റമദാന്‍ നോമ്പനുഷ്ഠിച്ച ഒരാള്‍ മറ്റൊരു നാട്ടിലേക്ക് യാത്ര പോയി. ആ സമയം തന്റെ നാട്ടില്‍ (താന്‍ യാത്ര പുറപ്പെട്ട) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുകയും പെരുന്നാള്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ യാത്ര ചെയ്‌തെത്തിയ നാട്ടിലാകട്ടെ ശവ്വാല്‍ പിറവി ദര്‍ശിച്ചിട്ടുമില്ല, ഈ അവസരത്തില്‍ എന്താണ് ചെയ്യേണ്ടത്?
ഉത്തരം: ഒരാള്‍ ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് യാത്ര പോയാല്‍ അയാള്‍ ഏതൊരു നാട്ടിലാണോ എത്തിപ്പെട്ടത് അവരുടെ വിധിയാണ് ഇസ്‌ലാമികാനുഷ്ഠാനങ്ങളില്‍ അയാള്‍ അവലംബിക്കേണ്ടത്. അതായത് അവര്‍ (എത്തപ്പെട്ട നാട്ടിലെ ജനങ്ങള്‍) എപ്പോഴാണോ പെരുന്നാള്‍ ആഘോഷിക്കുന്നത് അപ്പോഴാണ് അയാള്‍ പെരുന്നാള്‍ ആഘോഷിക്കേണ്ടത്. കാരണം ജനങ്ങള്‍ നോമ്പനുഷ്ഠിക്കുമ്പോഴാണ് നോമ്പനുഷ്ഠിക്കേണ്ടത് എന്ന് നബിﷺ പറഞ്ഞിരിക്കുന്നു. ഫിത്വ്ര്‍ പെരുന്നാളും ബലിപെരുന്നാളും ആഘോഷിക്കേണ്ടതും അവരോടൊപ്പമാണ്. അത് ഒന്നോ രണ്ടോ ദിവസം വര്‍ധിച്ചാലും ശരി അങ്ങനെയാണ് ചെയ്യേണ്ടത്. അതുപോലെ തന്നെ യാത്ര ചെയ്‌തെത്തുന്ന രാജ്യത്ത് ഒന്നോ രണ്ടോ മണിക്കൂര്‍ വൈകിയാണ് സൂര്യാസ്തമയമുണ്ടാകുന്നതെങ്കിലും അവിടെയുള്ള സമയം നോക്കിയാണ് നോമ്പ് തുറക്കേണ്ടത്. ചില സ്ഥലങ്ങളില്‍ രണ്ടോ, മൂന്നോ അതിലധികമോ മണിക്കൂര്‍ വൈകിയായിരിക്കും സൂര്യാസ്തമയം ഉണ്ടാവുക. ആ സന്ദര്‍ഭത്തില്‍ അവിടെ എപ്പോഴാണോ സൂര്യാസ്തമയം ഉണ്ടാവുന്നത് അപ്പോഴാണ് നോമ്പ് തുറക്കേണ്ടത്,
(ഉദാ: റമദാനില്‍ ഇന്ത്യയില്‍ നിന്ന് രാവിലെ 6 മണിക്ക് സുഊദി അറേബ്യയിലേക്ക് യാത്ര പുറപ്പെട്ട ഒരാള്‍ സുഊദി സമയമനുസരിച്ച് ഇന്ത്യന്‍ സമയത്തെക്കാള്‍ രണ്ടരമണിക്കൂര്‍ വൈകിയാണ് നോമ്പു തുറക്കേണ്ടത്. ഇന്ത്യയില്‍ നോമ്പു തുറക്കുമ്പോള്‍ അയാള്‍ നോമ്പ് അവസാനിപ്പിക്കാന്‍ പാടില്ല എന്ന് സാരം).
കാരണം നബിﷺ പറഞ്ഞത് ‘അതിനെ കണ്ടാല്‍’ അതായത് ചന്ദ്രനെ കണ്ടാല്‍ നോമ്പ് തുറക്കുകയെന്നാണ്. അതുപോലെ നേരെ തിരിച്ചും സംഭവിക്കാവുന്നതാണ്. അതായത് ഒരാള്‍ യാത്ര ചെയ്‌തെത്തിയ നാട്ടില്‍ ഒന്നോ രണ്ടോ ദിവസം മുമ്പ് ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുകയാണെങ്കില്‍ അവന്‍ അവരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കണം. അവന് നഷ്ടപ്പെട്ട ഒന്നോ രണ്ടോ ദിവസത്തെ നോമ്പ് ശവ്വാല്‍ ഒന്നിന് ശേഷം നോറ്റു വീട്ടുകയും ചെയ്യണം. കാരണം റമദാന്‍ ഇരുപത്തൊന്‍പതോ, മുപ്പതോ ആയിരിക്കും. ഒരു ദിവസം നഷ്ടപ്പെട്ടാല്‍ അവന്‍ ഒന്ന് നോറ്റുവീട്ടുക, രണ്ട് ദിവസമാണ് നഷ്ടപ്പെട്ടതെങ്കില്‍ രണ്ടെണ്ണം നോറ്റുവീട്ടുക. കാരണം റമദാന്‍ അടക്കമുള്ള എല്ലാ ലൂണാര്‍ മാസങ്ങളും ഇരുപത്തൊന്‍പതില്‍ കുറയുകയില്ല. റമദാനില്‍ യാത്ര ചെയ്‌തെത്തിയ നാട്ടില്‍ അയാള്‍ക്ക് ഇരുപത്തൊന്‍പത് കിട്ടുന്നതിന് മുമ്പ് ശവ്വാല്‍ മാസപ്പിറവി കാണുകയാണെങ്കില്‍ അയാള്‍ അവരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുക, ശേഷം നഷ്ടപ്പെട്ടത് വീട്ടുകയും ചെയ്യുക. എന്നാല്‍ ഒരു ദിവസം അധികം നോമ്പനുഷ്ഠിക്കേണ്ടി വന്നാല്‍ അങ്ങനെ ചെയ്യണം. കാരണം മാസപ്പിറവി കണ്ടാലാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്. ഒരു ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ വര്‍ധിക്കുന്നത് പോലെ ഒരു ദിവസം വര്‍ധിച്ചുവെന്ന് കണക്കാക്കിയാല്‍ മതിയാകുന്നതാണ്.
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)