വിധവയും അനാഥനും
ഭർത്താവ് മരണപ്പെട്ട എനിക്ക് ഒരു മകനും മകളുമുണ്ട്. മകൻ പഠനം നിർത്തി. ചെറിയൊരു ജോലിയുണ്ട്. പ്രതീക്ഷിച്ച പോലെയായില്ല. അവനെ ശരിയാക്കിയെടുക്കാൻ ഞാനെന്ത് ചെയ്യണം?

പത്തൊമ്പത് വയസ്സുള്ള മകനെയും കൂട്ടി നേരിട്ട് വന്ന് പരാതിപ്പെട്ട ഒരു വിധവയുടെ ചോദ്യമാണിത്. കുട്ടിയുമായി വിശദമായി സംസാരിക്കാൻ അവസരം ലഭിച്ചു. മാനസിക രോഗത്തിന്റെ ചില ലക്ഷണങ്ങൾ ശരിക്കും ആ കുട്ടിയിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. മൂന്നാം ക്ളാസ്സിൽ പഠിക്കുമ്പോഴുള്ള, പിതാവിന്റെ മരണമാണ് അവനെ തളർത്തിയത്. ഇന്നും ആ വേർപാട് അവനെ പ്രയാസപ്പെടുത്തുന്നു.
ബാപ്പ എന്നും വീട്ടിലേക്ക് വരുമ്പോൾ ചായക്ക് മിക്സ്ചർ(ബേക്കറി) കൊണ്ടുവരുമായിരുന്നു. ഇപ്പോഴും ചായ കുടിക്കുമ്പോൾ അവന് പിതാവിനെ ഓർമ വരും. അവന്റെ കണ്ണുകൾ നിറയും. അനാഥത്വം അവന്റെ മനസ്സിനെ തളർത്തിയതിൽ ചെറുതല്ലാത്ത പങ്ക് ഉമ്മക്കുണ്ടെന്ന് ഉമ്മയുടെ സംസാരത്തിൽനിന്നും മനസ്സിലായി. ഉമ്മക്ക് വിധവയുടേതായ പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ട്. പിതാവിന്റെ അസാന്നിധ്യം കുട്ടികൾക്ക് പ്രശ്നമാവാതെ അവരെ എങ്ങനെ വളർത്തണമെന്ന് ഉമ്മമാർക്കറിയില്ലെങ്കിൽ ഭർത്താവ് മാത്രമല്ല ആശ്രയമാകേണ്ട മക്കളും നഷ്ടമാകും. സംഭവിച്ചതിതാണ്. മകൻ വന്ന് ചോദിക്കും: `ഉമ്മാ എനിക്ക് പത്ത് രൂപ വേണം.` അപ്പോൾ ഉമ്മയുടെ പ്രതികരണം `കുട്ടീ, ഞാനെവിടെ നിന്നാണ് നിനക്ക് പണം തരുന്നത്. നിന്റെ ബാപ്പയില്ലല്ലോ? ആരെങ്കിലും തന്നിട്ട് വേണ്ടേ?` എന്നായിരിക്കും.
പക്ഷേ, അവരറിയുന്നില്ല; ബാപ്പയുടെ വേർപാട് മകനെ താൻ ഓർമപ്പെടുത്തുകയാണെന്ന്. ഉമ്മയുടെ മാനസിക വിഷമം ഇടയ്ക്കിടക്ക് അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതിലേക്കെത്തിക്കും. അപ്പോഴും ഉമ്മ പറയുന്നത് `ബാപ്പ മരിച്ചപ്പോൾ നിന്നിലായിരുന്നു പ്രതീക്ഷ. പക്ഷേ, നീ പഠനം നിർത്തി. ഇനി നമ്മൾ എന്തുചെയ്യും?` എന്നായിരിക്കും. ബാപ്പയുടെ ഭാരം ഈ ചെറുപ്പത്തിൽ തന്നെ ഞാൻ വഹിക്കേണ്ടി വന്നല്ലോ എന്ന വേദനയേറിയ ചിന്ത അവനെ വീണ്ടും തളർത്തും.
വിധവയായ ഉമ്മക്കുണ്ടാവേണ്ടത്; അല്ല! ജീവിതത്തിൽ ദുരന്തങ്ങൾ സംഭവിച്ചവർക്കല്ലാം ഉണ്ടാവേണ്ടത്, ഉള്ളതിൽ സംതൃപ്തിപ്പെടാനും ആത്മവിശ്വാസത്തോടെയും ആത്മധൈര്യത്തോടെയും ജീവിക്കാൻ കഴിയുക എന്നതാണ്. ഈ സഹോദരിക്ക് തന്നെ സ്വന്തമായൊരു വീട് ഭർത്താവിന്റെ മരണശേഷം ലഭിച്ചു. രണ്ടു മക്കളിൽ ഒന്ന് ആണും മറ്റേത് പെണ്ണുമാണ്. ജീവിതാവശ്യങ്ങൾ ഒരു സന്നദ്ധസംഘടന ഏറ്റെടുത്ത് നടത്തുന്നു. ഇപ്പോൾ പ്രത്യേകിച്ച് മാരകമായ അസുഖങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ല. എന്നിട്ടും മുഖത്ത് നിരാശയും അസംതൃപ്തിയും പ്രകടമായി കാണുന്നു!
വേദനകളിൽ പ്രതിഫലമാഗ്രഹിച്ച്, പ്രതീക്ഷയോടെയും സന്തോഷത്തോടെയും വിധവകൾ ജീവിച്ചാൽ ആ സന്തോഷം മക്കളിൽ പ്രകടമാകും. നിരാശയും കുറ്റപ്പെടുത്തലുകളും പരാതികളുമായി ജീവിച്ചാൽ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ടപോലെ കുട്ടികൾക്ക് തോന്നുകയും അവർ മാനസികമായി തളരുകയും ചെയ്യും. അതാണ് ഈ കുട്ടിക്ക് സംഭവിച്ചത്.
പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക