മരുന്ന് കഞ്ഞിയുടെ മണമുള്ള റമദാന്‍ സലാം സുറുമ എടത്തനാട്ടുകര 2020 മെയ് 16 1441 റമദാന്‍ 23

മരുന്ന് കഞ്ഞിയുടെ മണമുള്ള റമദാന്‍

‘എന്നാണാവോ ഇതൊന്ന് രുചിക്കാനാവുക?’

കോളേജില്‍ പഠിക്കുന്ന കാലത്ത് റമദാനില്‍ പല ആവശ്യങ്ങള്‍ക്കായി മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ എത്തുമ്പോള്‍ മനസ്സിനോട് ചോദിക്കുന്ന ചോദ്യമാണിത്. പബ്ലിക് ലൈബ്രറിക്ക് മുമ്പിലെ ജുമാ മസ്ജിദില്‍ നിന്നും റമദാന്‍ ഒന്നു മുതല്‍ പ്രത്യേകമായി വിളമ്പുന്ന ‘നോമ്പ് കഞ്ഞി’യുടെ പാചകം ഉച്ചയാകുമ്പോഴേക്കും ആരംഭിക്കുന്നതിന്റെ കൊതിപ്പിക്കുന്ന മണം പരിസരമാകെ പരക്കും. നെയ്യില്‍ വറുത്തെടുക്കുന്ന അണ്ടിപ്പരിപ്പിന്റെയും ഉണക്ക മുന്തിരിയുടെയും കഞ്ഞിയില്‍ ചേര്‍ക്കാനായി മുറിച്ചുവച്ചിരിക്കുന്ന പഴുത്ത കൈതച്ചക്കയയടക്കമുള്ള വ്യത്യസ്ത പഴവര്‍ഗങ്ങളുടെയും കാഴ്ച ഏതൊരാളുടെയും വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറക്കും.

ഇതൊന്ന് രുചിക്കണമെങ്കില്‍ മഗ്‌രിബ് വരെ മണ്ണാര്‍ക്കാട് തങ്ങേണ്ടി വരും എന്ന ചിന്ത ആ സാഹസത്തില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാറായിരുന്നു പതിവ്. കാരണം നോമ്പ് തുറന്നതിന് ശേഷം പിന്നെ നാട്ടിലേക്ക് ബസ് കിട്ടിയെന്ന് വരില്ല.

1994 ല്‍ അടൂരില്‍  അധ്യാപക പരിശീലന കോഴ്‌സ് ചെയ്യുന്ന കാലം. മറ്റു മൂന്ന് സുഹൃത്തുക്കളുടെ കൂടെ ഒരു വീടെടുത്താണ് താമസം. താമസക്കാരിലെ ഏക മുസ്‌ലിം ആയ ഞാന്‍ നോമ്പ് ആയിക്കഴിഞ്ഞാല്‍ ഇടക്കൊക്കെ കൊട്ടാരക്കരയിലുള്ള സുഹൃത്ത് ആസാദിന്റെ വീട്ടില്‍ പോകും.

അന്നാണ് തെക്കുഭാഗത്തെ നോമ്പ് തുറയുടെ വ്യത്യസ്തത അടുത്തറിയാനായത്. മഗ്‌രിബ് സമയം ആകുമ്പോഴേക്കും പ്രദേശത്തെ ഒട്ടുമിക്ക പുരുഷന്‍മാരും കുട്ടികളെയും കൂട്ടി നോമ്പ് തുറക്കാനായി ജുമാ മസ്ജിദിലെത്തും. വീടുകളില്‍ തയ്യാറാക്കുന്ന ഏതെങ്കിലും പലഹാരങ്ങളും തൂക്കു പാത്രത്തില്‍ നാരങ്ങ വെള്ളമോ ചായയോ കരുതിയിരിക്കും. നോമ്പ് തുറക്കാനായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. പള്ളിയില്‍ നോമ്പ് തുറക്കാനായി  ഈത്തപ്പഴവും പഴങ്ങളും നാരങ്ങ വെള്ളവും മറ്റും ഉണ്ടാവും. വിതരണത്തിനായി യുവാക്കളുടെ നീണ്ട നിരയും. ഓരോരുത്തരും കൊണ്ടു വന്ന വിഭവങ്ങള്‍ അടുത്തിരിക്കുന്നവര്‍ക്ക് പങ്കുവച്ച് കൊണ്ടുള്ള ആ നോമ്പ് തുറ അതീവ ഹൃദ്യമായിരുന്നു.

മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞാണ് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്ന രുചികരമായ ആ നോമ്പ് കഞ്ഞി മനസ്സുനിറയെ കഴിക്കാനായത്. നെയ്യില്‍ വറുത്ത് കോരിയെടുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേര്‍ത്ത് പാചകം ചെയ്ത ആവി പറക്കുന്ന ‘നോമ്പ് കഞ്ഞി’ വലിയ പ്ലേറ്റില്‍ വിളമ്പിത്തരും. വേണ്ടവര്‍ക്ക് അവിടെ ഇരുന്ന് തന്നെ കുടിക്കാം. സമയമില്ലാത്തവര്‍ക്ക് തൂക്കു പാത്രങ്ങളിലാക്കി വീട്ടില്‍ കൊണ്ടുപോകാം.

കഴിച്ചാല്‍ ഒട്ടും ക്ഷീണം ഇല്ലെന്ന് മാത്രമല്ല പ്രത്യേക ഉന്മേഷവും നല്‍കുന്ന ഈ മരുന്ന് കഞ്ഞി പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് മലമ്പുഴയിലെ ഒരു പള്ളിയില്‍ വെച്ച് കഴിച്ചതും ഓര്‍മയിലുണ്ട്.  അവിടെ കഞ്ഞിയുടെ കൂടെ നേന്ത്രക്കായ പുഴുക്കും വിളമ്പിയിരുന്നു.

നമസ്‌കാരവും ഇഫ്ത്വാറും തറാവീഹുമെല്ലാം വീട്ടില്‍വച്ച് തന്നെ നടത്തുന്ന ഈകോവിഡ് നോമ്പ് കാലത്തും ആ മരുന്ന് കഞ്ഞിയുടെ കൊതിയൂറും രുചി നാവിന്‍തുമ്പിലുണ്ട്. ഏറെ വിഭവങ്ങളില്ലാത്ത നോമ്പുതുറ മലയാളികളെ ശീലിപ്പിക്കാന്‍ കൊറോണ കാരണമായിട്ടുണ്ട് എന്ന് കരുതുന്നു. മൂക്കുമുട്ടെ വാരിവലിച്ചു തിന്ന് ഇശാഅ് നമസ്‌കരിക്കാന്‍ പോലും കഴിയാതെ മയക്കത്തിലാണ്ടുപോകുന്ന, റമദാനിന്റെ ലക്ഷ്യം വിസ്മരിപ്പിക്കുന്ന സ്വഭാവം നമ്മിലുണ്ടായിക്കൂടാ.

നേർപഥം
സലാം സുറുമ എടത്തനാട്ടുകര

ഇമ്പം കുറഞ്ഞ നോമ്പുകാലം ഇബ്‌നു അലി എടത്തനാട്ടുകര 2020 മെയ് 09 1441 റമദാന്‍ 16

ഇമ്പം കുറഞ്ഞ നോമ്പുകാലം

കഴിഞ്ഞ കൊല്ലത്തെ നോമ്പിന് എന്തൊരു ഇമ്പമായിരുന്നു!

നേരത്തെയെഴുന്നേറ്റ് അത്താഴം കഴിച്ച്, പള്ളിയില്‍ സമൂഹനമസ്‌കാരത്തിന് എത്തും. പിന്നെ വിശ്രമിച്ച് അന്നന്നത്തെ ജോലിത്തിരക്കനുസരിച്ച് ഒരോരോ കാര്യങ്ങളില്‍ മുഴുകും.

ജോലിയുള്ളവര്‍ അതിനുള്ള ഒരുക്കമായി, പുറപ്പാടായി. പഠനവും പരീക്ഷയും മറ്റുമായി കുട്ടികളും പുറത്തിറങ്ങുകയായി.

 നോമ്പുതുറക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അടുക്കളകള്‍ ഒരുങ്ങും. അന്നന്നേക്ക് വേണ്ട പഴവും പച്ചക്കറികളും ഇറച്ചിയും മറ്റും വാങ്ങാന്‍ ആണുങ്ങള്‍ വൈകാതെ പുറത്തേക്ക് പോകും. പള്ളികള്‍ സജീവമാകും. പലരും നോമ്പിന് ജോലിക്ക് പോകാതെ ലീവെടുക്കും.

ജമാഅത്ത് നസ്‌കാരത്തില്‍ പങ്കെടുത്ത്, ക്ലാസ്സുകള്‍ കേട്ട്, ക്വുര്‍ആന്‍ പാരായണം ചെയ്ത്  പള്ളികളും പകലുകളും  പ്രകാശപൂരിതമാക്കും.

അസ്വ്ര്‍ നമസ്‌കാരത്തോടെ ആണുങ്ങള്‍ പള്ളിയില്‍നിന്ന് അങ്ങാടിയിലേക്കിറങ്ങുകയായി. പാതയോരത്ത് സ്‌പെഷ്യല്‍ പൊരിക്കടകളിലും ഹോട്ടലുകളിലെ ചില്ലലമാരകളിലും ബഹുവര്‍ണങ്ങളിലും വ്യത്യസ്ത  പേരിലും കൂട്ടിയിട്ട  എണ്ണക്കടികള്‍ വാങ്ങും. കുറച്ച് പഴവും പച്ചക്കറികളും കൂടി വാങ്ങി നേരത്തെ വീട്ടിലെത്തും.

ജോലിക്ക് പോയവര്‍ നേരത്തെ മടങ്ങും. വഴിയോരക്കടകളില്‍ നിന്ന് പലഹാരങ്ങളും മറ്റും വാങ്ങി സഞ്ചി നിറക്കും. വഴികളില്‍ ഓടിക്കളിക്കുന്ന കുട്ടികളെ നോക്കി ചിരിക്കും. അന്നേരം വീടുകളില്‍നിന്ന് റംസാന്‍ വിഭവങ്ങളുടെ മണം ഉയരുന്നുണ്ടാകും.

 നേരത്തെ വീട്ടിലെത്താന്‍ തിരക്ക് കൂട്ടും. റോഡിലും ഉത്സാഹം പ്രകടമാവും. എന്തിനെന്നറിയാതെ തലങ്ങും വിലങ്ങും പായുന്ന ഇരുചക്ര വാഹനങ്ങള്‍ റോഡ് കീഴടക്കും. നോമ്പുതുറയില്‍ പങ്കെടുക്കാന്‍ പുതുമണവാട്ടി വരനും കുടുംബത്തിനുമൊപ്പം വലിയ വാഹനത്തില്‍ ഉത്സാഹത്തോടെ പറക്കും. അങ്ങനെയേറെ…

ഇന്ന് ഉത്സാഹം കുറവാണ്. പള്ളികള്‍ അടഞ്ഞു കിടക്കുന്നു. നേരം തെറ്റാത്ത ബാങ്ക് വിളികള്‍ പഴയ ഓര്‍മകള്‍ ഉണര്‍ത്തുന്നു. ജമാഅത്ത് നടക്കുന്നില്ല. സമൂഹ നോമ്പ് തുറക്കുള്ള ഒരുക്കങ്ങളില്ല.

റോഡുകള്‍ ഏതാണ്ട് ശൂന്യമാണ്. കടകള്‍ പലതും തുറന്നിട്ടില്ല. പണിയില്ലാത്തത് കാരണം അത്യാവശ്യ സാധനങ്ങള്‍  വാങ്ങാന്‍ പോലും കയ്യില്‍ കാശില്ല. വിദേശത്തുള്ള പ്രവാസികളുടെ പണം വരുന്നില്ല. അവരുടെ താമസവും ഭക്ഷണവും പോലും പ്രയാസത്തിലാണ്. ആരോഗ്യ കാര്യങ്ങളില്‍ അവരും ഒപ്പം നാട്ടിലെ കുടുംബവും ആശങ്കയിലാണ്.

പതിവായി കാരുണ്യ പ്രവര്‍ത്തനത്തിന് പണവും ഭക്ഷ്യവസ്തുക്കളും നല്‍കുന്നവര്‍ വിദേശത്തും സ്വദേശത്തും സ്ഥാപനം തുറക്കാനാവാതെ കഷ്ടത്തിലാണ്.

അടുക്കളയില്‍ വിഭവങ്ങളില്‍ കുറവ് കാണാം; ഉത്സാഹത്തിലും. ഒന്ന് പുറത്തിറങ്ങാന്‍ പോലുമാകാതെ കുട്ടികളും പുരുഷന്മാരും ഒരു മാസത്തിലേറെയായി വീട്ടുതടങ്കലില്‍ ചടച്ചിരിക്കുന്നു.

കണ്ണുകൊണ്ട് കാണാന്‍ പോലുമാകാത്ത നോവല്‍ കൊറോണ വൈറസ് നമ്മുടെ വീടിനെയോ നാടിനെയോ മാത്രമല്ല ലോകത്തെ മൊത്തം തടവറയിലാക്കിയിരിക്കുകയാണ്. ഇതുവരെ ശീലമില്ലാത്ത നിരവധി പാഠങ്ങള്‍ നമ്മള്‍ സ്വയം പഠിച്ചുകൊണ്ടിരിക്കുന്നു.

നോമ്പും പ്രാര്‍ഥനകളും പശ്ചാത്താപ വിവശമായ മനസ്സുകളുമായി ഈ കാലവും കടന്ന് പോകും. കാരുണ്യവാന്റെ കരുണാകടാക്ഷം നമ്മളില്‍ ചൊരിയാതിരിക്കില്ല.

അനുഗ്രഹം ലഭിക്കുമ്പോള്‍ അല്ലാഹുവിനെ മറക്കുകയും പ്രയാസഘട്ടത്തില്‍ നിരാശരാവുകയും ചെയ്യുന്ന സ്വഭാവം വിശ്വാസികളില്‍ ഉണ്ടാകാവതല്ല. അല്ലാഹു പറയുന്നു:”നാം മനുഷ്യന്ന് അനുഗ്രഹം ചെയ്ത് കൊടുത്താല്‍ അവന്‍ തിരിഞ്ഞുകളയുകയും അവന്റെ പാട്ടിന് മാറിപ്പോകുകയും ചെയ്യുന്നു. അവന്ന് ദോഷം ബാധിച്ചാലാകട്ടെ അവന്‍ വളരെ നിരാശനായിരിക്കുകയും ചെയ്യും” (ക്വുര്‍ആന്‍ 17:83).

നേർപഥം
ഇബ്‌നു അലി എടത്തനാട്ടുകര

വ്രതവൃത്തത്തിന്റെ സാമൂഹ്യ വ്യാപ്തി പി.എന്‍. അബ്ദുല്ലത്വീഫ് മദനി 2020 മെയ് 09 1441 റമദാന്‍ 16

വ്രതവൃത്തത്തിന്റെ സാമൂഹ്യ വ്യാപ്തി

മുസ്‌ലിം ലോകം റമദാന്‍ വ്രതത്തിലേക്കു കാലെടുത്തുവച്ചു കഴിഞ്ഞു. പതിനൊന്നു മാസത്തെ പ്രയാണ ദിശയില്‍ നിന്ന് അല്‍പമൊന്നു മാറിയുള്ള സഞ്ചാരം. പ്രഭാത പ്രകാശം പിറക്കുന്നതിന് മുമ്പ് അന്നപാനീയങ്ങള്‍ വെടിയണം. സന്ധ്യ ഇരുട്ടുന്നതുവരെ ഇത് തുടരണം. ഭാര്യാഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധം ഒഴിവാക്കണം. ശരീരത്തെക്കാള്‍ വ്രതം വേണ്ടത് മനസ്സിനും അതിന്റെ പണിയായുധമായ നാവിനും. ആമാശയത്തില്‍ ഒന്നും എത്തുന്നില്ലെന്നു ഉറപ്പുവരുത്തിയാല്‍ മാത്രം നോമ്പാവുന്നില്ല

ചിന്തയും സംസാരവും കര്‍മവും സംസ്‌കാരവും വ്രതവിശുദ്ധികൊണ്ട് സംസ്‌കരിക്കപ്പെടണം. ആമാശയ കശേരുക്കള്‍ മാത്രം പട്ടിണികിടന്നു വ്രതമെടുത്താല്‍ മതിയാവില്ല. ജനസമ്പര്‍ക്ക രംഗങ്ങളിലെല്ലാം നോമ്പിന്റെ സ്വാധീനം പ്രകടമാവണം. അതുകൊണ്ടു തന്നെ വ്രതത്തിന്റെ ഭൗതികവും ആത്മീയവുമായ തലം വളരെ വിശാലവും പരസ്പര പൂരകവുമാണ്.

