മുലയൂട്ടുന്നവര്‍ക്ക് നോമ്പൊഴിവാക്കാമോ? അവര്‍ എപ്പോഴാണത് നോറ്റുവീട്ടേണ്ടത്? അവര്‍ അഗതികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ടോ?

മുലയൂട്ടുന്നവര്‍ക്ക് നോമ്പൊഴിവാക്കാമോ? അവര്‍ എപ്പോഴാണത് നോറ്റുവീട്ടേണ്ടത്? അവര്‍ അഗതികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ടോ?

ഉത്തരം: നോമ്പനുഷ്ഠിച്ചാല്‍ കുട്ടിക്ക് കൊടുക്കേണ്ട മുലപ്പാല്‍ കുറഞ്ഞ് പോകുമെന്നോ, മറ്റു വല്ല പ്രയാസവും കുട്ടിക്കുണ്ടാകുമോ എന്നോ ഭയപ്പെട്ടാല്‍ അവര്‍ക്ക് നോമ്പൊഴിവാക്കാം. പക്ഷേ, രോഗിയെ പോലെ പിന്നീട് നോറ്റു വീട്ടേണ്ടതുണ്ട്. അതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

”…ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല…” (ക്വുര്‍ആന്‍ 2:185).

എപ്പോഴാണോ കാരണം നീങ്ങിപ്പോകുന്നത് ആ സമയം നോറ്റു വീട്ടാനാരംഭിക്കുകയും ചെയ്യണം. അന്തരീക്ഷം തണുക്കുകയും പകല്‍ സമയം കുറയുകയും ചെയ്യുന്ന ശൈത്യകാലത്തോ, അതല്ലെങ്കില്‍ അടുത്ത വര്‍ഷമോ നോറ്റു വീട്ടാവുന്നതാണ്. നീങ്ങിപ്പോവാത്ത കാരണങ്ങളോ, ശമനം പ്രതീക്ഷിക്കാത്ത രോഗമോ ഉള്ളവരാണ് ഓരോ ദിവസത്തിനും പകരമായി ഓരോ അഗതികള്‍ക്ക് ഭക്ഷണം നോമ്പിന് പകരമായി നല്‍കേണ്ടത്.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

നോമ്പുകാരന്‍ പല്ല് തേക്കുന്നതിന്റെയും സുഗന്ധം ഉപയോഗിക്കുക സുറുമയിടുക എന്നതിന്റെ വിധി

നോമ്പുകാരന്‍ പല്ല് തേക്കുന്നതിന്റെയും സുഗന്ധം ഉപയോഗിക്കുക സുറുമയിടുക എന്നതിന്റെ വിധി

നോമ്പുകാരന്‍ പല്ല് തേക്കുന്നതിന്റെയും സുഗന്ധം ഉപയോഗിക്കുന്നതിന്റെയും വിധി എന്താണ്?

ഉത്തരം: നോമ്പ്കാരന്‍ പകലിന്റെ തുടക്കത്തിലോ, അവസാനത്തിലോ പല്ല് തേക്കുന്നത് പ്രവാചക ചര്യയില്‍ പെട്ടതാണ്. ഹദീഥ് കാണുക:

നബിﷺ പറയുകയുണ്ടായി: ”പല്ല് തേക്കല്‍ വായക്ക് ശുദ്ധിയുണ്ടാക്കുന്നതും രക്ഷിതാവിന് തൃപ്തിയുമുള്ള കാര്യമാണ്” (ബുഖാരി).

നബിﷺ പറഞ്ഞു: ”എന്റെ സമുദായത്തിന് പ്രയാസമുണ്ടാകുമായിരുന്നില്ലെങ്കില്‍ ഓരോ നമസ്‌കാരത്തിന് മുമ്പും മിസ്‌വാക്ക് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു”(ബുഖാരി, മുസ്‌ലിം).

അതുപോലെ നോമ്പുകാരന് പകലിന്റെ ആദ്യത്തിലോ, അവസാനത്തിലോ എപ്പോഴാണെങ്കിലും സുഗന്ധം ഉപയോഗിക്കാവുന്നതാണ്. അത് പുകരൂപത്തിലോ, ദ്രാവക രൂപത്തിലോ, മറ്റു വല്ല രൂപത്തിലോ ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സുഗന്ധം കലര്‍ന്ന പുക മൂക്കിലൂടെ കടത്തിവിടരുത്. കാരണം സുഗന്ധം കലര്‍ന്ന പുക മൂക്കിലൂടെ പ്രവേശിച്ച് അത് വയറില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് കൊണ്ടാണ് നബിﷺ ലുഖൈത്വ്ബ്‌നു സ്വബ്‌റയോട് പറഞ്ഞത്: ”നീ നോമ്പുകാരനല്ലായെങ്കില്‍ മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുന്നത് അധികരിപ്പിക്കുക” (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).

നോമ്പുകാരന്‍ സുറുമയിടുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: നോമ്പുകാരന് സുറുമയിടാവുന്നതാണ്, അതിന് പ്രശ്‌നമില്ല. അതുപോലെ കണ്ണുകളിലും ചെവിയിലും തുള്ളിമരുന്നും ഉപയോഗിക്കാവുന്നതാണ്. കാരണം അത് ഭക്ഷണപാനീയം കഴിക്കലല്ല. കണ്ണിലും മൂക്കിലും തുള്ളിമരുന്ന് ഉപയോഗിക്കുന്നതിന് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുകയെന്ന് പറയില്ല. തന്നെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതാണ് വിലക്കിയിട്ടുള്ളത്. ഈ അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്)ക്ക് ഉള്ളത്. എന്നാല്‍ മൂക്കില്‍ മരുന്ന് ഉപയോഗിച്ച് മനഃപൂര്‍വം അത് വായില്‍ എത്തിയാല്‍ നോമ്പ് നിഷ്ഫലമാകുന്നതാണ്. ഒരു ഹദീഥ് കാണുക:

നബിﷺ പറയുകയുണ്ടായി: ”നീ നോമ്പുകാരനല്ലായെങ്കില്‍ മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുന്നത് അധികരിപ്പിക്കുക” (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).

