നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന കാര്യങ്ങള്‍ ഏതെല്ലാം?
ഉത്തരം: താഴെ കൊടുക്കുന്ന കാര്യങ്ങള്‍ മുഖേന നോമ്പ് നിഷ്ഫലമാകും.
1. സംയോഗം ചെയ്യല്‍
2. ഭക്ഷണം കഴിക്കല്‍
3. പാനീയം കുടിക്കല്‍
4. വികാരത്തോടെ ശുക്ലം പുറത്ത് വരല്‍
5. ഭക്ഷണ പാനീയത്തിന് പകരമായുള്ളവ ഉപയോഗിക്കല്‍
6. മനഃപൂര്‍വം ഛര്‍ദിക്കല്‍
7. കൊമ്പ് (ചീത്ത രക്തം ഒഴിവാക്കുവാനുള്ള ഒരു ചികില്‍സ) വെക്കല്‍
8. ആര്‍ത്തവരക്തം, പ്രസവരക്തം എന്നിവ പുറത്ത് വരല്‍.
ഭക്ഷണ പാനീയം, സംയോഗം എന്നിവ നോമ്പുകാരന് നിഷിദ്ധമാണെന്നതിനുള്ള തെളിവ്. അല്ലാഹു പറയുന്നു: ”അതിനാല്‍ ഇനിമേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക'(ക്വുര്‍ആന്‍ 2: 187).
വികാരത്തോടെ ശുക്ലം (മനിയ്യ്) പുറത്ത് വന്നാല്‍ നോമ്പ് അസാധുവാകുമെന്നതിന് തെളിവ്:
ക്വുദ്‌സിയായ ഹദീഥില്‍ ഇങ്ങനെ കാണാവുന്നതാണ്: ”അവന്റെ ഭക്ഷണവും പാനീയവും വികാരവും എനിക്ക് വേണ്ടി അവന്‍ ഉപേക്ഷിക്കുന്നു” (ഇബ്‌നു മാജ).
ഒരു ഹദീഥ് കൂടി കാണുക: നബിﷺ പറയുകയുണ്ടായി: ‘നിങ്ങള്‍ ഭാര്യമാരുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെടുന്നത് ധര്‍മമാണ്.’ അവര്‍ ചോദിക്കുകയുണ്ടായി: ‘ഓ, അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളില്‍ ഒരാള്‍ തന്റെ വികാരം ശമിപ്പിക്കുന്നതിലും പ്രതിഫലം ഉണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അത് നിഷിദ്ധമായ മാര്‍ഗത്തില്‍ ശമിപ്പിക്കുകയാണെങ്കില്‍ അതിന് കുറ്റമുണ്ടോ? നിങ്ങളുടെ അഭിപ്രായമെന്താണ്? അപ്രകാരം തന്നെ അതിനെ അനുവദനീയമായതില്‍ വെക്കുകയാണെങ്കില്‍ അതിന് പ്രതിഫലവുമുണ്ട്’ (മുസ്‌ലിം).
ഇവിടെ അതിനെ വെക്കുകയെന്നത് കൊണ്ടുദ്ദേശിക്കുന്നത് മനിയ്യാണ്. പ്രബലമായ അഭിപ്രായ പ്രകാരം മദ്യ്യ് (വികാരമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ലിംഗത്തില്‍ നിന്നും പുറപ്പെടുന്ന ഒരുതരം ദ്രാവകം) വികാരത്തോടെയോ, ചുംബനം കൊണ്ടോ മറ്റോ സംയോഗം കൂടാതെ പുറപ്പെട്ടാല്‍ നോമ്പ് മുറിയില്ലായെന്ന് പറയുവാന്‍ കാരണം ഇതാണ്.
ഭക്ഷണ പാനീയത്തിന് പകരമായി ഉപയോഗിക്കുന്ന ഇഞ്ചക്ഷന്‍ പോലെയുള്ളത് ഉപയോഗിക്കുകയാണെങ്കില്‍ നോമ്പ് നിഷ്ഫലമാകുന്നതാണ്. അവ ഭക്ഷണ പാനീയമല്ലെങ്കിലും ആ ലക്ഷ്യത്തിന്‌വേണ്ടി ഉപയോഗിക്കുന്നതായത്‌കൊണ്ട് അവ ഉപയോഗിച്ചാല്‍ നോമ്പ് നിഷ്ഫലമാവും.
മനഃപൂര്‍വം ഛര്‍ദിക്കുന്നതിലൂടെ നോമ്പ് അസാധുവാകുമെന്നതിന് തെളിവ്:
അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബിﷺ പറയുകയുണ്ടായി: ”ആരെങ്കിലും ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ ആ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ ആരെങ്കിലും മനഃപൂര്‍വം ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ അത് നോറ്റുവീട്ടട്ടെ. ആരെങ്കിലും മനഃപൂര്‍വമല്ലാതെ ഛര്‍ദിക്കുകയാണെങ്കില്‍ അവന് ക്വള്വാഅ് ഇല്ല” (അബൂദാവൂദ്, തിര്‍മിദി).
കൊമ്പ് വെക്കുന്നതിലൂടെ നോമ്പ് മുറിയുമെന്നതിനുള്ള തെളിവ്:
നബിﷺ പറയുകയുണ്ടായി: ”കൊമ്പ് വെക്കുന്നവനും വെപ്പിക്കുന്നവനും നോമ്പ് തുറന്നിരിക്കുന്നു” (ബുഖാരി തഅ്‌ലീക്വായി ഉദ്ധരിച്ചത്).
ആര്‍ത്തവരക്തമോ പ്രസവരക്തമോ പുറപ്പെടല്‍: ഒരു സ്ത്രീയോട് നബിﷺ പറയുകയുണ്ടായി:
”ആര്‍ത്തവമുണ്ടായാല്‍ അവള്‍ നോമ്പനുഷ്ഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യേണ്ടതില്ല” (ബുഖാ രി). ആര്‍ത്തവ, പ്രസവ രക്തമുള്ളവരുടെ നോമ്പ് ശരിയാവുകയില്ലായെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു.
മൂന്ന് ഉപാധികളോട് കൂടി മാത്രമെ മുകളില്‍ കൊടുത്ത ഏഴ് കാര്യങ്ങള്‍ കൊണ്ട് നോമ്പ് നിഷ്ഫലമാവുകയുള്ളൂ.
അവ താഴെ കൊടുക്കുന്നു:
1. ഇന്ന കാര്യം ചെയ്താല്‍ നോമ്പ് നിഷ്ഫലമായി പോകുമെന്നതിനെക്കുറിച്ച് അറിവുള്ളവനായിരിക്കണം.
2. സ്വബോധത്തോടെയാവണം.
3. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയിട്ടാകരുത്. സ്വന്തം ഇഷ്ടപ്രകാരമാവണം. ഒരാള്‍ നിര്‍ബന്ധിപ്പിച്ച് മറ്റൊരാളെ വെള്ളം കുടിപ്പിച്ചാല്‍ നോമ്പ് മുറിയുകയില്ല.
അറിവില്ലാതെയോ ഉദ്ദേശ്യമില്ലാതേയോ മുമ്പു പ്രസ്താവിച്ച കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ നോമ്പു മുറിയുകയില്ല. നോമ്പ് സാധുവായിത്തീരുന്നതാണ്. അല്ലാഹു പറയുന്നു:
”…ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റു പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ…” (ക്വുര്‍ആന്‍ 2:286).
”…അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തുപോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ് കൊണ്ടുചെയ്തത്’ (കുറ്റകരമാകുന്നു)…” (ക്വുര്‍ആന്‍ 33:5).
പ്രവാചക ചര്യയില്‍ നിന്ന് ഇതിന് തെളിവായി നമുക്ക് കാണാം:
അദിയ്യുബ്‌നുഹാത്വിം(റ)വില്‍ നിന്ന്: ”അദ്ദേഹം നോമ്പനുഷ്ഠിക്കുകയും തലയിണക്കടിയില്‍ രണ്ട് കയര്‍ വെക്കുകയും ചെയ്തു. (ആ രണ്ട് കയറുകള്‍ ഒട്ടകത്തെ കെട്ടിയിടാന്‍ ഉപയോഗിക്കുന്നതായിരുന്നു). അതില്‍ ഒന്ന് കറുപ്പും മറ്റൊന്ന് വെളുപ്പുമായിരുന്നു. അങ്ങനെ കറുപ്പില്‍നിന്ന് വെളുപ്പ് കൃത്യമായി കാണുന്നത് വരെ ഭക്ഷണം കഴിക്കുകയും വെള്ളംകുടിക്കുകയും ചെയ്തു. എന്നിട്ടാണ് നോമ്പെടുത്തത്. നേരം പുലര്‍ന്നപ്പോള്‍ നബിﷺയുടെ അടുത്ത് ചെന്ന് കാര്യം പറയുകയും ചെയ്തു. അപ്പോള്‍ നബിﷺ അദ്ദേഹത്തിന് വിശദീകരിച്ച് കൊടുക്കുകയുണ്ടായി: ‘ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട കറുത്ത നൂലും വെളുത്ത നൂലും കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെയടുത്ത കറുപ്പും വെളുപ്പും നൂലല്ല. മറിച്ച് വെളുത്ത നൂല്‍കൊണ്ട് ഉദ്ദേശിക്കുന്നത് പകലിന്റെ വെളുപ്പും കറുപ്പ് നൂല് കൊണ്ട് ഉദ്ദേശിക്കുന്നത് രാത്രിയുടെ കറുപ്പുമാണ്.’ എന്നാല്‍ അദ്ദേഹത്തോട് നബിﷺ നോമ്പ് കള്വാഅ് വീട്ടാന്‍ കല്‍പിച്ചില്ല” (ബുഖാരി, മുസ്‌ലിം). അദ്ദേഹം വിധിയെ സംബന്ധിച്ച് അജ്ഞനായതിനാല്‍ നോമ്പ് നിഷ്ഫലമായില്ല.
സമയത്തെ സംബന്ധിച്ച് അജ്ഞതയാണെങ്കിലും നോമ്പ് നിഷ്ഫലമാവില്ല. അതിന് തെളിവായി നമുക്ക് കാണാം: അസ്മാഅ് ബിന്‍ത് അബൂബക്കര്‍(റ)വില്‍ നിന്ന്: അവര്‍ പറയുകയുണ്ടായി: ”നബിﷺയുടെ കാലത്ത് മേഘാവൃതമായ സമയത്ത് ഞങ്ങള്‍ നോമ്പ് തുറന്നു. അതിന് ശേഷമാണ് സൂര്യനസ്തമിച്ചത്” (ബുഖാരി). അവരോട് നബിﷺ ആ നോമ്പ് നോറ്റുവീട്ടാന്‍ പറഞ്ഞില്ല. ഇങ്ങനെയുള്ള അവസരത്തില്‍ നോറ്റുവീട്ടല്‍ നിര്‍ബന്ധമായിരുന്നെങ്കില്‍ അവരോട് കല്‍പിക്കുമായിരുന്നു. അവരോട് കല്‍പിച്ചിരുന്നെങ്കില്‍ സമുദായത്തിനായി അവരത് ഉദ്ധരിക്കുകയും ചെയ്യുമായിരുന്നു. കാരണം അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാമാണ് ഈ ഉല്‍ബോധനത്തെ അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാണ്” (ക്വുര്‍ആന്‍ 15:9).
ആവശ്യമുള്ള സാഹചര്യമുണ്ടായിട്ടും അങ്ങനെ ഉദ്ധരിക്കപ്പെടാത്തതിനാല്‍ നബിﷺ അവരോട് അങ്ങനെ കല്‍പിച്ചില്ലായെന്നാണ് മനസ്സിലാക്കേണ്ടത്. നോറ്റുവീട്ടാന്‍ കല്‍പിക്കാത്തത്‌കൊണ്ട് തന്നെ അത് നിര്‍ബന്ധമല്ലായെന്നും മനസ്സിലാക്കാവുന്നതാണ്. അതുപോലെ തന്നെ ഒരാള്‍ ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുകയും ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയും ചെയ്തു. അതിന് ശേഷമാണ് താന്‍ ഭക്ഷണപാനീയം കഴിച്ചത് പ്രഭാതോദയത്തിന് ശേഷമാണെന്ന് മനസ്സിലായത്. എങ്കില്‍ അവന് ആ നോമ്പ് ക്വള്വാഅ് വീട്ടേണ്ടതില്ല. കാരണം അവന്‍ അറിയാതെ ചെയ്തതാണ്.
