സുജൂദ് നൽകുന്ന ആനന്ദം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിമൂന്ന്

സുജൂദ് നൽകുന്ന ആനന്ദം

നമ്മുടെ ശരീരത്തിലെ നാം ഏറ്റവും ശ്രദ്ധിക്കുന്ന ഭാഗം ഏതാണ്? സംശയമില്ല മുഖം തന്നെ. മണ്ണും പൊടിയും ആവാതെ എപ്പോഴും അത് വൃത്തിയായി സൂക്ഷിക്കാറുണ്ട്. എന്നാൽ, മണ്ണും പൊടിയും നിറഞ്ഞ ആളുകൾ ചവിട്ടി നടക്കുന്ന പ്രതലത്തിലും നാം നമ്മുടെ മുഖം വെക്കാറുണ്ട്. അതെപ്പോഴാണ് ? സുജൂദിൽ . നമ്മുടെ എല്ലാം റബ്ബിന്റെ മുന്നിൽ സമർപ്പിക്കുന്നതിന്റെ ഏറ്റവും മൂർത്തമായ രൂപമാണത്. അതുകൊണ്ടു തന്നെ സുജൂദിന് വലിയ പ്രാധാന്യമാണ് മതത്തിലുള്ളത്.
നമസ്കാരമാണല്ലോ ഒരു വിശ്വാസി ചെയ്യുന്ന കർമങ്ങളിൽ ഏറ്റവും പ്രധാനം. അതിൽ ഏറ്റവും പ്രധാനം സുജൂദാ ണ്. അതുകൊണ്ടാണ് നമസ്കാരത്തെ കുറിച്ച് പറയുമ്പോൾ പലപ്പോഴും സുജൂദിനെ അല്ലാഹു എടുത്തു പറയാൻ കാരണം. (ഇൻസാൻ : 26 ഉദാഹരണം) നമസ്കാരത്തിൽ കൂടുതൽ ഉള്ള കർമവും സുജൂദാണല്ലോ.
നമസ്കാര സ്ഥലത്തിന് مسجد എന്നാണ് അല്ലാഹു പ്രയോഗിച്ച വാക്ക്. സുജൂദ് ചെയ്യുന്ന സ്ഥലം എന്നാണതിനർഥം. നമസ്കാരത്തിൽ സുജൂദ് മാത്രമല്ലല്ലോ ഉള്ളത്.
ഇതെല്ലാം സുജൂദിന്റെ മഹത്വത്തിനുള്ള തെളിവാണ്.

ഒരു മനുഷ്യന്റെ ഏഴ് അവയവങ്ങളാണ് സുജൂദിൽ നിലത്ത് വെക്കുന്നത്.
” أُمِرْنَا أَنْ نَسْجُدَ عَلَى سَبْعَةِ أَعْظُمٍ
(ബുഖാരി : 810)
നെറ്റി (മൂക്കടക്കം ) , രണ്ട് കൈപ്പത്തികൾ ,കാൽ മുട്ടുകൾ, കാൽ വിരലുകൾ എന്നിവയാണവ. ഇവ നിലത്ത് പതിച്ച് റബ്ബിന്റെ മുന്നിൽ നാം നിൽക്കുമ്പോൾ വിനയത്തിലെ പാരമ്യതയിലാണ് നാം. തല ഉയർത്തിയാണ് മനുഷ്യർ പെരുമ നടിക്കാറ്. എന്നാൽ സുജൂദിൽ തല താഴെയാണ്. നെഞ്ച് വിരിച്ച് അഹങ്കാരം കാണിക്കും ചിലർ. സുജൂദിൽ നെഞ്ച് താഴ്ന്നിരിക്കുന്നു . കൈകൾ ചൂണ്ടി ഭീഷണി മുഴക്കുന്ന കരങ്ങൾ നിലത്ത് അമർന്നിരിക്കുന്നു! റബ്ബിന്റെ മുന്നിൽ തന്റെ നിസ്സാരത വെളിപ്പെടുത്തുന്ന ഏറ്റവും നല്ല മാർഗം സുജൂദാണ്.
ഈ പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളും അവന് സുജൂദ് ചെയ്യുന്നു എന്ന് റബ്ബ് പറഞ്ഞിട്ടുണ്ട്.
(وَلِلَّهِ یَسۡجُدُ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ طَوۡعࣰا وَكَرۡهࣰا وَظِلَـٰلُهُم بِٱلۡغُدُوِّ وَٱلۡـَٔاصَالِ ۩)
അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് സുജൂദ് ചെയ്യുന്നു.)
[ റഅദ്:15]
(وَلِلَّهِ یَسۡجُدُ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَمَا فِی ٱلۡأَرۡضِ مِن دَاۤبَّةࣲ وَٱلۡمَلَـٰۤىِٕكَةُ وَهُمۡ لَا یَسۡتَكۡبِرُونَ)
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര് അഹങ്കാരം നടിക്കുന്നില്ല.
[ നഹ്ൽ :49]
(أَلَمۡ تَرَ أَنَّ ٱللَّهَ یَسۡجُدُ لَهُۥ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَمَن فِی ٱلۡأَرۡضِ وَٱلشَّمۡسُ وَٱلۡقَمَرُ وَٱلنُّجُومُ وَٱلۡجِبَالُ وَٱلشَّجَرُ وَٱلدَّوَاۤبُّ وَكَثِیرࣱ مِّنَ ٱلنَّاسِۖ وَكَثِیرٌ حَقَّ عَلَیۡهِ ٱلۡعَذَابُۗ وَمَن یُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ یَفۡعَلُ مَا یَشَاۤءُ ۩)
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില് കുറെപേരും അല്ലാഹുവിന് സുജൂദ് അര്പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില് ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന് ആരും തന്നെയില്ല. തീര്ച്ചയായും അല്ലാഹു താന് ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
[ ഹജ്ജ്: 18]

ഏതാനും ചിലരൊഴിച്ച് ഈ പ്രപഞ്ചത്തിലെ ബാക്കിയുള്ള മുഴുവൻ സൃഷ്ടികളും അവന് സുജൂദ് ചെയ്യുന്നുവെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്.
അവയുടെ സുജൂദ് ആലങ്കാരികമല്ല. അക്ഷരാർത്ഥത്തിൽ തന്നെയാണ്. എന്നാൽ അതിന്റെ രൂപം മനുഷ്യരുടേത് പോലെയാവണമെന്നില്ല.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ) പറയുന്നു:
: “والسجود من جنس القنوت فإن السجود الشامل لجميع المخلوقات هو المتضمن لغاية الخضوع والذل وكل مخلوق فقد تواضع لعظمته وذل لعزته واستسلم لقدرته ولا يجب أن يكون سجود كل شيء مثل سجود الإنسان على سبعة أعضاء ووضع جبهة في رأس مدور على التراب فإن هذا سجود مخصوص من الإنسان” ا (جامع الرسائل: 1/27)
“സുജൂദ് എന്നാൽ താഴ്മ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ്. അത് എല്ലാ സൃഷ്ടികൾക്കും ഉണ്ട്. അത് മനുഷ്യരുടേത് പോലെ തന്നെ അവണം എന്നില്ല. തല മണ്ണിൽ വെച്ച് ഏഴ് അവയവങ്ങളിൽ ചെയ്യുന്ന സുജൂദ് മനുഷ്യർക്കുള്ളതാണ്. “

ഓരോ സുജൂദും റബ്ബിന്റെയടുക്കൽ പദവികളുയരാനും
പാപങ്ങൾ പൊറുക്കപ്പെടാനും കാരണമാണ്.
” مَا مِنْ عَبْدٍ يَسْجُدُ لِلَّهِ سَجْدَةً إِلَّا رَفَعَهُ اللَّهُ بِهَا دَرَجَةً، وَحَطَّ عَنْهُ بِهَا خَطِيئَةً “.
حكم الحديث: صحيح
(തിർമിദി: 388)

ഒരടിമ തന്റെ റബ്ബിലേക്ക് ഏറ്റവും അടുക്കുന്നത് സുജൂദിലാണ്. എങ്ങനെ അല്ലാതിരിക്കും? അവന്റെ എല്ലാം റബ്ബിന്റെ മുന്നിൽ വിനയത്തോടെ സമർപ്പിച്ച് നിൽക്കുന്ന വേളയാണല്ലോ അത്. അത് കൊണ്ട് തന്നെ റബ്ബിനോട് എല്ലാം തുറന്ന് പറയാനും അവനോട് യാചിക്കാനും പറ്റിയ അവസരമാണത്. തന്റെ മുഖം പോലും പൂർണമായി മറ്റൊരാൾ കാണുന്നില്ല! കണ്ണ് ഭൂമിയിലാണ്. അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നില്ല! ഇങ്ങനെയൊരവസരം വേറെയുണ്ടോ? ഇല്ല . അപ്പോൾ തന്നെയാണ് ചോദിക്കാൻ നല്ലത്. തല ഉയർത്തി ചോദിക്കുന്നതിനേക്കാൾ തല താഴ്ത്തി യാചിക്കുന്നതല്ലേ നല്ലത്.
” أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ “.
(മുസ്ലിം : 482)

സുജൂദിലെ ദിക്റ് പോലും ഏറെ അർഥവത്താണ്.
سبحان ربي الأعلى
എന്നതാണല്ലോ ഒരു ദിക്റ് . الأعلى എന്നാൽ ഏറ്റവും ഉന്നതിയിലുള്ളവൻ എന്നാണ്. ഇത് പറയുമ്പോൾ അടിമ ഏറ്റവും താഴ്മയുള്ള അവസ്ഥയിലും!

സുജൂദിന്റെ ആധിക്യം സ്വർഗ പ്രവേശനത്തിന് കാരണമാണ്. സൗബാൻ (റ)നോടും (മുസ്ലിം :488) റബീഅ (റ)നോടും (മുസ്ലിം : 489)തിരുമേനി പറഞ്ഞത് അതാണല്ലോ.

റബ്ബിന്റെ കൽപന പ്രകാരം ഒരു സുജൂദ് നിർവഹിക്കാതിരുന്നതാണല്ലോ ഇബ്ലീസ് പുറത്താക്കപ്പെടാൻ കാരണം. അതുകൊണ്ടു തന്നെ വിശ്വാസികൾ ചെയ്യുന്ന സുജൂദ് അവനെ കരയിപ്പിക്കുന്നുണ്ട്. എന്റെ നാശമേ എന്നവൻ വിലപിക്കുന്നു! എന്നോട് പറയപ്പെട്ടപ്പോൾ ഞാൻ വിസമ്മതിച്ചു. അവനത് ചെയ്തു. അവന് സ്വർഗം, എനിക്ക് നരകം എന്നവൻ പറയും!
” إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ، فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ : يَا وَيْلَهُ “، وَفِي رِوَايَةِ أَبِي كُرَيْبٍ : ” يَا وَيْلِي، أُمِرَ ابْنُ آدَمَ بِالسُّجُودِ، فَسَجَدَ، فَلَهُ الْجَنَّةُ، وَأُمِرْتُ بِالسُّجُودِ، فَأَبَيْتُ، فَلِي النَّارُ “.
(മുസ്ലിം : 81)

വിശ്വാസികളുടെ വ്യതിരിക്തതയാണ് റബ്ബിനുള്ള അവരുടെ സുജൂദ്. രക്ഷിതാവിനോടുള്ള നന്ദി പ്രകടിക്കുന്നതിന്റെ ഭാഗം കൂടിയാണത്. അതാണല്ലോ ഒരു സന്തോഷകരമായ നിമിഷം വന്നാൽ ചെയ്യുന്ന ശുക്റിന്റെ സുജൂദ് . സുജൂദാണ് നന്ദി പ്രകടനത്തിന്റെ ഏറ്റവും ഉയർന്ന രൂപം.
എന്നാൽ ചിലർ ഫർള് നമസ്കാര വേളകളിൽ ഇമാം സുജൂദിലാണെങ്കിൽ ബാക്കിൽ കാത്തു നിൽക്കുന്നു! ഇമാം തല ഉയർത്താൻ വേണ്ടി. ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു സുജൂദാണവർ നഷ്ടപ്പെടുത്തുന്നത് !

അതേസമയം ഈ സുജൂദ് പടപ്പുകളുടെ മുന്നിൽ സമർപ്പിക്കുന്നവന്റെ നന്ദി കേട് ചിന്തിച്ചു നോക്കൂ. റബ്ബിലേക്കടുക്കുന്നതു പോലെ സൃഷ്ടികളിലേക്കടുക്കലാണത്! എന്തു വലിയ നന്ദി കേട് !
സുജൂദിന്റെ ചൈതന്യം ശരിയായി ഉൾകൊണ്ട ഒരാൾക്ക് റബ്ബിനു മുന്നിലെല്ലാതെ അവന്റെ നെറ്റിത്തടം വെക്കാനാവുമോ? ഇല്ലല്ലോ. മയ്യിത്ത് നമസ്കാരത്തിൽ റുകൂഉും സുജൂദും ഇല്ലാത്തതിന്റെ രഹസ്യവും ഇതല്ലേ?

എന്നാൽ സുജൂദ് അല്ലാഹുവിന് മാത്രം എന്നത് പിശാചിന്റെ വാദമാണെന്ന് ചിലർ പറയുന്നു ! പിശാചിനു പോലും ഇല്ലാത്ത വാദം! പിശാചാവട്ടെ സുജൂദ് ചെയ്യാറുമില്ല!

വിശ്വാസികളുടെ മുഖങ്ങളിൽ സുജൂദിന്റെ അടയാളങ്ങളുണ്ടാവും (ഫത്ഹ് : 29 ) അത് ഈമാനിന്റെ വെളിച്ചമാണ്. ആ വെളിച്ചമുള്ളവർക്കേ പരലോകത്തും സുജൂദിന് കഴിയുകയുള്ളൂ. അല്ലാത്തവർക്കതിനു കഴിയില്ല !
(یَوۡمَ یُكۡشَفُ عَن سَاقࣲ وَیُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا یَسۡتَطِیعُونَ)
കണങ്കാല് വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള് ഓര്ക്കുക. സുജൂദ് ചെയ്യാന് (അന്ന്‌) അവര് ക്ഷണിക്കപ്പെടും. അപ്പോള് അവര്ക്കതിന് സാധിക്കുകയില്ല.
[ ക്വലം :42]

ക്വുർആൻ പാരായണ വേളയിലും ചിലയിടങ്ങളിൽ സുജൂദുണ്ട്. അവ ശുദ്ധിയോടെ നിർവഹിക്കലാണ് നല്ലത്.

നിത്യേന നിരവധി തവണ സുജൂദുകൾ നാം നിർവഹിക്കുന്നുണ്ട്. എന്നാൽ അതിന്റെ ആത്മീയ ചൈതന്യം പൂർണ്ണമായി ഉൾക്കൊണ്ട് തന്നെയാണോ നമ്മുടെയൊക്കെ സുജൂദ് എന്നത് നാം ഗൗരവമായി പരിശോധിക്കേണ്ടതാണ്. ധൃതി പിടിച്ചും അശ്രദ്ധമായും ചെയ്യുന്ന സുജൂദിന് ജീവനുണ്ടാവില്ല. കാലുകൾ അടുപ്പിച്ച് വെച്ച് , കൈവിരലുകൾ ചേർത്ത് പിടിച്ച്, അവ ക്വിബ് ലക്ക് നേരേ വെച്ച് , മൂക്ക് ഭൂമിയിൽ തട്ടിച്ച്, കൈകൾ കക്ഷത്തു നിന്നും അൽപം അകറ്റപ്പിടിച്ച്, കൈപത്തി മാത്രം നിലത്ത് തട്ടിച്ചാണ് – (കൈമുട്ടുകൾ നിലത്തു തട്ടാതെ ) സുജൂദ് ചെയ്യേണ്ടത്. മനുഷ്യമനസ്സിനും ഹൃദയത്തിനും ഇത്രയും ആശ്വാസം കിട്ടുന്ന മറ്റൊരു രൂപവും ഇല്ല! കാരണം ശരീരത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ഹൃദയത്തിന് ശാരീരികമായി ഏറ്റവും ആശ്വാസം കിട്ടുന്നത് സുജൂദിലാണ്. കാരണം ശരീരത്തിന്റെ 90 % വും ഈ അവസ്ഥയിൽ ഹൃദയത്തിനു താഴെയാണ്. താഴേക്കുള്ള പ്രത്യേകിച്ചും തലച്ചോറിലേക്കുള്ള വിതരണം ഹൃദയത്തിന് സുജൂദിന്റെ അവസ്ഥയിൽ എളുപ്പം സാധിക്കുന്നു.
അഥവാ, സുജൂദ് വിശ്വാസിക്ക് ആത്മീയവും ശാരീരികവുമായ ഊർജ്ജം നൽകുന്നു. ഹൃദയത്തിനാവട്ടെ വിശ്വാസത്തിന്റെ കുളിർമയും പ്രവർത്തനത്തിലെ ആശ്വാസവും ലഭിക്കുന്നു.
ആരാധനയിലെ ആനന്ദം സുജൂദിനേക്കാൾ മറ്റൊന്നിലുമില്ല.
റബ്ബിന് സ്തുതി.

Leave a Comment