നോമ്പുകാരന്‍ സുഗന്ധം വാസനിക്കാന്‍ പാടുണ്ടോ?

ഉത്തരം: വ്രതമനുഷ്ഠിച്ചവന് സുഗന്ധം വാസനിക്കാവുന്നതാണ്. സുഗന്ധം പുകക്കുന്നതിനും പ്രശ്‌നമില്ല. എന്നാല്‍ സുഗന്ധത്തിന്റെ പുക മൂക്കിലൂടെ അകത്തേക്ക് പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല. കാരണം പുകക്ക് വെള്ളത്തെപ്പോലെ വയറിലേക്ക് എത്തുവാനുള്ള സാഹചര്യമുണ്ട്. വാസനിക്കല്‍ മാത്രമാണെങ്കില്‍ യാതൊരു കുഴപ്പവുമില്ല.

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

കഫം, മൂക്കില്‍ നിന്നും വരുന്നവ തുടങ്ങിയവ വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?

കഫം, മൂക്കില്‍ നിന്നും വരുന്നവ തുടങ്ങിയവ വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?

ഉത്തരം: കഫം, മൂക്കില്‍ നിന്നും വരുന്നവ എന്നിവ വായിലേക്കെത്തുന്നില്ലെങ്കില്‍ നോമ്പ് അസാധുവാകില്ല, അതില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ അവ വായിലെത്തുകയും അത് വിഴുങ്ങുകയും ചെയ്യുന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ രണ്ട് അഭിപ്രായത്തിലാണ്: ഭക്ഷണ പാനീയത്തോട് ചേര്‍ത്തിക്കൊണ്ട് നോമ്പ് മുറിയും എന്ന് പറഞ്ഞവരാണ് ഒരു വിഭാഗം പണ്ഡിതന്‍മാര്‍. എന്നാല്‍ മറുവിഭാഗം പറയുന്നത് ഉമിനീരിനോട് സാദൃശ്യപ്പെടുത്തി നോമ്പ് അസാധുവാകില്ലായെന്നാണ്. ഉമിനീര് വിഴുങ്ങിയാല്‍ നോമ്പ് നിഷ്ഫലമാകാത്തത് പോലെ തന്നെ.

പണ്ഡിതന്‍മാര്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ അവലംബം ക്വുര്‍ആനും സുന്നത്തുമാണ്. ഈ കാര്യം കൊണ്ട് ആരാധന കുഴപ്പത്തിലാവുമോ, കുഴപ്പത്തിലാവുകയില്ലേ എന്ന കാര്യത്തില്‍ നാം സംശയത്തിലായാല്‍, അതിന്റെ അടിസ്ഥാനം കുഴപ്പത്തിലാവില്ലായെന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നോമ്പ് അസാധുവാകില്ല എന്നാണ് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ കഫം, അതുപോലെ മൂക്കില്‍ നിന്ന് വരുന്നവ പോലെയുള്ളവ വായില്‍ വന്നാല്‍ തന്നെ നോമ്പുകാരനാണെങ്കിലും, അല്ലെങ്കിലും ശരി അത് പുറത്തേക്ക് തുപ്പിക്കളയുകയാണ് ഒരു മുസ്‌ലിം ചെയ്യേണ്ടത്. എന്നാല്‍ നോമ്പ് നിഷ്ഫലമാവും എന്ന് പറയാന്‍ അല്ലാഹുവിന്റെ മുമ്പില്‍ സ്ഥാപിക്കാന്‍ തെളിവ് ആവശ്യമാണ്.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

ഒരാള്‍ക്ക് റമദാനിലെ ഒരു നോമ്പ് ക്വളാഅ് വീട്ടാനുണ്ട്. എന്നാല്‍ അടുത്ത റമദാന്‍ വരുന്നതിന് മുമ്പ് അത് വീട്ടാന്‍ സാധിച്ചില്ല, എന്താണ് ചെയ്യേണ്ടത്?

ഒരാള്‍ക്ക് റമദാനിലെ ഒരു നോമ്പ് ക്വളാഅ് വീട്ടാനുണ്ട്. എന്നാല്‍ അടുത്ത റമദാന്‍ വരുന്നതിന് മുമ്പ് അത് വീട്ടാന്‍ സാധിച്ചില്ല, എന്താണ് ചെയ്യേണ്ടത്?

ഉത്തരം: അല്ലാഹു വ്യക്തമായി പറയുന്നു: ”…അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)…” (ക്വുര്‍ആന്‍ 2:185).

മതപരമായ കാരണത്താല്‍ നോമ്പൊഴിവാക്കിയ വ്യക്തി ഉന്നതനും പ്രാതാപവാനുമായ അല്ലാഹുവിന്റെ കല്‍പന പ്രകാരം നോറ്റുവീട്ടേണ്ടതുണ്ട്. അതേവര്‍ഷം തന്നെ അത് നോറ്റുവീട്ടല്‍ നിര്‍ബന്ധവുമാണ്. അടുത്ത റമദാന്‍ കഴിയുന്നത് വരെ അത് നീട്ടിവെക്കാന്‍ പാടുള്ളതല്ല. അതാണ് ആഇശ(റ)യുടെ ഹദീഥ് നമ്മെ കൃത്യമായി പഠിപ്പിക്കുന്നത്:

ആഇശ(റ)യില്‍ നിന്ന്. അവര്‍ പറയുന്നു: ”എനിക്ക് റമദാനിലെ നോമ്പ് ക്വളാഅ് വീട്ടുവാനുണ്ടാകും. പ്രവാചകന്‍ﷺയുടെ സാന്നിധ്യം കാരണം എനിക്ക് ശഅ്ബാനിലല്ലാതെ അത് വീട്ടുവാന്‍ സാധിച്ചിരുന്നില്ല’ (ബുഖാരി).

‘എനിക്ക് ശഅ്ബാനിലല്ലാതെ വീട്ടാന്‍ സാധിച്ചിരുന്നില്ല’ എന്ന ആഇശ(റ)യുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അടുത്ത റമദാന്‍ വരുന്നതിന് മുമ്പ് വീട്ടണം എന്നതാണ്. എന്നാല്‍ അടുത്ത റമദാനിന് ശേഷവും പിന്തിപ്പിക്കുകയാണെങ്കില്‍ അവന്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും പിന്തിപ്പിച്ചതില്‍ ഖേദിക്കുകയും ക്വളാഅ് വീട്ടുകയും ചെയ്യേണ്ടതുണ്ട്. സമയം പിന്തിപ്പിച്ചതിനാല്‍ ക്വളാഅ് വീട്ടല്‍ ഒഴിവാകുകയില്ല. അടുത്ത റമദാനിന് ശേഷമാണെങ്കില്‍ അവനത് നോറ്റുവീട്ടേണ്ടതുണ്ട്. അല്ലാഹുവാണ് തൗഫീക്വ് നല്‍കുന്നവന്‍.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

ആധുനിക കാലത്ത് അത്യാധുനിക യാത്രാസൗകര്യങ്ങളുള്ളതിനാല്‍ യാത്രക്കാരന് നോമ്പനുഷ്ഠിക്കല്‍ (പഴയ കാലത്തെ അപേക്ഷിച്ച്) പ്രയാസമുള്ള കാര്യമല്ല. ഈ സാഹചര്യത്തില്‍ യാത്രക്കാരന്‍ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധിയെന്താണ്?

ആധുനിക കാലത്ത് അത്യാധുനിക യാത്രാസൗകര്യങ്ങളുള്ളതിനാല്‍ യാത്രക്കാരന് നോമ്പനുഷ്ഠിക്കല്‍ (പഴയ കാലത്തെ അപേക്ഷിച്ച്) പ്രയാസമുള്ള കാര്യമല്ല. ഈ സാഹചര്യത്തില്‍ യാത്രക്കാരന്‍ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: യാത്രക്കാരന് നോമ്പനുഷ്ഠിക്കുകയും നോമ്പൊഴിവാക്കുകയും ചെയ്യാവുന്നതാണ്. അല്ലാഹു പറയുന്നു: ”…ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)…” (ക്വുര്‍ആന്‍ 2:185).

പ്രവാചകന്‍ﷺയോടൊപ്പം സ്വഹാബാക്കള്‍ യാത്ര ചെയ്യാറുണ്ടായിരുന്നു, അവരില്‍ നോമ്പനുഷ്ഠിക്കുന്നവരും നോമ്പൊഴിവാക്കിയവരും ഉണ്ടായിരുന്നു. നോമ്പനുഷ്ഠിച്ചവരെ ഒഴിവാക്കിയവര്‍ ആക്ഷേപിക്കുകയോ, നോമ്പൊഴിവാക്കിയവരെ അനുഷ്ഠിച്ചവര്‍ ആക്ഷേപിക്കുകയോ ചെയ്തിരുന്നില്ല. നബിﷺ യാത്രയില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു.

അബൂദര്‍ദ്ദാഅ്(റ) പറയുകയുണ്ടായി: ”റമദാനില്‍ ശക്തമായ ചൂടുള്ള സമയത്ത് ഞങ്ങള്‍ നബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. ഞങ്ങളില്‍ നബിﷺയും അബ്ദുല്ലാഹ് ഇബ്‌നു റവാഹയും ഒഴിച്ച് മറ്റാരും (ഈ യാത്രയില്‍) നോമ്പനുഷ്ഠിച്ചിരുന്നില്ല” (ബുഖാരി, മുസ്‌ലിം).

യാത്രക്കാരനുള്ള നിയമം അവന് നോമ്പനുഷ്ഠിക്കുകയോ, ഒഴിവാക്കുകയോ ചെയ്യാം എന്നതാണ്. എന്നാല്‍ യാത്രക്കാരന് പ്രയാസമില്ലെങ്കില്‍ നോമ്പനുഷ്ഠിക്കലാണ് നല്ലത്. കാരണം അതില്‍ മൂന്ന് പ്രയോജനങ്ങള്‍ ഉണ്ട്:

1. നബിﷺയുടെ ചര്യ പിന്‍തുടരല്‍ 2. സൗകര്യം: ജനങ്ങളോടൊപ്പം വ്രതമനുഷ്ഠിക്കലാണ് ഒറ്റക്ക് നോമ്പനുഷ്ഠിക്കുന്നതിനെക്കാള്‍ കൂടുതല്‍ സൗകര്യപ്രദമായത്. 3. തന്റെ ബാധ്യത പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു.

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

യാത്രക്കാരന്റെ നമസ്‌കാരവും നോമ്പും എപ്പോഴാണ്, എങ്ങനെയാണ്?

യാത്രക്കാരന്റെ നമസ്‌കാരവും നോമ്പും എപ്പോഴാണ്, എങ്ങനെയാണ്?

ഉത്തരം: യാത്രക്കാരന്‍ തന്റെ നാട്ടില്‍ നി ന്നും പുറപ്പെട്ടത് മുതല്‍ മടങ്ങിവരുന്നത് വരെ നാല് റക്അത്തുള്ള നമസ്‌കാരങ്ങള്‍ രണ്ട് റക്അത്തായിട്ടാണ് നമസ്‌കരിക്കേണ്ടത്. കാരണം ആഇശ(റ) പറയുന്നു:
”നമസ്‌കാരം ആദ്യം നിര്‍ബന്ധമാക്കിയിരുന്നത് രണ്ട് റക്അത്താണ്. യാത്രക്കാര്‍ക്ക് അത് സ്ഥിരപ്പെടുത്തുകയും നാട്ടില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് പൂര്‍ണമാക്കുകയും ചെയ്തു.” മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്: ”നാട്ടില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് വര്‍ധിപ്പിക്കുകയും ചെയ്തു” എന്നാണുള്ളത് (ബുഖാരി, മുസ്‌ലിം).

അനസ്ബ്‌നുമാലിക്(റ)വില്‍ നിന്ന്: ”ഞങ്ങള്‍ നബിﷺയോടൊപ്പം മദീനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെടുകയുണ്ടായി. ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിവരുന്നത് വരെ ഈ രണ്ട് റക്അത്തായിട്ടാണ് നമസ്‌കരിച്ചിരുന്നത്” (ബുഖാരി, മുസ്‌ലിം).

എന്നാല്‍ നാട്ടില്‍ താമസിക്കുന്ന ഇമാമിനൊപ്പമാണ് യാത്രക്കാരന്‍ നമസ്‌കരിക്കുന്നതെങ്കില്‍ നാല് റക്അത്ത് പൂര്‍ത്തീകരിച്ച് നമസ്‌കരിക്കേണ്ടതുണ്ട്. ഇമാമിനൊപ്പം തുടക്കത്തില്‍ തന്നെയാണെങ്കിലും, ഇടക്ക് തുടര്‍ന്ന് നമസ്‌കരിച്ചാലും ശരി. കാരണം റസൂലുല്ലാഹ്ﷺ പറയുന്നു:
”നിങ്ങള്‍ ഇക്വാമത്ത് കേട്ടാല്‍ നമസ്‌കാരത്തിലേക്ക് നടന്ന് പോവുക. സാവധാനം ഗാംഭീര്യതയോടെയാണ് പോകേണ്ടത്. നിങ്ങള്‍ ഓടിപ്പോകാന്‍ പാടില്ല. നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തീകരിക്കുകയും ചെയ്യുക.”
‘നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക, നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തീകരിക്കുകയും ചെയ്യുക’ എന്നതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരന്‍ നാല് റക്അത്ത് നമസ്‌കരിക്കുന്നവന്റെ പിന്നില്‍ നമസ്‌കരിക്കുമ്പോള്‍ പൂര്‍ണമായി നമസ്‌കരിക്കണമെന്നത് ഉള്‍കൊള്ളുന്നുണ്ട്. ഇബ്‌നു അബ്ബാസ്(റ)വിനോട് ചോദിക്കുകയുണ്ടായി: ‘യാത്രക്കാരന്‍ നാട്ടില്‍ താമസിക്കുന്നവന്റെ പിന്നില്‍ നിന്ന് നമസ്‌കരിക്കുമ്പോള്‍ നാല് റക്അത്തും, അല്ലാത്ത അവസരത്തില്‍ നമസ്‌കരിക്കുമ്പോള്‍ രണ്ടു റക്അത്തും നമസ്‌കരിക്കണം. ഇതെന്ത് കൊ ണ്ടാണ്?’ അപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: ‘അത് പ്രവാചക ചര്യയില്‍ പെട്ടതാണ്.’

യാത്രക്കാരനില്‍ നിന്നും ജമാഅത്ത് നമസ്‌കാരം ഒഴിവാകുന്നതല്ല. കാരണം യുദ്ധത്തിന്റെ അവസരത്തില്‍ പോലും അല്ലാഹു പറഞ്ഞത് നാം കാണുക:
”(നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്‌കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും നമസ്‌കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്റെ കൂടെ നമസ്‌കരിക്കുകയും ചെയ്യട്ടെ…” (ക്വുര്‍ആന്‍ 4:102).

ബാങ്ക് കേള്‍ക്കുന്നുവെങ്കില്‍ യാത്രക്കാരന്‍ അവന്റെ നാട്ടിലല്ലെങ്കിലും പള്ളികളിലെ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ പള്ളി വിദൂരത്താണെങ്കിലും, തന്റെ കൂട്ടുകാരെ നഷ്ടപ്പെടുമെന്ന് ഭയപ്പെടുകയുമാണെങ്കില്‍ പങ്കെടുക്കേണ്ടതില്ല. ബാങ്കോ, ഇക്വാമത്തോ കേള്‍ക്കുന്നവര്‍ അതിന് ഉത്തരം നല്‍കി പള്ളികളില്‍ വരല്‍ നിര്‍ബന്ധമാണെന്ന പൊതുവായ തെളിവിന്റെയടിസ്ഥാനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

അതുപോലെ തന്നെ ദുഹ്‌റിനും മഗ്‌രിബിനും ഇശാഇനും മുമ്പും ശേഷവുമുള്ള റവാതിബ് സുന്നത്തുകള്‍ ഒഴിച്ച് വിത്‌റ്, രാത്രി നമസ്‌കാരം, ദുഹാ നമസ്‌കാരം, സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് പോലെയുള്ള സുന്നത്ത് നമസ്‌കാരങ്ങളെല്ലാം യാത്രക്കാര്‍ക്ക് നമസ്‌കരിക്കാവുന്നതാണ്.
അതുപോലെ ദുഹ്ര്‍, അസ്വ്ര്‍ എന്നീ നമസ്‌കാരങ്ങള്‍ ഒരുമിച്ചും, മഗ്‌രിബും ഇശാഉം ഒന്നിച്ചും നമസ്‌കരിക്കാവുന്നതാണ്. അത് മുന്തിച്ചോ, പിന്തിച്ചോ ഏതാണോ കൂടുതല്‍ എളുപ്പവും സൗകര്യവുമുള്ളത് അതനുസരിച്ച് നിര്‍വഹിക്കാവുന്നതാണ്.

എന്നാല്‍ ഒരു സ്ഥലത്ത് താമസിക്കാന്‍ തുടങ്ങിയാല്‍ ജംഅ് ആക്കാതിരിക്കലാണ് നല്ലത്, ജംഅ് ആക്കിയാലും പ്രശ്‌നമില്ല. രണ്ടും റസൂല്‍ﷺയില്‍ നിന്ന് വന്നിട്ടുണ്ട്.

യാത്രക്കാര്‍ക്ക് റമദാനില്‍ നോമ്പനുഷ്ഠിക്കാവുന്നതാണ്. ഒഴിവാക്കിയാല്‍ പ്രശ്‌നവുമില്ല. എത്ര ദിവസമാണോ ഒഴിവാക്കിയത് അത്രയും ദിവസം പകരം നോറ്റുവീട്ടേണ്ടതാണ്. യാത്രക്കാരന് നല്ലതും എളുപ്പവും നോമ്പൊഴിവാക്കലാണെങ്കില്‍ അതാണ് ഏറ്റവും നല്ലത്. കാരണം അല്ലാഹുവിന്റെ ലഘൂകരണം ഉപയോഗപ്പെടുത്തുന്നതാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമുള്ളത്. ലോക രക്ഷിതാവിനാണ് സര്‍വസ്തുതയും.

 

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

റമദാന്‍ മാസപ്പിറവി ദര്‍ശിക്കുന്നതിന് മുമ്പ് നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങിപ്പോയ ഒരു വ്യക്തി നേരം വെളുത്തതിന് ശേഷം ഉണര്‍ന്നപ്പോള്‍ റമദാന്‍ ആരംഭിച്ചുവെന്ന് അറിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടത്? ആ ദിവസത്തെ നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതുണ്ടോ?

റമദാന്‍ മാസപ്പിറവി ദര്‍ശിക്കുന്നതിന് മുമ്പ് നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങിപ്പോയ ഒരു വ്യക്തി നേരം വെളുത്തതിന് ശേഷം ഉണര്‍ന്നപ്പോള്‍ റമദാന്‍ ആരംഭിച്ചുവെന്ന് അറിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടത്? ആ ദിവസത്തെ നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതുണ്ടോ?

ഉത്തരം: റമദാന്‍ മാസപ്പിറവി ദര്‍ശിക്കുന്നതിന് മുമ്പ് നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങിപ്പോയ ഒരു വ്യക്തി നേരംവെളുത്തതിന് ശേഷം ഉണര്‍ന്നപ്പോള്‍ റമദാന്‍ ആരംഭിച്ചുവെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അന്ന് ശേഷിക്കുന്ന സമയം നോമ്പനുഷ്ഠിക്കുകയും ശേഷം മറ്റൊരു ദിവസം നോമ്പ് നോറ്റുവീട്ടുകയും ചെയ്യുക എന്ന അഭിപ്രായമാകുന്നു ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ക്കുമുള്ളത്. ഇതിനെതിരില്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹ്) മാത്രമാണ്.

അദ്ദേഹത്തിന്റെ അഭിപ്രായം; ‘നോമ്പനുഷ്ഠിക്കണമെന്നുള്ള ഉദ്ദേശ്യം മാസപ്പിറവി ദര്‍ശിച്ച വിവരം അറിഞ്ഞത് മുതലാണ് വേണ്ടത്. ഈ വ്യക്തി അത് അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഒഴിവ് കഴിവുണ്ട്. മാസപ്പിറവി ദര്‍ശനമുണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ അദ്ദേഹം ഒരിക്കലും നോമ്പനുഷ്ഠിക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങില്ലായിരുന്നു. അയാള്‍ ആ കാര്യത്തില്‍ അജ്ഞനാണ്. അജ്ഞത ഒഴിവ് കഴിവില്‍ പെട്ടതുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ നോമ്പ് ശരിയാവും.’ ഈ അഭിപ്രായത്തിന്റെയടിസ്ഥാനത്തില്‍ പിന്നീട് നോറ്റുവീട്ടേണ്ടതില്ല.

ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം ആദിവസം നോമ്പനുഷ്ഠിക്കുകയും പിന്നീട് ഒരു ദിവസം നോറ്റുവീട്ടുകയും ചെയ്യണമെന്നാണ്. എന്റെ അഭിപ്രായത്തില്‍ സൂക്ഷ്മതക്ക് നല്ലത് ആ ദിവസത്തിന് പകരമായി ഒരു ദിവസം നോറ്റു വീട്ടുകയാണ് ചെയ്യേണ്ടത് എന്നാണ്.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

മലമുകളിലെ നോമ്പ്

മലമുകളിലെ നോമ്പ്

മൂവായിരത്തോളം അടി ഉയരമുള്ള മലകള്‍ നിറഞ്ഞ പ്രദേശത്ത് ജോലിക്ക് എത്തിയത് നോമ്പിന് തലേന്നാള്‍. പ്രൊമോഷനോടുകൂടിയ സ്ഥലം മാറ്റം പ്രതീക്ഷിക്കാതെ! നോമ്പിന്റെ ആദ്യദിവസംതന്നെ പ്രയാസമായി. അത്താഴം കട്ടന്‍ചായയിലും തേങ്ങാബണ്ണിലും മറ്റും ഒതുങ്ങി.  

ആദ്യമായി ജോലിചെയ്യുന്ന പ്രദേശം. പേരിനുപോലും ആരെയും പരിചയമില്ലാത്ത ഇടം. ചെയ്ത് പരിചയമില്ലാത്ത ചില നിയമങ്ങളും ചട്ടങ്ങളുംകൂടി ഉള്ള ജോലി. മലമുകളിലെ കാലാവസ്ഥ അനുയോജ്യം. നാട്ടില്‍ ചുട്ടുപൊള്ളുന്ന നട്ടുച്ചക്ക് പോലും ഇവിടം ചൂടിന് തണുപ്പിനോട് ചായ്‌വ്. ഓഫീസിനോട് ചേര്‍ന്നുതന്നെ ക്വാര്‍ട്ടേഴ്‌സ്. ചുറ്റുമുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ സ്വന്തം വകുപ്പുജീവനക്കാര്‍ മാത്രം.

ക്വാര്‍േട്ടഴ്‌സില്‍ ഒപ്പം ഓഫീസിലെ സഹഓഫീസര്‍. സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്ത പരിചയം. അദ്ദേഹത്തിന് പാചക വൈവിധ്യം കുറെവങ്കിലും ഉണ്ടാക്കുന്നവ രുചികരം. റമദാനിലെ പുണ്യം. പച്ചക്കറിയും മറ്റും നുറുക്കാനും പാത്രം മോറാനും മറ്റും സഹായിച്ച് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അത്താഴത്തിന് പഴങ്ങളോ ഉണങ്ങിയ നട്‌സോ മറ്റോ മതി എന്ന എന്റെ ലൈനിലേക്ക് അദ്ദേഹവും മാറി.

അടുത്ത് പള്ളികള്‍ ഇല്ല. ബാങ്കുവിളി കേള്‍ക്കുന്നില്ല, സ്വുബ്ഹിക്ക് പോലും! ഇടയ്ക്ക് സഹപ്രവര്‍ത്തകന്റെ മൊബൈലില്‍നിന്ന് ഈണത്തില്‍ വിശുദ്ധ ഹറമിലേതിനെ ഓര്‍മിപ്പിക്കുന്ന ബാങ്കിന്‍നാദം കേള്‍ക്കുമ്പോള്‍ വല്ലാത്ത ഇഷ്ടം. ഒപ്പം നഷ്ടബോധവും. മുറിയില്‍ ഒറ്റക്കോ സഹപ്രവര്‍ത്തകനൊപ്പമോ രാത്രി നമസ്‌കാരമടക്കം നിര്‍വഹിച്ച് തൃപ്തിയടയും.

ചില വൈകുന്നേരങ്ങളില്‍ സഹജീവിയുടെ കൂട്ടുകാര്‍ എത്തും. അവരിന്ന് എന്റെയും കൂട്ടുകാര്‍. കേന്ദ്ര, സംസ്ഥാന ജീവനക്കാരായ ഈ ക്രൈസ്തവ, ഹൈന്ദവ സൗഹൃദങ്ങള്‍ ഞങ്ങള്‍ക്ക് നോമ്പുതുറക്കാന്‍ അടുക്കളയില്‍ കാപ്പിയിട്ടും പഴംനുറുക്കിയും കൂടെ നിന്നു. റമദാനിലെ കാരുണ്യം.

ചൂടുള്ള കട്ടന്‍ചായയുടെ കൂടെ പുട്ടോ ഉപ്പുമാവോ കൂട്ടി നോമ്പ് തുറക്കുമ്പോള്‍ അറിയാതെ വീടിനെ ഓര്‍മിച്ച് പോകും. നിറവും മണവും രുചിയുമുള്ള പഴനീരുകളും പല രുചികൡലും രൂപത്തിലുമുള്ള എണ്ണപ്പലഹാരങ്ങളും നേര്‍ത്ത പത്തിരിയും കൊതിപ്പിക്കുന്ന മണമുള്ള ഇറച്ചിക്കറിയും നിറഞ്ഞ തീന്‍മേശ കണ്ണില്‍ പ്രത്യക്ഷപ്പെടും. ഒരു നെടുവീര്‍പ്പോടെ കടലക്കറിയില്‍ സായൂജ്യമടയും!

പള്ളിയില്‍ പൊറോട്ട പോത്തിറച്ചിസഹിതം കഴിച്ച് നോമ്പുതുറന്ന കഴിഞ്ഞ വര്‍ഷങ്ങളെപ്പറ്റി ഔദേ്യാഗികവാഹന സാരഥി ഓര്‍മിപ്പിക്കും. മുന്‍ ഓഫീസര്‍ വെജ് ഇഷ്ടപ്പെടുന്ന ആളായിരുന്നെങ്കിലും കൂട്ടിനു  പോകുന്ന സഹോദര സമുദായ അംഗമായ അദ്ദേഹമായിരുന്നു കൂടുതല്‍ ആസ്വദിച്ച് കഴിച്ചിരുന്നത് എന്ന് പറഞ്ഞുരസിക്കും.

ഇത്തവണ നോമ്പുതുറകള്‍ ഇല്ല, ഉള്ളത് നാമമാത്രവും. കോവിഡിന്റെ രണ്ടാംവരവ് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നു.