സഹജീവികളോടുള്ള സനേഹസ്പര്‍ശം വ്രതമനോഹാരിതയ്ക്കു മാറ്റുകൂട്ടുന്നു. ഉദാരതയാണ് മനുഷ്യത്വത്തിന്റെ കണ്ഠാഭരണം. വിഭവ സമൃദ്ധിയില്‍ അഭിരമിച്ചിരുന്ന ധന ശേഷിയുള്ളവര്‍ വിശപ്പിന്റെ കാഠിന്യമറിയുമ്പോള്‍ വിശന്നുപൊരിയുന്ന വയറുകളെ തിരിച്ചറിയുന്നു. താന്‍ പട്ടിണികിടക്കുന്നതിന്റെ അന്തസ്സത്ത സാക്ഷാത്കരിക്കപ്പെടാന്‍ നിത്യദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന ബോധ്യം അവന്റെ സാമൂഹ്യ ഗുണകാംക്ഷയെ പരിപോഷിപ്പിക്കുന്നു.

അതുകൊണ്ടു തന്നെ പരസഹായത്തിന്റെ ആത്മഹര്‍ഷം അനുഭവിച്ചറിയാത്ത ധനികന്‍ ഏതാനും മണിക്കൂറുകള്‍ പട്ടിണികിടന്നു സന്ധ്യ മയങ്ങിയാല്‍ തന്റെ തീന്മേശയില്‍ നിരത്തിവച്ച വിഭവ വൈവിധ്യങ്ങള്‍കൊണ്ട് ഉദരസേവ ചെയ്യുന്നതല്ല നോമ്പ്. തന്റെ പരിസരങ്ങളില്‍ അവശതയനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആഹാരം നല്‍കിയാല്‍ ആ പാവങ്ങളുടെ മനപ്പൊരുത്തം മാത്രം മതിയാവും അയാള്‍ക്ക്മുമ്പില്‍ സ്വര്‍ഗ കവാടം തുറക്കപ്പെടാന്‍!

ഒരുവിശ്വാസിയുടെ കരുത്ത് പ്രാഥനയാണ്. വ്രതനാളുകള്‍ ദൈവകാരുണ്യത്തിന്റെ വര്‍ഷ മേഘങ്ങള്‍ പെയ്തിറങ്ങുന്ന മാസമാണ്. ഒരു സൂക്ഷ്മ ജീവിയുടെ തടവറയിലാണിന്നു ലോകം. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സമൃദ്ധിയില്‍ അഹങ്കരിച്ചിരുന്നവര്‍ ആ സൂക്ഷ്മ ജീവിക്കുമുമ്പില്‍ ശീര്‍ഷാസനം ചെയ്യുകയാണ്. ആ രോഗവ്യാപനത്തെ തടയാന്‍ ഭൗതിക സന്നാഹങ്ങള്‍ മാത്രം മതിയാവില്ല. സ്രഷ്ടാവായ അല്ലാഹുവിന്റെ തീരുമാനത്തിന്നാണ് ആ ജീവി കാത്തിരിക്കുന്നത്. പടച്ചവനോട് സമാശ്വാസം ചോദിച്ചു വാങ്ങേണ്ടത് വിശ്വാസികളാണ്. വ്രതമനുഷ്ഠിച്ചു മനം ഉരുകിയൊലിക്കട്ടെ. കരങ്ങള്‍ വിഹായസ്സിലേക്കുയരട്ടെ. മഹാമാരി വഴിമാറിപ്പോകാന്‍ പ്രാര്‍ഥന ഒഴിവാക്കിക്കൊണ്ടുള്ള പോംവഴികള്‍ വേരുപിടിക്കില്ല.

നേർപഥം
പി.എന്‍. അബ്ദുല്ലത്വീഫ് മദനി

നോമ്പ്, സകാത്ത്: സംശയ നിവാരണം പി.എന്‍ അബ്ദുര്‍റഹ്മാന്‍ 2020 മെയ് 09 1441 റമദാന്‍ 16

നോമ്പ്, സകാത്ത്: സംശയ നിവാരണം

നോമ്പും ഫിദ്‌യയും

റമദാനിലെ നോമ്പ് നോല്‍ക്കാന്‍  സാധിക്കാത്ത ആളുകള്‍ക്ക് ഫിദ്‌യ ആയി അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ തന്നെ കൊടുക്കേണ്ടതുണ്ടോ? പഞ്ചസാര, തേങ്ങ, ഭക്ഷ്യ എണ്ണകള്‍ എന്നിവ കൊടുക്കാന്‍ പറ്റുമോ? സാധുക്കള്‍ക്ക് ആവശ്യത്തിന് റേഷന്‍വഴി ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ള സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ക്ക് സാമ്പത്തികമായി കഴിവുമില്ല. ഈ സാഹചര്യത്തില്‍ എന്താണ് ഉചിതം?

നാട്ടിലെ ആളുകള്‍ ഭക്ഷിക്കുന്നതായ ഭക്ഷ്യവിഭവങ്ങള്‍ എന്തും നല്‍കാം. അര സ്വാഅ് അഥവാ ഏകദേശം ഒന്നേകാല്‍ കിലോ എന്നതാണ് ഒരു നോമ്പിന് നല്‍കേണ്ടത് എന്നതാണ് പ്രബലമായ അഭിപ്രായം. പാകം ചെയ്ത് നല്‍കുകയാണ് എങ്കില്‍ ഒരു നേരം ഒരാള്‍ ഭക്ഷിക്കുന്ന ഭക്ഷണം നല്‍കിയാല്‍ മതി. അരി തന്നെ ആകണം എന്ന് നിബന്ധനയില്ല. നല്‍കുന്നവന്  സാധിക്കുന്നതും ആ നാട്ടിലെ ആളുകള്‍ ഭക്ഷിക്കുന്നതായ ഭക്ഷ്യവസ്തുവും ആകണം എന്ന് മാത്രമേയുള്ളൂ.

വിശുദ്ധ ക്വുര്‍ആനില്‍ നോമ്പിന് ബദല്‍ ഭക്ഷണം പറഞ്ഞിടത്ത് ‘ഒരു മിസ്‌കീനിന് ഭക്ഷണം ഫിദ്‌യയായി നല്‍കുക’ (അല്‍ബക്വറ:184) എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇനം പറഞ്ഞിട്ടില്ല.

മാത്രമല്ല അരി മാത്രമായാല്‍ ഒരാളുടെ ഒരു നേരത്തെ ഭക്ഷണമാകില്ലല്ലോ. അതിനാല്‍ പാവപ്പെട്ടയാള്‍ക്ക് വെറും അരി മാത്രമായി നല്‍കാതെ അയാള്‍ക്ക് ഉപകരിക്കുന്ന ഭക്ഷ്യ ഇനങ്ങളാക്കി നല്‍കുകയാണ് ഉചിതം എന്നുപോലും പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് ഉപകരിക്കുന്ന, അവര്‍ക്ക് ആവശ്യമുള്ള ഇനങ്ങള്‍ നിങ്ങള്‍ കണ്ടറിഞ്ഞു നല്‍കുന്നുവെങ്കില്‍ അതൊരു നല്ല കാര്യമാണ്. അല്ലാഹു സ്വീകരിക്കട്ടെ.

സ്വര്‍ണത്തിന്റെ സകാത്ത്

2015 ശവ്വാല്‍ 8 നാണ് എന്റെ വിവാഹം കഴിഞ്ഞത്. ആ സമയത്ത് ഭാര്യയുടെ ഉപ്പ കൊടുത്തതും മഹറും ഉള്‍പ്പെടെ 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഭാര്യയുടെ കയ്യില്‍ ഉണ്ടായിരുന്നു. സാമ്പത്തിക പ്രയാസം കാരണം അതാത് വര്‍ഷം സകാത്ത് കൊടുക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ വീടു നിര്‍മാണത്തിനു വേണ്ടി 17 പവന്‍ വിറ്റു. വീടു പണി നടക്കാനുണ്ട്.

വിവാഹ ശേഷം സകാത്തിന്റെ വര്‍ഷം പൂര്‍ത്തിയാക്കുന്നത് മുതല്‍  വില്‍പന നടത്തിയത് വരെയുള്ള  വര്‍ഷങ്ങളിലെ സകാത്ത് കൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥന്‍ അല്ലേ? എത്ര വിതമാണ് ഞാന്‍ സകാത്ത് കൊടുക്കേണ്ടത്?

2015ലെ ശവ്വാല്‍ മാസത്തിലാണല്ലോ സ്വര്‍ണം താങ്കളുടെ ഭാര്യയുടെ കൈവശം വന്നത്. അന്നു മുതല്‍ അതിന്റെ ‘ഹൗല്‍’ ആരംഭിച്ചു. ശേഷമുള്ള ഓരോ ശവ്വാല്‍ 8 വന്നപ്പോഴും അതിന്റെ രണ്ടര ശതമാനം സകാത്ത് ബാധകമായിത്തീര്‍ന്നു. സ്വര്‍ണം താങ്കളുടെ ഭാര്യയുടേതാകയാല്‍ അവര്‍ക്കാണ് അത് നല്‍കേണ്ട ബാധ്യത. അവരുടെ അറിവോടെ വേണമെങ്കില്‍ ആ ബാധ്യത താങ്കള്‍ക്ക് ഏറ്റെടുക്കാം എന്ന് മാത്രം. സ്വര്‍ണത്തിന്റെ സകാത്ത് പണമായിത്തന്നെ നല്‍കണം എന്നില്ല; സ്വര്‍ണമായി നല്‍കിയാലും മതിയായിരുന്നു. ആ നിലയ്ക്ക് വൈകിപ്പിച്ചത് ശരിയല്ല, അല്ലാഹു പൊറുത്ത് തരട്ടെ.

27 പവന്‍ സ്വര്‍ണത്തിന്റെ സകാത്ത് ഗ്രാമില്‍ 2.5% കണക്കാക്കിയാല്‍  5.4 ഗ്രാം സ്വര്‍ണമോ തുല്യമായ വിലയോ ആണ് നല്‍കേണ്ടത്. അതുകൊണ്ടുതന്നെ കഴിഞ്ഞുപോയ നാല് വര്‍ഷങ്ങളുടെ സകാത്ത് കണക്കാക്കി നല്‍കണം. ഈ വര്‍ഷം ശവ്വാല്‍ 8 വരുമ്പോള്‍ ശേഷിക്കുന്ന സ്വര്‍ണത്തിന് വീണ്ടും സകാത്ത് ബാധകമാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.

വീട് നിര്‍മിക്കാന്‍ താങ്കള്‍ ആ സ്വര്‍ണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സകാത്ത് ബാധകമാകുകയില്ല. അല്ലാത്ത പക്ഷം വിറ്റ് പണമായി കൈവശം വച്ചാലും അതില്‍ സകാത്ത് ബാധകമായികൊണ്ടിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്‍കുന്ന ധനം താങ്കളുടെ ധനത്തില്‍ നിന്നും യാതൊരു കുറവും ഉണ്ടാക്കുകയില്ല, താങ്കള്‍ അറിയുന്നതോ അറിയാത്തതോ ആയ അനേകം മാര്‍ഗങ്ങളിലൂടെ താങ്കള്‍ക്ക് അല്ലാഹു വര്‍ധനവ് നല്‍കും. അത് അല്ലാഹുവിന്റെ വാഗ്ദാനമാണ്

കടമുള്ളവന്റെ സകാത്ത്

ഞങ്ങള്‍ ഒരു വീട് വാങ്ങിച്ചു. 60 ലക്ഷം രൂപ കടമുണ്ട്. 30 ലക്ഷം വീട് ഞങ്ങള്‍ക്ക് വിറ്റയാള്‍ക്കും 30 ലക്ഷം മറ്റൊരാള്‍ക്കും കൊടുക്കണം. ഞങ്ങളുടെ കയ്യില്‍ ഇപ്പോള്‍ 14 ലക്ഷം രൂപയുണ്ട്. ആ കടത്തിലേക്ക് കൊടുക്കാന്‍ കരുതിയ പണമാണ്. ഞങ്ങള്‍ അതിനു സകാത്ത് കൊടുക്കേണ്ടതുണ്ടോ?

താങ്കളുടെ കൈവശമുള്ള പണത്തിന് സകാത്ത് ബാധകമാകാനുള്ള സമയമെത്തിയാല്‍ അതിന്റെ സകാത്ത് കൊടുക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാകും. കടം ഉണ്ടെങ്കില്‍ സകാത്ത് കണക്കുകൂട്ടുന്നതിന് മുന്‍പായി ആ കടം കൊടുത്ത് വീട്ടുന്ന പക്ഷം ആ പണത്തിന്റെ സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാകില്ല.

ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ) പറഞ്ഞു: ‘ഇത് നിങ്ങളുടെ സകാത്ത് കണക്കാക്കുന്ന മാസമാണ്. ആര്‍ക്കെങ്കിലും കടം ഉണ്ടെങ്കില്‍ അവന്‍ ആ കടം കൊടുത്ത് വീട്ടട്ടെ. ശേഷം എത്ര പണം കൈവശമുണ്ട് എന്നത് കണക്കാക്കി അതിന്റെ സകാത്ത് നല്‍കാന്‍ വേണ്ടി.’  

അഥവാ കടം വീട്ടുന്നുണ്ടെങ്കില്‍ സകാത്ത് കണക്കാക്കുന്നതിന് മുമ്പ് കൊടുക്കണം. എങ്കിലേ അത് സകാത്തില്‍ നിന്നും ഒഴിവാകൂ. ഇനി കടം ഇപ്പോള്‍ കൊടുക്കുന്നില്ല; പിന്നീട് നല്‍കാനാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ കൈവശമുള്ള ധനത്തിന്റെ സകാത്ത് കൊടുക്കണം. കടമാകട്ടെ  ഇപ്പോള്‍ തിരികെ കൊടുക്കുന്നുമില്ല, സകാത്താകട്ടെ നല്‍കുന്നുമില്ല എന്ന അവസ്ഥ ഉണ്ടാകുകയില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ. താങ്കള്‍ക്ക് അല്ലാഹു ഖൈറും ബര്‍ക്കത്തും ചൊരിയട്ടെ.

സ്‌കോളര്‍ഷിപ്പും സകാത്തും

ഞാന്‍ ഒരു വിദ്യാര്‍ഥിയാണ്. എനിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്. ഒന്ന് എന്റെ ഉപ്പ ഫീസിനും മറ്റു ചെലവിനുമായി നല്‍കുന്ന പണം വരുന്ന അക്കൗണ്ട്. അതില്‍ എന്റെ കൈവശം 10000 രൂപയുണ്ട്. രണ്ടാമത്തെ അക്കൗണ്ട് സ്‌കോളര്‍ഷിപ് കിട്ടുന്ന അക്കൗണ്ടാണ്. അതില്‍ എന്റെ കൈവശം 40000 രൂപയും ഉണ്ട്. അപ്പോള്‍ ഞാന്‍ ആകെയുള്ള 50000 രൂപക്ക് സകാത്ത് കൊടുക്കണമോ? സ്‌കോളര്‍ഷിപ് കിട്ടുന്ന തുക സകാത്തില്‍ നിന്നും ഒഴിവാകുമോ? എനിക്ക് മറ്റു വരുമാനങ്ങള്‍ ഇല്ലാത്തത് കൊണ്ട് സകാത്ത് ഒഴിവാകുമോ? ഇനി നല്‍കണമെങ്കില്‍ രണ്ടര ശതമാനത്തില്‍ കൂടുതല്‍ നല്‍കാമോ?

 
 

സകാത്തിനെക്കുറിച്ച് അറിയാനും അത് നല്‍കാനുമുള്ള താങ്കളുടെ താല്‍പര്യത്തിനും അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. വിശ്വാസിയായ ഒരാളുടെമേല്‍ സകാത്ത് ബാധകമാകാന്‍ രണ്ടു കാര്യങ്ങള്‍ ബാധകമാണ്. ഒന്ന് അയാളുടെ കൈവശം സകാത്ത് ബാധകമാകാനുള്ള പരിധി അഥവാ നിസ്വാബ് ഉണ്ടായിരിക്കണം. അതായത് 595 ഗ്രാം വെള്ളിക്ക് തത്തുല്യമായ കറന്‍സിയോ കച്ചവട വസ്തുവോ ഒരാളുടെ പക്കല്‍ ഉണ്ടെങ്കില്‍ അയാളുടെ കയ്യില്‍ നിസ്വാബ് എത്തി.

രണ്ടാമത്തെ നിബന്ധന ആ നിസ്വാബിന് ഒരു ഹിജ്‌റ വര്‍ഷക്കാലം ‘ഹൗല്‍’ തികയണം. അതായത് നിസ്വാബ് അഥവാ സകാത്ത് ബാധകമാകാനുള്ള ബേസിക് ബാലന്‍സില്‍ നിന്നും താഴെപ്പോകാതെ ഒരു ഹിജ്‌റ വര്‍ഷക്കാലം പൂര്‍ത്തിയാകുന്നപക്ഷം ആ സമയത്ത് തന്റെ കൈവശമുള്ള ടോട്ടല്‍ കറന്‍സി, കച്ചവടവസ്തുക്കള്‍ എന്നിവ കൂട്ടി അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാകും.

അതുകൊണ്ട് താങ്കളുടെ കൈവശം 24000ല്‍ കുറയാത്ത ബേസിക് ബാലന്‍സ് ഒരു ഹിജ്‌റ വര്‍ഷക്കാലം ഉണ്ടാകുമെങ്കില്‍ താങ്കളും ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കയ്യിലുള്ള ടോട്ടല്‍ കറന്‍സിയുടെ രണ്ടര ശതമാനം സകാത്തായി കൊടുക്കണം. അത് സ്‌കോളര്‍ഷിപ്പ് ആയി ലഭിക്കുന്ന ധനമാണെങ്കിലും ശരി.

രണ്ടര ശതമാനത്തില്‍ കൂടുതല്‍ കൊടുക്കാമോ എന്ന് താങ്കള്‍ ചോദിച്ചു. കൂടുതല്‍ എത്ര വേണമെങ്കിലും താങ്കള്‍ക്ക് കൊടുക്കാം. അത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ദാനമായി പരിഗണിക്കപ്പെടും. കുറയാന്‍ പാടില്ല എന്നേയുള്ളൂ. നന്നായി പഠിക്കാനും ഈ ഉമ്മത്തിനും സമൂഹത്തിനും ഉപകരിക്കുന്ന ഒരു നല്ല സത്യവിശ്വാസിയായി വളരാനും റബ്ബ് താങ്കള്‍ക്ക് തൗഫീക്വ് നല്‍കട്ടെ.

നേർപഥം
പി.എന്‍ അബ്ദുര്‍റഹ്മാന്‍

വ്രതാനുഷ്ഠാനം; ചില പാഠങ്ങള്‍ ഫൈസല്‍ പുതുപ്പറമ്പ് 2020 മെയ് 09 1441 റമദാന്‍ 16

വ്രതാനുഷ്ഠാനം; ചില പാഠങ്ങള്‍

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തെതാണ് നോമ്പ്. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ അല്ലാഹുവിനു വേണ്ടി ത്യജിക്കുന്ന ആരാധനയാണ് നോമ്പ്. എന്തൊക്കെയാണ് നോമ്പ് മുറിയുന്ന കാര്യങ്ങള്‍? അറിവില്ലായ്മ ഒരുപക്ഷെ, നമ്മെ അബദ്ധങ്ങളില്‍ ചെന്നെത്തിച്ചേക്കാം.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തെതാണ് നോമ്പ്. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ അല്ലാഹുവിനു വേണ്ടി ത്യജിക്കുന്ന ആരാധനയാണ് നോമ്പ്. ഇത് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥില്‍ നബി ﷺ  ഇപ്രകാരം പഠിപ്പിച്ചതായി വന്നിരിക്കുന്നു:

”ഇസ്‌ലാം നിര്‍മിക്കപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങളിന്‍മേലാണ്; രണ്ട് സാക്ഷ്യവാക്യങ്ങള്‍, നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്” (ബുഖാരി, മുസ്‌ലിം).

സംശയലേശമന്യെ പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെട്ട ഈ അടിസ്ഥാനകാര്യത്തെ വല്ലവനും നിഷേധിക്കുന്നു എങ്കില്‍ അവന്‍ അവിശ്വാസിയായി മാറും എന്നത് മുസ്‌ലിം ലോകത്തെ ഇജ്മാഅ് ആണ് (ശര്‍ഹു മുസ്‌ലിം 1/205).

എന്നാല്‍ നോമ്പ് നിര്‍ബന്ധമാണെന്ന് അംഗീകരിക്കുകയും അതിനെ നിസ്സാരവല്‍കരിച്ചുകൊണ്ട് ഉപേക്ഷിക്കുകയും ചെയ്തവന്‍ പാപിയായി ഗണിക്കപ്പെടും. അവന്‍ മതഭ്രഷ്ടനായിരിക്കുമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്.

ഹിജ്‌റ വര്‍ഷം രണ്ടിലാണ് റമദാന്‍ നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടത്. 9 റമദാനുകളിലാണ് നബി ﷺ  നോമ്പനുഷ്ഠിച്ചത് (ശര്‍ഹുല്‍ മുംതിഅ് 6/298).

ആര്‍ക്കാണ് നോമ്പ് നിര്‍ബന്ധം?

പ്രായപൂര്‍ത്തിയായ, ബുദ്ധിമാനായ, യാത്രക്കാരനല്ലാത്ത, നോമ്പെടുക്കാന്‍ ശേഷിയുള്ള ഏവര്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:

”ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം(നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക്ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)” (ക്വുര്‍ആന്‍-2/185)

ന്യായമായ കാരണങ്ങളാല്‍ നോമ്പൊഴിവാക്കാന്‍ അനുവാദമുള്ളവര്‍ ശരീരത്തിന് ദോഷമല്ലെന്ന് ബോധ്യമുണ്ടെങ്കില്‍ നോമ്പെടുക്കല്‍ തന്നെയാണ് അഭികാമ്യം.

ശൈഖ് ഇബ്‌നു ഉസൈമിന്‍(റ) പറയുന്നു: ”(നോമ്പിന്റെ കാര്യത്തില്‍) യാത്രക്കാരനെ മൂന്ന് തരമാക്കി വിഭജിക്കാം.

1) നോമ്പെടുക്കാന്‍ യാതൊരു പ്രയാസവും ഇല്ലാത്തവര്‍; അത്തരക്കാര്‍ നോമ്പെടുക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്.

2) നോമ്പെടുക്കല്‍ കൊണ്ട് പ്രയാസം അനുഭവിക്കാന്‍ സാധ്യതയുള്ളവര്‍. അത്തരക്കാര്‍ നോമ്പൊഴിവാക്കലാണ് ഏറ്റവും ശ്രേഷ്ഠം.

3) നോമ്പെടുക്കുന്നത് ശരീരത്തിന് അങ്ങേയറ്റം പ്രയാസമുണ്ടാക്കുമെന്ന് ബോധ്യമുള്ളവര്‍. അവര്‍ നോമ്പെടുക്കല്‍ നിഷിദ്ധമാണ് എന്ന് ഹദീഥുകളില്‍ നിന്ന് ഗ്രഹിക്കാം. (6/343)

പ്രായപൂര്‍ത്തിയായിട്ടില്ലാത്ത കുട്ടികളോട് നോമ്പെടുക്കാന്‍ നിര്‍ദേശിക്കല്‍ രക്ഷിതാക്കള്‍ക്ക് സുന്നതാണ്. അതുവഴി നോമ്പ് ശീലിക്കാന്‍ നിമിത്തമാകുമെന്നതാണ് കാരണം. സ്വഹാബിമാര്‍ ചെറിയ മക്കളെ നോമ്പെടുപ്പിക്കുമായിരുന്നു എന്നും അവര്‍ ഭക്ഷണത്തിനായി കരഞ്ഞാല്‍ കളിപ്പാട്ടങ്ങള്‍ നല്‍കി അവരുടെ ശ്രദ്ധതിരിക്കുമായിരുന്നു എന്നും ഇമാം ബുഖാരിയും(1960) മുസ്‌ലിമും(1136) ഉദ്ധരിക്കുന്നു.

എന്നാല്‍ രോഗികള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് നോമ്പ് ഒഴിവാക്കാവുന്നതും മറ്റൊരു സമയത്ത് അവര്‍ അത് നോറ്റ് വീട്ടേണ്ടതുമാണ് എന്ന് നാം മുകളില്‍ കൊടുത്ത ആയത്ത് തന്നെ അറിയിക്കുന്നു.

നോമ്പിന്റെ മഹത്ത്വം

ധാരാളം ഹദീഥുകളിലൂടെ നോമ്പിന്റെയും റമദാന്‍ മാസത്തിന്റെയും മഹത്ത്വങ്ങള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ചില ഉദാഹരണങ്ങള്‍ കാണുക:

1. നബി ﷺ  പറഞ്ഞു: ”മനുഷ്യന്റെ മുഴുവന്‍ കര്‍മങ്ങള്‍ക്കും ഇരട്ടി പ്രതിഫലം നല്‍കപ്പെടും. ഒരു നന്മക്ക് പത്തിരട്ടി മുതല്‍ 700 വരെ ഇരട്ടിയായി പ്രതിഫലം ലഭിക്കും. അല്ലാഹു പറയുന്നു: ‘നോമ്പ് ഒഴികെ, അതെനിക്കാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നവന്‍…” (ബുഖാരി, മുസ്‌ലിം).

2. നബി ﷺ  പറഞ്ഞു: ”സ്വര്‍ഗത്തില്‍ റയ്യാന്‍ എന്നൊരു കവാടമുണ്ട്. നോമ്പുകാരാണ് അതില്‍ പ്രവേശിക്കുക. അവരല്ലാത്ത ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാര്‍ എവിടെയെന്ന് ചോദിക്കപ്പെടും. അപ്പോള്‍ അവര്‍ എഴുന്നേറ്റ് വരും. അവര്‍ കടന്നുകഴിഞ്ഞാല്‍ ആ കവാടം അടക്കപ്പെടും. പിന്നീട് ഒരാളും അതിലൂടെ പ്രവേശിക്കുകയില്ല” (ബുഖാരി).

3. അബൂഉമാമ(റ) പറഞ്ഞു: ”ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ‘നബിയേ, എനിക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കുവാനുതകുന്ന ഒരു കര്‍മം താങ്കള്‍ നിര്‍ദേശിച്ചു തരിക.’ നബി ﷺ  പറഞ്ഞു: ‘നീ നോമ്പെടുക്കുക. അതിനോട് കിടപിടിക്കുന്ന ഒന്നും തന്നെയില്ല.’ പിന്നീട് ഒരിക്കല്‍കൂടി ഞാന്‍ ചെന്ന് ഇതേകാര്യം ആവശ്യപ്പെട്ടു. അപ്പോഴും നബി ﷺ  പറഞ്ഞു: ‘നീ നോമ്പെടുക്കുക” (അഹ്മദ്, നസാഈ).

നോമ്പുകൊണ്ടുള്ള നേട്ടങ്ങള്‍

1. ഈമാന്‍ (വിശ്വാസം) വര്‍ധിക്കും. (ക്വുര്‍ആന്‍:2/183)

2. നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍കാന്‍ നിമിത്തമാകും.

3. തെറ്റുകളിലേക്ക് മനസ്സ് ചായാതെ നേര്‍വഴിയില്‍ നില്‍ക്കാന്‍ പര്യാപ്തമാണ്. നബി ﷺ  പറഞ്ഞു: ”നോമ്പ് ഒരു പരിചയാകുന്നു” (നസാഈ).

4. പാപമോചനം ലഭിക്കും. നബി ﷺ  പറഞ്ഞു: ”വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാനില്‍ നോമ്പെടുത്തവന്റെ കഴിഞ്ഞ കാലപാപങ്ങള്‍ പൊറുക്കപ്പെടും.”

5. പൈശാചിക ദുര്‍ബോധനങ്ങളില്‍ നിന്ന് മുക്തമാവാന്‍ കഴിയും.

6. വിശപ്പും ദാഹവും അനുഭവിക്കുന്നതുവഴി ദരിദ്രന്റെ വിഷമങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

7. ക്ഷമ ശീലിക്കുവാനാകും.

8. ഇതിനെല്ലാം പുറമെ ആരോഗ്യപരമായ ധാരാളം നേട്ടങ്ങള്‍ വേറെയും കാണാം.

ഏത് കര്‍മത്തിനുമെന്ന പോലെ നോമ്പിനും നിയ്യത്ത് നിര്‍ബന്ധമാണ്. ഉദ്ദേശപ്രകാരം മാത്രമെ ഏത് കാര്യവും സ്വീകാര്യമാവുകയുള്ളു. നിര്‍ബന്ധ നോമ്പാണെങ്കില്‍ പ്രഭാതോദയത്തിന് മുമ്പ് തന്നെ നോമ്പെടുക്കാനുള്ള ഉദ്ദേശം (തീരുമാനം) ഉണ്ടാവണം, എന്നാല്‍ സുന്നത് നോമ്പാണെങ്കില്‍ ഫജ്‌റിന് ശേഷം പകല്‍സമയത്ത് തീരുമാനമെടുത്താലും മതി. (അതിന് മുമ്പ് ഭക്ഷണം കഴിച്ചിട്ടില്ലെങ്കില്‍). നബി ﷺ യുടെയും സ്വഹാബിമാരുടെയും ചെയ്തിയുടെ പിന്‍ബലം ഇതിനുണ്ട്.

നിയ്യത്ത് എന്നതിന്റെ വിവക്ഷ ഒരു കര്‍മം ചെയ്യാനുള്ള മനസ്സിന്റെ ഉദ്ദേശമാണ്. അത് നാവുകൊണ്ട് പറയേണ്ടതില്ല. തുടര്‍ച്ചയായി എടുക്കുന്ന നോമ്പുകളാണെങ്കില്‍ ആദ്യദിവസം തന്നെ തുടര്‍ച്ചയായി നോമ്പെടുക്കാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ പിന്നെ ഓരോ ദിവസവും പ്രത്യേകം നിയ്യത്ത് ചെയ്തില്ലെങ്കിലും വിരോധമില്ല. (ഉദാ: റമദാന്‍, ശവ്വാലിലെ ആറ് നോമ്പ് തുടങ്ങിയവ).

എന്നാല്‍ ശഅ്ബാന്‍ 30 ആകാനും റമദാന്‍ ഒന്ന് ആകാനും സാധ്യതയുള്ള ദിവസത്തില്‍ ഒരാള്‍ നോമ്പെടുത്തു. റമദാന്‍ പിറന്നാല്‍ ഫര്‍ദ് നോമ്പ് എന്നും ഇല്ലെങ്കില്‍ സുന്നത്ത് നോമ്പ് എന്നുമാണ് അയാള്‍ ഉദ്ദേശിച്ചത്. പിന്നീട് നേരം പുലര്‍ന്നതിന് ശേഷമാണ് റമദാന്‍ ഒന്നാണെന്ന് ബോധ്യമായതെങ്കില്‍ ആ നോമ്പ് പരിഗണനീയമല്ല.

നോമ്പ് ഒഴിവാക്കാന്‍ അനുവാദമുള്ളവര്‍

1. രോഗികള്‍:

രോഗികളെ നാല് വിഭാഗമായി തിരിച്ചിരിക്കുന്നു:

1) നോമ്പ് അനുഷ്ഠിച്ചാല്‍ രോഗം മൂര്‍ഛിക്കുമെന്ന് ബോധ്യമുള്ളവര്‍. അവര്‍ നോമ്പെടുക്കാന്‍ പാടില്ല. നോമ്പെടുക്കാന്‍ പ്രയാസമാണെങ്കിലും അത്ര ഗൗരവതരമായ ദോഷങ്ങള്‍ ഒന്നും ഉണ്ടാവാന്‍ ഇടയില്ലാത്തവര്‍ നോമ്പ് ഒഴിവാക്കലാണ് കൂടുതല്‍ ശ്രേഷ്ഠം. നബി ﷺ  പറഞ്ഞു: ”അല്ലാഹുവിന്റെ കല്‍പനകളെ ശിരസ്സാവഹിക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്നത് പോലെ അവന്‍ നല്‍കിയ ഇളവുകള്‍ സ്വീകരിക്കുന്നതും അവനിഷ്ടമാണ്.”

2. നോമ്പെടുക്കുകവഴി രോഗശമനത്തിന് കാലതാമസം നേരിടുമെന്ന് ഭയപ്പെടുന്ന രോഗി: ഇത്തരക്കാര്‍ക്ക് നോമ്പ് ഉപേക്ഷിക്കല്‍ അനുവദനീയമാണ്; ക്വുര്‍ആനിക വചനങ്ങളുടെയും ഹദീഥുകളുടെയും പൊതു അധ്യാപനപ്രകാരം.

3. നോമ്പെടുക്കാന്‍ വളരെ പ്രയാസമനുഭവിക്കുന്ന രോഗി. അവനും നോമ്പ് ഒഴിവാക്കല്‍ അനുവദനീയമാണ്.

4. സ്വന്തം നിലയ്ക്ക് പ്രയാസമില്ലെങ്കിലും ചികിത്സയുടെ ഭാഗമായി (മരുന്ന് കഴിക്കാനും മറ്റുമായി) നോമ്പ് ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കപ്പെട്ട രോഗി. ഇത്തരക്കാര്‍ക്കും നോമ്പ് ഒഴിവാക്കല്‍ അനുവദനീയമാണ്. എന്നാല്‍ ഇവരെല്ലാം തന്നെ പിന്നീട് ഇത് നോറ്റ് വീട്ടേണ്ടതുണ്ട് (ഫതാവാ ഇബ്‌നു തൈമിയ്യ 26/60).

2. യാത്രക്കാരന്‍

യാത്രക്കാരന്റെ വിവിധ അവസ്ഥകള്‍ നാം നേരത്തെ വിവരിച്ചു.

3. ആര്‍ത്തവരക്തം/ പ്രസവരക്തം ഉള്ളവര്‍

ഇത്തരക്കാര്‍ നോമ്പ് എടുക്കാന്‍ പാടില്ല. അവര്‍ നിര്‍ബന്ധമായും നോമ്പ് ഉപേക്ഷിക്കേണ്ടതും പിന്നീട് നോറ്റ് വീട്ടേണ്ടതുമാണ്. (ബുഖാരി, മുസ്‌ലിം).

ഗര്‍ഭം അലസിയ/അബോര്‍ഷന്‍ നടത്തിയ സ്ത്രീയാണെങ്കില്‍ അവളില്‍ നിന്നും വരുന്ന രക്തം പ്രസവ രക്തമായി പരിഗണിക്കണമെങ്കില്‍ 3 മാസമെങ്കിലും ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചയെത്തിയിരിക്കണം. അതിനും മുമ്പായി ഗര്‍ഭം അലസിയെങ്കില്‍ അതിനെ തുടര്‍ന്ന് കാണുന്ന രക്തം പ്രസവരക്തമായി കണക്കാക്കപ്പെടുകയില്ല. അതിനാല്‍ അവര്‍ നമസ്‌കാരവും നോമ്പും ഉപേക്ഷിക്കാവതല്ല. (ഫതാവാ ഇബ്‌നു ഉസൈമിന്‍ 19/261).

4. ഗര്‍ഭിണി/മുലയൂട്ടുന്നവര്‍

ഗര്‍ഭിണിക്കും മുലയൂട്ടുന്ന സ്ത്രീക്കും നോമ്പെടുക്കാന്‍ പ്രയാസമുണ്ടെങ്കില്‍ അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാം, പിന്നീട് അവരത് നോറ്റുവീട്ടേണ്ടതാണ്.

5. മാറാരോഗികള്‍ പ്രായാധിക്യമായവര്‍

സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത നിത്യരോഗികളും അങ്ങേയറ്റം പ്രായമായവര്‍ക്കും നോമ്പ് ഒഴിവാക്കാന്‍ അനുവാദമുണ്ട്. അവര്‍ പിന്നീട് നോറ്റുവീട്ടേണ്ടതില്ല. പകരം സാധുവിന് ഭക്ഷണം നല്‍കുകയാണ് വേണ്ടത്.

ഭക്ഷണം വേവിച്ചോ അല്ലാതെയോ നല്‍കാം. വീട്ടില്‍ ഭക്ഷണമുണ്ടാക്കി ദരിദ്രരെ ഭക്ഷിപ്പിക്കുകയോ പാകം ചെയ്ത് ഭക്ഷണം വിതരണം ചെയ്യുകയോ ആവാം. ധാന്യങ്ങള്‍ മാത്രം വിതരണം ചെയ്താലും മതിയാകുന്നതാണ്. മുഖ്യാഹാരമായി ഉപയോഗിക്കുന്ന ധാന്യമാണ് നല്‍കേണ്ടത്. അതിലേക്ക് അനിവാര്യമായ ചേരുവകള്‍ കൂടി നല്‍കുന്നുവെങ്കില്‍ നിര്‍ബന്ധമില്ല. (ഫതാവാ ഇബ്‌നു ഉസൈമിന്‍ 19/124).

6. രോഗിയല്ലെങ്കിലും നോമ്പെടുക്കുകവഴി ശരീരത്തിന് പ്രയാസമുണ്ടാകുമെന്ന് ഭയപ്പെടുന്നവര്‍ക്കും വിശപ്പ്, ദാഹം എന്നിവ ഒരിക്കലും സഹിക്കാനാവാത്ത പ്രയാസങ്ങള്‍ ഉള്ളവര്‍ക്കുമെല്ലാം അതുവഴി നാശം ഭയപ്പെടുന്നുവെങ്കില്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്

ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ അനിവാര്യഘട്ടങ്ങളിലും ആവശ്യമെങ്കിലും നോമ്പ് ഒഴിവാക്കാവുന്നതാണ്. അവര്‍ പിന്നീട് നോറ്റുവീട്ടണം.

എന്നാല്‍ ഈ പറയപ്പെട്ടവരെല്ലാം പ്രയാസം സഹിച്ചുകൊണ്ട് നോമ്പെടുക്കുന്നുവെങ്കില്‍ അത് അനുവദനീയമാണ്. അകാരണമായി നോമ്പ് ഉപേക്ഷിക്കല്‍ വളരെയേറെ ഗൗരവതരമാകുന്നു. റമദാനിന്റെ പകലില്‍ നോമ്പെടുക്കാന്‍ ബാധ്യതയുള്ള ഒരാള്‍ തന്റെ ഭാര്യയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നെങ്കില്‍ ആ നോമ്പ് അവന്‍ പിന്നീട് നോറ്റ് വീട്ടുകയും പ്രായശ്ചിത്തം ചെയ്യുകയും വേണം.

ഒരു അടിമയെ മോചിപ്പിക്കുക, അതിന് സാധ്യമല്ലാത്തവര്‍ രണ്ട് മാസം തുടര്‍ച്ചയായി നോമ്പെടുക്കുക അതിനും കഴിയാത്തവര്‍ അറുപത് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് പ്രായശ്ചിത്തം. (ബുഖാരി).

ഒന്നിലധികം ദിവസങ്ങളില്‍ ഇങ്ങനെ ആവര്‍ത്തിച്ചുവെങ്കില്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം പ്രായച്ഛിത്തം നല്‍കേണ്ടതുണ്ട്. (ബി ദായ: 4/195).

ന്യായമായ കാരണത്താല്‍ നോമ്പ് ഒഴിവാക്കിയവന്‍ അത് നോറ്റുവീട്ടുന്നതിന് മുമ്പായി മരണപ്പെട്ടുവെങ്കില്‍ എന്ത് വേണം? നോറ്റുവീട്ടാന്‍ സാഹചര്യം ഉണ്ടാകുന്നതിന് മുമ്പായി മരിച്ചുവെങ്കില്‍ യാതൊന്നും ബാധ്യതയില്ല. എന്നാല്‍ സാഹചര്യമുണ്ടായ ശേഷമാണ് മരിച്ചതെങ്കില്‍ സാധുവിന് ഭക്ഷണം നല്‍കേണ്ടതുണ്ട്. മയ്യിത്തുമായി അടുത്ത ബന്ധമുള്ളവന് അത് നോറ്റുവീട്ടുകയുമാവാം. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് നോറ്റാലും മതിയാകുന്നതാണ്. എല്ലാവരും ഒരേ ദിവസം നോല്‍ക്കുന്നതിനും വിരോധമില്ല.

ബോധപൂര്‍വമായ ഇന്ദ്രിയ സ്ഖലനം മൂലം നോമ്പ് മുറിയുന്നതാണ്. എന്നാല്‍ സ്വപ്‌ന സ്ഖലനം, ബോധപൂര്‍വമല്ലാതെയുണ്ടാകുന്ന സ്ഖലനം എന്നിവകൊണ്ട് നോമ്പ് മുറിയുന്നതല്ല. (മുഗ്നി-4/364).

ചീത്തവാക്കുകള്‍, പ്രവൃത്തികള്‍, ചിന്തകള്‍ എന്നിവകൊണ്ട് നോമ്പ് മുറിയുകയില്ലെങ്കിലും നോമ്പിന്റെ പ്രതിഫലം കുറയാന്‍ അത് കാരണമാകും. (ഫതാവാ ഇബ്‌നുബാസ് 15/320).

റമദാനിലെ ഓരോ ദിനരാത്രവും ഏറെ പവിത്രമാണ,് വിശിഷ്യാ അവസാനത്തെ പത്ത് ദിവസങ്ങള്‍. അവയില്‍ തന്നെ രാത്രി പ്രത്യേകം ശ്രേഷ്ഠമാണ്. ക്വുര്‍ആന്‍ പാരായണം, പ്രാര്‍ഥനാ പ്രകീര്‍ത്തനങ്ങള്‍, സ്വലാത്ത്, ദാനധര്‍മങ്ങള്‍, നന്മ പ്രചരിപ്പിക്കല്‍, തിന്മവിരോധിക്കല്‍ തുടങ്ങിയ സുകൃതങ്ങള്‍ കൊണ്ട് അവയെ സജീവമാക്കാന്‍ ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ; ആമീന്‍.

നേർപഥം
ഫൈസല്‍ പുതുപ്പറമ്പ്

 

നിത്യപ്രസക്തം, ഈ നീതി സൂക്തം ഡോ.സബീല്‍ പട്ടാമ്പി 2020 മെയ് 09 1441 റമദാന്‍ 16

നിത്യപ്രസക്തം, ഈ നീതി സൂക്തം

ലോകത്തിലെ ഏറ്റവും വലിയ നിയമവിദ്യാലയങ്ങളിലൊന്നായ അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള ഹാര്‍വാര്‍ഡ് ലോ കോളേജ് ലൈബ്രറിയുടെ മുഖ്യകവാടത്തില്‍ കൊത്തിവെക്കാന്‍ വേണ്ടി ജനങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച മൂന്ന് നീതിവാക്യങ്ങള്‍ കണ്ടെത്താനായി ഒരു മത്സരം സംഘടിപ്പിക്കപ്പെടുകയുണ്ടായി. അതില്‍ ഒന്നാമതായി തെരഞ്ഞെടുത്തത് വിശുദ്ധ ക്വുര്‍ആനിലെ നാലാം അധ്യായമായ സൂറത്തുന്നിസാഇലെ 135ാം ആയത്താണ്. ലോകപ്രശസ്തരായ നിയമജ്ഞര്‍ പഠിച്ചിറങ്ങിയ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കാന്‍ മാത്രം എന്താണ് ആ വചനവചനത്തിന് പ്രത്യേകത. നീതിയോടുള്ള ക്വുര്‍ആനിന്റെ നിലപാടെന്താണ്?

അമേരിക്കയിലെ നിയമവിദ്യാലയങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പുള്ള സ്ഥാപനമാണ് Massachusettsല്‍ ഉള്ള വിഖ്യാതമായ ‘ഹാര്‍വാര്‍ഡ് ലോ കോളേജ്.’ 1817ല്‍ സ്ഥാപിതമായ ഇത് അമേരിക്കയിലെ ഏറ്റവും പഴയ നിയമ വിദ്യാലയമാണ്. ലോകാടിസ്ഥാനത്തില്‍ തന്നെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള തലയെടുപ്പുള്ള നിയമവിദ്യാലയം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും മറ്റു പല അമേരിക്കന്‍ പാര്‍ലിമെന്റ് അംഗങ്ങളും ഇവിടുത്തെ മുന്‍കാല വിദ്യാര്‍ഥികളാണ്. കൂടാതെ പല ലോക രാജ്യങ്ങളുടെയും പരമോന്നത നീതിപീഠത്തിലെ ജഡ്ജിമാരും ഹാര്‍വാഡിലെ മുന്‍കാല നിയമ വിദ്യാര്‍ഥികളാണെന്നതും ശ്രദ്ധേയമാണ്

ഈ ഹാര്‍വാര്‍ഡ് ലോ കോളേജ് ലൈബ്രറിയുടെ മുഖ്യകവാടത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു. ഈ ബോര്‍ഡില്‍ അവര്‍ പ്രസിദ്ധപ്പെടുത്തിയത് ലോകത്തിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നിയമ വാക്യങ്ങളാണ്. നിയമ പുസ്തകങ്ങളുടെ ലോകത്തെ ഏറ്റവും വലിയ കലവറ എന്ന നിലയ്ക്ക് പേരുകേട്ടതാണ് ഹാര്‍വാര്‍ഡ് ലോ കോളേജ് ലൈബ്രറി. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള നിയമവിചക്ഷണര്‍ ഈ ലൈബ്രറിയില്‍ വരാറുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ലൈബ്രറിയുടെ മുഖ്യകവാടത്തില്‍ കൊത്തിവെക്കേണ്ട വാക്യങ്ങള്‍ സശ്രദ്ധം പരിശോധിച്ച് ഏറ്റവും നല്ലതാണെന്ന് തോന്നുന്ന മൂന്നു വാക്യങ്ങള്‍ മാത്രമെ കൊത്തിവെക്കാവൂ എന്നതായിരുന്നു ലൈബ്രറി കമ്മിറ്റിയുടെ തീരുമാനം.

ഈ 3 ഉദ്ധരണികള്‍ തെരഞ്ഞെടുക്കുവാനായി അവര്‍ ഒരു മത്സരം നടത്തുകയാണു ചെയ്തത്. ക്രിസ്തുവിനു 600 വര്‍ഷം മുമ്പ് (ബി.സി. 600) മുതല്‍ ഇന്നുവരെ ഉണ്ടായതില്‍ ഏറ്റവും മനോഹരമായ 3 ‘നീതി വാക്യങ്ങള്‍’ ഏതൊക്കെ എന്ന് കണ്ടെത്താനായിരുന്നു മത്സരം. ഈ മത്സരത്തില്‍ നിയമ വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം പങ്കെടുത്തു. മത്സരാര്‍ഥികള്‍ അവര്‍ക്ക് നല്ലതെന്ന് തോന്നിയ പല നിയമ വാക്യങ്ങളും പാനലിനു മുന്നില്‍ രേഖാമൂലം സമര്‍പ്പിച്ചു. ഏകദേശം 150 വാക്യങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. മത്സരത്തിന്റെ അവസാനം പാനല്‍ ഏറ്റവും ശ്രദ്ധേയമായ 3 വാക്യങ്ങള്‍ തെരഞ്ഞെടുത്തു. അതില്‍ ഒന്ന് വിശുദ്ധ കുര്‍ആനിലെ ഒരു വചനമായിരുന്നു. ആ കുര്‍ആന്‍ വചനം ഇതാണ്:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ടു വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു” (സൂറുന്നിസാഅ്: 135).

ഈ കുര്‍ആന്‍ വചനത്തോടൊപ്പം തെരഞ്ഞെടുത്ത മറ്റു രണ്ട് ഉദ്ധരണികളില്‍ ഒന്ന് നാലാം നൂറ്റാണ്ടില്‍ ജീവിച്ച Augustine of Hippoയുടെ ഒരു വചനവും മറ്റൊന്ന് പതിമൂന്നാം നൂറ്റാണ്ടില്‍ ബ്രിട്ടണില്‍ ജീവിച്ചിരുന്ന ജോണ്‍ രാജാവ് എഴുതിയ നിയമ സംഹിതയായ Magna Cartaയില്‍ നിന്നുള്ള ഒരു ഉദ്ധരണിയുമാണ്.

ഈ കുര്‍ആന്‍ വാക്യം (4:135) ഇന്ന് ഹാര്‍വാര്‍ഡ് ലൈബ്രറിയുടെ മുഖ്യകവാടത്തില്‍ അഭിമാനത്തോടെ നില്‍ക്കുന്നത് കാണാം. എന്തുകൊണ്ടാണ് ഈ കുര്‍ആന്‍ വചനവും ഒപ്പം മറ്റു രണ്ട് വചനങ്ങളും തെരഞ്ഞെടുത്തതെന്ന് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

”ഞങ്ങള്‍ തെരഞ്ഞെടുത്ത ഈ മൂന്ന് വാക്യങ്ങളും എല്ലാ കാലത്തേക്കും എല്ലാ ജനങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റിയ നിയമ വാക്യങ്ങളാണ്.”

അതെ, ഈ കുര്‍ആന്‍ വാക്യം മനുഷ്യന്റെ നീതിബോധത്തിന്റെ ആഗ്രഹത്തിനുള്ള ഉത്തരമാണ്. എല്ലാ മനുഷ്യരും നീതികിട്ടണമെന്നും നീതി വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. അതിനുള്ള ഉത്തരമാണ് ഈ കുര്‍ആന്‍ വചനം. ഇതില്‍ പറയുന്ന കാര്യങ്ങള്‍ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:

(1) നിങ്ങള്‍ നീതിക്കുവേണ്ടി നില കൊള്ളുന്നവരാകുക.

(2) നീതിക്കുവേണ്ടി നിലകൊണ്ടാല്‍ ഒരു പക്ഷേ, അത് നിങ്ങള്‍ക്ക് തന്നെയോ നിങ്ങളുടെ കുടുംബങ്ങള്‍ക്കോ എതിരായേക്കാം. എങ്കിലും നീതിയോടൊപ്പം, നീതിക്ക് വേണ്ടിയായിരിക്കണം നിങ്ങള്‍ നില കൊള്ളേണ്ടത്.

(3) കക്ഷി ധനികനോ ദരിദ്രനോ ആയിരിക്കട്ടെ, അത് നീതി പാലിക്കുന്ന കാര്യത്തില്‍ നിങ്ങളെ സ്വാധീനിക്കരുത്. ധനികന് ഒരു നിയമവും ദരിദ്രനു മറ്റൊരു നിയമവും ആയിരിക്കരുത് എന്ന് സാരം. നിയമത്തിനു മുന്നില്‍ ധനികരും ദരിദ്രരും തുല്യരായിരിക്കണം.

(4) നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങള്‍ പിന്‍പറ്റരുത്.

(5) സാക്ഷ്യം പറയുമ്പോള്‍ കാര്യങ്ങള്‍ വളച്ചൊടിക്കരുത്. (കള്ളസാക്ഷ്യം പറയല്‍ വന്‍പാപങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണെന്ന് ഒരു ഹദീഥില്‍ വന്നിട്ടുണ്ട്).

കുറഞ്ഞ വാക്കുകളില്‍ കനംകൂടിയ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന, എല്ലാ കാലത്തേക്കും എല്ലാവര്‍ക്കും പ്രായോഗികവും സ്വീകാര്യവുമായ നീതിന്യായ ചിന്തകള്‍ ധ്വനിപ്പിക്കുന്ന ഒരു വചനമാണിത്. ഇത് തന്നെയാണ് ഹാര്‍വാര്‍ഡ് അധികൃതരെ ഈ കുര്‍ആന്‍ വചനം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ഘടകം.

ഈ വചനം നബി ﷺ യും സ്വഹാബികളും കേവലമായി പാരായണം ചെയ്യുകയല്ല ചെയ്തത്, മറിച്ച് അവര്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിക്കുകയായിരുന്നു. നബി ﷺ യില്‍ നിന്ന് ഇങ്ങനെ ഒരു സംഭവം ഉദ്ധരിക്കപ്പെട്ടത് കാണാം:

”ഒരിക്കല്‍ ഒരു ക്വുറൈശി സ്ത്രീ മോഷ്ടിച്ചതിന്റെ പേരില്‍ നബി ﷺ യുടെ അടുക്കല്‍ ഹാജരാക്കപ്പെട്ടു. ചിലര്‍ ഈ സ്ത്രീക്ക് വേണ്ടി നബിയുടെ അടുക്കല്‍ ശുപാര്‍ശ പറയാന്‍ വന്നു. അപ്പോള്‍ നബി ﷺ  ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: ‘നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ നശിച്ചുപോകാന്‍ കാരണം, അവരില്‍ ഉന്നത കുലജാതരായവര്‍ കുറ്റം ചെയ്താല്‍ അവരെ ശിക്ഷിക്കാതെ വിടുകയും താഴ്ന്നവര്‍ കുറ്റം ചെയ്താല്‍ അവരെ ശിക്ഷിക്കുകയും ചെയ്യുന്ന രീതിയായിരുന്നു. അല്ലാഹുവാണ സത്യം, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണു മോഷ്ടിച്ചതെങ്കില്‍ പോലും ഞാന്‍ അവളുടെ കൈകള്‍ ഛേദിക്കുക തന്നെ ചെയ്യും” (മുസ്‌ലിം, കിതാബുല്‍ ഹുദൂദ്).

മുഹമ്മദ് നബി ﷺ  നീതിയുടെ കാവലാള്‍: അമേരിക്കന്‍ പരമോന്നത കോടതി

അമേരിക്കയുടെ പരമോന്നത കോടതി സ്ഥിതിചെയ്യുന്നത് Washington D.Cയില്‍ ആണ്. ഈ കോടതികെട്ടിടം പണികഴിപ്പിച്ചത് 1935ല്‍ ആയിരുന്നു. കോടതി കെട്ടിടത്തിനകത്ത് നിരവധി കൊത്തു പണികള്‍ ഉണ്ട്. കോടതിയുടെ പ്രധാന ഹാളില്‍ എതിര്‍ ദിശയിലുള്ള രണ്ട് ചുമരുകളിലായി 18 പേരുടെ രൂപം കൊത്തിവെച്ചത് കാണാം. പുരാതനകാലം മുതല്‍ ഇന്നുവരെ ലോകത്തിനു നിയമരംഗത്ത് സംഭാവനകള്‍ നല്‍കിയ നിയമജ്ഞരോടുള്ള ആദരവ് എന്നോണമാണ് അവരുടെ രൂപങ്ങള്‍ കൊത്തി വെച്ചിരിക്കുന്നത്. അതില്‍ പുരാതന ബാബിലോണിലെ നിയമജ്ഞനായ ഹമുറാബി മുതല്‍ കണ്‍ഫ്യൂഷ്യസ്, ബൈബിളിലെ മോശെ, സോളമന്‍, 13ാം നൂറ്റാണ്ടില്‍ ബ്രിട്ടണില്‍ ജീവിച്ച ജോണ്‍ രാജാവ്, 16ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ച നെപ്പോളിയന്‍ വരെയുള്ളവരുടെ രൂപങ്ങള്‍ കൊത്തി വെച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മുഹമ്മദ് നബിയുടെതെന്ന പേരില്‍(?) ഒരു രൂപവും കൊത്തിവെച്ചിട്ടുണ്ട്.

1997ല്‍ ‘കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്’ (CAIR) എന്ന മുസ്‌ലിം സംഘടന മുഹമ്മദ് നബിയുടെതന്ന പേരില്‍ സുപ്രീം കോടതി ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന രൂപം നീക്കം ചെയ്യണം എന്ന ആവശ്യം കോടതിയില്‍ ഉന്നയിച്ചു. അവര്‍ അതിനു കോടതിയില്‍ ഉന്നയിച്ച കാരണങ്ങള്‍ ഇവയായിരുന്നു:

(1) ഇസ്‌ലാം ജീവനുള്ളതിന്റെ വിഗ്രഹം ഉണ്ടാക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നില്ല. അത് വിഗ്രഹാരാധനയുടെ ഭാഗമാണ്.

(2) മുഹമ്മദ് നബിയുടെ രൂപം ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനാല്‍ ഈ രൂപം അദ്ദേഹത്തോടുള്ള അവഹേളനമാണ്.

(3) മുഹമ്മദ് നബി ഒരു വാള്‍ പിടിച്ച് നില്‍ക്കുന്ന രൂപമാണു കൊത്തിവെച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തെയും മുസ്‌ലിംകളെയും അക്രമത്തിന്റെ ആളുകളായി ചിത്രീകരിക്കലാണ്.

എന്നാല്‍ മുഹമ്മദ് നബിയുടെ രൂപം നീക്കണമെന്ന അമേരിക്കന്‍ മുസ്‌ലിംകളുടെ ആവശ്യം അന്നത്തെ ജഡ്ജി നിരസിക്കുകയാണു ചെയ്തത്. അതിനു ജഡ്ജി നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു:

”നിയമത്തിന്റെ ലോകത്തിനു വേണ്ടി സംഭാവന നല്‍കിയ വ്യക്തികളെ ആദരിക്കുക എന്ന ഉദ്ദേശത്തിലാണ് ഈ രൂപങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. മുഹമ്മദ് നബിയുടെ രൂപം ഉണ്ടാക്കിയിരിക്കുന്നത് അദ്ദേഹത്തെ വിഗ്രഹവല്‍കരിക്കുവാനോ ആരാധിക്കുവാനോ അവഹേളിക്കുവാനോ അല്ല. മറിച്ച് ബഹുമാനിക്കുവാനാണ്. കൂട്ടത്തില്‍ ഒരു കൊത്തുപണി മാത്രം പൊളിക്കുന്നത് അതിനോട് തൊട്ടുനില്‍ക്കുന്ന മറ്റു രൂപങ്ങളുടെ പൂര്‍ണതയെ കൂടി ബാധിക്കും. അതിനാല്‍ ഒരു രൂപം മാത്രം ഒഴിവാക്കുക സാധ്യമല്ല.”

മറ്റു നിര്‍വാഹമില്ലാത്തതിനാല്‍ കോടതിയുടെ ഈ തീരുമാനം അംഗീകരിക്കുകയാണ് മുസ്‌ലിം സംഘടനകള്‍ ചെയ്തത്. ഈ രൂപം ശില്‍പി കൊത്തിയുണ്ടാക്കിയത് അദ്ദേഹത്തിന്റെ ഭാവനയില്‍ നിന്നാണ്. മുഹമ്മദ് നബിയുടെ ഒരു ചിത്രവും എവിടെയും ലഭ്യമല്ലല്ലോ. അതിനാല്‍ ഈ രൂപം നബിയുടേതല്ലെന്ന് മുസ്‌ലിംകള്‍ക്ക് അറിയാം.

ഇസ്‌ലാം നീതിയുടെ മതം

നീതി എന്നത് ഇസ്‌ലാമിന്റെ മുഖമുദ്രയാണ്. അല്ലാഹു നീതിമാനാണെന്നും അവന്‍ നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നുവെന്നും കുര്‍ആനിലും ഹദീഥുകളിലും ആവര്‍ത്തിച്ച് കാണപ്പെടുന്നു. സ്ത്രീക്കും പുരുഷനും കിട്ടേണ്ട നീതിയെ കുറിച്ചും ദരിദ്രന്റെയും അയല്‍വാസിയുടെയും അവകാശങ്ങളെ കുറിച്ചും ഇസ്‌ലാം പഠിപ്പിക്കുണ്ട്. അറുക്കുവാന്‍ തയ്യാറാക്കപ്പെട്ട മൃഗത്തിനു പോലും കിട്ടേണ്ട അവകാശത്തെ കുറിച്ച് ഇസ്‌ലാം പറയുന്നുണ്ട്. യുദ്ധസമയത്ത് ശത്രുവിനോടും ശത്രു രാജ്യത്തുള്ളവരോടും പോലും അനീതി കാണിക്കരുതെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അവകാശങ്ങള്‍ അതിന്റെ അര്‍ഹര്‍ക്ക് വിട്ടുകൊടുക്കണമെന്നും നിങ്ങള്‍ നീതി പാലിക്കണമെന്നും അല്ലാഹു വിശ്വാസികളോട് പറയുന്നു:

 ”വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു”(കുര്‍ആന്‍  4:58).

വിശുദ്ധ കുര്‍ആനിന്റെയും പ്രവാചകന്റെയും ‘നീതി സൂക്തങ്ങള്‍’ ഇനിയും പുതിയ ഇടങ്ങളില്‍ തങ്കലിപികളാല്‍ എഴുതപ്പെടട്ടെ. അനീതിയുടെ ലോകത്ത് നീതിയുടെ പ്രകാശം പരക്കട്ടെ.

നേർപഥം
ഡോ.സബീല്‍ പട്ടാമ്പി

നോമ്പുകാരറിയാന്‍ ഉസ്മാന്‍ പാലക്കാഴി 2020 മെയ് 02 1441 റമദാന്‍ 09

നോമ്പുകാരറിയാന്‍

ലോകം കോവിഡ് എന്ന പകര്‍ച്ചവ്യാധിയുടെ പിടിയിലമര്‍ന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ റമദാന്‍ കടന്നുവന്നിരിക്കുന്നത്. സാഹചര്യം ഏതായിരുന്നാലും ഇസ്‌ലാം നിര്‍ബന്ധമായി കല്‍പിച്ച കാര്യങ്ങള്‍ സാധ്യമാകുന്ന രൂപത്തില്‍ പ്രാവര്‍ത്തികമാക്കല്‍ വിശ്വാസികളുടെ കടമയാണ്. റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം ഒരു നിര്‍ബന്ധ ആരാധനയാണ്. അത് ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ്.

ഇബ്‌നു ഉമര്‍(റ) നിവേദനം. നബി ﷺ പറഞ്ഞു: ”ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു കാര്യങ്ങളിന്മേലാണ്: ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല, മുഹമ്മദ് നബി ﷺ  അല്ലാഹുവിന്റെ ദൂതനാകുന്നു’ എന്ന സത്യസാക്ഷ്യ വചനം, നമസ്‌കാരം മുറപോലെ നിര്‍വഹിക്കല്‍, സകാത്ത് നല്‍കല്‍, ഹജ്ജ് നിര്‍വഹിക്കല്‍, നോമ്പ് നോല്‍ക്കല്‍ എന്നിവയാണവ” (ബുഖാരി, മുസ്‌ലിം).

മുഹമ്മദ് നബി ﷺ യുടെ സമൂഹത്തിനു മേല്‍ നിര്‍ബന്ധമാക്കിയ ഒന്നല്ല വ്രതാനുഷ്ഠാനമെന്നും മുന്‍ഗാമിള്‍ക്കും അല്ലാഹു അത് നിര്‍ബന്ധമാക്കിയിരുന്നെന്നും ക്വുര്‍ാനിലൂടെ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മാലുക്കളായിത്തീരുന്നതിനു വേണ്ടിയത്രെ അത്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം നോമ്പുകള്‍ വീട്ടേണ്ടതാണ്. ഞെരുക്കത്തോടെയല്ലാതെ നോമ്പെടുക്കാന്‍ സാധിക്കാത്തവര്‍ ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം താല്‍പര്യമെടുത്ത് കൂടുതല്‍ നന്മ ചെയ്യുന്നുവെങ്കില്‍ അതു ഗുണകരം തന്നെ, നിങ്ങള്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു കാര്യം നന്നായി മനസ്സിലാക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നല്ലത്. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും നേര്‍വഴി കാണിക്കുന്നതായും സത്യാസത്യങ്ങളെ വിവേചിച്ചു കാണിക്കുന്നതുമായ വ്യക്തമായ തെളിവുകളും കൊണ്ട് വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായ മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആരാണോ ആ മാസത്തില്‍ സന്നിഹിതരായത് അവരെല്ലാം വ്രതമെടുക്കേണ്ടതാണ്, വല്ലവരും രോഗിയാവുകയോ യാത്രപോവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം നോമ്പ് (പിന്നീട്) വീട്ടേണ്ടതാണ്. നിങ്ങള്‍ക്ക് എളുപ്പമുണ്ടാവണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്, ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് വഴികാണിച്ചു തന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടിയത്രെ (അങ്ങിനെ കല്‍പിച്ചിരിക്കുന്നത്)” (അല്‍ബക്വറ: 183-185).

അളവറ്റ പ്രതിഫലം

അളവറ്റ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഒരു സവിശേഷ ആരാധനയാണ് റമദാനിലെ നോമ്പ്. പ്രതിഫലം കാംക്ഷിച്ചുകൊണ്ടും ഇസ്‌ലാം പഠിപ്പിച്ച മര്യാദകള്‍ പാലിച്ചുകൊണ്ടും നോമ്പെടുക്കുന്നവര്‍ക്ക് ആ പ്രതിഫലം ലഭിക്കാതിരിക്കില്ല.

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ  പറഞ്ഞു: ”വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ആരെങ്കിലും റമദാനിലെ നോമ്പ് അനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ആരെങ്കിലും ലൈലതുല്‍ ക്വദ്‌റില്‍ രാത്രി നമസ്‌കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാകുന്നു” (ബുഖാരി, മുസ്‌ലിം).

