ഭർത്താവിന്റെ മദ്യപാനം
മദ്യപനായ ഭർത്താവിന്റെ കൂടെ ജീവിക്കുന്നതിൽ തെറ്റുണ്ടോ?

മദ്യം വിശുദ്ധ ക്വുർആനും നബിവചനങ്ങളും ശക്തമായി വിലക്കിയ കാര്യമാണ്. അത് നിഷിദ്ധമാണെന്ന കാര്യത്തിൽ മുസ്ലിം സമൂഹത്തിൽ അഭിപ്രായാന്തരമില്ല. നബില പറഞ്ഞു: “എല്ലാ ലഹരിയുണ്ടാക്കുന്നതും മദ്യമാണ്. എല്ലാ മദ്യവും നിഷിദ്ധവുമാണ്” (മുസ്ലിം 37:35).
മദ്യം കഴിക്കുന്നവർക്ക് നാളെ പരലോകത്ത് നരകക്കാരിൽ നിന്ന് ഒഴുകുന്ന ദ്രാവകം കുടിപ്പിക്കപ്പെടും എന്നും നബില പറഞ്ഞിട്ടുണ്ട്. ഈ വസ്തുതകൾ വിസ്മരിക്കാവതല്ല.
എന്നാൽ ഭാര്യയെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു ഭർത്താവിന്റെ കൂടെ ജീവിക്കുന്നതിന് തടസ്സമില്ല. കാരണം ഒരാൾ ചെയ്യുന്ന തെറ്റിന് മറ്റൊരാൾ ശിക്ഷിക്കപ്പെടില്ല. “ഒരാളുടെ പാപഭാരം മറ്റൊരാൾ വഹിക്കുകയില്ല“ (ഫാത്വിർ: 18).
മദ്യപാനിയായ ഭർത്താവിന്റെ കൂടെ ക്ഷമയോടെ എല്ലാം സഹിച്ച് ജീവിക്കുന്നതിന് ഭാര്യക്ക് പ്രതിഫലം ലഭിച്ചേക്കാം. മദ്യപാനം ഒരാളെ അവിശ്വാസിയാക്കുന്നില്ല എന്നതാണ് വിവാഹ ബന്ധം നിലനിൽക്കാനുള്ള കാരണം.
എന്നാൽ സുപ്രധാനങ്ങളായ ചില കാര്യങ്ങൾ ഈ സഹോദരി മനസ്സിലാക്കേണ്ടതുണ്ട്. തിന്മയുടെ മാതാവായ മദ്യം ശീലമാക്കിയ ഭർത്താവിൽ നിന്നും അത് നിലനിൽക്കുന്ന കാലമത്രയും വലിയ പ്രതീക്ഷകൾക്ക് അവകാശമില്ല. കുട്ടികൾ വലുതായി വരുമ്പോൾ അവരുടെ അഭിമാനത്തെയും നല്ല ശീലങ്ങളെയും അത് പ്രതികൂലമായി ബാധിക്കും. അവരുടെ വിവാഹത്തിനും ഭാവി ജീവിതത്തിനും ഇത് വലിയ തടസ്സമാകും. അതിനാൽ പരിഹാരത്തിന്റെ വഴികൾ വേഗത്തിൽ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ബുദ്ധി. കുറ്റപ്പെടുത്തിയും അപമാനിച്ചും വെറുതെ പ്രയാസങ്ങൾ സൃഷ്ടിച്ചിട്ട് കാര്യമില്ല. സ്നേഹപൂർവമായ പെരുമാറ്റങ്ങളിലൂടെയും സദുപദേശത്തിലൂടെയും ഫലപ്രദമായ വഴികളിലൂടെയും ബന്ധുക്കളുടെയും സ്നേഹിതൻമാരുടെയും മതപ്രബോധകരുടെയും ഗുണപരമായ ഇടപെടൽ മൂലവും ഫലമുണ്ടാക്കാം. പ്രാർഥനയും ഏറ്റവും വലിയ പരിഹാരമാണ്. തിന്മയെ നന്മ കൊണ്ട് നേരിടുക എന്ന തത്ത്വപ്രകാരം കൂടുതൽ നന്നായി പെരുമാറുന്നതും മാറ്റമുണ്ടാക്കും.
കിടപ്പറയിൽ നിന്ന് വിട്ടുനിൽക്കുന്നത് പോലുള്ള കാര്യങ്ങളിലൂടെ മനംമാറ്റമുണ്ടാക്കാൻ ശ്രമിക്കാം. നല്ല ധാർമികാന്തരീക്ഷമുള്ള ഡിഅഡിക്ഷൻ സെന്ററുകളും വലിയ മാറ്റങ്ങൾക്ക് കാരണമാകും.
പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക