ഉണക്ക മാംസം ഭക്ഷിക്കുന്ന ഒരു സ്ത്രീയുടെ മകൻ മാത്രമാണ് ഞാൻ

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിനാല്

ഉണക്ക മാംസം ഭക്ഷിക്കുന്ന ഒരു സ്ത്രീയുടെ മകൻ മാത്രമാണ് ഞാൻ

ഒരു നേതാവ് മറ്റുള്ളവരിൽനിന്ന് വ്യതിരിക്തമാകുന്നത് എങ്ങനെയാണ് ?
വ്യക്തി ജീവിതത്തിലെ പരിശുദ്ധി, വിനയം, തന്റെ അനുയായികളുമായുള്ള ഇടപാടിലും അവരുടെ കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിനും അവരുടെ നന്മ ആഗ്രഹിക്കുന്നതിലും അയാൾ വിജയിക്കുക എന്നതൊക്കെയാണ് അയാളെ പ്രശസ്തനും ജനകീയനുമാക്കുന്നത് . മൂക്കിൻ തുമ്പിൽ കോപവും നാക്കിൻ തുമ്പത്ത് അസഭ്യവും നിറഞ്ഞ നേതാക്കളെയും എമ്പാടും കാണാനാവും. എന്നാൽ ഇവിടെ ഇതാ ഒരു വ്യത്യസ്തനായ നേതാവ് , നേതാക്കളുടെ നേതാവാണദ്ദേഹം! നേതൃപാടവത്തിന്റെ പൂർണത നാം കാണുന്നത് പ്രവാചകനിലാണ്. ജീവിതത്തിന്റെ മുഴു മേഖലയിലും പൂർണ്ണമായി വിജയിച്ച ഒരേ നേതാവ് !

പ്രവാചക ജീവിതത്തിന്റെ തീരത്തിലൂടെ കടന്നു പോകുന്ന ഒരാൾക്ക് ആ ജീവിതത്തിന്റെ അതുല്യ സൗന്ദര്യം ആസ്വദിക്കാൻ കഴിയും .അതിലെ പൂമൊട്ടുകൾക്കുപോലും ഒരു പുന്തോട്ടത്തിന്റെ സൗരഭ്യമുണ്ട്. അതിലെ ഇളം കാറ്റുകൾക്കുപോലും വസന്തത്തിന്റെ പരിമളമുണ്ട്. പ്രവാചകൻ (സ) യുടെ ജീവിതം കണ്ട അനുചരർ പറഞ്ഞ മതിവരാത്ത കഥകളിൽ നിന്ന് ഒരൽപം നമുക്ക് കേൾക്കാം..

തന്നെ കാണുമ്പോൾ ബഹുമാനം കൊണ്ട് ആരെങ്കിലും എഴുന്നേറ്റ് നിൽക്കുന്നത് അവിടുന്ന് ഇഷ്ടപ്പെട്ടില്ല! (തിർമിദി: 2678)
നേതാവിനെ കാണുമ്പോൾ ബഹുമാനിച്ച് കുമ്പിടുകയും സാഷ്ടാംഗപ്രണാമം നടത്തുകയും ചെയ്തിരുന്ന കാലത്താണ് ഇതെന്ന് ഓർക്കണം!

അനുയായികൾക്ക് വേണ്ടി എത്ര ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും അത് സന്തോഷത്തോടുകൂടി സഹിക്കാനും ഏറ്റെടുക്കാനും അവിടുന്ന് തയ്യാറായിട്ടുണ്ട് . (നസാഇ : 1397)
സ്വന്തം കാര്യം സിന്ദാബാദ് എന്ന നയം അവിടുത്തേക്കില്ല!
ഇന്ന് ചിലരെങ്കിലും നേതാവാകുന്നതു തന്നെ സ്വന്തത്തിനു വേണ്ടിയാണ്!

പ്രവാചകനേക്കാൾ ഉന്നതനായ വ്യക്തിത്വം ആരാണുള്ളത് ? ആരുമില്ല. എന്നിട്ടുപോലും ആ പ്രവാചകൻ (സ) ഒരിക്കൽ പോലും ആത്മ പ്രശംസ നടത്തുകയോ മറ്റുള്ളവർ തന്നെ അമിതമായി പ്രശംസിക്കുന്നത് ഇഷ്ടപ്പെടുകയോ ചെയ്തിരുന്നില്ല.
മുൻ സമുദായങ്ങൾ അവരുടെ പ്രവാചകന്മാരെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങളെന്നെ പുകഴ്ത്തരുത് എന്ന് പ്രവാചകൻ (സ)പഠിപ്പിച്ചത് (ബുഖാരി : 3189) അവിടുത്തെ വിനയം കൊണ്ടും തന്റെ അനുയായികൾക്ക് പൂർവ്വ സമുദായങ്ങളുടെ പിഴവുകൾ സംഭവിക്കരുത് എന്ന നിർബന്ധബുദ്ധി ഉള്ളതു കൊണ്ടുമായിരുന്നു. പ്രശംസ കൊതിക്കാത്ത ഒരു നേതാവിനെ ചരിത്രത്തിൽ നാം കാണുന്നത് മക്കയിലും മദീനയിലും ജീവിച്ച ആ മുത്ത് നബി (സ) യിൽ മാത്രമാണ്.

തന്നെക്കുറിച്ച് അനുയായികൾ അമിത പ്രശംസ നടത്തിയപ്പോഴൊ ക്കെ അത് വിലക്കുന്ന ഒരു പ്രവാചകനെ നമുക്ക് കാണാൻ കഴിയും നാളെയുടെ വർത്തമാനങ്ങൾ അറിയുന്ന ഒരു നബി ഞങ്ങളുടെ കൂടെയുണ്ട് എന്നു പാടിയപ്പോൾ അതിന് പ്രവാചകൻ (സ) തിരുത്ത് നൽകിയിട്ടുണ്ട്. (ബുഖാരി : 3189)

തന്റെ അനുചരർ ഒരു ചെറിയ സദ്യ ഉണ്ടാക്കി അതിലേക്ക് നബിയെ വിളിച്ചാലും പ്രവാചകൻ (സ) പോയിരുന്നു. ഒരു ആടിന്റെ കാലിൻ കഷ്ണം കൊണ്ട് ഉണ്ടാക്കപ്പെട്ട കറി ആണെങ്കിൽ പോലും അതിലേക്കും പ്രവാചകൻ സന്തോഷത്തോടെ അതിഥിയായി കടന്നു വന്നിട്ടുണ്ട്. (ബുഖാരി : 3700 )

പ്രവാചകന് സേവനം ചെയ്യുന്നവരെ പ്രവാചകൻ (സ) അതിയായി സ്നേഹിച്ചു .പള്ളി അടിച്ചു വൃത്തിയാക്കിയിരുന്ന ഒരു വനിത വഫാത്തായപ്പോൾ
സ്ഥലത്തില്ലാത്ത പ്രവാചകൻ (സ)തിരിച്ചു വന്നതിനു ശേഷം ആ സ്ത്രീയുടെ ഖബറിന്റെ അടുക്കൽചെന്ന് നമസ്കരിച്ചത് ഹദീസുകളിൽ കാണാൻ കഴിയും (ബുഖാരി : 440 )
ഒരു പാവം പെണ്ണിനെപ്പോലും പ്രവാചകൻ (സ) പരിഗണിച്ചത് ഇങ്ങനെയായിരുന്നു!

തന്റെ അനുചരന്മാരുടെ വീടുകളിൽ പോയി അവരെ സന്ദർശിക്കുകയും അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുക എന്നത് പ്രവാചകന്റെ പതിവായിരുന്നു അൻസാരികളുടെയും മുഹാജിറുകളുടെയും അടുക്കൽ ചെല്ലുകയും അവരോട് സലാം പറയുകയും അവരുടെ
ശിരസ്സുകൾ തടവുകയും ചെയ്തിരുന്ന ഒരു നേതാവിനെയാണ് പ്രവാചകനിൽ നാം കാണുന്നത് . (നസാഇ, 5/92)

ആരെങ്കിലും തനിക്ക്
ഹസ്തദാനം നടത്തിയാൽ
അദ്ദേഹം കൈ വലിക്കുന്നവരെ പ്രവാചകൻ (സ) അങ്ങനെ തന്നെ നിൽക്കും ! (തിർമിദി: 2414) എന്തൊക്കെ തിരക്കുകൾ അവിടുത്തേക്കുണ്ടാവും!എന്നിട്ടും തന്റെ കരം പിടിച്ചവനെ നിരാശനാക്കാത്ത നേതാവ് !

തന്റെ അനുയായികൾ തന്നെ ഒരിക്കലും
ഭയക്കരുതെന്നും അവർ തന്നെ സ്നേഹിക്കണം എന്നുമാണ് പ്രവാചകൻ (സ) ആഗ്രഹിച്ചത് .
ഒരു മനുഷ്യൻ പ്രവാചകൻ (സ) അടുക്കൽ കടന്നുവന്നു. അദ്ദേഹം വല്ലാതെ ഭയക്കുന്നതായി നബി (സ) ക്ക് തോന്നി.
പ്രവാചകൻ (സ) പറഞ്ഞു: ഞാനൊരു
രാജാവ് അല്ല .
ഉണക്ക മാംസം തിന്നുന്ന ഒരു സ്ത്രീയുടെ മകനാണ് ഞാൻ !
(” هَوِّنْ عَلَيْكَ ؛ فَإِنِّي لَسْتُ بِمَلِكٍ، إِنَّمَا أَنَا ابْنُ امْرَأَةٍ تَأْكُلُ الْقَدِيدَ
(ഇബ്നുമാജ : 3312)
“.ഇത്രയും വിനയം കാണിച്ച ഒരു മനുഷ്യനെ ലോകത്ത് കാണുക സാധ്യമല്ല.

തന്റെ അനുയായികൾക്കിടയിൽ പൂർണമായും നീതി നടപ്പിലാക്കുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു .
മഖ്സൂമിയ ഗോത്രത്തിലെ ഒരു സ്ത്രീ കളവ് നടത്തിയപ്പോൾ ആ വിഷയത്തിൽ അവർക്കു വേണ്ടി ശുപാർശ പറയാൻ ഉസാമത്ത് ബ്നു സൈദ് വന്ന സന്ദർഭത്തിൽ പ്രവാചകന് കോപം വരികയും ഇനിമേലിൽ ഇങ്ങനെ ആവർത്തിക്കരുതെന്ന് ഉസാമക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തു.മുൻഗാമികൾ നശിച്ചുപോകാൻ ഇതാണ് കാരണമെന്നും എന്റെ മകൾ ഫാത്തിമയാണ് മോഷ്ടിച്ചതെങ്കിലും അവളുടെ കരം ഞാൻ മുറിക്കും എന്ന് പറഞ്ഞു നീതിയുടെ ശബ്ദം മുഴക്കുകയാണ് പ്രവാചകൻ (സ)ചെയ്തത്. (ബുഖാരി : 3216)


തന്റെ അനുയായികൾക്ക് എന്തെങ്കിലും ഒരു പ്രയാസം വന്നാൽ ആ പ്രയാസത്തിൽ അവർക്ക് താങ്ങാവുകയും, അവരെ എന്തെങ്കിലും ഒരു ജോലി ഏൽപ്പിച്ചാൽ ആ ജോലിയിൽ പ്രവാചകനും പങ്കാളിയാവുകയും ചെയ്ത ചരിത്രം നമുക്ക് കാണാം
വ്യക്തിപരവും സാമൂഹ്യവും കുടുംബപരവുമായ നിരവധി പ്രശ്നങ്ങൾ പ്രവാചകന്റെ സമക്ഷത്തിൽ എത്താറുണ്ട് .പ്രശ്നവുമായി വന്നവർക്കെല്ലാം പ്രവാചകൻ (സ) ആശ്വാസത്തിന് തെളിനീർ കുടിപ്പിച്ചിട്ടാണ് മടക്കി അയക്കാറ്.

നിങ്ങൾ ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിച്ചു കൊടുക്കണം അവരെയൊരിക്കലും ഭയപ്പെടുത്തരുത് എന്ന സന്ദേശമാണ് എപ്പോഴും പ്രവാചകൻ (സ) അനുചരന്മാർക്ക് നൽകിയിരുന്നത്.

ശത്രുക്കൾ എന്തു ഉപദ്രവം വരുത്തിയാലും അവരെ സ്നേഹിക്കുന്ന ഒരു നേതാവിനെ പ്രവാചകൻ (സ) യിൽ മാത്രമേ നമുക്ക് കാണാൻ കഴിയുന്നുള്ളൂ

ഒരു മിസ്കീൻ ആയി ജീവിച്ച പ്രവാചകൻ തന്റെ അടുക്കൽ ആര് ചോദിച്ചു വന്നാലും തന്റെ അടുത്തുള്ളത് മുഴുവൻ കൊടുത്തു അയാളെ തൃപ്തിപ്പെടുത്തുന്ന രീതിയാണ് പ്രവാചകൻ (സ) ക്ക് ഉണ്ടായിരുന്നത്. ഇല്ല എന്നൊരു വാക്ക് പ്രവാചകൻ ചോദിച്ചു വരുന്ന ഒരാളോടും പറഞ്ഞിട്ടില്ല (മുസ്ലിം : 1805 )

വിശന്ന വയറിനെ സഹിക്കാൻ കഴിയാതെ രാത്രിസമയങ്ങളിൽ വീടിനു പുറത്തിറങ്ങിയ ഒരു പ്രവാചകൻ ഉണ്ട് ചരിത്രത്തിൽ .പക്ഷേ എന്നിട്ടും ആവശ്യത്തിന് ആഹരിക്കാൻ ഭക്ഷണം കിട്ടിയപ്പോൾ അതിൽ മതിമറക്കാതെ ഭക്ഷണത്തിന്റെ ദാതാവായ റബ്ബിന് നന്ദി കാണിക്കുന്ന ഒരു പ്രവാചകനെ നമുക്ക് കാണാം (മുസ്ലിം : 2038 )

ഒരിക്കലും അനുയായികളോട് കയർക്കുകയോ അവരെ അടിക്കുകയോ സഭ്യമല്ലാത്ത വാക്കുകൾകൊണ്ട് അവരെ അഭിസംബോധന നടത്തുകയോ ചെയ്യാത്ത ഒരു നേതാവായിരുന്നു അദ്ദേഹം .

മറ്റുള്ളവരുടെ കാര്യത്തിലായിരുന്നു പ്രവാചകന്റെ കൂടുതൽ ശ്രദ്ധ.
തൻറെ അനുയായികളെ മതം പഠിപ്പിക്കുന്നതിനൊപ്പം തന്നെ മര്യാദകളും പ്രവാചകൻ (സ)പഠിപ്പിച്ചിരുന്നു. പല ആളുകളും പല രൂപത്തിൽ ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു. പക്ഷേ അതെല്ലാം സഹിച്ച് ക്ഷമിച്ച് അവരുടെ വാക്കുകൾ പൂർണമായി കേട്ട് അവരോട് പ്രതികരിച്ചിരുന്ന ഒരു പ്രവാചകനെ നാം ഹദീസുകളിൽ കാണുന്നു .

തന്റെ അനുയായികളോട് കളിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും ആണ് പ്രവാചകൻ (സ) ജീവിച്ചത്.
പ്രവാചകന്റെ തമാശകൾ നിരവധിയുണ്ട് .
എപ്പോഴും ഗൗരവത്തിൽ മാത്രം പെരുമാറി ആളുകളിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു സ്വഭാവം അവിടുത്തേക്ക് ഉണ്ടായിരുന്നില്ല .

തന്റെ അനുയായികളെ ആരെങ്കിലും കൊച്ചാക്കി സംസാരിക്കുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്യുന്നത് അവിടുത്തേക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു .
അബ്ദുല്ല എന്നു പറയുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. “ഹിമാർ”എന്നാണ് ആളുകൾ അദ്ദേഹത്തെ ഇരട്ടപ്പേര് വിളിച്ചിരുന്നത്. പ്രവാചകന്റെ അടുക്കൽ വന് പല തമാശകളും അദ്ദേഹം പറയാറുണ്ടായിരുന്നു. മദ്യപിച്ചതിന്റെ പേരിൽ പലതവണ അദ്ദേഹം അടി ക്കപ്പെട്ടിട്ടുണ്ട് .
അപ്പോൾ ഒരു മനുഷ്യൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു: നിങ്ങൾ അദ്ദേഹത്തെ ശപിക്കൂ പ്രവാചകരെ! അദ്ദേഹം പറഞ്ഞു :ഇല്ല അദ്ദേഹം അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഇഷ്ടപ്പെടുന്നവനാണ് ! (ബുഖാരി : 6282)
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)
ന്റെ മെലിഞ്ഞ കാൽപാദം കണ്ടപ്പോൾ ചില ആളുകൾ ചിരിച്ചു. പ്രവാചകൻ (സ) അവരെ വിമർശിക്കുകയും ആ കാല് ഉഹ്ദ് മലയേക്കാൾ തുലാസിൽ ഭാരം ഉണ്ടായിരിക്കുമെന്നും പറഞ്ഞതായി ഹദീസിൽ കാണാം (അഹ്മദ്: 3792)

തന്റെ അനുയായികളെ പുകഴ്ത്താൻ അവിടുന്ന് ഒരിക്കലും മടിച്ചിട്ടില്ല. അവരുടെ എല്ലാ നല്ല ഗുണവിശേഷങ്ങളും സൂക്ഷ്മമായി പഠിച്ചറിഞ്ഞ് അവരെ ഉപയോഗപ്പെടുത്തിയ ഒരു നേതാവായിരുന്നു പ്രവാചകൻ (സ). അവരുടെ എല്ലാ കാര്യങ്ങളിലും പ്രവാചകൻ (സ) അവരെ ഉപദേശിക്കാറുണ്ട്. അവർക്കിടയിൽ പ്രശ്നങ്ങളുണ്ടായാൽ പ്രവാചകൻ അത് ഭംഗിയായി തീർക്കാറുമുണ്ട് .

ഇങ്ങനെ തന്റെ അനുചരന്മാർക്ക് താങ്ങായും തണലായും അതിലുപരി സർവ്വ രംഗത്തും മാതൃകയായും അവിടുന്ന് ജീവിച്ചു.
(لَّقَدۡ كَانَ لَكُمۡ فِی رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةࣱ لِّمَن كَانَ یَرۡجُوا۟ ٱللَّهَ وَٱلۡیَوۡمَ ٱلۡـَٔاخِرَ وَذَكَرَ ٱللَّهَ كَثِیرࣰا)
[ അഹ്സാബ്: 21]
ഈ നേതാവ് നമുക്ക് അഭിമാനമാണ്. അഭിമാനം യാഥാർത്ഥ്യമാവുന്നത് അനുധാവനത്തിലെ പൂർണ്ണതയിലാണ്.

സുജൂദ് നൽകുന്ന ആനന്ദം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിമൂന്ന്

സുജൂദ് നൽകുന്ന ആനന്ദം

നമ്മുടെ ശരീരത്തിലെ നാം ഏറ്റവും ശ്രദ്ധിക്കുന്ന ഭാഗം ഏതാണ്? സംശയമില്ല മുഖം തന്നെ. മണ്ണും പൊടിയും ആവാതെ എപ്പോഴും അത് വൃത്തിയായി സൂക്ഷിക്കാറുണ്ട്. എന്നാൽ, മണ്ണും പൊടിയും നിറഞ്ഞ ആളുകൾ ചവിട്ടി നടക്കുന്ന പ്രതലത്തിലും നാം നമ്മുടെ മുഖം വെക്കാറുണ്ട്. അതെപ്പോഴാണ് ? സുജൂദിൽ . നമ്മുടെ എല്ലാം റബ്ബിന്റെ മുന്നിൽ സമർപ്പിക്കുന്നതിന്റെ ഏറ്റവും മൂർത്തമായ രൂപമാണത്. അതുകൊണ്ടു തന്നെ സുജൂദിന് വലിയ പ്രാധാന്യമാണ് മതത്തിലുള്ളത്.
നമസ്കാരമാണല്ലോ ഒരു വിശ്വാസി ചെയ്യുന്ന കർമങ്ങളിൽ ഏറ്റവും പ്രധാനം. അതിൽ ഏറ്റവും പ്രധാനം സുജൂദാ ണ്. അതുകൊണ്ടാണ് നമസ്കാരത്തെ കുറിച്ച് പറയുമ്പോൾ പലപ്പോഴും സുജൂദിനെ അല്ലാഹു എടുത്തു പറയാൻ കാരണം. (ഇൻസാൻ : 26 ഉദാഹരണം) നമസ്കാരത്തിൽ കൂടുതൽ ഉള്ള കർമവും സുജൂദാണല്ലോ.
നമസ്കാര സ്ഥലത്തിന് مسجد എന്നാണ് അല്ലാഹു പ്രയോഗിച്ച വാക്ക്. സുജൂദ് ചെയ്യുന്ന സ്ഥലം എന്നാണതിനർഥം. നമസ്കാരത്തിൽ സുജൂദ് മാത്രമല്ലല്ലോ ഉള്ളത്.
ഇതെല്ലാം സുജൂദിന്റെ മഹത്വത്തിനുള്ള തെളിവാണ്.

ഒരു മനുഷ്യന്റെ ഏഴ് അവയവങ്ങളാണ് സുജൂദിൽ നിലത്ത് വെക്കുന്നത്.
” أُمِرْنَا أَنْ نَسْجُدَ عَلَى سَبْعَةِ أَعْظُمٍ
(ബുഖാരി : 810)
നെറ്റി (മൂക്കടക്കം ) , രണ്ട് കൈപ്പത്തികൾ ,കാൽ മുട്ടുകൾ, കാൽ വിരലുകൾ എന്നിവയാണവ. ഇവ നിലത്ത് പതിച്ച് റബ്ബിന്റെ മുന്നിൽ നാം നിൽക്കുമ്പോൾ വിനയത്തിലെ പാരമ്യതയിലാണ് നാം. തല ഉയർത്തിയാണ് മനുഷ്യർ പെരുമ നടിക്കാറ്. എന്നാൽ സുജൂദിൽ തല താഴെയാണ്. നെഞ്ച് വിരിച്ച് അഹങ്കാരം കാണിക്കും ചിലർ. സുജൂദിൽ നെഞ്ച് താഴ്ന്നിരിക്കുന്നു . കൈകൾ ചൂണ്ടി ഭീഷണി മുഴക്കുന്ന കരങ്ങൾ നിലത്ത് അമർന്നിരിക്കുന്നു! റബ്ബിന്റെ മുന്നിൽ തന്റെ നിസ്സാരത വെളിപ്പെടുത്തുന്ന ഏറ്റവും നല്ല മാർഗം സുജൂദാണ്.
ഈ പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളും അവന് സുജൂദ് ചെയ്യുന്നു എന്ന് റബ്ബ് പറഞ്ഞിട്ടുണ്ട്.
(وَلِلَّهِ یَسۡجُدُ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ طَوۡعࣰا وَكَرۡهࣰا وَظِلَـٰلُهُم بِٱلۡغُدُوِّ وَٱلۡـَٔاصَالِ ۩)
അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് സുജൂദ് ചെയ്യുന്നു.)
[ റഅദ്:15]
(وَلِلَّهِ یَسۡجُدُ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَمَا فِی ٱلۡأَرۡضِ مِن دَاۤبَّةࣲ وَٱلۡمَلَـٰۤىِٕكَةُ وَهُمۡ لَا یَسۡتَكۡبِرُونَ)
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര് അഹങ്കാരം നടിക്കുന്നില്ല.
[ നഹ്ൽ :49]
(أَلَمۡ تَرَ أَنَّ ٱللَّهَ یَسۡجُدُ لَهُۥ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَمَن فِی ٱلۡأَرۡضِ وَٱلشَّمۡسُ وَٱلۡقَمَرُ وَٱلنُّجُومُ وَٱلۡجِبَالُ وَٱلشَّجَرُ وَٱلدَّوَاۤبُّ وَكَثِیرࣱ مِّنَ ٱلنَّاسِۖ وَكَثِیرٌ حَقَّ عَلَیۡهِ ٱلۡعَذَابُۗ وَمَن یُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ یَفۡعَلُ مَا یَشَاۤءُ ۩)
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില് കുറെപേരും അല്ലാഹുവിന് സുജൂദ് അര്പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില് ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന് ആരും തന്നെയില്ല. തീര്ച്ചയായും അല്ലാഹു താന് ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
[ ഹജ്ജ്: 18]

ഏതാനും ചിലരൊഴിച്ച് ഈ പ്രപഞ്ചത്തിലെ ബാക്കിയുള്ള മുഴുവൻ സൃഷ്ടികളും അവന് സുജൂദ് ചെയ്യുന്നുവെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്.
അവയുടെ സുജൂദ് ആലങ്കാരികമല്ല. അക്ഷരാർത്ഥത്തിൽ തന്നെയാണ്. എന്നാൽ അതിന്റെ രൂപം മനുഷ്യരുടേത് പോലെയാവണമെന്നില്ല.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ) പറയുന്നു:
: “والسجود من جنس القنوت فإن السجود الشامل لجميع المخلوقات هو المتضمن لغاية الخضوع والذل وكل مخلوق فقد تواضع لعظمته وذل لعزته واستسلم لقدرته ولا يجب أن يكون سجود كل شيء مثل سجود الإنسان على سبعة أعضاء ووضع جبهة في رأس مدور على التراب فإن هذا سجود مخصوص من الإنسان” ا (جامع الرسائل: 1/27)
“സുജൂദ് എന്നാൽ താഴ്മ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ്. അത് എല്ലാ സൃഷ്ടികൾക്കും ഉണ്ട്. അത് മനുഷ്യരുടേത് പോലെ തന്നെ അവണം എന്നില്ല. തല മണ്ണിൽ വെച്ച് ഏഴ് അവയവങ്ങളിൽ ചെയ്യുന്ന സുജൂദ് മനുഷ്യർക്കുള്ളതാണ്. “

ഓരോ സുജൂദും റബ്ബിന്റെയടുക്കൽ പദവികളുയരാനും
പാപങ്ങൾ പൊറുക്കപ്പെടാനും കാരണമാണ്.
” مَا مِنْ عَبْدٍ يَسْجُدُ لِلَّهِ سَجْدَةً إِلَّا رَفَعَهُ اللَّهُ بِهَا دَرَجَةً، وَحَطَّ عَنْهُ بِهَا خَطِيئَةً “.
حكم الحديث: صحيح
(തിർമിദി: 388)

ഒരടിമ തന്റെ റബ്ബിലേക്ക് ഏറ്റവും അടുക്കുന്നത് സുജൂദിലാണ്. എങ്ങനെ അല്ലാതിരിക്കും? അവന്റെ എല്ലാം റബ്ബിന്റെ മുന്നിൽ വിനയത്തോടെ സമർപ്പിച്ച് നിൽക്കുന്ന വേളയാണല്ലോ അത്. അത് കൊണ്ട് തന്നെ റബ്ബിനോട് എല്ലാം തുറന്ന് പറയാനും അവനോട് യാചിക്കാനും പറ്റിയ അവസരമാണത്. തന്റെ മുഖം പോലും പൂർണമായി മറ്റൊരാൾ കാണുന്നില്ല! കണ്ണ് ഭൂമിയിലാണ്. അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നില്ല! ഇങ്ങനെയൊരവസരം വേറെയുണ്ടോ? ഇല്ല . അപ്പോൾ തന്നെയാണ് ചോദിക്കാൻ നല്ലത്. തല ഉയർത്തി ചോദിക്കുന്നതിനേക്കാൾ തല താഴ്ത്തി യാചിക്കുന്നതല്ലേ നല്ലത്.
” أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ “.
(മുസ്ലിം : 482)

സുജൂദിലെ ദിക്റ് പോലും ഏറെ അർഥവത്താണ്.
سبحان ربي الأعلى
എന്നതാണല്ലോ ഒരു ദിക്റ് . الأعلى എന്നാൽ ഏറ്റവും ഉന്നതിയിലുള്ളവൻ എന്നാണ്. ഇത് പറയുമ്പോൾ അടിമ ഏറ്റവും താഴ്മയുള്ള അവസ്ഥയിലും!

സുജൂദിന്റെ ആധിക്യം സ്വർഗ പ്രവേശനത്തിന് കാരണമാണ്. സൗബാൻ (റ)നോടും (മുസ്ലിം :488) റബീഅ (റ)നോടും (മുസ്ലിം : 489)തിരുമേനി പറഞ്ഞത് അതാണല്ലോ.

റബ്ബിന്റെ കൽപന പ്രകാരം ഒരു സുജൂദ് നിർവഹിക്കാതിരുന്നതാണല്ലോ ഇബ്ലീസ് പുറത്താക്കപ്പെടാൻ കാരണം. അതുകൊണ്ടു തന്നെ വിശ്വാസികൾ ചെയ്യുന്ന സുജൂദ് അവനെ കരയിപ്പിക്കുന്നുണ്ട്. എന്റെ നാശമേ എന്നവൻ വിലപിക്കുന്നു! എന്നോട് പറയപ്പെട്ടപ്പോൾ ഞാൻ വിസമ്മതിച്ചു. അവനത് ചെയ്തു. അവന് സ്വർഗം, എനിക്ക് നരകം എന്നവൻ പറയും!
” إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ، فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ : يَا وَيْلَهُ “، وَفِي رِوَايَةِ أَبِي كُرَيْبٍ : ” يَا وَيْلِي، أُمِرَ ابْنُ آدَمَ بِالسُّجُودِ، فَسَجَدَ، فَلَهُ الْجَنَّةُ، وَأُمِرْتُ بِالسُّجُودِ، فَأَبَيْتُ، فَلِي النَّارُ “.
(മുസ്ലിം : 81)

വിശ്വാസികളുടെ വ്യതിരിക്തതയാണ് റബ്ബിനുള്ള അവരുടെ സുജൂദ്. രക്ഷിതാവിനോടുള്ള നന്ദി പ്രകടിക്കുന്നതിന്റെ ഭാഗം കൂടിയാണത്. അതാണല്ലോ ഒരു സന്തോഷകരമായ നിമിഷം വന്നാൽ ചെയ്യുന്ന ശുക്റിന്റെ സുജൂദ് . സുജൂദാണ് നന്ദി പ്രകടനത്തിന്റെ ഏറ്റവും ഉയർന്ന രൂപം.
എന്നാൽ ചിലർ ഫർള് നമസ്കാര വേളകളിൽ ഇമാം സുജൂദിലാണെങ്കിൽ ബാക്കിൽ കാത്തു നിൽക്കുന്നു! ഇമാം തല ഉയർത്താൻ വേണ്ടി. ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു സുജൂദാണവർ നഷ്ടപ്പെടുത്തുന്നത് !

അതേസമയം ഈ സുജൂദ് പടപ്പുകളുടെ മുന്നിൽ സമർപ്പിക്കുന്നവന്റെ നന്ദി കേട് ചിന്തിച്ചു നോക്കൂ. റബ്ബിലേക്കടുക്കുന്നതു പോലെ സൃഷ്ടികളിലേക്കടുക്കലാണത്! എന്തു വലിയ നന്ദി കേട് !
സുജൂദിന്റെ ചൈതന്യം ശരിയായി ഉൾകൊണ്ട ഒരാൾക്ക് റബ്ബിനു മുന്നിലെല്ലാതെ അവന്റെ നെറ്റിത്തടം വെക്കാനാവുമോ? ഇല്ലല്ലോ. മയ്യിത്ത് നമസ്കാരത്തിൽ റുകൂഉും സുജൂദും ഇല്ലാത്തതിന്റെ രഹസ്യവും ഇതല്ലേ?

എന്നാൽ സുജൂദ് അല്ലാഹുവിന് മാത്രം എന്നത് പിശാചിന്റെ വാദമാണെന്ന് ചിലർ പറയുന്നു ! പിശാചിനു പോലും ഇല്ലാത്ത വാദം! പിശാചാവട്ടെ സുജൂദ് ചെയ്യാറുമില്ല!

വിശ്വാസികളുടെ മുഖങ്ങളിൽ സുജൂദിന്റെ അടയാളങ്ങളുണ്ടാവും (ഫത്ഹ് : 29 ) അത് ഈമാനിന്റെ വെളിച്ചമാണ്. ആ വെളിച്ചമുള്ളവർക്കേ പരലോകത്തും സുജൂദിന് കഴിയുകയുള്ളൂ. അല്ലാത്തവർക്കതിനു കഴിയില്ല !
(یَوۡمَ یُكۡشَفُ عَن سَاقࣲ وَیُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا یَسۡتَطِیعُونَ)
കണങ്കാല് വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള് ഓര്ക്കുക. സുജൂദ് ചെയ്യാന് (അന്ന്‌) അവര് ക്ഷണിക്കപ്പെടും. അപ്പോള് അവര്ക്കതിന് സാധിക്കുകയില്ല.
[ ക്വലം :42]

ക്വുർആൻ പാരായണ വേളയിലും ചിലയിടങ്ങളിൽ സുജൂദുണ്ട്. അവ ശുദ്ധിയോടെ നിർവഹിക്കലാണ് നല്ലത്.

നിത്യേന നിരവധി തവണ സുജൂദുകൾ നാം നിർവഹിക്കുന്നുണ്ട്. എന്നാൽ അതിന്റെ ആത്മീയ ചൈതന്യം പൂർണ്ണമായി ഉൾക്കൊണ്ട് തന്നെയാണോ നമ്മുടെയൊക്കെ സുജൂദ് എന്നത് നാം ഗൗരവമായി പരിശോധിക്കേണ്ടതാണ്. ധൃതി പിടിച്ചും അശ്രദ്ധമായും ചെയ്യുന്ന സുജൂദിന് ജീവനുണ്ടാവില്ല. കാലുകൾ അടുപ്പിച്ച് വെച്ച് , കൈവിരലുകൾ ചേർത്ത് പിടിച്ച്, അവ ക്വിബ് ലക്ക് നേരേ വെച്ച് , മൂക്ക് ഭൂമിയിൽ തട്ടിച്ച്, കൈകൾ കക്ഷത്തു നിന്നും അൽപം അകറ്റപ്പിടിച്ച്, കൈപത്തി മാത്രം നിലത്ത് തട്ടിച്ചാണ് – (കൈമുട്ടുകൾ നിലത്തു തട്ടാതെ ) സുജൂദ് ചെയ്യേണ്ടത്. മനുഷ്യമനസ്സിനും ഹൃദയത്തിനും ഇത്രയും ആശ്വാസം കിട്ടുന്ന മറ്റൊരു രൂപവും ഇല്ല! കാരണം ശരീരത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ഹൃദയത്തിന് ശാരീരികമായി ഏറ്റവും ആശ്വാസം കിട്ടുന്നത് സുജൂദിലാണ്. കാരണം ശരീരത്തിന്റെ 90 % വും ഈ അവസ്ഥയിൽ ഹൃദയത്തിനു താഴെയാണ്. താഴേക്കുള്ള പ്രത്യേകിച്ചും തലച്ചോറിലേക്കുള്ള വിതരണം ഹൃദയത്തിന് സുജൂദിന്റെ അവസ്ഥയിൽ എളുപ്പം സാധിക്കുന്നു.
അഥവാ, സുജൂദ് വിശ്വാസിക്ക് ആത്മീയവും ശാരീരികവുമായ ഊർജ്ജം നൽകുന്നു. ഹൃദയത്തിനാവട്ടെ വിശ്വാസത്തിന്റെ കുളിർമയും പ്രവർത്തനത്തിലെ ആശ്വാസവും ലഭിക്കുന്നു.
ആരാധനയിലെ ആനന്ദം സുജൂദിനേക്കാൾ മറ്റൊന്നിലുമില്ല.
റബ്ബിന് സ്തുതി.

മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമോ?

മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമോ?

മലപ്പുറം ജില്ല വര്‍ഗീയവാദികളുടെ നാടാണ് എന്ന വായ്ത്താരിക്ക് അതിന്റെ സ്ഥാപിതകാലം വരെ ചെന്നെത്തുന്ന പഴക്കമുണ്ട്. കുട്ടിപ്പാക്കിസ്ഥാനെന്നും മാപ്പിളസ്ഥാനെന്നുമുള്ള അപരനാമങ്ങളെ ശരി വെച്ചു കൊണ്ട് ഉത്തരവാദപ്പെട്ടവരുടെ സംസാരങ്ങള്‍ പക്വമതികളെ ചെറുതായൊന്നുമല്ല വേദനിപ്പിച്ചത്. മലപ്പുറത്തിന്റെ മനസ്സ് വര്‍ഗീയമാണോ? ഇതരരെ ഉള്‍ക്കൊള്ളുന്നതില്‍ അവിടുത്തുകാര്‍ അസഹിഷ്ണത കാണിക്കാറുണ്ടോ? ചരിത്ര യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനം.

മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ചില രാഷ്ട്രീയപ്രതികരണങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മലപ്പുറത്തിന്റെ ഉള്ളടക്കം. മലപ്പുറത്ത് ഒരു വിഭാഗം നേടിയ വിജയത്തെ രാഷ്ട്രീയമായി വിമര്‍ശിക്കാനും അതിലെ ശരിതെറ്റുകളെ വിലയിരുത്താനും പരാജയപ്പെട്ട കക്ഷികള്‍ക്ക് അവകാശമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, വിമര്‍ശനം ഒരു ജില്ലയെ തന്നെ താറടിക്കുന്ന തരത്തിലാവുകയും വര്‍ഗീയമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നതാണെങ്കില്‍ അത്തരം വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് പറയുമ്പോള്‍ ആ ജില്ലയില്‍ താമസിക്കുന്ന മുഴുവന്‍ മതവിഭാഗങ്ങളെയും മനുഷ്യരെയും അധിക്ഷേപിക്കുന്നതിനു തുല്യമാണ്. 

ഒരുപാട് സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണാണ് മലപ്പുറം. പക്ഷേ, പോരാട്ടങ്ങളിലൊന്ന് പോലും വര്‍ഗീയമായ പോരാട്ടങ്ങളായിരുന്നില്ല. അധിനിവേശ ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാനും അന്യായമായി കയ്യടക്കി വെച്ചിരുന്ന സ്വത്തുക്കള്‍ അതിന്റെ അവകാശികള്‍ക്ക് നല്‍കുന്നതിനുവേണ്ടിയുമൊക്കെയുള്ള പോരാട്ടങ്ങളായിരുന്നു അത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തത്ത്വത്തിലൂടെ പോരാട്ടങ്ങളില്‍ ചിലതിനെ വര്‍ഗീയമാക്കാനുള്ള അധിനിവേശ ശക്തികളുടെ ഭാഗമായി ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടാറുണ്ടെങ്കിലും മലപ്പുറത്തെ ജനങ്ങള്‍ വര്‍ഗീയതയെ ഒരു നിലയ്ക്കും അംഗീകരിക്കാത്തവരാണ്. മതപരമായ വൈജാത്യങ്ങളും അഭിപ്രായാന്തരങ്ങളുമൊക്കെ സജീവമായി നിലനില്‍ക്കുമ്പോഴും വിശ്വാസങ്ങള്‍ക്കതീതമായി പരസ്പരം സ്‌നേഹിക്കാന്‍ മാത്രം ശീലിച്ചവരാണ് ആ നാട്ടുകാര്‍. 

മലപ്പുറം ഉള്‍ക്കൊള്ളുന്ന മലബാറിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഭൂമിയെ കുറിച്ചുള്ള അവകാശവാദങ്ങളും തര്‍ക്കങ്ങളും വളരെയധികം നിലനിന്നിരുന്ന പ്രദേശമായിരുന്നു അത്. ബ്രഹ്മസ്വത്തിന്റെ പേരില്‍ ബ്രാഹ്മണരായിരുന്നു ഭൂസ്വത്തുക്കളിലധികവും കൈവശം വെച്ചിരുന്നത്. 90 ശതമാനം ബ്രഹ്മസ്വത്തിനും ശിഷ്ടം വരുന്ന 10 ശതമാനം ദേവസ്വത്തിനുമായിരുന്നു. ടിപ്പു സുല്‍ത്താന്‍ ഭൂസ്വത്തുക്കള്‍ക്ക് നികുതി നടപ്പാക്കിയതോടെ ജന്മിമാരില്‍ അധികപേരും മലബാര്‍ വിട്ടുപോവുകയും പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്ത് ഭൂമിയുടെ അവകാശികളായിരുന്ന കുടിയാന്മാരെ ഇറക്കിവിട്ട് ഭൂസ്വത്തുക്കള്‍ ജന്മിമാര്‍ക്ക് തന്നെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. ഇത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള കലാപങ്ങള്‍ക്ക് കാരണമായി. 

ബ്രിട്ടീഷുകാരുടെ ആദ്യകാലത്ത് ബോംബെ പ്രോവിന്‍സിന്റെ ഭാഗമായിരുന്ന മലബാര്‍ പിന്നീട് മദ്രാസ് പ്രസിഡന്‍സി രൂപീകരിച്ചതോടെ മദ്രാസിന്റെ ഭാഗമായി. മലബാറിലെ ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷമായിരുന്ന മാപ്പിളമാരില്‍ അധികവും കുടിയാന്മായിരുന്നു. ജന്മിമാര്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ശക്തമായി നിലയുറപ്പിച്ച മാപ്പിളമാര്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ കനത്ത നിയമങ്ങള്‍ കൊണ്ടുവന്നു. മാപ്പിള ഔട്ട്‌റേജസ് ആക്ട് അതിലൊന്നായിരുന്നു. കണ്ടാല്‍ വെടിവെക്കാനുള്ള ഉത്തരവായിരുന്നു അത്. ഇത് മാപ്പിളമാരും ബ്രിട്ടീഷുകാരും തമ്മിലുള്ള കനത്ത പോരാട്ടങ്ങള്‍ക്ക് വഴിതെളിയിച്ചു. മാപ്പിളമാരുടെ പോരാട്ടവീര്യങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും ബ്രിട്ടീഷുകാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ഭൂമിക്ക് വേണ്ടിയുള്ള അവകാശത്തിനായുള്ള ഈ പോരാട്ടത്തെ വര്‍ഗീയമായി അവതരിപ്പിച്ചു ഹിന്ദു മുസ്‌ലിം കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ലോയ്ഡ് ജോര്‍ജ് ‘മാപ്പിളമാരെ നമുക്ക് ഭരിക്കാനാവില്ല, അവര്‍ക്ക് സ്വാതന്ത്ര്യം കൊടുത്താലെന്താ’ എന്നു ചോദിക്കുന്ന അവസ്ഥയിലേക്കു വരെ കാര്യങ്ങള്‍ എത്തിപ്പെട്ടു. ഇപ്പോഴത്തെ മലപ്പുറം ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, വള്ളുവനാട് പ്രദേശത്തെ മാപ്പിള മക്കള്‍ ആയിരുന്നു മുഴുവന്‍ സമരവീര്യങ്ങളും പുറത്തെടുത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പ്രമുഖ സ്ഥാനം നല്‍കിയ മാപ്പിള ജനതക്ക് ജീവിത വ്യവഹാരങ്ങളിലും വിജ്ഞാന സമ്പാദനങ്ങളിലും മുമ്പോട്ട് കുതിക്കാന്‍ സാധിച്ചില്ല. നിരന്തരമായ പോരാട്ടങ്ങള്‍ ആ ജനതയുടെ പിന്നോക്കാവസ്ഥക്കുള്ള കാരണമായിത്തത്തീര്‍ന്നു. ചിലരെങ്കിലും ധരിക്കുന്ന പോലെ മലബാര്‍ സമരം ഒരിക്കലും ഒരു ഇസ്‌ലാമിക രാഷ്ട്രത്തിനായുള്ള പോരാട്ടമായിരുന്നില്ല. 

1956 നവംബര്‍ ഒന്നിന് ഐക്യകേരളം പിറന്നപ്പോള്‍ മുസ്‌ലിം സമുദായത്തില്‍ പെട്ട പണ്ഡിതന്മാരും നേതാക്കളും ഇതര മതവിഭാഗങ്ങളിലെ ഉന്നതരുമെല്ലാം ഏറനാടിന്റെയും വള്ളുവനാടിന്റെയും പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പ്രവിശാലവും ജനനിബിഡവുമായ ഒരു പ്രദേശത്തെ പിന്നോക്കാവസ്ഥ പരിഹരിക്കണമെങ്കില്‍ ഭരണസംവിധാനങ്ങളുമായി കൂടുതല്‍ അടുക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ആസൂത്രണങ്ങളും അനിവാര്യമായിരുന്നു. ഭരണസിരാകേന്ദ്രങ്ങളെ പ്രാപിക്കുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കാത്ത വിധം അകലെയായിരുന്നു. മലപ്പുറത്തെ ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് പാലക്കാട് നഗരം വരെ യാത്ര ചെയ്തു തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മലപ്പുറം കേന്ദ്രമാക്കി ഒരു ജില്ല വേണമെന്ന ആവശ്യമുയരുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഭൂമിയിലെ അവകാശത്തിനുമായി പോരാട്ടം നടത്തിയ ഒരു ജനതയെ വിദ്യഭ്യാസപരമായും സാമൂഹികവുമായും മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തെ ഒരു ദേശീയ പ്രശ്‌നമായി ഏറ്റെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടവരാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. പക്ഷേ, ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് പകരം മലപ്പുറത്തിനെതിരെ അനാവശ്യമായ പ്രചാരണങ്ങളും ആശങ്കകളും സൃഷ്ടിക്കുകയാണ് പലരും ചെയ്തത്. കുട്ടിപാക്കിസ്ഥാന്‍, മാപ്പിളസ്ഥാന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തി ജില്ലാരൂപീകരണത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു പലരും. മലപ്പുറം ജില്ല വന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും അറബിക്കടല്‍ തീരം വഴി ഭീകരവാദികള്‍ നുഴഞ്ഞുകയറുമെന്നും ആയുധക്കടത്തുകള്‍ ഉണ്ടാവുമെന്നും അത് കേരളത്തിനും ഇന്ത്യക്കും ഭീഷണിയാവുമെന്നുമൊക്കെയായിരുന്നു പ്രചാരണങ്ങള്‍. അക്കാലത്ത് മാതൃഭൂമി പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു: ”നിര്‍ദിഷ്ടമായ മലപ്പുറം ജില്ല രൂപവത്കരിക്കപ്പെട്ടാല്‍ അത് ഒരു കൊച്ചു പാകിസ്ഥാനായിരിക്കും. മലപ്പുറത്തെ അമുസ്‌ലിംകളെ മുസ്‌ലിംകള്‍ ശല്യപ്പെടുത്തിവരുന്നുണ്ട്. ആയിരക്കണക്കിന് അമുസ്‌ലിംകളെ മതപരിവര്‍ത്തനം ചെയ്ത് മുസ്‌ലിംകളാക്കുന്ന ഒരു ഇസ്‌ലാമിക സംഘടന പൊന്നാനിയില്‍ ഉണ്ട്. മലപ്പുറം ജില്ല ഒരു കടലോര പ്രദേശമാണ്. ജില്ലാ രൂപീകരണത്തോടെ അവിടെ തീരദേശബന്ധം സ്ഥാപിക്കുന്നതിന് സാധ്യതയില്ലെന്ന് പറഞ്ഞുകൂടാ…” (മാതൃഭൂമി ദിനപത്രം, 1969 ജൂണ്‍ 6).

പ്രാദേശിക സൗകര്യാര്‍ഥം രൂപപ്പെട്ട ഒരു ആശയമായിരുന്നു മലപ്പുറം ജില്ല എന്ന ആശയം. പാലക്കാടുമായി ബന്ധപ്പെടാനുള്ള വൈഷമ്യം ഉള്‍ക്കൊണ്ടുകൊണ്ട് പാങ്ങില്‍ കുറുവ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ. ബാപ്പുട്ടിയാണ് ആദ്യമായി ഈ ആശയം ഒരു പ്രമേയമായി അവതരിപ്പിച്ചത്. ഇത് 1960ല്‍ ആയിരുന്നു. പിന്നീട് തിരുവിതാംകൂറുകാരനായിരുന്ന മങ്കട എം.എല്‍.എ. അഡ്വ. പി. അബ്ദുല്‍ മജീദ് നിയമസഭയില്‍ ഈ കാര്യം ഉന്നയിച്ചു. ബാഫഖി തങ്ങള്‍, സി.എച്ച്. മുഹമ്മദ്‌കോയ, എം.പി.എം. അഹ്മദ് കുരിക്കള്‍ എന്നിവര്‍ ഈ വിഷയത്തില്‍ ശക്തമായി ഇടപെട്ടു. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് മലപ്പുറം ജില്ലക്കാരനായിരുന്നു. തുടക്കത്തില്‍ ജില്ലയെ അദ്ദേഹം അനുകൂലിക്കുകയും ചെയ്തിരുന്നു.

നേരത്തെ സൂചിപ്പിച്ച പോലെ ഒരു ജില്ല പിറന്നാല്‍ അതൊരു സാമുദായിക ധ്രുവീകരണത്തിന് കാരണമാകുമെന്ന പ്രചാരണത്തിന് പിന്നില്‍ പ്രധാനമായും ഭാരതീയ ജനസംഘമായിരുന്നു. ഒ. രാജഗോപാല്‍ ആയിരുന്നു ജില്ലക്കെതിരെയുള്ള വര്‍ഗീയ ആരോപണത്തിന് മുന്നില്‍ നിന്നത്. എന്നാല്‍ കേരളഗാന്ധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ. കേളപ്പന്‍ അടക്കമുള്ളവരും ഇത്തരം പ്രചാരണങ്ങളുടെ മുമ്പില്‍ നിന്നുവെന്നത് മതേതരസ്‌നേഹികളില്‍ വലിയ പ്രയാസം സൃഷ്ടിക്കുകയുണ്ടായി. അതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഈ വിഷയത്തില്‍ അക്കാലത്ത് മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്ത വായിക്കുന്നത് വളരെ പ്രസക്തമായിരിക്കും: 

”മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല രൂപവത്കരിക്കുന്നതില്‍ കാര്യമായ ഒരു തെറ്റുമില്ല. ജില്ലകളുടെ രൂപവത്കരണം സംസ്ഥാന ഗവണ്‍മെന്റുകളുടെ ചുമതലയാണ്. മലപ്പുറം ജില്ല രൂപവത്കരിക്കുന്നതില്‍ വര്‍ഗീയ പരിഗണനയൊന്നുമില്ലെന്ന് കേരള ഗവണ്‍മെന്റ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ല രൂപീകരിക്കുന്നതില്‍ സംസ്ഥാനത്തെ ഒരു വിഭാഗം ആളുകള്‍ക്ക് എതിര്‍പ്പുള്ളതായി കേന്ദ്ര ഗവണ്‍മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ല രൂപീകരിക്കുന്നത് ആശാസ്യമല്ലെന്ന് ശ്രീ. എസ്.എസ് ഭണ്ഡാരി(ജനസംഘം)യുടെ അഭിപ്രായം ചവാന്‍ തള്ളിക്കളഞ്ഞു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല രൂപീകരിക്കുന്നത് ദേശീയ താല്‍പര്യത്തിന് ഹാനികരമാണെന്ന ചിന്താഗതി നാം വളര്‍ത്തരുത്. ഇന്ത്യയില്‍ ന്യൂനപക്ഷമായ ഒരു വിഭാഗം പൗരന്മാരെപ്പറ്റി അടിസ്ഥാനപരമായ ദുഃശ്ശങ്കയുളവാക്കാന്‍ അത് ഇടയാക്കും” (മലയാള മനോരമ, 1969 മാര്‍ച്ച് 26). ജില്ലയെ വര്‍ഗീയമായി കണ്ടവര്‍ക്കുള്ള തിരിച്ചടിയായി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും കേന്ദ്ര ഗവര്‍മെന്റിന്റെയും നിലപാടുകള്‍. 

സര്‍ക്കാരുകളുടെ പിന്തുണ ജില്ലാ രൂപീകരണത്തിന് അനുകൂലമായതോടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല രൂപീകൃതമായി. കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന തിരൂര്‍, ഏറനാട് താലൂക്കുകളും പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജില്ല രൂപീകരിച്ചത്. ആ ദിവസത്തെ ‘അടിയറവെക്കല്‍ ദിന’മായി ആചരിക്കാന്‍ കെ. കേളപ്പന്‍ ആഹ്വാനം ചെയ്തുവെങ്കിലും ജില്ലയിലെ ജനങ്ങള്‍ ആ ആഹ്വനം തള്ളിക്കളഞ്ഞു. ജനസംഘം സമരം തുടര്‍ന്നെങ്കിലും ജില്ലാരൂപീകരണത്തോടെ അവര്‍ നടത്തിവന്നിരുന്ന പ്രചാരണങ്ങള്‍ ആസ്ഥാനത്തായിരുന്നുവെന്നു പൊതുസമൂഹത്തിനു ബോധ്യപ്പെട്ടതോടെ അവര്‍ക്ക് സമരം നിര്‍ത്തിവെക്കേണ്ടി വന്നു. താനൂര്‍ കടപ്പുറത്ത് ചാരക്കപ്പല്‍ കണ്ടെന്ന മാതൃഭൂമിയുടെ കുപ്രചാരണം പോലെയുള്ള പല സംഭവങ്ങളും പിന്നീടുണ്ടായെങ്കിലും വര്‍ഗീയതക്ക് സ്ഥാനമില്ലാതിരുന്ന മലപ്പുറത്തെ ജനമനസ്സുകളില്‍ അതൊന്നും സ്വാധീനം ചെലുത്തിയില്ല. 

മലപ്പുറം ജില്ല രൂപം കൊണ്ട ശേഷം പ്രദേശത്ത് എടുത്തുപറയാവുന്ന സാമുദായിക സംഘര്‍ഷങ്ങളോ കലാപങ്ങളോ ഉണ്ടായിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതവിഭാങ്ങള്‍ക്കിടയിലെ സൗഹാര്‍ദം നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം. അങ്ങാടിപ്പുറത്തെ തളിക്ഷേത്രത്തിനു തീവെച്ച സംഭവത്തെ തുടര്‍ന്ന് ഉണ്ടായേക്കാമായിരുന്ന ഒരു വലിയ വര്‍ഗീയ കലാപത്തെ ഇല്ലാതാക്കിയത് മുസ്‌ലിം സമുദായ നേതാക്കളുടെ പക്വമായ ഇടപെടലായിരുന്നു. മറ്റു ജില്ലകളില്‍ നിന്നും മലപ്പുറത്തെത്തുന്ന വിവിധ സമുദായങ്ങളില്‍ പെട്ടവര്‍ മലപ്പുറവുമായി ഇഴുകിച്ചേര്‍ന്നതാണ് പിന്നീടുള്ള ചരിത്രം. മലപ്പുറത്തെ ഭീതിയോടെ കണ്ടു കൊണ്ട് ജില്ലയിലേക്ക് കടന്നുവന്നവര്‍ മലപ്പുറത്തിന്റെ സ്‌നേഹമനസ്സിനെ മുക്തകണ്ഠം പ്രശംസിക്കുന്നവരായി. അത്രമാത്രം പരസ്പരം ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും സഹകരിച്ചു ജീവിക്കാനും ശീലിച്ചവരാണ് മലപ്പുറത്തുകാര്‍. ജാതി മത ചിന്തകളുടെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ടുള്ള അയല്‍പക്ക ബന്ധങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം. നാരായണീയത്തിന്റെ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയും, ജ്ഞാനപ്പാനയുടെ കര്‍ത്താവായ പൂന്താനവും മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും പിറന്ന നാടാണ് മലപ്പുറം. അധിനിവേശ വിരുദ്ധതക്ക് വേണ്ടി തൂലിക പടവാളാക്കി ഹിന്ദുവായ സാമൂതിരിയെ രാജാവായി വാഴിച്ച സൈനുദ്ധീന്‍ മഖ്ദൂമിന്റെയും സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ആലി മുസ്‌ലിയാരുടെയും മുസ്‌ലിം നവോത്ഥാനത്തിന്റെ നായകനായിരുന്ന കെ.എം. മൗലവിയുടെയും കര്‍മഭൂമിയും മലപ്പുറം തന്നെ. 

ഇങ്ങനെയുള്ള മലപ്പുറത്തിന്റെ മനസ്സും ഉള്ളടക്കവും വര്‍ഗീയമാണെന്നു പറയുന്നവര്‍ രാഷ്ട്രീയ വിമര്‍ശനത്തിന് വേണ്ടി പറഞ്ഞതാണെന്ന് വിചാരിച്ചാല്‍ പോലും അതുകൊണ്ടുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ എന്തുമാത്രമായിരിക്കുമെന്നു മനസ്സിലാക്കേണ്ടതുണ്ട്. മലപ്പുറത്തിനെതിരെ ഇത്തരമൊരു പ്രസ്താവന വന്നിട്ടും അവിടുത്തെ ജനങ്ങള്‍ പ്രകോപിതരാകാതിരുന്നത് ആ ജില്ലയുടെ പാരമ്പര്യ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. 

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വാ തുറക്കുമ്പോള്‍ പറയുന്നതിന് മുമ്പ് ആലോചന അനിവാര്യമാണ്. ഒരു സമൂഹത്തെയോ സമുദായത്തെയോ പ്രദേശത്തെയോ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ എന്തുകൊണ്ടും അപലപനീയമാണ്. 

മതരംഗത്തും രാഷ്ട്രീയരംഗത്തും പലപ്പോഴും പ്രകടമാകുന്ന ഒരു ദുഃസ്വഭാവമാണ് തമ്മില്‍ തെറ്റിയാല്‍ അസഭ്യം പറയുകയെന്നത്. പക്വമതികള്‍ വിഹരിക്കേണ്ട മത, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകള്‍ ഇത്തരം വ്യക്തികള്‍ കയ്യടക്കുന്നത് തടയണമെങ്കില്‍ സാംസ്‌കാരിക ബോധമുള്ളവര്‍ പൊതുരംഗത്തേക്ക് കടന്നുവരേണ്ടതുണ്ട്. മാലാഖമാര്‍ കയറിച്ചെല്ലാന്‍ മടിക്കുന്നിടം ചെകുത്താന്മാര്‍ ഓടിക്കയറുമെന്ന ആപ്തമാക്യം ഇവിടെ സ്മരണീയമാണ്. മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) ഇപ്രകാരം പഠിപ്പിച്ചു: ”ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ നല്ലത് മാത്രം പറഞ്ഞുകൊള്ളട്ടെ; അല്ലെങ്കില്‍ മൗനമവലംബിക്കട്ടെ.”

 

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം വാരിക

നബി ചരിത്രം – 46

നബി ചരിത്രം - 46: ഹംറാഉൽ അസദ് യുദ്ധം.

ഹംറാഉൽ അസദ് യുദ്ധം.

ഉഹ്ദ് യുദ്ധം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷമായിരുന്നു ഈ യുദ്ധം. ശവ്വാൽ മാസം 15ന് ശനിയാഴ്ചയാണ് ഉഹ്ദ് യുദ്ധം ഉണ്ടായത്. ശവ്വാൽ 16 ഞായറാഴ്ചയായിരുന്നു ഹംറാഉൽ അസദ് യുദ്ധം ഉണ്ടായത്. നബിﷺയുടെ സ്വഹാബിമാരിൽ ബാക്കിയുള്ള ആളുകളെ കൂടി നശിപ്പിക്കണം എന്ന ഉദ്ദേശത്തോടുകൂടി അബൂസുഫ്‌യാൻ ഖുറൈശികളെയും കൊണ്ട് വീണ്ടും മദീനയിലേക്ക് വന്നിരിക്കുന്നു എന്ന വാർത്ത നബിﷺക്ക് ലഭിച്ചതായിരുന്നു യുദ്ധത്തിനുള്ള കാരണം.

അതായത് മുശ്രിക്കുകൾ ഉഹ്ദിൽ നിന്നും പിരിഞ്ഞു പോയതിനു ശേഷം റൗഹാഅ്‌ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ ഇപ്രകാരം പറഞ്ഞു: “മുഹമ്മദിനെ നിങ്ങൾ കൊന്നില്ല. വളരെ മോശമായിപ്പോയി നിങ്ങൾ ചെയ്തത്. അത് കൊണ്ട് വീണ്ടും മദീനയിലേക്ക് മടങ്ങണം”. അങ്ങിനെയാണ് അവർ ഹംറാഉൽ അസദ് എന്ന സ്ഥലത്തേക്ക് എത്തിയതും ഈ വിവരം നബിﷺക്ക് ലഭിച്ചതും. നേരം പുലർന്നപ്പോൾ സുബഹി നമസ്കാര ശേഷം ബിലാൽ  رضي الله عنه വിനോട് നബിﷺ ഇപ്രകാരം പറഞ്ഞു: ശത്രുക്കളെ തേടിക്കൊണ്ട് ഇറങ്ങി പുറപ്പെടാൻ നബിﷺ നിങ്ങളോട് കൽപിക്കുന്നു എന്നു വിളിച്ചു പറയുക. ഇന്നലെ നമ്മോടൊപ്പം യുദ്ധത്തിൽ പങ്കെടുത്തവർ അല്ലാതെ ഇന്ന് പങ്കെടുക്കരുതെന്ന് എന്നും പറയാൻ നബിﷺ പ്രത്യേകം കൽപിച്ചു.

ഈ സന്ദർഭത്തിൽ ജാബിർرضي الله عنه വന്നു കൊണ്ട് നബിﷺ യോട് യുദ്ധത്തിന് പോകുവാനുള്ള അനുവാദം ചോദിച്ചു. കാരണം അദ്ദേഹത്തിന്റെ പിതാവ് തന്റെ സഹോദരന്മാരെ നോക്കുന്നതിനു വേണ്ടി ഏൽപ്പിച്ചതിനാൽ അദ്ദേഹം ഉഹ്ദിൽ പങ്കെടുത്തിരുന്നില്ല. അപ്പോൾ നബിﷺ അദ്ദേഹത്തിന് അനുവാദം നൽകി.

മുനാഫിക്കുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് ബ്നു സലൂലും നബിﷺയോട് അനുവാദം ചോദിച്ചു വന്നു. പക്ഷേ നബിﷺ അനുവാദം കൊടുക്കാതെ അയാളെ മടക്കി അയച്ചു. അലിയ്യുബ്നു അബീത്വാലിബ്رضي الله عنه ആയിരുന്നു മുസ്ലിംകളുടെ പതാക വാഹകൻ. നബിﷺ ഹംറാഉൽ അസദിലേക്ക് പുറപ്പെട്ടു. അവിടുത്തെ തിരുമുഖത്തും നെറ്റിയിലും മുറിവേറ്റിരുന്നു. അണപ്പല്ല് പൊട്ടിയ അവസ്ഥയിലായിരുന്നു. ഉഹ്ദിൽ ഇബ്നു ഖംഅയുടെ അടി കാരണത്താൽ അവിടുത്തെ വലതു ചുമലിന് ദുർബലത ബാധിച്ചിരുന്നു. ശത്രുക്കൾ കുഴിച്ച വാരിക്കുഴിയിൽ വീണ കാരണത്താൽ കാൽമുട്ടിലും മുറിവുണ്ടായിരുന്നു. അബൂ ആമിർ എന്ന ദുഷ്ട വ്യക്തിയാണ് ഉഹ്ദ് മൈതാനത്തിൽ ഈ കുഴി ഉണ്ടാക്കിയിരുന്നത്. ശരീരത്തിൽ മുറിവുകളും വേദനകളുമായിക്കൊണ്ടു തന്നെ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്ത എല്ലാവരും നബിﷺ യോടൊപ്പം ഹംറാഉൽ അസദിലേക്ക് പുറപ്പെട്ടു.

അല്ലാഹു പറയുന്നു.

“നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്‌) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്‌. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്‌. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല. അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയും, സത്യനിഷേധികളെ ക്ഷയിപ്പിക്കുവാന്‍ വേണ്ടിയും കൂടിയാണത്‌.”

(ആലു ഇംറാൻ: 140, 141) 

സുബഹി നമസ്കാര ശേഷം നബിﷺ പുറപ്പെട്ടു. സാബിത്ത് ബിനു ളഹാക്ക് അൽ ഖസ്റജി എന്ന വ്യക്തിയെയായിരുന്നു വഴികാട്ടിയായി സ്വീകരിച്ചത്. ഹംറാഉൽ അസദ് വരെ എത്തി . അവിടെ സൈനികത്താവളമടിച്ചു. മൂന്ന് ദിവസത്തോളം അവിടെ കഴിച്ചു കൂട്ടുകയും ചെയ്തു. എല്ലാ രാത്രികളിലും സ്വഹാബികൾ തീ കത്തിക്കാറുണ്ടായിരുന്നു. വളരെ വിദൂരത്തു നിന്നും നോക്കുന്ന ആളുകൾക്കു പോലും അത് കാണുക സാധ്യമായിരുന്നു.

ഈയിടക്ക് ഖുസാഈ ഗോത്രത്തിൽപ്പെട്ട മഅ്‌ബദുബ്നു മഅ്‌ബദിനെ ഹംറാഉൽ അസദിൽ വെച്ചു കൊണ്ട് നബിﷺ കണ്ടു മുട്ടി. ഇയാൾ മുശ്രിക്ക് ആയിരുന്നു. ഖുസാഅ ഗോത്രത്തിൽ മുസ്ലിംകളും മുശ്‌രികുകളും ഉണ്ടായിരുന്നു. മഅ്‌ബദ് പറഞ്ഞു: അല്ലയോ മുഹമ്മദ്, താങ്കളുടെ അനുയായികൾക്കിടയിൽ വെച്ചു കൊണ്ട് താങ്കൾക്ക് ബാധിച്ച പ്രയാസങ്ങളിൽ ഞങ്ങൾക്ക് വിഷമം ഉണ്ട്. അല്ലാഹു താങ്കൾക്ക് സൗഖ്യം നൽകട്ടെ എന്ന് ഞങ്ങൾ ആശിക്കുന്നു. അപ്പോൾ നബിﷺ മഅ്‌ബദിനോട് അബൂസുഫിയാൻ പോയി കാണുവാനും അയാളെ നിന്ദിക്കുവാനും പറഞ്ഞു.

മഅ്‌ബദ് തിരിച്ചെത്തുകയും റൗഹാഇലുള്ള അബൂസുഫ്‌യാനെയും കൂട്ടരെയും കണ്ടു മുട്ടുകയും ചെയ്തു. മുഹമ്മദ് നബിയുﷺടെ അടുക്കലേക്കു പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു അവരെല്ലാവരും. മഅ്‌ബദിനെ കണ്ടപ്പോൾ അബൂസുഫ്‌യാൻ ചോദിച്ചു. എന്തു വാർത്തയും ആയിട്ടാണ് അല്ലയോ മഅ്‌ബദ് താങ്കൾ വന്നിട്ടുള്ളത് ?. മഅ്‌ബദ് പറഞ്ഞു: മുഹമ്മദ് തന്റെ അനുയായികളെയും കൊണ്ട് നിങ്ങളെ തേടി പുറപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ ഒരു സൈന്യത്തെ ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ല. അവർ നിങ്ങളെ കരിച്ചു കളയും. ഇതിനു മുമ്പ് മുഹമ്മദിന്റെ കൂടെ ഇല്ലാത്ത ആളുകളും നിങ്ങൾക്കെതിരെ ഇന്ന് കൂടെ കൂടിയിട്ടുണ്ട്. അബൂ സുഫ്‌യാൻ പറഞ്ഞു: നിനക്ക് നാശം. എന്താണ് നീ പറയുന്നത്?!. മഅ്‌ബദ് പറഞ്ഞു: ഇപ്പോൾ നിങ്ങൾ അങ്ങോട്ട് ചെല്ലുന്നത് ഉചിതമായി എനിക്ക് തോന്നുന്നില്ല. അബൂസുഫ്‌യാൻ പറഞ്ഞു: അല്ലാഹുവാണ് സത്യം, അവരോടെ കൂടെയുള്ള ആളുകളെ കൂടി നശിപ്പിക്കാൻ വേണ്ടി നാം ഒന്നിച്ച് തീരുമാനം എടുത്തതാണല്ലോ. മഅ്‌ബദ് പറഞ്ഞു: എന്നാൽ അതിനെത്തൊട്ട് ഞാൻ നിങ്ങളെ തടയുകയാണ്.
ഇതു കേട്ടതോടെ അബൂസുഫ്‌യാനും കൂടെയുള്ളവർക്കും പേടി തോന്നിത്തുടങ്ങി. അവർ വളരെ ധൃതിയിൽ മക്കയിലേക്ക് തന്നെ മടങ്ങി.

അബൂസുഫ്‌യാനും സൈന്യവും മക്കയിലേക്ക് മടങ്ങുമ്പോൾ അബ്ദുൽ ഖൈസ് ഗോത്രത്തിൽപ്പെട്ട ഒരു യാത്രാ സംഘം മദീന ഉദ്ദേശിച്ച് പോകുന്നതായി കണ്ടു. അപ്പോൾ അവരുടെ പക്കൽ മുഹമ്മദ് നബിﷺ ക്ക് ഒരു കത്ത് കൊടുത്തയച്ചു. മുഹമ്മദിനെ കണ്ടാൽ ഞങ്ങൾ വീണ്ടും മദീനയിലേക്ക് വരുമെന്നും നിങ്ങളെ മുച്ചൂടും നശിപ്പിക്കുമെന്നും അറിയിക്കുക എന്നുകൂടി അബൂസുഫ്‌യാൻ പറഞ്ഞു. നബിﷺ ഹംറാഉൽ അസദിൽ ആയിരിക്കെ ഈ സംഘം അവിടെ കടന്നു വന്നു. അബൂസുഫ്‌യാൻ പറഞ്ഞ കാര്യം നബിﷺയെ അറിയിക്കുകയും ചെയ്തു. നബിﷺ പറഞ്ഞു: “ഞങ്ങൾക്ക് അല്ലാഹു മതി. ഭരമേൽപ്പിക്കാൻ അവർ എത്രയോ നല്ലവനാണ്. ഈ ഒരു സന്ദർഭത്തെ സൂചിപ്പിച്ചുകൊണ്ടാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചത് 

“പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്. ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്‍റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു.”

(ആലു ഇംറാൻ 172-174).
 

ഇബ്‌നു അബ്ബാസ്رضي الله عنه പറയുന്നു: ഇന്നു ഞങ്ങൾക്കു അള്ളാഹു മതി ഭഷമേൽപ്പിക്കാൻ അവൻ ഏത്രയർ നല്ലവനാണെന്ന് ഇബ്രാഹിം നബിയെ തീയിലിട്ടപ്പോൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജനങ്ങൾ നിങ്ങൾക്കെതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു അതു കൊണ്ടു തന്നെ അവരെ ഭയപ്പെടുക എന്ന് നബിﷺയോട് പറയപ്പെട്ടപ്പോൾ അവരുടെ ഈമാൻ വർദ്ധിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു; ഞങ്ങൾക്ക് അല്ലാഹു മതി ഭരമേൽപ്പിക്കാൻ അവൻ എത്രയോ മതിയായവനാണ് (ബുഖാരി: 4563)

ബുധനാഴ്ച ദിവസം നബിﷺയും സഹാബികളും മദീനയിലേക്ക് മടങ്ങി. മൂന്ന് രാത്രികളാണ് ഹംറാഉൽ അസദ് അവർ താമസിച്ചത്. മുസ്ലിംകൾക്ക് ഉഹ്ദിൽ ബാധിച്ച ഭീതി ഇതോടെ നീങ്ങുകയും ചെയ്തു. ഹിജ്റ മൂന്നാം വർഷം അനവധി ആളുകൾ മരണപ്പെട്ടിട്ടുണ്ട്. എങ്കിലും പ്രഗൽഭരായ ആളുകൾ ഹംസرضي الله عنه, മിസ്അബ് ഇബ്നു ഉമൈർرضي الله عنه, അബ്ദുല്ലാഹിബിനു ഹറാംرضي الله عنه, അംറുബ്നുൽ ജമൂഹ്رضي الله عنه, അനസുബ്നു നള്ർرضي الله عنه തുടങ്ങിയവരായിരുന്നു. അൻസാറുകളിൽ നിന്ന് 64 ഉം മുഹാജിറുകളിൽ നിന്ന് ഇന്ന് ആറു പേരുമാണ് ഉഹ്ദിൽ ശഹീദായത് എന്ന് മുമ്പ് നാം സൂചിപ്പിച്ചിരുന്നുവല്ലോ.

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 
 

സമത്വത്തിന്റെ സന്ദേശം

സമത്വത്തിന്റെ സന്ദേശം

നബി(സ്വ) പറഞ്ഞു: `നിശ്ചയമായും നിങ്ങളുടെ ദൈവം ഒന്ന്‌. നിങ്ങളുടെയെല്ലാം പിതാവും ഒന്നുതന്നെ.

എല്ലാവരും ആദമിൽനിന്നുള്ളത്‌; ആദമോ മണ്ണിൽനിന്നും` (മുസ്ലിം, അബൂ ദാവൂദ്‌).

മനുഷ്യരെല്ലാം ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളും അവന്റെ സംരക്ഷണത്തിൽ കഴിയുന്നവരുമാണ്‌ എന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. യജമാനനും അടിമയും ധനികനും ദരിദ്രനും മുതലാളിയും തൊഴിലാളിയുമെല്ലാം സമന്മാരാണെന്നുള്ള പ്രഖ്യാപനം ഇസ്ലാമിന്റെ സവിശേഷതയാണ്‌. വർഗത്തിന്റെയും വർണത്തിന്റെയും ദേശത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ അത്‌ മനുഷ്യർക്കിടയിൽ ഉച്ചനീചത്വം കൽപിക്കുന്നില്ല. വിശുദ്ധ ക്വുർആൻ പ്രഖ്യാപിക്കുന്നു:

`ഹേ മനുഷ്യരേ, തീർച്ചയായും നാം നിങ്ങളെ ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു… തീർച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളിലേറ്റവും ശ്രേഷ്ഠൻ നിങ്ങളിലേറ്റവും ദൈവഭയമുള്ളവൻ മാത്രമാകുന്നു` (49:13).

നബി(സ്വ) പറഞ്ഞു: “മതനിഷ്ഠയും സൂക്ഷ്മതയുംകൊണ്ടല്ലാതെ ഒരാൾക്കും മറ്റൊരാളെക്കാൾ മഹത്ത്വമില്ല”(മിശ്കാത്ത്‌).

ഇസ്ലാമിന്റെ കണ്ണിൽ മനുഷ്യരെല്ലാം സമന്മാരാണെന്നും ഭയഭക്തിയുള്ളവന്‌ മാത്രമെ ദൈവത്തിങ്കൽ പ്രത്യേകം സ്ഥാനമുള്ളൂവെന്നും ഉപരിസൂചിത വചനങ്ങൾ നമ്മെ തെര്യപ്പെടുത്തുന്നു. സർവവിധ അസമത്വങ്ങളുടെയും കടയ്ക്കൽ ഇസ്ലാം കത്തിവെക്കുന്നു. എല്ലാവർക്കും നീതി ലഭിക്കണമെന്ന്‌ ഇസ്ലാം പ്രത്യാശിക്കുന്നു. `കറുത്തവന്റെ പുത്രാ` എന്ന്‌ ഒരാൾ മറ്റൊരാളെ വിളിക്കുന്നത്‌ കേട്ടപ്പോൾ നബി(സ്വ) അയാളെ താക്കീത്‌ ചെയ്തുകൊണ്ട്‌ പറഞ്ഞു: “അജ്ഞാതകാലത്തെ കിരാതത്വമുണ്ട്‌ നിങ്ങളിൽ.”

മഖ്സൂം ഗോത്രത്തിലെ ഒരു സ്ത്രീ മോഷണം നടത്തിയതായി നബി(സ്വ)യുടെ സന്നിധിയിൽ തെളിയിക്കപ്പെട്ടപ്പോൾ ഉസാമ(റ) അവർക്കു വേണ്ടി നബി(സ്വ)യോട്‌ ശുപാർശ ചെയ്തു. അപ്പോൾ നബി(സ്വ) ജനങ്ങളെ വിളിച്ചുകൂട്ടി താക്കീത്‌ ചെയ്തു: `ഉത്തമൻ മോഷ്ടിച്ചാൽ വെറുതെ വിട്ടയക്കുകയും അധമൻ മോഷ്ടിച്ചാൽ നിയമനടപടികൾ എടുക്കുകയും ചെയ്തതു കാരണം നിങ്ങൾക്ക്‌ മുമ്പുള്ളവർ നാശമടഞ്ഞിട്ടുണ്ട്‌. എന്നാൽ അല്ലാഹുവെ സാക്ഷിനിർത്തി ഞാൻ പറയുന്നു: മുഹമ്മദിന്റെ മകൾ ഫാത്തിമ മോഷ്ടിച്ചാലും ഞാൻ അവളുടെ കരം ഛേദിക്കുകതന്നെ ചെയ്യും.`

ഒരിക്കൽ രണ്ടാം ഖലീഫ ഉമറും(റ) ഭൃത്യനും ഊഴംവെച്ച്‌ ഒട്ടകപ്പുറത്ത്‌ സവാരി ചെയ്ത കഥ പ്രസിദ്ധമാണ്‌. ഖലീഫയുടെ ആഗമനത്തെ സ്വാഗതം ചെയ്യുവാൻ ജനങ്ങൾ കാത്തിരിക്കുമ്പോൾ വേലക്കാരൻ ഒട്ടകപ്പുറത്ത്‌ സവാരി ചെയ്തും ഖലീഫ ഒട്ടകത്തിന്റെ കയറിൽ പിടിച്ചും കടന്നുവരുന്നതാണ്‌ അവർ കണ്ടത്‌!

റോമിലേക്ക്‌ നയതന്ത്രപ്രതിനിധിയായി പോയ മുആദുബ്നു ജബൽ(റ)വിനോട്‌ ചക്രവർത്തിയായ ഖൈസറിന്റെ പ്രതാപവും മഹത്ത്വവും ഒരു ഉന്നത ഉദ്യോഗസ്ഥൻ വിവരിച്ചുകൊടുത്തപ്പോൾ തന്റെ രാജ്യത്തെ ഭരണാധികാരിയെപ്പറ്റി മുആദ്‌ ഇപ്രകാരം വിവരിച്ചുകൊടുത്തു: `ഞങ്ങളുടെ ഭരണാധികാരി ഞങ്ങളിൽപെട്ട ഒരാളാണ്‌. ഞങ്ങളുടെ വേദഗ്രന്ഥത്തെയും പ്രവാചകചര്യയെയും അദ്ദേഹം അനുസരിക്കുന്ന പക്ഷം ഞങ്ങൾ അദ്ദേഹത്തെ ഖലീഫയായി നിശ്ചയിക്കും. അത്‌ അംഗീകരിക്കുന്നില്ലെങ്കിൽ അധികാരസ്ഥാനത്തു നിന്ന്‌ ഞങ്ങൾ അദ്ദേഹത്തെ നീക്കം ചെയ്യും. അദ്ദേഹം മോഷണം നടത്തുകയാണെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന്റെ കൈ മുറിക്കും. വ്യഭിചരിക്കുകയാണെങ്കിൽ എറിഞ്ഞ്‌ കൊല്ലും. ആർക്കെങ്കിലും മുറിവേൽപിച്ചാൽ അതിന്‌ പ്രതികാരം ചെയ്യും. ഞങ്ങൾക്ക്‌ പ്രവേശനം തടഞ്ഞുകൊണ്ട്‌ അദ്ദേഹത്തിന്‌ അധികാരത്തിലിരിക്കുക സാധ്യമല്ല. ഞങ്ങളുടെയിടയിൽ അഹംഭാവം നടിക്കുകയോ അഹങ്കാരത്തോടു കൂടി ഞങ്ങളുടെമേൽ വാഴ്ച നടത്തുകയോ ചെയ്യുകയില്ല. യുദ്ധത്തിൽ കൈവന്ന സ്വത്തിൽ ഞങ്ങളെക്കാൾ കൂടുതലായി യാതൊരു അവകാശവും അദ്ദേഹത്തിനില്ല. ഞങ്ങളെപോലൊരു മനുഷ്യൻ മാത്രമാണ്‌ അദ്ദേഹവും` (ഫുതൂഹുശ്ശാം).

ആറാം നൂറ്റാണ്ടിന്റെ അന്ധകാരത്തിൽ യഥാർഥ മനുഷ്യസമത്വത്തിന്റെ വെളിച്ചംപരത്തിയ മതമാണ്‌ ഇസ്ലാം എന്ന്‌ മനസ്സിലാക്കിത്തരുന്ന ക്വുർആൻ സൂക്തങ്ങളും നബി വചനങ്ങളും ഇസ്ലാമിക ചരിത്രത്തിൽ നിന്നുള്ള ഉദ്ധരണികളും നിരത്തിവെക്കാൻ എമ്പാടുമുണ്ട്‌.

നബി(സ്വ) അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പ്രഖ്യാപിച്ചു: “സമ്പത്തിന്റെയും വർഗ പാരമ്പര്യത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ വെച്ചുപുലർത്തുന്ന എല്ലാ അനാചാരങ്ങളും ഇന്ന്‌ എന്റെ രണ്ട്‌ പാദങ്ങൾക്ക്‌ താഴെ ദുർബലപ്പെട്ടിരിക്കുന്നു. നിങ്ങളെല്ലാം ആദമിൽനിന്നും ആദം മണ്ണിൽനിന്നുമാണ്‌ ഉണ്ടായത്‌.”

 

അബൂ മുർശിദ
നേർപഥം വാരിക

 

സ്വലാത്തിന്റെ രൂപം

സ്വലാത്തിന്റെ രൂപം

സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമായിരിക്കണമെന്ന് നബി(സ്വ) തന്റെ സ്വഹാബികളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ക്ക് വിവരിച്ചുകൊടുത്തിട്ടുണ്ട്.

അബ്ദുറഹ്മാനു ബ്‌നു അബൂലൈലയില്‍(റ)നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. എന്നെ കഅബുബ്‌നു ഉജ്‌റ(റ) കണ്ടുമുട്ടിയപ്പോള്‍ എന്നോടായി അദ്ദേഹം പറഞ്ഞു: ‘നബിയില്‍ (സ്വ) നിന്നും എനിക്ക് ലഭിച്ച ഒരു ഹദ്’യ (പാരിതോഷികം) ഞാന്‍ താങ്കള്‍ക്ക് സമ്മാനിക്കാം’. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ‘സലാം ചൊല്ലേണ്ടത് അല്ലാഹു ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. എങ്ങനെയാണ് താങ്കള്‍ക്കും കുടുംബത്തിനും സ്വലാത്ത് ചൊല്ലേണ്ടതെന്ന് ഞാന്‍ നബിയോട്(സ്വ) ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീമ ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീമ ഇന്നക ഹമീദുന്‍ മജീദ് ‘
അല്ലാഹുവേ, ഇബ്രാഹീമിനും (അ) കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബിക്കും (സ്വ) കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീമിനേയും(അ) കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബിയേയും(സ്വ) കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.(ബുഖാരി)


ഇതാണ് ഇബ്രാഹീമിയ സ്വലാത്ത് എന്നറിയപ്പെടുന്നത്. ഇതേ ആശയത്തില്‍ തന്നെ ചെറിയ ചില മാറ്റങ്ങളോടെ വേറെയും ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്.

നബി ചരിത്രം – 48

നബി ചരിത്രം - 48: ഹിജ്റ നാലാം വർഷം [ഭാഗം: 02]

ബിഅ്‌റു മഊന യുദ്ധം.

സരിയ്യതുൽ ഖുർറാഅ്‌ എന്നും ഇതിനെ പറയാറുണ്ട് . സഫർ മാസത്തിലാണ് ഈ യുദ്ധം ഉണ്ടാകുന്നത്. മൂന്ന് കാരണങ്ങളാണ് യുദ്ധത്തിൻറെ പിന്നിലുള്ളത്.
അനസ് رضي الله عنه ൽ നിന്നും നിവേദനം; രിഅ്‌ല്, ദക്‌വാൻ, ഉസ്വയ്യ എന്നീ ഗോത്രങ്ങൾ ശത്രുക്കൾക്കെതിരെ നബിﷺ യോട് സഹായം ചോദിച്ചു വന്നു. 70 അൻസ്വാറുകളെ അയച്ചു കൊടുത്തു കൊണ്ട് നബിﷺ അവരെ സഹായിക്കുകയും ചെയ്തു.

അക്കാല ഘട്ടത്തിൽ ഖുർറാഅ്‌ (ഓത്തുകാർ) എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. പകലിൽ വിറക് ശേഖരിച്ച് വില്പന നടത്തുകയും രാത്രിയിൽ നമസ്കാരം നിർവഹിക്കുന്നവരുമായിരുന്നു അവർ. ബിഅ്റു മഊന എന്ന സ്ഥലത്ത് എത്തിയപ്പോൾ ഈ ആളുകൾ സ്വഹാബിമാരെ ചതിച്ചു കൊല്ലപ്പെടുത്തുകയുണ്ടായി. ഈ വാർത്ത നബിﷺ ക്ക് എത്തിയപ്പോൾ അറബികളിലെ ഈ ഗോത്രങ്ങൾക്കെതിരെ സുബഹിയിൽ നബിﷺ ഒരുമാസത്തോളം പ്രാർത്ഥിക്കുക (ഖുനൂത്ത്) ഉണ്ടായി.

രിഅ്‌ല്, ദക്‌വാൻ, ഉസ്വയ്യ, ബനൂ ലഹ്‌യാൻ തുടങ്ങിയവരായിരുന്നു ആ അറബികൾ…..(ബുഖാരി: 4090) അനസ് رضي الله عنه ന്റെ മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം; ഖുർറാഉകൾ എന്നറിയപ്പെട്ടിരുന്ന നബിﷺ യുടെ സ്വഹാബിമാരെ ചില ആളുകൾ കൊന്നപ്പോൾ അവർക്കെതിരിൽ ഒരുമാസം നബിﷺ ഖുനൂത് ഓതുകയുണ്ടായി. (മുസ്ലിം: 677)

കുന്ത പയറ്റിൽ പ്രശസ്തനായ വ്യക്തിയായിരുന്നു ആമിറുബ്നു മാലിക്. അദ്ദേഹം മദീനയിൽ നബിﷺ യുടെ അടുക്കൽ വന്നു. നബിﷺ അദ്ദേഹത്തിന്റെ മുമ്പിൽ ഇസ്ലാം സമർപിച്ചു. പക്ഷേ അദ്ദേഹം സ്വീകരിച്ചില്ല. എന്നാൽ ഇസ്‌ലാമിൽ നിന്ന് അകന്നു പോയതുമില്ല. അദ്ദേഹം നബിﷺ യോട് പറഞ്ഞു അല്ലയോ മുഹമ്മദ്; നിങ്ങളുടെ അനുയായികളിൽ നിന്ന് കുറച്ച് ആളുകളെ നജ്ദുകാരിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെങ്കിൽ താങ്കൾ ക്ഷണിക്കുന്ന കാര്യത്തിലേക്ക് അവരെ ആ ആളുകൾക്ക് ക്ഷണിക്കാമായിരുന്നു. അവർ നിങ്ങൾക്ക് ഉത്തരം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അപ്പോൾ നബിﷺ പറഞ്ഞു: അവരുടെ വിഷയത്തിൽ നെജ്ദു കാരെ ഞാൻ ഭയപ്പെടുന്നു. അബു ആമിർ പറഞ്ഞു: ഞാൻ അവർക്ക് അഭയം നല്കുന്നവനാണ്. അതു കൊണ്ട് താങ്കൾ ക്ഷണിക്കുന്ന വിശ്വാസത്തിലേക്ക് അവരെ ക്ഷണിക്കാൻ നിങ്ങൾ അനുചരന്മാരെ പറഞ്ഞയക്കുക.

അങ്ങിനെ നബിﷺ തന്റെ എഴുപതോളം വരുന്ന സ്വഹാബിമാരെ അങ്ങോട്ടയച്ചു. സഹാബിമാർ ഇറങ്ങിപ്പുറപ്പെട്ടു. ബിഅ്‌റു മഊന എന്ന സ്ഥലത്തെത്തി അവിടെ ഇറങ്ങുകയും ചെയ്തപ്പോൾ ഹർറാനുബ്നു മൽഹാന്റെ കയ്യിൽ നബിﷺ യുടെ ഒരു എഴുത്ത് അല്ലാഹുവിന്റെ ശത്രുവായ ആമിറുബ്നു തുഫൈലിലേക്ക് കൊടുത്തയച്ചു. അല്ലാഹുവിന്റെ ശത്രുവായ ആമിർ നബിﷺ യുടെ ആ കത്ത് തുറന്നു നോക്കിയത് പോലുമില്ല. ആമിർ തന്റെ കൂടെയുള്ള ആളുകളിലേക്ക് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. ഈ സന്ദർഭത്തിൽ ഹറാം ഹർറാനെ പിറകു വശത്ത് കൂടി കുന്തം പ്രയോഗിച്ചു. ശേഷം ഹറാം പറഞ്ഞു: കഅ്‌ബയുടെ റബ്ബ് തന്നെയാണ് സത്യം, ഞാൻ വിജയിച്ചിരിക്കുന്നു (ബുഖാരി: 4092)

ശേഷം ആമിർ ഇബ്നു തുഫൈൽ ബനു ആമിർ ഗോത്രത്തോട് ബാക്കിയുള്ള സ്വഹാബികൾക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചു. പക്ഷെ അവർ അതിനു സമ്മതിച്ചില്ല. അപ്പോൾ ആമിർ ബനൂ സുലൈം ഗോത്രത്തിലെ ആളുകളെ ഇതിനു വേണ്ടി ക്ഷണിച്ചു. രിഅ്‌ല്, ദക്‌വാൻ, ഉസ്വയ്യ, എന്നിവരായിരുന്നു അവർ. അവർ ഈ ആവശ്യം സ്വീകരിക്കുകയും സഹാബികളെ ചതിച്ചു കൊല്ലാൻ അവർ ഇറങ്ങുകയും ചെയ്തു. സഹാബികൾ യാത്ര ചെയ്തു വന്ന അവരുടെ വാഹനമാര ഒട്ടകങ്ങൾക്ക് ചുറ്റും അവർ വലയം ചെയ്തു. അപ്പോൾ മുസ്ലിംകൾ അവരോട് പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞങ്ങൾ നിങ്ങളേ ഉദ്ദേശിച്ച് വന്നതല്ല. നബിﷺ പറഞ്ഞയച്ച മറ്റൊരു ആവശ്യത്തിനു വേണ്ടി വന്നവരാണ് ഞങ്ങൾ. പക്ഷേ അതൊന്നും ഈ മുശിരിക്കുകൾ സമ്മതിച്ചില്ല. അതോടെ സ്വഹാബികൾ അവരുടെ വാളുകൾ ഊരി. ശത്രു പക്ഷവുമായി യുദ്ധം ചെയ്തു. കഅബ് ഇബ്നു സൈദ് رضي الله عنه ഒഴികെ ബാക്കി എല്ലാ സ്വഹാബിമാരും ഇവിടെ കൊല്ലപ്പെട്ടു. ഖന്തക്ക് യുദ്ധത്തിലാണ് ഈ സ്വഹാബി പിന്നീട് ശഹീദാകുന്നത്.

അംറുബ്നു ഉമയ്യതുള്ളംരി رضي الله عنه, മുൻദിറുബ്നു ഉഖ്ബതുൽ അൻസാരി رضي الله عنه തുടങ്ങിയവർ മുസ്‌ലിം സൈന്യത്തിന്റെ പിറകിൽ വന്നവരായിരുന്നു. തങ്ങളുടെ കൂട്ടുകാർക്ക് സംഭവിച്ച കാര്യങ്ങൾ ഒന്നും അവർ അറിഞ്ഞിരുന്നില്ല. എന്നാൽ കൊല ചെയ്യപ്പെട്ട സ്ഥലത്ത് പക്ഷി വട്ടമിട്ട് പറക്കുന്നത് കണ്ടപ്പോൾ അവർ പറഞ്ഞു: അല്ലാഹുവാണ് സത്യം; ഈ പക്ഷിയുടെ പറക്കലിൽ എന്തോ ഒരു കാര്യമുണ്ട്. ഉടനെ അവർ ആ സ്ഥലത്തേക്ക് കുതിച്ചു. പക്ഷേ അവർക്ക് കാണാൻ കഴിഞ്ഞത് രക്തത്തിൽ കുതിർന്ന കിടക്കുന്ന തങ്ങളുടെ സഹോദരങ്ങളെയായിരുന്നു. ഈ സന്ദർഭത്തിൽ മുൻദിർ رضي الله عنه അംറുബ്നു ഉമയ്യ رضي الله عنهയോട് ചോദിച്ചു; നാം എന്താണ് ചെയ്യേണ്ടത് ? എന്താണ് താങ്കളുടെ അഭിപ്രായം?. അദ്ദേഹം പറഞ്ഞു: താങ്കൾ ഉടനെ നബിയുടെ അടുക്കലേക്ക് ചെല്ലുകയും എന്നിട്ട് നബിﷺ യെ വിവരം അറിയിക്കുകയും വേണം. അപ്പോൾ മുൻദിർرضي الله عنه പറഞ്ഞു: നമ്മുടെ ആളുകൾ കൊല്ലപ്പെട്ട ഈ സ്ഥലത്തു നിന്നും മാറി പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ അദ്ദേഹം ആ സമൂഹത്തോട് യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തു. അംറുബ്നു ഉമയ്യയെرضي الله عنه അവർ ബന്ധിയായി പിടി കൂടി. അംറുബ്നു ഉമയ്യرضي الله عنه മുളർ ഗോത്രത്തിൽ പെട്ട ആളാണെന്ന് അവരെ അറിയിച്ചപ്പോൾ ആമിർ ഇബ്നു തുഫൈൽ അദ്ദേഹത്തെ സ്വീകരിക്കുകയും ആമിറിന്റെ തലയുടെ മുൻഭാഗത്തെ മുടി മുറിച്ചു കളയുകയും ചെയ്തു. ഒരു അടിമ എന്ന നിലക്ക് അദ്ദേഹത്തെ അവർ മോചിപ്പിച്ചു. അദ്ദേഹം മദീനയിലേക്ക് മടങ്ങുകയും ഉണ്ടായ സംഭവങ്ങളെല്ലാം നബിയോട് വിവരിക്കുകയും ചെയ്തു. (സീറതു ഇബ്നു ഹിശാം: 3/ 205)

ബിഅ്റു മഊനയിൽ കൊല്ലപ്പെട്ടവരിൽ ആമിറുബ്നു ഫുഹൈറرضي الله عنه  എന്ന സഹാബിയും ഉണ്ടായിരുന്നു. അദ്ധേഹത്തിന്റെ കാര്യത്തിൽ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള കറാമത്ത് വെളിപ്പെട്ട യുദ്ധമായിരുന്നു ഇത്. അബൂബക്കറിرضي الله عنه ന്റെ ഭൃത്യനായിരുന്നു ആമിറുബ്നു ഫുഹൈറرضي الله عنه. മുമ്പ് അദ്ദേഹം ഒരു അടിമയായിരുന്നു. മുസ്‌ലിമായപ്പോൾ അബൂബക്കർرضي الله عنه വില കൊടുത്തു വാങ്ങുകയും മോചിപ്പിക്കുകയും ചെയ്തതായിരുന്നു.

നബിﷺ ദാറുൽ അർഖമിൽ പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. മദീനയിലേക്കുള്ള ഹിജ്റയിൽ നബിﷺ യുടെയും അബൂബക്കറിرضي الله عنه ന്റെയും കൂട്ടുകാരൻ കൂടിയായിരുന്നു അദ്ദേഹം. ബദ്റിലും ഉഹ്ദിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ശേഷമാണ് ബിഅ്‌റു മഊനയിൽ അദ്ദേഹം കൊല്ലപ്പെടുന്നത്. ആ സമയത്ത് 40 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

ബിഅ്റു മഊനയിലെ മരണ വാർത്തകളും അതിന് മുമ്പുണ്ടായ റെജീഅ്‌ യുദ്ധത്തിലെ മരണ വാർത്തകളും ഒന്നിച്ചാണ് നബിﷺ ക്ക് എത്തിയത്. നബിﷺ യേയും മുസ്‌ലിംകളെയും ഈ വാർത്തകൾ ശക്തമായ ദുഃഖത്തിലാഴ്ത്തി. ഇവരുടെ വിഷയത്തിലുള്ള ദുഃഖം കാരണത്താൽ ബിഅ്‌റു മഊനയിൽ സ്വഹാബികൾക്കെതിരെ യുദ്ധം ചെയ്ത അറബി ഗോത്രങ്ങൾക്കെതിരെ ഒരുമാസത്തോളം നബിﷺ നമസ്കാരത്തിൽ പ്രാർത്ഥിച്ചു. ഈ വിഷയത്തിൽ ഖുർആനിലെ ആയത്ത് ഇറങ്ങി. പിന്നീട് ആയത്ത് നസ്ഖ് ചെയ്യപ്പെടുകയാണ് ഉണ്ടായത്. അവരുടെ വിഷയത്തിൽ ഇറങ്ങിയ ആയത്ത് ഞങ്ങൾ ഓതാറുണ്ടായിരുന്നു എന്ന് അനസ് പറയുന്നുണ്ട്. പിന്നീട് ആയത്ത് ഉയർത്തപ്പെട്ടു (ബുഖാരി:4090 .മുസ്ലിം: 677) ഈ സ്വഹാബികൾക്ക് അഭയം നൽകാമെന്നു പറഞ്ഞിരുന്ന ബനൂ ആമിർ ഗോത്രത്തിന്റെ നേതാവായ ആമിറോബ്നു മാലിക്കിന് ഇവരുടെ മരണ വാർത്ത എത്തിയപ്പോൾ ശക്തമായ ദുഃഖം ഉണ്ടാവുകയും ദുഃഖ ഭാരത്താൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

അംറുബ്നു ഉമയ്യرضي الله عنه മദീനയിലേക്ക് തിരിച്ചു വരുന്ന വഴിയിൽ ബനു ആമിർ ഗോത്രത്തിൽ പെട്ട രണ്ടാളുകളെ കണ്ടു. അബൂ ആമിർ  വിശ്രമിച്ചിരുന്ന തണലിൽ അവരും വന്നിരുന്നു. നിങ്ങൾ എവിടെ നിന്നാണ് എന്ന് അംറ് അവരോട് ചോദിച്ചു. ഞങ്ങൾ ബനു ആമിർ ഗോത്രത്തിൽ പെട്ടവരാണ് എന്ന് അവർ മറുപടി പറയുകയും ചെയ്തു. അവർ രണ്ടു പേരും കിടന്നുറങ്ങിയപ്പോൾ അംറുബ്നു ഉമയ്യرضي الله عنه അവരെ കൊന്നു കളഞ്ഞു. തന്റെ സുഹൃത്തുക്കളെ ഇവരുടെ ഗോത്രക്കാർ കൊന്നതിനുള്ള പ്രതികാരദാഹമായിരുന്നു അത്. എന്നാൽ ഈ ഗോത്രവുമായി നബിﷺ കരാറും ഉടമ്പടിയും ഉണ്ടാക്കിയിട്ടുണ്ട് എന്ന വസ്തുത ഇദ്ദേഹത്തിന് അറിയുമായിരുന്നില്ല. അംറുബ്നു ഉമയ്യرضي الله عنه മദീനയിൽ വന്നു. തന്റെ കൂട്ടുകാർ ബിഅ്‌റു മഊനയിൽ കൊല്ലപ്പെട്ടു എന്ന വാർത്ത നബിﷺ യെ അറിയിച്ചു. വരുന്ന വഴിക്ക് ബനൂ ആമിർ ഗോത്രത്തിൽ പെട്ട രണ്ട് ആളുകളെ കൊന്ന വിവരവും അദ്ദേഹം നബിﷺ യോട് പറഞ്ഞു. അപ്പോൾ നബി പറയുകയുണ്ടായി: എത്രമാത്രം മോശമാണ് നീ ചെയ്തത്…… കൊല്ലപ്പെട്ട രണ്ടു വ്യക്തികൾക്ക് പകരമായി നബിﷺ അവർക്ക് പ്രായശ്ചിത്തം എന്ന നിലക്ക് (ദിയത്) നഷ്ടപരിഹാരം കൊടുത്തയക്കുകയുണ്ടായി.(ദലാഇലുന്നുബുവ്വ: 3/340)

ഫദ്‌ലുല്‍ ഹഖ് ഉമരി

 

 
 
 

നബി ചരിത്രം – 45

നബി ചരിത്രം - 45: ശുഹദാക്കൾ ഖബ്‌റുകളിലേക്ക്.