രണ്ടാമത്തെ നിബന്ധന: സ്വബോധത്തോടെയായിരിക്കണം. മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ, പാനീയം കുടിക്കുകയോ ചെയ്താല്‍ നോമ്പ് ശരിയാകും. അത് നോറ്റ് വീട്ടേണ്ടതില്ല. അല്ലാഹു പറയുന്നു:
”…ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ…”(ക്വുര്‍ആന്‍ 2:286).
അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: ”ആരെങ്കിലും മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ. കാരണം അല്ലാഹുവാണ് അവനെ തീറ്റുകയും കുടിപ്പിക്കുകയും ചെയ്തത്” (ബുഖാരി, മുസ്‌ലിം).
മൂന്നാമത്തെ നിബന്ധന: സ്വമേധയാ ചെയ്യുന്നതായിരിക്കണം. ആരെങ്കിലും നിര്‍ബന്ധിപ്പിക്കുകയോ മറ്റോ ചെയ്തിട്ടാവരുത്. സ്വമേധയാ അല്ലാതെയാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ നോമ്പ് നിഷ്ഫലമാവില്ല. അല്ലാഹു പറയുന്നു:
”വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും” (ക്വുര്‍ആന്‍ 16:106).
നിര്‍ബന്ധിപ്പിച്ച് കൊണ്ട് കുഫ്‌റിന്റെ കാര്യം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള വിധി ഇതാണെങ്കില്‍ അതിനേക്കാള്‍ ഗൗരവം കുറഞ്ഞ കാര്യത്തില്‍ നാം സംശയിക്കേണ്ടതില്ലല്ലോ. ഒരു ഹദീഥ് കാണുക:
നബിﷺപറയുന്നു: ”അബദ്ധവും മറവിയും നിര്‍ബന്ധിപ്പിക്കപ്പെട്ടതും എന്റെ സമുദായത്തിന് മാപ്പു നല്‍കപ്പെട്ടിരിക്കുന്നു” (ഇബ്‌നുമാജ, ത്വബ്‌റാനി).
ഇതുപോലെ തന്നെ നോമ്പുകാരന്റെ മൂക്കിലൂടെ പൊടിപടലമോ മറ്റോ പ്രവേശിക്കുകയും അതിന് രുചിയുണ്ടാവുകയും അത് വയറില്‍ പ്രവേശിക്കുകയും ചെയ്താല്‍ അത് കാരണത്താല്‍ അവന്റെ നോമ്പ് നിഷ്ഫലമാവില്ല, കാരണം അവന്റെ ഉദ്ദേശത്തോടെയല്ലല്ലോ അങ്ങനെ സംഭവിക്കുന്നത്. അതുപോലെ തന്നെ ഒരാളെ നിര്‍ബന്ധിപ്പിച്ച് വെള്ളം കുടിപ്പിക്കുകയാണെങ്കില്‍ അത് കൊണ്ടും നോമ്പ് മുറിയുകയില്ല. ഉറക്കത്തില്‍ സ്വപ്‌നസ്ഖലനമുണ്ടായാലും നോമ്പ് നിഷ്ഫലമാവില്ല, കാരണം അവന്റെ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ലല്ലോ അങ്ങനെ സംഭവിക്കുന്നത്. അതുപോലെ ഭര്‍ത്താവ് ഭാര്യയെ നോമ്പ് അസാധുവാകുന്ന കാര്യങ്ങള്‍ക്ക് നിര്‍ബന്ധിപ്പിച്ചാല്‍ ഭാര്യയുടെ നോമ്പിന് ഭംഗം വരുകയില്ല. കാരണം അവള്‍ സ്വമേധയാ ചെയ്തതല്ല, മറിച്ച് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന്റെ മുമ്പില്‍ വിധേയമായതാണ്.
