യാത്രക്കാരന്റെ നമസ്‌കാരവും നോമ്പും എപ്പോഴാണ്, എങ്ങനെയാണ്?

യാത്രക്കാരന്റെ നമസ്‌കാരവും നോമ്പും എപ്പോഴാണ്, എങ്ങനെയാണ്?

ഉത്തരം: യാത്രക്കാരന്‍ തന്റെ നാട്ടില്‍ നി ന്നും പുറപ്പെട്ടത് മുതല്‍ മടങ്ങിവരുന്നത് വരെ നാല് റക്അത്തുള്ള നമസ്‌കാരങ്ങള്‍ രണ്ട് റക്അത്തായിട്ടാണ് നമസ്‌കരിക്കേണ്ടത്. കാരണം ആഇശ(റ) പറയുന്നു:
”നമസ്‌കാരം ആദ്യം നിര്‍ബന്ധമാക്കിയിരുന്നത് രണ്ട് റക്അത്താണ്. യാത്രക്കാര്‍ക്ക് അത് സ്ഥിരപ്പെടുത്തുകയും നാട്ടില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് പൂര്‍ണമാക്കുകയും ചെയ്തു.” മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്: ”നാട്ടില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് വര്‍ധിപ്പിക്കുകയും ചെയ്തു” എന്നാണുള്ളത് (ബുഖാരി, മുസ്‌ലിം).

അനസ്ബ്‌നുമാലിക്(റ)വില്‍ നിന്ന്: ”ഞങ്ങള്‍ നബിﷺയോടൊപ്പം മദീനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെടുകയുണ്ടായി. ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിവരുന്നത് വരെ ഈ രണ്ട് റക്അത്തായിട്ടാണ് നമസ്‌കരിച്ചിരുന്നത്” (ബുഖാരി, മുസ്‌ലിം).

എന്നാല്‍ നാട്ടില്‍ താമസിക്കുന്ന ഇമാമിനൊപ്പമാണ് യാത്രക്കാരന്‍ നമസ്‌കരിക്കുന്നതെങ്കില്‍ നാല് റക്അത്ത് പൂര്‍ത്തീകരിച്ച് നമസ്‌കരിക്കേണ്ടതുണ്ട്. ഇമാമിനൊപ്പം തുടക്കത്തില്‍ തന്നെയാണെങ്കിലും, ഇടക്ക് തുടര്‍ന്ന് നമസ്‌കരിച്ചാലും ശരി. കാരണം റസൂലുല്ലാഹ്ﷺ പറയുന്നു:
”നിങ്ങള്‍ ഇക്വാമത്ത് കേട്ടാല്‍ നമസ്‌കാരത്തിലേക്ക് നടന്ന് പോവുക. സാവധാനം ഗാംഭീര്യതയോടെയാണ് പോകേണ്ടത്. നിങ്ങള്‍ ഓടിപ്പോകാന്‍ പാടില്ല. നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തീകരിക്കുകയും ചെയ്യുക.”
‘നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക, നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തീകരിക്കുകയും ചെയ്യുക’ എന്നതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരന്‍ നാല് റക്അത്ത് നമസ്‌കരിക്കുന്നവന്റെ പിന്നില്‍ നമസ്‌കരിക്കുമ്പോള്‍ പൂര്‍ണമായി നമസ്‌കരിക്കണമെന്നത് ഉള്‍കൊള്ളുന്നുണ്ട്. ഇബ്‌നു അബ്ബാസ്(റ)വിനോട് ചോദിക്കുകയുണ്ടായി: ‘യാത്രക്കാരന്‍ നാട്ടില്‍ താമസിക്കുന്നവന്റെ പിന്നില്‍ നിന്ന് നമസ്‌കരിക്കുമ്പോള്‍ നാല് റക്അത്തും, അല്ലാത്ത അവസരത്തില്‍ നമസ്‌കരിക്കുമ്പോള്‍ രണ്ടു റക്അത്തും നമസ്‌കരിക്കണം. ഇതെന്ത് കൊ ണ്ടാണ്?’ അപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: ‘അത് പ്രവാചക ചര്യയില്‍ പെട്ടതാണ്.’

