നോമ്പൊഴിവാക്കാന്‍ അനുവാദമുള്ള കാരണങ്ങള്‍ ഏതെല്ലാമാണ്?
ഉത്തരം: ക്വുര്‍ആനില്‍ വന്നത് പ്രകാരം രോഗം, യാത്ര എന്നിവയാണ് അനുവദനീയമായ കാരണങ്ങള്‍. അതുപോലെ ഗര്‍ഭിണി തനിക്കോ തന്റെ ഉദരത്തിലുള്ള കുഞ്ഞിനോ അപകടം പറ്റുമെന്ന് ഭയപ്പെട്ടാല്‍ അവള്‍ക്ക് നോമ്പൊഴിവാക്കാം. അതുപോലെ മുലയൂട്ടുന്ന സ്ത്രീ തനിക്കോ, തന്റെ കുഞ്ഞിനോ നോമ്പനുഷ്ഠിക്കുന്നതിലൂടെ അപകടം ഭയപ്പെടുകയാണെങ്കില്‍ അവള്‍ക്കും ഒഴിവാക്കാം. നാശത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്തുവാനായി ഒരാള്‍ക്ക് നോമ്പൊഴിവാക്കാവുന്നതാണ്. ഉദാഹരണമായി കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന ഒരാളെ രക്ഷപ്പെടുത്തുക, അഗ്നി പടര്‍ന്ന് പിടിച്ചിരിക്കുന്ന സ്ഥലത്ത് കുടുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്തുക. അതുപോലെ ഇസ്‌ലാം പഠിപ്പിക്കുന്ന ജിഹാദ് ചെയ്യാനായി ഒരാള്‍ക്ക് നോമ്പൊഴിവാക്കാവുന്നതാണ്. ഇത് ഇസ്‌ലാം അനുവദിച്ചതാണ്. കാരണം നബിﷺ ഫത്ഹ് യുദ്ധവേളയില്‍ അനുചരന്‍മാരോടായി പറയുകയുണ്ടായി:
”നാളെ നിങ്ങള്‍ ശത്രുക്കളെ അഭിമുഖീകരിക്കും, അതുകൊണ്ട് നോമ്പൊഴിവാക്കലാണ് നിങ്ങള്‍ക്ക് ആരോഗ്യവും ശക്തിയും ഉണ്ടാവാന്‍ നല്ലത്. അത്‌കൊണ്ട് നിങ്ങള്‍ നോമ്പൊഴിവാക്കുക” (മുസ്‌ലിം).
അനുവദനീയമായ കാരണത്താല്‍ ഒരാള്‍ നോമ്പൊഴിവാക്കി, ആ കാരണം അവസാനിച്ചാല്‍ അവശേഷിക്കുന്ന സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. ഉദാ: ഒരാള്‍ വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ രക്ഷപ്പെടുത്താനായി നോമ്പൊഴിവാക്കിയാല്‍ രക്ഷപ്പെടുത്തിയതിന് ശേഷം അവശേഷിക്കുന്ന സമയം അവന്‍ നോമ്പനുഷ്ഠിക്കേണ്ടതില്ല. ഇതാണ് ഈ വിഷയത്തില്‍ അവലംബയോഗ്യമായ അഭിപ്രായം. പകലില്‍ ഒരാള്‍ക്ക് രോഗശമനമുണ്ടായിയെങ്കില്‍ അവശേഷിക്കുന്ന സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. അതു പോലെ യാത്രക്കാരന്‍ പകലില്‍ തന്റെ ദേശത്തെത്തിയെങ്കില്‍ ബാക്കിയുള്ള സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. അതുപോലെ ആര്‍ത്തവകാരി പകലില്‍ (മഗ്‌രിബിന് മുമ്പ്) ശുദ്ധി കൈവരിച്ചാലും അവള്‍ അവശേഷിക്കുന്ന സമയം നോമ്പെടുക്കേണ്ടതില്ല. കാരണം ഇവരെല്ലാം തന്നെ നോമ്പൊഴിവാക്കിയത് ഇസ്‌ലാം അനുവദിക്കുന്ന കാരണങ്ങളാലാണ്. അത്‌കൊണ്ട് തന്നെ അവരെ സംബന്ധിച്ചിടത്തോളം അവശേഷിക്കുന്ന സമയം നോമ്പെടുക്കലും ബാധ്യതയില്ല.
എന്നാല്‍ റമദാന്‍ മാസപ്പിറവിയുണ്ടായത് പകലിലാണ് മനസ്സിലായതെങ്കില്‍ അവശേഷിക്കുന്ന സമയം നോമ്പെടുക്കേണ്ടതുണ്ട്. ഇവ രണ്ടിനുമിടയിലുള്ള വ്യത്യാസം കൃത്യവും പ്രകടവുമാണ്. നോമ്പാണോ, അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്ന് കഴിഞ്ഞാല്‍ ആ ദിവസം നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ വ്യക്തത വന്നെത്തുന്നതിന് മുമ്പ് അവര്‍ അജ്ഞതയെന്ന കാരണത്താല്‍ ഒഴിവ്കഴിവുള്ളവരാണ്.
ഇത്‌കൊണ്ട് തന്നെ ഇന്ന ദിവസം റമദാനില്‍ പെട്ടതാണ് എന്ന് മനസ്സിലാക്കിയവര്‍ക്ക് അവശേഷിക്കുന്ന സമയം നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നാം ആദ്യം വിശദീകരിച്ചവര്‍ നോമ്പ് നിര്‍ബന്ധമാണെന്ന് മനസ്സിലാക്കിയവരാണ്. അവര്‍ ഇസ്‌ലാം അനുവദിക്കുന്ന കാരണങ്ങളാല്‍ നോമ്പൊഴിവാക്കിയവരാണ്. ഇതിനിടയിലെ വ്യത്യാസം വ്യക്തമാണ്.
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)