വ്രതത്തിന്റെ പ്രതിഫലം നല്‍കുന്ന കരുണവറ്റാത്ത രക്ഷിതാവ് പ്രയാസത്തിനനുസരിച്ചത് തരാതിരിക്കില്ലല്ലോ. സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ കാണാതിരിക്കില്ലല്ലോ. ഈ കാലവും കടന്നുപോകും. കടന്നുപോയേ തീരൂ…!

ഇബ്‌നു അലി എടത്തനാട്ടുകര

നേർപഥം വാരിക 

നോമ്പൊഴിവാക്കാന്‍ അനുവാദമുള്ള കാരണങ്ങള്‍ ഏതെല്ലാമാണ്?

നോമ്പൊഴിവാക്കാന്‍ അനുവാദമുള്ള കാരണങ്ങള്‍ ഏതെല്ലാമാണ്?

ഉത്തരം: ക്വുര്‍ആനില്‍ വന്നത് പ്രകാരം രോഗം, യാത്ര എന്നിവയാണ് അനുവദനീയമായ കാരണങ്ങള്‍. അതുപോലെ ഗര്‍ഭിണി തനിക്കോ തന്റെ ഉദരത്തിലുള്ള കുഞ്ഞിനോ അപകടം പറ്റുമെന്ന് ഭയപ്പെട്ടാല്‍ അവള്‍ക്ക് നോമ്പൊഴിവാക്കാം. അതുപോലെ മുലയൂട്ടുന്ന സ്ത്രീ തനിക്കോ, തന്റെ കുഞ്ഞിനോ നോമ്പനുഷ്ഠിക്കുന്നതിലൂടെ അപകടം ഭയപ്പെടുകയാണെങ്കില്‍ അവള്‍ക്കും ഒഴിവാക്കാം. നാശത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്തുവാനായി ഒരാള്‍ക്ക് നോമ്പൊഴിവാക്കാവുന്നതാണ്. ഉദാഹരണമായി കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന ഒരാളെ രക്ഷപ്പെടുത്തുക, അഗ്നി പടര്‍ന്ന് പിടിച്ചിരിക്കുന്ന സ്ഥലത്ത് കുടുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്തുക. അതുപോലെ ഇസ്‌ലാം പഠിപ്പിക്കുന്ന ജിഹാദ് ചെയ്യാനായി ഒരാള്‍ക്ക് നോമ്പൊഴിവാക്കാവുന്നതാണ്. ഇത് ഇസ്‌ലാം അനുവദിച്ചതാണ്. കാരണം നബിﷺ ഫത്ഹ് യുദ്ധവേളയില്‍ അനുചരന്‍മാരോടായി പറയുകയുണ്ടായി:

”നാളെ നിങ്ങള്‍ ശത്രുക്കളെ അഭിമുഖീകരിക്കും, അതുകൊണ്ട് നോമ്പൊഴിവാക്കലാണ് നിങ്ങള്‍ക്ക് ആരോഗ്യവും ശക്തിയും ഉണ്ടാവാന്‍ നല്ലത്. അത്‌കൊണ്ട് നിങ്ങള്‍ നോമ്പൊഴിവാക്കുക” (മുസ്‌ലിം).

അനുവദനീയമായ കാരണത്താല്‍ ഒരാള്‍ നോമ്പൊഴിവാക്കി, ആ കാരണം അവസാനിച്ചാല്‍ അവശേഷിക്കുന്ന സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. ഉദാ: ഒരാള്‍ വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ രക്ഷപ്പെടുത്താനായി നോമ്പൊഴിവാക്കിയാല്‍ രക്ഷപ്പെടുത്തിയതിന് ശേഷം അവശേഷിക്കുന്ന സമയം അവന്‍ നോമ്പനുഷ്ഠിക്കേണ്ടതില്ല. ഇതാണ് ഈ വിഷയത്തില്‍ അവലംബയോഗ്യമായ അഭിപ്രായം. പകലില്‍ ഒരാള്‍ക്ക് രോഗശമനമുണ്ടായിയെങ്കില്‍ അവശേഷിക്കുന്ന സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. അതു പോലെ യാത്രക്കാരന്‍ പകലില്‍ തന്റെ ദേശത്തെത്തിയെങ്കില്‍ ബാക്കിയുള്ള സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. അതുപോലെ ആര്‍ത്തവകാരി പകലില്‍ (മഗ്‌രിബിന് മുമ്പ്) ശുദ്ധി കൈവരിച്ചാലും അവള്‍ അവശേഷിക്കുന്ന സമയം നോമ്പെടുക്കേണ്ടതില്ല. കാരണം ഇവരെല്ലാം തന്നെ നോമ്പൊഴിവാക്കിയത് ഇസ്‌ലാം അനുവദിക്കുന്ന കാരണങ്ങളാലാണ്. അത്‌കൊണ്ട് തന്നെ അവരെ സംബന്ധിച്ചിടത്തോളം അവശേഷിക്കുന്ന സമയം നോമ്പെടുക്കലും ബാധ്യതയില്ല.

എന്നാല്‍ റമദാന്‍ മാസപ്പിറവിയുണ്ടായത് പകലിലാണ് മനസ്സിലായതെങ്കില്‍ അവശേഷിക്കുന്ന സമയം നോമ്പെടുക്കേണ്ടതുണ്ട്. ഇവ രണ്ടിനുമിടയിലുള്ള വ്യത്യാസം കൃത്യവും പ്രകടവുമാണ്. നോമ്പാണോ, അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്ന് കഴിഞ്ഞാല്‍ ആ ദിവസം നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ വ്യക്തത വന്നെത്തുന്നതിന് മുമ്പ് അവര്‍ അജ്ഞതയെന്ന കാരണത്താല്‍ ഒഴിവ്കഴിവുള്ളവരാണ്.

