തനിക്കും തന്റെ കീഴിലുള്ളവര്‍ക്കും ഉപജീവനം കണ്ടെത്താനായി ഒരാള്‍ റമദാനിലെ നോമ്പൊഴിവാക്കിയാല്‍ അവന്റെ വിധിയെന്താണ്?

തനിക്കും തന്റെ കീഴിലുള്ളവര്‍ക്കും ഉപജീവനം കണ്ടെത്താനായി ഒരാള്‍ റമദാനിലെ നോമ്പൊഴിവാക്കിയാല്‍ അവന്റെ വിധിയെന്താണ്?

ഉത്തരം: രോഗിക്ക് നോമ്പൊഴിവാക്കാന്‍ അനുവാദമുള്ളത് പോലെത്തന്നെയാണ് ഇത്തരക്കാരുടെ കാര്യവും എന്നാണ് ഇവ്വിഷയകമായി ചില പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്, നോമ്പനുഷ്ഠിക്കുവാന്‍ ഒരു രോഗിക്ക് തീരെ സാധ്യമല്ലെങ്കില്‍ അയാള്‍ക്ക് നോമ്പൊഴിവാക്കാം. രോഗം ശിഫയായതിന് ശേഷം നോറ്റുവീട്ടണം; അവന്‍ ജീവിച്ചിരുന്നാല്‍. മരിക്കുകയാണെങ്കില്‍ അവന് പകരം മറ്റൊരാള്‍ അത് വീട്ടണം. അവന്റെ രക്ഷാധികാരിക്ക് അത് നോറ്റുവീട്ടാന്‍ സാധ്യമല്ലെങ്കില്‍ ഓരോ ദിവസത്തിനും പകരമായി ഒരു അഗതിയെ ഭക്ഷിപ്പിക്കേണ്ടതാണ്.

എന്നാല്‍ ഇവരെ രോഗിയോട് തുലനപ്പെടുത്താത്ത പണ്ഡിതന്‍മാരുടെ അഭിപ്രായം താഴെ കൊടുക്കുന്നത് പ്രകാരമാകുന്നു: അതായത് എല്ലാ ആരാധനകളും സമയബന്ധിതമാണ്, ആരെങ്കിലും മതിയായ കാരണമില്ലാതെ ആരാധനാകര്‍മങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സമയത്തില്‍ നിന്നും പിന്തിപ്പിക്കുകയാണെങ്കില്‍ അവനില്‍ നിന്നത് സ്വീകരിപ്പെടുകയില്ല. സല്‍കര്‍മങ്ങളും ഐഛിക കര്‍മങ്ങളും വര്‍ധിപ്പിക്കുകയും അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുകയാണ് പിന്നീട് അവന്‍ ചെയ്യേണ്ടത്. അതിനുള്ള തെളിവ്:

നബിﷺ പറയുന്നു: ”നമ്മുടെ കല്‍പനയില്ലാത്ത വല്ല പ്രവര്‍ത്തനവും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ്”(ബുഖാരി, മുസ്‌ലിം).

ആരാധനകള്‍ അത് നിര്‍വഹിക്കേണ്ട സമയത്തിന് മുമ്പ് ആരെങ്കിലും ചെയ്താല്‍ അത് സ്വീകാര്യമല്ലാത്തത് പോലെത്തന്നെ സമയത്തിന് ശേഷം ചെയ്താലും സ്വീകരിക്കപ്പെടുകയില്ല. എന്നാല്‍ അജ്ഞത, മറവി പോലെയുള്ള കാരണങ്ങളുണ്ടായാല്‍ സ്വീകരിക്കപ്പെടും.

നബിﷺ മറവിയുടെ കാര്യത്തില്‍ പറയുകയുണ്ടായി: ”ആരെങ്കിലും നമസ്‌കാര സമയത്ത് ഉറങ്ങിപ്പോവുകയോ, അല്ലെങ്കില്‍ മറവി സംഭവിക്കുകയോ ചെയ്താല്‍ അവര്‍ ഓര്‍മ വരുമ്പോള്‍ നമസ്‌കരിക്കട്ടെ, അതല്ലാതെ മറ്റു പ്രായച്ഛിത്തമില്ല” (മുസ്‌ലിം).

തനിക്കും തന്റെ മക്കള്‍ക്കുമുള്ള ഉപജീവനത്തിനായി റമദാനിലെ നോമ്പ് ഒഴിവാക്കിയ ആള്‍ വിചാരിക്കുന്നത് മുകളില്‍ നാം വിശദമാക്കി; രോഗിയോട് സാമ്യപ്പെടുത്തുന്ന രൂപത്തിലാണ് വിചാരിക്കുന്നത്. അല്ലാഹുവിനാണ് കൂടുതല്‍ അറിയുക.

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

Leave a Comment