യാത്രക്കാരനില്‍ നിന്നും ജമാഅത്ത് നമസ്‌കാരം ഒഴിവാകുന്നതല്ല. കാരണം യുദ്ധത്തിന്റെ അവസരത്തില്‍ പോലും അല്ലാഹു പറഞ്ഞത് നാം കാണുക:
”(നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്‌കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും നമസ്‌കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്റെ കൂടെ നമസ്‌കരിക്കുകയും ചെയ്യട്ടെ…” (ക്വുര്‍ആന്‍ 4:102).

ബാങ്ക് കേള്‍ക്കുന്നുവെങ്കില്‍ യാത്രക്കാരന്‍ അവന്റെ നാട്ടിലല്ലെങ്കിലും പള്ളികളിലെ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ പള്ളി വിദൂരത്താണെങ്കിലും, തന്റെ കൂട്ടുകാരെ നഷ്ടപ്പെടുമെന്ന് ഭയപ്പെടുകയുമാണെങ്കില്‍ പങ്കെടുക്കേണ്ടതില്ല. ബാങ്കോ, ഇക്വാമത്തോ കേള്‍ക്കുന്നവര്‍ അതിന് ഉത്തരം നല്‍കി പള്ളികളില്‍ വരല്‍ നിര്‍ബന്ധമാണെന്ന പൊതുവായ തെളിവിന്റെയടിസ്ഥാനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

അതുപോലെ തന്നെ ദുഹ്‌റിനും മഗ്‌രിബിനും ഇശാഇനും മുമ്പും ശേഷവുമുള്ള റവാതിബ് സുന്നത്തുകള്‍ ഒഴിച്ച് വിത്‌റ്, രാത്രി നമസ്‌കാരം, ദുഹാ നമസ്‌കാരം, സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് പോലെയുള്ള സുന്നത്ത് നമസ്‌കാരങ്ങളെല്ലാം യാത്രക്കാര്‍ക്ക് നമസ്‌കരിക്കാവുന്നതാണ്.
അതുപോലെ ദുഹ്ര്‍, അസ്വ്ര്‍ എന്നീ നമസ്‌കാരങ്ങള്‍ ഒരുമിച്ചും, മഗ്‌രിബും ഇശാഉം ഒന്നിച്ചും നമസ്‌കരിക്കാവുന്നതാണ്. അത് മുന്തിച്ചോ, പിന്തിച്ചോ ഏതാണോ കൂടുതല്‍ എളുപ്പവും സൗകര്യവുമുള്ളത് അതനുസരിച്ച് നിര്‍വഹിക്കാവുന്നതാണ്.

എന്നാല്‍ ഒരു സ്ഥലത്ത് താമസിക്കാന്‍ തുടങ്ങിയാല്‍ ജംഅ് ആക്കാതിരിക്കലാണ് നല്ലത്, ജംഅ് ആക്കിയാലും പ്രശ്‌നമില്ല. രണ്ടും റസൂല്‍ﷺയില്‍ നിന്ന് വന്നിട്ടുണ്ട്.

യാത്രക്കാര്‍ക്ക് റമദാനില്‍ നോമ്പനുഷ്ഠിക്കാവുന്നതാണ്. ഒഴിവാക്കിയാല്‍ പ്രശ്‌നവുമില്ല. എത്ര ദിവസമാണോ ഒഴിവാക്കിയത് അത്രയും ദിവസം പകരം നോറ്റുവീട്ടേണ്ടതാണ്. യാത്രക്കാരന് നല്ലതും എളുപ്പവും നോമ്പൊഴിവാക്കലാണെങ്കില്‍ അതാണ് ഏറ്റവും നല്ലത്. കാരണം അല്ലാഹുവിന്റെ ലഘൂകരണം ഉപയോഗപ്പെടുത്തുന്നതാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമുള്ളത്. ലോക രക്ഷിതാവിനാണ് സര്‍വസ്തുതയും.

 

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

Leave a Comment