ഒരു പ്രത്യേകം ഇവിടെ ഉണര്‍ത്തുന്നു; റമദാനില്‍ നോമ്പ് നിര്‍ബന്ധമുള്ള ഒരു പുരുഷന്‍ (ഇളവില്ലാത്തവന്‍) പകലില്‍ സംയോഗം ചെയ്താല്‍ അഞ്ച് കാര്യങ്ങള്‍ അതിലൂടെ അവന് വരുന്നതാണ്:
1. അവശേഷിക്കുന്ന സമയം അവന്‍ നോമ്പ് പിടിക്കണം. 2. അവന്റെ നോമ്പ് നിഷ്ഫലമാവും. 3. ക്വള്വാഅ് വീട്ടണം. 4. പ്രായച്ഛിത്തം ചെയ്യണം. 5. അവന്‍ തെറ്റു ചെയ്തു.
ഈ കാര്യത്തില്‍ അറിവുള്ളവന്‍, അറിവില്ലാത്തവന്‍ എന്ന വ്യത്യാസമില്ല. അതായത് നോമ്പ് നിര്‍ബന്ധമായ ഒരു പുരുഷന്‍ റമദാനിന്റെ പകലില്‍ സംയോഗം ചെയ്താല്‍ അവന് പ്രായച്ഛിത്തം നിര്‍ബന്ധമാണെന്ന് അറിയാതെയാണ് ചെയ്തതെങ്കിലും അവന്, മുകളില്‍ നാം വിശദമാക്കിയ വിധികള്‍ ബാധകമാണ്. കാരണം നോമ്പിനെ മുറിക്കുന്ന കാര്യം ബോധപൂര്‍വം ചെയ്തതാണ്. നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന കാര്യം ബോധപൂര്‍വം ചെയ്താല്‍ അതിന്റെ വിധിയും അതിന് ബാധകമാണ്. ഹദീഥില്‍ നമുക്ക് കാണാം:
അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീഥില്‍ ഒരാള്‍ നബിﷺയുടെ അടുത്ത് വന്ന് പറയുന്നു: ‘പ്രവാചകരേ, ഞാന്‍ നശിച്ചു.’ നബിﷺചോദിച്ചു: ‘എന്താണ് നിന്നെ നശിപ്പിച്ചത്?’ അയാള്‍ പറഞ്ഞു: ‘റമദാനിന്റെ പകലില്‍ നോമ്പുകാരനായി ഞാന്‍ ഭാര്യയുമായി ലൈംഗിക വേഴ്ചയിലേര്‍പെട്ടു പോയി’ (ബുഖാരി).
അപ്പോള്‍ നബിﷺ അയാളോട് പ്രായച്ഛിത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. അയാള്‍ക്കറിയില്ലായിരുന്നു ഇങ്ങനെ ചെയ്താല്‍ പ്രായച്ഛിത്തം ചെയ്യണമെന്നത്. ഇവിടെ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമുള്ളവന്‍ എന്ന് പ്രത്യേകം പറയാന്‍ കാരണമുണ്ട്. ഭാര്യയും ഭര്‍ത്താവും യാത്ര ചെയ്ത് തിരിച്ചെത്തിയ ശേഷം അവര്‍ സംസര്‍ഗത്തിലേര്‍പെട്ടാല്‍ അവര്‍ക്ക് പ്രായച്ഛിത്തം നിര്‍ബന്ധമില്ല. കാരണം യാത്രക്കാരായതിനാല്‍ അവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലല്ലോ. അതുപോലെ യാത്രക്കാരന്‍ നോമ്പനുഷ്ഠിച്ചാല്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമില്ല. അവന്‍ ഉദ്ദേശിച്ചാല്‍ പൂര്‍ത്തിയാക്കാം, ഉദ്ദേശിച്ചില്ലെങ്കില്‍ പൂര്‍ത്തീകരിക്കേണ്ടതുമില്ല. പൂര്‍ത്തീകരിച്ചില്ലെങ്കില്‍ (യാത്രക്കാരന് നോമ്പ് നിര്‍ബന്ധമില്ലാത്തത് കൊണ്ട്) അവന്‍ ക്വള്വാഅ് വീട്ടിയാല്‍ മതി.
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)