ശുഹദാക്കൾ ഖബ്‌റുകളിലേക്ക്.

ഉഹ്ദ് യുദ്ധത്തിൽ മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നുമായി 70 ആളുകളാണ് ശഹീദായിരുന്നത്. അൻസാറുകളിൽ നിന്ന് 64 ആളുകളും മുഹാജിറുകളിൽ നിന്ന് ആറ് ആളുകളും ആയിരുന്നു. ഹംസതു ബ്നു അബ്ദിൽ മുത്തലിബ്(رضي الله عنه) മിസ്അബ് ബ്നു ഉമൈർ(رضي الله عنه) തുടങ്ങിയവർ അതിൽ പ്രധാനികളായിരുന്നു. ശത്രു പക്ഷത്തു നിന്നും 23 പേരാണ് കൊല്ലപ്പെട്ടത്. ഉഹ്ദ് യുദ്ധത്തിൽ ശുഹദാക്കൾ മരിച്ചുവീണ സ്ഥലത്തു തന്നെ പിന്നെ അവരെ മറമാടാൻ കൽപ്പിക്കുകയുണ്ടായി. “അന്ത്യദിനത്തിൽ ഞാൻ ഇവർക്ക് സാക്ഷിയാണ്” എന്നും നബിﷺ പറഞ്ഞു (ബുഖാരി 4079).

ശഹീദായവരുടെ ആയുധങ്ങളും പടയങ്കികളും അവരിൽ നിന്ന് ഊരി എടുക്കുവാനും അവർ മരിച്ചുവീണ സ്ഥലത്തു തന്നെ ആ വസ്തുക്കൾ രക്തത്തോടൊപ്പം കുഴിച്ചുമൂടുവാനും നബിﷺ കല്പിച്ചു. അവരെ കുളിപ്പിക്കേണ്ടതില്ല എന്ന് പ്രത്യേകം പറയുകയും ചെയ്തു. ജാബിർ(رضي الله عنه) പറയുന്നു: ഉഹ്ദ് യുദ്ധത്തിൽ രണ്ട് ആളുകളെ ഒരേ വസ്ത്രത്തിൽ നബിﷺ കഫൻ ചെയ്തിട്ടുണ്ട്. ആരാണ് കൂടുതൽ ഖുർആൻ അറിയുന്നവർ എന്ന് നബിﷺ ചോദിക്കുമായിരുന്നു. അങ്ങിനെ അവരെ ഖബ്‌റിൽ ആദ്യം ഇറക്കി വെക്കുകയും ചെയ്തു. അവർക്കു വേണ്ടി നമസ്കരിക്കുകയോ അവരെ കുളിപ്പിക്കുകയോ ചെയ്തിട്ടില്ല. അന്ത്യ ദിനത്തിൽ ഇവർക്ക് ഞാൻ സാക്ഷിയാണ് എന്നും നബിﷺ പറയുകയുണ്ടായി. (ബുഖാരി: 4079) ഹംസക്ക്(رضي الله عنه) വേണ്ടി മാത്രമാണ് അന്ന് നബിﷺ നമസ്കരിച്ചത്. അനസുബ്നു മാലിക്(رضي الله عنه) പറയുന്നു: നബിﷺ ഹംസ(رضي الله عنه) യുടെ അടുക്കലൂടെ നടന്നു പോയി. അദ്ദേഹത്തിന്റെ ശരീരം ചിഹ്നഭിന്നമാക്കപ്പെട്ടിരുന്നു. ഹംസ(رضي الله عنه) ക്ക് വേണ്ടി അല്ലാതെ മറ്റാർക്കും ഉഹ്ദിൽ നബിﷺ നമസ്കരിച്ചിട്ടില്ല (അബൂദാവൂദ്: 3137)

സത്യ നിഷേധികളോടൊപ്പം യുദ്ധം ചെയ്തു ശഹീദാകുന്ന ആളുകളെ കുളിപ്പിക്കേണ്ടതില്ല. ഇമാം അദ്ദേഹത്തിനു വേണ്ടി നമസ്കരിക്കുകയോ നമസ്കരിക്കാതിരിക്കുകയോ ചെയ്യാം. ശേഷം നബി ﷺ അവർ മരിച്ചു വീണ സ്ഥലങ്ങളിൽ മറവ് ചെയ്യുവാൻ കൽപ്പിച്ചു. ഒരു ഖബ്‌റിൽ തന്നെ രണ്ടും മൂന്നും ആളുകളെ മറവ് ചെയ്യുന്ന സാഹചര്യം അന്നുണ്ടായിരുന്നു. മുസ്‌ലിംകൾക്ക് ബാധിച്ച മുറിവുകളും പ്രയാസങ്ങളും കാരണത്താൽ വ്യത്യസ്ത ഖബറുകൾ കുഴിക്കാൻ അവർക്ക് പ്രയാസമായിരുന്നതിനാലാണ് ഇങ്ങനെ ഒരു കല്പന നബി ﷺ നൽകിയത്. ഒരേ വസ്ത്രത്തിൽ തന്നെ രണ്ടും മൂന്നും ആളുകളെ അവർ കഫൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. വസ്ത്രങ്ങൾ കുറവായത് അതിന് ഒരു കാരണമായിരുന്നു. ഹംസ ബിൻ അബ്ദുൽ മുത്തലിബി(رضي الله عنه) നെ മറവു ചെയ്തത് തന്റെ സഹോദരിയായ ഉമൈമയുടെ മകൻ അബ്ദുല്ലാഹിബിനു ജഹ്ശി(رضي الله عنه) ന്റെ കൂടെയായിരുന്നു. അബ്ദുല്ലാഹിബിന് ഹറാമും(رضي الله عنه) അംറുബ്നു ജമൂഹും ഒരേ ഖബ്‌റിലാണ് മറമാടപ്പെട്ടത്. ഹിഷാം ഇബ്നു ആമിറുൽ അൻസാരി(رضي الله عنه) പറയുന്നു : ഉഹ്ദിൽ ജനങ്ങൾക്ക് മുറിവുകകളും ശക്തമായ പ്രയാസവും ബാധിച്ചപ്പോൾ നബിﷺ ഇപ്രകാരം പറഞ്ഞു: നിങ്ങൾ ഖബ്‌ർ കുഴിക്കുക. ഖബ്‌റുകളെ വിശാലമാക്കുക. ഒരു ഖബ്‌റിൽ രണ്ടും മൂന്നും ആളുകളെ മറവു ചെയ്യുകയും ചെയ്യുക. അപ്പോൾ സ്വഹാബികൾ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ആരെയാണ് ഞങ്ങൾ മുന്നിൽ വെക്കേണ്ടത്. നബി ﷺ പറഞ്ഞു ഖുർആൻ കൂടുതൽ പഠിച്ച ആളുകളെ. (അഹ്മദ്: 16251)

സൗന്ദര്യവും സമ്പത്തും ചുറു ചുറുക്കുമുള്ള യുവാവായിരുന്നു മിസ്അബ് ബ്നു ഉമൈർ(رضي الله عنه). മക്കയിൽ ഏറ്റവും നല്ല സുഗന്ധം ഉപയോഗിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഇസ്ലാമിലേക്ക് കടന്നു വന്നതോടു കൂടി തന്റെ ഈ സുഖങ്ങളെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. അങ്ങിനെ ഉഹുദിൽ അദ്ദേഹം ശഹീദായി. തന്റെ ശരീരം മുഴുവൻ മറക്കാൻ പോലും വസ്ത്രമില്ലാതെയാണ് അദ്ദേഹത്തെ മറവ് ചെയ്യുന്നത്. തല മറച്ചാൽ കാൽ വെളിവാകുകയും കാൽ മറച്ചാൽ തല വെളിവാകുകയും ചെയ്യുന്ന രൂപത്തിൽ ചെറിയ വസ്ത്രമായിരുന്നു അദ്ദേഹം ഷഹീദാകുമ്പോൾ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഉള്ള വസ്ത്രം കൊണ്ട് തല മറക്കാനും കാലിന്റെ ഭാഗത്ത് “ഇദ്ഖിർ”എന്ന് പേരുള്ള പുല്ല് വച്ചു കെട്ടുവാനും നബിﷺ കൽപന നൽകുകയുണ്ടായി. (ബുഖാരി: 3897. മുസ്ലിം: 940)

ശുഹദാക്കളെ മറവു ചെയ്ത ശേഷം നബിﷺ മദീനയിലേക്ക് മടങ്ങുകയാണ്. ആ സന്ദർഭത്തിൽ നബിﷺയും തന്റെ സ്വഹാബികളും ഉഹ്ദ് മലയുടെ സമീപം നിന്നു. എന്നിട്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടും അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടും അല്ലാഹുവിനോട് താഴ്മ പ്രകടിപ്പിച്ചു. ഇമാം അഹ്മദിന്റെ (15492)- ഹദീസിൽ അന്ന് നബിﷺ പ്രാർത്ഥിച്ച പ്രാർത്ഥന നമുക്ക് കാണുവാൻ സാധിക്കും. തന്റെ സ്വഹാബിമാരെ തനിക്കു പിന്നിൽ വരി വരിയായി നിർത്തിയ ശേഷം ഇപ്രകാരം പ്രാർത്ഥിച്ചു;
“അല്ലാഹുവേ നിനക്കാണ് സർവ്വ സ്തുതികളും. നീ നൽകിയതിനെ പിടിച്ചു വെക്കുന്നവനായി ആരുമില്ല. നീ പിടിച്ചു വെച്ചത്‌ നൽകുന്നവനായും ആരുമില്ല. നീ വഴിപിഴപ്പിച്ചവനെ നേർമാർഗത്തിൽ ആക്കുന്നവനായി ആരുമില്ല. നീ നേർ മാർഗ്ഗം നൽകിയവനെ വഴി പിഴപ്പിക്കുന്നവനായും ആരുമില്ല. നീ നൽകിയതിനെ തടയാനോ തടഞ്ഞതിനെ നൽകാനോ ആരുമില്ല. നീ അകറ്റിയതിനെ അടുപ്പിക്കുവാനോ അടുപ്പിച്ചതിനെ അകറ്റുവാനോ ആരുമില്ല. അല്ലാഹുവേ നിന്റെ ബറകത്തും അനുഗ്രഹവും കാരുണ്യവും ഉപജീവനവും ഞങ്ങൾക്ക് നീ ചൊരിഞ്ഞു തരേണമേ. അല്ലാഹുവേ ഒരിക്കലും നീങ്ങി പോകാത്തതും മാറി പോകാത്തതുമായ നില നിൽക്കുന്ന നിന്റെ അനുഗ്രഹങ്ങൾ നിന്നോട് ഞാൻ ചോദിക്കുന്നു. അല്ലാഹുവേ പ്രയാസത്തിന്റെ ദിവസങ്ങളിൽ നിന്റെ അനുഗ്രഹവും ഭയത്തിന്റെ ദിവസങ്ങളിൽ നിർഭയത്വവും നിന്നോട് ഞാൻ ചോദിക്കുന്നു. അല്ലാഹുവേ നീ ഞങ്ങൾക്ക് നൽകിയതും തടഞ്ഞതുമായ എല്ലാ ശർറുകളിൽ നിന്നും നിന്നോട് ഞങ്ങൾ രക്ഷ തേടുന്നു. അല്ലാഹുവേ ഈമാനിനോട് ഞങ്ങൾക്ക് സ്നേഹം ഉണ്ടാക്കി തരേണമേ. ഞങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കിത്തരേണമേ. നിഷേധത്തോടും (കുഫ്‌റ്) തിന്മകളോടും അനുസരണക്കേടിനോടും ഞങ്ങൾക്ക് നീ വെറുപ്പ് ഉണ്ടാക്കിത്തരേണമേ. ഞങ്ങളെ നേർമാർഗം പ്രാപിച്ചവരിൽ ആക്കേണമേ. അല്ലാഹുവേ ഞങ്ങളെ നീ മുസ്ലിമായി മരിപ്പിക്കുകയും മുസ്ലിമായി ജീവിപ്പിക്കുകയും ചെയ്യണമേ. തിന്മയും പരീക്ഷണങ്ങളിൽ അകപ്പെടുകയും ചെയ്യാതെ ഞങ്ങളെ സൽകർമ്മികളോടൊപ്പം ചേർക്കേണമേ. അല്ലാഹുവേ നിന്റെ പ്രവാചകന്മാരെ കളവാക്കുകയും നിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുന്ന നിഷേധികളെ നശിപ്പിക്കേണമേ. നിന്റെ ശിക്ഷ അവരിൽ ആക്കേണമേ. വേദ ഗ്രന്ഥം നൽകപ്പെട്ട നിഷേധികളെ അല്ലാഹുവേ നീ നശിപ്പിക്കേണമേ. ഹഖായ ആരാധ്യനായ അല്ലാഹുവേ.(അഹ്മ്ദ്: 15492)

ശനിയാഴ്ച വൈകുന്നേരം സ്വഹാബികളെയും കൊണ്ട് നബിﷺ മദീനയിലേക്ക് മടങ്ങുകയും അവിടെയെത്തി മഗ്‌രിബ് നമസ്കരിക്കുകയും ചെയ്തു. സുമൈറാഅ്‌ എന്ന് പേരുള്ള ബനൂ ദീനാർ ഗോത്രത്തിൽ പെട്ട ഒരു സ്ത്രീ വന്നു കൊണ്ട് ചോദിച്ചു (അവരുടെ ഭർത്താവും സഹോദരനും ഉഹ്ദിൽ ശഹീദായിട്ടുണ്ടായിരുന്നു) എന്താണ് മുഹമ്മദ് നബിﷺ യുടെ വിശേഷം. സ്വഹാബികൾ പറഞ്ഞു: എല്ലാം നന്മയാണ്. അപ്പോൾ അവർ ചോദിച്ചു; എനിക്ക് പ്രവാചകനെ ഒന്ന് കാണിച്ചു തരുമോ? അപ്പോൾ സഹാബികൾ അവർക്ക് പ്രവാചകനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. നബിﷺ യെ കണ്ടപ്പോൾ ആ മഹതി ഇപ്രകാരം പറഞ്ഞു: അങ്ങ് ജീവിച്ചിരിപ്പുണ്ടെങ്കിൽ മറ്റു പ്രയാസങ്ങൾ എല്ലാം നിസ്സാരമാണ്. (ബൈഹഖി തന്റെ ദലാഇലിൽ ഉദ്ധരിച്ചത്) മദീനയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പാറാവുകാരെ നിർത്തിക്കൊണ്ടായിരുന്നു അന്നത്തെ രാത്രി മദീനയിൽ സ്വഹാബികൾ ഉറങ്ങിയത്. ക്ഷീണം അവരെ വല്ലാതെ ബാധിച്ചിരുന്നു. മസ്ജിദുന്നബവിയോട് ചേർന്ന് നബിﷺ യുടെ വാതിലിന്റെ മുമ്പിലും സ്വഹാബികൾ കാവൽ നിന്നു. ശത്രുക്കൾ മദീനയെ ആക്രമിക്കുമോ എന്ന ഭയമായിരുന്നു ഇതിനു കാരണം.

