കഫം, മൂക്കില്‍ നിന്നും വരുന്നവ തുടങ്ങിയവ വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?
ഉത്തരം: കഫം, മൂക്കില്‍ നിന്നും വരുന്നവ എന്നിവ വായിലേക്കെത്തുന്നില്ലെങ്കില്‍ നോമ്പ് അസാധുവാകില്ല, അതില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ അവ വായിലെത്തുകയും അത് വിഴുങ്ങുകയും ചെയ്യുന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ രണ്ട് അഭിപ്രായത്തിലാണ്: ഭക്ഷണ പാനീയത്തോട് ചേര്‍ത്തിക്കൊണ്ട് നോമ്പ് മുറിയും എന്ന് പറഞ്ഞവരാണ് ഒരു വിഭാഗം പണ്ഡിതന്‍മാര്‍. എന്നാല്‍ മറുവിഭാഗം പറയുന്നത് ഉമിനീരിനോട് സാദൃശ്യപ്പെടുത്തി നോമ്പ് അസാധുവാകില്ലായെന്നാണ്. ഉമിനീര് വിഴുങ്ങിയാല്‍ നോമ്പ് നിഷ്ഫലമാകാത്തത് പോലെ തന്നെ.
പണ്ഡിതന്‍മാര്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ അവലംബം ക്വുര്‍ആനും സുന്നത്തുമാണ്. ഈ കാര്യം കൊണ്ട് ആരാധന കുഴപ്പത്തിലാവുമോ, കുഴപ്പത്തിലാവുകയില്ലേ എന്ന കാര്യത്തില്‍ നാം സംശയത്തിലായാല്‍, അതിന്റെ അടിസ്ഥാനം കുഴപ്പത്തിലാവില്ലായെന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നോമ്പ് അസാധുവാകില്ല എന്നാണ് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ കഫം, അതുപോലെ മൂക്കില്‍ നിന്ന് വരുന്നവ പോലെയുള്ളവ വായില്‍ വന്നാല്‍ തന്നെ നോമ്പുകാരനാണെങ്കിലും, അല്ലെങ്കിലും ശരി അത് പുറത്തേക്ക് തുപ്പിക്കളയുകയാണ് ഒരു മുസ്‌ലിം ചെയ്യേണ്ടത്. എന്നാല്‍ നോമ്പ് നിഷ്ഫലമാവും എന്ന് പറയാന്‍ അല്ലാഹുവിന്റെ മുമ്പില്‍ സ്ഥാപിക്കാന്‍ തെളിവ് ആവശ്യമാണ്.
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)