02 - പ്രാർത്ഥനയുടെ പ്രാധാന്യം
أهمية الدعاء

അല്ലാഹു മനുഷ്യസമൂഹത്തെ സൃഷ്ടിച്ചിട്ടുള്ളത് അവനെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ്. അത് വിശദീകരിക്കുവാനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും, വേദഗ്രന്ഥങ്ങളവതരിപ്പിച്ചതും. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു
وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلا لِيَعْبُدُونِ
എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ മനുഷ്യജിന്ന് വർഗങ്ങളെ സൃഷ്ടിച്ചിട്ടില്ല
الذاريات: 56
നമ്മുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ ആരാധിക്കലാണ്. അവനോട് പ്രാർത്ഥിക്കണം എന്നാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു
وَقَالَ رَبُّكُمْ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ. ഞാന്‍ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്. തീർച്ച .
ഗാഫിർ:60
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِي إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
നിന്നോട് എന്റെ ദാസന്മാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാന്‍ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക) പ്രാർത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാന്‍ ആ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്
അൽബഖറ:186
അല്ലാഹു നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നൽകും.
പലരുടെയും മനസ്സിലെ സംശയമാണ് അല്ലാഹു എന്റെ പ്രാർത്ഥന കേൾക്കുമോ, എന്നെ പരിഗണിക്കുമോ എന്നൊക്കെ. ഒരു വിശ്വാസിയുടെ മനസ്സിൽ ഒരിക്കലും വരാൻ പാടില്ലാത്ത ചിന്തയാണിത്. അല്ലാഹു മൂന്ന് രീതിയിലാണ് നമ്മുടെ പ്രാർത്ഥനകളെ പരിഗണിക്കുന്നത്. കാരണം നാം ചോദിക്കുന്ന കാര്യത്തെക്കുറിച്ച് നമ്മെക്കാൾ നന്നായി അറിയുന്നവൻ അല്ലാഹുവാണ്.
അബൂ സഈദി (റ) ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പാപവും, കുടുംബബന്ധം മുറിക്കലും ഇല്ലാത്ത ഏതെങ്കിലുമൊരു കാര്യം ഒരു മുസ്‌ലിം പ്രാർത്ഥിച്ചാൽ മൂന്നിൽ ഒരു കാര്യം അല്ലാഹു അവന് നൽകുന്നതാണ്. ഒന്നുകിൽ അവന്‍ പ്രാർത്ഥിച്ച കാര്യം പെട്ടെന്ന് നൽകുന്നു, അല്ലെങ്കിൽ പരലോകത്തേക്ക് നീട്ടിവെക്കുന്നു, അതുമല്ലെങ്കിൽ അതുപോലെയുള്ള തിന്മ അവനെ തൊട്ട് തടയുന്നു. സ്വഹാബികൾ ചോദിച്ചു: അപ്പോൾ ഞങ്ങൾ പ്രാർത്ഥന അധികരിപ്പിക്കുകയോ? പ്രവാചകന്‍ അരുളി: അല്ലാഹു തന്നെയാണ് സത്യം അധികരിപ്പിക്കൂ (ഇമാം അഹ്മദ്.)
അല്ലാഹു പൊറുക്കാത്ത പാപം
അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കാതെ അവന്റെ സൃഷ്ടികളെ വിളിച്ച് പ്രാർത്ഥിക്കുന്ന ധാരാളം മനുഷ്യരെ സമൂഹത്തിൽ നമുക്ക് കാണാം. അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ് ആ പ്രവർത്തി. ശിർക്കിനെക്കുറിച്ച് അല്ലാഹു പഠിപ്പിച്ചത് ഇപ്രകാരമാണ്.
إِنَّ اللَّهَ لاَ يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدْ افْتَرَى إِثْمًا عَظِيمًا
“തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവർക്ക് അവന്‍ പൊറുത്ത് കൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർത്തുവോ അവന്‍ തീർച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്”
അന്നിസാഅ്: 48