക്‌ പ്രശ്നമാവാതെ അവരെ എങ്ങനെ വളർത്തണമെന്ന്‌ ഉമ്മമാർക്കറിയില്ലെങ്കിൽ ഭർത്താവ്‌ മാത്രമല്ല ആശ്രയമാകേണ്ട മക്കളും നഷ്ടമാകും. സംഭവിച്ചതിതാണ്‌. മകൻ വന്ന്‌ ചോദിക്കും: `ഉമ്മാ എനിക്ക്‌ പത്ത്‌ രൂപ വേണം.` അപ്പോൾ ഉമ്മയുടെ പ്രതികരണം `കുട്ടീ, ഞാനെവിടെ നിന്നാണ്‌ നിനക്ക്‌ പണം തരുന്നത്‌. നിന്റെ ബാപ്പയില്ലല്ലോ? ആരെങ്കിലും തന്നിട്ട്‌ വേണ്ടേ?` എന്നായിരിക്കും.

പക്ഷേ, അവരറിയുന്നില്ല; ബാപ്പയുടെ വേർപാട്‌ മകനെ താൻ ഓർമപ്പെടുത്തുകയാണെന്ന്‌. ഉമ്മയുടെ മാനസിക വിഷമം ഇടയ്ക്കിടക്ക്‌ അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതിലേക്കെത്തിക്കും. അപ്പോഴും ഉമ്മ പറയുന്നത്‌ `ബാപ്പ മരിച്ചപ്പോൾ നിന്നിലായിരുന്നു പ്രതീക്ഷ. പക്ഷേ, നീ പഠനം നിർത്തി. ഇനി നമ്മൾ എന്തുചെയ്യും?` എന്നായിരിക്കും. ബാപ്പയുടെ ഭാരം ഈ ചെറുപ്പത്തിൽ തന്നെ ഞാൻ വഹിക്കേണ്ടി വന്നല്ലോ എന്ന വേദനയേറിയ ചിന്ത അവനെ വീണ്ടും തളർത്തും.

വിധവയായ ഉമ്മക്കുണ്ടാവേണ്ടത്‌; അല്ല! ജീവിതത്തിൽ ദുരന്തങ്ങൾ സംഭവിച്ചവർക്കല്ലാം ഉണ്ടാവേണ്ടത്‌, ഉള്ളതിൽ സംതൃപ്തിപ്പെടാനും ആത്മവിശ്വാസത്തോടെയും ആത്മധൈര്യത്തോടെയും ജീവിക്കാൻ കഴിയുക എന്നതാണ്‌. ഈ സഹോദരിക്ക്‌ തന്നെ സ്വന്തമായൊരു വീട്‌ ഭർത്താവിന്റെ മരണശേഷം ലഭിച്ചു. രണ്ടു മക്കളിൽ ഒന്ന്‌ ആണും മറ്റേത്‌ പെണ്ണുമാണ്‌. ജീവിതാവശ്യങ്ങൾ ഒരു സന്നദ്ധസംഘടന ഏറ്റെടുത്ത്‌ നടത്തുന്നു. ഇപ്പോൾ പ്രത്യേകിച്ച്‌ മാരകമായ അസുഖങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ല. എന്നിട്ടും മുഖത്ത്‌ നിരാശയും അസംതൃപ്തിയും പ്രകടമായി കാണുന്നു!

വേദനകളിൽ പ്രതിഫലമാഗ്രഹിച്ച്‌, പ്രതീക്ഷയോടെയും സന്തോഷത്തോടെയും വിധവകൾ ജീവിച്ചാൽ ആ സന്തോഷം മക്കളിൽ പ്രകടമാകും. നിരാശയും കുറ്റപ്പെടുത്തലുകളും പരാതികളുമായി ജീവിച്ചാൽ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ടപോലെ കുട്ടികൾക്ക്‌ തോന്നുകയും അവർ മാനസികമായി തളരുകയും ചെയ്യും. അതാണ്‌ ഈ കുട്ടിക്ക്‌ സംഭവിച്ചത്‌.

 

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

മൊബൈൽ വലയിൽ കുരുങ്ങിയ ഭർത്താവ്‌

മൊബൈൽ വലയിൽ കുരുങ്ങിയ ഭർത്താവ്

എന്റെ ഭർത്താവ്‌ അന്യസ്ത്രീകളുമായി സോഷ്യൽ മീഡിയയിലൂടെയും ഫോൺ വഴിയും ബന്ധം പുലർത്തുന്നതായി കാണുന്നു. അദ്ദേഹത്തിൽ മാറ്റം ഉണ്ടാക്കാൻ ഞാൻ എന്ത്‌ ചെയ്യണം?

നിങ്ങളുടെ ഈ ധാരണ പൂർണമായും ശരിയാണോ എന്ന്‌ ഉറപ്പു വരുത്തുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഇത്‌ വെറുമൊരു സംശയം മാത്രമാണെങ്കിൽ പ്രത്യഘാതങ്ങൾ വലുതായിരിക്കും. കാരണം ഊഹം കുറ്റകരമാണ്‌. വിശുദ്ധ ക്വുർആൻ പറയുന്നു:

“സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത്‌ കുറ്റമാകുന്നു…”(49:31). അനാവശ്യമായ സംശയത്താൽ ഒരു കുടുബം തകർന്നുകൂടല്ലോ.

എന്നാൽ പുതിയ സാഹചര്യങ്ങൾ ഇത്തരം അവിഹിത ബന്ധങ്ങൾക്ക്‌ കൂടുതൽ സാധ്യതയുള്ളതിനാൽ ചെയ്യാവുന്ന ചില കാര്യങ്ങൾ നിർദേശിക്കട്ടെ:

1. അവിഹിത ബന്ധങ്ങളുടെ അപകടങ്ങളെക്കുറിച്ച്‌ ഭർത്താവിനെ ഏതെങ്കിലും രൂപത്തിൽ ബോധവാനാക്കുക. അല്ലാഹുവിന്റെ നിയമങ്ങളെ ധിക്കരിക്കലും തന്റെ ഭാര്യയോടുള്ള കടുത്ത വഞ്ചനയുമാണിത്‌. ആസ്വാദ്യകരമായ ഒരു ദാമ്പത്യ ജീവിതം അല്ലാഹു തന്നിട്ടും അവിഹിതങ്ങൾ തേടുന്നത്‌ കടുത്ത നന്ദികേടാണ്‌. നന്ദികേടിന്റ ഫലം ഭയാനകമാണ്‌ അല്ലാഹു പറയുന്നു:

“നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ (അനുഗ്രഹം) വർധിപ്പിച്ചു തരുന്നതാണ്‌. എന്നാൽ, നിങ്ങൾ നന്ദികേട്‌ കാണിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന്‌ നിങ്ങളുടെ രക്ഷിതാവ്‌ പ്രഖ്യാപിച്ച സന്ദർഭം (ശ്രദ്ധേയമത്രെ)”(14:7).

2. ഭർത്താവുമായുള്ള ബന്ധവും സ്നേഹപൂർവമായ പെരുമാറ്റവും വളരെ നല്ല നിലയിൽ തുടരുക തന്നെ ചെയ്യണം. അതിന്റെ അഭാവം അയാളെ കൂടുതൽ തെറ്റുകളിലേക്ക്‌ നയിക്കാനിടയുണ്ട്‌.

3. ഭർത്താവിന്റെ അവിഹിത ബന്ധത്തെക്കുറിച്ചുള്ള വിവരം മറ്റുള്ളവരിലേക്കെത്തുന്നത്‌ അപകടമാണ്‌. അത്‌ തെറ്റിൽ തുടരാനും തിരിച്ച്‌ വരാതിരിക്കാനും കാരണമാകും.

4. വെറുതെയിരിക്കാൻ അവസരം കിട്ടാത്ത വിധം എന്തെങ്കിലും ജോലിയിൽ നിരതനാക്കുന്നത്‌ നല്ലതാണ്‌.

5. അദ്ദേഹത്തിന്റെ മനസ്സ്‌ നന്നാവുന്നതിന്ന്‌ വേണ്ടിയുള്ള പ്രാർഥനക്കും ഫലങ്ങളുണ്ടാകും.

6. അവിഹിത ബന്ധങ്ങൾ നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിധം അപകടകരമാവുമ്പോൾ വിട്ട്‌ പിരിയുന്നതാണ്‌ നല്ലത്‌.

7. ചില ആളുകൾക്ക്‌ മറ്റൊരു വിവാഹത്തിലൂടെ മാത്രമെ പൂർണ സൂക്ഷ്മത സാധ്യമായെന്ന്‌ വരൂ.

8. തെറ്റിൽനിന്ന്‌ അയാൾ പൂർണമായി മാറി നിന്നിട്ടും അയാളുടെ സ്വകാര്യതയെ പിന്തുടരുന്നത്‌ ശരിയല്ല.

മുആവിയത്‌ ബ്നു അബൂസുഫിയാൻ‍്യ പറയുന്നു: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: “ജനങ്ങളുടെ സ്വകാര്യതകളെ പിന്തുടരുന്നത്‌ അവരെ നീ നശിപ്പിക്കുകയോ നാശത്തിലേക്ക്‌ നയിക്കുകയോ ചെയ്യലാണ്‌” (അബൂദാവൂദ്‌ 4244).

സന്താനങ്ങളുടെ നല്ല ഭാവിക്കും സ്വന്തം സുരക്ഷക്കും നല്ലത്‌ ഇണയെ നന്നാക്കിയെടുത്ത്‌ പരമാവധി ഒന്നിച്ചു ജീവിക്കലാണ്‌. അല്ലാഹു അനുഗ്രഹിക്കട്ടെ.

 

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

ഭർത്താവിന്റെ മദ്യപാനം

ഭർത്താവിന്റെ മദ്യപാനം

മദ്യപനായ ഭർത്താവിന്റെ കൂടെ ജീവിക്കുന്നതിൽ തെറ്റുണ്ടോ?

മദ്യം വിശുദ്ധ ക്വുർആനും നബിവചനങ്ങളും ശക്തമായി വിലക്കിയ കാര്യമാണ്‌. അത്‌ നിഷിദ്ധമാണെന്ന കാര്യത്തിൽ മുസ്ലിം സമൂഹത്തിൽ അഭിപ്രായാന്തരമില്ല. നബില പറഞ്ഞു: “എല്ലാ ലഹരിയുണ്ടാക്കുന്നതും മദ്യമാണ്‌. എല്ലാ മദ്യവും നിഷിദ്ധവുമാണ്‌” (മുസ്ലിം 37:35).

മദ്യം കഴിക്കുന്നവർക്ക്‌ നാളെ പരലോകത്ത്‌ നരകക്കാരിൽ നിന്ന്‌ ഒഴുകുന്ന ദ്രാവകം കുടിപ്പിക്കപ്പെടും എന്നും നബില പറഞ്ഞിട്ടുണ്ട്‌. ഈ വസ്തുതകൾ വിസ്മരിക്കാവതല്ല.

എന്നാൽ ഭാര്യയെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു ഭർത്താവിന്റെ കൂടെ ജീവിക്കുന്നതിന്‌ തടസ്സമില്ല. കാരണം ഒരാൾ ചെയ്യുന്ന തെറ്റിന്‌ മറ്റൊരാൾ ശിക്ഷിക്കപ്പെടില്ല. “ഒരാളുടെ പാപഭാരം മറ്റൊരാൾ വഹിക്കുകയില്ല“ (ഫാത്വിർ: 18).

മദ്യപാനിയായ ഭർത്താവിന്റെ കൂടെ ക്ഷമയോടെ എല്ലാം സഹിച്ച്‌ ജീവിക്കുന്നതിന്‌ ഭാര്യക്ക്‌ പ്രതിഫലം ലഭിച്ചേക്കാം. മദ്യപാനം ഒരാളെ അവിശ്വാസിയാക്കുന്നില്ല എന്നതാണ്‌ വിവാഹ ബന്ധം നിലനിൽക്കാനുള്ള കാരണം.

എന്നാൽ സുപ്രധാനങ്ങളായ ചില കാര്യങ്ങൾ ഈ സഹോദരി മനസ്സിലാക്കേണ്ടതുണ്ട്‌. തിന്മയുടെ മാതാവായ മദ്യം ശീലമാക്കിയ ഭർത്താവിൽ നിന്നും അത്‌ നിലനിൽക്കുന്ന കാലമത്രയും വലിയ പ്രതീക്ഷകൾക്ക്‌ അവകാശമില്ല. കുട്ടികൾ വലുതായി വരുമ്പോൾ അവരുടെ അഭിമാനത്തെയും നല്ല ശീലങ്ങളെയും അത്‌ പ്രതികൂലമായി ബാധിക്കും. അവരുടെ വിവാഹത്തിനും ഭാവി ജീവിതത്തിനും ഇത്‌ വലിയ തടസ്സമാകും. അതിനാൽ പരിഹാരത്തിന്റെ വഴികൾ വേഗത്തിൽ കണ്ടെത്താൻ ശ്രമിക്കുന്നതാണ്‌ ബുദ്ധി. കുറ്റപ്പെടുത്തിയും അപമാനിച്ചും വെറുതെ പ്രയാസങ്ങൾ സൃഷ്ടിച്ചിട്ട്‌ കാര്യമില്ല. സ്നേഹപൂർവമായ പെരുമാറ്റങ്ങളിലൂടെയും സദുപദേശത്തിലൂടെയും ഫലപ്രദമായ വഴികളിലൂടെയും ബന്ധുക്കളുടെയും സ്നേഹിതൻമാരുടെയും മതപ്രബോധകരുടെയും ഗുണപരമായ ഇടപെടൽ മൂലവും ഫലമുണ്ടാക്കാം. പ്രാർഥനയും ഏറ്റവും വലിയ പരിഹാരമാണ്‌. തിന്മയെ നന്മ കൊണ്ട്‌ നേരിടുക എന്ന തത്ത്വപ്രകാരം കൂടുതൽ നന്നായി പെരുമാറുന്നതും മാറ്റമുണ്ടാക്കും.

കിടപ്പറയിൽ നിന്ന്‌ വിട്ടുനിൽക്കുന്നത്‌ പോലുള്ള കാര്യങ്ങളിലൂടെ മനംമാറ്റമുണ്ടാക്കാൻ ശ്രമിക്കാം. നല്ല ധാർമികാന്തരീക്ഷമുള്ള ഡിഅഡിക്ഷൻ സെന്ററുകളും വലിയ മാറ്റങ്ങൾക്ക്‌ കാരണമാകും.

 

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

അമാനി തഫ്‌സീര്‍: രചനയും ആധികാരികതയും

അമാനി തഫ്‌സീര്‍: രചനയും ആധികാരികതയും

ഇസ്‌ലാഹി പ്രസ്ഥാനം മലയാളികള്‍ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവനയേതെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ പറയാന്‍ കഴിയും അമാനി മൗലവിയുടെ ക്വുര്‍ആന്‍ പരിഭാഷയെന്ന്. റഫറന്‍സിനായി ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് ഒരു പുരുഷായുസ്സ് മുഴുവന്‍ തഫ്‌സീര്‍ രചനക്കായി മാറ്റിവെച്ച മുഹമ്മദ് അമാനി മൗലവിയുടെ ത്യാഗസന്നദ്ധത ചരിത്രത്തിന്റെ തങ്കലിപികളില്‍ ഉല്ലേഖനം ചെയ്യപ്പെടേണ്ടതാണ്.

മാനവരാശിക്ക് ശരിയായ മാര്‍ഗദര്‍ശനത്തിന്റെയും സത്യാസത്യ വിവേചനത്തിന്റെയും തെളിവുകളായിട്ടാണ് പുണ്യ റമദാന്‍ മാസത്തില്‍ വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്. ക്വുര്‍ആന്‍ കേവലം ഒരു പാരായണ ഗ്രന്ഥമല്ല; പ്രത്യുത അത് മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളെയും സ്വാധീനിക്കേണ്ടുന്ന ഒട്ടനവധി ആശയസംഹിതകളുടെ സമാഹാരമാണ്. മനുഷ്യന്റെ ഇഹപര വിജയത്തിനാവശ്യമായ പ്രസ്തുത ആശയസംഹിതകള്‍ ശ്രദ്ധാപൂര്‍വം ഗഹനമായി പഠിക്കാന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. സാധാരണക്കാരായ വിശ്വാസികള്‍ക്ക് വിശുദ്ധ ക്വുര്‍ആന്‍ മനസ്സിലാകണമെങ്കില്‍ ക്വുര്‍ആനിന്റെ ആധികാരികമായ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ അതാത് ഭാഷകളില്‍ അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു വ്യാഖ്യാന ഗ്രന്ഥമാണ് മലയാളഭാഷയില്‍ വിരചിതമായ മുഹമ്മദ് അമാനി മൗലവി (1909-1987)യുടെ ‘വിശുദ്ധ ക്വുര്‍ആന്‍ വിവരണം’ അഥവാ അമാനി തഫ്‌സീര്‍.

ലോകത്ത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരാകുന്നവര്‍ ആരൊക്കെയാണെന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ്. അല്ലാഹുവിന്റെ ഗ്രന്ഥം സംസാരഭാഷയില്‍ വായിച്ചു മനസ്സിലാക്കാനുള്ള അവസരം ജീവിതത്തില്‍ ലഭ്യമാവുക എന്നത് അവന്‍ നല്‍കുന്ന മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ്. ‘വിശുദ്ധ ക്വുര്‍ആന്‍ വിവരണം’ എന്ന ഗ്രന്ഥം ലഭിച്ചതിലൂടെ ഈയൊരു അനുഗ്രഹമാണ് മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ സംഘടനാ വ്യത്യാസങ്ങള്‍ക്കുമപ്പുറം വായിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു ഗ്രന്ഥമാണ് ‘അമാനി തഫ്‌സീര്‍’ എന്നത് അതിന്റെ സവിശേഷതയാണ്.

അമാനി തഫ്‌സീര്‍ ഒരു സുപ്രഭാതത്തില്‍ നമ്മുടെ കൈകളിലേക്കെത്തിയ ഒരു ഗ്രന്ഥമല്ല. മറിച്ച് അതിന്റെ പിന്നില്‍ കഠിനാധ്വാനത്തിന്റെയും ജീവിത സമര്‍പ്പണത്തിന്റെയും ഒരു വലിയ ചരിത്രമുണ്ട്. വിശുദ്ധ ക്വുര്‍ആനിന്റെ യഥാര്‍ഥ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ദൗത്യം ജീവിത സപര്യയായി സ്വീകരിച്ച മഹാന്മാരായ ഒട്ടനവധി നിസ്വാര്‍ഥരായ പണ്ഡിതന്മാരുടെ ത്യാഗത്തിന്റെയും വിയര്‍പ്പിന്റെയും ചരിത്രമാണ് അതിനു പറയാനുള്ളത്. ക്വുര്‍ആന്‍ കേവലം മരിച്ച വീട്ടിലും ക്വബ്‌റിനരികിലും മാത്രം പാരായണം ചെയ്തുപോന്നിരുന്ന ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. ഫാതിഹ സൂറത്ത് മാത്രം പഠിച്ചാല്‍ മതി, അതും അര്‍ഥം പഠിക്കേണ്ടതില്ലെന്ന കാഴ്ചപ്പാടുകള്‍ പുലര്‍ത്തിയിരുന്ന അന്ധകാരത്തിന്റെ കാലഘട്ടമായിരുന്നു അത്. അജ്ഞത ഇരുള്‍ മൂടിയിരുന്ന ആ കാലഘട്ടത്തില്‍ ഏതാനും ചില മഹാന്മാര്‍ ഒറ്റപ്പെട്ട പരിഭാഷ പരിശ്രമങ്ങള്‍ നടത്തി പ്രകാശം പരത്താന്‍ ശ്രമിച്ചെങ്കിലും ഇരുട്ടിനെ സ്‌നേഹിച്ചിരുന്ന പൗരോഹിത്യം അവയെ ഇല്ലായ്മ ചെയ്യാന്‍ അഹോരാത്രം പരിശ്രമിക്കുകയുണ്ടായി. 1870ല്‍ തലശ്ശേരിയിലെ കേയി കുടുംബാംഗവും കണ്ണൂര്‍ അറക്കല്‍ രാജകുടുംബത്തിലെ ‘പുയ്യാപ്ല’യും ആയിരുന്ന ‘മായിന്‍കുട്ടി എളയ’യാണ് ആദ്യമായി ഒരു പരിഭാഷ പുറത്തിറക്കിയത്. തഫ്‌സീര്‍ ജലാലൈനിയെ ആസ്പദമാക്കി ആറു വാള്യങ്ങളിലായി അദ്ദേഹം രചിച്ച പരിഭാഷ അറബി മലയാളത്തിലായിരുന്നു. പക്ഷേ, കാലം പിന്നിട്ടപ്പോള്‍ അതിന്റെ കോപ്പികള്‍ പൗരോഹിത്യം നശിപ്പിച്ചു. 1930ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ ക്വുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ പുറത്തിറക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അതിനായി എം. സി. സി അബ്ദുറഹ്മാന്‍ മൗലവിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി രൂപീകരിക്കുകയും ഒന്നു മുതല്‍ അഞ്ചുവരെയുള്ള ജുസ്ഉകള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രണ്ടോ മൂന്നോ ജുസ്ഉകള്‍ മാത്രമാണ് വെളിച്ചം കണ്ടത്. കെ.എം. മൗലവി, പി. കെ. മൂസ മൗലവി, കെ. എം. സീതി സാഹിബ്, പി. മുഹമ്മദ് മൈതീന്‍ (വക്കം) എന്നിവരെല്ലാം ഇതില്‍ പങ്കാളികളായിരുന്നു.

കെ. ഉമര്‍ മൗലവി 1959ല്‍ അറബി മലയാളത്തില്‍ പുറത്തിറക്കിയ ‘തര്‍ജുമാനുല്‍ ക്വുര്‍ആന്‍’ ആണ് പൂര്‍ണമായും പ്രസിദ്ധീകരിച്ച ക്വുര്‍ആന്‍ പരിഭാഷ. ഇതേ കാലഘട്ടത്തിലായിരുന്നു സി.എന്‍. അഹ്മദ് മൗലവിയുടെ ക്വുര്‍ആന്‍ പരിഭാഷയുടെ പ്രവര്‍ത്തനവും നടന്നുവന്നിരുന്നത്. മുന്‍ഗാമികളായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സ്വീകരിച്ചുപോന്ന അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് അദ്ദേഹം നടത്തിയ രചന പൊതുവില്‍ ഇസ്‌ലാമിക പണ്ഡിതന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. പ്രവാചകന്മാരുടെ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ക്ക് (മുഅ്ജിസത്തുകള്‍ക്ക്) ഭൗതികമായ വ്യാഖ്യാനം നല്‍കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ രചന സലഫുകള്‍ സ്വീകരിച്ചുവന്ന ശൈലികള്‍ക്ക് കടകവിരുദ്ധമായിരുന്നു. ഒരുവശത്ത് ക്വുര്‍ആനിനോട് മുഖംതിരിച്ചു നടക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യം; മറുവശത്ത് ക്വുര്‍ആനിനെ സ്വന്തം യുക്തി ഉപയോഗിച്ചുകൊണ്ട് വ്യാഖ്യാനിച്ച് ശരിയായ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചുപോകുന്ന പുരോഗമനവാദികള്‍. എന്നാല്‍ ഇതിനു രണ്ടിനുമിടയിലാണ് യാഥാര്‍ഥ്യം എന്ന് തിരിച്ചറിഞ്ഞ മതബോധമുള്ള ധാരാളം ഉത്പതിഷ്ണുക്കളും വിദ്യാസമ്പന്നരും മലയാളികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ദിശാബോധം നല്‍കാന്‍ സലഫുകളുടെ മാര്‍ഗത്തില്‍ ഉറച്ചുനിന്നിരുന്ന ഒരുപറ്റം നിസ്വാര്‍ഥരും കര്‍മകുശലരുമായ പണ്ഡിതകേസരികള്‍ അന്നുണ്ടായിരുന്നു. അവരുടെയെല്ലാം പരിശ്രമഫലമായാണ് ‘അമാനി തഫ്‌സീര്‍’ മലയാളികളുടെ കരങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്.

കേരളം ഇസ്‌ലാമിക നവോത്ഥാനത്തിന് കേളികേട്ട നാടാണ്. ഇന്ത്യയില്‍ ഏറ്റവും വലിയ ഇസ്‌ലാമിക നവോത്ഥാനം നടന്നത് കേരളത്തിലാണ് എന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. സയ്യിദ് സനാഉല്ല മക്തി തങ്ങള്‍, വക്കം മൗലവി, ഹമദാനി തങ്ങള്‍ തുടങ്ങിയ മഹത്തുക്കളിലൂടെ തുടര്‍ന്നുവന്ന കേരള മുസ്‌ലിം നവോത്ഥാനം 1920കളില്‍ നിഷ്പക്ഷസംഘം, കേരള മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ എന്നീ സംഘടനകള്‍ക്ക് ബീജാവാപം നല്‍കി. 1930കളില്‍ അതിന്റെ ദീപശിഖ കെ. എം. മൗലവി (1886-1964) സാഹിബില്‍ വന്നുചേര്‍ന്നു. കേരളത്തില്‍ പിന്നീടുണ്ടായ മുഴുവന്‍ നവോത്ഥാന സംരംഭങ്ങളുടെ പിന്നില്‍ കെ.എം മൗലവി സാഹിബിന്റെ സ്പര്‍ശനം ഉണ്ടായിരുന്നു. വിശ്വാസപരമായ ഉയര്‍ച്ച, വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച, രാഷ്ട്രീയ ബോധത്തിലെ ഔന്നത്യം, സ്ത്രീകളുടെ സാമൂഹിക മുന്നേറ്റം തുടങ്ങിയ ഒട്ടനവധി മേഖകളില്‍ കേരളീയ മുസ്‌ലിംകള്‍ നേടിയെടുത്ത നവോത്ഥാനത്തില്‍ കെ. എം. മൗലവിയുടെ പങ്ക് നിസ്തുലമാണ്. വിശുദ്ധ ക്വുര്‍ആനിന്റെ യഥാര്‍ഥ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിച്ചുകൊണ്ടുള്ള ബൗദ്ധികവിപ്ലവം സാധ്യമാക്കാനുള്ള അഭിവാഞ്ഛ അദ്ദേഹത്തില്‍ അന്തര്‍ലീനമായിരുന്നു. സാമ്പത്തികമായ പരാധീനതകള്‍ അനുഭവിച്ചു വന്നിരുന്ന ആ കാലത്ത് ക്വുര്‍ആനിന്റെ ബൃഹത്തായ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നത് കേവലം സ്വപ്‌നം മാത്രമായിരുന്നു.

എന്‍. വി. അബ്ദുസ്സലാം മൗലവി അദ്ദേഹത്തെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്: ”ക്വുര്‍ആന്റെ മാതൃകയും വിവരണവും നബി ﷺ  തിരുമേനിയുടെ ചര്യയുടെ വെളിച്ചത്തില്‍ പ്രായോഗികമാക്കാമെന്നു ലോകത്തിനു കാണിച്ചുകൊടുത്ത പൂര്‍വികന്മാരായ മഹാ പണ്ഡിതന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടേണ്ടുന്ന ഒരാള്‍ നമ്മുടെ കാലത്ത് നമ്മുടെ ഒന്നിച്ച് ജീവിച്ചു എന്നതാണ് കെ.എം. മൗലവി സാഹിബിനെ സംബന്ധിച്ച വാസ്തവം. സാധാരണ മൗലവിമാര്‍ ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുവാന്‍ ഉപദേശിക്കാറുണ്ടെങ്കിലും പതിവായി ക്വുര്‍ആന്‍ ഓതി ചിന്തിക്കുന്നവരുടെ എണ്ണം അവരില്‍ എത്രയുണ്ടെന്ന് എനിക്കറിയുകയില്ല. കെ. എം. മൗലവി ക്വുര്‍ആന്‍ പതിവായി ഓതുന്ന ആളായിരുന്നു. ക്വുര്‍ആന്‍ മുഴുവനായും അദ്ദേഹത്തിന് മനഃപാഠമുണ്ടായിരുന്നോ എന്നെനിക്കറിയുകയില്ല. ക്വുര്‍ആനില്‍ ഏതൊരു ഭാഗത്തുനിന്ന് സംശയം ചോദിച്ചാലും അതിനുത്തരം പറയുവാന്‍ അദ്ദേഹത്തിന് വിഷമമുണ്ടാകാറില്ല. ഓരോ ആയത്തിന്റെ വ്യാഖ്യാനത്തെ പറ്റിയും പൂര്‍വികന്മാരായ മഹാപണ്ഡിതന്മാര്‍ സ്വീകരിച്ച വഴി ഏതാണെന്നും എവിടെയെല്ലാമാണ് പിഴച്ച പാര്‍ട്ടികള്‍ക്കബദ്ധം പറ്റിയതെന്നും അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. നമ്മുടെ രാജ്യങ്ങളിലെല്ലാം ക്വുര്‍ആന്‍ വിവരിക്കുന്ന ദര്‍സുകള്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം അതിയായ ആശ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ആരോഗ്യം കുറഞ്ഞുവരാന്‍ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം തന്നെ ക്വുര്‍ആന്‍ പതിവായി ജനങ്ങള്‍ക്ക് വിവരിച്ചു കൊടുക്കാറുണ്ടായിരുന്നു” (കെ എം മൗലവി സ്മരണിക: പേജ് 21, 22, 23).

ഉമര്‍ മൗലവിയുടേതടക്കമുള്ള ഒറ്റപ്പെട്ട പരിഭാഷകള്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ പൗരാണികരുടെ വ്യാഖ്യാന രീതി അവലംബമാക്കിയിട്ടുള്ള ഒരു സമ്പൂര്‍ണ ക്വുര്‍ആന്‍ വിവരണ ഗ്രന്ഥം മലയാളത്തില്‍ ഉണ്ടായിരുന്നില്ല. വളരെയധികം ഉത്പതിഷ്ണുക്കള്‍ ജീവിച്ചിരുന്ന കേരളത്തില്‍ അവരില്‍ പലരും ആഗ്രഹിച്ചിരുന്നത് ഇബ്‌നുകഥീര്‍ പോലെയുള്ള ആധികാരികമായ ഒരു വ്യാഖ്യാന ഗ്രന്ഥമായിരുന്നു.

വിശുദ്ധ ക്വുര്‍ആന്‍ ജനങ്ങളില്‍ എത്തിക്കണമെന്ന അതിയായ ആഗ്രഹം കെ.എം. മൗലവിയുടെ മനസ്സില്‍ അലയടിച്ചുകൊണ്ടിരുന്ന ആ സന്ദര്‍ഭത്തില്‍ 1959ല്‍ അദ്ദേഹത്തിന് ഒരു എഴുത്ത് ലഭിക്കുകയുണ്ടായി. ഫാറൂഖ് കോളേജ് കമ്മിറ്റി പ്രഥമ പ്രസിഡണ്ട് ആയിരുന്ന ഖാന്‍ ബഹദൂര്‍ വി.കെ ഉണ്ണിക്കമ്മു സാഹിബിന്റെ മകന്‍ ഒലവക്കോട്ടെ കെ.പി മുഹമ്മദ് സാഹിബിന്റെതായിരുന്നു എഴുത്ത്. സാധാരണക്കാരായ മലയാളികള്‍ക്ക് ക്വുര്‍ആനിന്റെ ആശയം മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു വ്യാഖ്യാന ഗ്രന്ഥം എഴുതിത്തരണമെന്നും അതിന്റെ പ്രസിദ്ധീകരണത്തിന് വേണ്ട എല്ലാ ചെലവുകളും അദ്ദേഹം വഹിച്ചുകൊള്ളാമെന്നുമായിരുന്നു എഴുത്തിന്റെ ഉള്ളടക്കം. കെ. എം. മൗലവിയുടെ മനസ്സ് വളരെയധികം സന്തോഷിച്ചു. തന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. പേെക്ഷ, ഒരു വ്യാഖ്യാന ഗ്രന്ഥം എഴുതുക അത്ര എളുപ്പമായിരുന്നില്ല. 1959ല്‍ കത്ത് ലഭിക്കുമ്പോള്‍ കെ.എം. മൗലവിക്ക് 73 വയസ്സുണ്ട്. വയോധികനായ അദ്ദേഹത്തിന് ഒറ്റയ്ക്ക് അത് നിര്‍വഹിക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മറ്റു പണ്ഡിതന്മാരുടെ സഹായവും സഹകരണവും ഉറപ്പാക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

ഇസ്‌ലാമിക വിജ്ഞാനത്തിന് ഏറെ പ്രാമുഖ്യം നല്‍കിയിരുന്ന കെ.എം മൗലവി അദ്ദേഹം സ്ഥാപിച്ച തിരൂരങ്ങാടി യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും പണ്ഡിതന്മാരാല്‍ ധന്യമാക്കാന്‍ ശ്രമിച്ചിരുന്നു. യതീംഖാനയുടെ മാനേജര്‍മാരില്‍ ഭൂരിപക്ഷവും പണ്ഡിതന്മാരായിരുന്നു. 1959 മുഹമ്മദ് അമാനി മൗലവി തിരൂരങ്ങാടി യതീംഖാനയുടെ മാനേജരായി ജോലി ചെയ്യുന്ന കാലമാണ്. തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ അധ്യാപകനുമായിരുന്നു. മദ്‌റസയുടെ മുമ്പിലുള്ള പള്ളിയുടെ ഒന്നാം നിലയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കെ.എം. മൗലവി ചില ദിവസങ്ങളിലൊക്കെ കുത്തനെയുള്ള കോണി കയറി വന്ന് അദ്ദേഹത്തോട് പല കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നത് അമാനി മൗലവി അനുസ്മരിക്കുന്നുണ്ട്. 23 വയസ്സിന്റെ പ്രായവ്യത്യാസം അവര്‍ തമ്മിലുണ്ടായിരുന്നുവെങ്കിലും അവര്‍ തമ്മിലുണ്ടായിരുന്ന ആത്മബന്ധം വളരെ വലുതായിരുന്നു. ക്വുര്‍ആന്‍ വ്യാഖ്യാനം എഴുതുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അമാനി മൗലവിയുമായി ചര്‍ച്ച ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അമാനി മൗലവിക്ക് പുറമെ പി. കെ.മൂസ മൗലവി (1889-1991), എടവണ്ണ എ. അലവി മൗലവി (1911-1976) എന്നിവരെ കൂടി ഉള്‍പ്പെടുത്തി പരിഭാഷ സമിതി രൂപീകരിച്ചു. കല്ലായിയില്‍ കെ.പി.സഹോദരങ്ങള്‍ അതിനായി ഒരു ഓഫീസ് ഏര്‍പ്പാടാക്കി. 1960 സെപ്റ്റംബര്‍ 7ന് ബുധന്‍ പ്രവര്‍ത്തനം തുടങ്ങി. പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് കെ. എം. മൗലവി ഇങ്ങനെ പറഞ്ഞതായി അമാനി മൗലവി അനുസ്മരിക്കുന്നു: ”നിങ്ങള്‍ എഴുതുന്ന ഓരോ എഴുത്തിനും അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം നല്‍കേണ്ടി വരുമെന്ന ബോധത്തോടെ എഴുതണം”(കെ. എം. മൗലവി സ്മരണികയില്‍ നിന്ന്).

കെ.എം മൗലവിയുടെ നിര്യാണശേഷം, അദ്ദേഹം പറഞ്ഞ ഈ വാചകം നിറംമങ്ങാതെ അവശേഷിക്കാറുണ്ടായിരുന്നുവെന്ന് അമാനി മൗലവി പറയുകയുണ്ടായി. കെ.എം മൗലവിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇനി ഇങ്ങനെയൊക്കെ ഞങ്ങളോട് ഗൗരവത്തോടെ പറയാന്‍ ആരുണ്ട് എന്ന് മരണവാര്‍ത്ത അറിയിച്ച വ്യക്തിയോട് അമാനി മൗലവി ചോദിക്കുകയുണ്ടായി.

അല്‍കഹ്ഫ് മുതല്‍ അന്നാസ് വരെയുള്ള രണ്ടാം പകുതിയാണ് അവര്‍ തുടങ്ങിവച്ചത്. 1961 സെപ്റ്റംബറില്‍ പി.കെ. മൂസ മൗലവി അനാരോഗ്യം കാരണം പിന്‍വാങ്ങി. അപ്പോഴേക്കും സൂറത്തുന്നംല് വരെ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ഒരു വര്‍ഷം കൂടി കഴിഞ്ഞ്, 1962 സെപ്റ്റംബര്‍ 28നു വെള്ളിയാഴ്ച ജുമുഅക്ക് മുമ്പായി സൂറത്തുന്നാസ് വരെ എത്തി രണ്ടാം പകുതിയുടെ എഴുത്ത് പൂര്‍ത്തിയാക്കി. ഇന്നത്തെ പോലെ വലിയ സൗകര്യമില്ലാതിരുന്ന ആ കാലത്ത് ഒരു റഫറന്‍സ് ഗ്രന്ഥം ലഭിക്കണമെങ്കില്‍ വളരെയധികം പ്രയാസപ്പെടേണ്ടിയിരുന്നു. പള്ളികളിലെ കുതുബ്ഖാനകള്‍, കോളേജ് ലൈബ്രറികള്‍, വ്യക്തികളുടെ കയ്യിലുള്ള അപൂര്‍വഗ്രന്ഥങ്ങള്‍ എന്നിവയായിരുന്നു അവലംബം. അവ പരിശോധിച്ച് കുറിച്ചെടുക്കുകയായിരുന്നു പതിവ്. ശേഷം മറ്റു പണ്ഡിതന്മാരുമായി എഴുത്തുകുത്തുകളിലൂടെയും വളരെദൂരം യാത്ര ചെയ്ത് അവരെ നേരിട്ടു കണ്ടുമൊക്കെയാണ് ആ മഹാന്മാര്‍ ഈ ദൗത്യം നിര്‍വഹിച്ചുവന്നത്. ശേഖരിച്ച കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് അപ്പപ്പോള്‍ കെ. എം. മൗലവിക്ക് വായിച്ച് കേള്‍പ്പിക്കുകയും ശേഷം അസ്സല്‍ തയ്യാറാക്കുകയുമായിരുന്നു പതിവ്.

കല്ലായി ഓഫീസില്‍ കെ. എം. മൗലവി പലപ്പോഴും സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുമായിരുന്നു. കല്ലായിയില്‍ നിന്നും അമാനി മൗലവി കെ.എം.മൗലവിയെ ട്രെയിനില്‍ അനുഗമിക്കുമായിരുന്നു. കല്ലായി റെയില്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോം അന്ന് ഉയരമില്ലായിരുന്നു. കെ. എം. മൗലവി വളരെ പ്രയാസപ്പെട്ടുകൊണ്ടാണ് ട്രെയിനില്‍ കയറിയിരുന്നത് എന്നും അമാനി മൗലവി പറയുന്നുണ്ട്. ട്രെയിന്‍ യാത്രകളില്‍ പലപ്പോഴും ഉന്നതവ്യക്തിത്വങ്ങളുമായി കാണാറുണ്ടെന്നും ഒരിക്കല്‍ മാതൃഭൂമി സ്ഥാപക പത്രാധിപരും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. പി. കേശവമേനോന്‍ അദ്ദേഹത്തെ ട്രെയിനില്‍ വെച്ച് എഴുന്നേറ്റുനിന്ന് ആദരിക്കുകയും അദ്ദേഹവുമായി പഴയ ചരിത്രങ്ങള്‍ പങ്കിടുകയും ചെയ്തുവെന്നും അമാനി മൗലവി അനുസ്മരിക്കുന്നു.

രണ്ടാം പകുതി ആറു വാള്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്. ആദ്യത്തെ വാള്യം 1963ല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്നുള്ള വാള്യങ്ങള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് പ്രിന്റ് ചെയ്തത്. ആദ്യത്തെ നാല് വാള്യങ്ങള്‍ കെ. പി. ബ്രദേഴ്‌സും സാമ്പത്തികമായി അവര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ പിന്നീടുള്ള രണ്ട് വാള്യങ്ങള്‍ കൊച്ചിയിലെ മുജാഹിദീന്‍ ട്രസ്റ്റുമാണ് പുറത്തിറക്കിയത്. തിരൂരിലെ ജമാലിയ പ്രസ്സിലായിരുന്നു അച്ചടി. മാറ്റര്‍ പ്രസ്സില്‍ എത്തിക്കുക, പ്രൂഫ് നോക്കുക, ഇടക്കിടെ തിരൂരില്‍ പോയി പ്രിന്റിങ്ങിന്റെ പുരോഗതി പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ നിര്‍വഹിച്ചിരുന്നത് അമാനി മൗലവി ഒറ്റക്കായിരുന്നു. ആറാം വാള്യം പുറത്തിറങ്ങിയപ്പോഴേക്കും 1974 ആയി. ദീര്‍ഘമായ 11 വര്‍ഷം! സുദീര്‍ഘമായ ഈ കാലയളവില്‍ ഇതിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നത് പ്രധാനമായും കെ.എം മൗലവിയുടെ മകനും മദീന യൂണിവേഴ്‌സിറ്റി പ്രൊഫസറുമായിരുന്ന ശൈഖ് അബ്ദുസ്സമദ് അല്‍കാതിബും (അബ്ദുസ്സമദ് മൗലവി), എം. സഅദുദ്ദീന്‍ മൗലവിയും (മദീനയിലെ ഡോ: അഷ്‌റഫ് മൗലവിയുടെ ഭാര്യാപിതാവ്) ആയിരുന്നുവെന്ന് ചരിത്രകാരന്‍ കെ. കെ. മുഹമ്മദ് അബ്ദുല്‍കരീം കെ. എം. മൗലവിയുടെ ജീവചരിത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

രണ്ടാം പകുതിയുടെ മുഴുവന്‍ പരിശോധനയും 1963ല്‍ തന്നെ പൂര്‍ത്തിയായതുകൊണ്ട് കെ. എം. മൗലവിക്ക് അവതാരിക എഴുതാന്‍ സാധിച്ചു. 1964 ജൂണ്‍ 6നാണ് അദ്ദേഹം അവതാരിക എഴുതിയത്. മൂന്നു മാസം കഴിഞ്ഞ് 1964 സെപ്റ്റംബര്‍ 10നു കെ.എം മൗലവി നിര്യാതനായി. അദ്ദേഹത്തിന്റെ അവതാരികയില്‍ ഒരു കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതാണ് അമാനി തഫ്‌സീറിന്റെ ആധികാരികതയെ പ്രോജ്വലമാക്കുന്നത്. അദ്ദേഹം പറഞ്ഞു: ”ഈ ഗ്രന്ഥം എഴുതിവന്നത് മേല്‍പ്പറഞ്ഞ മൂന്നു സ്‌നേഹിതന്മാരാണെങ്കിലും ഇതിന്റെ പ്രവര്‍ത്തനത്തില്‍ പല നിലയ്ക്കും ഞാനും ബന്ധപ്പെട്ടുകൊണ്ടിരുന്നതിനാല്‍ ഈ പരിഭാഷയും ഇതിലെ വ്യാഖ്യാനങ്ങളുമെല്ലാം ‘സലഫീങ്ങളുടെ’ മാതൃകയനുസരിച്ചുകൊണ്ടുള്ളതാണെന്ന് എനിക്ക് തീര്‍ച്ചയായും പറയാന്‍ കഴിയുന്നതാണ്. ‘പൗരാണിക മഹാന്മാരുടെ മാതൃക പിന്‍പറ്റുന്നതിലാണ് നമ്മുടെയെല്ലാം നന്മയും സ്ഥിതിചെയ്യുന്നത്. പിന്‍കാലക്കാരുടെ പുത്തന്‍ നിര്‍മാണങ്ങളിലാണ് എല്ലാ തിന്മയും നിലകൊള്ളുന്നത്.”

1961ല്‍ മൂസ മൗലവി അനാരോഗ്യം കാരണം പിന്‍വാങ്ങിയത് നേരത്തെ സൂചിപ്പിച്ചുവല്ലോ. കെ. എം. മൗലവി 1964ല്‍ മരണപ്പെടുകയും ചെയ്തു. മരണത്തിനു മുമ്പായി അദ്ദേഹത്തിന് രണ്ടാം പകുതിയുടെ കയ്യെഴുത്തു പ്രതി പൂര്‍ണമായും കാണാന്‍ സാധിച്ചിട്ടുണ്ട്. 1974ല്‍ ആണ് രണ്ടാം പകുതിയുടെ പ്രിന്റിങ് പൂര്‍ത്തിയായത്. അലവി മൗലവി മരണപ്പെട്ടത് 1976ല്‍ ആയിരുന്നത് കൊണ്ട് അദ്ദേഹത്തിന് രണ്ടാം പകുതി പ്രിന്റ് ചെയ്ത ഭാഗം കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അതിനു മുമ്പേ അനാരോഗ്യം അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നതുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിരമിക്കേണ്ടി വന്നു.

അവശേഷിക്കുന്ന ഒന്നാം പകുതി അഥവാ സൂറത്തുല്‍ ഫാതിഹ മുതല്‍ സൂറത്ത് ഇസ്‌റാഅ് വരെയുള്ള ഭാഗം മുഹമ്മദ് അമാനി മൗലവിയ്ക്ക് ഒറ്റയ്ക്ക് എഴുതി പൂര്‍ത്തിയാക്കേണ്ടി വന്നു. 1975 സെപ്റ്റംബര്‍ 14ന് ആരംഭിച്ച എഴുത്ത് 1977 സെപ്റ്റംബര്‍ 27നു പൂര്‍ത്തിയായി. രണ്ടാം പകുതി പരിശോധിച്ചിരുന്നത് കെ.എം. മൗലവി ആയിരുന്നല്ലോ. ഒന്നാം പകുതിയും ഒരു പണ്ഡിതന്‍ പരിശോധിക്കണമെന്നു അദ്ദേഹം നിര്‍ബന്ധം പിടിച്ചു. ആ ഉത്തരവാദിത്തം കെ.പി. മുഹമ്മദ് മൗലവി ഏറ്റെടുത്തു. ഒന്നാം പകുതി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് വളരെയധികം പ്രയാസപ്പെടേണ്ടിവന്നു. സൗകര്യങ്ങള്‍ വളരെ പരിമിതമായ വാണിയമ്പലത്തെ സ്വന്തം വീട്ടിലും വാണിയമ്പലം അങ്ങാടിയിലെ പീടികമുറിയിലുമായിരുന്നു അദ്ദേഹം അതിനായി അത്യധ്വാനം ചെയ്തത്. മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ ഇടുങ്ങിയ മുറിയില്‍ ഒരു ബെഞ്ചില്‍ ചുമരും ചാരിയിരുന്നായിരുന്നു ജോലിയത്രയും ചെയ്തിരുന്നത്. ഇടക്ക് കെ.പിക്ക് വായിച്ചു കേള്‍പ്പിക്കാന്‍ അരീക്കോട്ടും വളവന്നൂരിലും പോകുമായിരുന്നു. ചില ദിവസങ്ങളില്‍ കെ.പി അമാനി മൗലവിയുടെ വീട്ടിലും വന്നു താമസിക്കുമായിരുന്നു. 1977 സെപ്തംബറില്‍ രചന പൂര്‍ത്തിയായെങ്കിലും പ്രിന്റ് ചെയ്യാന്‍ പ്രസാധകര്‍ ഉണ്ടായിരുന്നില്ല. രണ്ടാം പകുതി പ്രിന്റ് ചെയ്ത കെ.പി ബ്രദേഴ്‌സും കൊച്ചി മുജാഹിദീന്‍ ട്രസ്റ്റുമെല്ലാം സാമ്പത്തികമായി തളര്‍ന്നിരിക്കുകയായിരുന്നു. അദ്ദേഹം മഹാനായ എം.കെ ഹാജിയെ സമീപിച്ചു. ഹാജി സാഹിബ് കെ.പിയെ തന്നെ കാണുവാനും പ്രസാധനം കേരള നദ്‌വത്തുല്‍ മുജാഹിദീനോട് തന്നെ ഏറ്റെടുക്കാന്‍ ആവശ്യപ്പെടാനും പറഞ്ഞു. കെ.പി ഉടന്‍ പി.കെ അലി അബ്ദുറസാഖ് മദനിയെ ചുമതലപ്പെടുത്തി. എന്ത് വിഷമം സഹിച്ചും നാം അതേറ്റെടുത്തേ പറ്റൂവെന്ന് കെ.പി മുഹമ്മദ് മൗലവി അലി അബ്ദുറസാഖ് മൗലവിയോട് ആവശ്യപ്പെട്ടു. അദ്ദേഹം വളരെ സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു. 1978 അവസാനത്തിലായിരുന്നു അത്. ആറു വാള്യങ്ങളിലായി ചിട്ടപ്പെടുത്തിയ ഒന്നാം പകുതിയുടെ ഒന്നാം വാള്യം 1979ല്‍ പ്രസിദ്ധീകരിച്ചു. ആറാം വാള്യം 1985ലാണ് പ്രസിദ്ധീകരിച്ചത്. കെ.പിയുടെ നിതാന്തജാഗ്രതയും റസാഖ് മൗലവിയുടെ ചടുലതയുമായിരുന്നു തഫ്‌സീറിന്റെ പ്രസിദ്ധീകരണം എളുപ്പമാക്കിയത്. ഒന്നാം പകുതിയുടെ ആറു വാള്യങ്ങളും രണ്ടാം പകുതിയുടെ ആറു വാള്യങ്ങളും ചേര്‍ത്ത് 1987 മെയ് 12ന് വലിയ നാല് വാള്യങ്ങളാക്കി പുനഃപ്രസിദ്ധീകരിച്ചു. 1989ലും പുനഃപ്രസിദ്ധീകരണമുണ്ടായി.

ക്വുര്‍ആനിലെ വിവിധ ചരിത്രങ്ങളുമായി ബന്ധപ്പെട്ട മേപ്പുകളും മറ്റു ചിത്രങ്ങളും തഫ്‌സീറില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇവയെല്ലാം ആദ്യം വരച്ചിരുന്നത് പ്രസിദ്ധ മാപ്പിള കവിയും ഗായകനുമായ വി.എം കുട്ടി സാഹിബായിരുന്നു. പിന്നീടുള്ള പുനഃപ്രസിദ്ധീകരണവേളയില്‍ അവ വരച്ചത് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ അവര്‍കളാണ്. മാത്രമല്ല അമാനി മൗലവിയുടെ തഫ്‌സീറുകളുടെ പുറം ചട്ടകള്‍ ഡിസൈന്‍ ചെയ്തതും പറപ്പൂര്‍ തന്നെയായിരുന്നു.

മുഹമ്മദ് അമാനി മൗലവിയുടെ ജനനം 1909 ലാണ്. പട്ടിക്കാട്ടെ അമാനത്ത് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് അമാനത്ത് ഹസന്‍കുട്ടി മുസ്‌ല്യാരും നല്ലൊരു പണ്ഡിതനായിരുന്നു. ചാലിലകത്തിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. ഉമ്മ വിളക്കണ്ടത്തില്‍ ആമിന തിരൂരങ്ങാടിയില്‍ നടന്ന മലബാര്‍ യുദ്ധഭൂമിയിലെ കര്‍മപോരാളിയായിരുന്ന ആലി മുസ്‌ല്യാരുടെ ബന്ധുവായിരുന്നു. പിതാവില്‍ നിന്നു ലഭിച്ച മതവിജ്ഞാന താല്‍പര്യം മുഹമ്മദ് അമാനിയെ ഒരു വിജ്ഞാന കുതുകിയാക്കി മാറ്റി. ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴിലുള്ള സ്‌കൂളില്‍ എട്ടാംതരം വരെ പഠിച്ചു. എഴുത്തിലും വായനയിലും അതീവ തല്‍പരനായിരുന്ന അദ്ദേഹം കേരളത്തിലെ വിവിധ പള്ളിദര്‍സുകളില്‍ അധ്യയനം പൂര്‍ത്തിയാക്കി. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ രാജഗിരി അല്‍മദ്‌റസതുല്‍ ഖാസിമിയ്യയില്‍ നിന്നു 1936ല്‍ ‘ആലിം’ ബിരുദം നേടി. അറബി, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ അവഗാഹം നേടിയ അദ്ദേഹത്തിന് ഇംഗ്ലീഷിലും സാമാന്യ പരിജ്ഞാനം ഉണ്ടായിരുന്നു.

1936 മുതല്‍ 1945 വരെ സ്വന്തം നാട്ടിലും സമീപപ്രദേശങ്ങളിലുമുള്ള പള്ളിദര്‍സുകളില്‍ മുദര്‍രിസായി സേവനം ചെയ്തു. മൊറയൂരില്‍ അദ്ദേഹം തുടങ്ങിയ ‘റിലീജിയസ് സ്‌കൂളില്‍’ ഗ്ലോബുകളുടെയും അറ്റ്‌ലസിന്റെയുമൊക്കെ സഹായത്തോടെ അറബിയില്‍ ഭൂമിശാസ്ത്രവും ജ്യോതിശാസ്ത്രവുമെല്ലാം പഠിപ്പിച്ചിരുന്നുവത്രെ! അധ്യയന രംഗത്തെ ശാസ്ത്രീയ സമീപനത്തോടുള്ള അതീവ താല്‍പര്യം അദ്ദേഹത്തെ 1946ല്‍ റൗദത്തുല്‍ ഉലൂം അറബിക്കോളേജില്‍ എത്തിച്ചു. അന്ന് മഞ്ചേരിയിലായിരുന്നു റൗദത്തുല്‍ ഉലൂം. ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് ഗ്രന്ഥരചനകളോടും ഗ്രന്ഥശാലാ നടത്തിപ്പിനോടുമൊക്കെയായി രുന്നു കൂടുതല്‍ അഭിനിവേശമുണ്ടായിരുന്നത്. റൗദത്തുല്‍ ഉലൂമില്‍ ജോലി ചെയ്യവെ മഞ്ചേരിയില്‍ അദ്ദേഹം സ്വന്തമായി ‘അമാനിയാ ബുക്സ്റ്റാള്‍’ എന്ന പേരില്‍ ഗ്രന്ഥശാല തുടങ്ങുകയും അതിന്റെ പേരില്‍ ലഘുകൃതികള്‍ പുറത്തിറക്കുകയും ചെയ്തു. പിന്നീട് സ്വന്തം നാടായ പട്ടിക്കാട്ടേക്ക് മാറ്റിയ ആ ഗ്രന്ഥശാലയില്‍ നിന്നാണ് ആദ്യമായി വിശുദ്ധക്വുര്‍ആനിന്റെ മലയാള വിവര്‍ത്തനങ്ങള്‍ അടങ്ങുന്ന കൊച്ചുകൊച്ചു പുസ്തകങ്ങള്‍ ഇറങ്ങിത്തുടങ്ങിയത്. തിരുവനന്തപുരത്തെ ഇടവയിലെ ആധുനിക സൗകര്യങ്ങളുള്ള ഒരു പ്രസ്സില്‍നിന്നാണ് അറബി മൂലത്തോടുകൂടിയുള്ള ഈ പരിഭാഷകള്‍ അച്ചടിച്ചിരുന്നത്.

അമാനി തഫ്‌സീറിന്റെ മുഖവുര (മുഖദ്ദിമ) വളരെ പ്രസിദ്ധമാണ്. ക്വുര്‍ആനുമായി ബന്ധപ്പെട്ട മുഴുവന്‍ വിജ്ഞാനങ്ങളും അതിലുണ്ട്. ക്വുര്‍ആനിന്റെ അവതരണം, ക്രോഡീകരണം, പാരായണ മര്യാദകള്‍, എഴുത്ത്, ഉലൂമുല്‍ ക്വുര്‍ആന്‍ (വിജ്ഞാനങ്ങള്‍), ക്വുര്‍ആന്‍ വ്യാഖ്യാനിക്കേണ്ട രീതി, ക്വുര്‍ആന്‍ ഭാഷാന്തരം ചെയ്യല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ അതില്‍ നല്‍കിയിട്ടുണ്ട്. ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പൗരാണിക (സലഫുകളുടെ) രീതി വിശദീകരിക്കാന്‍ അദ്ദേഹം അവലംബമാക്കിയത് ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച മഹാനായ ഇബ്‌നു ജരീറു ത്വബ്‌രിയെയും ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു കഥീറിനെയുമാണ്. ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുക, നബി ﷺ  യുടെ വിശദീകരണങ്ങളിലൂടെ വ്യാഖ്യാനിക്കുക, അത് ലഭിച്ചില്ലെങ്കില്‍ സ്വഹാബികളിലേക്ക് മടക്കുക, അവിടെയും കണ്ടില്ലെങ്കില്‍ താബിഉകളിലേക്ക് മടക്കുക എന്ന സലഫുകള്‍ അംഗീകരിച്ച ശൈലിയാണ് അമാനി മൗലവിയും മൂസ മൗലവിയും അലവി മൗലവിയും സംയുക്തമായി രചിച്ച മുഖദ്ദിമ വ്യക്തമാക്കുന്നത്. ആധുനിക വ്യാഖ്യാതാക്കളില്‍ പലരും സ്വന്തം അഭിപ്രായങ്ങള്‍ക്കനുസരിച്ച് വ്യാഖാനിക്കുന്ന പ്രവണത വര്‍ധിച്ചപ്പോള്‍ അമാനി തഫ്‌സീര്‍ അത്തരം പോരായ്മകളില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്ന് മാത്രമല്ല സലഫുകളുടെ വ്യാഖ്യാന മാര്‍ഗങ്ങളെ മാത്രം അവലംബിക്കുന്ന സൂക്ഷ്മവും പക്വവും സത്യസന്ധവുമായ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. അമാനി തഫ്‌സീറിന്റെ ആധികാരികത നമുക്ക് ഇതിലൂടെ ബോധ്യപ്പെടും.

ക്വുര്‍ആന്‍ പഠനത്തെ ഗൗരവമായി കാണണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. അദ്ദേഹം പറയുന്നു: ”വായനക്കാര്‍ മിക്കവാറും രണ്ടു തരക്കാരായിരിക്കും. ഒന്നോ രണ്ടോ ആവര്‍ത്തി വായിച്ച് തൃപ്തിയടയുന്നവരും ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു പഠിക്കുന്നവരും. ഈ രണ്ടാമത്തെ വിഭാഗത്തെ കൂടുതല്‍ പരിഗണിച്ചു കൊണ്ടാണ് ഞങ്ങള്‍ ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്” (നമ്മുടെ പരിഭാഷാഗ്രന്ഥം, മുഖദ്ദിമ). കേവലം കളിതമാശക്കോ ഭൗതിക നേട്ടങ്ങള്‍ക്കോ വേണ്ടി ക്വുര്‍ആന്‍ പഠനം നടത്താന്‍ പാടില്ല; മറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിച്ച് പഠിക്കുകയാണ് ക്വുര്‍ആനിനെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത് എന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.

മുഹമ്മദ് അമാനി മൗലവി വിനയാന്വിതനായ മഹാ പണ്ഡിതനായിരുന്നു. ഒരു പണ്ഡിതനാണെന്ന ജാഡയോ തലക്കനമോ വേഷഭൂഷാതികളോ ഒന്നുമില്ലാതെ, വിജ്ഞാനത്തെ സ്‌നേഹിച്ച് അല്ലാഹുവിനെ ഭയന്നുകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. ക്വുര്‍ആന്‍ വിവരണത്തിലൂടെയോ മതപ്രബോധനത്തിലൂടെയോ അദ്ദേഹം സമ്പാദ്യങ്ങള്‍ ലക്ഷ്യമാക്കിയില്ല. അദ്ദേഹം മക്കള്‍ക്കായി നല്‍കിയ വസ്വിയ്യത്ത് ഇങ്ങനെയായിരുന്നു: ‘കൊടുക്കാനുള്ള കടത്തില്‍ മാത്രം ആദ്യം ശ്രദ്ധിക്കണമെന്ന് പ്രത്യേകം ഉപദേശിക്കുന്നു. സമ്പാദിക്കണമെന്ന മോഹവും സുഖസൗകര്യങ്ങള്‍ അധികം വേണമെന്ന മോഹവും എനിക്കില്ലാത്തത് കൊണ്ടും അതൊരു ദോഷമല്ലെന്നു കരുതുന്നത് കൊണ്ടും സ്വത്ത് വല്ലതുമുണ്ടെങ്കില്‍ അത് സന്തോഷത്തോടെയും വിട്ടുവീഴ്ചയോടുകൂടിയും എടുത്ത് തൃപ്തിപ്പെട്ടു കൊള്ളണം.’

ഇതരവിഭാഗങ്ങളോട് ആശയപരമായ കാര്യങ്ങളില്‍ വിയോജിപ്പുള്ളപ്പോഴും എല്ലാവരോടും വ്യക്തി ബന്ധം പുലര്‍ത്തുന്നതില്‍ അദ്ദേഹം കണിശത പുലര്‍ത്തിയിരുന്നു. കൂറ്റനാട് മുഹമ്മദ് മുസ്‌ല്യാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, സ്വദഖത്തുള്ള മൗലവി തുടങ്ങിയവരുമായിട്ട് അദ്ദേഹം വളരെ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. എതിരാളികളോടുള്ള സമീപനങ്ങളില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെയായിരുന്നു: ‘എല്ലാവരും സാത്വികന്‍മാരും സത്യാന്വേഷണ തല്‍പരരുമായിരിക്കയില്ലല്ലോ. അങ്ങനെയുള്ളവരോടു തര്‍ക്കവും വാദവും നടത്തേണ്ടതായി വരും. എന്നാലതു, വായടപ്പിക്കുന്ന തരത്തിലുള്ളതോ, ഉത്തരം മുട്ടിക്കുവാന്‍ വേണ്ടിയോ ആയിരിക്കരുത്. സന്ദര്‍ഭത്തിനും ആള്‍ക്കും പരിതസ്ഥിതിക്കും അനുസരിച്ച് കൂടുതല്‍ നയത്തോടും മയത്തോടും കൂടിയും, സത്യസന്ധമായും ആയിരിക്കേണ്ടതാണ്. സംഭാഷണം പ്രതിയോഗിയുടെ പരാജയത്തെ മാത്രം ഉന്നംവെച്ചു കൊണ്ടാവരുത്. സത്യം ഗ്രഹിപ്പിക്കുകയാവണം ലക്ഷ്യം. സംസാരശൈലിയും ഉപയോഗിക്കുന്ന വാക്കുകളും വെറുപ്പിക്കുന്ന രൂപത്തിലാവരുത്. അല്ലാത്തപക്ഷം, പ്രതിയോഗി ഉത്തരംമുട്ടി പരാജയപ്പെട്ടാല്‍ പോലും സത്യത്തോടു ഇണങ്ങാതിരിക്കുകയായിരിക്കും ഉണ്ടാകുക. ന്യായവും തെളിവും സമര്‍പ്പിക്കുന്നതു ഇരുവിഭാഗക്കാരും അംഗീകരിക്കുന്ന അടിസ്ഥാനം തെറ്റാതിരിക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ ഓരോ കക്ഷിയും മനസ്സിരുത്തായ്കകൊണ്ടാണു രണ്ടു വ്യത്യസ്തമായ അഭിപ്രായഗതിക്കാര്‍ തമ്മില്‍ നടത്തപ്പെടുന്ന ഇന്നത്തെ വാദപ്രതിവാദങ്ങളില്‍ ബഹുഭൂരിഭാഗവും ഫലശൂന്യമായിത്തീരുന്നതും പരസ്പരം വിദ്വേഷം വളര്‍ത്തുവാന്‍ കാരണമായിത്തീരുന്നതും” (സൂറത്തുന്നഹ്ല്‍, ആയത്ത് 125ന്റെ വ്യാഖ്യാനം).

1987 നവംബര്‍ 2 ന് മുസ്‌ലിം കൈരളിക്ക് ഒട്ടേറെ നന്മകള്‍ ബാക്കിയാക്കി അദ്ദേഹം അല്ലാഹുവിലേക്ക് മടങ്ങി. വിശുദ്ധ ക്വുര്‍ആന്‍ അമാനി തഫ്‌സീര്‍ ഉപയോഗിച്ചുകൊണ്ട് പഠിക്കുവാന്‍ ഈ പുണ്യ റമദാനിനെ ഉപയോഗപ്പെട്ടുത്തുക. മഹാന്മാരായ കെ. എം. മൗലവി, അമാനി മൗലവി, മൂസ മൗലവി, അലവി മൗലവി, കെ.പി. മുഹമ്മദ് മൗലവി, അലി അബ്ദുറസാഖ് മദനി, കെ. പി. മുഹമ്മദ് സാഹിബ് ഒലവക്കോട്, കെ പി മൊയ്തീന്‍കുട്ടി സാഹിബ്, എന്‍.കെ. മുഹമ്മദ് സാഹിബ് (പുളിക്കല്‍) തുടങ്ങി ഈ തഫ്‌സീറിന്റെ രചനയിലും പ്രസിദ്ധീകരണത്തിലും പ്രചാരണത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ പണ്ഡിതരിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമാറാകട്ടെ (ആമീന്‍)

 

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം വാരിക

റബ്ബിനോട് തേടാൻ ചില പ്രാർത്ഥനകൾ​

ഉള്ളടക്കം​