നോമ്പുകാരന്‍ പല്ല് തേക്കുന്നതിന്റെയും സുഗന്ധം ഉപയോഗിക്കുക സുറുമയിടുക എന്നതിന്റെ വിധി
നോമ്പുകാരന്‍ പല്ല് തേക്കുന്നതിന്റെയും സുഗന്ധം ഉപയോഗിക്കുന്നതിന്റെയും വിധി എന്താണ്?
ഉത്തരം: നോമ്പ്കാരന്‍ പകലിന്റെ തുടക്കത്തിലോ, അവസാനത്തിലോ പല്ല് തേക്കുന്നത് പ്രവാചക ചര്യയില്‍ പെട്ടതാണ്. ഹദീഥ് കാണുക:
നബിﷺ പറയുകയുണ്ടായി: ”പല്ല് തേക്കല്‍ വായക്ക് ശുദ്ധിയുണ്ടാക്കുന്നതും രക്ഷിതാവിന് തൃപ്തിയുമുള്ള കാര്യമാണ്” (ബുഖാരി).
നബിﷺ പറഞ്ഞു: ”എന്റെ സമുദായത്തിന് പ്രയാസമുണ്ടാകുമായിരുന്നില്ലെങ്കില്‍ ഓരോ നമസ്‌കാരത്തിന് മുമ്പും മിസ്‌വാക്ക് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു”(ബുഖാരി, മുസ്‌ലിം).
അതുപോലെ നോമ്പുകാരന് പകലിന്റെ ആദ്യത്തിലോ, അവസാനത്തിലോ എപ്പോഴാണെങ്കിലും സുഗന്ധം ഉപയോഗിക്കാവുന്നതാണ്. അത് പുകരൂപത്തിലോ, ദ്രാവക രൂപത്തിലോ, മറ്റു വല്ല രൂപത്തിലോ ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സുഗന്ധം കലര്‍ന്ന പുക മൂക്കിലൂടെ കടത്തിവിടരുത്. കാരണം സുഗന്ധം കലര്‍ന്ന പുക മൂക്കിലൂടെ പ്രവേശിച്ച് അത് വയറില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് കൊണ്ടാണ് നബിﷺ ലുഖൈത്വ്ബ്‌നു സ്വബ്‌റയോട് പറഞ്ഞത്: ”നീ നോമ്പുകാരനല്ലായെങ്കില്‍ മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുന്നത് അധികരിപ്പിക്കുക” (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).
നോമ്പുകാരന്‍ സുറുമയിടുന്നതിന്റെ വിധിയെന്താണ്?
ഉത്തരം: നോമ്പുകാരന് സുറുമയിടാവുന്നതാണ്, അതിന് പ്രശ്‌നമില്ല. അതുപോലെ കണ്ണുകളിലും ചെവിയിലും തുള്ളിമരുന്നും ഉപയോഗിക്കാവുന്നതാണ്. കാരണം അത് ഭക്ഷണപാനീയം കഴിക്കലല്ല. കണ്ണിലും മൂക്കിലും തുള്ളിമരുന്ന് ഉപയോഗിക്കുന്നതിന് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുകയെന്ന് പറയില്ല. തന്നെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതാണ് വിലക്കിയിട്ടുള്ളത്. ഈ അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്)ക്ക് ഉള്ളത്. എന്നാല്‍ മൂക്കില്‍ മരുന്ന് ഉപയോഗിച്ച് മനഃപൂര്‍വം അത് വായില്‍ എത്തിയാല്‍ നോമ്പ് നിഷ്ഫലമാകുന്നതാണ്. ഒരു ഹദീഥ് കാണുക:
നബിﷺ പറയുകയുണ്ടായി: ”നീ നോമ്പുകാരനല്ലായെങ്കില്‍ മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുന്നത് അധികരിപ്പിക്കുക” (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).
നോമ്പുകാരന്‍ സുഗന്ധം വാസനിക്കാന്‍ പാടുണ്ടോ?
ഉത്തരം: വ്രതമനുഷ്ഠിച്ചവന് സുഗന്ധം വാസനിക്കാവുന്നതാണ്. സുഗന്ധം പുകക്കുന്നതിനും പ്രശ്‌നമില്ല. എന്നാല്‍ സുഗന്ധത്തിന്റെ പുക മൂക്കിലൂടെ അകത്തേക്ക് പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല. കാരണം പുകക്ക് വെള്ളത്തെപ്പോലെ വയറിലേക്ക് എത്തുവാനുള്ള സാഹചര്യമുണ്ട്. വാസനിക്കല്‍ മാത്രമാണെങ്കില്‍ യാതൊരു കുഴപ്പവുമില്ല.
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)