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ  പറഞ്ഞു: ”അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു:’മനുഷ്യന്റെ മുഴുവന്‍ കര്‍മങ്ങളും അവനുള്ളതാകുന്നു. നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാന്‍ അതിന് പ്രതിഫലം നല്‍കുകയും ചെയ്യും. നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നിങ്ങളിലൊരാളും നോമ്പിന്റെ ദിനത്തില്‍ അസഭ്യം പറയുകയോ കലഹിക്കുകയോ ചെയ്യരുത്. ആരെങ്കിലും തന്നോട് ചീത്ത പറയുകയോ കലഹിക്കുകയോ ചെയ്താല്‍ ‘ഞാന്‍ നോമ്പുകാരനാണെ’ന്ന് അവന്‍ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം, നോമ്പെടുക്കുകവഴി നോമ്പുകാരന്റെ വായില്‍നിന്നുന്ന ഗന്ധം അന്ത്യനാളില്‍ അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതായിരിക്കും. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും” (ബുഖാരി, മുസ്‌ലിം).

സഅ്‌ലുബ്‌നു സഅ്ദ്(റ) നിവേദനം. നബി ﷺ  അരുളി: ”റയ്യാന്‍ എന്നു പേരുള്ള ഒരു കവാടം സ്വര്‍ഗത്തിലുണ്ട്. അത് നോമ്പുകാര്‍ക്കുള്ളതാണ്. അന്ത്യനാളില്‍ നോമ്പുകാര്‍ അതിലൂടെ പ്രവേശിക്കുന്നതാണ്. നോമ്പുകാരല്ലാതെ അവരോടൊപ്പം (അതിലൂടെ) ആരും പ്രവേശിക്കുന്നതല്ല. (ആ കവാടത്തിന്റെയടുത്ത് നിന്നും) ഇപ്രകാരം വിളിച്ചുപറയപ്പെടും: ‘എവിടെ നോമ്പുകാര്‍?’ അങ്ങനെ അവര്‍ മാത്രം പ്രവേശിക്കും. അവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ കവാടം അടക്കപ്പെടും. പിന്നീട് ഒരാളെയും അതിലൂടെ കടത്തിവിടുകയില്ല” (ബുഖാരി, മുസ്‌ലിം).

നോമ്പ് നിര്‍ബന്ധമുള്ളവര്‍

പ്രായപൂര്‍ത്തിയായ, ബുദ്ധിയും ആരോഗ്യവുമുള്ള ഓരോ വിശ്വാസിക്കും നോമ്പ് നിര്‍ബന്ധമാണ്. എന്നാല്‍ ആര്‍ത്തവകാരികളും പ്രസവാനന്തരം രക്തസ്രാവമുള്ളവരും നോമ്പെടുക്കേണ്ടതില്ലെന്ന് പ്രമാണങ്ങള്‍ മനസ്സിലാക്കിത്തരുന്നു. അവര്‍ അത്തരം സമയങ്ങളില്‍ നോമ്പ് അനുഷ്ഠിച്ചാല്‍ അത് പരിഗണിക്കപ്പെടുകയില്ല. കാരണം ആര്‍ത്തവ-പ്രസവ രക്ത സ്രാവങ്ങളില്‍ നിന്നു ശുദ്ധിയായിരിക്കുക എന്നത് നോമ്പിന്റെ നിബന്ധനകളില്‍ പെട്ടതാണ്.

ആഇശ(റ) പറഞ്ഞു: ”ഞങ്ങള്‍ക്ക് നബി ﷺ യുടെ കാലത്ത് ആര്‍ത്തവമുണ്ടായാല്‍ നോമ്പ് പിന്നീട് നോറ്റുവീട്ടുവാന്‍ ഞങ്ങളോട് കല്‍പിക്കുമായിരുന്നു. നമസ്‌കാരം വീട്ടാന്‍ കല്‍പിക്കാറുണ്ടായിരുന്നില്ല”(ബുഖാരി).

സാധിക്കാത്തവര്‍ എന്ത് ചെയ്യും?

പ്രായാധിക്യത്താലോ മറ്റോ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ ഓരോ നോമ്പിനും പകരമായി ഓരോ ദരിദ്രര്‍ക്കുള്ള ഭക്ഷണം നല്‍കിയാല്‍ മതിയാകുന്നതാണ്.

”ഞെരുക്കത്തോടെയല്ലാതെ നോമ്പെടുക്കാന്‍ സാധിക്കാത്തവര്‍ പകരമായി ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായച്ഛിത്തമായി നല്‍കേണ്ടതാണ്” (2:184) എന്ന ആയത്തില്‍ നിന്നും അതാണ് വ്യക്തമാകുന്നത്.

അത്വാഅ്(റ) പറയുന്നു: ‘ഞെരുക്കത്തോടെയല്ലാതെ നോമ്പെടുക്കാന്‍ സാധിക്കാത്തവര്‍ ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്’ എന്ന സൂക്തം ഇബ്‌നു അബ്ബാസ്(റ) പാരായണം ചെയ്യുകയും അതിലെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. അതായത്, കിഴവന്മാരും കിഴവികളും നോമ്പ് എടുക്കാന്‍ കഴിയില്ലെന്ന് കണ്ടാല്‍ ഓരോ നോമ്പിനും പകരമായി ഓരോ ദരിദ്രര്‍ക്കുള്ള ഭക്ഷണം നല്‍കിയാല്‍ മതിയാകുന്നതാണ്” (ബുഖാരി).

നിയ്യത്ത് ചൊല്ലിപ്പറയേണ്ടതുണ്ടോ?

ഈ വിഷയത്തില്‍ പലര്‍ക്കുമിടയില്‍ സംശയം നിലനില്‍ക്കുന്നതായി കാണാം. വാസ്തവത്തില്‍ ‘നിയ്യത്ത്’ എന്ന അറബി പദത്തിന്റെ അര്‍ഥം തന്നെ മനസ്സില്‍ കരുതുക എന്നതാണ്. നമസ്‌കാരത്തിനോ നോമ്പിനോ മറ്റോ പ്രത്യേകമായ നിയ്യത്തിന്റെ വചനങ്ങള്‍ പഠിപ്പിക്കപ്പെട്ടതായി  പ്രമാണങ്ങളില്‍ കാണുവാന്‍ സാധ്യമല്ല. ഹജ്ജിനും ഉംറക്കും മാത്രമാണ് നിയ്യത്തിന് പ്രത്യേക പദം പഠിപ്പിക്കപ്പെട്ടിട്ടുള്ളതും അത് നാവുകൊണ്ട് ഉച്ചരിക്കുവാന്‍ പറഞ്ഞിട്ടുള്ളതും. എന്നാല്‍ നിയ്യത്ത് ഏതൊരു കര്‍മത്തിനും ആവശ്യമാണ് താനും.

‘കര്‍മങ്ങള്‍ക്കെല്ലാം പ്രതിഫലം നില്‍കപ്പെടുക ഉദ്ദേശ്യശുദ്ധിക്കനുസരിച്ചു മാത്രമാണ്’ എന്ന് നബി ﷺ  ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

ഹഫ്‌സ(റ) നിവേദനം. നബി ﷺ  പറഞ്ഞു: ”പ്രഭാതോദയത്തിന് മുമ്പായി നിയ്യത്ത് ചെയ്യാത്തവരുടെ നോമ്പ് സാധുവല്ല” (അബൂദാവൂദ്, തിര്‍മിദി).

മറന്നുകൊണ്ട് അന്നപാനീയങ്ങള്‍ ഉപയോഗിച്ചാല്‍?

മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ പിന്നീട് നോമ്പ് നോറ്റു വീട്ടുകയോ പ്രായച്ഛിത്തം നല്‍കുകയോ ചെയ്യേണ്ടതില്ല. മറിച്ച് അയാളുടെ നോമ്പ് പരിപൂര്‍ണമാണ്.

അബൂഹുറയ്‌റ(റ) നിവേദനം: ”ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ, അവനെ ഭക്ഷിപ്പിച്ചതും കുടിപ്പിച്ചതും അല്ലാഹുവാണ്” (ബുഖാരി,മുസ്‌ലിം,ഇബ്‌നുമാജ).

കരുതിക്കൂട്ടി ഛര്‍ദിക്കല്‍

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ  പറഞ്ഞു: ”ഉണ്ടാക്കി ഛര്‍ദിക്കുന്നവന്‍ നോമ്പ് വീണ്ടും എടുക്കട്ടെ. മനഃപൂര്‍വമല്ലാതെ ഛര്‍ദിക്കുന്നവന്‍ നോമ്പ് പിന്നീട് പിടിക്കേണ്ടതില്ല” (അബൂദാവൂദ്).

നോമ്പ് മുറിയുന്ന മറ്റു ചില കാര്യങ്ങള്‍

സ്ത്രീകള്‍ക്ക് മാസമുറയോ പ്രസവാനന്തര രക്തസ്രാവമോ ഉണ്ടാവല്‍ (നോമ്പ് തുറക്കുന്നതിനു തൊട്ടു മുമ്പാണെങ്കിലും) നോമ്പ് മുറിയുന്നതാണ്.

നോമ്പുള്ളവരായിരിക്കെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് വലിയ അപരാധമാണ്. അതുമുഖേന നോമ്പ് നഷ്ടപ്പെടുത്തുന്നവരുടെ വിധി താഴെ പറയുന്ന ഹദീഥില്‍നിന്നും മനസ്സിലാക്കാം:

അബൂഹുറയ്‌റ(റ) നിവേദനം: ”ഞങ്ങള്‍ നബി ﷺ യുടെ അടുത്തായിരിക്കെ ഒരു വ്യക്തി കടന്നുവന്ന് പറഞ്ഞു: ‘പ്രവാചകരേ, ഞാന്‍ നശിച്ചിരിക്കുന്നു.’ അവിടുന്ന് ചോദിച്ചു: ‘എന്തുപറ്റി?’ അയാള്‍ പറഞ്ഞു: ‘ഞാന്‍ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തി.’ അപ്പോള്‍ നബി ﷺ  ചോദിച്ചു: ‘നിനക്ക് ഒരു അടിമയെ മോചിപ്പിക്കുവാന്‍ കഴിയുമോ?’ അയാള്‍ പറഞ്ഞു: ‘ഇല്ല.’ അപ്പോള്‍ നബി ﷺ  ചോദിച്ചു: ‘നിനക്ക് രണ്ടു മാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ കഴിയുമോ?’ ‘കഴിയില്ല’- അയാള്‍ മറുപടി പറഞ്ഞു. നബി ﷺ  വീണ്ടും ചോദിച്ചു: ‘നിനക്ക് അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമോ?’ അയാള്‍ പറഞ്ഞു: ‘ഇല്ല.’ അങ്ങനെ നബി ﷺ യും അനുയായികളും പള്ളിയില്‍ തന്നെയിരിക്കെ ഒരു കുട്ടനിറയെ ഈന്തപ്പഴം നബി ﷺ യുടെ മുന്നില്‍ കൊണ്ടുവരപ്പെട്ടു. നബി ﷺ  ചോദിച്ചു: ‘എവിടെ ആ ചോദ്യകര്‍ത്താവ്?’ അദ്ദേഹം പറഞ്ഞു: ‘ഞാനിതാ.’ നബി ﷺ  പറഞ്ഞു: ‘ഈ കുട്ടയിലുള്ള ഈന്തപ്പഴം എടുത്തു നീ ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.’ അയാള്‍ പറഞ്ഞു: ‘എന്നെക്കാളും ദരിദ്രനോ പ്രവാചകരേ? ഈ രണ്ടു കുന്നുകള്‍ക്കിടയില്‍ എന്നെക്കാള്‍ ദരിദ്രനായി വേറെ ആരുമില്ല.’ അപ്പോള്‍ നബി ﷺ  തന്റെ അണപ്പല്ലുകള്‍ കാണുന്നതുവരെ ചിരിച്ചു. എന്നിട്ടു പറഞ്ഞു: ‘എങ്കില്‍ നീയും നിന്റെ കുടുംബവും ഭക്ഷിച്ചു കൊള്ളുക” (ബുഖാരി, മുസ്‌ലിം).

അത്താഴത്തെ നിസ്സാരമായി കാണരുത്

അനസ്(റ) നിവേദനം. നബി ﷺ  പറഞ്ഞു: ”നിങ്ങള്‍ അത്താഴം കഴിക്കുക, നിശ്ചയമായും അതില്‍ അനുഗ്രഹമുണ്ട്” (ബുഖാരി, മുസ്‌ലിം).

അത്താഴത്തിന് ഭക്ഷണമൊന്നും വേണ്ട എന്ന് ഒരാള്‍ക്ക് തോന്നിയാല്‍ അല്‍പം വെള്ളമെങ്കിലും കുടിച്ച് അത്താഴത്തിന്റെ പുണ്യം നേടാന്‍ ശ്രമിക്കണം.

ഇബ്‌നു ഉമര്‍(റ) നിവേദനം: ”നിങ്ങള്‍ അല്‍പം വെള്ളം കുടിച്ചുകൊണ്ടെങ്കിലും അത്താഴം കഴിക്കുക” (അല്‍ജാമിഅ്, ഇബ്‌നുഹിബ്ബാന്‍).

അത്താഴം പരമാവധി പിന്തിപ്പിക്കുന്നതാണ് സുന്നത്ത്. സൈദ് ബിന്‍ ഥാബിത്(റ) നിവേദനം: ”ഞങ്ങള്‍ നബി ﷺ  യോടൊന്നിച്ച് അത്താഴം കഴിക്കുകയും സുബ്ഹി നമസ്‌കരിക്കുകയും ചെയ്തു. അപ്പോള്‍ അനസ്(റ) ചോദി ച്ചു: ‘അത്താഴത്തിനും ബാങ്കിനുമിടയില്‍ എത്ര സമയം ഉണ്ടായിരുന്നു?’ സൈദ്(റ) പറഞ്ഞു: ‘അമ്പത് ആയത്തുകള്‍ പാരായണം ചെയ്യുവാനുള്ളത്ര സമയം” (ബുഖാരി, മുസ്‌ലിം).

വാക്കും പ്രവൃത്തിയും നന്നാക്കുക

നോമ്പ് ആമാശയത്തിനു മാത്രം ബാധകമായ ഒന്നല്ല. മനസ്സും നാവും മറ്റു അവയവങ്ങളും നോമ്പില്‍ ഭാഗഭാക്കാവണം. അല്ലാത്തപക്ഷം നോമ്പ് വെറും പട്ടിണിയായി മാറും.

നബി ﷺ  പറഞ്ഞു: ”നോമ്പ് ദിവസത്തില്‍ ആരും മ്ലേഛമായി സംസാരിക്കുകയോ ബഹളമുണ്ടാക്കുകയോ കലഹിക്കുകയോ ചെയ്യരുത്. വല്ലവനും കലഹവും ചീത്തയുമായി ആരെയെങ്കിലും നേരിട്ടാല്‍ ഞാന്‍ നോമ്പുകാരനാണെന്നു പറഞ്ഞു ഒഴിഞ്ഞുമാറട്ടെ” (അബൂദാവൂദ്, ഹാകിം).

”വ്യാജ വാക്കുകള്‍ പറയുന്നതും അതനുസരിച്ചു പ്രവര്‍ത്തിക്കുന്നതും വെടിയാത്തവര്‍ അന്ന പാനീയങ്ങള്‍ വെടിഞ്ഞ് പട്ടിണികിടക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല” (ബുഖാരി, അബൂദാവൂദ്).

സമയമായാല്‍ ഉടന്‍ നോമ്പുതുറക്കണം

കൃത്രിമമായ ഭക്തി കാണിച്ചുകൊണ്ട് ചിലര്‍ നോമ്പു തുറക്കാന്‍ സമയമായാലും നോമ്പ് തുറക്കാതിരിക്കുന്നതായി കാണാം. ഇത് പ്രവാചക ചര്യക്ക് വിരുദ്ധമാണ്.

സഹ്ല്‍ബിന്‍ സഅദ്(റ) നിവേദനം. നബി ﷺ  പറഞ്ഞു: ”നോമ്പ് തുറക്കാന്‍ തിടുക്കം കാണിക്കുന്ന കാലമത്രയും ജനങ്ങള്‍ നന്മയില്‍ തന്നെയായിരിക്കും” (ബുഖാരി, മുസ്‌ലിം).

നോമ്പുതുറക്കല്‍

അനസുബ്‌നു മാലിക്(റ) നിവേദനം: ”നബി ﷺ  നമസ്‌കരിക്കുന്നതിന് മുമ്പു തന്നെ ഏതാനും ഈന്തപ്പഴങ്ങള്‍ കൊണ്ട് നോമ്പ് തുറക്കുമായിരുന്നു. അതില്ലെങ്കില്‍ കാരക്ക കൊണ്ടും അതുമില്ലെങ്കില്‍ അല്‍പം വെള്ളം കുടിച്ചുകൊണ്ടുമായിരുന്നു നോമ്പു തുറക്കാറുണ്ടായിരുന്നത്” (സ്വഹീഹുല്‍ ജാമിഅ്, അബൂദാവൂദ്).