സൂറത്ത് ആലു ഇംറാനിൽ ഉഹ്ദുമായി ബന്ധപ്പെട്ട് കൊണ്ട് അറുപതോളം ആയത്തുകൾ അല്ലാഹു ഇറക്കിയിട്ടുണ്ട്. ശക്തമായ ഈ യുദ്ധത്തിലെ ചില രംഗങ്ങൾ അല്ലാഹു അതിൽ വിശദീകരിക്കുന്നുണ്ട്. അതിന്റെ തുടക്കം ഇപ്രകാരമാണ് (ആലു ഇംറാൻ: 121) യുദ്ധത്തിലൂടെ ഒട്ടനവധി പാഠങ്ങൾ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. അതിൽ ചിലത് സ്വഹാബികളെ തന്നെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു. പ്രവാചകനോട് കാണിക്കുന്ന അനുസരണക്കേടും ദുനിയാവ് നേടാനുള്ള താൽപര്യവും പരസ്പര ഭിന്നതകളും എന്നും നാശത്തിന് കാരണമാണ് എന്ന പാഠം ഉഹ്ദിലൂടെ ലഭിക്കുന്നുണ്ട്. (ആലു ഇംറാൻ: 152) ഈ ആയത്തിന്റെ അവതരണ ശേഷം സ്വഹാബികൾ ഇത്തരം കാര്യങ്ങളിൽ വലിയ ജാഗ്രത തന്നെ പാലിച്ചിട്ടുണ്ട്.

വിശ്വാസികൾക്ക് ചിലപ്പോൾ വിജയവും മറ്റു ചിലപ്പോൾ പരാജയവും ഉണ്ടാവുക എന്നുള്ളത് അല്ലാഹുവിന്റെ ഒരു നട പടിക്രമമാണ് എന്നും എന്നാൽ ഏറ്റവും നല്ല പര്യവസാനം വിശ്വാസികൾക്കാണ് എന്നുമുള്ള ഒരു പാഠവും ഉഹ്ദ് യുദ്ധത്തിലൂടെ അല്ലാഹു നൽകുന്നുണ്ട്. എപ്പോഴും വിശ്വാസികൾക്ക് തന്നെ വിജയം ലഭിച്ചാൽ ആരാണ് സത്യസന്ധർ ആരാണ് അല്ലാത്തവർ എന്ന് വേർതിരിക്കാൻ കഴിയില്ല. എന്നാൽ എപ്പോഴും വിശ്വാസികൾക്ക് തന്നെ പരാജയം സംഭവിച്ചാൽ പ്രവാചകത്വത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയും ഇല്ല. ബദ്റിൽ വിജയം ലഭിച്ചപ്പോൾ ഒരുപാട് കപട വിശ്വാസികൾ നബിയോടൊപ്പം ഇസ്ലാം പ്രകടമാക്കിക്കൊണ്ട് മാത്രം ചേർന്നിട്ടുണ്ട്. എന്നാൽ പരാജയം സംഭവിക്കുമ്പോൾ ആരെല്ലാമാണ് കപടന്മാർ എന്ന് തിരിച്ചറിയാൻ സാധിക്കും. കാരണം പരാജയം മുന്നിൽ കാണുമ്പോൾ അവിടെ നിന്ന് സ്വന്തം ശരീരം സംരക്ഷിക്കുവാനുള്ള പണിയാണ് അവർ ചെയ്യുക. അതല്ലാതെ പ്രവാചകന്റെ സംരക്ഷണമോ ഇസ്ലാമിന്റെ വിജയമോ അവർക്ക് ലക്ഷ്യമല്ല. (ആലു ഇമ്രാൻ: 179)

സന്തോഷത്തിലും സന്താപത്തിലും ക്ഷമയോടെയും അല്ലാഹുവിന് നന്ദി കാണിച്ചു കൊണ്ടും നില കൊള്ളണം എന്ന പാഠമാണ് പരാചയത്തിലൂടെ അല്ലാഹു വിശ്വാസികൾക്ക് നൽകിയ മറ്റൊന്ന്. എല്ലാ സന്ദർഭങ്ങളിലും സത്യവിശ്വാസികളെ അല്ലാഹു സഹായിക്കുകയും അവർ വിജയിക്കുകയും ചെയ്താൽ അവരുടെ മനസ്സുകൾ അതിക്രമം പ്രവർത്തിക്കും. ചിലപ്പോൾ അത് അഹങ്കാരത്തിന് കാരണമായിത്തീരുകയും ചെയ്യും. അതു കൊണ്ടു തന്നെ അല്ലാഹു അവരെ സന്തോഷം കൊണ്ടും സന്താപം കൊണ്ടും വളർത്തിയെടുക്കുകയാണ്. എളുപ്പം നൽകിയും പ്രയാസം നൽകിയും അവരെ പടി പടിയായി വളർത്തുകയാണ്. അപ്പോഴാണ് അവർ അല്ലാഹുവിലേക്ക് കൂടുതൽ കീഴടങ്ങുകയും നന്ദിയുള്ളവരായി ജീവിക്കുകയും ചെയ്യുക. ഇതും ഉഹ്ദിലെ പരാജയത്തോടെ അള്ളാഹു പഠിപ്പിക്കുന്ന ഒരു പാഠമാകുന്നു.

സന്തോഷവും സന്താപവും ഉണ്ടാകുമ്പോൾ ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്തു കൊണ്ട് രണ്ടിന്റെയും പ്രതിഫലം അവർക്ക് ലഭിക്കുവാൻ വേണ്ടിയാണ് അല്ലാഹു ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. മാത്രവുമല്ല തന്റെ വിശ്വാസികളായ അടിമകൾക്ക് വേണ്ടി ഉന്നതങ്ങളായ സ്ഥാനങ്ങളും പ്രതിഫലവുമാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്. അത്തരം ഉന്നതമായ സ്ഥാനങ്ങൾ നേടാൻ ഉതകുന്ന പ്രവർത്തനങ്ങളിലേക്ക് അല്ലാഹു അവരെ എത്തിക്കുകയും ചെയ്യും. ഉഹ്ദ് യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിൽ സംഭവിച്ചത് അതായിരുന്നു. ശഹീദ് എന്ന സ്ഥാനം അതി മഹത്തരമാണല്ലോ. ആ സ്ഥാനത്തേക്ക് ചില ആളുകൾ എത്തണം എന്നുള്ളത് അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു. അതു കൊണ്ടും ആയിരിക്കാം യുദ്ധത്തിന്റെ അവസാന സന്ദർഭത്തിൽ അല്ലാഹു അവരിൽ നിന്നും സഹായം ഉയർത്തിക്കളഞ്ഞത്.

മാത്രവുമല്ല അല്ലാഹു തന്റെ ശത്രുക്കളെ നശിപ്പിക്കാൻ ഉദ്ദേശിച്ചാൽ അതിന് ആവശ്യമായ കാരണങ്ങളെയും അവൻ ഉണ്ടാക്കുന്നു. അത് ചിലപ്പോൾ മുസ്ലിംകളുടെ മരണം ആകാം. അവർ അനുഭവിക്കേണ്ടി വരുന്ന ത്യാഗങ്ങളും ആകാം. അതു കൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത് (ആലു ഇംറാൻ: 139, 140)  ബദർ യുദ്ധത്തിൽ ശഹീദായ ആളുകൾക്ക് അല്ലാഹു നൽകിയിട്ടുള്ള ആദരവിനെക്കുറിച്ച് നബിﷺ സ്വഹാബികളെ അറിയിച്ചപ്പോൾ ആ സ്ഥാനം നേടുവാനുള്ള ആഗ്രഹം അവരിലുമുണ്ടായി. അപ്പോൾ അതിനുള്ള അവസരം അല്ലാഹു ഉഹ്ദിൽ ഒരുക്കിക്കൊടുക്കുകയും ചെയ്തു. എന്നാൽ നബിﷺ യോട് അവരിൽ ചിലർ കാണിച്ച അനുസരണക്കേടിന്റെ ഫലമായി അല്ലാഹു അവരിൽ നിന്ന് സഹായത്തെ ഉയർത്തിക്കളയുകയും ചെയ്തു. (ആലു ഇംറാൻ: 143).

അതോടൊപ്പം തന്നെ നബിﷺ യുടെ മരണം എന്ന മഹാ ദുരന്തം അവരുടെ മുമ്പിൽ വരാനൈരിക്കുന്നുണ്ടായിരുന്നു. മാനസികമായി അതിനെ കൂടി നേരിടാനുള്ള ഒരു കരുത്ത് ഇവർക്ക് ബാധിച്ച പ്രയാസങ്ങളിലൂടെ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു അള്ളാഹു. അതു കൊണ്ടു തന്നെ നബിﷺ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താലും മതത്തിൽ അവർ ക്ഷമയോടെ ഉറച്ചു നിൽക്കണം എന്നുള്ള പാഠം അല്ലാഹു അവർക്ക് നൽകുകയായിരുന്നു. (ആലു ഇംറാൻ: 144)

അതോടൊപ്പം തന്നെ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള ഒരു പരീക്ഷണവും മനസ്സുകളുടെ ശുദ്ധീകരണവുമായിരുന്നു അത് (ആലു ഇംറാൻ: 154) ഇതിനു ശേഷം ഉഹ്ദിൽ ശഹീദായ ആളുകളുടെ വിഷയത്തിൽ അല്ലാഹുതആല നബിﷺ യെയും സ്വഹാബികളെയും ആശ്വസിപ്പിച്ചു. (ആലു ഇമ്രാൻ: 169 ,170)

ചുരുക്കത്തിൽ അല്ലാഹു ബദ്റിൽ ലാ ഇലാഹ ഇല്ലല്ലയുടെ ശക്തിയും ഉഹ്ദിൽ മുഹമ്മദുൻ റസൂലുള്ളയുടെ ശക്തിയും പ്രകടിപ്പിച്ചു കൊടുത്തു. മുഹമ്മദ് നബിﷺ യോട് കാണിച്ച അനുസരണക്കേട് ആയിരുന്നല്ലോ പരാജയത്തിന്റെ കാരണം.

 

ഫദ്‌ലുല്‍ ഹഖ് ഉമരി

പ്രവാചകന്മാരുടെ ചരിത്രം

എനിക്കു ശ്വാസം കിട്ടുന്നില്ല!

എനിക്കു ശ്വാസം കിട്ടുന്നില്ല!

മനുഷ്യനെ തൊലി നിറത്തിന്റെ പേരിൽ വേർതിരിച്ച് കാണുന്ന വെറിക്ക് അമേരിക്കയിൽ ഇപ്പോഴും ഒരു പഞ്ഞവുമില്ല. ഭൗതികതയുടെ ഉന്നതങ്ങൾ കീഴടക്കി എന്ന് സ്വയം അഹന്ത നടിക്കുന്ന (ഇതിന്റെ യാഥാർത്ഥ്യം കൊറോണ വൈറസ് വെളിച്ചത്ത് കൊണ്ടുവന്നു എന്നത് വേറെ കാര്യം ) ഒരു നാട്ടിൽ ഇപ്പോഴും തൊലിനിറത്തിന്റെ പേരിൽ അതിക്രൂരതകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്നത് എന്തു മാത്രം നിന്ദ്യമാണ്. കോവിഡ് ബാധിച്ച് ഒരു ലക്ഷത്തിലധികം പേർ ശ്വാസം മുട്ടി മരിച്ചപ്പോൾ , അതേ നാട്ടിൽ നിന്ന് വന്ന മറ്റൊരു വാർത്ത മന:സ്സാക്ഷിയുള്ള മനുഷ്യരെ മൊത്തം ഞെട്ടിക്കുന്നതാണ്.


ജോർജ് ഫ്ലോയിഡ് എന്ന 48 വയസ്സുകാരനായ നിരപരാധിയെ കൈകൾ കെട്ടി നടുറോട്ടിലിട്ട് കാൽ മുട്ടുകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നിരിക്കുകയാണ് നാലു

“നിയമപാലകർ ” ! “എനിക്ക് ശ്വാസം മുട്ടുന്നു ,എനിക്ക് വെള്ളം തരണേ, എന്നെ വിടണേ “എന്ന് ആ നിരപരാധി കരഞ്ഞ് പറഞ്ഞിട്ടും കറുത്ത മനസ്സിന്റെ ഉടമകൾ അയാളെ വിട്ടില്ല. അഞ്ച് മിനിട്ടോളം അയാളുടെ കഴുത്തിൽ കാൽമുട്ട് ഞെരുക്കി നിന്നു ആ തൊലി വെളുത്ത ക്രൂരനായ കൊലയാളി. തന്റെ കാൽ മുട്ടിന് താഴെ ഞെരിഞ്ഞമരുന്നത് തൊലി കറുത്ത ഒരുവനാണ് എന്നതുകൊണ്ട് യാതൊരു ഭാവമാറ്റവും ആ ബൂട്ടുധാരിയുടെ മുഖത്തു കണ്ടില്ല !
വല്ലാത്ത ക്രൂരത !


ഇത് ചെയ്തവൻ മുസ്ലിമല്ലാത്തതു കൊണ്ട് ഇസ്ലാം തൽക്കാലം രക്ഷപ്പെട്ടു!
തൊലി കറുത്തവനെ മൃഗങ്ങളെപ്പോലെ കാണുന്ന വിഷ മനസ്സുകൾ ഇപ്പോഴും അമേരിക്കയിലും യൂറോപ്പിലുമൊക്കെ ജീവിക്കുന്നു എന്നതിന്റെ തെളിവാണ് മിനിയാ പൊലിസിലെ ഈ കൊടും ക്രൂരത

മനുഷ്യരെ അവന്റെ തൊലിയും ഭാഷയും രാജ്യവും ഗോത്രവും നോക്കി വേർതിരിക്കാതെ, മനുഷ്യരെല്ലാം ഒരു പിതാവിന്റെ പുത്രന്മാരാണ് എന്ന ദൈവീക മതത്തിന്റെ കാഴ്ചപ്പടിനു മാത്രമേ ഈ ക്രൂരതക്ക് അന്ത്യം കുറിക്കാൻ കഴിയുകയുള്ളൂ. ഒരു മനുഷ്യാത്മാവിനെ അന്യായമായി ഹനിച്ചാൽ അവൻ മാനവരെ മുഴുവൻ ഹനിച്ചവനു സമനാണ് എന്ന ക്വുർആനിന്റെ തത്വത്തിനാണ് ഈ തോതിലുള്ള ക്രൂരതകൾക്ക് കൂച്ചുവിലങ്ങിടാൻ കഴിയുക. 

തിന്മയുടെ വക്താക്കൾക്ക് അവരർഹിക്കുന്ന ശിക്ഷ പൂർണമായി നൽകപ്പെടുന്ന ഒരു വേദിയുടെ ആവശ്യകതയും ഇത്തരം വാർത്തകൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പരലോകം അത്തരമൊരു വേദിയാണ്. വെളുത്തവന് കറുത്തവനേക്കാൾ യാതൊരു മഹത്വവുമില്ല എന്നും ഭക്തിയാണ് ദൈവം പരിഗണിക്കുന്നത് എന്നുമുള്ള ഉത്തമ ആശയം മനസ്സുകൾക്കുള്ളിലേക്ക് സന്നിവേശിപ്പിക്കലാണ് ഈ മാനസീക രോഗത്തിനുള്ള വൈദ്യം.
മനുഷ്യരേ, എന്നതാണ് അല്ലാഹുവിന്റെ പ്രഥമ വിളി എന്നത് ഏറെ ശ്രദ്ധേയമാണ്. നമസ്കാരവും ഹജ്ജുമൊക്കെ ഈ സന്ദേശത്തിന്റെ പ്രകട രൂപങ്ങളാണ്.
തൊലി കറുത്ത ബിലാലിനെയും (റ)തൊലി വെളുത്ത സൽമാനെയും (റ) ഹൃദയം കൊണ്ട് ബന്ധിപ്പിച്ചത് ഭക്തിയും വിശ്വാസവും തന്നെയായിരുന്നു.
അതിന്നും സാധ്യമാണ്.


അതല്ലാതെ ഈ വർണ്ണവെറിക്ക് പരിഹാരമില്ല. ഇനി ഒരു മനുഷ്യനും വർണ്ണവെറിയുടെ പേരിൽ ലോകത്ത് ജീവൻ നഷ്ടമായിക്കൂടാ. അതിനാൽ മനുഷ്യരേ, നമുക്ക് മനുഷ്യരാവാം.

“ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.”
(ഹുജുറാത്ത് : 13 )

അബ്ദുൽ മാലിക് സലഫി