ഇത്‌കൊണ്ട് തന്നെ ഇന്ന ദിവസം റമദാനില്‍ പെട്ടതാണ് എന്ന് മനസ്സിലാക്കിയവര്‍ക്ക് അവശേഷിക്കുന്ന സമയം നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നാം ആദ്യം വിശദീകരിച്ചവര്‍ നോമ്പ് നിര്‍ബന്ധമാണെന്ന് മനസ്സിലാക്കിയവരാണ്. അവര്‍ ഇസ്‌ലാം അനുവദിക്കുന്ന കാരണങ്ങളാല്‍ നോമ്പൊഴിവാക്കിയവരാണ്. ഇതിനിടയിലെ വ്യത്യാസം വ്യക്തമാണ്.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

തനിക്കും തന്റെ കീഴിലുള്ളവര്‍ക്കും ഉപജീവനം കണ്ടെത്താനായി ഒരാള്‍ റമദാനിലെ നോമ്പൊഴിവാക്കിയാല്‍ അവന്റെ വിധിയെന്താണ്?

തനിക്കും തന്റെ കീഴിലുള്ളവര്‍ക്കും ഉപജീവനം കണ്ടെത്താനായി ഒരാള്‍ റമദാനിലെ നോമ്പൊഴിവാക്കിയാല്‍ അവന്റെ വിധിയെന്താണ്?

ഉത്തരം: രോഗിക്ക് നോമ്പൊഴിവാക്കാന്‍ അനുവാദമുള്ളത് പോലെത്തന്നെയാണ് ഇത്തരക്കാരുടെ കാര്യവും എന്നാണ് ഇവ്വിഷയകമായി ചില പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്, നോമ്പനുഷ്ഠിക്കുവാന്‍ ഒരു രോഗിക്ക് തീരെ സാധ്യമല്ലെങ്കില്‍ അയാള്‍ക്ക് നോമ്പൊഴിവാക്കാം. രോഗം ശിഫയായതിന് ശേഷം നോറ്റുവീട്ടണം; അവന്‍ ജീവിച്ചിരുന്നാല്‍. മരിക്കുകയാണെങ്കില്‍ അവന് പകരം മറ്റൊരാള്‍ അത് വീട്ടണം. അവന്റെ രക്ഷാധികാരിക്ക് അത് നോറ്റുവീട്ടാന്‍ സാധ്യമല്ലെങ്കില്‍ ഓരോ ദിവസത്തിനും പകരമായി ഒരു അഗതിയെ ഭക്ഷിപ്പിക്കേണ്ടതാണ്.

എന്നാല്‍ ഇവരെ രോഗിയോട് തുലനപ്പെടുത്താത്ത പണ്ഡിതന്‍മാരുടെ അഭിപ്രായം താഴെ കൊടുക്കുന്നത് പ്രകാരമാകുന്നു: അതായത് എല്ലാ ആരാധനകളും സമയബന്ധിതമാണ്, ആരെങ്കിലും മതിയായ കാരണമില്ലാതെ ആരാധനാകര്‍മങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സമയത്തില്‍ നിന്നും പിന്തിപ്പിക്കുകയാണെങ്കില്‍ അവനില്‍ നിന്നത് സ്വീകരിപ്പെടുകയില്ല. സല്‍കര്‍മങ്ങളും ഐഛിക കര്‍മങ്ങളും വര്‍ധിപ്പിക്കുകയും അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുകയാണ് പിന്നീട് അവന്‍ ചെയ്യേണ്ടത്. അതിനുള്ള തെളിവ്:

നബിﷺ പറയുന്നു: ”നമ്മുടെ കല്‍പനയില്ലാത്ത വല്ല പ്രവര്‍ത്തനവും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ്”(ബുഖാരി, മുസ്‌ലിം).

ആരാധനകള്‍ അത് നിര്‍വഹിക്കേണ്ട സമയത്തിന് മുമ്പ് ആരെങ്കിലും ചെയ്താല്‍ അത് സ്വീകാര്യമല്ലാത്തത് പോലെത്തന്നെ സമയത്തിന് ശേഷം ചെയ്താലും സ്വീകരിക്കപ്പെടുകയില്ല. എന്നാല്‍ അജ്ഞത, മറവി പോലെയുള്ള കാരണങ്ങളുണ്ടായാല്‍ സ്വീകരിക്കപ്പെടും.

നബിﷺ മറവിയുടെ കാര്യത്തില്‍ പറയുകയുണ്ടായി: ”ആരെങ്കിലും നമസ്‌കാര സമയത്ത് ഉറങ്ങിപ്പോവുകയോ, അല്ലെങ്കില്‍ മറവി സംഭവിക്കുകയോ ചെയ്താല്‍ അവര്‍ ഓര്‍മ വരുമ്പോള്‍ നമസ്‌കരിക്കട്ടെ, അതല്ലാതെ മറ്റു പ്രായച്ഛിത്തമില്ല” (മുസ്‌ലിം).

തനിക്കും തന്റെ മക്കള്‍ക്കുമുള്ള ഉപജീവനത്തിനായി റമദാനിലെ നോമ്പ് ഒഴിവാക്കിയ ആള്‍ വിചാരിക്കുന്നത് മുകളില്‍ നാം വിശദമാക്കി; രോഗിയോട് സാമ്യപ്പെടുത്തുന്ന രൂപത്തിലാണ് വിചാരിക്കുന്നത്. അല്ലാഹുവിനാണ് കൂടുതല്‍ അറിയുക.

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)