നോമ്പ് തുറക്കുന്ന സമയത്തുള്ള പ്രാര്‍ഥന

മര്‍വാന്‍(റ) നിവേദനം: ”നബി ﷺ  നോമ്പു തുറക്കുമ്പോള്‍ ‘ധമനികളിലെല്ലാം വെള്ളമെത്തി. ദാഹം മാറുകയും ചെയ്തു, അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ (ഈ നോമ്പിന്റെ) പ്രതിഫലം സ്ഥിരപ്പെട്ടുകഴിഞ്ഞു’ എന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു” (സ്വഹീഹുല്‍ ജാമിഅ്, അബൂദാവൂദ്).

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കഘിനമായ ചൂടുള്ള അവസരമാണെങ്കില്‍ ശരീരത്തില്‍ വെള്ളം ഒഴിക്കാന്‍ നോമ്പുകാരന് അനുവാദമുണ്ട്. അബ്ദുറഹ്മാനുബ്‌നു അബീബക്കര്‍(റ) ചില സ്വഹാബിമാരില്‍ നിന്നും നിവേദനം: നബി ﷺ  ‘അര്‍ജ്’ എന്ന സ്ഥലത്തുവെച്ച് ദാഹമോ ഉഷ്ണമോ കാരണമായി തന്റെ ശരീരത്തില്‍വെള്ളം കോരി ഒഴിക്കുന്നത് ഞാന്‍ കാണുകയുണ്ടായി” (അബൂദാവൂദ്).

വലിയ അശുദ്ധിയുള്ള അവസ്ഥയില്‍ സ്വുബ്ഹിവരെ കഴിച്ചു കൂട്ടുന്നതില്‍ വിരോധമില്ല.  ഉമ്മുസലമ(റ)യില്‍ നിന്നും ആഇശ(റ)യില്‍ നിന്നും നിവേദനം: ”നബി ﷺ  നോമ്പു കാലങ്ങളില്‍ രാത്രി തന്റെ ഭാര്യമാരുമായി ബന്ധം പുലര്‍ത്തിയ കാരണത്താല്‍ വലിയ അശുദ്ധിയോടു കൂടിത്തന്നെ ഫജ്ര്‍ വരെ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. പിന്നീട് കുളിച്ച് നോമ്പ് എടുക്കുകയും ചെയ്യും” (ബുഖാരി, മുസ്‌ലിം).

സാധിക്കുമെങ്കില്‍ ദിവസം അഞ്ചുനേരവും നമസ്‌കരിക്കാന്‍ വുദൂഅ് ചെയ്യുമ്പോള്‍ പല്ലുതേക്കേണ്ടവരാണ് മുസ്‌ലിംകള്‍. എന്നിട്ടും ചിലര്‍ നോമ്പിന്റെ പകല്‍ പല്ലുതേക്കാറില്ല. നോമ്പുകാരന്റെ വായയുടെ ദുര്‍ഗന്ധം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരി പോലെയാണ് എന്ന ഹദീഥാണത്രെ അവര്‍ക്ക് അതിനുള്ള തെളിവ്. പല്ല് തേച്ചാലും അന്നപാനീയങ്ങള്‍ വര്‍ജിക്കുന്നതിനാല്‍ വായക്ക് സാധാരണയില്ലാത്ത ദുര്‍ഗന്ധമുണ്ടാകും. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള ആരാധന ചെയ്യുന്നതുകൊണ്ടുള്ള ആ ഗന്ധം അല്ലാഹു വെറുക്കുന്നില്ല എന്നതല്ലാതെ, മനഃപൂര്‍വം ദുര്‍ഗന്ധമുണ്ടാക്കാനുള്ള നിര്‍ദേശമൊന്നും ഈ ഹദീഥ് പഠിപ്പിക്കുന്നില്ല.

നേർപഥം
ഉസ്മാന്‍ പാലക്കാഴി

ക്വുര്‍ആന്‍ നല്‍കുന്ന വെളിച്ചം പത്രാധിപർ 2020 മെയ് 02 1441 റമദാന്‍ 09

ക്വുര്‍ആന്‍ നല്‍കുന്ന വെളിച്ചം

‘കോവിഡ്19’ പിടിപെടാതിരിക്കുവാന്‍ ലോകത്തുള്ള സകല മനുഷ്യരും വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റമദാന്‍ കടന്നുവന്നിരിക്കുന്നത്. മിക്കവരും പലവിധ പ്രയാസങ്ങളുടെ തടവറയിലാണ്. എന്നിരുന്നാലും വിശ്വാസികള്‍ക്ക് ആശ്വാസവും ആത്മീയമായ കരുത്ത് പകരുന്നതുമാണ് റമദാന്‍ മാസവും അതിലെ വ്രതാനുഷ്ഠാനവും.

ക്വുര്‍ആനിന്റെ മാസമായ റമദാനില്‍ ജോലിത്തിരക്കുകള്‍ കാരണം ക്വുര്‍ആന്‍ പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടാറില്ല എന്ന് പലരും പറയാറുണ്ട്. ഈ റമദാനില്‍ അങ്ങനെ പറയുന്നവര്‍ ഏറെയൊന്നും ഉണ്ടാകാന്‍ തരമില്ല. മിക്കവരും പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുകയാണല്ലോ; അപ്പോള്‍ സമയമില്ലായ്മ ഉണ്ടാകാന്‍ സാധ്യതയില്ല. അതിനാല്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുവാനും അതിന്റെ ആശയപ്രപഞ്ചത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും ഈ അവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ക്വുര്‍ആന്‍ നല്‍കുന്ന വെളിച്ചത്തെക്കാള്‍ വലിയ വെളിച്ചം വേറൊന്നില്ല.

മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുവാനാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്.

”…മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്, ആകാശങ്ങളിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ടുവരാന്‍ വേണ്ടി). സത്യനിഷേധികള്‍ക്ക് കഠിനമായ ശിക്ഷയാല്‍ മഹാനാശംതന്നെ” (ക്വുര്‍ആന്‍ 14:1,2).

ആറാം നൂറ്റാണ്ടില്‍  ഇരുളിന്റെ ലോകത്ത് ഇരുളടഞ്ഞ മനസ്സുമായി ജീവിച്ചിരുന്ന ഒരു ജനതതിയെ വെളിച്ചത്തിലേക്ക് നയിച്ചതും അവരുടെ മനസ്സുകളെ പ്രകാശമാനമാക്കിയതും ക്വുര്‍ആനായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും കയ്യൊഴിക്കുവാന്‍ അവര്‍ തയ്യാറായത് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചിന്തയെ തട്ടിയുണര്‍ത്തിയതുകൊണ്ടായിരുന്നു.

”തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു)” (ക്വുര്‍ആന്‍ 17:9,10).

”നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീതമായ ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാര്‍ ഉദ്ബുദ്ധരാകേണ്ടതിനും വേണ്ടി” (ക്വുര്‍ആന്‍ 38:29).

ക്വുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ് ഉത്തമന്‍ എന്നാണ് നബി ﷺ  പറഞ്ഞിട്ടുള്ളത്. മനുഷ്യന്റെ ഇഹപരജീവിത വിജയത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗ്രന്ഥം എന്ന നിലയ്ക്ക് അത് പഠിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്. അതിലെ ഓരോ അക്ഷരവും പാരായണം ചെയ്താല്‍ അതിന് പ്രതിഫലം ലഭിക്കും എന്നാണ് നബി ﷺ  പറഞ്ഞത്. ഒരു വിശ്വാസി ക്വുര്‍ആനുമായി അഭേദ്യമായ ബന്ധം ഉണ്ടായിരിക്കേണ്ടവനാണ്.

നേർപഥം

സ്ത്രീപുരുഷന്മാര്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ്? ഇതിന് നോമ്പ് ഒരു ഉപാധി ആണോ? ഇഅ്തികാഫ് ഇരിക്കുന്നവന്‍ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ്? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെനിന്ന് പുറത്ത് പോകേണ്ടതും എപ്പോള്‍?

സ്ത്രീപുരുഷന്മാര്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ്? ഇതിന് നോമ്പ് ഒരു ഉപാധി ആണോ? ഇഅ്തികാഫ് ഇരിക്കുന്നവന്‍ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ്? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെനിന്ന് പുറത്ത് പോകേണ്ടതും എപ്പോള്‍?

ഇഅ്തികാഫ് സ്ത്രീപുരുഷന്മാര്‍ക്ക് ഒരുപോലെ സുന്നത്താണ്. നബി ﷺ റമദാനില്‍ ഇഅ്തികാഫ് ഇരുന്നതായും തന്റെ അവസാന നാളുകളില്‍ റമദാനിലെ ഒടുവിലത്തെ പത്തില്‍ ഇത് പതിവാക്കിയതായും ഹദീഥുകളില്‍ സ്ഥിരപ്പെട്ടതാണ്. നബി ﷺ യുടെ കൂടെ തന്റെ ഭാര്യമാരില്‍ ചിലര്‍ ഇഅ്തികാഫിരുന്നതായും അദ്ദേഹത്തിന്റെ മരണശേഷം അവര്‍ ഇത് തുടര്‍ന്നതായും കാണാം.

നമസ്‌കാരം ജമാഅത്തായി നിര്‍വ്വഹിക്കപ്പെടുന്ന പള്ളികളാണ് ഇഅ്തികാഫിന് തിരഞ്ഞെടുക്കേണ്ടത്. ഇഅ്തികാഫിനിടയില്‍ വെള്ളിയാഴ്ച വരുമെങ്കില്‍ ജുമുഅ നടക്കുന്ന പള്ളികളാണുത്തമം. ഇഅ്തികാഫിന് നിശ്ചിത സമയമില്ലെന്നതാണ് പ്രബലമായ അഭിപ്രായം. നോമ്പ് അഭികാമ്യമാണെങ്കിലും അനിവാര്യമല്ല. ഇഅ്തികാഫിന് ഉദ്ദേശിക്കുമ്പോള്‍ ഭജനസ്ഥലത്ത് പ്രവേശിക്കുകയും ഉദ്ദിഷ്ട സമയം കഴിഞ്ഞാല്‍ പുറത്ത് വരികയുമാണ് നബിചര്യ. ഇഅ്തികാഫ് സുന്നത്തായതിനാല്‍ (നേര്‍ച്ചയാക്കിയതല്ലെങ്കില്‍) ഇടക്കുവെച്ച് നിര്‍ത്താവുന്നതുമാണ്. റമദാനിലെ ഒടുവിലത്തെ പത്തില്‍ നബിചര്യ പിന്തുടര്‍ന്നുകൊണ്ട് ഭജനമിരിക്കുന്നവന്‍ ഇരുപത്തിഒന്നിന് ഫജ്ര്‍ നമസ്‌കാരശേഷം ഭജനസ്ഥലത്ത് പ്രവേശിക്കുകയും മാസം അവസാനിക്കുമ്പോള്‍ പുറത്ത് വരികയുമാണ് വേണ്ടത്. സൗകര്യമുണ്ടെങ്കില്‍ വിശ്രമത്തിന്നായി പ്രത്യേകം സ്ഥലം ഒരുക്കുന്നതാണുത്തമം. ദിക്ര്‍, ക്വുര്‍ആന്‍ പാരായണം, പാപമോചനത്തിനായുള്ള പ്രാര്‍ഥന, മറ്റു പ്രാര്‍ഥനകള്‍, സുന്നത്ത് നമസ്‌കാരങ്ങള്‍ എന്നിവക്കായിരിക്കണം സമയം വിനിയോഗിക്കേണ്ടത്. ഇഅ്തികാഫിരിക്കുന്നവനെ അയാളുടെ സ്‌നേഹിതന്മാര്‍ സന്ദര്‍ശിക്കുന്നതിനോ, അവരുമായി സംസാരിക്കുന്നതിനോ വിരോധമില്ല.

നബി ﷺ യുടെ ചില ഭാര്യമാര്‍ ഭജനസമയത്ത് അദ്ദേഹത്തെ വന്ന് കാണുകയും സംഭാഷണം നടത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ തന്റെയടുത്ത് വന്ന് സഫിയ(റ) തിരിച്ച് പോകുമ്പോള്‍ യാത്രയയക്കാന്‍ നബി ﷺ പള്ളിയുടെ പ്രവേശനകവാടം വരെ അനുഗമിക്കുകയുണ്ടായി. (ഈ സംഭവം നബി ﷺ യുടെ അങ്ങേയറ്റത്തെ വിനയത്തേയും ഭാര്യമാരുമായുള്ള ഉല്‍കൃഷ്ട ബന്ധത്തെയും വ്യക്തമാക്കുകകൂടി ചെയ്യുന്നു).

 

നേർപഥം വാരിക
ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ്

നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന കാര്യങ്ങള്‍ ഏതെല്ലാം?

നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന കാര്യങ്ങള്‍ ഏതെല്ലാം?

ഉത്തരം: താഴെ കൊടുക്കുന്ന കാര്യങ്ങള്‍ മുഖേന നോമ്പ് നിഷ്ഫലമാകും.

1. സംയോഗം ചെയ്യല്‍

2. ഭക്ഷണം കഴിക്കല്‍

3. പാനീയം കുടിക്കല്‍

4. വികാരത്തോടെ ശുക്ലം പുറത്ത് വരല്‍

5. ഭക്ഷണ പാനീയത്തിന് പകരമായുള്ളവ ഉപയോഗിക്കല്‍

6. മനഃപൂര്‍വം ഛര്‍ദിക്കല്‍

7. കൊമ്പ് (ചീത്ത രക്തം ഒഴിവാക്കുവാനുള്ള ഒരു ചികില്‍സ) വെക്കല്‍

8. ആര്‍ത്തവരക്തം, പ്രസവരക്തം എന്നിവ പുറത്ത് വരല്‍.

ഭക്ഷണ പാനീയം, സംയോഗം എന്നിവ നോമ്പുകാരന് നിഷിദ്ധമാണെന്നതിനുള്ള തെളിവ്. അല്ലാഹു പറയുന്നു: ”അതിനാല്‍ ഇനിമേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക'(ക്വുര്‍ആന്‍ 2: 187).

വികാരത്തോടെ ശുക്ലം (മനിയ്യ്) പുറത്ത് വന്നാല്‍ നോമ്പ് അസാധുവാകുമെന്നതിന് തെളിവ്:

ക്വുദ്‌സിയായ ഹദീഥില്‍ ഇങ്ങനെ കാണാവുന്നതാണ്: ”അവന്റെ ഭക്ഷണവും പാനീയവും വികാരവും എനിക്ക് വേണ്ടി അവന്‍ ഉപേക്ഷിക്കുന്നു” (ഇബ്‌നു മാജ).

ഒരു ഹദീഥ് കൂടി കാണുക: നബിﷺ പറയുകയുണ്ടായി: ‘നിങ്ങള്‍ ഭാര്യമാരുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെടുന്നത് ധര്‍മമാണ്.’ അവര്‍ ചോദിക്കുകയുണ്ടായി: ‘ഓ, അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളില്‍ ഒരാള്‍ തന്റെ വികാരം ശമിപ്പിക്കുന്നതിലും പ്രതിഫലം ഉണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അത് നിഷിദ്ധമായ മാര്‍ഗത്തില്‍ ശമിപ്പിക്കുകയാണെങ്കില്‍ അതിന് കുറ്റമുണ്ടോ? നിങ്ങളുടെ അഭിപ്രായമെന്താണ്? അപ്രകാരം തന്നെ അതിനെ അനുവദനീയമായതില്‍ വെക്കുകയാണെങ്കില്‍ അതിന് പ്രതിഫലവുമുണ്ട്’ (മുസ്‌ലിം).

ഇവിടെ അതിനെ വെക്കുകയെന്നത് കൊണ്ടുദ്ദേശിക്കുന്നത് മനിയ്യാണ്. പ്രബലമായ അഭിപ്രായ പ്രകാരം മദ്യ്യ് (വികാരമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ലിംഗത്തില്‍ നിന്നും പുറപ്പെടുന്ന ഒരുതരം ദ്രാവകം) വികാരത്തോടെയോ, ചുംബനം കൊണ്ടോ മറ്റോ സംയോഗം കൂടാതെ പുറപ്പെട്ടാല്‍ നോമ്പ് മുറിയില്ലായെന്ന് പറയുവാന്‍ കാരണം ഇതാണ്.

