ആധുനിക കാലത്ത് അത്യാധുനിക യാത്രാസൗകര്യങ്ങളുള്ളതിനാല്‍ യാത്രക്കാരന് നോമ്പനുഷ്ഠിക്കല്‍ (പഴയ കാലത്തെ അപേക്ഷിച്ച്) പ്രയാസമുള്ള കാര്യമല്ല. ഈ സാഹചര്യത്തില്‍ യാത്രക്കാരന്‍ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധിയെന്താണ്?
ഉത്തരം: യാത്രക്കാരന് നോമ്പനുഷ്ഠിക്കുകയും നോമ്പൊഴിവാക്കുകയും ചെയ്യാവുന്നതാണ്. അല്ലാഹു പറയുന്നു: ”…ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)…” (ക്വുര്‍ആന്‍ 2:185).
പ്രവാചകന്‍ﷺയോടൊപ്പം സ്വഹാബാക്കള്‍ യാത്ര ചെയ്യാറുണ്ടായിരുന്നു, അവരില്‍ നോമ്പനുഷ്ഠിക്കുന്നവരും നോമ്പൊഴിവാക്കിയവരും ഉണ്ടായിരുന്നു. നോമ്പനുഷ്ഠിച്ചവരെ ഒഴിവാക്കിയവര്‍ ആക്ഷേപിക്കുകയോ, നോമ്പൊഴിവാക്കിയവരെ അനുഷ്ഠിച്ചവര്‍ ആക്ഷേപിക്കുകയോ ചെയ്തിരുന്നില്ല. നബിﷺ യാത്രയില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു.
അബൂദര്‍ദ്ദാഅ്(റ) പറയുകയുണ്ടായി: ”റമദാനില്‍ ശക്തമായ ചൂടുള്ള സമയത്ത് ഞങ്ങള്‍ നബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. ഞങ്ങളില്‍ നബിﷺയും അബ്ദുല്ലാഹ് ഇബ്‌നു റവാഹയും ഒഴിച്ച് മറ്റാരും (ഈ യാത്രയില്‍) നോമ്പനുഷ്ഠിച്ചിരുന്നില്ല” (ബുഖാരി, മുസ്‌ലിം).
യാത്രക്കാരനുള്ള നിയമം അവന് നോമ്പനുഷ്ഠിക്കുകയോ, ഒഴിവാക്കുകയോ ചെയ്യാം എന്നതാണ്. എന്നാല്‍ യാത്രക്കാരന് പ്രയാസമില്ലെങ്കില്‍ നോമ്പനുഷ്ഠിക്കലാണ് നല്ലത്. കാരണം അതില്‍ മൂന്ന് പ്രയോജനങ്ങള്‍ ഉണ്ട്:
1. നബിﷺയുടെ ചര്യ പിന്‍തുടരല്‍ 2. സൗകര്യം: ജനങ്ങളോടൊപ്പം വ്രതമനുഷ്ഠിക്കലാണ് ഒറ്റക്ക് നോമ്പനുഷ്ഠിക്കുന്നതിനെക്കാള്‍ കൂടുതല്‍ സൗകര്യപ്രദമായത്. 3. തന്റെ ബാധ്യത പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു.
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)