വധശ്രമവും മുഅ്ത യുദ്ധവും (മുഹമ്മദ് നബി ﷺ : 55)

വധശ്രമവും മുഅ്ത യുദ്ധവും (മുഹമ്മദ് നബി ﷺ : 55)

ഖയ്ബര്‍ യുദ്ധം കഴിഞ്ഞ് നബി ﷺ യും അനുചരന്മാരും മടങ്ങി. മടങ്ങുന്ന സമയത്ത് യഹൂദി ഗോത്രത്തിലെ നേതാവിന്റെ ഭാര്യ സൈനബ് ഒരു സദ്യ തയ്യാറാക്കി അതിലേക്ക് നബി ﷺ യെ ക്ഷണിച്ചു. മാംസത്തില്‍ വിഷം പുരട്ടി നബിയെ വധിക്കലായിരുന്നു അവളുടെ ലക്ഷ്യം. അവള്‍ നബി ﷺ യുടെ അടുത്തേക്ക് ആളെ അയച്ചു; നബി ﷺ ക്ക് മാംസത്തില്‍ ഏത് ഭാഗമാണ് കൂടുതല്‍ പ്രിയങ്കരം എന്ന് അറിയാന്‍ വേണ്ടി. അതില്‍ കൂടുതല്‍ വിഷം പുരട്ടാനായിരുന്നു അവള്‍ അത് ചോദിച്ചറിഞ്ഞത്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘ഖയ്ബര്‍ ജയിച്ചടക്കപ്പെട്ടപ്പോള്‍ നബി ﷺ ക്ക് വിഷം ചേര്‍ത്ത ഒരു ആട് (പാചകം ചെയ്തത്) ഹദ്‌യയായി നല്‍കപ്പെടുകയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘യഹൂദികളില്‍നിന്ന് ഇവിടെയുള്ളവര്‍ എന്റെ അടുക്കല്‍ ഒരുമിക്കുവിന്‍.’ അങ്ങനെ അവര്‍ അവിടുത്തേക്ക് വേണ്ടി ഒരുമിച്ചുകൂടപ്പെട്ടു. എന്നിട്ട് അവിടുന്ന് ചോദിച്ചു: ‘ഞാന്‍ നിങ്ങളോട് ഒരു കാര്യത്തെക്കുറിച്ച് ചോദിക്കുകയാണ്. അതിനെപ്പറ്റി നിങ്ങള്‍ എന്നെ സത്യപ്പെടുത്തുമോ?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അതെ.’ നബി ﷺ അവരോട് ചോദിച്ചു: ‘നിങ്ങളുടെ പിതാവ് ആരാണ്?’ അവര്‍ പറഞ്ഞു: ‘ഇന്നയാള്‍.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നിങ്ങള്‍ കളവ് പറഞ്ഞിരിക്കുന്നു. നിങ്ങളുടെ പിതാവ് ഇന്നയാളാണ്.’ അവര്‍ പറഞ്ഞു: ‘താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു.’ അവിടുന്ന് ചോദിച്ചു: ‘ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ നിങ്ങളോട് ചോദിച്ചാല്‍ അതിനെപ്പറ്റി നിങ്ങള്‍ എന്നെ സത്യപ്പെടുത്തുമോ?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അതെ, അബുല്‍ക്വാസിം. ഞങ്ങള്‍ കളവ് പറഞ്ഞാല്‍ ഞങ്ങളുടെ പിതാവിന്റെ കാര്യത്തില്‍ നീ അത് മനസ്സിലാക്കിയത് പോലെ നീ ഞങ്ങളുടെ കളവ് മനസ്സിലാക്കുമല്ലോ.’ അപ്പോള്‍ അവിടുന്ന് അവരോട് ചോദിച്ചു: ‘ആരാകുന്നു നരകക്കാര്‍?’ അവര്‍ പറഞ്ഞു: ‘അതില്‍ ഞങ്ങള്‍ കുറച്ചു കാലം മാത്രമായിരിക്കും. പിന്നീട് അതില്‍ ഞങ്ങള്‍ക്കു പകരക്കാരായി നിങ്ങളെയാക്കും.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ അതില്‍ നിന്ദ്യരാകട്ടെ. അല്ലാഹുവാണെ, ഞങ്ങളതില്‍ നിങ്ങള്‍ക്കു പകരാക്കാരാവില്ല.’ പിന്നീട് അവിടുന്ന് ചോദിച്ചു: ‘ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ നിങ്ങളോട് ഞാന്‍ ചോദിച്ചാല്‍ അതിനെത്തൊട്ട് നിങ്ങള്‍ എന്നെ സത്യപ്പെടുത്തുമോ?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അതെ, അബുല്‍ക്വാസിം.’ അവിടുന്ന് ചോദിച്ചു: ‘നിങ്ങള്‍ ഈ ആടില്‍ വിഷം ചേര്‍ത്തിട്ടുണ്ടോ?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അതെ.’ അവിടുന്ന് ചോദിച്ചു: ‘നിങ്ങളെ അതിന് പ്രേരിപ്പിച്ചത് എന്താകുന്നു?’ അവര്‍ പറഞ്ഞു: ‘താങ്കള്‍ കളവ് പറയുന്നവനാണെങ്കില്‍ ഞങ്ങള്‍ക്ക് ആശ്വസിക്കാമല്ലോ. (അതല്ല) താങ്കള്‍ പ്രവാചകനാണെങ്കില്‍ താങ്കള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടാവുകയുമില്ല’ (ബുഖാരി).

നബി ﷺ യുടെ കൂടെ ആ സന്ദര്‍ഭത്തില്‍ ഉണ്ടായിരുന്ന സ്വഹാബിയായിരുന്നു ബിഷ്‌ർ (റ). അദ്ദേഹം അത് ഭക്ഷിച്ച് മരണപ്പെടുകയുണ്ടായി.

നബി ﷺ ക്ക് വിഷം നല്‍കിയ സ്ത്രീ നബി ﷺ ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗത്ത് കൂടുതല്‍ വിഷം ചേര്‍ത്തു. മറ്റുള്ള ഭാഗങ്ങളിലും വിഷം പുരട്ടിയിരുന്നു. വിഷം പുരട്ടി പാചകം ചെയ്തിട്ടുള്ള ആടിനെ നബി ﷺ യുടെ മുന്നില്‍ അവള്‍ വെച്ചു. നബി ﷺ അതില്‍നിന്നും ഒരു കഷ്ണം എടുത്തു. അവിടുന്ന് കഴിച്ചു തുടങ്ങിയിരുന്നില്ല. കൂടെ ഉണ്ടായിരുന്ന ബിഷ്‌ർ (റ) കഴിക്കുകയും ചെയ്തു. നബി ﷺ അത് വായിലേക്ക് വെച്ച സമയത്ത് പറഞ്ഞു: ‘ഇത് വിഷം ചേര്‍ത്തതാണെന്ന് ഈ എല്ല് എന്നോട് പറഞ്ഞിരിക്കുന്നു.’ നബി ﷺ ഇറച്ചിക്കഷ്ണം വായിലേക്ക് വെച്ച് അല്‍പം ഉമിനീര്‍ ഇറക്കിയിരുന്നു. എന്നാല്‍ ബിഷ്‌ർ (റ) നന്നായി അത് ഇറക്കുകയും ചെയ്തു. അതിനാല്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഈ വിഷം നല്‍കിയ സ്ത്രീയെ അവിടേക്ക് വിളിച്ചു വരുത്തി. അവളോട് ഈ ചെയ്തിയെപ്പറ്റി ചോദിച്ചു: ‘എന്തിനാണ് ഇപ്രകാരം ചെയ്തത്.’ അവള്‍ പറഞ്ഞു: ‘താങ്കള്‍ കളവ് പറയുന്നവനാണെങ്കില്‍ താങ്കളില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമല്ലോ. അതല്ല, താങ്കള്‍ പറയുന്നത് പോലെ ഒരു നബിയാണ് താങ്കള്‍ എങ്കില്‍ താങ്കള്‍ക്ക് വിവരം ലഭിക്കപ്പെടുകയും ചെയ്യുമല്ലോ.’

അങ്ങനെ ഈ വധശ്രമത്തില്‍നിന്നും നബി ﷺ യെ അല്ലാഹു രക്ഷപ്പെടുത്തി. നബി ﷺ മരണത്തില്‍നിന്നും രക്ഷപ്പെട്ടെങ്കിലും അതിനാല്‍ ചില വിഷമങ്ങള്‍ അവിടുത്തേക്ക് ബാധിച്ചിട്ടുണ്ട് എന്നാണ് ചരിത്രം നമുക്ക് പഠിപ്പിച്ചുതരുന്നത്.

മഹാനായ പ്രവാചകന്‍ ﷺ ഈ ലോകത്തോട് വിടപറയുന്നത് പ്രിയ പത്‌നി ആഇശ(റ)യുടെ മടിത്തട്ടില്‍ തല ചായ്‌ച്ചു കിടന്നുകൊണ്ടായിരുന്നു. ആഇശ(റ) പറയുന്നു:

‘‘നബി ﷺ മരണപ്പെട്ടതായ രോഗത്തില്‍ അവിടുന്ന് പറയുമായിരുന്നു: ‘ആഇശാ, ഖയ്ബറില്‍ ഞാന്‍ കഴിച്ച ഭക്ഷണത്തിന്റെ വേദന ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ വിഷത്തിനാല്‍ എന്റെ ജീവനാഡി മുറിഞ്ഞുപോകുമെന്ന് എനിക്ക് തോന്നുന്നു”(ബുഖാരി).

നബി ﷺ അന്ന് കഴിച്ച ആ വിഷത്തിന്റെ അടയാളമായി അവിടു ത്തെ അണ്ണാക്കില്‍ ഒരു കറുത്ത അടയാളം കാണാമായിരുന്നു എന്ന് സ്വഹാബിമാര്‍ പറയുന്നത് റിപ്പോര്‍ട്ട് ചെയ്തതായും കാണാം. നമ്മുടെ നാട്ടില്‍ ചില ‘ഔലിയാക്കള്‍’ അദൃശ്യകാര്യങ്ങളുടെ ഹോള്‍സെയില്‍ വ്യാപാരികളാണ്. എന്നാല്‍ തന്റെ മുന്നിലിരിക്കുന്ന ഭക്ഷണത്തില്‍ വിഷമുണ്ടെന്ന കാര്യം അല്ലാഹു അറിയിച്ച നിമിഷത്തിലല്ലാതെ നബി ﷺ ക്ക് അറിയാന്‍ കഴിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കില്‍ അത് വായില്‍ വെക്കുമായിരുന്നില്ല. തന്റെ ഒരു അനുചരനെ വിഷം അകത്തുചെന്നുള്ള മരണത്തില്‍നിന്ന് തടുക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു.

ഖയ്ബര്‍ യുദ്ധത്തില്‍ ധാരാളം യഹൂദികളെ ബന്ധികളാക്കിയത് നാം മനസ്സിലാക്കി. ആ ബന്ധികളുടെ കൂട്ടത്തില്‍പെട്ട ആളായിരുന്നു സ്വഫിയ്യ(റ). സ്വഫിയ്യ ബിന്‍ത് ഹുയയ്യ് എന്നായിരുന്നു അവരുടെ മുഴുവന്‍ പേര്. ബന്ധിയാക്കപ്പെട്ട സ്വഫിയ്യ(റ) ഇസ്‌ലാം സ്വീകരിച്ചു. നബി ﷺ അവരെ മോചനമൂല്യം നല്‍കി മോചിപ്പിക്കുകയും ചെയ്തു. മോചനമൂല്യം മഹ്റ് കൂടി ആയിരുന്നു. അങ്ങനെ അവരെ നബി ﷺ വിവാഹം ചെയ്യുകയും ചെയ്തു.

ഖയ്ബര്‍ മുസ്‌ലിംകള്‍ കീഴടക്കി എന്ന വാര്‍ത്ത ഖയ്ബറിന്റെ പരിസര പ്രദേശങ്ങളില്‍ എത്തി. ഖയ്ബറിന്റെ അടുത്ത പ്രദേശങ്ങളായ ഫദക്, തയ്‌മാഅ്, വാദിഅല്‍ക്വുറാ എന്നീ ജൂതപ്രദേശങ്ങളും നബി ﷺ ക്ക് കീഴടങ്ങി.

ഹുദയ്ബിയ സന്ധി കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പേ തന്നെ ഇസ്‌ലാമിലേക്ക് പല ഭാഗങ്ങളില്‍ നിന്നായി ധാരാളം പേര്‍ വരാന്‍ തുടങ്ങി. നബി ﷺ യുടെ കാലത്തുതന്നെ ഈ വലിയ വളര്‍ച്ചക്ക് ഹുദയ്ബിയ സന്ധി വലിയ പങ്കാണ് വഹിച്ചിട്ടുള്ളത് എന്ന് നമുക്ക് ഇതിലൂടെയെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. ഈ യുദ്ധത്തിൽ നിന്ന് നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.

അബൂഹുറയ്‌റ(റ) പറഞ്ഞു: ‘‘ഞങ്ങള്‍ ഖയ്ബറില്‍ പങ്കെടുത്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ കൂടെ ഉണ്ടായിരുന്നവരില്‍പെട്ട, ഇസ്‌ലാം സ്വീകരിച്ചതായി വാദിച്ചിരുന്ന ഒരാളോട് പറഞ്ഞു: ‘ഇവന്‍ നരകക്കാരില്‍ പെട്ടവനാണ്.’ അങ്ങനെ യുദ്ധം നടക്കവെ അയാള്‍ ധാരാളം മുറിവുകള്‍ ഏല്‍ക്കുന്നതുവരെ ശക്തമായി പോരാടി. (അന്നേരം ഇയാളെപ്പറ്റി നബി ﷺ നരകക്കാരനാണെന്ന് പറഞ്ഞതില്‍) ചിലര്‍ക്കെല്ലാം സംശയം ഉണ്ടാകാറായി. കഠിനമായ വേദനയനുഭവപ്പെട്ടപ്പോള്‍ അയാള്‍ തന്റെ അമ്പുറയില്‍നിന്നും അമ്പെടുക്കുകയും എന്നിട്ട് അയാള്‍ തന്റെ ശരീരം അതു മുഖേന അറുത്തുകളയുകയും ചെയ്തു. (ആത്മഹത്യ ചെയ്തു). അപ്പോള്‍ മുസ്‌ലിംകള്‍ (നബി ﷺ യുടെ അടുത്തേക്ക്) ഓടി. എന്നിട്ട് അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ സംസാരത്തെ അല്ലാഹു സത്യപ്പെടുത്തിയിരിക്കുന്നു. അയാള്‍ സ്വയം അറുത്ത് മരണം വരിച്ചിരിക്കുന്നു.’ അപ്പോള്‍ അവിടുന്ന് (ഒരാളോട്) പറഞ്ഞു: ‘‘ഏയ്, എഴുന്നേല്‍ക്കൂ. എന്നിട്ട് വിളിച്ചു പറയൂ: തീര്‍ച്ചയായും വിശ്വാസിയല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹു മതത്തിന് അധര്‍മകാരിയായ ആളെക്കൊണ്ട് ശക്തി നല്‍കുകയും ചെയ്യുന്നതാണ്” (സീറതുന്നബവിയ്യ, ഇബ്‌നുകഥീര്‍).

അല്ലാഹുവിനെ അറിയുകയും അവന്റെ ദീന്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന നാം എപ്പോഴും അല്ലാഹുവിനോട് ദീനില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം. ശരിയായ രൂപത്തില്‍ ജീവിക്കുന്ന ഒരാള്‍ അവസാനംവരെ അപ്രകാരം ആയിക്കൊള്ളണം എന്നില്ല. അതിന് ഒരു ഉദാഹരണമാണ് ഈ സംഭവം.

മുഅ്ത യുദ്ധം

അറേബ്യന്‍ ഉപദ്വീപിനെ ഇസ്‌ലാമിന്റെ ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോമന്‍ സൈന്യവുമായി സഖ്യത്തിലുള്ളവരുമായി ശാമിലെ മുഅ്ത എന്ന സ്ഥലത്ത് വെച്ച് നടന്ന പോരാട്ടമാണ് മുഅ്ത യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്.

മൂവായിരത്തോളം വരുന്ന ഭടന്മാരെയാണ് നബി ﷺ അതിനായി തയ്യാറാക്കിയത്. ഈ യുദ്ധത്തില്‍ നബി ﷺ പങ്കെടുത്തിട്ടില്ല. ഹിജ്‌റ എട്ടാം വര്‍ഷം ജമാദുല്‍ അവ്വലില്‍ ആയിരുന്നു ഈ പുറപ്പാട്. സേനാനായകനായി നബി ﷺ സയ്ദ് ഇബ്‌നു ഹാരിഥി(റ)നെ ആയിരുന്നു തിരഞ്ഞടുത്തിരുന്നത്.

മറ്റു യുദ്ധങ്ങളില്‍നിന്നും വിഭിന്നമായ ചില കാര്യങ്ങള്‍ മുഅ്ത യുദ്ധത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. അതായത്, യുദ്ധനായകനായി ഒരാളെയല്ല നബി ﷺ ഏല്‍പിച്ചത്. ഇന്നയാള്‍ക്ക് ശേഷം ഇന്നയാള്‍, അയാള്‍ക്ക് ശേഷം ഇന്നയാള്‍ എന്ന രൂപത്തില്‍ ചില ആളുകളെ സേനാനായകത്വം ഏല്‍പിച്ചു. ഇത് ഈ യുദ്ധത്തിന്റെ മാത്രം പ്രത്യേകതയാണ്. പ്രഥമമായ സ്ഥാനം സയ്ദി(റ)നെ നബി ﷺ ഏല്‍പിച്ചു.

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘മുഅ്ത യുദ്ധത്തില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ സയ്ദ് ഇബ്‌നു ഹാരിഥി(റ)നെ അമീറായി നിശ്ചയിച്ചു. എന്നിട്ട് അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: സയ്ദ് കൊല്ലപ്പെടുകയാണെങ്കില്‍ ജഅ്ഫറും ജഅ്ഫര്‍ കൊല്ലപ്പെടുകയാണെങ്കില്‍ അബ്ദുല്ലാഹ് ഇബ്‌നു റവാഹയും (ആണ് അമീര്‍)” (ബുഖാരി).’’

ഈ യുദ്ധത്തിലൂടെ മുസ്‌ലിംകള്‍ക്ക് ചില അപകടങ്ങള്‍ വരാനിരിക്കുന്നു എന്ന് അറിയിക്കുന്ന നടപടിയായിരുന്നു ഇത്. അല്ലാഹുവില്‍നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നബി ﷺ ഈ തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

സൈന്യം മുഅ്തയില്‍ എത്തി. മുസ്‌ലിം സേനക്ക് പ്രതീക്ഷിക്കാത്തത്ര വലിയ സംഘത്തെയാണ് മറുഭാഗത്ത് കാണേണ്ടിവന്നത്. ഒരു ലക്ഷത്തോളം വരുന്ന സൈന്യമായിരുന്നു അവര്‍. ശത്രുസേനയെ കണ്ടപാടെ മുസ്‌ലിംകളുടെ മനസ്സില്‍ അങ്കലാപ്പും വെപ്രാളവുമായി. ഇനി എന്തു ചെയ്യണം? ആശങ്കയിലായി അവര്‍. അവര്‍ കൂടിയാലോചന നടത്തി. മദീനയില്‍നിന്നും കൂടുതല്‍പേരെ അയക്കുന്നതിന് വേണ്ടി നബി ﷺ ക്ക് ഒരു കത്ത് എഴുതിയാലോ, അതല്ല, നമ്മള്‍ ഉള്ളവര്‍തന്നെ അവരുമായി പോരാടണമോ എന്നെല്ലാം അവര്‍ ചിന്തിച്ചു.

ഈ സമയത്ത് മുസ്‌ലിംകള്‍ക്ക് ആവേശവും ധൈര്യവും സമ്മാനിക്കുന്ന വിധത്തില്‍ അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ) എഴുന്നേറ്റു നിന്ന് സംസാരിച്ചു:

‘‘അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ) ജനങ്ങള്‍ക്ക് ധൈര്യം നല്‍കി (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഓ, സമൂഹമേ, അല്ലാഹുവാണെ സത്യം! നിങ്ങള്‍ (മരണത്തെ) അനിഷ്ടകരമായി കാണുന്നു. നിങ്ങള്‍ രക്തസാക്ഷിത്വം തേടിയാണ് പുറപ്പെട്ടിരിക്കുന്നത്. നാം ജനങ്ങളോട് എണ്ണം കൊണ്ടോ ശക്തികൊണ്ടോ ധാരാളം (ആയുധോപകരണങ്ങള്‍) കൊണ്ടോ അല്ല പോരാടുന്നത്. നാം അവരോട് പോരാടുന്നത് അല്ലാഹു നമ്മെ ആദരിച്ചിട്ടുള്ള ഈ ദീന്‍കൊണ്ടാണ്. അതിനാല്‍ നിങ്ങള്‍ പോകുവിന്‍. നിശ്ചയമായും രണ്ടാല്‍ ഒരു നന്മ ഉണ്ടായിരിക്കും. ഒന്നുകില്‍ വിജയം, ഒന്നുകില്‍ രക്തസാക്ഷിത്വം” (സീറതു ഇബ്‌നു ഹിശാം).

അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)യുടെ ഈ സംസാരം സ്വഹാബിമാര്‍ക്ക് ആവേശവും ധൈര്യവും പകര്‍ന്നു. എല്ലാവരും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. പോരാട്ടത്തിന് സജ്ജരായി. യുദ്ധം ആരംഭിച്ചു. ശക്തമായ പോരാട്ടം നടന്നു. നബി ﷺ നേരത്തെ അറിയിച്ചത് പ്രകാരം തന്നെ ഓരോരുത്തരായി രക്തസാക്ഷികളായി. പ്രഥമ നായകനായ സയ്ദ്(റ) ശക്തമായി ശത്രുക്കളോട് പോരാടി. വലിയ പരിക്കുകള്‍ പറ്റി. മുന്നണിപ്പോരാളിയായ അദ്ദേഹം രക്തസാക്ഷിയായി.

ഈ യുദ്ധം നടക്കുന്ന സമയത്ത് അല്ലാഹു വഹ്‌യിലൂടെ അറിയിക്കുന്നതുപ്രകാരം നബി ﷺ മദീനയിലുള്ള സ്വഹാബിമാര്‍ക്ക് യുദ്ധരംഗത്തെ സംഭവങ്ങള്‍ വിവരിച്ചുകൊടുക്കുന്നുണ്ടായിരുന്നു.

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘നബി ﷺ പ്രസംഗത്തിലായി (ഇപ്രകാരം) പറഞ്ഞു: ‘സയ്ദ് പതാകയെടുക്കുകയും അദ്ദേഹത്തിന് ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് ജഅ്ഫര്‍ അത് എടുക്കുകയും അദ്ദേഹത്തിന് ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് അബ്ദുല്ലാഹ് ഇബ്‌നു റവാഹ അത് എടുക്കുകയും അദ്ദേഹത്തിനും ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് ഖാലിദ് ഇബ്‌നുല്‍വലീദ് അത് എടുത്തു. നേതൃത്വം ഇല്ലാതെ തന്നെ അദ്ദേഹം വിജയിക്കുകയും ചെയ്തിരിക്കുന്നു.’ (ശേഷം) അവിടുന്ന് പറഞ്ഞു: ‘അവര്‍ നമ്മുടെ അടുക്കല്‍ ഉണ്ടാകുന്നത് നമ്മെ സന്തോഷിപ്പിക്കുന്നില്ല.’ (റിപ്പോര്‍ട്ടറായ) അയ്യൂബ്(റ) പറഞ്ഞു: അല്ലെങ്കില്‍ അവിടുന്ന് പറഞ്ഞു: ‘അവര്‍ നമ്മുടെ അടുക്കല്‍ ഉണ്ടാകുന്നത് അവരെ സന്തോഷിപ്പിക്കുന്നില്ല.’ ആ സമയത്ത് അവിടുത്തെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു” (ബുഖാരി).

സയ്ദ്(റ) ശക്തമായ പോരാട്ടം നടത്തിയെങ്കിലും വധിക്കപ്പെട്ടു. പിന്നീട് പതാക ചുമക്കേണ്ടത് ജഅ്ഫര്‍(റ) ആയിരുന്നു. ധീരനായി അദ്ദേഹം അത് ഏറ്റടുത്തു. വലത് കൈകൊണ്ട് പതാക പിടിക്കുന്നു. ഇടതുകൈകൊണ്ട് പോരാടുന്നു. ശത്രുക്കള്‍ അദ്ദേഹത്തിന്റെ വലതുകൈ വെട്ടി. പതാക ഇടതുകൈയില്‍ എടുത്തു. അതും അവര്‍ വെട്ടി. എന്നിട്ടും പതാക വിട്ടില്ല. തന്റെ കക്ഷം കൊണ്ട് അത് ഇറുക്കിപ്പിടിച്ചു. അങ്ങനെ അവസാന ശ്വാസംവരെ അദ്ദേഹം പോരാടി രക്തസാക്ഷിയാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ശരീരത്തില്‍ ധാരാളം മുറിവുകള്‍ ഏറ്റിരുന്നു. ഇബ്‌നു ഉമര്‍(റ) അദ്ദേഹത്തിന്റെ ശരീരം കാണുന്ന രംഗം നമുക്ക് ഇപ്രകാരം വിവരിച്ചുതരുന്നു:

‘‘ആ യുദ്ധത്തില്‍ അവരില്‍ ഞാനും ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബിനെ പരതി നോക്കി. അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ വധിക്കപ്പെട്ടവരില്‍ കാണുകയുണ്ടായി. ആ സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഞങ്ങള്‍ തൊണ്ണൂറില്‍പരം വെട്ടുകളും കുത്തുകളും കാണുകയുണ്ടായി” (ബുഖാരി).

ജഅ്ഫറി(റ)ന്റെ വിയോഗത്തില്‍ കുടുംബം ഏറെ ദുഃഖിതരായി. കരയുന്ന അവരെ നബി ﷺ ഉപദേശിച്ചു, ആശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാള്‍ നബി ﷺ യോട് ആ കുടുംബത്തിന്റെ അവസ്ഥ അറിയിച്ചപ്പോള്‍ അവരോട് ക്ഷമിക്കുവാന്‍ ഉപദേശിച്ചു. അതോടൊപ്പം ആ കുടുംബത്തിന് ഭക്ഷണം എത്തിക്കുവാനും അവിടുന്ന് കല്‍പിച്ചു. ജഅ്ഫര്‍(റ) അടക്കമുള്ള സ്വഹാബിമാരുടെ വിയോഗത്തില്‍ നബി ﷺ ക്കും വലിയ വിഷമം ഉണ്ടായിരുന്നു. അത് മാനുഷികമാണ്. വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരും മരണപ്പെടുമ്പോള്‍ കരയുക സ്വാഭാവികമാണ്. എന്നാല്‍ അത് അട്ടഹാസമോ നിലവിളിയോ ആയിക്കൂടാ. അതുകൊണ്ട് തന്നെ ജഅ്ഫറിന്റെ കുടുംബം അമിതമായി കരയുന്നതില്‍ നബി ﷺ അവരെ ശാസിച്ചതായി കാണാം. അവര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം ലഭിക്കും. അതുകൊണ്ടാണ് ‘അവര്‍ നമ്മുടെ അടുക്കല്‍ ഉണ്ടാകുന്നത് അവരെ സന്തോഷിപ്പിക്കുന്നില്ല’ എന്ന് നബി ﷺ പറഞ്ഞത്. യുദ്ധത്തില്‍ ഇരു കരങ്ങളും വെട്ടിമാറ്റപ്പെട്ട ജഅ്ഫറി(റ)നെ നബി ﷺ വിശേഷിപ്പിച്ചത് ‘രണ്ട് ചിറകുള്ളയാള്‍’ എന്നാണ്.

 യുദ്ധത്തിന്റെ അമീറുമാരായി നബി ﷺ നിശ്ചയിച്ച മൂന്നുപേരും വധിക്കപ്പെട്ട ഘട്ടത്തില്‍ ഖാലിദ് ഇബ്‌നുല്‍ വലീദ്(റ) പതാക ഏറ്റെടുത്തു.     പ്രതിസന്ധിഘട്ടമാണ്, കൂടിയാലോചിച്ച് നേതാവിനെ തിരഞ്ഞെടുക്കപ്പെടാന്‍ നേരമില്ല. അദ്ദേഹം അവസരത്തിനൊത്ത് ഉയരുകയായിരുന്നു.

‘അല്ലാഹുവിന്റെ വാളുകളില്‍പ്പെട്ട ഒരു വാള്‍’ എന്ന് നബി ﷺ വിശേഷിപ്പിച്ചിട്ടുള്ള ഖാലിദ്(റ) ഏറ്റവും നല്ല യുദ്ധതന്ത്രജ്ഞനായിരുന്നു. അദ്ദേഹം ശക്തമായ പോരാട്ടം നടത്തി. ആ യുദ്ധത്തില്‍ ഒമ്പത് വാളുകള്‍ ഖാലിദി(റ)ന്റെ കൈയില്‍നിന്ന് മുറിഞ്ഞുപോയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

ശക്തമായ പോരാട്ടം നടന്നിട്ടും ശത്രുക്കളുടെ വന്‍സൈന്യത്തെ തുരത്തിയോടിക്കുക പ്രയാസകരമായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു തന്ത്രം ഇട്ടുകൊടുത്തു. റോമക്കാരുമായുള്ള മുസ്‌ലിംകളുടെ ആദ്യ പോരാട്ടമാണ്. അവരുടെ ശക്തിയും കഴിവും മുസ്‌ലിംകള്‍ക്ക് മുന്‍പരിചയമില്ലായിരുന്നു. ഖാലിദ്(റ) മുന്‍നിരയില്‍ എത്തിയപ്പോള്‍ റോമന്‍ സേനയുടെ ശക്തിയും തന്ത്രങ്ങളും മനസ്സിലാക്കി. യുദ്ധത്തില്‍നിന്ന് പിന്തിരിയലാണ് ബുദ്ധി എന്ന് മനസ്സിലാക്കിയ ഖാലിദ്(റ) ഒരു തന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിം സേനക്ക് ഒരു പുനഃക്രമീകരണം ഏര്‍പ്പെടുത്തി. അതോടെ മുന്‍നിരയില്‍ പുതുമുഖങ്ങളായി. അപ്പോള്‍ മദീനയില്‍നിന്ന് പുതിയ സൈന്യം വരുന്നുണ്ടെന്ന് റോമക്കാര്‍ വിചാരിച്ചു. പിന്നില്‍ നില്‍ക്കുന്ന സൈനികരോട് പൊടിപടലങ്ങള്‍ ഇളക്കിവിടാനായി ഖാലിദ്(റ) കല്‍പിച്ചു. സൈന്യത്തിന്റെ പിന്നില്‍നിന്ന് പൊടിപടലങ്ങള്‍ ഉയരാന്‍ തുടങ്ങി. മദീനയില്‍നിന്ന് മുസ്‌ലിംകള്‍ക്ക് സഹായ സൈന്യം ഒഴുകിവരികയാണെന്ന് റോമക്കാര്‍ ഊഹിച്ചു. ഈ പൊടിപടലങ്ങള്‍ക്കിടയിലൂടെ മുസ്‌ലിം സൈന്യം സമര്‍ഥമായി പിന്‍വാങ്ങി. ശത്രുക്കളെ ഭയം പിടികൂടുകയും ചെയ്തു. പിന്തുടര്‍ന്ന് അക്രമിക്കാതെ അവരും പിന്തിരിഞ്ഞു. മൂന്ന് സേനാനായകന്മാരടക്കം പന്ത്രണ്ട് പേര്‍ ഈ യുദ്ധത്തില്‍ രക്തസാക്ഷികളായി.

ഹുസൈന്‍ സലഫി

നേർപഥം 

ഖയ്ബര്‍ യുദ്ധം

ഖയ്ബര്‍ യുദ്ധം(മുഹമ്മദ് നബി ﷺ : 55)

നബി ﷺ യുടെ മഹത്ത്വവും പ്രത്യേകതകളും നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു സന്ദര്‍ഭമായിരുന്നു ഖയ്ബര്‍ യുദ്ധം. ധാരാളം കോട്ടകളും കൃഷിസ്ഥലങ്ങളും ഉൾക്കൊള്ളുന്ന ഫലഭൂയിഷ്ടമായ ഒരു പ്രദേശമായിരുന്നു ഖയ്ബര്‍. ജൂതന്മാരുടെ ആവാസകേന്ദ്രം കൂടിയായിരുന്നു അത്.

ഹുദയ്ബിയ സന്ധിക്ക് ശേഷം ക്വുറയ്ശികളില്‍നിന്ന് ഉണ്ടായിരുന്ന ഉപദ്രവങ്ങള്‍ ഇല്ലാതായത് നാം മനസ്സിലാക്കി. എന്നാല്‍ മുസ്‌ലിംകള്‍ക്ക് ഭീഷണിയായി പിന്നീട് ഉണ്ടായിരുന്നത് ഖയ്ബറില്‍ ഉണ്ടായിരുന്ന ജൂതന്മാരായിരുന്നു. മുസ്‌ലിംകളോട് കടുത്ത വഞ്ചനയും കുതന്ത്രങ്ങളും നടത്തിയിരുന്ന ഇക്കൂട്ടര്‍ മുസ്‌ലിംകള്‍ക്കെതിരില്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിടല്‍ പതിവായിരുന്നു. അങ്ങനെ ഒരിക്കല്‍ മുസ്‌ലിംകള്‍െക്കതിരില്‍ അവര്‍ യുദ്ധത്തിന് സംഘടിക്കുന്നത് നബി ﷺ അറിഞ്ഞു. മദീനയിലേക്ക് അവര്‍ പ്രവേശിക്കുന്നതിന് മുമ്പ് അവര്‍ വസിക്കുന്ന ഖയ്ബറിലേക്ക് പോയി അവരുടെ കുതന്ത്രങ്ങളുടെ മുനയൊടിക്കാനായി നബി ﷺ തീരുമാനിച്ചു.

സ്വഹാബിമാരെയും കൂട്ടി ഖയ്ബറിലേക്ക് പോകുന്നതിന് വേണ്ടി നബി ﷺ മദീനയില്‍ ആഹ്വാനം നടത്തി. ഹുദയ്ബിയ സന്ധി കഴിഞ്ഞ് ഏതാണ്ട് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഖയ്ബറിലേക്കുള്ള ഈ പടപ്പുറപ്പാട്.

നബി ﷺ യും അനുചരന്മാരും മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ വേണ്ടി പോയതാണല്ലോ ഹുദയ്ബിയയില്‍ വെച്ച് മുശ്‌രിക്കുകളുമായി സന്ധിയില്‍ കലാശിച്ചത്. എന്നാല്‍ നബി ﷺ അന്ന് ഉംറക്കായി പുറപ്പെടാന്‍ മദീനയില്‍ വിളംബരം നടത്തിയപ്പോള്‍ പല ആളുകളും പല കാരണങ്ങളും ചൂണ്ടിക്കാണിച്ച് അതിനോട് വിസമ്മതം കാണിച്ചു. മക്കയിലേക്കാണല്ലോ ഉംറക്കായി പോകേണ്ടത്. അവിടെയാണെങ്കില്‍ കേമന്മാരും അക്രമികളുമായ ആളുകളാണ് ഉള്ളത്. അവരുമായി പോരാടേണ്ടി വരുമോ, അങ്ങനെ വന്നാല്‍ ജീവന്‍ അപകടത്തിലാകുമോ എന്ന പേടിയായിരുന്നു അവരുടെ മനസ്സില്‍ ഉണ്ടായിരുന്നതെങ്കിലും മറ്റു പല കാരണങ്ങളായിരുന്നു അവര്‍ പറഞ്ഞിരുന്നത്. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ വസിക്കുന്ന ഗ്രാമീണ അറബികളായിരുന്നു അവര്‍. അവരുടെ ഹൃദയത്തിലേക്ക് വേണ്ട വിധത്തില്‍ വിശ്വാസം പ്രവേശിച്ചിട്ടില്ലായിരുന്നു.

ഹുദയ്ബിയയിൽ നിന്നും മദീനയിലേക്ക് മടങ്ങി വരുന്ന നബി ﷺ ക്ക് ഉംറ നിര്‍വഹിക്കാതെ മദീനയില്‍ത്തന്നെ ഇരുന്നിരുന്ന ഈ ആളുകളെ സംബന്ധിച്ച് അല്ലാഹു വിവരം നല്‍കിയിരുന്നു.

‘‘ഗ്രാമീണ അറബികളില്‍നിന്ന് പിന്നോക്കം മാറിനിന്നവര്‍ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ (നിങ്ങളോടൊപ്പം വരാന്‍ പറ്റാത്തവിധം) വ്യാപൃതരാക്കിക്കളഞ്ഞു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കു പാപമോചനത്തിനായി പ്രാര്‍ഥിക്കണം. അവരുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്. നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്റെ പക്കല്‍നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്? അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ് നിങ്ങള്‍ വിചാരിച്ചത്. നിങ്ങള്‍ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു” (ക്വുര്‍ആന്‍  48:11,12).

അവര്‍ ഉംറ നിര്‍വഹിക്കുന്നതിനായി പുറപ്പെടാന്‍ തയ്യാറാകാതിരുന്നതിന്റെ യഥാര്‍ഥ കാരണം നബി ﷺ യെ അല്ലാഹു ഈ സൂക്തങ്ങളിലൂടെ അറിയിച്ചതോടുകൂടി അവരുടെ എല്ലാ ഉള്ളുകള്ളികളും പുറത്തായി.

അന്ന് ഉംറക്ക് പുറപ്പെടാതെ മാറിനിന്ന പലരും ഖയ്ബറിലേക്കുള്ള   യാത്രക്ക് താല്‍പര്യം കാണിച്ചു. മക്കയിലെ ക്വുറയ്ശികള്‍ അടങ്ങിയല്ലോ. അവരില്‍നിന്നുള്ള യുദ്ധമോ മറ്റു പ്രയാസങ്ങളോ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഇപ്പോള്‍ പോകുന്നത് യഹൂദികളിലേക്കാണ്. മുസ്‌ലിംകള്‍ക്കാണെങ്കില്‍ നല്ല ശക്തി കൈവന്ന സമയവുമാണ്. അതിനാല്‍ ഈ യുദ്ധം വിജയിക്കുകതന്നെ ചെയ്യും എന്ന് അവര്‍ കണക്കുകൂട്ടി. ഖയ്ബര്‍ ഫലഭൂയിഷ്ടമായ മണ്ണുള്ള സ്ഥലമാണ്. സമ്പത്ത് കുമിഞ്ഞുകൂടിക്കിടക്കുന്ന ധാരാളം കൊട്ടാരങ്ങളും കോട്ടകളുമുണ്ട് അവിടെ. യുദ്ധത്തില്‍ വിജയിച്ചാല്‍ ധാരാളം യുദ്ധാര്‍ജിത സ്വത്ത് ലഭിക്കുവാന്‍ സാധ്യതയുണ്ട്. അത് മനസ്സിലാക്കി ഇക്കൂട്ടര്‍ നബി ﷺ യോട് ഖയ്ബറിലേക്കുള്ള പുറപ്പാടിന് താല്‍പര്യം കാണിക്കുകയും തിടുക്കം കൂട്ടുകയും ചെയ്തുകൊണ്ടിരുന്നു. അവരെ സംബന്ധിച്ച് അല്ലാഹു പറയുന്നത് നോക്കൂ:

‘‘സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്) പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറിനിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു; അല്‍പം മാത്രമല്ലാതെ” (ക്വുര്‍ആന്‍ 48:15).

മുമ്പ് ഉംറക്ക് പോകാന്‍ മനസ്സ് കാണിക്കാത്ത ഈ ആളുകള്‍ ഖയ്ബറിലേക്ക് പോകാന്‍ അത്യുത്സാഹം കാണിക്കുകയാണ്. എന്നാല്‍ ഹുദയ്ബിയ കരാറില്‍ പങ്കെടുത്തവര്‍ മാത്രമേ ഖയ്ബറിലേക്ക് പുറപ്പെടേണ്ടതുള്ളൂ എന്ന് അല്ലാഹു നബി ﷺ യെ അറിയിച്ചു. ഇത് അല്ലാഹുവിന്റെ തീരുമാനമാണ്. ആ തീരുമാനം മാറ്റി നബി ﷺ യുടെ കൂടെ പുറപ്പെടാനാണ് ഇക്കൂട്ടര്‍ മോഹിക്കുന്നത്. അല്ലാഹുവിന്റെ കല്‍പന പ്രകാരം നബി ﷺ അവരോട് പറഞ്ഞു; നിങ്ങള്‍ ഞങ്ങളെ പിന്തുടരേണ്ടതില്ല. അല്ലാഹു അപ്രകാരം തീരുമാനിച്ചിരിക്കുന്നു.

ഇനി യുദ്ധത്തില്‍ പങ്കെടുത്തതിന്റെ പ്രതിഫലം മോഹിച്ചാണ് അവര്‍ യുദ്ധത്തിന് വരുന്നതെങ്കിലോ, അവരോട് ഇപ്രകാരം പറഞ്ഞു:  ‘‘ഗ്രാമീണ അറബികളില്‍നിന്നും പിന്നോക്കം മാറിനിന്നവരോട് നീ പറയുക: കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ നേരിടാനായി നിങ്ങള്‍ വഴിയെ വിളിക്കപ്പെടും. അവര്‍ കീഴടങ്ങുന്നതുവരെ നിങ്ങള്‍ അവരുമായി യുദ്ധം ചെയ്യേണ്ടിവരും. അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്നപക്ഷം അല്ലാഹു നിങ്ങള്‍ക്ക് ഉത്തമമായ പ്രതിഫലം നല്‍കുന്നതാണ്. മുമ്പ് നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞതുപോലെ (ഇനിയും) പിന്തിരിഞ്ഞുകളയുന്നപക്ഷം വേദനയേറിയ ശിക്ഷ അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതുമാണ്” (ക്വുര്‍ആന്‍ 48:16).

അല്ലാഹുവിന്റെ റസൂലിന്റെ കൂടെ അനുസരണയോടെ നിന്നവരായിരുന്നല്ലോ ഹുദയ്ബിയ സന്ധിയില്‍ പങ്കെടുത്തിരുന്ന സ്വഹാബിമാര്‍. അതിനാല്‍ അവര്‍ മാത്രമെ ഖയ്ബറിലേക്കുള്ള ഈ പുറപ്പാടില്‍ ഉണ്ടാകാവൂ എന്നതാണ് അല്ലാഹുവിന്റെ നിശ്ചയം. അതോടൊപ്പം ഇത്രകൂടി അറിയിച്ചു; ഖയ്ബറിലേക്ക് പുറപ്പെടാം. പക്ഷേ, സമരാര്‍ജിത സമ്പത്ത് ഹുദയ്ബിയയില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ്.

മദീനയില്‍നിന്നും നബി ﷺ യുടെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം ഖയ്ബറിലേക്ക് പുറപ്പെടാന്‍ തയ്യാറായി. ഈ വിവരം ഖയ്ബറിലെ ജൂതന്മാര്‍ക്ക് മദീനയിലെ ഒരു കൂട്ടര്‍ തന്ത്രപരമായി എത്തിച്ചു. ആരായിരിക്കും അവര്‍? അബ്ദുല്ലാഹിബ്‌നു സബഇന്റെ ആളുകള്‍ അഥവാ കപടവിശ്വാസികള്‍ !  ജൂതന്മാരുടെ സഖ്യകക്ഷിയായിരുന്നു അറബി ഗോത്രക്കാരായ ഗ്വത്ഫാന്‍ ഗോത്രം. അവരോട് യഹൂദികള്‍ സഹായം അഭ്യര്‍ഥിച്ചു. അത് ഗ്വത്ഫാന്‍ ഗോത്രം സ്വീകരിച്ചു.

നബി ﷺ യുടെ നേതൃത്വത്തില്‍ വന്‍സൈന്യം ഖയ്ബറിലേക്ക് എത്തി. മുസ്‌ലിം സൈന്യത്തെ കണ്ട ഗ്വത്ഫാന്‍ ഗോത്രം പേടിച്ച് അന്ധാളിച്ച് പിന്മാറുകയായിരുന്നു. ഗ്വത്ഫാന്‍ ഗോത്രം യഹൂദികള്‍ക്ക് സഹായം നല്‍കുവാനോ നബി ﷺ ക്ക് എതിരെ പോരാടുവാനോ കൂട്ടാക്കിയതേയില്ല. ഹുദയ്ബിയയില്‍ വെച്ച് ഉണ്ടായിട്ടുള്ള കരാറിനെപ്പറ്റി ശരിക്കും മനസ്സിലാക്കിയവരായിരുന്നല്ലോ ഗ്വത്ഫാന്‍ ഗോത്രം. അതിനാല്‍ അവര്‍ക്ക് മുസ്‌ലിംകളുടെ ശക്തിയും സ്വാധീനവും നന്നായി അറിയാമായിരുന്നു.

നബി ﷺ യും സ്വഹാബിമാരും ഖയ്ബറിനെ ലക്ഷ്യമാക്കി നീങ്ങി. നബി ﷺ ഒരു പ്രദേശത്തേക്ക് യാത്ര പുറപ്പെടുമ്പോള്‍ അതിന് തൊട്ടു സമീപത്തുള്ള പ്രദേശത്തായിരുന്നു രാത്രി താമസിച്ചിരുന്നത്. ഈ യാത്രയിലും അപ്രകാരം തന്നെ ചെയ്തു. ഖയ്ബറിന്റെ സമീപത്ത് മുസ്‌ലിം സൈന്യം രാത്രി താമസിച്ചു. പിറ്റേന്ന് ഫ്ജ്‌റ് നമസ്‌കാരത്തിന് ശേഷം സൈന്യം ഖയ്ബറിലേക്ക് യാത്ര പുറപ്പെട്ടു. തുടര്‍ന്ന് യഹൂദികള്‍ താമസിക്കുന്നിടത്തേക്ക് സൈന്യം ഇരച്ചുകയറി. മുസ്‌ലിം സൈന്യത്തിന്റെ ഇപ്രകാരമുള്ള വരവ് യഹൂദികള്‍ വിചാരിച്ചിരുന്നില്ല. പതിവുപോലെ യഹൂദികള്‍ രാവിലെ അവരുടെ തോട്ടങ്ങളിലേക്ക് കൈക്കോട്ടും പിക്കാസുമെല്ലാമായി കൃഷിപ്പണിക്കായി ഇറങ്ങിയിരുന്നു. ആ സമയത്താണ് അവര്‍ നബി ﷺ യെയും അനുചരന്മാരെയും കാണുന്നത്. അക്ഷരാര്‍ഥത്തില്‍ അവര്‍ ഞെട്ടി. അവര്‍ പറഞ്ഞു: ‘മുഹമ്മദ്! അല്ലാഹുവാണെ സത്യം… മുഹമ്മദും മഹാസൈന്യവും!’ പേടിച്ചരണ്ട യഹൂദികള്‍ അവരുടെ കോട്ടകളിലേക്ക് ഓടിയൊളിച്ചു. അവയിലായിരുന്നു അവരുടെ സ്വര്‍ണവും വെള്ളിയും കാര്‍ഷികോല്‍പന്നങ്ങളും ആയുധങ്ങളുമെല്ലാം. എല്ലാവിധത്തിലും സുശക്തമായ കോട്ടകളായിരുന്നു അവ. അവരുടെ കോട്ടകളില്‍ പ്രധാനപ്പെട്ടവ നാഇമ്, നത്വാത്, സ്വഅ്ബ്, ക്വമൂസ്വ് എന്നിവയായിരുന്നു. ഈ കോട്ടകളിലേക്ക് മുസ്‌ലിം സൈന്യം ഇരച്ചുകയറി. ഓരോ കോട്ടയും മുസ്‌ലിം സൈന്യം കീഴടക്കി. കോട്ടകളില്‍ ഉണ്ടായിരുന്ന യഹൂദികളെ സൈന്യം ബന്ദികളാക്കി. ശക്തമായി ചെറുത്തുനിന്ന ആളുകളോട് പോരാടേണ്ടി വന്നു.

ഒരു പാറക്കുന്നിന്റെ മുകളില്‍ നിലകൊള്ളുന്ന ഒരു സുശക്തമായ കോട്ടക്കു ചുറ്റും കല്ലുകള്‍ കൊണ്ടുണ്ടാക്കിയ ഉയര്‍ന്ന മതിലുകള്‍ ഉണ്ടായിരുന്നു. അത് കീഴടക്കുക മുസ്‌ലിംകള്‍ക്ക് പ്രയാസമായിരുന്നു. അത് കീഴടക്കുവാന്‍ അവര്‍ക്ക് വലിയ ത്യാഗം സഹിക്കേണ്ടി വന്നു. അവസാനം അലി(റ)യുടെ നേതൃത്വത്തില്‍ ആ കോട്ടയും സൈന്യം കീഴടക്കി. തലേദിവസം ഇപ്രകാരം ഒരു സംഭവം നടന്നിരുന്നു:

സലമത് ഇബ്‌നുല്‍ അക്‌വഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘ഖയ്ബറില്‍ നബി ﷺ യില്‍ നിന്നും അലി(റ) അധികാരം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ കൈയിലായിരുന്നു പതാക. അങ്ങനെ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ ല്‍നിന്ന് അധികാരം ഏറ്റടുത്തു.’ അങ്ങനെ അലി(റ) പുറപ്പെടുകയും നബി ﷺ യുമായി ചേരുകയും ചെയ്തു. അങ്ങനെ അത് വിജയിച്ചടക്കിയ രാത്രിയുടെ വൈകുന്നേരം (വിജയം പ്രഭാതത്തിലായിരുന്നു) ആയപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘‘നാളെ ഞാന്‍ (ഈ) പതാക ഒരാള്‍ക്ക് നല്‍കുക-അല്ലെങ്കില്‍ നബി ﷺ പറഞ്ഞത്: അദ്ദേഹം സ്വീകരിക്കുക- തന്നെ ചെയ്യുന്നതാണ്. അദ്ദേഹത്തെ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുകയും ചെയ്യുന്നതാണ്.” അല്ലെങ്കില്‍ നബി ﷺ പറഞ്ഞത് (ഇപ്രകാരമാണ്): ‘അദ്ദേഹം അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഇഷ്ടപ്പെടുന്നതാണ്, അല്ലാഹു അദ്ദേഹത്തിലൂടെ വിജയം നല്‍കുകയും ചെയ്യുന്നതാണ്.’ അങ്ങനെ ഞങ്ങള്‍ അലിയുടെ അടുക്കലാണ്. ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നവരുമായിരുന്നു. അങ്ങനെയിരിക്കവെ അവര്‍ പറഞ്ഞു: ‘ഇതാ, അലി’ എന്നിട്ട് അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിന് അത് നല്‍കി. അങ്ങനെ അല്ലാഹു അദ്ദേഹത്തിലൂടെ വിജയം നല്‍കി.” (ബുഖാരി)

‘‘അങ്ങനെ ജനങ്ങള്‍ അവരില്‍ ആര്‍ക്കാണ് അത് നല്‍കുക എന്ന് രാത്രി ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. നേരം പുലര്‍ന്നപ്പോള്‍ അവര്‍ എല്ലാവരും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുത്തേക്ക് എത്തി. അവര്‍ എല്ലാവരും അത് തനിക്ക് നല്‍കപ്പെടുമെന്ന് പ്രതീക്ഷിച്ചു. അങ്ങനെ (അവിടുന്ന്) ചോദിച്ചു: ‘അലിയ്യ് ഇബ്‌നു അബീത്വാലിബ് എവിടെ?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് വേദനയാണ്.’ നബി ﷺ പറഞ്ഞു: ‘എങ്കില്‍ അദ്ദേഹത്തിലേക്ക് ആളെ അയക്കുകയും അദ്ദേഹത്തെയും കൂട്ടി എന്റെ അടുത്ത് വരികയും ചെയ്യൂ.’ അദ്ദേഹം വന്നപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ അവിടുന്ന് ഉമിനീര്‍ പുരട്ടുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന് ഒട്ടും വേദനയില്ലാത്ത വിധം സുഖപ്പെട്ടു. എന്നിട്ട് നബി ﷺ അദ്ദേഹത്തിന് പതാക നല്‍കുകയും ചെയ്തു. അപ്പോള്‍ അലി(റ) പറഞ്ഞു: ‘‘അല്ലാഹുവിന്റെ റസൂലേ, അവര്‍ നമ്മളെപ്പോലെ ആകുന്നതുവരെ ഞാന്‍ അവരോട് പോരാടണമോ?” അപ്പോള്‍ നബി ﷺ പറഞ്ഞു: ‘‘താങ്കള്‍ അവരുടെ മുറ്റത്ത് ഇറങ്ങുന്നതുവരെ അവരിലേക്ക് സാവധാനത്തില്‍ ചെല്ലുക. പിന്നീട് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും അവരുടെമേല്‍ നിര്‍ബന്ധമായിട്ടുള്ള അല്ലാഹുവിന്റെ അവകാശത്തെപ്പറ്റി അറിയിക്കുകയും ചെയ്യുക. അല്ലാഹുവാണെ സത്യം, നിന്നെക്കൊണ്ട് ഒരാളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുന്നത് നിനക്ക് ചുവന്ന ഒട്ടകം ഉണ്ടാകുന്നതിനെക്കാളും ഉത്തമമാകുന്നു” (ബുഖാരി).

അന്യായമായി യുദ്ധം ചെയ്തും പോരാടിയും കൊന്നൊടുക്കിയുമാണ് ഇസ്‌ലാം ലോകത്ത് പ്രചരിച്ചത് എന്ന് ഇസ്‌ലാമിന്റെ ചരിത്രം അറിയാതെയും വസ്തുതകള്‍ മൂടിവെച്ചും ജനങ്ങള്‍ക്കിടയില്‍ തെറ്റുധാരണ പരത്തുന്ന കുബുദ്ധികള്‍ ധാരാളമുണ്ട്. അവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ചരിത്രം. അലി(റ)യോട് നബി ﷺ കല്‍പിച്ചത് അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞുകൊടുക്കുവാനും അല്ലാഹുവിനോടുള്ള അവരുടെ ഉത്തരവാദിത്തം അറിയിക്കുവാനുമാണ്. ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത് പോലെയായിയിരുന്നെങ്കില്‍ നബി ﷺ അലി(റ)യോട് ശത്രുക്കളെ ആദ്യംതന്നെ വകവരുത്താന്‍ കല്‍പിക്കുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നബി ﷺ അതിന് അനുവാദം നല്‍കുകയല്ല ചെയ്തത്.

അങ്ങനെ അലി(റ) നബി ﷺ യുടെ ഉപദേശ പ്രകാരം ഖയ്ബര്‍ കോട്ടയിലേക്ക് പ്രവേശിച്ചു. പിന്നീട് ശക്തമായ പോരാട്ടം നടന്നു. അവസാനം, അവരിലെ ഏറ്റവും വലിയ ആരോഗ്യവാനും ധീരനുമായ മിര്‍ഹബിനെ അലി(റ) വധിച്ചു. അവനായിരുന്നു യഹൂദികളുടെ നേതാവും. നേതാവ് വധിക്കപ്പെട്ടതോടെ യഹൂദികള്‍ പതറി. വീണ്ടും അവര്‍ അവരുടെ കോട്ടകളിലേക്ക് കയറി. മുസ്‌ലിംകള്‍ അലി(റ)യുടെ നേതൃത്വത്തില്‍ ഓരോ കോട്ടയിലേക്കും ഇരച്ചു കയറുകയും ഓരോന്നായി കീഴടക്കുകയും ചെയ്തു. അങ്ങനെ എല്ലാ കോട്ടകളും മുസ്‌ലിംകള്‍ക്ക് അധീനപ്പെട്ടു. ഖയ്ബര്‍ പരിപൂര്‍ണമായി മുസ്‌ലിംകള്‍ ജയിച്ചടക്കുകയും ചെയ്തു. ഖയ്ബറുകാരായ തൊണ്ണൂറ്റി മൂന്ന് പേര്‍ വധിക്കകപ്പെട്ടു. മുസ്‌ലിംകളില്‍നിന്ന് പതിനഞ്ച് പേര്‍ രക്തസാക്ഷികളായി.

ഖയ്ബറില്‍ മുസ്‌ലിംകള്‍ വിജയിച്ചു. ഖയ്ബറി ലെ യഹൂദികള്‍ കീഴടങ്ങി. ഖയ്ബറില്‍നിന്ന് പുറത്ത് പോകാന്‍ നബി ﷺ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. അങ്ങനെ അവര്‍ നബി ﷺ യോട് ഒരു വ്യവസ്ഥ വെച്ച് ഖയ്ബര്‍ തങ്ങള്‍ക്ക് വിട്ടുനല്‍കണം എന്ന് ആവശ്യപ്പെട്ടു.

‘‘മുഹമ്മദേ, ഞങ്ങള്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവരാണ്. ഈ മണ്ണില്‍ കൃഷി ചെയ്ത് ഇവിടെ തന്നെ ജീവിക്കുന്നവരുമാണ്. ഇതല്ലാത്ത ഒരു ജോലി ഞങ്ങള്‍ക്ക് അറിയുകയുമില്ല. അതിനാല്‍ ഞങ്ങളെ ഇവിടെനിന്നും നീ പുറത്താക്കരുത്. ഈ ഭൂമിയില്‍ കൃഷി ചെയ്ത് നന്നാക്കി ഇവിടെത്തന്നെ ഞങ്ങള്‍ കഴിഞ്ഞു കൊള്ളാം. അതിന് നീ ഞങ്ങളെ സമ്മതിക്കണം. ഈ ഭൂമി ഏെറ്റടുത്ത് ഞങ്ങളെ പോലെ കൃഷി ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. നിങ്ങള്‍ക്ക് അത് വശമില്ലാത്ത ജോലിയുമാണ്. ഖയ്ബറിലെ മണ്ണിനെക്കുറിച്ചും അതിലെ കൃഷിരീതിയെക്കുറിച്ചും നിങ്ങളെക്കാള്‍ അറിവ് ഞങ്ങള്‍ക്കാണല്ലോ. ഇപ്പോള്‍ ഈ ഭൂമി നിങ്ങളുടേതാണ്. അതിനാല്‍ നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഇവിടെ കൃഷി ചെയ്തു ജീവിച്ചുകൊള്ളാം. അതില്‍നിന്നും ലഭിക്കുന്ന ഉല്‍പന്നത്തില്‍നിന്ന് പകുതി നിങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്നതുമാണ്.” ഇതായിരുന്നു അവര്‍ നബി ﷺ യുടെ മുമ്പില്‍ വെച്ച വ്യവസ്ഥ. ഈ വ്യവസ്ഥ നബി ﷺ അംഗീകരിച്ചുകൊടുക്കുകയാണ് ചെയ്തത്.

അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)ക്ക് അവിടത്തെ ഉത്തരവാദിത്തം നബി ﷺ നല്‍കി. ഓരോ വര്‍ഷവും അവിടെ ചെന്ന് യഹൂദികള്‍ കരാര്‍ ചെയ്ത തുപോലെ മുസ്‌ലിംകള്‍ക്കുള്ള വിഹിതവും അവര്‍ക്കുള്ള വിഹിതവും        വെവ്വേറെയാക്കുക എന്നതായിരുന്നു അദ്ദേഹത്തിന് നബി ﷺ നല്‍കിയ നിര്‍ദേശം.എന്നാല്‍ ഉല്‍പന്നത്തില്‍നിന്നും മുസ്‌ലിംകള്‍ക്ക് നല്‍കേണ്ടുന്ന വിഹിതം പൂര്‍ണമായി വിട്ടുകൊടുക്കാന്‍ യഹൂദികള്‍ വൈമനസ്യം കാണിച്ചു. അതിന് അവര്‍ ഒരു കുതന്ത്രം കണ്ടു. അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)യെ സ്വാധീനിക്കുക. അങ്ങനെ അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)യെ  സ്വാധീനിക്കാന്‍ യഹൂദികള്‍ ശ്രമം നടത്തി. ധാരാളം കൈക്കൂലി നല്‍കിയിട്ടായിരുന്നു അവര്‍ അദ്ദേഹത്തെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിച്ചത്. മദീനയില്‍ പ്രവാചകന് തങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങളെ സംബന്ധിച്ച് നല്‍കുന്ന വിവരത്തില്‍ അല്‍പം കുറവ് വരുത്താന്‍ അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മഹാനായ സ്വഹാബി പ്രവാചകന് കൈമാറുന്ന വിവരമാണല്ലോ അറിയുക. അതിനാല്‍ ആ കണക്കില്‍ കുറവ് കാണിച്ചാല്‍ യഹൂദികള്‍ക്ക് അത്രയും ലഭിക്കുമല്ലോ. അതിന് എന്താണോ താങ്കള്‍ക്ക് വേണ്ടത് അത് ഞങ്ങള്‍ നല്‍കാം എന്ന് അവര്‍ അദ്ദേഹത്തോട് പറഞ്ഞു. വിശ്വസ്തതയും നീതിയും പ്രവാചകനില്‍നിന്നും പഠിച്ചിട്ടുള്ള അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ) അവര്‍ക്ക് ഇപ്രകാരം മറുപടി നല്‍കി:

‘‘അല്ലാഹുവിന്റെ ശത്രുക്കളേ, നിങ്ങള്‍ എന്നെ അധര്‍മം തീറ്റിക്കുകയാണോ? അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും ജനങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളയാളുടെ അടുക്കല്‍നിന്നാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നിട്ടുള്ളത്. (നിങ്ങളുടെ ഈ പ്രവര്‍ത്തനത്താല്‍) കുരങ്ങുകളെക്കാളും പന്നികളെക്കാളും എനിക്ക് ഏറ്റവും കൂടുതല്‍ വെറുപ്പുള്ളവരാണ് നിങ്ങള്‍. നിങ്ങളോടുള്ള എന്റെ കോപമോ അവിടുത്തോടുള്ള എന്റെ ഇഷ്ടമോ നിങ്ങളോട് നീതി കാണിക്കാതിരിക്കുന്നതിന് എന്നെ പ്രേരിപ്പിക്കാതിരിക്കട്ടെ.” അപ്പോള്‍ അവര്‍ പറഞ്ഞു: ‘‘ഇതുകൊണ്ടാണ് ആകാശഭൂമികള്‍ നിലനില്‍ക്കുന്നത്.” (താരീഖുല്‍ ഇസ്‌ലാം).

ഈ സ്വഹാബിവര്യന്റെ വാക്കുകളില്‍നിന്ന് ഇസ്‌ലാമിന്റെ നീതിനിഷ്ഠയെക്കുറിച്ച് മനസ്സിലാക്കിയ യഹൂദികള്‍ അത് അംഗീകരിക്കുകയും ആകാശഭൂമികളുടെ നിലനില്‍പ്പ് പോലും ഈ നീതിയുടെ അടിസ്ഥാനത്തിലാണെന്ന് പറയാന്‍ അത് കാരണമാവുകയും ചെയ്തു.                           

ഹുസൈന്‍ സലഫി

നേർപഥം 

 (തുടരും)

 

ആ മോഹം സഫലമായി!

ആ മോഹം സഫലമായി!(മുഹമ്മദ് നബി ﷺ : 54)

സത്യവിശ്വാസികളുടെ മനസ്സുകളില്‍ അല്ലാഹു സമാധാനവും ശാന്തിയും ഇട്ടുകൊടുത്തു. അതുമുഖേന അവരുടെ വിശ്വാസം വര്‍ധിക്കുകയും ചെയ്തു. എല്ലാറ്റിനും പുറമെ, അല്ലാഹു അവരെ സ്വര്‍ഗ പ്രവേശനത്തിന് അര്‍ഹരാക്കുകയും അവരുടെ പാപങ്ങള്‍ മാപ്പാക്കുകയും ചെയ്തു. ഹുദയ്ബിയ സന്ധി മുഖേന നബി ﷺ ക്ക് അല്ലാഹു നല്‍കിയ നാല് അനുഗ്രഹങ്ങളെ പറ്റി സൂറതുല്‍ ഫത്ഹിലെ രണ്ട്, മൂന്ന് സൂക്തങ്ങളിലും വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കിയ നാല് അനുഗ്രഹങ്ങളെ സംബന്ധിച്ച് നാല്, അഞ്ച് സൂക്തങ്ങളിലും വിവരിക്കുകയുണ്ടായി. ശേഷം ആറാം വചനത്തില്‍ വേറൊരു വിഭാഗത്തിന് അല്ലാഹു നല്‍കിയ നാല് കാര്യങ്ങളും വിവരിക്കുന്നുണ്ട്. അത് കാണുക:

‘‘ അല്ലാഹുവെപ്പറ്റി തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്. അവരുടെ മേല്‍ തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും അവര്‍ക്കു വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം” (ക്വുര്‍ആന്‍ 48:6).

നബി ﷺ യും അനുചരന്മാരും ഉംറ നിര്‍വഹിക്കുവാന്‍ മക്കയിലേക്ക് പോകാന്‍ തയ്യാറായപ്പോള്‍ ചിലയാളുകള്‍ അതില്‍നിന്നും മാറിനിന്നു. വിശ്വാസികളുടെ നീക്കത്തെ പരിഹസിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്ത് പിന്മാറിയ ഇക്കൂട്ടര്‍ കപടവിശ്വാസികളായിരുന്നു. മക്കയിലേക്ക് മുഹമ്മദിനെയും കൂട്ടരെയും പ്രവേശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചില്ലെന്നും അവരെ നിന്ദ്യരാക്കി മദീനയിലേക്കുതന്നെ തിരിച്ചയച്ചു എന്നും പ്രചരിപ്പിച്ചിരുന്ന മുശ്‌രിക്കുകളും ഉണ്ടായിരുന്നു. ഇപ്രകാരം ദുഷ്‌പ്രരണങ്ങള്‍ നടത്തിയ കപടന്മാര്‍ക്കും മുശ്‌രിക്കുകള്‍ക്കും അല്ലാഹു ശിക്ഷയൊരുക്കി. ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും അടിവേരറുത്തതായിരുന്നു ഹുദയ്ബിയ സന്ധി. അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്നുള്ള കോപവും ശാപവും ലഭിച്ചു; കൂടാതെ കത്തിയാളുന്ന നരകവും.

ഈ കാലയളവില്‍ മക്കയില്‍നിന്ന് വിശ്വാസികളായി മദീനയിലേക്ക് എത്തിയവരില്‍ പുരുഷന്മാര്‍ മാത്രമല്ല ഉണ്ടായിരുന്നത്; സ്ത്രീകളും ഉണ്ടായിരുന്നു. മുശ്‌രിക്കുകളായ ഭര്‍ത്താക്കന്മാരുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മദീനയിലേക്ക് അഭയാര്‍ഥികളായി വന്ന പല വിശ്വാസിനികളും ഉണ്ടായിരുന്നു. അപ്രകാരം മദീനയില്‍ എത്തിയ സ്ത്രീകളെ മക്കയിലേക്ക് തിരിച്ചയക്കാന്‍ നബി ﷺ കൂട്ടാക്കിയില്ല.

ആദ്യം വന്നത് ഉമ്മുകുത്സൂം(റ) ആയിരുന്നു. ക്വുറയ്ശികള്‍ അവരെ മക്കയിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. നബി ﷺ കരാര്‍ വായിക്കാന്‍ അവരോട് കല്‍പിച്ചു. കരാറില്‍ ‘പുരുഷന്‍’ എന്നാണ് എഴുതിയിരുന്നത്. അതിനാല്‍ കരാര്‍ സ്ത്രീകള്‍ക്ക് ബാധകമല്ല എന്നതായിരുന്നു നബി ﷺ യുടെ പക്ഷം. അങ്ങനെ നബി ﷺ വിശ്വാസിനികളായ അവരെ മക്കയിലേക്ക് തിരിച്ചയച്ചില്ല. അതിനെതിരില്‍ ശത്രുക്കള്‍ക്ക് ഒന്നും പറയാനും കഴിഞ്ഞില്ല.

സ്ത്രീകള്‍ പലരും മദീനയിലേക്ക് അഭയം തേടി വരാന്‍ തുടങ്ങി. ആ സന്ദര്‍ഭത്തില്‍ അല്ലാഹു വിശ്വാസികളോട് ഇപ്രകാരം കല്‍പിച്ചു:

‘‘സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ഥികളായിക്കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ച് നോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട് അവര്‍ വിശ്വാസിനികളാണെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് അവര്‍ ചെലവഴിച്ചത് നിങ്ങള്‍ നല്‍കുകയും വേണം. ആ സ്ത്രീകള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ കൊടുത്താല്‍ അവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യരുത്. നിങ്ങള്‍ ചെലവഴിച്ചതെന്തോ, അത് നിങ്ങള്‍ ചോദിച്ചുകൊള്ളുക. അവര്‍ ചെലവഴിച്ചതെന്തോ അത് അവരും ചോദിച്ചുകൊള്ളട്ടെ. അതാണ് അല്ലാഹുവിന്റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 48:10).

ഇസ്‌ലാമിലെ നീതി ഇവിടെ ദര്‍ശിക്കാന്‍ സാധിക്കും. മക്കയില്‍നിന്നും വരുന്ന എല്ലാവരെയും സ്വീകരിക്കുവാന്‍ നബി ﷺ യോ സ്വഹാബിമാരോ തയ്യാറല്ലായിരുന്നു. അവരെ പരീക്ഷിക്കുകയും അവര്‍ ഈമാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ മാത്രം അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുക; ഇതായിരുന്നു നയം. അല്ലാഹുവിന് എല്ലാവരുടെയും ഈമാന്‍ നന്നായി അറിയാം. എങ്കിലും ബാഹ്യമായ രൂപത്തില്‍ വിശ്വാസികള്‍ക്കും ഈ വരുന്ന സ്ത്രീകളുടെ ഈമാന്‍ അറിയണമല്ലോ. അങ്ങനെ പരീക്ഷിച്ചതിന് ശേഷം അവര്‍ വിശ്വാസിനികള്‍ തന്നെയാണ് എന്ന് അറിഞ്ഞാല്‍ പിന്നീട് അവരെ മക്കയിലേക്ക് അയക്കാന്‍ പാടില്ല.

മക്കയില്‍നിന്നും മദീനയിലേക്ക് വരുന്ന സ്ത്രീകളില്‍ പലരും ഒരുപക്ഷേ, ഭര്‍ത്താവിനോടുള്ള അനിഷ്ടമോ ദേഷ്യമോ കൊണ്ടാകാം വരുന്നത്. സ്വന്തം നാടു വിട്ട് മറ്റൊരു നാട്ടില്‍ താമസിക്കാനുള്ള ആഗ്രഹം കൊണ്ടുമാകാം. ഇപ്രകാരമൊന്നുമല്ല ഈ സ്ത്രീകള്‍ മദീനയിലേക്ക് വന്നതെന്നും, ഐഹികനേട്ടം ആഗ്രഹിച്ചല്ലെന്നും, അല്ലാഹുവിനോടും അവന്റെ റസൂലി ﷺ നോടുമുള്ള സ്‌നേഹം മാത്രമാണ് ഇതിനുപിന്നിലെന്നും വ്യക്തമായ ശേഷം മാത്രമെ അവരെ നബി ﷺ സ്വീകരിച്ചുള്ളൂ.

അവിശ്വാസിനികള്‍ക്ക് വിശ്വാസിയായ ഭര്‍ത്താവും വിശ്വാസിക്ക് അവിശ്വാസിനിയായ ഭാര്യയും ഉണ്ടാകാവതല്ല. വിവാഹ സമയത്ത് പരസ്പരം നല്‍കിയ വിവാഹ മൂല്യങ്ങള്‍ വാങ്ങുകയും തിരിച്ചു നല്‍കുകയും ചെയ്യാവുന്നതാണെന്നും, വിശ്വാസം സ്വീകരിച്ച് അഭയാര്‍ഥിനികളായി വരുന്നവരെ വിശ്വാസികള്‍ക്ക് മഹ്ര്‍ നല്‍കി വിവാഹം ചെയ്യാവുന്നതാണെന്നും അല്ലാഹു അറിയിച്ചു.

കരാര്‍ പ്രകാരം പിറ്റേവര്‍ഷം (ഹിജ്‌റ ഏഴില്‍) ദുല്‍ക്വഅ്ദ മാസത്തില്‍ രണ്ടായിരം അനുചരന്മാരെയും കൂട്ടി നബി ﷺ മക്കയിലേക്ക് പുറപ്പെട്ടു. ആരെയും പേടിക്കാനില്ലാത്തതിനാല്‍ സ്ത്രീകളും കുട്ടികളുമെല്ലാം ആ സംഘത്തില്‍ ഉണ്ടായിരുന്നു. കരാറില്‍ ഉള്ളത് മക്കയില്‍ പ്രവേശിക്കുന്ന സമയത്ത് യുദ്ധത്തിനുള്ള ആയുധങ്ങള്‍ കൈവശം വെക്കാന്‍ പാടില്ല എന്നായിരുന്നു. എന്നാല്‍ ശത്രുക്കള്‍ കരാര്‍ ലംഘിച്ചേക്കുമോ എന്ന പേടി വിശ്വാസികള്‍ക്കുള്ളതിനാല്‍ ചെറിയ രൂപത്തില്‍ അവര്‍ ജാഗ്രത കാണിച്ചിരുന്നു. ചുരുക്കത്തില്‍ അന്ന് എഴുതിയ കരാര്‍ മുഴുവനും പ്രവാചകന്‍ ﷺ പാലിച്ചു. അതിനാല്‍ തന്നെ വ്യക്തമായ വിജയം വിശ്വാസികള്‍ക്ക് കൈവരിക്കുവാനും സാധിച്ചു.

കരാര്‍ പ്രകാരം നബി ﷺ അനുചരന്മാരെയും കൂട്ടി മക്കയിലേക്ക് പ്രവേശിച്ചു. ശത്രുക്കള്‍ക്ക് അവരെ തടയാന്‍ യാതൊരു മാര്‍ഗവുമില്ലല്ലോ. വിശ്വാസികളുടെ വരവ് കാണുന്നതിലുള്ള മനഃപ്രയാസം കാരണത്താല്‍ ക്വുറയ്ശി നേതാക്കള്‍ പരിസരത്തുള്ള മലമുകളില്‍ കയറുകയാണ് ചെയ്തത് എന്ന് ചരിത്രത്തില്‍ കാണാം. എന്നാല്‍ അതേസമയത്ത് മറ്റുള്ളവര്‍ വളരെ കൗതുകത്തോടെ നബി ﷺ യുടെയും അനുചരന്മാരുടെയും വരവിനെ നോക്കിക്കാണുകയായിരുന്നു.

വിശ്വാസികള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ തുടങ്ങി. ത്വവാഫിന്റെ സമയത്ത് ആദ്യ മൂന്ന് ചുറ്റല്‍ കുറച്ച് ശക്തിയില്‍ നടക്കാന്‍ നബി ﷺ സ്വഹാബിമാരോട് നിര്‍ദേശിച്ചു. പുരുഷന്മാരോട് വലതുകൈ പുറത്ത് കാണും വിധത്തില്‍ ഇഹ്‌റാം വസ്ത്രം ധരിക്കാനായിരുന്നു അവിടുന്ന് പറഞ്ഞിരുന്നത്. വിശ്വാസികളുടെ ശക്തിയും ആരോഗ്യവും വീര്യവും ക്ഷയിച്ചിട്ടില്ലെന്ന് മക്കക്കാര്‍ അറിയാനായിരുന്നു അത്. മദീനയില്‍ എത്തിയ അവരില്‍ പലരും പനിയും ജലദോഷവും ബാധിച്ച് അവശരായിട്ടുണ്ട് എന്ന് മക്കയില്‍ വിശ്വാസികളെ കുറിച്ച് പ്രചരിപ്പിച്ചതെല്ലാം ഇതോടെ തകരുകയും ചെയ്തു. കരാര്‍ പ്രകാരം ഉംറ നിര്‍വഹിച്ചതിന് ശേഷം മൂന്ന് ദിവസം മക്കയില്‍ താമസിച്ചു.

മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും നേതാക്കള്‍ മലമുകളില്‍ നിന്നും ഇറങ്ങി. എന്നിട്ട് അലി(റ)യെ കണ്ട് പറഞ്ഞു: ‘‘താങ്കളുടെ കൂട്ടുകാരനോട് പറയുക; പുറപ്പെട്ടേക്കുക. അവധി കഴിഞ്ഞിരിക്കുന്നു.” അങ്ങനെ നബി ﷺ അവിടെനിന്നും മടങ്ങി. നബി ﷺ കരാര്‍ പാലിച്ചു. നിര്‍ഭയരായും സന്തോഷവാന്മാരായും ഉംറ നിര്‍വഹിച്ച് എല്ലാവരും മടങ്ങി. ക്വുര്‍ആന്‍ പറയുന്നത് കാണുക:

‘‘അല്ലാഹു അവന്റെ ദൂതന് സ്വപ്‌നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായിക്കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയിക്കൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്‌നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു. സന്മാര്‍ഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു; അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി” (48:28).

(തുടരും)

ഹുസൈന്‍ സലഫി

നേർപഥം 

 

ഹുദയ്ബിയ സന്ധിയുടെ നേട്ടങ്ങള്‍

ഹുദയ്ബിയ സന്ധിയുടെ നേട്ടങ്ങള്‍

മുസ്‌ലിംകളുടെ അസ്തിത്വം ക്വുറയ്ശികള്‍ അംഗീകരിച്ച ആദ്യത്തെ കരാറായിരുന്നു ഇത്. മുസ്‌ലിംകളെ ഇതുവരെ അവര്‍ പരിഗണിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഈ കരാര്‍മുഖേന മുസ്‌ലിംകളുടെ അസ്തിത്വം അംഗീരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ഈ കരാറിന് ശേഷം പത്തു കൊല്ലത്തോളം സമാധാനാന്തരീക്ഷം നിലനിന്നു.

എവിടെയും മുസ്‌ലിംകള്‍ക്ക് സഞ്ചരിക്കാം. ഇസ്‌ലാമിക പ്രബോധനം നടത്താം. ആരും എതിര്‍ക്കാനോ തടയാനോ പാടില്ല. ആര്‍ക്കും ആരുമായും സഖ്യത്തിലാകാം. എല്ലാറ്റിനും സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ മുസ്‌ലിംകള്‍ക്ക് ശാന്തമായി ഇസ്‌ലാമിക പ്രബോധനം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം ലഭിച്ചു. ഈ കരാര്‍ എഴുതി രണ്ട് വര്‍ഷം ആയപ്പോഴേക്കും മക്ക മുസ്‌ലിംകള്‍ക്ക് കീഴ്‌പെടുകയുണ്ടായി. ഈ രണ്ട് വര്‍ഷം ഇസ്‌ലാമിക പ്രബോധനത്താല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇസ്‌ലാമിലേക്ക് വരാന്‍ കാരണമായി. ഇക്കാലയളവില്‍ ഉണ്ടായ വളര്‍ച്ച അതിനു മുമ്പ് നബി ﷺ ക്ക് ലഭിച്ചിട്ടില്ല എന്നാണ് ചരിത്രം പറയുന്നത്. അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം ഉപയോഗിച്ച് നബി ﷺ അയല്‍നാടുകളിലേക്ക് കത്തുകള്‍ അയച്ചു. കത്തുകള്‍ കൊണ്ടുപോയി കൊടുക്കുവാനുള്ള ദൂതന്മാരെ നബി ﷺ നിയോഗിച്ചു. രാജാക്കന്മാരെ അവിടുന്ന് ഇസ്‌ലാമിനെക്കുറിച്ച് അറിയിച്ചു. കിസ്‌റാ, ക്വയ്‌സര്‍, മുക്വൗക്വിസ് ചക്രവര്‍ത്തിമാര്‍, ബഹ്റൈന്‍ ഗവര്‍ണര്‍, അബിസീനിയായിലെ രാജാവ് തുടങ്ങിയവര്‍ക്കെല്ലാം കത്തയച്ചു. അവിടുത്തെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെയായിരുന്നു കത്ത്. ബിസ്മി കൊണ്ട് തുടങ്ങി. അല്ലാഹുവിന്റെ റസൂലായ മുഹമ്മദില്‍ നിന്നുള്ളതാണ് ഇത് എന്ന് അറിയിച്ചു. മുസ്‌ലിമായാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ രക്ഷയുണ്ട്, അതല്ലെങ്കില്‍ നിങ്ങള്‍ നിമിത്തം വഴിപിഴച്ചുപോകുന്നവരുടെ കൂടി പാപഭാരം നിങ്ങള്‍ വഹിക്കേണ്ടി വരും എന്നതായിരുന്നു കത്തിലെ പ്രധാന സന്ദേശം. അക്കാലത്ത് രാജാക്കന്മാര്‍ക്ക് കത്തുകള്‍ അയക്കുമ്പോള്‍ എഴുതുന്ന ആളുടെ മുദ്ര വേണ്ടിയിരുന്നു. അതിനാല്‍ നബി ﷺ വെള്ളി കൊണ്ട് ഒരു മോതിരം ഉണ്ടാക്കി. ആ മോതിരത്തില്‍ ‘മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

അയല്‍നാടുകളിലേക്ക് അടുക്കാന്‍ പോലും ഹുദയ്ബിയ സന്ധിക്ക് മുമ്പ് സാധിച്ചിരുന്നില്ല. സിറിയയിലേക്കും റോമിലേക്കും പോകുമ്പോള്‍ ശത്രുക്കള്‍ തടയുമായിരുന്നു. ഏത് രാജ്യത്തിലേക്കും പോകുവാന്‍ മുസ്‌ലിംകള്‍ക്ക് യാതൊരു വഴിയും ഇല്ലായിരുന്നു. ഈ കരാര്‍ മുഖേന ആ തടസ്സങ്ങള്‍ മുഴുവനും നീങ്ങി.

നബി ﷺ അയച്ച കത്തുകള്‍ ദൂതന്മാരില്‍നിന്നും രാജാക്കന്മാര്‍ കൈപ്പറ്റി. വളരെ ബഹുമാനത്തോടെയും ആദരവോടെയും അവര്‍ കത്തുകള്‍ വായിച്ചു. അനുകൂലമായ പ്രതികരണങ്ങള്‍ പല രാജാക്കന്മാരില്‍നിന്നും ലഭിച്ചു. പലരും ദൂതന്മാരുടെ കൈകളില്‍ നബി ﷺ ക്കുള്ള സമ്മാനങ്ങള്‍ കൊടുത്തയച്ചു. എന്നാല്‍ കത്ത് പരിഗണിക്കാതെ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞ രാജാക്കന്മാരും ഉണ്ടായിരുന്നു. കിസ്‌റാ ചക്രവര്‍ത്തി നബി ﷺ യുടെ പേര് കണ്ടപാടെ ആ കത്ത് പിച്ചിച്ചീന്തി കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞു. നബി ﷺ ഈ വിവരം അറിഞ്ഞു. നബി ﷺ പറഞ്ഞു: ‘അവനും പിച്ചിച്ചീന്തപ്പെടുന്നതാണ്.’ നബി ﷺ വ്യക്തിപരമായ ദേഷ്യം തീര്‍ക്കുകയായിരുന്നില്ല ചെയ്തത്. അവിടുന്ന് വ്യക്തിപരമായ യാതൊന്നും രാജാവിനോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ. അധികാരം ചോദിച്ചായിരുന്നില്ല നബി ﷺ കത്തയച്ചിരുന്നത്. ഏതെങ്കിലും രൂപത്തിലുള്ള സാമ്പത്തിക സഹായം നല്‍കണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കത്തുമല്ല നബി ﷺ അയച്ചത്. മറിച്ച്, മുസ്‌ലിമാകുന്നതിന്റെ പ്രാധാന്യം അറിയിക്കുന്ന ആദര്‍ശാധിഷ്ഠിതമായ കത്തായിരുന്നു അത്. ആ കത്ത് കീറിക്കളഞ്ഞ് അവഗണിച്ചത് അല്ലാഹുവിന്റെ റസൂലി ﷺ നോടുള്ള വെല്ലുവിളിയായിരുന്നു. അതിനാലാണ് പ്രവാചകന്‍ ﷺ അയാള്‍ക്കെതിരില്‍ പ്രാര്‍ഥിച്ചത്. ആ പ്രാര്‍ഥനക്ക് ശേഷം അധികകാലം അധികാരത്തിന്റെ ഭ്രാന്ത് തലക്ക് പിടിച്ച അഹങ്കാരിയായ ആ ചക്രവര്‍ത്തി ജീവിച്ചില്ല. സ്വന്തം മകന്റെ കൈകളാല്‍ അയാള്‍ കൊല്ലപ്പെടുകയുണ്ടായി. മകന്‍ വയറ്റില്‍ കത്തി കുത്തിയിറക്കിക്കൊന്ന് പിതാവില്‍നിന്നും അധികാരം കൈയടക്കുകയാണുണ്ടായത്.

ഇസ്‌ലാമക പ്രബോധനം നാള്‍ക്കുനാള്‍ മക്കയിലും മദീനയിലും പരിസര പ്രദേശങ്ങളിലും വ്യാപിക്കാന്‍ തുടങ്ങി. ശത്രുക്കള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ ഇസ്‌ലാമിനെപ്പറ്റി പഠിക്കുവാനുള്ള സാഹചര്യം തരപ്പെട്ടു. ഈ കാലയളവിലാണ് ഇസ്‌ലാമിന് എതിരില്‍ ശക്തിയായി നിലകൊണ്ടിരുന്ന ഖാലിദ് ഇബ്‌നുല്‍ വലീദ്(റ), അംറ് ഇബ്‌നുല്‍ ആസ്വ്(റ), ഉഥ്മാന്‍ ഇബ്‌നു ത്വല്‍ഹ(റ) മുതലായവര്‍ ഇസ്‌ലാം സ്വീകരിച്ചത്. മാത്രവുമല്ല, ഹുദയ്ബിയ സന്ധിയില്‍ ശത്രുപക്ഷത്തുനിന്ന് കരാര്‍ എഴുതിയ സുഹയ് ല്‍ പോലും ഇസ്‌ലാം സ്വീകരിച്ചു.

ഹുദയ്ബിയ സന്ധിയുടെ കാലത്ത് നബി ﷺ യുടെ കൂടെ ആയിരത്തി നാനൂറ് പേരാണ് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടതെങ്കില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് മക്കാവിജയ സമയത്ത് നബി ﷺ യുടെ കൂടെ ഉംറ നിര്‍വഹിക്കാന്‍ പുറപ്പെടുമ്പോള്‍ അവരുടെ എണ്ണം പതിനായിരമായി. അഥവാ, രണ്ട് കൊല്ലം കൊണ്ട് അത്രയും വലിയ മാറ്റം ഇസ്‌ലാം കൈവരിച്ചു.

ഇതോടെ മക്കയിലെ മുശ്‌രിക്കുകളുടെ ശല്യം ഒഴിവായി. കരാറില്‍ ഏര്‍പ്പെട്ടതിനാല്‍ അവര്‍ ഇനി ഉപദ്രവിക്കുവാന്‍ വരില്ലല്ലോ. ജൂതന്മാരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുവാന്‍ ഈ അവസരം മുസ്‌ലിംകള്‍ നന്നായി ഉപയോഗിച്ചു. അവരില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പുകളെ പ്രതിരോധിക്കുവാനും അവരിലേക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുവാനും ഈ കാലയളവ് മുസ്‌ലിംകള്‍ക്ക് ഒരു തുറന്ന അവസരമായി.

മുസ്‌ലിംകളായി മക്കയില്‍നിന്ന് ആരെങ്കിലും മദീനയിലേക്ക് വന്നാല്‍ അവരെ തിരിച്ചയക്കണം എന്നതായിരുന്നല്ലോ ഹുദയ്ബിയ സന്ധിയിലെ ഒരു കരാര്‍. അതും അവര്‍ക്ക് വിനയാകുകയാണ് ഉണ്ടായത്. ഇപ്രകാരം മക്കയില്‍നിന്ന് മദീനയില്‍ എത്തിയവരെ കരാര്‍ പ്രകാരം നബി ﷺ തിരിച്ചയച്ചു. എന്നാല്‍ അവര്‍ മക്കയിലേക്ക് പോകാതെ മറ്റൊരിടത്ത് താവളമടിച്ചു. അവരുടെ എണ്ണവും കൂടി. മക്കക്കാര്‍ കച്ചവടത്തിനായി പോകുന്ന വഴികളിലായിരുന്നു അവര്‍ താവളമടിച്ചിരുന്നത്. അതിനാല്‍ മക്കക്കാര്‍ അതുവഴി കച്ചവടത്തിന് പോകുമ്പോള്‍ കച്ചവടക്കാര്‍ തടയപ്പെട്ടു. അങ്ങനെ അത് അവര്‍ക്ക് വലിയ പ്രയാസം ഉണ്ടായി. അവസാനം ഈ കരാര്‍ മാറ്റാന്‍ വേണ്ടി നബി ﷺ യോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

ഒരിക്കല്‍ നബി ﷺ മദീനയില്‍ ആയിരിക്കെ അബൂ ബസ്വീര്‍(റ) മദീനയില്‍ മുസ്‌ലിമായി എത്തി. അദ്ദേഹം മദീനയിലേക്ക് പോകുമ്പോള്‍ പിന്നില്‍ രണ്ടുപേരെ ക്വുറയ്ശികള്‍ വിട്ടിരുന്നു. അബൂ ബസ്വീറി(റ)നെ മക്കയിലേക്ക് തിരിച്ചുകൊണ്ടുവരാനായിരുന്നു ഇവരെ ക്വുറയ്ശികള്‍ അയച്ചത്. നബി ﷺ അദ്ദേഹത്തോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചു. കാരണം, ക്വുറയ്ശികളും മുസ്‌ലിംകളും പരസ്പരം കരാറിലാണല്ലോ ഉള്ളത്. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, മുസ്‌ലിമായി ഞാന്‍ നിങ്ങളുടെ അടുത്ത് അഭയംതേടി വന്നിട്ടും അവരിലേക്കുതന്നെ എന്നെ തിരിച്ചയക്കുകയാണോ?’ നബി ﷺ അദ്ദേഹത്തെ സമാധാനിപ്പിച്ചു. തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹത്തെ തിരിച്ചു കൊണ്ടുപോകാന്‍ ക്വുറയ്ശികള്‍ അയച്ച രണ്ടാളുകളുടെ കൂടെ നബി ﷺ തിരിച്ചയച്ചു. അങ്ങനെ മൂന്നു പേരും മക്കയിലേക്ക് മടങ്ങി. വഴി മധ്യേ അബൂ ബസ്വീര്‍ കൂടെയുള്ള മുശ്‌രിക്കുകളില്‍ ഒരാളെ വാളിനിരയാക്കി.  സ്വന്തം ജീവന് വേണ്ടിയുള്ള പ്രതിരോധാവശ്യാര്‍ഥമായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. പന്നീട് ഒരാള്‍ മാത്രമായി. അയാള്‍ മദീനയിലേക്ക് ഓടി. മദീനയില്‍ എത്തിയാല്‍ അഭയം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു അയാള്‍ക്ക്. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അടുക്കല്‍ എത്തി. എന്നിട്ട് അയാള്‍ പറഞ്ഞു: ‘എന്റെ കൂട്ടുകാരന്‍ വധിക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും ഞാനും വധിക്കപ്പെടുന്നതാണ് (രക്ഷിക്കണം).’ തൊട്ടു പിന്നില്‍ അബൂ ബസ്വീര്‍(റ) എത്തി. അദ്ദേഹം അല്ലാഹുവിന്റെ റസൂലി ﷺ നെ വിളിച്ചു പറഞ്ഞു:

 “അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹുവാണെ സത്യം. അല്ലാഹു അങ്ങയുടെ ഉത്തരവാദിത്തം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നെ അവരിലേക്ക് അയക്കുകയും അവരില്‍നിന്ന് അല്ലാഹു എന്നെ മോചിപ്പിക്കുകയും ചെയ്തിരിക്കുന്നു.’’ നബി ﷺ പറഞ്ഞു: “യുദ്ധം പൊട്ടിപ്പുറപ്പെടുവിക്കുന്നവന്റെ ഉമ്മാക്ക് നാശം. അത് ഇനി ഒരാളായാല്‍ പോലും  (ശരി).’’ അത് കേട്ടപ്പോള്‍ അദ്ദേഹത്തിന് നബി ﷺ തന്നെ അവരിലേക്കുതന്നെ മടക്കിയയച്ചേക്കുമെന്ന് മനസ്സിലായി. അങ്ങനെ അദ്ദേഹം (മദീനയില്‍ നിന്നും) പറപ്പെട്ടു. (ഒരു) കടല്‍ക്കരയില്‍ എത്തി. അദ്ദേഹം പറയുന്നു: ‘അവരില്‍ നിന്ന് രക്ഷപ്പെട്ടിരുന്ന അബൂ ജന്ദല്‍ (അവിടെയുണ്ട്). അങ്ങനെ അദ്ദേഹം അബൂബസ്വീറിന്റെ കൂടെ ചേര്‍ന്നു. ക്വുറയ്ശികളില്‍നിന്നും മുസ്‌ലിമായവര്‍ അബൂ ബസ്വീറിന്റെ കൂടെ ചേരുകയല്ലാതെ (അവിടേക്ക്) മടങ്ങാതായി. അങ്ങനെ അവരില്‍നിന്ന് ഒരു ചെറുസംഘം സംഘടിച്ചു. അല്ലാഹുവാെണ സത്യം, ക്വുറയ്ശികളില്‍നിന്ന് ശാമിലേക്ക് പുറപ്പെട്ട കച്ചവട സംഘങ്ങളെ കുറിച്ച് അവര്‍ കേട്ടിരുന്നില്ല; അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടല്ലാതെ. അങ്ങനെ അവരെ അവര്‍ വധിക്കുകയും അവരുടെ സമ്പത്ത് അവര്‍ എടുക്കുകയും ചെയ്യും. അപ്പോള്‍ ക്വുറയ്ശികള്‍ നബി ﷺ യിലേക്ക് ദൂതനെ അയച്ചു. അയാള്‍ അല്ലാഹുവിനെ കൊണ്ടും കുടുംബബന്ധത്തെകൊണ്ടും സംസാരിച്ചു. അങ്ങനെ ആരെങ്കിലും താങ്കളുടെ (നബിയുടെ) അടുത്ത് എത്തിയാല്‍ അവന്‍ നിര്‍ഭയനാണ്. അങ്ങനെ നബി ﷺ അവരിലേക്ക് ഒരു ദൂതനെ അയച്ചു. അപ്പോള്‍ അല്ലാഹു (ഈ സൂക്തംങ്ങള്‍) ഇറക്കി:

“അവര്‍ക്ക് (ശത്രുക്കള്‍ക്ക്) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍നിന്നും തടഞ്ഞുനിര്‍ത്തിയത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. സത്യത്തെ നിഷേധിക്കുകയും, പവിത്രമായ ദേവാലയത്തില്‍ നിന്ന് നിങ്ങളെ തടയുകയും, ബലിമൃഗങ്ങളെ അവയുടെ നിശ്ചിത സ്ഥാനത്തെത്താന്‍ അനുവദിക്കാത്ത നിലയില്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തവരാകുന്നു അവര്‍. നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത സത്യവിശ്വാസികളായ ചില പുരുഷന്‍മാരെയും സത്യവിശ്വാസിനികളായ ചില സ്ത്രീകളെയും നിങ്ങള്‍ ചവിട്ടിത്തേക്കുകയും, എന്നിട്ട് (നിങ്ങള്‍) അറിയാതെ തന്നെ അവര്‍ നിമിത്തം നിങ്ങള്‍ക്ക് പാപം വന്നുഭവിക്കാന്‍ ഇടയാവുകയും ചെയ്യില്ലായിരുന്നെങ്കില്‍ (അല്ലാഹു നിങ്ങളെ ഇരുവിഭാഗത്തെയും യുദ്ധത്തില്‍നിന്ന് തടയുമായിരുന്നില്ല). അല്ലാഹു തന്റെ കാരുണ്യത്തില്‍ താന്‍ ഉദ്ദേശിക്കുന്നവരെ ഉള്‍പെടുത്തേണ്ടതിനായിട്ടാകുന്നു അത്. അവര്‍ (മക്കയിലെ വിശ്വാസികളും സത്യനിഷേധികളും) വേറിട്ടായിരുന്നു താമസിച്ചിരുന്നതെങ്കില്‍ അവരിലെ സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷ നാം നല്‍കുകതന്നെ ചെയ്യുമായിരുന്നു. സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം- ആ അജ്ഞാനയുഗത്തിന്റെ ദുരഭിമാനം-വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവിശ്വാസികളുടെ മേലും അവന്റെ പക്കല്‍നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുത്തു. സൂക്ഷ്മത പാലിക്കാനുള്ള കല്‍പന സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. (അത് സ്വീകരിക്കാന്‍) കൂടുതല്‍ അര്‍ഹതയുള്ളവരും അതിന് അവകാശപ്പെട്ടവരുമായിരുന്നു അവര്‍. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയുംഅറിവുള്ളവനായിരിക്കുന്നു’’ (ദുല്‍ഫതഹ്‌ 24-26).

 നബി  ﷺ ഹുദയ്ബിയയില്‍ വെച്ച് എഴുതിയ കരാറുകള്‍ തെറ്റിക്കാതെ നടപ്പില്‍ വരുത്തി. നബി ﷺ മദീനയിലേക്ക് വരുന്നവരെയെല്ലാം മക്കയിലേക്കുതന്നെ തിരിച്ചുപോകാന്‍ കല്‍പിക്കുകയായിരുന്നല്ലോ ചെയ്തിരുന്നത്. അങ്ങനെ തിരിച്ചയക്കുന്ന വിശ്വാസികള്‍ മക്കക്കാരുടെ പീഡനത്തെ പേടിച്ച് അവിടേക്ക് പോയില്ല. അവര്‍ ഓരോരുത്തരായി ഒരു സ്ഥലത്ത് താവളമടിച്ചു. അവര്‍ ഒരു ചെറു സംഘമായി രൂപപ്പെട്ടു. ഇവര്‍ മക്കയില്‍നിന്ന് ശാമിലേക്ക് കച്ചവടത്തിന് വേണ്ടി പോകുന്ന ക്വുറയ്ശികള്‍ക്ക് വലിയ ഭീഷണിയായിപമാറി. മക്കയില്‍നിന്ന് മദീനത്തെത്തുന്ന മുസ്‌ലിംകളെ മക്കയിലേക്കുതന്നെ തിരിച്ചയക്കണമെന്ന് കരാര്‍ റദാക്കിയേ തീരൂ എന്ന് മക്കക്കാര്‍ക്ക് തോന്നി. ഇതിനെക്കുറിച്ച് നബി ﷺ യോട് ചര്‍ച്ച ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഹുദയ്ബിയയില്‍ വെച്ച് ഉണ്ടാക്കിയ ആ കരാര്‍ നീക്കം ചെയ്യപ്പെടുകയുണ്ടായി.

താല്‍ക്കാലികമായ ഒരു പരാജയം ഒരിക്കലും നിരാശക്ക് കാരണമാകരുത് എന്ന വലിയ ഒരു സന്ദേശം ഇതിലൂടെ ലഭിക്കുന്നുണ്ട്. അല്ലാഹു വിജയം തരാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ആരെല്ലാം എന്തെല്ലാം നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയാലും അല്ലാഹുവിനോടുള്ള ബാധ്യത നാം നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അത് നമുക്ക് ലഭിക്കുകതന്നെ ചെയ്യുന്നതാണ്; കാത്തിരിക്കേണ്ടിവന്നാലും.

ഹുദയ്ബിയഃ സന്ധി മുഖേന വലിയ വിജയം അല്ലാഹു നബി ﷺ ക്ക് സമ്മാനിച്ചു. ആ വിജയം നല്‍കിയതിന് പറഞ്ഞ ഒരു കാരണം നബി ﷺ യുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കാന്‍ വേണ്ടിയാണ് എന്നാണല്ലോ ഉള്ളത്. ഈ സംഭവത്തിന് മുമ്പോ ശേഷമോ അവിടുന്ന് ഏതെങ്കിലും രൂപത്തിലുള്ള ശിക്ഷക്ക് കാരണമാകുന്ന പാപങ്ങള്‍ ചെയ്തിട്ടുണ്ട് എന്നതല്ല ഈ പറഞ്ഞതിന്റെ വിവക്ഷ. അങ്ങനെ തെറ്റുധരിക്കുവാന്‍ പാടില്ല. കാരണം, മുഹമ്മദ് നബി ﷺ അടക്കമുള്ള എല്ലാ നബിമാരും ആ വിധത്തിലുള്ള പാപങ്ങളില്‍നിന്ന് വിശുദ്ധരാകുന്നു. പ്രവാചകന്മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അത്യുന്നത പദവിയിലാണല്ലോ ഉള്ളത്. ആ സ്ഥാനം കണക്കിലെടുത്ത് നോക്കുമ്പോള്‍ അവരുടെ ആ പദവിക്ക് യോജിക്കാത്ത നിലക്കുള്ള ചെറിയ രൂപത്തിലുള്ള നിസ്സാരമായ അബദ്ധങ്ങള്‍ അവരില്‍നിന്നും സംഭവിക്കുമ്പോഴേക്ക് തന്നെ അല്ലാഹു ഉടനെത്തന്നെ തിരുത്തിക്കൊടുക്കും. അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ് സൂറഃ അബസയുടെ തുടക്കത്തില്‍ കാണുന്നത്.

ഉപരിസൂചിത വചനങ്ങള്‍ നബി ﷺ ക്ക് അല്ലാഹു നല്‍കിയ സന്തോഷവാര്‍ത്തയായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ പേരില്‍ അവിടുന്ന് മതിമറന്ന് ആനന്ദിച്ചില്ല, അഹങ്കരിച്ചില്ല. കൂടുതല്‍ കൂടുതല്‍ അല്ലാഹുവിന് കീഴ്‌പെടുകയാണ് ചെയ്തത്.

ഈ വിജയം നബി ﷺ ക്ക് ഇഹത്തിലും പരത്തിലും അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹങ്ങള്‍ പരിപൂര്‍ണമായി നല്‍കപ്പെടുന്നതിന് വേണ്ടിയായിരുന്നു. അല്ലാഹുവിന്റെ കല്‍പനക്ക് എതിരായി യാതൊന്നും ചെയ്യാതെ, അവന്റെ കല്‍പനകള്‍ക്കനുസൃതമായി നീങ്ങിയപ്പോള്‍ അല്ലാഹു വലിയ സഹായവും അവിടുത്തേക്ക് നല്‍കുകയായിരുന്നു.

നാം ആര്‍ക്കെങ്കിലും താഴ്ന്ന് കൊടുത്തു എന്ന കാരണത്താല്‍ നമുക്ക് യാതൊന്നും നഷ്ടപ്പെടാനില്ല. അത് മുഖേന അല്ലാഹു അന്തസ്സ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. അതും ഈ സംഭവത്തില്‍നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പ്രവാചക ചരിത്രത്തില്‍ ഇതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് കാണാനും സാധിക്കും. അതുപോലെ നാം വിനയം കാണിച്ചാല്‍ അതു മുഖേന അല്ലാഹു നമ്മെ ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അതാണ് നബി ﷺ യുടെ ജീവിതം നമുക്ക് അറിയിച്ചു തരുന്നത്.

അല്ലാഹു ഈ വചനങ്ങള്‍ ഇറക്കിയപ്പോള്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായിരുന്ന വിഷമങ്ങള്‍ എല്ലാം നീങ്ങി. അവര്‍ക്ക് സമാധാനം കൈവന്നു. ക്വുര്‍ആന്‍ വചനം കേട്ടപ്പോഴേക്ക് അവരുടെ മനസ്സ് മാറുകയാണ്. വിഷമം മാറുന്നു…സന്തോഷം കൈവരുന്നു. അവര്‍ക്ക് ലഭിച്ച ആ സമാധാനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നത് കാണുക:

“അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കിക്കൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമായിരിക്കുന്നു. സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവരില്‍നിന്ന് അവരുടെ തിന്മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു’’ (അല്‍ഫത്ഹ് 4-5).

ഹുസൈന്‍ സലഫി

നേർപഥം 

കരുതിവെക്കാം;കൈനീട്ടാതിരിക്കാന്‍

കരുതിവെക്കാം;കൈനീട്ടാതിരിക്കാന്‍

വാഹനാപകടത്തില്‍ മരിച്ച പ്രവാസി സുഹൃത്തിന് നാട്ടില്‍ വീടില്ലെന്ന കാര്യം അദ്ദേഹം മരണപ്പെട്ടപ്പോഴാണ് മറ്റുള്ളവര്‍ അറിഞ്ഞത്. ഉള്ളതുകൊണ്ട് കുടുംബത്തോടൊപ്പം ഗള്‍ഫില്‍ ജീവിച്ച ആ സഹോദരന്‍ ചെറുപ്രായത്തില്‍ ഈ ലോകത്തുനിന്നും മടങ്ങി. രണ്ട് കുട്ടികളുമായി മുപ്പത് വയസ്സ് മാത്രം പ്രായമുള്ള ആ സഹോദരി വൈധവ്യത്തിന്റെ കൈപ്പറിഞ്ഞു.

അവധിയാത്രക്ക് എല്ലാം ഒരുക്കിനില്‍ക്കവെയാണ് സുഹൃത്തായ മറ്റൊരു ചെറുപ്പക്കാരന്‍ അപകടത്തില്‍ മരണമടഞ്ഞത്. വീടുപണി ഏകദേശം പൂര്‍ത്തിയായി താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു അവന്‍.

ജോലിയില്‍ സ്ഥലം മാറ്റം ലഭിച്ചതിനാല്‍ കുടുംബത്തോടൊപ്പം പുതിയ സ്ഥലത്തേക്ക് യാത്രചെയ്യുമ്പോഴാണ് ബേപ്പൂര്‍ സ്വദേശിയും കുടുംബവും അപകടത്തില്‍ മരിച്ചത്. വീടുപണി പൂര്‍ത്തിയാകുന്നതിനുമുമ്പ് ആ അഞ്ചംഗ കുടുംബം ഒന്നിച്ച് ഈ ലോകത്തോട് യാത്രപറഞ്ഞു. ഇന്ന് വീടിനടുത്തുള്ള പള്ളിവളപ്പിലെ ക്വബ്‌റ്സ്ഥാനില്‍     അവര്‍ അന്തിയുറങ്ങുന്നു.

ഇങ്ങനെ പലരൂപത്തില്‍ പ്രതീക്ഷകള്‍ക്കപ്പുറം അല്ലാഹുവിന്റെ വിധി നമ്മെ എപ്പോഴും തേടിയെത്തിയേക്കാം. അതിനെ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഭൗതികതയുടെ പളപളപ്പില്‍ ലിബറലിസവും പുരോഗമനവാദവും ആധുനികതയും ഒക്കെ പറഞ്ഞു ജീവിതലക്ഷ്യം മറക്കുന്നവര്‍ക്ക് മരണമെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രമെ സാധിക്കുകയുള്ളൂ. കുടുംബത്തെയും അടുത്ത ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഇത്തരം സന്ദര്‍ഭത്തില്‍ നാം പ്രയാസപ്പെടും. നിസ്സഹായനായി നില്‍ക്കുന്നവര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ സമ്മാനിക്കാന്‍ പരലോക വിശ്വാസവും ഇസ്‌ലാമിക അധ്യാപനങ്ങളും സാധിക്കുന്നു എന്നതാണ് വിശ്വാസി സമൂഹത്തിന് ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും സധൈര്യം നിലകൊള്ളാന്‍ ആത്മവിശ്വാസം നല്‍കുന്നത്.

നാട്ടില്‍നിന്നും ജോലിതേടി വന്ന ഏതാനും മലയാളികളെ കണ്ടപ്പോള്‍ ‘എന്തേ ഈ സന്ദര്‍ഭത്തില്‍ ഇങ്ങോട്ടു വന്നത്’ എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ‘നാട്ടില്‍ കോവിഡ് മൂലം ജോലിയൊന്നും ഇല്ലാതിരിക്കുമ്പോള്‍ ഒരവസം കിട്ടി, അങ്ങനെ വന്നു’ എന്നായിരുന്നു. ദീര്‍ഘകാലമായി പ്രവാസജീവിതം നയിക്കുന്ന ഒരാളോട് ‘വര്‍ഷം കുറെയായില്ലേ ഇവിടെ, എന്തെങ്കിലും നീക്കിയിരിപ്പുണ്ടോ’ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞത് ‘പ്രത്യേകിച്ച് സമ്പാദ്യമൊന്നും ഇല്ല’ എന്നാണ്. അസുഖമായി അല്‍പം പ്രയാസത്തില്‍ മാസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്ന ഒരാളോട് ‘നാട്ടില്‍ പോകുന്നില്ലേ, ഇവിടെത്തന്നെ നില്‍ക്കുകയാണോ, എന്തെങ്കിലും വരുമാനമാര്‍ഗം നാട്ടില്‍ ഉണ്ടോ’ എന്ന് ചോദിച്ചപ്പോള്‍ ‘ഇതുവരെ നന്നായി ജീവിച്ചു. ആളുകള്‍ കാണുമ്പോള്‍ അത്യാവശ്യം ഉള്ള പ്രവാസിയാണ് എന്ന് തോന്നും, അത് മാത്രമാണ് സമ്പാദ്യം’ എന്ന മറുപടിയാണ് ലഭിച്ചത്.

എല്ലാവരുടെയും ജീവിതം അല്ലാഹു നിശ്ചയിച്ച സമയത്ത് അവസാനിക്കും, തീര്‍ച്ച. അപ്രതീക്ഷിത മരണങ്ങള്‍ എന്ന് നാം വിളിക്കുന്ന, അല്ലാഹു നിശ്ചയിച്ച സമയത്തുതന്നെയുള്ള മരണങ്ങളില്‍ പലപ്പോഴും കുടുംബം പ്രതിസന്ധിയില്‍ അകപ്പെടുന്ന കാഴ്ച നാം കാണാറുണ്ട്. പെട്ടെന്നൊരുദിനം ഗൃഹനാഥന്‍ ഇല്ലതാകുന്നത് കുടുംബിനിയെ വല്ലാതെ തളര്‍ത്തിക്കളയും. കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും തന്റെ ചുമലിലേക്ക് വരുന്ന സാഹചര്യം, പിഞ്ചുമക്കളുമായി എങ്ങനെ ജീവിതം മുന്നോട്ടുപോകും എന്ന ആശങ്ക, സാമ്പത്തികമായി ഒന്നുമില്ലാത്ത അവസ്ഥ…ഇവയെല്ലാം ഇരുട്ടായി പടര്‍ന്നുകയറും.

ജീവിതാവസ്ഥയെ കുറിച്ച് ചോദിക്കുമ്പോള്‍ ‘ഉള്ളതുകൊണ്ട് ജീവിച്ച് പോകുന്നു, അല്‍ഹംദുലില്ലാഹ്,’  ‘ബാധ്യതകള്‍ ധാരാളമുണ്ട്, എന്തുചെയ്യും എന്നറിയില്ല,’ ‘അടിച്ചുപൊളി ജീവിതം’ എന്നിങ്ങനെ പലര്‍ക്കും പലവിധ മറുപടികളാണ് പറയാനുണ്ടാവുക.

സമ്പാദ്യത്തില്‍നിന്നും നാളേക്കായി ഒന്നും നീക്കിവയ്ക്കാതെ കിട്ടുന്നതെല്ലാം ഉടനടി ചെലവഴിച്ചു തീര്‍ക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. എത്ര സമ്പാദിക്കാനും ഇസ്‌ലാം നമുക്ക് അനുവാദം നല്‍കുന്നുണ്ട്; അത് ഹലാലാവണം എന്ന് മാത്രം.

രോഗാവസ്ഥയിലായിരിക്കെ തന്റെ സ്വത്ത് മുഴുവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യട്ടെ എന്ന് അന്വേഷിച്ച സഅ്ദി(റ)നോട് നബി ﷺ ‘വേണ്ട’ എന്നാണ് മറുപടി നല്‍കിയത്. എങ്കില്‍ പകുതി ദാനം ചെയ്യട്ടയോ എന്നന്വേഷിച്ചപ്പോഴും അവിടുന്ന് വിലക്കി. അവസാനം മൂന്നിലൊരുഭാഗം ദാനം ചെയ്യാനനുവദിച്ച നബി ﷺ ശേഷം പറഞ്ഞു: ‘തീര്‍ച്ചയായും നീ നിന്റെ അനന്തരവകാശികളെ ആളുകള്‍ക്ക് മുമ്പില്‍ കൈനീട്ടുന്നവരായി വിട്ടേച്ചു പോകുന്നതിനെക്കാള്‍ അവരെ ധന്യരാക്കി വിട്ടുപോകുന്നതാണ് നിനക്കുത്തമം’’ (ബുഖാരി, മുസ്‌ലിം).

കുടുംബത്തിന് ചെലവഴിക്കുന്നത് ഏറ്റവും ഉല്‍കൃഷ്ടമായതാണെന്നും ചെലവിന് കൊടുക്കാതിരിക്കുക എന്നത് കുറ്റമാണെന്നുമാണ് ഇസ്‌ലാമിക അധ്യാപനങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്.

നബി ﷺ പറയുന്നു: “തന്റെ ആശ്രിതര്‍ക്ക് ചെലവിനു കൊടുക്കാതിരിക്കുക എന്നതുതന്നെ ഒരാള്‍ക്ക് മതിയായ കുറ്റമാണ്’’ (മുസ്‌ലിം, അബൂദാവൂദ്).

മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: “ഒരാള്‍ ചെലവഴിക്കുന്നതില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായ ധനം തന്റെ മക്കളടക്കമുള്ള ആശ്രിതര്‍ക്ക് ചെലവഴിക്കുന്ന ധനമാണ്’’ (മുസ്‌ലിം).

നീക്കിവെക്കല്‍ സാധ്യമാണോ?

നീക്കി വെക്കലിനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും പ്രതികരിക്കാറുള്ളത് ‘എനിക്ക് അതിന് സാധിക്കുകയില്ല’ എന്നാണ്. ജീവിതത്തില്‍ ഏതൊരു കാര്യത്തിലും സ്വന്തമായി ഒരു പ്ലാന്‍ ഉണ്ടായിരിക്കുക എന്നത് അനിവാര്യമാണ്. ബാക്കി അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അല്ലാഹുവിന്റെ വിധിക്കയനുസരിച്ച് കാര്യങ്ങള്‍ നടക്കും. അത് ഏതുവിധത്തിലായാലും അതിനോട് സമരസപ്പെടാന്‍ നമുക്ക് സാധിക്കണം.

കോവിഡ് വരുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് അല്‍പം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് വന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ഇടറുന്ന ശബ്ദത്തില്‍ അദ്ദേഹം പങ്കുവെച്ചത്. കിട്ടുന്നത് തികയുന്നില്ല, ഭാര്യയ്ക്കും ചെറിയ ജോലിയുണ്ടെങ്കിലും ഒന്നും തികയുന്നില്ല. കുടുംബത്തോടൊപ്പം പ്രവാസലോകത്ത് ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. എന്നാല്‍ കരുതിയിരിപ്പായി ഒന്നുമില്ല…ഇതായിരുന്നു അദ്ദേഹത്തിന്റെ പരിഭവം.

വഴിയുണ്ട്, വിഷമിക്കേണ്ട എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. ചെലവുകള്‍ കൃത്യമായി എഴുതിവെക്കുന്ന ശീലം ഉള്ളയാളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ കാര്യം എളുപ്പമായി. എവിടെയൊക്കെ ചെലവ് കുറക്കാന്‍ സാധിക്കും എന്ന് ആലോചിക്കുക, ഭാര്യയുടെയും അഭിപ്രായവും സഹകരണവും തേടുക, എന്നിട്ട് വൈദ്യുതിബില്‍, വീട്ടുവാടക, വെള്ളത്തിന്റെ പണം എന്നിങ്ങനെ നീക്കിവെക്കുന്ന അനിവാര്യമായ ചെലവിലേക്ക് നീക്കിയിരിപ്പ് എന്ന ഒരു ഇനം കൂടി ചേര്‍ക്കുക. അത് ശമ്പളം കിട്ടിയ ഉടനെ ഏതെങ്കിലും ഇടത്തേയ്ക്ക് മാറ്റുക, ചെലവായതായി സ്വന്തത്തെ ബോധ്യപ്പെടുത്തുക. ബാക്കിയുള്ളതുകൊണ്ട് ചെലവുകള്‍ പ്ലാന്‍ ചെയ്യുകയും നടത്തുകയും ചെയ്യുക.

ഈ ആഴ്ചയില്‍ അവധിക്ക് നാട്ടിലേക്ക് പോകുമ്പോള്‍ അയാള്‍ സന്തോഷവാനാണ്. കയ്യില്‍ എല്ലാം ചെലവും കഴിഞ്ഞ് അല്‍പം തുക നീക്കിയിരിപ്പുണ്ട്. ‘എനിക്കും സമ്പാദിക്കാന്‍ കഴിയും എന്ന് ബോധ്യമായി’ എന്ന് മനസ്സ് നിറഞ്ഞ് അദ്ദേഹം പറഞ്ഞു. ഇത് വായനക്കാരുമായി പങ്കുവയ്ക്കുന്നത് ശ്രമിച്ചാല്‍ ഇതൊക്കെ സാധ്യമാണ് എന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ്.

മനുഷ്യനെ വ്യത്യസ്തമായ അവസ്ഥകളിലാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട്തന്നെ പാവങ്ങളും പണക്കാരും ഉണ്ടാവുക സ്വാഭാവികം. ‘ഞാന്‍ ഇങ്ങനെയായിപ്പോയി’ എന്ന് വിലപിക്കാന്‍ നമുക്ക് അവകാശമില്ല; അത് അവിവേകമാണ്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് ജീവിക്കുന്നതില്‍ തെറ്റില്ല. വരവിനനുസരിച്ച് ചെലവുണ്ടാവുക എന്നത് സ്വാഭാവികം. എന്നാല്‍ അമിതവ്യയം അരുത്. ഏതൊരു മനുഷ്യനും തന്റെ പക്കലുള്ള പണം ചെലവഴിക്കാനുള്ള മാനസികാവസ്ഥ വെച്ച് പുലര്‍ത്തുന്നവരാണ്; പിശുക്കന്‍മാര്‍ ഒഴികെ. അതിനാല്‍ സമ്പാദിക്കാന്‍ അല്ലെങ്കില്‍ നീക്കിവെക്കാന്‍ ഉദ്ദേശിക്കുന്ന വിഹിതം മറ്റൊരിടത്തേക്ക് മാറ്റുക എന്നതാണ് പ്രായോഗികം. ഇരുപത് വയസ്സ് മുതല്‍ 35 വയസ്സ് വരെയുള്ളവരിലാണ് പലപ്പോഴും സാമ്പത്തിക അച്ചടക്കമില്ലായ്മ പ്രകടമായി കാണാറുള്ളത്. വലിയ ബാധ്യതകള്‍ ഇല്ലാത്തതുകൊണ്ട് തന്നെ ‘അടിച്ചുപൊളിച്ചു ജീവിക്കുക’ എന്നതായിരിക്കും അവരുടെ രീതി. പണം കരുതിവയ്ക്കാനോ നാളെയെക്കുറിച്ച് പ്ലാന്‍ ചെയ്യാനോ അവര്‍ ശ്രമിക്കാറില്ല. മുപ്പത്തിയഞ്ച് കഴിയുമ്പോള്‍ ബാധ്യതകള്‍ പലതും ഇത്തരക്കാരെ വല്ലാതെ നിരാശരാക്കും. ധാരാളം പണം കൈയില്‍ വന്നുപോയിട്ടുണ്ട്, എന്നിട്ടും ഒന്നും ബാക്കിയായില്ലല്ലോ എന്ന ഖേദം അവരില്‍ നിറയും. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരിക്കും അവര്‍.

കൃത്യമായ പ്ലാനിങ്ങിന്റെ അഭാവം നമ്മെ വല്ലാതെ പ്രയാസപ്പെടുത്തും. അവിവേകവും അതിക്രമങ്ങളും ജീവിതത്തിലുടനീളം കരിനിഴല്‍ വീഴ്ത്തിയേക്കാം. അതുകൊണ്ട് പരമാവധി നേരത്തെതന്നെ പുതു തലമുറക്ക് സാമ്പത്തിക അച്ചടക്കത്തിന്റെയും കരുതിവെക്കലിന്റെയും പ്രാധാന്യത്തെയും ബോധ്യപ്പെടുത്താന്‍ കുടുംബത്തിനും സമൂഹത്തിനും സാധിക്കേണ്ടതുണ്ട്. ജീവിതം കേവലം കളി തമാശയല്ലെന്നും അത് ബാധ്യതാ നിര്‍വഹണത്തിന്റെത് കൂടിയാണെന്നും അവര്‍ തിരിച്ചറിയണം.

അതിവേഗം കുതിച്ചുകൊണ്ടിരുന്ന ലോകത്തെ പിടിച്ചുകെട്ടിയാണ് കോവിഡ് വന്നത്. എന്ത് സംഭവിച്ചാലും എന്റെ ജോലിയോ വരുമാനമോ നിലയ്ക്കുകയില്ലെന്ന അമിത ആത്മവിശ്വാസത്തിനേറ്റ അടികൂടിയാണ് കോവിഡ്, ആ പ്രതിസന്ധിയില്‍ അകപ്പെടാത്ത ഒരാളും ലോകത്തുണ്ടെന്ന് കരുതുക വയ്യ. അതുകൊണ്ട് തന്നെ ലോകം മുഴുവന്‍ കരുതിവയ്പിന്റെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്ന് ഉള്ളതുകൊണ്ട് ജീവിക്കുക, നാളെയെക്കുറിച്ച് ആലോചിക്കാതിരിക്കുക എന്നതല്ല; നാളേക്കുവേണ്ടി എന്തെങ്കിലും നീക്കിവെക്കുക എന്നതാണ് വിവേകം എന്ന് മനസ്സിലാക്കി.

ഈയിടെ എറണാകുളത്തെ ടൗണ്‍ പ്ലാനിങ് ഓഫീസറും പ്രമുഖ വ്യവസായിയും മറ്റുമുള്ള ഒരു ചര്‍ച്ച കാണാനിടയായി. അതില്‍ ടൗണ്‍ പ്ലാനിങ് എഞ്ചിനിയര്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തനീയമാണ്. സ്വന്തമായി ഒരു വീട് എന്നത് മുന്‍പ് അനിവാര്യവും അഭിമാനവുമായിരുന്നുവെങ്കില്‍ ഇന്ന് വാടക വീടാണ് മിക്കവാറും പ്രിഫര്‍ ചെയ്യുന്നത്. വസ്തുക്കളെ ഉടമപ്പെടുത്തുക എന്നതില്‍നിന്ന് സേവനങ്ങളെ ഉപയോഗിക്കുക എന്ന രീതിയിലേക്കാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. എന്തും നമുക്ക് ലഭിക്കും. ബിഎംഡബ്യു കാര്‍വരെ വാടകയ്ക്ക് ലഭിക്കാം. അങ്ങനെ നമ്മള്‍ ആഗ്രഹിക്കുന്ന എന്തും ഉപയോഗപ്പെടുത്താനുള്ള സര്‍വീസ് ഓറിയന്റഡായി ലോകമിന്ന് മാറിക്കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപ നിക്ഷേപിക്കേണ്ട അവസ്ഥയില്‍നിന്ന് കയ്യിലുള്ള പണമനുസരിച്ച് ആവശ്യമനുസരിച്ച് സേവനങ്ങളെ ഉപയോഗപ്പെടുത്താം എന്ന മാനസികാവസ്ഥയിലേക്കാണ് പുതുതലമുറ മാറിക്കൊണ്ടിരിക്കുന്നത്.

സ്വന്തമായി വീട് നിര്‍മിക്കാന്‍ നാല്‍പതോ അമ്പതോ ലക്ഷം രൂപ വേണം; സ്ഥലം വാങ്ങാന്‍ അതിലധികവും. ഇത്ര വലിയ തുക എന്തിന് ഒരുമിച്ച് നിക്ഷേപിക്കണം? അതുകൊണ്ട് മറ്റെന്തെങ്കിലും വരുമാന മാര്‍ഗം ഉണ്ടാക്കി അതില്‍നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ വാടകവീട്ടില്‍ താമസയ്ക്കാം എന്ന ചിന്തയാണ് പുതുതലമുറയുടേത്. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് വീടുവയ്ക്കാന്‍ സ്ഥലം കിട്ടുക എന്നത് വലിയ ബാധ്യതയാണ്. വില്ലകളോ അപ്പാര്‍ട്‌മെന്റുകളോ ആണ് അഭികാമ്യം എന്ന ചിന്തയിലേക്കാണ് പോക്ക്. എന്തായാലും ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്ലാന്‍ ചെയ്യുക. മോഹനവാഗ്ദാനങ്ങള്‍ നല്‍കി നമ്മെ കുരുക്കാന്‍ കാത്തിരിക്കുന്ന പലിശ സ്ഥാപനങ്ങളുടെ ചതിയില്‍ വീഴാതെ സൂക്ഷിക്കണം. കടം വാങ്ങല്‍ എളുപ്പമാണ്. എന്നാല്‍ അത് തിരിച്ചടക്കല്‍ വലിയ ബാധ്യതയാണ്. അവനവന്റെ വരുമാനത്തിന് താങ്ങാനാവാത്ത സ്വപ്‌നങ്ങള്‍ നെയ്യുന്നതും അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും വലിയ അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുക.

സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും വിവിധ ജനക്ഷേമ പദ്ധതികളും ഉപയോഗപ്പെടുത്താന്‍ മടി കാണിക്കേണ്ടതില്ല. അതൊന്നും ആരുടെയും ഔദാര്യമല്ല; രാജ്യത്തെ പൗരന് ലഭിക്കേണ്ട അവകാശമാണ്. നമ്മള്‍ അടങ്ങുന്ന സമൂഹം സര്‍ക്കാരിലേക്ക് അടച്ച നികുതിയില്‍ നിന്നുമാണ് അത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതുകൊണ്ട് അറച്ചുനില്‍ക്കേണ്ടതില്ല. ദുരഭിമാനത്താല്‍ മാറിനില്‍ക്കേണ്ടതില്ല. പഠനത്തിന് സര്‍ക്കാര്‍ വിദ്യാലയങ്ങെളയും ചികില്‍സക്ക് സര്‍ക്കാര്‍ ആശുപത്രികളെയും നമ്മള്‍ ഉപയോഗപ്പെടുത്തിയാല്‍ ചെലവ് ഏറെ കുറയ്ക്കാന്‍ സാധിക്കും.

വരുമാനത്തിനനുസരിച്ച് ചെലവഴിച്ച് ജീവിക്കുവാനും ചെറിയൊരുഭാഗം നാളേക്ക് കരുതിവക്കുവാനും ശീലിക്കണം. അത് കുടുംബത്തോട് നാം ചെയ്യുന്ന ഒരു കാരുണ്യം കൂടിയാണ്. പിശുക്കിനും ധൂര്‍ത്തിനും ഇടയ്ക്ക് മധ്യമ നിലപാടില്‍ ജീവിക്കുന്നതാണ് വിവേകം; അതാണ് മതം പഠിപ്പിക്കുന്നതും.  ‘‘സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം”

നബീല്‍ പയ്യോളി

നേർപഥം 

പഠനം, ജോലി, കരിയര്‍; പരിഹരിക്കപ്പെടേണ്ട ചില സാമൂഹ്യ പ്രശ്‌നങ്ങള്‍

പഠനം, ജോലി, കരിയര്‍; പരിഹരിക്കപ്പെടേണ്ട ചില സാമൂഹ്യ പ്രശ്‌നങ്ങള്‍

കൂട്ടിലടച്ച പഞ്ചവര്‍ണക്കിളി; അതിന് പാലും പഴവും പരിഗണനയും മനുഷ്യന്‍ നല്‍കുന്നു. ഒരു കുഞ്ഞിനെപ്പോലെ അതിനെ ലാളിക്കും. കിളിക്ക് സ്വതന്ത്രമായി പറന്നുനടക്കാനോ ഇരതേടാനോ ഇണചേരാനോ കൂട്ടംകൂടാനോ സാധ്യമല്ല, സ്വാതന്ത്ര്യമില്ല. എന്നാല്‍ ഈ അടിമത്തവും കൂട്ടിലടക്കപ്പെട്ട അവസ്ഥയും തിരിച്ചറിയാനുള്ള കഴിവ് കിളിക്ക് ഇല്ല. കൂട്ടിനു പുറത്തുള്ള സ്വാതന്ത്ര്യത്തിന്റെ ലോകത്തെക്കുറിച്ച് അതിന് യാതൊരു ധാരണയുമുണ്ടാകില്ല.

എനിക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടി; അവള്‍ നന്നായി പഠിക്കും. ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി. ഈ സമയത്താണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കുന്ന ഒരു പത്രം ടിവി ചാനല്‍ തുടങ്ങുന്നത്. സുന്ദരിയായ അവള്‍ക്ക് ചാനലില്‍ അവതാരികയായി ജോലി കിട്ടി. കുട്ടി അതോടെ പഠനം ഉപേക്ഷിച്ചു, ജോലിയില്‍ പ്രവേശിച്ചു. ഒന്നൊന്നര വര്‍ഷത്തോളം നല്ല അവതാരികയായി ജോലി ചെയ്തു. അപ്പോഴേക്കും പുതിയ ആളെ നിയമിച്ചു. ആ കുട്ടിയുടെ ജോലിയും പോയി.

ഈ കുറിപ്പ് എഴുതുന്നതിനു തൊട്ടുമുമ്പ് ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിലെ വിമാന കമ്പനികളിലെ ക്യാബിന്‍ ക്രൂകളുടെ യൂണിഫോമിനെക്കുറിച്ചറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ എയര്‍ ഹോസ്റ്റസുകള്‍ക്ക് മുട്ടിനു താഴെ മറയുന്ന സാരി, ചുരിദാര്‍ തുടങ്ങിയ വേഷങ്ങളാണുള്ളത്. എന്നാല്‍ മിഡില്‍ ഈസ്റ്റ് മുതല്‍ അമേരിക്ക, യൂറോപ്പ്, കാനഡ, ജപ്പാന്‍, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, എതേ്യാപ്യ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും എയര്‍ഹോസ്റ്റസുകള്‍ക്ക്  മിനി സ്‌കര്‍ട്ടും ടോപ്പും ആണ് വേഷം. അപൂര്‍വം  ചിലയിടങ്ങളില്‍ പാന്റ്‌സ് ധരിക്കാന്‍ അനുവാദമുണ്ട്. ഈജിപ്ത് എയറില്‍ അടുത്തകാലത്താണ് അവര്‍ക്ക് തല മറയ്ക്കാന്‍ അനുവാദം ലഭിച്ചത്. ലോകത്ത് ഒന്നാകെ സ്റ്റീവാര്‍ഡിന് മുന്‍കൈയും മുഖവും ഒഴികെയുള്ള പൂര്‍ണ ഹിജാബും! (ഇവരുടെ പണിയോ? യാത്രക്കാര്‍ക്ക് ഭക്ഷണവും മദ്യവും വിളമ്പലും!) കസ്റ്റമര്‍ ഡീല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം സ്ത്രീപുരുഷന്മാരുടെ ഡ്രസ്സ്‌കോഡ് ഇങ്ങനെ തന്നെ.

മിക്ക കമ്പനികളിലും ഓഫീസുകളിലും -പ്രത്യേകിച്ച് യൂറോപ്പ് യുഎസ്, മിഡിലീസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍- ഫ്രണ്ട് ഓഫീസില്‍, റിസപ്ഷനില്‍ സ്ത്രീകള്‍ മാത്രമായിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാവുക. സെക്രട്ടറി, റിസപ്ഷനിസ്റ്റ്, ടെലഫോണ്‍ അറ്റന്‍ഡര്‍, സ്‌റ്റെനോ, ടെലിമാര്‍ക്കറ്റിംഗ് തുടങ്ങി വ്യത്യസ്ത ഓമനപ്പേരുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നു. നമ്മുടെ ഗ്രാമങ്ങളില്‍ പോലും പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലും ടെക്‌സ്‌റ്റൈല്‍സുകളിലും സ്വര്‍ണക്കടകളിലും മറ്റും കസ്റ്റമറെ സ്വീകരിക്കാന്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്ന സുന്ദരികെള കാണാം. എന്തുകൊണ്ട് ഇവിടെയൊന്നും ഒരു പുരുഷനെ നിയമിക്കുന്നില്ല? ചെറിയ കടകളില്‍ പോലും, അതും പുരുഷ കസ്റ്റമേഴ്‌സ് മാത്രമുള്ള കടകളില്‍, റിസപ്ഷനില്‍ എന്തുകൊണ്ട് സ്ത്രീകളെ നിയമിക്കുന്നു? ഇപ്പോള്‍ കല്യാണങ്ങള്‍ക്കും മറ്റു ഫംഗ്ഷനുകള്‍ക്കും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും സൗകര്യങ്ങള്‍ ചെയ്യുന്നത്. ഇത്തരം പരിപാടികളില്‍ വീട്ടുകാരോ ഉത്തരവാദപ്പെട്ടവരോ വിരുന്നുകാരെ സ്വീകരിക്കാന്‍ നില്‍ക്കാതെ, അതിനായി സുന്ദരികളായ സ്ത്രീകളെ ‘പുട്ടിയിട്ട്, പെയിന്റുമടിച്ച്’ വേഷംകെട്ടിച്ച് സ്വീകരിക്കാന്‍ നിര്‍ത്തുന്നു. ഒരൊറ്റ പുരുഷ ശിരോമണിയെയും റിസപ്ഷനില്‍ കാണാന്‍ കിട്ടില്ല. എന്തിനധികം പല പൊതുപരിപാടികളിലും പിന്നണിയിലും മുന്നണിയിലും ജോക്കികളായി സ്ത്രീയെ വേഷം കെട്ടിച്ച് എഴുന്നള്ളിക്കുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ പോലും ഗസ്റ്റുകളെ സ്വീകരിക്കാന്‍ സ്ത്രീത്വം ചൂഷണം ചെയ്യപ്പെടുന്നു.

ചാനലുകളില്‍ ആങ്കര്‍മാരായി, അവതാരികകളായി വരുന്ന സ്ത്രീകളുടെ ജോലിയുടെ ആയുസ്സ് മിക്കവാറും ഒന്നോ രണ്ടോ വര്‍ഷം മാത്രമാണ്. എന്തുകൊണ്ട് ഇവര്‍ പെട്ടെന്ന് പിന്തള്ളപ്പെടുന്നു? പുതുമുഖങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു? എന്താണ് ഒന്നോ ഒന്നരയോ വര്‍ഷം കഴിയുമ്പോള്‍ ഈ പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന ഡിസ്‌കോളിഫിക്കേഷന്‍? എന്തുകൊണ്ട് അവള്‍ പുറത്താക്കപ്പെടുന്നു? ഇക്കാര്യം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പുതുമുഖങ്ങളാണ് കാഴ്ചക്കാര്‍ക്ക്് ദര്‍ശനസുഖം നല്‍കുക; അല്ലാതെ വേറെ ഒന്നുകൊണ്ടുമല്ല. ഇവിടെ പെണ്‍സൗന്ദര്യത്തെ, പെണ്‍ശരീരത്തെ വില്‍പനച്ചരക്കാക്കുകയാണ്. കസ്റ്റമേഴ്‌സിനെ ആനന്ദിപ്പിക്കാന്‍ സ്ത്രീ സൗന്ദര്യത്തെ ഉപയോഗപ്പെടുത്തുകയാണ്; മറ്റൊന്നുമല്ല ലക്ഷ്യം.

ഈ കുറിപ്പെഴുതാന്‍ ഉണ്ടായ പ്രചോദനം അടുത്ത ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും കുറച്ചുകാലമായി നമ്മുടെ നാടുകളില്‍ നടമാടിക്കൊണ്ടിരിക്കുന്ന സംഭവങ്ങളും സാമൂഹ്യമാറ്റങ്ങളുമാണ്. ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ് കോഡ് ആണ് ഒരു ചര്‍ച്ചാ വിഷയം. ബാലുശ്ശേരി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പാന്റ്‌സും ഷര്‍ട്ടും യൂണിഫോം ആയി തീരുമാനിച്ചു. അതിനോട് സമ്മിശ്ര പ്രതികരണങ്ങളും ഉണ്ടായി. ഈ ചര്‍ച്ചയ്ക്കിടെ ഒരു മലയാളം വാര്‍ത്താ ചാനല്‍ ഒരു ആണ്‍കുട്ടിയെ ഇന്റര്‍വ്യൂ ചെയ്തു. അവനോട് ഈ ഡ്രസ്സ് കോഡിനെക്കുറിച്ച് അവതാരിക ചോദിച്ചു. അവന്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ് കോഡിനെ വാനോളം പുകഴ്ത്തി. അവതാരകയുടെ അടുത്ത ചോദ്യം; ‘ഇതിപ്പോള്‍ പെണ്‍കുട്ടികള്‍ പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ആണല്ലോ. താങ്കള്‍ ചുരിദാര്‍ ധരിക്കുമോ, അല്ലെങ്കില്‍ സ്‌കേര്‍ട്ടും ടോപ്പും ധരിക്കുമോ?’ ആദ്യം അവനാകെ ചൂളിപ്പോയി. ഉടനെ അവനിലെ ‘പുരുഷ സ്വത്വം’ ഉണര്‍ന്നെണീറ്റു. ‘ഇല്ല, ഇല്ലില്ല, പറ്റില്ല,.. അതെങ്ങനെ പറ്റും?’ അവന്‍ ആ ചോദ്യം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ഈ ചോദ്യം സ്ത്രീയുടെ ഉടുക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന, അതിനെ ന്യായീകരിക്കുന്ന ‘അവന്‍മാരോടും’ നമുക്ക് ചോദിക്കാം. അവള്‍ എന്താകണമെന്ന്, അവള്‍ എന്ത് ധരിക്കണമെന്ന്, അവള്‍ എവിടെ പോകണം, എന്ത് പറയണം, എന്ത് ജോലി ചെയ്യണം എന്നെല്ലാം ‘അവന്‍മാര്‍‘ തീരുമാനിക്കും. അവളുമാര്‍ അടിമകളെപ്പോലെ അനുസരിക്കും. ആ അടിമത്തം സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായി അവള്‍ ആഘോഷിക്കും; കൂട്ടിലടക്കപ്പെട്ട പഞ്ചവര്‍ണക്കിളിയെ പോലെ. എന്നിരുന്നാലും ഇസ്‌ലാം സ്ത്രീക്ക് നിര്‍ബന്ധമാക്കിയ ഡ്രസ്സ് കോഡിനെ അടിമത്തത്തിന്റെ അടയാളമായി ചിത്രീകരിക്കാന്‍ ഇവര്‍ മുന്നിലുണ്ടാവുകയും ചെയ്യും.

സ്ത്രീക്ക് യോജിക്കാത്ത വേഷം അവളെ കെട്ടിക്കുന്ന, അവളെ ഭാവിയില്‍ മാര്‍ക്കറ്റിംഗില്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന രീതിയില്‍ സ്‌കൂളില്‍ നിന്നുതന്നെ പാകപ്പെടുത്തിയെടുക്കുന്ന, അവളെ അവള്‍െക്കതിരാക്കി മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയെടുക്കാനുള്ള ഗൂഢതന്ത്രം മാത്രമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ് കോഡിന്റെന ലക്ഷ്യവും ഒളിയജണ്ടയും. സ്ത്രീ ‘പെണ്ണാ’കാന്‍ എന്തുടുക്കണമെന്ന് പുരുഷന് നന്നായറിയാം…!

ഇതിനെക്കുറിച്ച് ആരും ചര്‍ച്ചചെയ്യുന്നത് കേള്‍ക്കുന്നില്ല. എന്തുകൊണ്ട്? നാം ജീവിക്കുന്നതും ഈയൊരു ബ്രെയിന്‍വാഷ് ചെയ്യപ്പെട്ട സമൂഹത്തില്‍ തന്നെയാണല്ലോ. നമ്മള്‍ എന്ത് ചിന്തിക്കണം, എന്ത് പറയണം, എങ്ങനെ പ്രതികരിക്കണം എന്നും അവര്‍ പഠിപ്പിച്ചുതരും. അതിനപ്പുറത്തേക്ക് ചിന്തിക്കാനോ പ്രതികരിക്കാനോ പറയാനോ നമുക്കറിയില്ല, അതാണ് യാഥാര്‍ഥ്യം. ‘നമുക്കെതിരായ എല്ലാ വിപ്ലവങ്ങളും നാം തന്നെ നയിക്കും’-തിയോഡര്‍ ഹെര്‍സനലിന്റെ ഈ വചനം ഇതിനോട് ചേര്ത്ത് വായിക്കുക.

ഇത്തരം മസ്തിഷ്‌ക പ്രക്ഷാളന പരിപാടികളുടെ പ്രചാരകരായി നമ്മില്‍ പലരും അറിഞ്ഞോ അറിയാതെയോ മാറുന്നുണ്ട്. കേരളത്തിലെ ഒരു പ്രമുഖ വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന, ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുള്ള സെമിനാറില്‍ ആശംസകള്‍ അര്‍പ്പിക്കാനായി പങ്കെടുത്ത, മലപ്പുറം ജില്ലയിലെ ഒരു വനിതാ കോളേജിന്റെ പ്രിന്‍സിപ്പല്‍, ആ സെമിനാറില്‍ അദ്ദേഹത്തിന്റെ ആശംസാപ്രസംഗത്തില്‍ പെണ്‍കുട്ടികളെ പ്രത്യേകം അഡ്രസ്സ് ചെയ്യവെ, ‘കുട്ടികളേ, നിങ്ങള്‍ ഡിഗ്രിയും പിജിയും പിഎച്ച്ഡിയും കഴിഞ്ഞ് എന്തെങ്കിലും ജോലി കിട്ടാതെ വിവാഹത്തിന് സമ്മതിക്കരുത്’ എന്ന നിരുത്തരവാദപരമായ, നെഗറ്റീവായ ഒരു നിര്‍ദേശം നല്‍കുകയുണ്ടായി. ആ പരിപാടിയില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി മെറ്റീരിയല്‍സും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന വളരെ പ്രമുഖനുമായ, അത്തരം വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നയിക്കുന്ന എന്റെ സുഹൃത്തായ അക്കാഡമിക്കല്‍ പ്രൊഫഷണലിസ്റ്റിന് ഒരു പ്രസന്റ്റേഷന്‍ അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാന്‍ ഞാനും അതില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിനായിരുന്നു ആദ്യ പ്രസന്റേഷന്‍ അവതരിപ്പിക്കാനുള്ള അവസരം. അദ്ദേഹത്തിന്റെ പ്രസന്റേഷന്‍ അവതരിപ്പിക്കുന്നതിനു മുമ്പേ അദ്ദേഹം പറഞ്ഞത് ‘നിങ്ങള്‍ സാറിന്റെ നിര്‍ദേശം ജീവിതത്തില്‍ പാലിച്ചു നിങ്ങളുടെ ജീവിതം തുലക്കരുത്’ എന്നായിരുന്നു. ‘വിവാഹവും കുടുംബജീവിതവും പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകണം’ എന്നായിരുന്നു.

കുടുംബമാണ് പ്രധാനം. അത് കഴിഞ്ഞേ ഉപരി പഠനവും ജോലിയും കരിയറുമുള്ളൂ. ജീവിതത്തില്‍ തീര്‍ച്ചയായും മുന്‍ഗണനാക്രമം പാലിക്കണം. ഈ പ്രിന്‍സിപ്പളിനെ പോലെയുള്ള അധ്യാപകരില്‍നിന്നും വിദ്യാഭ്യാസ, പൊതു പ്രവര്‍ത്തകരില്‍നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. അത്തരം ആളുകള്‍ അറിഞ്ഞോ അറിയാതെയോ മറ്റാരുടെയോ നാവായി, വക്താക്കളായി, പ്രചാരകരായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഇതൊരു വലിയ ദുരന്തമാണ്. മറ്റൊരു അനുഭവം കൂടി പറയാം

ഒരു പെണ്‍കുട്ടി; എസ്എസ്എല്‍സി കഴിഞ്ഞു പ്ലസ് ടു സയന്‍സ് കോഴ്‌സിനു ചേര്‍ന്നു. ഒരുകൊല്ലം എന്‍ട്രന്‍സ് കോച്ചിംഗിനു പോയി. എന്‍ട്രന്‍സ് കിട്ടിയില്ല. അവളോട് അവളുടെ പിതാവ് ഡിഗ്രിക്ക് പോകാന്‍ നിര്‍ദേശിച്ചു. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിക്കാന്‍ പറഞ്ഞു. കുട്ടി സമ്മതിച്ചില്ല. അവള്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നു കൊല്ലത്തെ പോളി ഡിപ്ലോമ ചെയ്തു. കോഴ്‌സ് കഴിഞ്ഞശേഷം അവളുടെ കല്യാണവും കഴിഞ്ഞു. ആ കോഴ്‌സ് ചെയ്തു എന്നല്ലാതെ അവള്‍ക്ക് ജോലി ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പ്രൊഫഷണല്‍ കോഴ്‌സിന് പകരം അവളുടെ പിതാവ് പറഞ്ഞപോലെ അവള്‍ ഇംഗ്ലീഷ് ഡിഗ്രി എടുത്തിരുന്നെങ്കില്‍ അവള്‍ക്ക് അതില്‍ പ്രാവീണ്യം നേടാനും തുടര്‍പഠനം നടത്താനും സാധ്യമാകുമായിരുന്നു. ആ അറിവ് തന്റെ മക്കള്‍ക്ക് പകര്‍ന്നുകൊടുക്കാനും കഴിയുമായിരുന്നു. അവള്‍ പിതാവിനോട് പറഞ്ഞു: ‘എന്റെ അധ്യാപകര്‍ പറഞ്ഞു വഴിതെറ്റിച്ചത് കൊണ്ടാണ് ഞാന്‍ പ്രൊഫഷണല്‍ കോഴ്‌സിന് മുതിര്‍ന്നത്. അന്ന് അങ്ങ് പറഞ്ഞതുപാലെ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും സയന്‍സ് ഡിഗ്രി പഠിച്ചിരുന്നെങ്കില്‍, ഹിസ്റ്ററി പഠിച്ചിരുന്നെങ്കില്‍ എനിക്കൊരുപാട് അറിവുനേടാന്‍ സൗകര്യമുണ്ടാകുമായിരുന്നു. ഇന്ന് ഞാനതില്‍ ഖേദിക്കുന്നു,..’

ഇത് നമ്മുടെയെല്ലാം കുടുംബങ്ങളിലും സമൂഹത്തിലും കാണുന്നതാണ്. എസ്എസ്എല്‍സി കഴിഞ്ഞ ഒരു കുട്ടിയുടെ ലക്ഷ്യം പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് മാത്രമാണ്; പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. എന്തുകൊണ്ട്? അറിവു നേടുന്നതിന് പകരം ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി പണം സമ്പാദിക്കുന്നതിലാണ് വ്യഗ്രത.

രണ്ട് യുവാക്കളുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട അനുഭവം പറയട്ടെ. അത്യാവശ്യം സാമ്പത്തികശേഷിയുള്ള കുടുംബം. സ്വന്തം വീടും സ്ഥലവുമുണ്ട്. പയ്യന്‍മാര്‍ക്ക് നല്ല വിദ്യാഭ്യാസവും ജോലിയും. ഇന്നത്തെ ചെറുപ്പക്കാരെ പോലെ ന്യൂജെന്‍ ഫ്രീക്കന്മാര്‍ അല്ല. പക്വതയുള്ള കുട്ടികള്‍. ഒരാള്‍ എനിക്കറിയാവുന്ന ഒരു കുടുംബത്തില്‍ നിന്ന് തന്നെ ബീ-ഫാം പഠിക്കുന്ന പെണ്‍കുട്ടിയെ കല്യാണ അന്വേഷണം നടത്തി. പെണ്‍കുട്ടിയുടെ ഡിമാന്‍ഡ് അവള്‍ക്ക് ജോലിക്ക് പോകണം എന്നതാണ്. മെഡിക്കല്‍ ഷോപ്പിലെ ജോലി! തന്റെ ഭാര്യയെ ഷോപ്പില്‍ ജോലിക്കയക്കാന്‍ താല്‍പര്യമില്ലാത്ത ചെറുപ്പക്കാരന്‍ കല്യാണത്തില്‍നിന്ന് പിന്മാറി. മറ്റൊരുത്തന്‍ എന്‍ജിനീയറാണ്. അവന് പല കല്യാണാലോചനകളും വന്നു. പെണ്‍കുട്ടികള്‍ക്ക് ജോലിക്കു പോണം. മിക്കവാറും കുട്ടികള്‍ ഡിഫാം, ബിഫാം, ഓഫ്താല്‍മോളജി, ലാബ് ടെക്‌നീഷ്യന്‍ തുടങ്ങിയ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണ്. ഒരാള്‍ക്കും  ബേസിക് വിദ്യാഭ്യാസം പോലുമില്ല. കേവലം ഒരു ഡിഗ്രി പോലുമില്ലാത്ത പെണ്‍കുട്ടികള്‍; അവര്‍ക്കു വേണ്ടത് ജോലിക്ക് പോവുകയാണ്. എന്തുകൊണ്ടാണ് കുട്ടികള്‍ ഇങ്ങനെ പറയുന്നത്? ആരാണ് ഇവരെ ഇങ്ങനെ ഡ്രൈവ്‌ ചെയ്യുന്നത്? തീര്‍ച്ചയായും നാം അന്വേഷിക്കേണ്ട, ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യം തന്നെയാണിത്.

വിവാഹമോചനങ്ങളും കുടുംബ പ്രശ്‌നങ്ങളും വിദ്യാഭ്യാസത്തിന്റെ പേരില്‍, തൊഴിലിന്റെ പേരില്‍ നടക്കുന്നത് നിത്യസംഭവമായിരിക്കുന്നു. അഭ്യസ്തവിദ്യരുടെ ഇടയിലെ വിവാഹമോചന തോത് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പ്രൊഫഷണല്‍ ലോകത്ത്. അവര്‍ക്ക് കുട്ടികള്‍  ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്‌നമല്ല.

ഈയിടെ സാമൂഹ്യബോധവും ഗുണകാംക്ഷയുമുള്ള ഏതാനും ഡോക്ടര്‍മാര്‍ നയിച്ച അബോര്ഷനെ കുറിച്ചുള്ള ഒരു ഓണ്‍ലൈദന്‍ ചര്‍ച്ച  കണ്ടു. അതില്‍ പറഞ്ഞ ചില കാര്യങ്ങള്‍ കേട്ട് ഞെട്ടിപ്പോയി. കേരളത്തില്‍ പഠനം, ജോലി, കരിയര്‍ തുടങ്ങിയവയെ ബാധിക്കുമെന്ന് ഭയപ്പെട്ടു സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാന്‍ (അബോര്‍ഷന്‍ ചെയ്യാന്‍) വരുന്ന മാതാപിതാക്കള്‍ ധാരാളമുണ്ടത്രെ! സ്വന്തം ജീനില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ കൊല്ലാന്‍ യാതൊരു മടിയും സങ്കോചവും ഇല്ലാത്ത അച്ഛനമ്മമാര്‍! 6-7 ആഴ്ച കഴിയുന്നതോടെ ഭ്രൂണം ഒരു മനുഷ്യനായി വളരാന്‍ തുടങ്ങും. ഈ മനുഷ്യനെയാണ് നിഷ്ഠൂരം അറുകൊല ചെയ്ത് തള്ളുന്നത്.

ആധുനികതയുടെ വക്താക്കള്‍ എന്ന ലേബലൊട്ടിച്ചു നടക്കുന്നവര്‍ ചൊല്ലിപ്പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ഒരു സ്ത്രീയും പുരുഷനും തമ്മില്‍ മൂന്നുനാലു വര്‍ഷം മാത്രമെ സ്‌നേഹം നിലനില്‍ക്കൂ എന്നാണ്. ഇത് പഠിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഇത്തരം വിവാഹമോചനങ്ങള്‍ നടക്കുക സ്വാഭാവികമാണ്. എവല്യൂഷനറി ബയോളജി എന്ന് പേരിട്ട്; ശാസ്ത്രം അതാണെന്ന് പറഞ്ഞ് ഇത്തരം കുടുംബകലഹങ്ങള്‍ ഉണ്ടാക്കുന്ന എഴുത്തുകളും പ്രസംഗങ്ങളും സര്‍വസാധാരണം. ഇതിനോടൊന്നും പ്രതികരിക്കാന്‍ ഒരാളും തയ്യാറുമല്ല. ലിബറലിസം, ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രചിന്ത എന്നീ പല പേരുകളില്‍ കുടുംബം കലക്കികള്‍, അധാര്‍മികതാ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മത, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ തയ്യാറുമല്ല. അല്ലെങ്കില്‍ പ്രാപ്തരല്ല, അതുമല്ലെങ്കില്‍ അത് സമൂഹ പോതുബോധത്തിനെതിരാകുമെന്ന ഭയം. അഥവാ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് വളരെ പരിമിതം. ചെയ്താല്‍ ക്രൂശിക്കപ്പെടുകയും ചെയ്യും. കുറെ ഉദാഹരണങ്ങള്‍ പറഞ്ഞത് നമ്മുടെ സമൂഹത്തിന്റെ നേര്‍ചിത്രം മനസ്സിലാക്കാന്‍ വേണ്ടിയാണത്. ഇത് ഏതെങ്കിലും മതവിഭാഗങ്ങളിലോ പ്രത്യേക മതത്തിലോ സമൂഹത്തിലോ മാത്രം അനുഭവപ്പെടുന്ന വിഷയങ്ങളല്ല.

ഇന്ന് ഫാമിലി കൗണ്‍സിലിംഗ് ആധുനിക വ്യവസായമാണ്. അധികം മൂലധനം ആവശ്യമില്ലാത്ത വ്യവസായം! അത് ഇന്നേറെ ആവശ്യമായി മാറിയിട്ടുണ്ട്. കാരണം അത്രയ്ക്ക് പ്രശ്‌നസങ്കീര്‍ണമാണ് കുടുംബ ജീവിതങ്ങള്‍. മദ്യവും മയക്കുമരുന്നും ആധുനികതയോടുള്ള ഭ്രമവും യുവതയെ പ്രശ്‌നവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവരെ അധോഗതിയിലേക്കാണ് തള്ളിവിടുന്നത്.

നമ്മുടെ കേരളവും കുറച്ചു കാലം കഴിഞ്ഞാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും പോലെ കെട്ടുറപ്പില്ലാത്ത, സിംഗിള്‍ പാരന്റിംഗ് ഉള്ള, പിതാവാരെന്ന് അറിയാത്ത മക്കള്‍ ജീവിക്കുന്ന  നരകമായി മാറാന്‍ സാധ്യതയുണ്ട്. വളരെ അപകടകരമായ ഭാവിയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. കല്യാണം കഴിച്ച ഭര്‍ത്താവ് ഫ്രീക്കന്‍ അല്ല എന്ന പേരില്‍ വിവാഹമോചനം നേടുന്ന പെണ്‍കുട്ടികള്‍ ഉള്ള നാട്! അവള്‍ കമ്പനിക്ക് പറ്റില്ല, സുഹൃത്തുക്കളോട് കമ്പനിക്ക് കൊള്ളില്ല, ഗ്ലാമര്‍ ഇല്ല, ലിബറല്‍ അല്ല എന്നൊക്കെ പറഞ്ഞു വിവാഹമോചനം നേടുന്ന യുവാക്കളുള്ള നാട്. ഈ സമൂഹം എങ്ങോട്ട് പോകുന്നു? സഗൗരം ചിന്തിക്കുക. നമ്മുടെ സമൂഹം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സ്ത്രീ ശാക്തീകരണം എന്ന പേരില്‍ സ്ത്രീവിരുദ്ധതയാണ് സര്‍ക്കാറുകളും ഫെമിനിസ്റ്റുകളും എന്‍ജിഒകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതല്ലേ വസ്തുത? ചാരിയാല്‍ ചാരിയത് മണക്കും എന്ന പഴഞ്ചൊല്ല് ശരിയാണ്. ജീര്‍ണിച്ച സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആ സമൂഹത്തിന്റെ ജീര്‍ണതകള്‍ എല്ലാവരെയും ബാധിക്കും. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്. കൂട്ടായ ഇടപെടലുകള്‍ ഉണ്ടായാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍  ഇല്ലാതാക്കാന്‍ കഴിയും.

പെണ്‍കുട്ടികളുടെ പഠനം, ജോലി തുടങ്ങിയ കാര്യങ്ങളോടുള്ള എതിര്‍പ്പല്ല ഈ ലേഖനത്തിന്റെ പ്രതിപാദ്യം. അവര്‍ പഠിക്കട്ടെ, ജോലി ചെയ്യട്ടെ. എന്നാല്‍ പഠനവും ജോലിയും കുടുംബ ജീവിതത്തിന് വിഘാതമായിക്കൂടാ. പണമുണ്ടായാല്‍ എല്ലാമായി എന്നത് മൂഢധാരണയാണ്.

അലി ചെമ്മാട്‌

നേർപഥം 

 

സാമൂഹ്യമാധ്യമങ്ങള്‍: ഇരുതലമൂര്‍ച്ചയുള്ള ആയുധം

സാമൂഹ്യമാധ്യമങ്ങള്‍: ഇരുതലമൂര്‍ച്ചയുള്ള ആയുധം

സോഷ്യല്‍ മീഡിയ വിപ്ലവ’ത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. അതില്‍ ഗുണവും ദോഷവും ഏറെയുണ്ട്. ഒരു മുസ്‌ലിം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയമൂലം നിരവധി പ്രശ്‌നങ്ങളിലാണ് പലപ്പോഴും നാം ചെന്നുചാടാറുള്ളത്.

മതകാര്യങ്ങളുടെ പേരിലുള്ള തര്‍ക്കവും കലഹവും ശകാരവുമൊക്കെ നാം കാണാറുണ്ട്. ചീത്ത പറയരുത് എന്ന് പഠിപ്പിച്ച മതത്തിന്റെ അനുയായികള്‍ മതത്തിന്റെ പേരില്‍ പരസ്പരം ചീത്ത പറയുന്നത് വിരോധാഭാസമല്ലേ?

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ് തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളിലൂടെ വ്യത്യസ്ത തരത്തിലാണ് വാഗ്വാദങ്ങള്‍ അരങ്ങേറുന്നത്. അതേസമയം നല്ല നിലയിലുള്ള പ്രബോധനപ്രവര്‍ത്തനങ്ങളും സന്ദേശകൈമാറ്റവും ഇവയിലൂടെ നടക്കുന്നുണ്ട്.

വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള വലിയ ഒരു വിപ്ലവം തന്നെയാണ് സോഷ്യല്‍ മീഡിയ വിപ്ലവം എന്നു പറയാം. വ്യാവസായിക വിപ്ലവം വന്നതിനു ശേഷം മുമ്പ് അപ്രധാനമായിരുന്ന ശക്തികള്‍ പലതും ലോകശക്തികളായി മാറി. അത് മറ്റു രാജ്യങ്ങളെ കോളനികളാക്കുന്നതിലേക്കുമെത്തിച്ചു. ഇതു തന്നെയാണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടെയും സംഭവിച്ചിരിക്കുന്നത്.

ഒരു ദശാബ്ദം മുമ്പ് വിവരങ്ങള്‍ അറിയുന്നതിനും കൈമാറുന്നതിനു ചില പരിമിത മാര്‍ഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം സംവിധാനങ്ങള്‍ ബിസിനസുകാരുടെയും സമ്പന്നരുടെയും കൈകളിലായിരുന്നു. പത്രമാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരുന്നു അന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിനാല്‍തന്നെ അവരുടെ സ്ഥാപിത താല്‍പര്യങ്ങളായിരുന്നു ഇതുവഴി കൂടുതലും പുറത്തുവന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഇതിനെല്ലാം അന്ത്യം കുറിക്കുകയാണുണ്ടായത്.

നേരത്തെ പറഞ്ഞതുപോലെ സോഷ്യല്‍ മീഡിയകള്‍കൊണ്ട് പലവിധ ഗുണങ്ങളും നേട്ടങ്ങളുമുണ്ട്. ആനുകാലിക വിഷയങ്ങളില്‍ നമ്മുടെ അഭിപ്രായങ്ങളള്‍ തുറന്നടിച്ച് പറയാനും പ്രോത്സാഹിപ്പിക്കാനും യോജിക്കാനും വിയോജിക്കാനുമെല്ലാം സോഷ്യല്‍ മീഡിയ ഇന്ന് വളരെ ഉപകാരപ്രദമാണ്. വിവരങ്ങള്‍ എത്രയും പെട്ടെന്ന് അറിയാനും കൈമാറാനും ഇവ ഉപയോഗിക്കപ്പെടുന്നു.

സ്വാഭാവികമായും എല്ലാത്തിനുമുണ്ടാകുന്ന ദോഷങ്ങള്‍ പോലെ ഇവകൊണ്ടും ദോഷങ്ങളുണ്ട്. ഇവയെ ഇരുതല മൂര്‍ച്ചയുള്ള വാളിനെ പോലെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമായിവരെ അതു പരിണമിച്ചിട്ടുണ്ട്. മാത്രമല്ല, നിരവധി വര്‍ഗീയ കലാപങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയകളിലെ ചില പോസ്റ്റുകള്‍ കാരണമായിട്ടുണ്ട്. പരസ്പര വിദ്വേഷം പടര്‍ത്തുന്നതിനും ശത്രുത വെച്ചു പുലര്‍ത്തുന്നതിനും വ്യക്തികളെ മോശമായി ചിത്രീകരിക്കാനും അപമാനിക്കാനുമെല്ലാം സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നവരുണ്ട്. സോഷ്യല്‍ മീഡിയവഴി രാജ്യദ്രോഹക്കുറ്റം ചെയ്ത് ജയിലിലടക്കപ്പെട്ടവരും ഏറെയുണ്ട്.  

അതിനാല്‍തന്നെ മുസ്‌ലിംകളെന്ന നിലയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഇസ്‌ലാമിക മൂല്യങ്ങളനുസരിച്ച് അവയെ കൈകാര്യം ചെയ്യാന്‍ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്

സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഇന്ന് പ്രബോധനരംഗത്തും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഇസ്‌ലാമിക പ്രചാരണത്തിന്റെ വേഗത കൂട്ടുന്നതിന് സോഷ്യല്‍ മീഡിയകള്‍ വലിയ പങ്കാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമികാധ്യാപനങ്ങളുടെ ഏത് ഭാഗവും പഠനത്തിനും മനനത്തിനും സാധ്യമാകത്തക്കവിധം ഇന്റര്‍നെറ്റില്‍ ഇന്ന് ലഭ്യമാണ്. പുസ്തകങ്ങളുടെയും റഫറന്‍സ് ലൈബ്രറികളുടെയും സ്ഥാനത്ത് ഇന്ന് സൈറ്റുകളും ബ്ലോഗുകളും സ്ഥാനമുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

ഈ വലയുടെ വരുതിയിലകപ്പെടാത്ത ഒന്നുമില്ലെന്ന് പറയാം. ഭാഷാവൈവിധ്യമോ വിഷയദാരിദ്ര്യമോ ഒന്നും ഇന്റര്‍നെറ്റിന് മുമ്പില്‍ വിലപ്പോവില്ല. വായന അറിയില്ലെന്ന് പറയാനവസരമില്ല ഇവിടെ. അക്ഷരം മുതല്‍ക്കങ്ങോട്ട് ഉയര്‍ന്ന ഡിഗ്രി എടുക്കുന്നതിന് വരെ സംവിധാനം നെറ്റില്‍ കാണാം. സമയക്കുറവും ഒരു ഒഴിവുകഴിവായി ബോധിപ്പിക്കാനാകില്ല. നടത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലും എന്തിനേറെ ജോലിക്കിടയില്‍പോലും കേള്‍ക്കാനും പഠിക്കാനുമുള്ള സംവിധാനം സൈറ്റുകളിലുണ്ട്. നെറ്റ് സംവിധാനം സാധാരണക്കാര്‍ക്കും സമ്പന്നര്‍ക്കുമെല്ലാം ഇന്നുണ്ട്. മോബൈലുകളിലെ നെറ്റ് ഉപയോഗം ഇന്ന് സാര്‍വത്രികമാണ്.  സോഷ്യല്‍ മീഡിയകളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത് അജ്ഞതയിലേക്കുള്ള തിരിച്ചുപോക്കാവും.

സൈറ്റുകളും ബ്ലോഗുകളും മാത്രമല്ല ഫേ സ്ബുക്കും യൂറ്റ്യൂബുമെല്ലാം ഇസ്‌ലാമിക പ്രബോനത്തിന് ഉപയോഗപ്പെടുത്തപ്പെടുന്നുണ്ട്.

ഇക്കാരണത്താല്‍ തന്നെ പാശ്ചാത്യലോകം ഇസ്‌ലാമിന്റെ ഈ ജാഗരണത്തെ ഭയപ്പാടോടുകൂടിയാണ് നോക്കിക്കാണുന്നത്. സത്യത്തിന്റെ പിറവി അസത്യങ്ങളുടെയും അധര്‍മങ്ങളുടെയും തിളക്കം കെടുത്തുമല്ലോ.

സോഷ്യല്‍ മീഡിയകളിലൂടെ പ്രബോധനം നടത്തുന്നതും വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പ്രഖ്യാപിച്ച അതേ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ടാകണം. നന്മയും സദുപദേശവുമായിരിക്കണം ഇവിടെയും മുഖമുദ്ര. സോഷ്യല്‍ മീഡിയകളില്‍ പറ്റുന്ന അബദ്ധം തിരുത്തുക വളരെ പ്രയാസകരമാണ്. കാരണം നിമിഷ നേരംകൊണ്ട് പ്രസിദ്ധപ്പെടുത്തിയ ലേഖനമോ ദൃശ്യ-ശ്രാവ്യ ക്ലിപ്പിംഗുകളോ മറ്റുള്ളവര്‍ അവരുടെ ഡിവൈസുകളിലേക്ക് മാറ്റിയിട്ടുണ്ടാകാം.

പ്രതികരണത്തിന് വേദിയുണ്ടെന്നത് (കമന്റ് കോളം) ഇതിന്റെ ഒരു ഉപകാരമാണ്. നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനുമുള്ള നമ്മുടെ ബാധ്യതാനിര്‍വഹണത്തിനും ഇത് അവസരം നല്‍കുന്നു. ഗ്രുപ്പ് മെയിലുകളിലോ ഫേസ്ബുക്ക് പോലെയുള്ള കൂട്ടായ്മകളിലോ ഷെയര്‍ ചെയ്താലാകട്ടെ ഏതൊരു സന്ദേശവും അതിവേഗം പ്രചരിപ്പിക്കപ്പെടുന്നു

മുഫീദ് പാലക്കാഴി

നേർപഥം 

 

ആത്മീയ ഉണര്‍വിന്റെ നൂറ്റാണ്ട്

ആത്മീയ ഉണര്‍വിന്റെ നൂറ്റാണ്ട്

മുസ്‌ലിം നവോത്ഥാനം പിറവിയെടുക്കുന്ന 19ാം നൂറ്റാണ്ടിലെയും 20ാം നൂറ്റാണ്ടിലെയും കേരള മുസ്‌ലിം സമുദായത്തിന്റെ സ്ഥിതി അത്യന്തം ശോചനീയമായിരുന്നു. മതപരമായ അജ്ഞതയും അന്ധവിശ്വാസങ്ങളും ഒരുഭാഗത്ത് ശക്തമായിക്കൊണ്ടിരുന്നപ്പോള്‍ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ സമുദായത്തെ പിന്നോട്ടുതള്ളി. ബുദ്ധിക്കും അറിവിനും നേരെ പുറംതിരിഞ്ഞുനിന്ന് അവര്‍ വേദഗ്രന്ഥത്തെപ്പോലും മാതൃഭാഷയിലൂടെ മനസ്സിലാക്കാനോ അതിന്റെ ആന്തരികാര്‍ഥവും വിശുദ്ധിയും ലാളിത്യവും ഗ്രഹിക്കാനോ തയ്യാറായിരുന്നില്ല. മറിച്ച് മതത്തിന്റെ പ്രാവരണത്തിനുള്ളില്‍ മുസ്‌ലിം സിദ്ധന്മാരും ‘സന്യാസി’മാരും ഒരുക്കിയ ചതിക്കുഴികളില്‍ വീണ് തപ്പിത്തടയുകയായിരുന്നു അവര്‍. അന്ധകാരത്തിലും അജ്ഞതയിലും വീണുപോയ മുസ്‌ലിം സമുദായത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയായിരുന്നു.

കച്ചവടപ്പാട്ടും മൈലാഞ്ചിപ്പാട്ടും ഒപ്പനപ്പാട്ടും അമ്മായിപ്പാട്ടും വെറ്റിലപ്പാട്ടും ആണ്ട്, നഹസ് പാട്ടുകളും മിഅ്‌റാജ് പാട്ടുകളും സീറപ്പാട്ടുകളും ഇല്ലല്ലാപ്പാട്ടുകളും പദാവലിപ്പാട്ടുകളും നരിപ്പാട്ടും നവരത്‌ന മാലയും താലോലപ്പാട്ടും ഒട്ടകമാന്‍ പാട്ടും കിളത്തിമാലയും കൊറത്തിപ്പാട്ടും തേങ്ങാപ്പാട്ടും മാങ്ങാപ്പാട്ടും എലിപ്പാട്ടും തീവണ്ടിപ്പാട്ടും കപ്പപ്പാട്ടും കുപ്പിപ്പാട്ടും പക്ഷിപ്പാട്ടും നൂല് മദ്ഹും  മസാലപ്പാട്ടും ജിന്‍ പടപ്പാട്ടുകളും കത്ത്പാട്ടുകളും കെസ്സ്പാട്ടുകളും ഖിസ്സപ്പാട്ടുകളും താലിപ്പാട്ടുകളും യുദ്ധകാവ്യങ്ങളും ബഹ് നസുകളും ഔലിയാ മാലകളും വിലാപകാവ്യങ്ങളും ഖുത്ബിയ്യത്തും കുത്തുന്ന റാത്തീബും കുത്താത്ത റാത്തീബും പേരു പറഞ്ഞെണ്ണിത്തീര്‍ക്കാന്‍ കഴിയാത്തത്ര മൗലിദ് ഇനങ്ങളും സബീനകളും ഏടുകളും വകകളും സ്വൂഫീവിര്‍ദുകളും അവരെ നിരതരാക്കിയപ്പോഴും വിശുദ്ധ ക്വുര്‍ആന്‍ തുറന്നിടുന്ന ചിന്താബന്ധുരമായ ദര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ഒരു ജനത മാറ്റത്തോട് എത്രമാത്രം പുറം തിരിഞ്ഞുനിന്നിട്ടുണ്ടാകും എന്ന് പറഞ്ഞറിയിക്കേണ്ടതില്ല.

പെണ്ണുങ്ങളോട് ആരെങ്കിലും വല്ല അന്യായവും ചെയ്താല്‍ ചേക്കുട്ടിപ്പാപ്പ അയാളുടെ ദേഹത്ത് കയറിക്കൂടും. ശാരീരികവും മാനസികവുമായ ഏതെങ്കിലും അസുഖമായിട്ട് അത് വെളിപ്പെടും; അല്ലെങ്കില്‍ കച്ചവടത്തില്‍ നഷ്ടം വരും; ചിലപ്പോള്‍ കന്നുകള്‍ക്കോ  വിളകള്‍ക്കോ ആപത്തു വരും എന്നൊക്കെ അവര്‍ തലമുറകളായി വിശ്വസിച്ചുപോന്നിരുന്നു. കാലിരോഗങ്ങള്‍ക്ക് കാഞ്ഞിരമറ്റത്തെ ഔല്യ, ഇഴജീവികളുടെ ശല്യങ്ങള്‍ തീരാന്‍ കുഞ്ഞിരായിന്‍ പാപ്പ, വന്യജീവികളുടെ ഉപദ്രവങ്ങള്‍ക്ക് തീണ്ടുമ്മല്‍ സീതി ഉപ്പാപ്പ, ഉറുമ്പിന്റെ ഉപദ്രവങ്ങള്‍ക്ക് സുലൈമാന്‍ നബി, കൂടാതെ തീക്കുട്ടി, കരിങ്കുട്ടി, ഗുളികന്‍, കുട്ടിച്ചാത്തന്‍, കാളി, കൂളി, ചാമുണ്ടി, ഒറ്റമുലച്ചി പോലുള്ള പിശാചുക്കള്‍ക്കും മാപ്പിളമാര്‍ അന്ന് നേര്‍ച്ച നടത്താറുണ്ടായിരുന്നു. അതിന് ‘കൊടുതി’ എന്നാണ് പറഞ്ഞിരുന്നത്. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ കോഴി, ബദ്‌രീങ്ങളുടെ ആട്, മമ്പുറത്തെ കാള മുതലായവ വീടുകളില്‍ സുലഭമായിരുന്നു. കൊയ് ത്തുകാലം തുടങ്ങിയ സുഭിക്ഷ ഘട്ടങ്ങളില്‍ നാഗൂരിന്റെയും മമ്പുറത്തിന്റെയും മറ്റും പേരില്‍ ധാരാളം ഫഖീറന്മാരും കലീവമാരും വീടുവീടാന്തരം കയറിയിറങ്ങും. വെള്ളിക്കാല്, വെള്ളിക്കണ്ണ് തുടങ്ങിയ നേര്‍ച്ച വസ്തുക്കളും മറ്റും തരപ്പെടുത്താനുള്ള തന്ത്രങ്ങള്‍ അവര്‍ക്ക് വശമായിരുന്നു.

വസൂരി, കോളറ, ഭ്രാന്ത് തുടങ്ങിയ രോഗങ്ങള്‍ക്ക് നൂല്, മന്ത്രം, ഏലസ്സ്, ഐക്കല്ല്, മന്ത്രിച്ച വെള്ളം, പിഞ്ഞാണമെഴുത്ത്, ഉഴിഞ്ഞിടല്‍, മാരണം, ഹോമം, നഫീസത്ത് മാല പാടല്‍, ഖുതുബിയ്യത്ത്, മൗലൂദ്, റാത്തീബ് എന്നിവയായിരുന്നു ചികിത്സാവിധികള്‍. മഹാവ്യാധികള്‍ക്കായിരുന്നു കൂട്ടബാങ്കുകള്‍. ജലദോഷം, പനി തുടങ്ങിയവക്ക് നൂല്, സുഖപ്രസവത്തിന് പിഞ്ഞാണമെഴുത്ത്, നഫീസത്ത് മാല പാടല്‍ എന്നിവയൊക്കെയായിരുന്നു ചികിത്സകള്‍. കോളറ തട്ടുചെകുത്താനും വസൂരി കുരുപ്പ് ചെകുത്താനും അപസ്മാരം കൂക്കി ചെകുത്താനും ഗുളികന്‍, രക്തരക്ഷസ്സ്, ബ്രഹ്‌മരക്ഷസ്സ്, മലചവിട്ടി, തേര്, പേന്താന്‍, റൂഹാനി, ഖബറാളി, പൊട്ടിച്ചൂട്ട് തുടങ്ങിയ പിശാചുക്കളും രാത്രിയായാല്‍  ൈസ്വ ര്യ വിഹാരംചെയ്യുമെന്നായിരുന്നു വിശ്വാസം.

പാണന്‍, പറയന്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ രാത്രികാലങ്ങളില്‍ ഒടിമറഞ്ഞ് ആളുകളെ ഒടിച്ചുകൊല്ലുമെന്നും ജനങ്ങള്‍ വിശ്വസിച്ചിരുന്നു. മൂങ്ങവര്‍ഗത്തില്‍പ്പെട്ട കുറ്റിച്ചൂളാന്‍ (കാലന്‍കോഴി) എന്ന പക്ഷി രാത്രികാലങ്ങളില്‍ കൂകിയാല്‍ അടുത്തെവിടെയെങ്കിലും മരണം സംഭവിക്കുമെന്ന് ജനങ്ങള്‍ വിശ്വസിച്ചുപോന്നിരുന്നു. അങ്ങേക്കരയില്‍നിന്ന് കാലന്‍കോഴി കൂകിയാല്‍ ഇങ്ങേക്കരയില്‍ മരണം സംഭവിക്കുമെന്നായിരുന്നു ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. തനിക്കോ തന്റെ ബന്ധുക്കള്‍ക്കോ മരണം സംഭവിക്കാതിരിക്കുന്നതിനുള്ള ചില വിദ്യകളും ഉണ്ടായിരുന്നു. കുറ്റിച്ചൂലെടുത്ത് കുത്തനെ വെക്കുക എന്നതായിരുന്നു അതിലൊന്ന്.

മാരണം അന്ന് ചിലയാളുകളുടെ കുലത്തൊഴിലായിരുന്നു. മാരണം ചെയ്യലും ചെയ്യിക്കലും മാറ്റലും മറിച്ച് ചെയ്യലുമൊക്കെയായിരുന്നു അന്നത്തെ സജീവ ചര്‍ച്ചാവിഷയങ്ങള്‍. ഈ ചെയ്യലും ചെയ്യിക്കലും കാരണം എത്രയോ ബന്ധുക്കള്‍ തമ്മില്‍ ബഹളവും അടിപിടിയും കുത്തിക്കൊലകളും നടക്കാറുണ്ടായിരുന്നു. സിഹ്‌റില്‍ പലതരം ഇനങ്ങളുണ്ടായിരുന്നു. എതിര്‍കക്ഷിയെ കൊല്ലുന്നതിനു വേണ്ടി രക്തം വിസര്‍ജിപ്പിക്കുക, പാമ്പിനെ അയക്കുക തുടങ്ങിയവയൊക്കെ അവയില്‍ ചിലത് മാത്രമാണ്.

പുരുഷന്റെ മൊട്ടത്തലയും സ്ത്രീയുടെ കൈലാറ്റ(1) പോലുള്ള കാത്കുത്തും മതവിശ്വാസത്തിന്റെ ഭാഗമായിത്തന്നെയാണ് ഗണിക്കപ്പെട്ടിരുന്നത്. വലത്തെകാതില്‍ പന്ത്രണ്ടും ഇടത്തെ കാതില്‍ പതിനൊന്നും ദ്വാരങ്ങള്‍. അവയില്‍ സ്വര്‍ണച്ചിറ്റോ വെള്ളിച്ചിറ്റോ വെറും നൂലോ ഒക്കെ ഇടുമായിരുന്നു. അങ്ങനെ കാത് കുത്തുന്നത് മുസ്‌ലിം ആചാരമായും അങ്ങനെ കുത്താതിരിക്കുന്നത് അമുസ്‌ലിം സമ്പ്രദായമായുമായാണ് ഗണിച്ചിരുന്നത്.

മുസ്‌ലിം പുരുഷന്മാരോ സ്ത്രീകളോ അടിവസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് അന്ന് പുരോഹിതന്മാര്‍ പറഞ്ഞത്. പുരുഷന്മാര്‍ അണ്ടര്‍വെയര്‍ ധരിച്ചാല്‍ മൂത്രം മുറിയുകയില്ലെന്നും സ്ത്രീകളുടെ പാവാട, സാരി പോലുള്ളവ അമുസ്‌ലിം വസ്ത്രമാണെന്നുമുള്ള വാദങ്ങള്‍ മതപ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സമര്‍ഥിക്കുവാനാണ് പുരോഹിതന്മാര്‍ ശ്രമിച്ചത്.

കേരള മുസ്‌ലിംകളെ ആസൂത്രിതനീക്കങ്ങളിലൂടെ ക്രൈ സ്ത വാദര്‍ശങ്ങളിലേക്ക്‌ പറിച്ച്‌നടാനുള്ള കൊണ്ടുപിടിച്ച ശ്രമം ബ്രിട്ടീഷ്‌ കൊളോണിയല്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കെയാണ് സമുദായ നേതൃത്വം അവകാശപ്പെട്ടിരുന്ന പുരോഹിതന്മാര്‍ സ്വാര്‍ഥതയുടെ മൂര്‍ത്തിമദ്ഭാവങ്ങളായി പരിലസിച്ചിരുന്നത് എന്നത് എത്രമേല്‍ ജുഗുപ്‌സാവഹമാണ്. പാശ്ചാത്യ മിഷനറിമാരെ ഇറക്കുമതി ചെയ്ത് അധികാരത്തോടൊപ്പം കര്‍ത്താവിനെയും ദൈവത്തോടൊപ്പം അപ്പത്തേയും ആതുരസേവനത്തോടൊപ്പം ആദര്‍ശത്തെയും ഒളിച്ച്കടത്താനുള്ള ശ്രമങ്ങള്‍ ശക്തമായ കാലം. ഇതിനെപറ്റിയൊന്നും ബോധവാന്മാരാകാത്ത മുസ്‌ലിം സമൂഹം എത്രമാത്രം ഉദാസീനമായിരുന്നു എന്നത് ചരിത്രത്താളുകളെ ഈറനണിയിക്കുന്നുണ്ട്, തീര്‍ച്ച. ഈ ആപല്‍സന്ധിയില്‍ സമുദായരക്ഷകനായി വന്ന മക്തിതങ്ങളെ (2) ഭ്രഷ്ട്  കല്‍പിച്ച് ഒറ്റപ്പെടുത്താനായിരുന്നു പുരോഹിതന്മാര്‍ ഊര്‍ജം ചെലവഴിച്ചിരുന്നത്!

പള്ളിദര്‍സുകളില്‍ പടച്ചവന്റെ കിതാബിനെക്കാള്‍ പത്തുകിതാബിന് പ്രാമുഖ്യം നല്‍കി അക്ഷരംപ്രതി പഠിപ്പിച്ചിരുന്ന ഒരു സമൂഹത്തില്‍ പൊളിച്ചെഴുത്ത് ഏറ്റവും അനിവാര്യമായിരുന്നു. വര്‍ഷങ്ങളോളം അറബി കിതാബുകള്‍ വായിച്ചതിനുശേഷവും അറബിയില്‍ സ്വന്തമായി എഴുതാനോ എഴുതപ്പെട്ടവ വായിച്ചുമനസ്സിലാക്കാനോ സാധിച്ചിരുന്നില്ല.

പരമ്പരാഗത ദര്‍സ് പഠനരീതിയില്‍നിന്നും വ്യത്യസ്തമായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനത്തിന് കേരളത്തില്‍ ആദ്യമായി തുടക്കംകുറിച്ചത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്. 1913 ജനുവരി 1ന് കൊയപ്പത്തൊടി മോയിന്‍കുട്ടി ഹാജി(3)യുടെ പിന്തുണയോടെ ‘പുതിയ വിദ്യാലയ നിയമങ്ങള്‍’ എന്ന പേരില്‍ സിലബസ് തയ്യാറാക്കുകയും പത്തുവര്‍ഷത്തെ കരിക്കുല സംവിധാനം ചിട്ടപ്പെടുത്തുകയും ചെയ്തു. ഈ സിലബസ് പ്രകാരമുള്ള പഠനരീതി വാഴക്കാട് ദാറുല്‍ ഉലൂമില്‍ ആംഭിച്ചു. ഓരോ വിഷയത്തിനും ഓരോ പീരിയഡ് നിശ്ചയിച്ചതും ഡസ്‌ക്, ബെഞ്ച് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചതും അന്ന് പുതുമയായിരുന്നു. സാധാരണ വിഷയങ്ങള്‍ക്ക് പുറമെ മലയാള സാഹിത്യവും വ്യാകരണവും പത്രവായനാ പരിശീലനവും ശാസ്ത്രവിഷയങ്ങളും കൂടി അവിടെ പഠിപ്പിച്ചിരുന്നു. പ്രബോധിതരായ മലയാളികളോടുള്ള ഫലപ്രദമായ ആശയ സംവേദനത്തിന് ഈ മാറ്റം പണ്ഡിതന്മാരെ പ്രാപ്തരാക്കി. അറബിയില്‍ പ്രസംഗിക്കുന്നതിനും എഴുതുന്നതിനും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

ചാലിലകത്ത് സ്വന്തം പാഠശാലയില്‍ ആൺ -പെണ്‍ വ്യത്യാസമില്ലാതെ ഒരുപോലെ പ്രവേശനം നല്‍കി. മാത്രമല്ല സ്വന്തം പുത്രിമാരെയും അമ്മാവന്‍ അബ്ദുല്ല മുസ്‌ലിയാരുടെ പുത്രിമാരെയും സ്‌കൂളില്‍ ചേര്‍ക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. മുസ്‌ലിംകള്‍ അറബിമലയാളം മാത്രം മാധ്യമമായി ഉപയോഗിച്ചിരുന്ന കാലത്ത് മലയാള ഭാഷയെ ജനകീയമാക്കാനും സ്ത്രീവിദ്യാഭ്യാസം സാര്‍വത്രികമാക്കാനുമുള്ള  മാതൃകകള്‍ സൃഷ്ടിച്ചു. എന്നാല്‍, അഭൂതപൂര്‍വമായ ഈ പുണ്യത്തെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയാണ് ഇരുട്ടിന്റെ വൈതാളികരായ യാഥാസ്ഥിതിക പൗരോഹിത്യം നിലയുറപ്പിച്ചത്.

ചാലിലകത്തിന്റെ ഈ മഹനീയ മാതൃക പിൻ പറ്റിയാണ് പിന്നീട് കേരളത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നത്. സയ്യിദ് ഥനാഉല്ലാഹ് മക്തിതങ്ങള്‍ തുടങ്ങിവെച്ച പ്രവര്‍ത്തയങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്. ദര്‍സിന്റെ ആശയദാരിദ്ര്യത്തെയും അശാസ്ത്രീയ രീതികളെയും മക്തിതങ്ങള്‍ തന്റെ നിരവധി കൃതികളില്‍ ചോദ്യംചെയ്യുന്നുണ്ട്.(4)

1924 മെയ് 10,11,12 തീയതികളില്‍ ആലുവയില്‍ ചേര്‍ന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമ എന്ന കേരള മുസ്‌ലിംകളുടെ പ്രഥമ പണ്ഡിതസംഘടന രൂപീകരിക്കപ്പെട്ടു. വെല്ലൂര്‍ ബാക്വിയാത്തുസ്സ്വാലിഹാത്ത് അറബിക്കോളജ് പ്രിന്‍സിപ്പാള്‍ ശൈഖ് അബ്ദുൽ ജബ്ബാർ ഹസ്‌റത്ത് സമ്മേളനത്തിലെ തന്റെ അധ്യക്ഷ ഭാഷണത്തില്‍ പള്ളി ദര്‍സുകളില്‍ നടപ്പുള്ള പല കിതാബുകളും നീക്കം ചെയ്തു പകരം ഉപകാരപ്രദമായ കിതാബുകള്‍ പഠിപ്പിക്കപ്പെടുമെന്ന് ഊന്നിപ്പറഞ്ഞിരുന്നു.

അൽ അസ്ഹര്‍, അലീഗര്‍ സര്‍വകലാശാലകളുടെ ചുവടുപിടിച്ചുകൊണ്ട് ആലുവയില്‍ അറബിക്‌ സര്‍വകലാശാല യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങള്‍ക്കും ഈ സമ്മേളനം കരുത്ത് പകര്‍ന്നു. വൈജ്ഞാനിക നവോത്ഥാനത്തിന് അഗ്‌നി പകര്‍ന്ന ഈ മഹാസമ്മേളനത്തില്‍ ക്ഷണിതാക്കളായി പങ്കെടുത്ത പണ്ഡിതന്മാരില്‍ ചിലര്‍ക്കു തന്നെ ശരിയായ മതം എന്തെന്ന് നിശ്ചയമുണ്ടായിരുന്നില്ല. അക്കാര്യം അല്‍പം വിശദമായി താഴെ പറയാം:

ആലുവ സമ്മേളന പരിപാടികളിൽ പെട്ട ഒന്നാമത്തെ യോഗം അവസാനിച്ച ശേഷം അടുത്ത യോഗത്തിനുള്ള വിഷയ നിര്‍ണയക്കമ്മിറ്റി ചേര്‍ന്നു. അതില്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിന്റെ നിര്‍ദേശമനുസരിച്ച് വെല്ലൂര്‍ ബാഖിയാത്തിലെ അധ്യാപകനായ അബ്ദുര്‍റഹീം ഹസ്രത്താണ് അധ്യക്ഷത വഹിച്ചത്. വിഷയ നിര്‍ണയക്കമ്മിറ്റിയുടെ പരിഗണനക്കു വന്ന ആദ്യത്തെ പ്രമേയം ഇതായിരുന്നു:

‘നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യുന്ന ഒരു സംഘമുണ്ടായിരിക്കല്‍ ഫര്‍ദുകിഫായയാണ്.(5) അതുകൊണ്ട് കേരളത്തിലെ ഉലമാക്കളുടെ(6) ഒരു സംഘം ഉണ്ടായിരിക്കണമെന്ന് ഈ യോഗം തീരുമാനിക്കുന്നു.’(7)

പ്രമേയം ചര്‍ച്ചക്ക് വന്നപ്പോള്‍ ആ യോഗത്തിലുണ്ടായിരുന്ന ഒരു ബാഖവി(8) ‘ഇങ്ങനെ ഒരു സംഘമുണ്ടായിരിക്കല്‍ ഫര്‍ദ് കിഫായയാണെന്നതിന് എന്താണ് ദലീല്‍‘(9) എന്ന് ചോദിച്ചു. ഇതിന് മറുപടിയായി ‘നന്മയിലേക്കു ക്ഷണിക്കുകയും നല്ലത് കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളുടെ കൂട്ടത്തിലുണ്ടായിരിക്കണം; അവരത്രെ വിജയികള്‍’(10)എന്നര്‍ഥം വരുന്ന ക്വുര്‍ആന്‍ വാക്യം ഇ.കെ.മൗലവി ഉദ്ധരിച്ചു. ‘അത് ക്വുര്‍ആന്‍ ആയത്തല്ലേ? അതവിടെ നില്‍ക്കട്ടെ. ഞാന്‍ ദലീലാണ്  ചോദിച്ചത്. ശറഇന്റെ ഇമാമുകള്‍ എന്തു പറയുന്നുവെന്നാണ് എനിക്കറിയേണ്ടത്’ എന്നായി അയാള്‍. തല്‍സമയം ഇ.കെ. മൗലവി അധ്യക്ഷനോട് ‘ക്വുര്‍ആന്‍ ആയത്ത് ദലീലായി സ്വീകരിക്കുകയില്ലേ’ എന്ന് ചോദിച്ചു. ആ ബാഖവിയുടെ സമീപനത്തില്‍ അധ്യക്ഷന് ദേഷ്യം വരികയും മറുപടി നല്‍കി അയാളെ ഇരുത്തുകയും ചെയ്തു.(11)

ഇസ്‌ലാമി െൻറ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ച് ഇതാണ് പണ്ഡിതന്മാരിൽ ചിലരുടെ ധാരണയെങ്കിൽ അത്രയും കാലം സാധാരണക്കാരെ അവർ എത്രമാത്രം വഴിതെറ്റിച്ചിട്ടുണ്ടാകും എന്ന് ആലോചിച്ചുനോക്കുക!

പണ്ഡിതന്മാരോ അവരുടെ ഗ്രന്ഥങ്ങളോ അധ്യാപനങ്ങളോ ഇസ്‌ലാമിക പ്രമാണങ്ങളല്ല. പ്രമാണങ്ങളെ പൊതുജനങ്ങള്‍ക്ക് പഠിക്കാനുള്ള ഗൈഡുകള്‍ മാത്രമാണ്. ഇസ്‌ലാമിലെ പണ്ഡിത സങ്കല്‍പം തിരുവായ് ക്ക് എതിര്‍വാ ഇല്ലാത്ത പൗരോഹിത്യമല്ല. ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുര്‍ആന്റെയും സ്വഹീഹായ ഹദീസുകളുടേയും അപ്രമാദിത്വവും ആധികാരികതയും പണ്ഡിതന്മാര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി പണ്ഡിതന്മാര്‍ പറയുന്നതിനെ പിന്‍പറ്റുന്നത് ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നു.

വിശുദ്ധ ക്വുര്‍ആന്‍ ഒരു പാരായണ ഗ്രന്ഥം മാത്രമല്ല, മനുഷ്യന്റെ ഭൗതിക ജീവിതത്തിൽ പാരത്രിക രക്ഷക്കുതകുന്ന വിശ്വാസങ്ങളും കര്‍മങ്ങളും ധര്‍മനിഷ്ഠകളും കൃത്യമായി പകര്‍ന്നു നല്‍കാന്‍ പ്രപഞ്ച നാഥന്‍ അവതരിപ്പിച്ച പ്രമാണവും കൂടിയാണ്. അതിന്റെ ഉള്ളടക്കങ്ങളിലേക്ക് കേരള മുസ്‌ലിം ജനത ആകൃഷ്ടരായിപ്പോയാല്‍ തങ്ങളുടെ ദുര്‍ബോധനങ്ങള്‍ നിഷ്ഫലമാകുമെന്ന് ഭയന്ന ഒരു പണ്ഡിതന്‍ എഴുതിവിട്ട കുതന്ത്രം കാണുക:

‘ക്വുർആനിൽ നിന്നും ഒരായത്തിന്റെയും അര്‍ഥം പഠിക്കല്‍ പൊതുജനങ്ങള്‍ക്ക് നിര്‍ബന്ധമില്ല. ഓതല്‍ നിര്‍ബന്ധമായത് ഫാതിഹ മാത്രമാണ്. അതും അര്‍ഥം പഠിക്കല്‍ നിര്‍ബന്ധമില്ല. പ്രത്യേക സുന്നത്തുമില്ല. ക്വുര്‍ആനിന്റെ തര്‍ജമ പഠിക്കല്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേകം സുന്നത്തായിയെങ്കിലും എണ്ണിപ്പറഞ്ഞ ഒരു കിതാബോ ആലിമീങ്ങളോ ഫിക്വ് ഹിലും ഫുക്വഹാക്കളിലും ഇല്ല. ഇതാണ് ക്വുര്‍ആനിന്റെ അര്‍ഥവും പൊതുജനങ്ങളുമായുള്ള ബന്ധവും.’ (12)

ഇസ്‌ലാമിക പ്രമാണങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു സമൂഹ സൃഷ്ടിക്കായി തന്റെ അനുഗൃഹീത ജിഹ്വ കൊണ്ടും തൂലിക കൊണ്ടും അനവരതം യത്‌നിച്ച മഹാപണ്ഡിതന്‍ കണ്ണൂര്‍ പി. അബ്ദുൽ ഖാദിര്‍ മൗലവിയുടെ ഇസ്വ്‌ലാഹീ പ്രഭാഷണങ്ങള്‍ക്ക് ഖണ്ഡനം നടത്തവേ ഒരു യാഥാസ്ഥിതിക പണ്ഡിതന്‍ പ്രമാണങ്ങളെ തിരസ്‌കരിക്കാൻ വേണ്ടി ജനങ്ങളെ ആഹ്വാനം ചെയ്ത വാക്കുകള്‍ എത്രമാത്രം ഗൗരവതരമായിരുന്നുവെന്ന് നോക്കുക:

“വല്ല കാര്യത്തിലും അഭിപ്രായഭിന്നതയുണ്ടായാല്‍ അത് ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കുകയാണ് വേണ്ടത് എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍ ‘മടക്കേണ്ടതില്ല, മടക്കരുത്, മടക്കുകയില്ല’ എന്നു നിങ്ങള്‍ അവരോട് പറഞ്ഞേക്കണം.’’(13)

മറ്റൊരു പണ്ഡിതന്‍ എഴുതി:

“സാധാരണക്കാരന് മതപണ്ഡിതനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്‍ സത്യം പറയട്ടെ, അല്ലെങ്കില്‍ ശരി പറയട്ടെ, അബദ്ധം പറയട്ടെ, സാധാരണക്കാരുടെ ബാധ്യത പണ്ഡിതന്മാര്‍ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തില്‍ ഇജ് മാഅ് ഉണ്ട്’’ (മുസ്ത സ് ഫ 21-23) (14)

സമൂഹത്തെ നേരെ നയിക്കാന്‍ ഉത്തരവാദപ്പെട്ട പണ്ഡിതന്മാര്‍, സമൂഹം നിര്‍മിച്ചുണ്ടാക്കിയ ദുരാചാരങ്ങളുടെ സംരക്ഷകരായി നില കൊണ്ടു. ബോധ്യപ്പെട്ട സത്യങ്ങൾ പോലും തുറന്നുപറയാനുള്ള ആര്‍ജവമുള്ളര്‍ അക്കൂട്ടത്തില്‍ വിരളമായിരുന്നു. മഹാഭൂരിപക്ഷം പണ്ഡിതന്മാരുടേയും വൈജ്ഞാനിക നിലവാരം പരമദയനീയമായിരുന്നു.

ജ്ഞാനവൃദ്ധനായ കരുവള്ളി മുഹമ്മദ് മൗലവി(15) അത്തരം ഒരു അനുഭവം വിവരിച്ചത് വായിക്കുക:

“മലപ്പുറം പള്ളിയില്‍ ‘തേനു മുസ്‌ലിയാര്‍‘(16) എന്ന പേരിലൊരു പണ്ഡിതനുണ്ടായിരുന്നു. ‘തേനു മുസ്‌ലിയാര്‍ തങ്ങള്‍‘ എന്ന് ആളുകള്‍ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നു. അങ്ങനെ ഒരു ദിവസം കൂട്ടായി അബ്ദുല്ല ഹാജി (17) മലപ്പുറത്ത് ഒരു പ്രസംഗം നടത്തി. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തുകൊണ്ടുള്ള പ്രസംഗത്തില്‍ മുഹ്‌യിദ്ദീന്‍ മാല പാടുന്നത് പുണ്യമല്ലെന്നും അത് കൂലിയുള്ള കാര്യമല്ലെന്നും പറഞ്ഞിരുന്നു. ഈ പ്രസംഗം കേള്‍ക്കാന്‍ ഇടയായ ഏതാനും ആളുകള്‍ തേനു മുസ്‌ല്യാരെ സമീപിച്ചുകൊണ്ട് മുഹ്‌യിദ്ദീന്‍ മാലയെ സംബന്ധിച്ചുകൊണ്ട് അബ്ദുല്ല ഹാജി പറഞ്ഞതിനെ കുറിച്ച് അഭിപ്രായം ചോദിച്ചു. മുസ്‌ലിയാരുടെ മറുപടി രസകരമായിരുന്നു: ‘മാല പാടിയാല്‍ കൂലി കിട്ടുമെന്ന് മാലയില്‍ തന്നെ പറഞ്ഞ കാര്യം കൂട്ടായി അബ്ദുല്ല ഹാജി കണ്ടിട്ടില്ലേ’ എന്നായിരുന്നു ആ പ്രതികരണം. ‘മൊളിയൊന്നും കളയാതെ പിളയാതെ ചൊന്നോര്‍ക്ക് മണി മേടം സ്വര്‍ഗത്തില്‍ നായന്‍ കൊടുക്കുമേ’ എന്ന മാലയിലെ വരിയാണ് മുസ്‌ലിയാര്‍ ഇവിടെ ഉദ്ദേശിച്ചത്. മതപണ്ഡിതന്മാര്‍ക്ക് മതത്തെ കുറിച്ചുള്ള അറിവ് എത്രയുണ്ടെന്നതിന്റെ തെളിവാണിത്. ഹംദും സ്വലാത്തുംകൊണ്ട് തുടങ്ങുന്നതും വലത്തുനിന്ന് ഇടത്തോട്ട് എഴുതിയതുമായ സകലതും പണ്ഡിതന്മാര്‍ക്കുതന്നെ മതപ്രമാണങ്ങളായിരുന്നു അന്ന്.’’ (18)

കരുവള്ളി മുഹമ്മദ് മൗലവി നവോത്ഥാനത്തെ വിവരിച്ചത് വായിക്കുക:

“19ാം നൂറ്റാണ്ടില്‍ ജീവിച്ച മുസ്‌ലിംകളെ കുറിച്ച് നമുക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്നത്തെ പരിഷ്‌കൃതമുസ്‌ലിം സാമൂഹിക സാഹചര്യവുമായി താരതമ്യം െചയ്യുമ്പോള്‍ അതിൽ നിന്ന് നമുക്ക് വേര്‍തിരിഞ്ഞ് കിട്ടുന്ന സാമൂഹിക നന്മയിലധിഷ്ഠിതമായ സദ്ഫലങ്ങളാണ് വാസ്തവത്തില്‍ നവോത്ഥാനം.’’ (19)

പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട മതകാര്യങ്ങളൊക്കെ മതവിരുദ്ധ കാര്യങ്ങളായും മതപ്രമാണങ്ങളുടെ യാതൊരു പിന്തുണയുമില്ലാത്ത പല അനാചാരങ്ങളെയും മതത്തിന്റെ അവിഭാജ്യ ഭാഗമായും സമൂഹം ധരിച്ചുപോന്നു. ‘കാത്കുത്ത്’ സമ്പ്രദായം അതിലൊന്നാണ്. മുസ്‌ലിം പെണ്‍കുട്ടികളെ തിരിച്ചറിയാനുള്ള അടയാളമായിരുന്നു കാതുകുത്ത്. കാത് കുത്താത്ത പെണ്‍കുട്ടികള്‍ക്ക് പഴയ കാലത്ത് കല്യാണം മുടങ്ങിയിരുന്നു. അതേപോലെ ഭൗതിക വിദ്യാഭ്യാസത്തോടും മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ പഠിക്കുന്നതിനെയുമൊക്കെ സംബന്ധിച്ച് മതവിരുദ്ധം എന്ന് തന്നെയായിരുന്നു സമൂഹം കണക്കാക്കിയിരുന്നത്. അങ്ങനെ അജ്ഞത തളം കെട്ടിയ അന്ധകാര നിബിഢമായൊരു ലോകമായിരുന്നു സമുദായത്തിന്റേത്. ഈയൊരു പതിത്തത്തിൽ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ സമുദായ സ്‌നേഹികള്‍ നടത്തിയ പരിശ്രമങ്ങളാണ് ഇന്ന് കാണുന്ന പരിഷ്‌കൃത സമൂഹത്തിന്റെ സൃഷ്ടിപ്പിന് കാരണമായത്. അതിനെ കുറിച്ചാണ് നാം നവോത്ഥാനം എന്ന് പറയുന്നത്.’’(20)

ഡോ.ഷാനവാസ് പറവണ്ണ ചേക്കുമരക്കാരകത്ത് 

നേർപഥം 

(തുടരും)

‘പരിഗണന’യെ പരിഗണിക്കുക

'പരിഗണന'യെ പരിഗണിക്കുക

സാമൂഹ്യജീവിയായ മനുഷ്യന്‍ പരിഗണനയും അംഗീകാരവും ആഗ്രഹിക്കുന്നവനാണ്. ബന്ധങ്ങളുടെ ഭദ്രതയ്ക്കും സന്തോഷവും സമാധനവും നിറഞ്ഞ ജീവിതത്തിനും വ്യക്തികള്‍ പരസ്പരം പരിഗണിച്ച് കൊണ്ടുള്ള സഹവര്‍ത്തിത്വം അനിവാര്യമാണ്. അത്തരത്തിലുള്ള പെരുമാറ്റരീതിയും ജീവിതശൈലിയും വിശ്വാസികള്‍ സ്വീകരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നു,

മാതാപിതാക്കളോടുള്ള ബാധ്യതകളെ സംബന്ധിച്ച ക്വുര്‍ആനിക അധ്യാപനം ഇതിന് ഉത്തമോദാഹരണമാണ്. പ്രായമുള്ളവരെയും പാണ്ഡിത്യമുള്ളവരെയും ഉന്നത സ്ഥാനീയരെയും അര്‍ഹിക്കുന്ന ആദരവോടെ കാണേണ്ടതുണ്ട്. പ്രായത്തില്‍ ഇളയവരോട് കരുണ കാണിക്കുവാനും അനാഥര്‍, അഗതികള്‍, ദുര്‍ബലര്‍ തുടങ്ങിയവരോട് അനുകമ്പ കാണിക്കുവാനും നബി ﷺ കല്‍പിച്ചതിലൂടെ ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നു.

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ  ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക” (ക്വുര്‍ആന്‍ 17:23).

നബി ﷺ പറഞ്ഞു: ”നമ്മിലെ ഇളയവരോട് കാരുണ്യം കാണിക്കാത്തവരും മുതിര്‍ന്നവരോട് ബഹുമാനം കാണിക്കാത്തവരും നമ്മില്‍പെട്ടവരല്ല” (തിര്‍മിദി).

അവശതയുടെ ഘട്ടമായ വാര്‍ധക്യത്തില്‍ അര്‍ഹമായ പരിഗണനയും ആദരവും വൃദ്ധര്‍ക്ക് ലഭിക്കേണ്ടതുണ്ട്.

നബി ﷺ പറഞ്ഞു: ”ഒരു യുവാവ് ഒരു വൃദ്ധനെ അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് ആദരിച്ചാല്‍ ഈ യുവാവ് വൃദ്ധനാകുമ്പോള്‍ അവനെ ആദരിക്കുന്നവരെ അല്ലാഹു ഉണ്ടാക്കുന്നതാണ്” (തിര്‍മിദി).

ജാബിറി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ യാത്രയ്ക്കിടയില്‍ പലപ്പോഴും പിന്തിച്ചുനില്‍ക്കുന്നത് കാണാം. എന്നിട്ട് ശക്തികുറഞ്ഞവരെ (ക്ഷീണിച്ച് കുഴഞ്ഞ് ഒപ്പമെത്താന്‍ കഴിയാത്തവരെ) അവിടുന്ന് ഒപ്പം കൂട്ടും. അത്തരക്കാരെ തന്റെ വാഹനപ്പുറത്ത് പിന്നില്‍ കയറ്റിയിരുത്തുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു അവിടുന്ന്” (അബൂദാവൂദ്).

ഉപരിസൂചിത പ്രവാചക വചനങ്ങളില്‍നിന്ന് ‘പരിഗണന’ എന്നതിന് ഇസ്‌ലാം നല്‍കിയ പ്രാധാന്യം നമുക്ക് ദര്‍ശിക്കാനാകും. ‘പരിഗണന’യുടെ അഭാവത്തിന് നിലവിലെ അണുകുടുംബാന്തരീക്ഷവും സാമൂഹിക ചുറ്റുപാടും ആക്കംകൂട്ടുന്നുവെന്നത് ഒരു വസ്തുതയാണ്. ഇവിടെയാണ് പ്രവാചകാധ്യാപനങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടത്.

എത്രത്തോളമെന്നാല്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവരോട് ദുര്‍ബലരായ ആളുകളെയും പ്രായം ചെന്നവരെയും ചെറിയ കുട്ടികളെയും പരിഗണിച്ച് നമസ്‌കാരം ലഘൂകരിക്കണമെന്ന് നബി ﷺ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഹദീഥ് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും.

വിശ്വാസിയുടെ ഓരോ പ്രവര്‍ത്തനവും സമൂഹത്തിലെ മറ്റംഗങ്ങളെ പരിഗണിച്ചുകൊണ്ടായിരിക്കണം. മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്നതായിരിക്കണം. അതിനു കഴിയില്ലെങ്കില്‍ ബുദ്ധിമുട്ടാക്കാതിരിക്കുകയെ ങ്കിലും വേണം.

നബി ﷺ പറഞ്ഞു: ”നിങ്ങള്‍ അസ്ത്രവുമായി പള്ളിയിലൂടെയോ അങ്ങാടിയിലൂടെയോ നടക്കുക യാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതുകാരണം അപകടം പിണയാതിരിക്കാന്‍ അതൊഴിവാക്കുക. അല്ലെങ്കില്‍ അതിന്റെ മുന പിടിച്ചുവയ്ക്കുക” (ബുഖാരി, മുസ്‌ലിം).

വളരെ നിസ്സാരമാണു കാര്യം. പക്ഷേ, സാമൂഹിക ജീവതത്തില്‍ ഈ നിസ്സാര കാര്യം പോലുമുണ്ടാക്കുന്ന പ്രതിഫലനം മൂന്‍കൂട്ടി കണ്ടുകൊണ്ടുള്ള അധ്യാപനങ്ങളാണ് ഇസ്‌ലാമിന്റെത്. ഇന്ന് അതിരാവിലെ ബസ്സില്‍ കയറിയാല്‍ പണിയായുധങ്ങളുമായി തിക്കിത്തിരക്കി പാഞ്ഞുകയറുന്ന അന്യസംസ്ഥാന തൊഴിലാളികളെ കാണാം. അവരുടെ പക്കല്‍ മൂര്‍ച്ചയുള്ളതും അല്ലാത്തതുമായ പല ആയുധങ്ങളുമുണ്ടാകും. ബസ്സിലെ മറ്റു യാത്രക്കാര്‍ക്ക് അപകടം പിണയാതിരിക്കാന്‍ ഇത്തരത്തില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നവരെല്ലാം ശ്രദ്ധിേക്കണ്ടതുണ്ട്.  

നബി ﷺ പറഞ്ഞു: ”ജനങ്ങളോടു കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല” (ബുഖാരി, മുസ്‌ലിം).

വിശ്വാസികള്‍ പരസ്പരമുളള ബാധ്യതകള്‍ എണ്ണിപ്പറഞ്ഞേടത്തും പരിഗണനയുടെ പ്രാധാന്യം വ്യക്തമാകും. ‘സലാം ചൊല്ലിയാല്‍ മടക്കുക, രോഗിയായല്‍ സന്ദര്‍ശിക്കുക, മരിച്ചാല്‍ ജനാസയെ അനുഗമിക്കുക, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക. തുമ്മിയാല്‍ തുമ്മിയവനു വേണ്ടി പ്രാര്‍ഥിക്കുക; അതിന് പ്രതിവചിക്കുക…’ സാമൂഹിക ബന്ധം സുദൃഢമാക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം.

മക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വന്ന പ്രവാചക വചനങ്ങളില്‍ പരിഗണനയുമായി ബന്ധപ്പെട്ട് വന്ന ധാരാളം നിര്‍ദേശങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.

ഒരിക്കല്‍ പ്രവാചകന്‍ ﷺ ഒരു സദസ്സില്‍ ഇരിക്കെ കുടിക്കാനായി ലഭിച്ച പാല്‍ അല്‍പം ബാക്കിയായി. പ്രവാചകന്റെ വലതുഭാഗത്ത് ഒരു ചെറിയ കുട്ടിയായിരുന്നു ഇരുന്നിരുന്നത്. പ്രവാചകന്‍ ﷺ ആ കുട്ടിയോട് ചോദിച്ചു: ‘ഇത് ഞാന്‍ വലിയവര്‍ക്ക് നല്‍കട്ടെ?’ ആ കുട്ടി പറഞ്ഞു: ‘ഇല്ല പ്രവാചകരേ, അതിന് ഞാന്‍ തന്നെയാണ് അര്‍ഹന്‍.’ അങ്ങനെ പ്രവാചകന്‍ ﷺ ആ കുട്ടിക്കുതന്നെ അത് കൊടുത്തു.

ഈ സംഭവത്തില്‍നിന്നും രണ്ട് കാര്യം മനസ്സിലാക്കാം: ‘അതൊരു കുട്ടിയല്ലേ’ എന്ന ചിന്തയില്‍ നബി ﷺ ആ കുട്ടിയെ പരിഗണിക്കാതെ വിട്ടില്ല, അവനോട് അനുവാദം ചോദിച്ചു. ഏതൊരു കാര്യത്തിലും വലതുഭാഗത്തെ മുന്തിക്കണം.  

പ്രവാചകന്‍ ﷺ നമസ്‌കാരത്തിലായിരിക്കെ പേരക്കിടാങ്ങള്‍ മുതുകില്‍ കയറി കളിക്കുകയും അവിടുന്ന് അവര്‍ക്കുവേണ്ടി സാവകാശം കാണിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ നമ്മുടെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവരുമായി നാം സംസാരിക്കുന്ന സമയത്ത് നമ്മുടെ മക്കളോ പേരക്കുട്ടികളോ അവിടേക്ക് വന്നാല്‍ അവരെ പരിഗണിക്കാതിരിക്കുകയും ഒരുപക്ഷേ, ഒച്ചവെച്ച് അവരെ ഭയപ്പെടുത്തി പറഞ്ഞയക്കുകയുമാണ് ചെയ്യാറുള്ളത്.

സ്‌നേഹം, ആദരവ്, ദയ, അംഗീകാരം ഇവയൊക്കെ വിശ്വാസിയുടെ ജീവിതത്തില്‍ നില നിര്‍ത്തിപ്പോരേണ്ട സദ്ഗുണങ്ങളാണ്. ഔപചാരികമായ നാട്യങ്ങള്‍ക്ക് ആത്മാര്‍ഥ ബന്ധത്തില്‍ ഒരു സ്ഥാനവുമില്ല. നാട്യങ്ങളല്ല പ്രധാനം; വ്യക്തികള്‍ക്കിടയിലെ രൂഢമൂലമായ സ്‌നേഹമാണ്.

തന്റെ കൂടെ ജോലി ചെയ്യുന്നവരോടാണെങ്കിലും കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടായാലും ഓരോരുത്തരും അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും ആദരവും അനുവദിച്ചുകൊടുക്കുന്നിടത്താണ് വിശ്വാസിയുടെ വിജയം.

ആത്മാര്‍ഥമായ സ്‌നേഹം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കതീതമാണ്. വ്യക്തിപരമായ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനുവേണ്ടി പ്രകടമാക്കുന്ന സ്‌നേഹം അധികവും കപടമായിരിക്കും. വിശ്വാസിയുടെ സ്‌നേഹം ആത്മാര്‍ഥമായിരിക്കണം. മാനവസ്‌നേഹത്തിന്റെ ഉദാത്തതലങ്ങളിലാണു സാമൂഹിക ബന്ധത്തിന്റെ അടിത്തറ നിലകൊള്ളുന്നത്. ഇസ്‌ലാം വിശാലമായ സ്‌നേഹ സാമ്രാജ്യത്തിലേക്കു മനുഷ്യ സമൂഹത്തെ നയിക്കുന്നു.

സത്യവിശ്വാസത്തിന്റെ മാധുര്യം നുകരാന്‍ സാധിക്കുക മൂന്നു ഗുണങ്ങള്‍ ഒരാളില്‍ ഉണ്ടാകുമ്പോഴാണ് എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്:  

ഒന്ന്, മറ്റെല്ലാവരെക്കാളും അല്ലാഹുവിനോടും പ്രവാചകനോടും സ്‌നേഹമുണ്ടാവുക. രണ്ട്, അല്ലാഹുവിനു വേണ്ടി പരസ്പരം സ്‌നേഹിക്കുക. മൂന്ന്, നരകത്തിലെറിയപ്പെടും പ്രകാരം-അല്ലാഹു അവനെ രക്ഷപ്പെടുത്തിയിട്ടും-സത്യനിഷേധത്തിലേക്ക് മടങ്ങുന്നതില്‍ വെറുപ്പ് തോന്നുക. (ബുഖാരി, മുസ്‌ലിം).

ജീവിതം സൗകര്യപ്രദവും പ്രയാസരഹിതവുമാക്കിത്തീര്‍ക്കുന്നത് സാമ്പത്തികമോ കായികമോ ആയ സഹായംകൊണ്ട് മാത്രമല്ല, ജീവിതത്തിന്റെ സുഗമമായ നിലനില്‍പിനാവശ്യമായ എന്തും -അത് മാനസിക പിന്തുണയാണെങ്കിലും- സഹായമാണ്. സാമൂഹികബന്ധത്തിന്റെ തേട്ടമാണത്. ആളുകള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കലും നന്മ ഉപദേശിക്കലും തിന്മ തടയലും വിഷമമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കലും നല്ലവാക്കു പറഞ്ഞു സന്തോഷിപ്പിക്കലുമെല്ലാം സഹായമാണ്. ആവശ്യക്കാരന്റെ ആവശ്യം എന്താണോ അത് നല്‍കലാണ് അവനുള്ള സഹായം.

പ്രവാചകന്‍ ﷺ പറഞ്ഞു: ”ആരെങ്കിലും ഒരു വിശ്വാസിയുടെ ഐഹിക സങ്കടം തീര്‍ത്തുകൊടുത്താല്‍ അല്ലാഹു അവന്റെ പാരത്രിക സങ്കടങ്ങളിലൊന്നു തീര്‍ത്തുകൊടുക്കും. നിര്‍ധനനെ ആരെങ്കിലും ആശ്വസിപ്പിച്ചാല്‍ ഇഹത്തിലും പരത്തിലും അല്ലാഹു അവന് ആശ്വാസം നല്‍കുന്നതാണ്. ആരെങ്കിലും മുസ്‌ലിമിന്റെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവന്റെ ന്യൂനതകളും മറച്ചു വയ്ക്കും. ഒരാള്‍ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും”'(മുസ്‌ലിം).

അബൂതന്‍വീല്‍

നേർപഥം 

നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി

നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി(ഭാഗം 03)

വിരുദ്ധ ആശയം പുലര്‍ത്തുന്നവരോട് ആശയപരമായ എതിര്‍പ്പുണ്ടായിരുന്നുവെന്നല്ലാതെ സെയ്ദ് മൗലവി ആരോടും ശത്രുത പുലര്‍ത്തിയില്ല. എതിരാളികളോടു പോലും സൗമ്യതയോടും സൗഹൃദത്തോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ചേകന്നൂര്‍ മൗലവിയുടെ ഭാര്യാപിതാവ് ബീരാന്‍കുട്ടി ഹാജി പറവണ്ണയിലെ ഏറ്റവും പഴക്കം ചെന്ന മുജാഹിദും മതപരമായ എന്തു കാര്യത്തിനും ധൈര്യസമേതം മുന്‍നിരയില്‍ നിന്നിരുന്ന ഒരു വ്യക്തിയുമായിരുന്നു. എന്നാല്‍ ഇടക്കാലത്തുവെച്ച് ചേകന്നൂര്‍ മൗലവി മുജാഹിദ് വിരുദ്ധ ആശയം വെച്ചുപുലര്‍ത്തിയപ്പോള്‍ ബീരാന്‍കുട്ടി ഹാജിയും പ്രസ്തുത ആശയങ്ങള്‍ പിന്‍പറ്റി.

എന്നാല്‍ അദ്ദേഹത്തിന്റെ ഇളയ മകന്റെയും മകളുടെയും വിവാഹം കെ. ഉമര്‍ മൗലവിയോ സെയ്ദ് മൗലവിയോ നടത്തിക്കൊടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പറവണ്ണയിലെ സി.കെ.ഏനിക്കുട്ടി സാഹിബ് ഇക്കാര്യം സെയ്ദ് മൗലവിയുടെ ശ്രദ്ധയില്‍ പെടുത്തി.

‘എനിക്ക് ആരോഗ്യം വേണ്ടത്രയില്ല. എന്നിരുന്നാലും പഴയ നിലവെച്ച് നോക്കുമ്പോള്‍ എനിക്കദ്ദേഹത്തിന്റെ ആഗ്രഹം നിരസിക്കാന്‍ പറ്റിയതല്ലല്ലോ. എന്തായാലും ഈ സന്ദര്‍ഭത്തിലെ ആവശ്യം നമുക്കു കണക്കിലെടുക്കുകയും അതു നിര്‍വഹിച്ചുകൊടുക്കുകയും ചെയ്യണം’-മൗലവി പറഞ്ഞു. ഇക്കാര്യം ഏനിക്കുട്ടി സാഹിബ് ബീരാന്‍കുട്ടി ഹാജിയുടെ മൂത്ത മരുമകനെ അറിയിക്കുകയും നിക്കാഹിനു ക്ഷണിച്ചാല്‍ മൗലവി വരുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. അതനുസരിച്ച് അവര്‍ രണ്ടത്താണിയില്‍ വന്ന് മൗലവിയെ ക്ഷണിച്ചു. മൗലവി സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. രണ്ടത്താണിയില്‍ അതേദിവസം രണ്ടു നിക്കാഹില്‍ പങ്കെടുക്കേണ്ടത് സി.പി.ഉമര്‍ സുല്ലമിയെ ഏല്‍പിച്ചാണ് പറവണ്ണയില്‍ പോകാമെന്നേറ്റത്.

നിക്കാഹ് ദിവസം മൗലവിയെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ ഏനിക്കുട്ടി സാഹിബ് തന്നെയാണ് വന്നത്. ചേകന്നൂര്‍ മൗലവി ഉള്‍പ്പെടെയുള്ളവരുള്ള സദസ്സില്‍ വെച്ച് ബീരാന്‍കുട്ടി ഹാജിയുടെ മകളുടെ നിക്കാഹ് നടത്തിക്കൊടുത്തു.

കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ ഏഴാം വാര്‍ഷികം കല്‍പകഞ്ചേരിയില്‍വെച്ചു നടന്നു. ഈ സമ്മേളനത്തില്‍വച്ചാണ് സകാത്ത് സംഘടിതമായി പിരിച്ചെടുത്ത് അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യണമെന്ന പ്രമേയം പി. സെയ്ദ് മൗലവി അവതരിപ്പിച്ചത്. കെ.കെ.ജമാലുദ്ദീന്‍ മൗലവി പ്രമേയത്തെ പിന്താങ്ങി. അവിടെവച്ചു പാസ്സാക്കിയ പ്രമേയത്തെ തുടര്‍ന്നാണ് കെ.എന്‍.എമ്മിന്റെ കീഴില്‍ സംഘടിത സകാത്ത് പ്രസ്ഥാനം സാര്‍വത്രികമായി കേരളത്തിലാരംഭിക്കുന്നത്.

സകാത്ത് പിരിച്ചെടുക്കുന്നതിലും അത് യഥാര്‍ഥ അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന കാര്യത്തിലും മൗലവി അതീവ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തിയിരുന്നു. സ്വന്തം മഹല്ലായ രണ്ടത്താണിയില്‍ കേരളത്തിലെ മറ്റേതു മഹല്ലിനും മാതൃകയാക്കാവുന്ന രൂപത്തില്‍ ഇക്കാര്യത്തിനു മൗലവി നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഖുത്ബയിലും മറ്റു പ്രസംഗങ്ങളിലുമൊക്കെത്തന്നെ ഇക്കാര്യം ഗൗരവപൂര്‍വം ഊന്നിപ്പറയുകയും ആളുകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് രണ്ടത്താണിയില്‍ സംഘടിത സകാത്ത് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുണ്ടായത്.

രണ്ടത്താണിയില്‍ വന്ന ഉടനെയുള്ള ഏതാനും കാലം പതിവായി രാത്രിയില്‍ മൗലവി ക്വുര്‍ആന്‍ ക്ലാസ്സെടുക്കാറുണ്ടായിരുന്നു. ഇശാഅ് നമസ്‌കാര ശേഷമുള്ള ക്ലാസ്സ് തീരുമ്പോഴേക്ക് അര്‍ധരാത്രി കഴിഞ്ഞിരിക്കും. വീട്ടിലേക്ക് മടങ്ങുന്നത് ഒറ്റക്കാണ്. അങ്ങാടിയുടെ അറ്റത്തുള്ള ഒരു കടയുടെ പിന്നിലെ ഒരു മുറിയിലാണ് അന്ന് മൗലവിയും കുടുംബവും താമസിച്ചിരുന്നത്.

വീട്ടിലേക്ക് ഒറ്റക്ക് നടന്നുപോയിരുന്ന മൗലവിയെ പിന്നീട് പതിവായി നാലഞ്ചാളുകള്‍ ഗ്യാസ്‌ലൈറ്റുമായി അനുഗമിക്കാന്‍ തുടങ്ങി. ‘ആരുമെന്റെ കൂടെ വരേണ്ടതില്ല, ഞാനൊറ്റക്ക് പൊയ്‌ക്കൊള്ളാം’ എന്നു പറഞ്ഞ് മൗലവി സ്‌നേഹപൂര്‍വം അവരെ വിലക്കും. അതൊന്നും പരിഗണിക്കാതെ അവരീ പതിവ് തുടര്‍ന്നു. ഒടുവില്‍ മൗലവിക്കെന്തോ പന്തികേട് തോന്നി, അവരോട് കൂടെ വരുന്നതിന്റെ കാരണമാരാഞ്ഞു. പല തവണ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ കാര്യം പറഞ്ഞു.

വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരു അടക്കാകളമുണ്ട്. രാത്രി ക്ലാസ്സ് കഴിഞ്ഞ് മടങ്ങുന്ന മൗലവിയെ കൊല്ലാന്‍ കുറെ അറവുറൗഡികള്‍ കത്തികളും വടികളും മറ്റായുധങ്ങളുമായി അവിടെ ഒളിച്ച് നില്‍ക്കാറുണ്ട്. മൗലവിയോടൊപ്പം അംഗരക്ഷകരായി ആളുണ്ടായതിനാല്‍ അവര്‍ക്കതിന് സാധിച്ചില്ലെന്ന് മാത്രം.

ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചതിനാണ് സ്വസമുദായത്തില്‍നിന്നും ഇത്തരം വധശ്രമങ്ങള്‍ നടന്നതെന്നതാണ് വിചിത്രം. പത്ത് വര്‍ഷത്തോളം പീടികപ്പിന്നിലെ ഇടുങ്ങിയ മുറിയില്‍ കുട്ടികളുമൊത്ത് താമസിച്ച് മടുത്തപ്പോള്‍ ഒരിക്കല്‍ മൗലവിയുടെ ഭാര്യ അദ്ദേഹം കേള്‍ക്കെ ഇങ്ങനെ പറഞ്ഞു:

”പടച്ചോനേ… ആരാന്റെ മുറ്റത്ത്ന്ന് അവനാന്റെ മുറ്റത്തൊരു നെടുംപുര വെച്ചുകെട്ടി അതിലേക്ക് മാറിത്താമസിക്കാനുള്ള വിധി എന്നാണാവോ ഉണ്ടാവുക!”

മൗലവിക്കിത് കേട്ടപ്പോള്‍ ഏറെ വിഷമമുണ്ടായി. അദ്ദേഹം പറഞ്ഞു:

”ആമ്യേ…യ്യ് കണ്ട്ട്ടില്ലേ, ഓരോരോ ആള്‍ക്കാര് റോഡ്‌വക്ക്‌ല് കഴിഞ്ഞ് കൂട്ണത്. പരമ്പോടും ശീലോണ്ടും മറകെട്ടി അതിന്റകത്ത് കഴിഞ്ഞ് കൂട്ണ്‌ല്ലേ… ഈ ദുനിയാവിലെ ജീവിതൊര് യാത്രേണ്…”

വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായൊരു വീടുണ്ടാക്കിയപ്പോള്‍ അതിലെ അസൗകര്യങ്ങള്‍ വീണ്ടും ഭാര്യ ചൂണ്ടിക്കാണിച്ചു. മൗലവി രോഷത്തോടെ പറഞ്ഞു:

”ഒന്നും ഇല്ലാത്ത അവസ്ഥയില് എന്തെങ്കിലുമൊര് തണലിനാഗ്രഹിച്ചു. ആരാന്റത് കിട്ടിയപ്പോള്‍ സ്വന്തമായിട്ടൊന്ന്ണ്ടാവാനാഗ്രഹിച്ചു. അതുമായപ്പോള്‍ സൗകര്യം പോരെന്നും. ആമ്യേ… ആദമിന്റെ മക്കള്‍ക്ക് മൊതലിനോട്ള്ള ആര്‍ത്തി തീരൂല. അഞ്ചില്‍ നാല് മാലയും സ്വര്‍ണമായാലും ഹൊ… അത് കൂടി സ്വര്‍ണായിരുന്നെങ്കില്‍ എന്നാണ് മനുഷ്യന്‍ ആഗ്രഹിക്ക്ണത്.”

ഒരു കൊടും വേനല്‍കാലം, കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും നാട്ടില്‍ ഏക ആശ്രയമായ കിണറുകളെല്ലാം വറ്റി. കുടിനീര്‍പോലും കിട്ടാതെ ജീവജാലങ്ങളൊന്നാകെ വിഷമിച്ച വര്‍ഷം. രണ്ടത്താണിയിലെ ബഹുഭൂരിപക്ഷം വരുന്ന യാഥാസ്ഥിതികര്‍ മഴക്ക് വേണ്ടി, കൊടികളുമേന്തി മമ്പുറത്തേക്ക് പുണ്യയാത്ര നടത്തി നോക്കി. ഫലമൊന്നുമില്ല. വെള്ളം കിട്ടാതെ ജീവികള്‍ വിഷമിക്കുകയാണ്. അടുത്ത വെള്ളിയാഴ്ച മൗലവി ഖുത്ബയില്‍ ജനങ്ങളിലെ തെറ്റായ വിശ്വാസങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട്, മഴക്ക് വേണ്ടി അല്ലാഹുവോടാണ് പ്രാര്‍ഥിക്കേണ്ടതെന്ന് പഠിപ്പിച്ചു. മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാനായി ഒരു ദിവസം നിശ്ചയിച്ചു.

വിവരമറിഞ്ഞ യാഥാസ്ഥിതികര്‍ പരിഹാസവുമായി രംഗത്ത് വന്നു. തീരുമാനിക്കപ്പെട്ട ദിവസം ഒരു മൈതാനിയില്‍ സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന ചെറിയൊരു സംഘം നമസ്‌കാരം തുടങ്ങിയപ്പോള്‍ പുറത്തുനിന്ന് പലരും പരിഹാസത്തോടെ പരസ്പരം പറഞ്ഞു:

”ദാ.. വഹ്ഹാബികളെ നിസ്‌കാരം തൊടങ്ങി. ഞ്ഞിവിടെ മഴ പെയ്ത് വെള്ളപ്പൊക്കണ്ടാവും.”

”ഔലിയാക്കളെ കുറ്റം പറയുന്നോരല്ലേ, ഓല് പ്രാര്‍ഥിച്ചാലൊന്നും മഴ പെയ്യാന്‍ പോണില്ല…”

ദീര്‍ഘമായ നസ്‌കാരശേഷം ആളുകള്‍ പിരിഞ്ഞ് വീട്ടിലെത്തിയില്ല. അതിനുമുമ്പേ അല്ലാഹുവിന്റെ അനുഗ്രഹം നാട്ടില്‍ വര്‍ഷിച്ചു. സമൃദ്ധമായ മഴമൂലം ആളുകള്‍ വലിയൊരു വിപത്തില്‍ നിന്ന് രക്ഷപ്പെട്ടു. പരിഹസിച്ച പലരിലും പരിവര്‍ത്തനമുണ്ടാകാന്‍ ഈ മഴ കാരണമായി എന്നത് സന്തോഷകരമായ വസ്തുത തന്നെയാണ്.

പ്രസംഗിച്ചുകൊണ്ടിരിക്കുന്ന മൗലവിയുടെ കഴുത്തിലേക്ക് തീകൊടുത്ത മാലപ്പടക്കമെറിഞ്ഞ പൊന്നാനി പ്രസംഗനാള്‍…! രാത്രി മൂന്ന് മണിക്ക് മൗലവി രണ്ടത്താണിയിലെ വീട്ടിലെത്തുമ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. മൗലവി വാതിലില്‍ മുട്ടിയപ്പോള്‍ ഭാര്യ നല്ല ഉറക്കച്ചടവില്‍ വന്ന് വാതില്‍ തുറന്നു, മൗലവിയാണെന്ന് കണ്ടപ്പോള്‍ അവര്‍ അമ്പരന്നു. നാല് ദിവസത്തെ തുടര്‍പരിപാടിക്ക് പോയ ആള്‍ ആദ്യദിവസം തന്നെ തിരിച്ചെത്തിയിരിക്കുന്നതാണ് അത്ഭുതപ്പെടാന്‍ കാരണം. അതേപ്പറ്റി ഭാര്യ ചോദിച്ചപ്പോള്‍ മൗലവി പറഞ്ഞു:

‘ഒന്നുമില്ല. പരിപാടി നാളെ വേണ്ടാന്ന് തീരുമാനിച്ചു. അപ്പൊ പോന്നതാണ്.’

അകത്തേക്ക് കയറിയ മൗലവി ഭാര്യയോട് മെല്ലെ ചോദിച്ചു: ‘ഇവിടെ ഭക്ഷണം എന്തെങ്കിലുമുണ്ടോ?’

‘ങ്ങള് പൊന്നാനിക്കാര് വന്ന് വിളിച്ചാല് ഒന്നും ആലോചിക്കാതെ എറങ്ങിപ്പോകും… ങ്ങക്കൊരാള്‍ക്ക് ചോറ് തരാന് ഓരെക്കൊണ്ട് കയ്യൂലേ…?’

അപ്പോഴത്തെ രോഷത്തില്‍ മൗലവിയുടെ ഭാര്യ പ്രതികരിച്ചതിങ്ങനെയായിരുന്നു. വീട്ടിലാണെങ്കില്‍ ചോറോ കഞ്ഞിയോ ഒന്നുമില്ല. ഉണ്ടാക്കാമെന്ന് വച്ചാല്‍ അതിനുവേണ്ട സാധനങ്ങളുമില്ല. എന്തു ചെയ്യുമെന്നാലോചിക്കുമ്പോള്‍ മൗലവി ദയനീയമായി പറഞ്ഞു: ‘അവര് ഭക്ഷണം തരാത്തതു കൊണ്ടൊന്നുമല്ല, ഞാന് എളുപ്പം എത്താന്‍ വേണ്ടി പോന്നതാണ്. ഇവിടെ ചായേ, വെള്ളോ എന്തെങ്കിലുമുണ്ടോ?’

ഭാര്യ ഉടന്‍ ചായയുണ്ടാക്കിക്കൊടുത്തു. കുടിക്കുന്നതിനിടയില്‍, ഇത്രവേഗം യോഗം അവസാനിപ്പിക്കാനുള്ള കാരണത്തെപ്പറ്റി നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ മൗലവി ചിരിച്ചുകൊണ്ട് വീട്ടിന്റെ ഇറയിലേക്ക് വിരല്‍ ചൂണ്ടി. അവിടെ മേല്‍പുരയില്‍ ഉണ്ടപോലെന്തോ തിരുകിവെച്ചിരിക്കുന്നു. പുറത്തെ ടുത്തപ്പോള്‍ കുപ്പായവും തുണിയുമാണെന്ന് മനസ്സിലായി. നിവര്‍ത്തി നോക്കിയപ്പോള്‍ ഭാര്യയാകെ അമ്പരന്നുപോയി. കുപ്പായത്തിലും തുണിയിലും നിറയെ ചോരപ്പാടുകള്‍, നിറയെ അഴുക്കും ചെളിയും! പോരാത്തതിന് മുഴുവനും കീറിയിരിക്കുന്നു!

പൊന്നാനിയില്‍ നിന്ന് മടങ്ങിവന്ന മൗലവി, തനിക്ക് പറ്റിയ മുറിവുകള്‍ കഴുകി ചോര കളഞ്ഞ്, ചോര പുരണ്ട വസ്ത്രം അഴിച്ച് മറ്റൊന്നെടുത്ത് വൃത്തിയായ ശേഷമാണ് ഭാര്യയെ വിളിച്ചത്. ചോരപുരണ്ട വസ്ത്രത്തോടെ തന്നെക്കണ്ടാല്‍ ഭാര്യയും മക്കളും പരിഭ്രമിച്ചേക്കുമോ എന്നായിരുന്നു മൗലവിയുടെ പേടി.

മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് അല്‍പം രക്തം കയറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞു. റിട്ടയേര്‍ഡ് ഡി.എം.ഒ ആയിരുന്ന ഡോ. റാബിയ അന്ന് രണ്ടത്താണിയിലുണ്ടായിരുന്നു. അവരായിരുന്നു ചികിത്സ, അന്‍സാരിയുടെ മകന്‍ നസീമിന്റെ എ. പോസിറ്റീവ് രക്തം തന്നെ കയറ്റി.

ആഗസ്റ്റ് ഇരുപതാം തിയതിയാണ് അസുഖം കലശലായത്. അന്ന് വൈകിട്ട് ഗ്ലൂക്കോസ് കയറ്റേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് അന്‍സാരി ഗ്ലൂക്കോസുമായി വന്നപ്പൊഴേക്കും മൗലവിക്ക് കലശലായ ശ്വാസംമുട്ടല്‍ തുടങ്ങിയിരുന്നു. അപ്പോഴേക്കും സി.പി.ഉമര്‍ സുല്ലമിയും ചെമ്മാട്ടുനിന്നും ഡോ. അബൂബക്കറും എത്തിയിരുന്നു. ഓക്‌സിജന്‍ കൊടുത്താല്‍ തരക്കേടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എല്ലാം പെട്ടന്നെുതന്നെ ശരിയായി. ഓക്‌സിജന്‍ കൊടുത്തു തുടങ്ങി മൂന്നു മിനുട്ടു കഴിഞ്ഞപ്പോഴേക്കും അതെടുക്കാന്‍ മൗലവി തിടുക്കം കൂട്ടി.

‘ഉപ്പാ, ഓക്‌സിജനാണ്. ഇത് വെച്ചാല്‍ അല്‍പം ആശ്വാസമുണ്ടാകും’- അന്‍സാരി പറഞ്ഞു.

‘മോനേ, ആ ആശ്വാസം ഉപ്പാക്കു വേണ്ട. ഉപ്പാക്ക് അല്ലാഹു നല്‍കുന്ന ആശ്വാസം മാത്രം മതി’ അതായിരുന്നു മൗലവി അവസാനം പറഞ്ഞ വാചകം.

അതുവരെ അന്‍സാരിയുടെ ചുമലില്‍ ചാരിയാണ് മൗലവി കിടന്നത്. രാത്രി ഒമ്പതുമണികഴിഞ്ഞു കാണും. അതുവരെ ഓടിത്തളര്‍ന്ന് അന്‍സാരിയും ക്ഷീണിച്ചിരുന്നു. ‘നീ പോയി എന്തെങ്കിലും കഴിച്ചിട്ടു വന്നോളൂ’- ഡോക്ടര്‍ അബൂബക്കര്‍ പറഞ്ഞു. അന്‍സാരി അകത്തുപോയി. മകളുടെ ഭര്‍ത്താവ് അബ്ദുസ്സമദിന്റെ ചുമലില്‍ ചാരിക്കിടന്ന മൗലവി തനിക്കു കിടക്കണമെന്നു പറഞ്ഞു. അസുഖം കലശലായ ശേഷം ആദ്യമായാണ് മൗലവി കിടക്കണമെന്നു പറയുന്നത്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മൗലവിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു. ഇതിനിടെ ഇശാഅ് നമസ്‌കരിക്കാന്‍ പോയിരുന്ന സി.പി.ഉമര്‍ സുല്ലമി മടങ്ങിയെത്തി. ‘അസ്സലാമു അലൈക്കും’ സി.പി സലാം ചൊല്ലിയാണു കയറിയത്. സെയ്ദ് മൗലവി പ്രത്യഭിവാദ്യമായി കൈയുയര്‍ത്തിയെങ്കിലും ശബ്ദമൊന്നും പുറത്തുവന്നില്ല. രാത്രി പതിനൊന്നേ പത്തിനായിരുന്നു മൗലവി ഈ ലോകത്തോട് യാത്ര പറഞ്ഞത്.

അസുഖമായി കിടക്കുന്ന വിവരം പത്രത്തില്‍ കൊടുക്കുന്നതിനു പലരും സമ്മതം ചോദിച്ചെങ്കിലും മൗലവി സമ്മതിച്ചിരുന്നില്ല. അറിഞ്ഞവര്‍ വന്നോട്ടെ എന്നായിരുന്നു മൗലവിയുടെ നിലപാട്. എങ്കിലും കേട്ടറിഞ്ഞ് നിത്യവും ധാരാളം പേര്‍ എത്തി. ഓരോദിവസവും നൂറും നൂറ്റമ്പതും ഇരുന്നൂറും പേര്‍ കാണും. മൗലവിയുമായി ബന്ധമുള്ള മിക്ക ആളുകളും ഇങ്ങനെ എത്തിയിരുന്നു.

മൗലവി മരിച്ച വിവരം പിറ്റേദിവസം രാവിലെ റേഡിയോ വാര്‍ത്തയില്‍ പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള വമ്പിച്ചൊരു ജനാവലി മൗലവിയുടെ ജനാസയില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയിരുന്നു. 1990 ആഗസ്റ്റ് 21ന് വൈകുന്നേരം നാലു മണിയോടെ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം അദ്ദേഹം നാലു പതിറ്റാണ്ടു കാലത്തോളം സേവനമനുഷ്ഠിച്ച രണ്ടത്താണി മസ്ജിദുറഹ്മാനി പള്ളിയുടെ ക്വബ്ര്‍ സ്ഥാനില്‍ മയ്യിത്ത് ക്വബ്‌റടക്കി.

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

നേർപഥം 

(അവസാനിച്ചു)