വ്രതവൃത്തത്തിന്റെ സാമൂഹ്യ വ്യാപ്തി
മുസ്‌ലിം ലോകം റമദാന്‍ വ്രതത്തിലേക്കു കാലെടുത്തുവച്ചു കഴിഞ്ഞു. പതിനൊന്നു മാസത്തെ പ്രയാണ ദിശയില്‍ നിന്ന് അല്‍പമൊന്നു മാറിയുള്ള സഞ്ചാരം. പ്രഭാത പ്രകാശം പിറക്കുന്നതിന് മുമ്പ് അന്നപാനീയങ്ങള്‍ വെടിയണം. സന്ധ്യ ഇരുട്ടുന്നതുവരെ ഇത് തുടരണം. ഭാര്യാഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധം ഒഴിവാക്കണം. ശരീരത്തെക്കാള്‍ വ്രതം വേണ്ടത് മനസ്സിനും അതിന്റെ പണിയായുധമായ നാവിനും. ആമാശയത്തില്‍ ഒന്നും എത്തുന്നില്ലെന്നു ഉറപ്പുവരുത്തിയാല്‍ മാത്രം നോമ്പാവുന്നില്ല

ചിന്തയും സംസാരവും കര്‍മവും സംസ്‌കാരവും വ്രതവിശുദ്ധികൊണ്ട് സംസ്‌കരിക്കപ്പെടണം. ആമാശയ കശേരുക്കള്‍ മാത്രം പട്ടിണികിടന്നു വ്രതമെടുത്താല്‍ മതിയാവില്ല. ജനസമ്പര്‍ക്ക രംഗങ്ങളിലെല്ലാം നോമ്പിന്റെ സ്വാധീനം പ്രകടമാവണം. അതുകൊണ്ടു തന്നെ വ്രതത്തിന്റെ ഭൗതികവും ആത്മീയവുമായ തലം വളരെ വിശാലവും പരസ്പര പൂരകവുമാണ്.
സഹജീവികളോടുള്ള സനേഹസ്പര്‍ശം വ്രതമനോഹാരിതയ്ക്കു മാറ്റുകൂട്ടുന്നു. ഉദാരതയാണ് മനുഷ്യത്വത്തിന്റെ കണ്ഠാഭരണം. വിഭവ സമൃദ്ധിയില്‍ അഭിരമിച്ചിരുന്ന ധന ശേഷിയുള്ളവര്‍ വിശപ്പിന്റെ കാഠിന്യമറിയുമ്പോള്‍ വിശന്നുപൊരിയുന്ന വയറുകളെ തിരിച്ചറിയുന്നു. താന്‍ പട്ടിണികിടക്കുന്നതിന്റെ അന്തസ്സത്ത സാക്ഷാത്കരിക്കപ്പെടാന്‍ നിത്യദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന ബോധ്യം അവന്റെ സാമൂഹ്യ ഗുണകാംക്ഷയെ പരിപോഷിപ്പിക്കുന്നു.
അതുകൊണ്ടു തന്നെ പരസഹായത്തിന്റെ ആത്മഹര്‍ഷം അനുഭവിച്ചറിയാത്ത ധനികന്‍ ഏതാനും മണിക്കൂറുകള്‍ പട്ടിണികിടന്നു സന്ധ്യ മയങ്ങിയാല്‍ തന്റെ തീന്മേശയില്‍ നിരത്തിവച്ച വിഭവ വൈവിധ്യങ്ങള്‍കൊണ്ട് ഉദരസേവ ചെയ്യുന്നതല്ല നോമ്പ്. തന്റെ പരിസരങ്ങളില്‍ അവശതയനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആഹാരം നല്‍കിയാല്‍ ആ പാവങ്ങളുടെ മനപ്പൊരുത്തം മാത്രം മതിയാവും അയാള്‍ക്ക്മുമ്പില്‍ സ്വര്‍ഗ കവാടം തുറക്കപ്പെടാന്‍!
ഒരുവിശ്വാസിയുടെ കരുത്ത് പ്രാഥനയാണ്. വ്രതനാളുകള്‍ ദൈവകാരുണ്യത്തിന്റെ വര്‍ഷ മേഘങ്ങള്‍ പെയ്തിറങ്ങുന്ന മാസമാണ്. ഒരു സൂക്ഷ്മ ജീവിയുടെ തടവറയിലാണിന്നു ലോകം. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സമൃദ്ധിയില്‍ അഹങ്കരിച്ചിരുന്നവര്‍ ആ സൂക്ഷ്മ ജീവിക്കുമുമ്പില്‍ ശീര്‍ഷാസനം ചെയ്യുകയാണ്. ആ രോഗവ്യാപനത്തെ തടയാന്‍ ഭൗതിക സന്നാഹങ്ങള്‍ മാത്രം മതിയാവില്ല. സ്രഷ്ടാവായ അല്ലാഹുവിന്റെ തീരുമാനത്തിന്നാണ് ആ ജീവി കാത്തിരിക്കുന്നത്. പടച്ചവനോട് സമാശ്വാസം ചോദിച്ചു വാങ്ങേണ്ടത് വിശ്വാസികളാണ്. വ്രതമനുഷ്ഠിച്ചു മനം ഉരുകിയൊലിക്കട്ടെ. കരങ്ങള്‍ വിഹായസ്സിലേക്കുയരട്ടെ. മഹാമാരി വഴിമാറിപ്പോകാന്‍ പ്രാര്‍ഥന ഒഴിവാക്കിക്കൊണ്ടുള്ള പോംവഴികള്‍ വേരുപിടിക്കില്ല.