ഒരാള്‍ക്ക് റമദാനിലെ ഒരു നോമ്പ് ക്വളാഅ് വീട്ടാനുണ്ട്. എന്നാല്‍ അടുത്ത റമദാന്‍ വരുന്നതിന് മുമ്പ് അത് വീട്ടാന്‍ സാധിച്ചില്ല, എന്താണ് ചെയ്യേണ്ടത്?

ഒരാള്‍ക്ക് റമദാനിലെ ഒരു നോമ്പ് ക്വളാഅ് വീട്ടാനുണ്ട്. എന്നാല്‍ അടുത്ത റമദാന്‍ വരുന്നതിന് മുമ്പ് അത് വീട്ടാന്‍ സാധിച്ചില്ല, എന്താണ് ചെയ്യേണ്ടത്?

ഉത്തരം: അല്ലാഹു വ്യക്തമായി പറയുന്നു: ”…അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)…” (ക്വുര്‍ആന്‍ 2:185).

മതപരമായ കാരണത്താല്‍ നോമ്പൊഴിവാക്കിയ വ്യക്തി ഉന്നതനും പ്രാതാപവാനുമായ അല്ലാഹുവിന്റെ കല്‍പന പ്രകാരം നോറ്റുവീട്ടേണ്ടതുണ്ട്. അതേവര്‍ഷം തന്നെ അത് നോറ്റുവീട്ടല്‍ നിര്‍ബന്ധവുമാണ്. അടുത്ത റമദാന്‍ കഴിയുന്നത് വരെ അത് നീട്ടിവെക്കാന്‍ പാടുള്ളതല്ല. അതാണ് ആഇശ(റ)യുടെ ഹദീഥ് നമ്മെ കൃത്യമായി പഠിപ്പിക്കുന്നത്:

ആഇശ(റ)യില്‍ നിന്ന്. അവര്‍ പറയുന്നു: ”എനിക്ക് റമദാനിലെ നോമ്പ് ക്വളാഅ് വീട്ടുവാനുണ്ടാകും. പ്രവാചകന്‍ﷺയുടെ സാന്നിധ്യം കാരണം എനിക്ക് ശഅ്ബാനിലല്ലാതെ അത് വീട്ടുവാന്‍ സാധിച്ചിരുന്നില്ല’ (ബുഖാരി).

‘എനിക്ക് ശഅ്ബാനിലല്ലാതെ വീട്ടാന്‍ സാധിച്ചിരുന്നില്ല’ എന്ന ആഇശ(റ)യുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അടുത്ത റമദാന്‍ വരുന്നതിന് മുമ്പ് വീട്ടണം എന്നതാണ്. എന്നാല്‍ അടുത്ത റമദാനിന് ശേഷവും പിന്തിപ്പിക്കുകയാണെങ്കില്‍ അവന്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും പിന്തിപ്പിച്ചതില്‍ ഖേദിക്കുകയും ക്വളാഅ് വീട്ടുകയും ചെയ്യേണ്ടതുണ്ട്. സമയം പിന്തിപ്പിച്ചതിനാല്‍ ക്വളാഅ് വീട്ടല്‍ ഒഴിവാകുകയില്ല. അടുത്ത റമദാനിന് ശേഷമാണെങ്കില്‍ അവനത് നോറ്റുവീട്ടേണ്ടതുണ്ട്. അല്ലാഹുവാണ് തൗഫീക്വ് നല്‍കുന്നവന്‍.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

Leave a Comment