ഭക്ഷണ പാനീയത്തിന് പകരമായി ഉപയോഗിക്കുന്ന ഇഞ്ചക്ഷന്‍ പോലെയുള്ളത് ഉപയോഗിക്കുകയാണെങ്കില്‍ നോമ്പ് നിഷ്ഫലമാകുന്നതാണ്. അവ ഭക്ഷണ പാനീയമല്ലെങ്കിലും ആ ലക്ഷ്യത്തിന്‌വേണ്ടി ഉപയോഗിക്കുന്നതായത്‌കൊണ്ട് അവ ഉപയോഗിച്ചാല്‍ നോമ്പ് നിഷ്ഫലമാവും.

മനഃപൂര്‍വം ഛര്‍ദിക്കുന്നതിലൂടെ നോമ്പ് അസാധുവാകുമെന്നതിന് തെളിവ്:

അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബിﷺ പറയുകയുണ്ടായി: ”ആരെങ്കിലും ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ ആ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ ആരെങ്കിലും മനഃപൂര്‍വം ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ അത് നോറ്റുവീട്ടട്ടെ. ആരെങ്കിലും മനഃപൂര്‍വമല്ലാതെ ഛര്‍ദിക്കുകയാണെങ്കില്‍ അവന് ക്വള്വാഅ് ഇല്ല” (അബൂദാവൂദ്, തിര്‍മിദി).

കൊമ്പ് വെക്കുന്നതിലൂടെ നോമ്പ് മുറിയുമെന്നതിനുള്ള തെളിവ്:

നബിﷺ പറയുകയുണ്ടായി: ”കൊമ്പ് വെക്കുന്നവനും വെപ്പിക്കുന്നവനും നോമ്പ് തുറന്നിരിക്കുന്നു” (ബുഖാരി തഅ്‌ലീക്വായി ഉദ്ധരിച്ചത്).

ആര്‍ത്തവരക്തമോ പ്രസവരക്തമോ പുറപ്പെടല്‍: ഒരു സ്ത്രീയോട് നബിﷺ പറയുകയുണ്ടായി:

”ആര്‍ത്തവമുണ്ടായാല്‍ അവള്‍ നോമ്പനുഷ്ഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യേണ്ടതില്ല” (ബുഖാ രി). ആര്‍ത്തവ, പ്രസവ രക്തമുള്ളവരുടെ നോമ്പ് ശരിയാവുകയില്ലായെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു.

മൂന്ന് ഉപാധികളോട് കൂടി മാത്രമെ മുകളില്‍ കൊടുത്ത ഏഴ് കാര്യങ്ങള്‍ കൊണ്ട് നോമ്പ് നിഷ്ഫലമാവുകയുള്ളൂ.

അവ താഴെ കൊടുക്കുന്നു:

1. ഇന്ന കാര്യം ചെയ്താല്‍ നോമ്പ് നിഷ്ഫലമായി പോകുമെന്നതിനെക്കുറിച്ച് അറിവുള്ളവനായിരിക്കണം.

2. സ്വബോധത്തോടെയാവണം.

3. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയിട്ടാകരുത്. സ്വന്തം ഇഷ്ടപ്രകാരമാവണം. ഒരാള്‍ നിര്‍ബന്ധിപ്പിച്ച് മറ്റൊരാളെ വെള്ളം കുടിപ്പിച്ചാല്‍ നോമ്പ് മുറിയുകയില്ല.

അറിവില്ലാതെയോ ഉദ്ദേശ്യമില്ലാതേയോ മുമ്പു പ്രസ്താവിച്ച കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ നോമ്പു മുറിയുകയില്ല. നോമ്പ് സാധുവായിത്തീരുന്നതാണ്. അല്ലാഹു പറയുന്നു:

”…ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റു പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ…” (ക്വുര്‍ആന്‍ 2:286).

”…അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തുപോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ് കൊണ്ടുചെയ്തത്’ (കുറ്റകരമാകുന്നു)…” (ക്വുര്‍ആന്‍ 33:5).

പ്രവാചക ചര്യയില്‍ നിന്ന് ഇതിന് തെളിവായി നമുക്ക് കാണാം:

അദിയ്യുബ്‌നുഹാത്വിം(റ)വില്‍ നിന്ന്: ”അദ്ദേഹം നോമ്പനുഷ്ഠിക്കുകയും തലയിണക്കടിയില്‍ രണ്ട് കയര്‍ വെക്കുകയും ചെയ്തു. (ആ രണ്ട് കയറുകള്‍ ഒട്ടകത്തെ കെട്ടിയിടാന്‍ ഉപയോഗിക്കുന്നതായിരുന്നു). അതില്‍ ഒന്ന് കറുപ്പും മറ്റൊന്ന് വെളുപ്പുമായിരുന്നു. അങ്ങനെ കറുപ്പില്‍നിന്ന് വെളുപ്പ് കൃത്യമായി കാണുന്നത് വരെ ഭക്ഷണം കഴിക്കുകയും വെള്ളംകുടിക്കുകയും ചെയ്തു. എന്നിട്ടാണ് നോമ്പെടുത്തത്. നേരം പുലര്‍ന്നപ്പോള്‍ നബിﷺയുടെ അടുത്ത് ചെന്ന് കാര്യം പറയുകയും ചെയ്തു. അപ്പോള്‍ നബിﷺ അദ്ദേഹത്തിന് വിശദീകരിച്ച് കൊടുക്കുകയുണ്ടായി: ‘ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട കറുത്ത നൂലും വെളുത്ത നൂലും കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെയടുത്ത കറുപ്പും വെളുപ്പും നൂലല്ല. മറിച്ച് വെളുത്ത നൂല്‍കൊണ്ട് ഉദ്ദേശിക്കുന്നത് പകലിന്റെ വെളുപ്പും കറുപ്പ് നൂല് കൊണ്ട് ഉദ്ദേശിക്കുന്നത് രാത്രിയുടെ കറുപ്പുമാണ്.’ എന്നാല്‍ അദ്ദേഹത്തോട് നബിﷺ നോമ്പ് കള്വാഅ് വീട്ടാന്‍ കല്‍പിച്ചില്ല” (ബുഖാരി, മുസ്‌ലിം). അദ്ദേഹം വിധിയെ സംബന്ധിച്ച് അജ്ഞനായതിനാല്‍ നോമ്പ് നിഷ്ഫലമായില്ല.

സമയത്തെ സംബന്ധിച്ച് അജ്ഞതയാണെങ്കിലും നോമ്പ് നിഷ്ഫലമാവില്ല. അതിന് തെളിവായി നമുക്ക് കാണാം: അസ്മാഅ് ബിന്‍ത് അബൂബക്കര്‍(റ)വില്‍ നിന്ന്: അവര്‍ പറയുകയുണ്ടായി: ”നബിﷺയുടെ കാലത്ത് മേഘാവൃതമായ സമയത്ത് ഞങ്ങള്‍ നോമ്പ് തുറന്നു. അതിന് ശേഷമാണ് സൂര്യനസ്തമിച്ചത്” (ബുഖാരി). അവരോട് നബിﷺ ആ നോമ്പ് നോറ്റുവീട്ടാന്‍ പറഞ്ഞില്ല. ഇങ്ങനെയുള്ള അവസരത്തില്‍ നോറ്റുവീട്ടല്‍ നിര്‍ബന്ധമായിരുന്നെങ്കില്‍ അവരോട് കല്‍പിക്കുമായിരുന്നു. അവരോട് കല്‍പിച്ചിരുന്നെങ്കില്‍ സമുദായത്തിനായി അവരത് ഉദ്ധരിക്കുകയും ചെയ്യുമായിരുന്നു. കാരണം അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാമാണ് ഈ ഉല്‍ബോധനത്തെ അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാണ്” (ക്വുര്‍ആന്‍ 15:9).

ആവശ്യമുള്ള സാഹചര്യമുണ്ടായിട്ടും അങ്ങനെ ഉദ്ധരിക്കപ്പെടാത്തതിനാല്‍ നബിﷺ അവരോട് അങ്ങനെ കല്‍പിച്ചില്ലായെന്നാണ് മനസ്സിലാക്കേണ്ടത്. നോറ്റുവീട്ടാന്‍ കല്‍പിക്കാത്തത്‌കൊണ്ട് തന്നെ അത് നിര്‍ബന്ധമല്ലായെന്നും മനസ്സിലാക്കാവുന്നതാണ്. അതുപോലെ തന്നെ ഒരാള്‍ ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുകയും ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയും ചെയ്തു. അതിന് ശേഷമാണ് താന്‍ ഭക്ഷണപാനീയം കഴിച്ചത് പ്രഭാതോദയത്തിന് ശേഷമാണെന്ന് മനസ്സിലായത്. എങ്കില്‍ അവന് ആ നോമ്പ് ക്വള്വാഅ് വീട്ടേണ്ടതില്ല. കാരണം അവന്‍ അറിയാതെ ചെയ്തതാണ്.

രണ്ടാമത്തെ നിബന്ധന: സ്വബോധത്തോടെയായിരിക്കണം. മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ, പാനീയം കുടിക്കുകയോ ചെയ്താല്‍ നോമ്പ് ശരിയാകും. അത് നോറ്റ് വീട്ടേണ്ടതില്ല. അല്ലാഹു പറയുന്നു:

”…ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ…”(ക്വുര്‍ആന്‍ 2:286).

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: ”ആരെങ്കിലും മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ. കാരണം അല്ലാഹുവാണ് അവനെ തീറ്റുകയും കുടിപ്പിക്കുകയും ചെയ്തത്” (ബുഖാരി, മുസ്‌ലിം).

മൂന്നാമത്തെ നിബന്ധന: സ്വമേധയാ ചെയ്യുന്നതായിരിക്കണം. ആരെങ്കിലും നിര്‍ബന്ധിപ്പിക്കുകയോ മറ്റോ ചെയ്തിട്ടാവരുത്. സ്വമേധയാ അല്ലാതെയാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ നോമ്പ് നിഷ്ഫലമാവില്ല. അല്ലാഹു പറയുന്നു:

”വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും” (ക്വുര്‍ആന്‍ 16:106).

നിര്‍ബന്ധിപ്പിച്ച് കൊണ്ട് കുഫ്‌റിന്റെ കാര്യം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള വിധി ഇതാണെങ്കില്‍ അതിനേക്കാള്‍ ഗൗരവം കുറഞ്ഞ കാര്യത്തില്‍ നാം സംശയിക്കേണ്ടതില്ലല്ലോ. ഒരു ഹദീഥ് കാണുക:

നബിﷺപറയുന്നു: ”അബദ്ധവും മറവിയും നിര്‍ബന്ധിപ്പിക്കപ്പെട്ടതും എന്റെ സമുദായത്തിന് മാപ്പു നല്‍കപ്പെട്ടിരിക്കുന്നു” (ഇബ്‌നുമാജ, ത്വബ്‌റാനി).

ഇതുപോലെ തന്നെ നോമ്പുകാരന്റെ മൂക്കിലൂടെ പൊടിപടലമോ മറ്റോ പ്രവേശിക്കുകയും അതിന് രുചിയുണ്ടാവുകയും അത് വയറില്‍ പ്രവേശിക്കുകയും ചെയ്താല്‍ അത് കാരണത്താല്‍ അവന്റെ നോമ്പ് നിഷ്ഫലമാവില്ല, കാരണം അവന്റെ ഉദ്ദേശത്തോടെയല്ലല്ലോ അങ്ങനെ സംഭവിക്കുന്നത്. അതുപോലെ തന്നെ ഒരാളെ നിര്‍ബന്ധിപ്പിച്ച് വെള്ളം കുടിപ്പിക്കുകയാണെങ്കില്‍ അത് കൊണ്ടും നോമ്പ് മുറിയുകയില്ല. ഉറക്കത്തില്‍ സ്വപ്‌നസ്ഖലനമുണ്ടായാലും നോമ്പ് നിഷ്ഫലമാവില്ല, കാരണം അവന്റെ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ലല്ലോ അങ്ങനെ സംഭവിക്കുന്നത്. അതുപോലെ ഭര്‍ത്താവ് ഭാര്യയെ നോമ്പ് അസാധുവാകുന്ന കാര്യങ്ങള്‍ക്ക് നിര്‍ബന്ധിപ്പിച്ചാല്‍ ഭാര്യയുടെ നോമ്പിന് ഭംഗം വരുകയില്ല. കാരണം അവള്‍ സ്വമേധയാ ചെയ്തതല്ല, മറിച്ച് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന്റെ മുമ്പില്‍ വിധേയമായതാണ്.

ഒരു പ്രത്യേകം ഇവിടെ ഉണര്‍ത്തുന്നു; റമദാനില്‍ നോമ്പ് നിര്‍ബന്ധമുള്ള ഒരു പുരുഷന്‍ (ഇളവില്ലാത്തവന്‍) പകലില്‍ സംയോഗം ചെയ്താല്‍ അഞ്ച് കാര്യങ്ങള്‍ അതിലൂടെ അവന് വരുന്നതാണ്:

1. അവശേഷിക്കുന്ന സമയം അവന്‍ നോമ്പ് പിടിക്കണം. 2. അവന്റെ നോമ്പ് നിഷ്ഫലമാവും. 3. ക്വള്വാഅ് വീട്ടണം. 4. പ്രായച്ഛിത്തം ചെയ്യണം. 5. അവന്‍ തെറ്റു ചെയ്തു.

ഈ കാര്യത്തില്‍ അറിവുള്ളവന്‍, അറിവില്ലാത്തവന്‍ എന്ന വ്യത്യാസമില്ല. അതായത് നോമ്പ് നിര്‍ബന്ധമായ ഒരു പുരുഷന്‍ റമദാനിന്റെ പകലില്‍ സംയോഗം ചെയ്താല്‍ അവന് പ്രായച്ഛിത്തം നിര്‍ബന്ധമാണെന്ന് അറിയാതെയാണ് ചെയ്തതെങ്കിലും അവന്, മുകളില്‍ നാം വിശദമാക്കിയ വിധികള്‍ ബാധകമാണ്. കാരണം നോമ്പിനെ മുറിക്കുന്ന കാര്യം ബോധപൂര്‍വം ചെയ്തതാണ്. നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന കാര്യം ബോധപൂര്‍വം ചെയ്താല്‍ അതിന്റെ വിധിയും അതിന് ബാധകമാണ്. ഹദീഥില്‍ നമുക്ക് കാണാം:

അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീഥില്‍ ഒരാള്‍ നബിﷺയുടെ അടുത്ത് വന്ന് പറയുന്നു: ‘പ്രവാചകരേ, ഞാന്‍ നശിച്ചു.’ നബിﷺചോദിച്ചു: ‘എന്താണ് നിന്നെ നശിപ്പിച്ചത്?’ അയാള്‍ പറഞ്ഞു: ‘റമദാനിന്റെ പകലില്‍ നോമ്പുകാരനായി ഞാന്‍ ഭാര്യയുമായി ലൈംഗിക വേഴ്ചയിലേര്‍പെട്ടു പോയി’ (ബുഖാരി).

അപ്പോള്‍ നബിﷺ അയാളോട് പ്രായച്ഛിത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. അയാള്‍ക്കറിയില്ലായിരുന്നു ഇങ്ങനെ ചെയ്താല്‍ പ്രായച്ഛിത്തം ചെയ്യണമെന്നത്. ഇവിടെ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമുള്ളവന്‍ എന്ന് പ്രത്യേകം പറയാന്‍ കാരണമുണ്ട്. ഭാര്യയും ഭര്‍ത്താവും യാത്ര ചെയ്ത് തിരിച്ചെത്തിയ ശേഷം അവര്‍ സംസര്‍ഗത്തിലേര്‍പെട്ടാല്‍ അവര്‍ക്ക് പ്രായച്ഛിത്തം നിര്‍ബന്ധമില്ല. കാരണം യാത്രക്കാരായതിനാല്‍ അവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലല്ലോ. അതുപോലെ യാത്രക്കാരന്‍ നോമ്പനുഷ്ഠിച്ചാല്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമില്ല. അവന്‍ ഉദ്ദേശിച്ചാല്‍ പൂര്‍ത്തിയാക്കാം, ഉദ്ദേശിച്ചില്ലെങ്കില്‍ പൂര്‍ത്തീകരിക്കേണ്ടതുമില്ല. പൂര്‍ത്തീകരിച്ചില്ലെങ്കില്‍ (യാത്രക്കാരന് നോമ്പ് നിര്‍ബന്ധമില്ലാത്തത് കൊണ്ട്) അവന്‍ ക്വള്വാഅ് വീട്ടിയാല്‍ മതി.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)