ഉണക്ക മാംസം ഭക്ഷിക്കുന്ന ഒരു സ്ത്രീയുടെ മകൻ മാത്രമാണ് ഞാൻ

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിനാല്

ഉണക്ക മാംസം ഭക്ഷിക്കുന്ന ഒരു സ്ത്രീയുടെ മകൻ മാത്രമാണ് ഞാൻ

ഒരു നേതാവ് മറ്റുള്ളവരിൽനിന്ന് വ്യതിരിക്തമാകുന്നത് എങ്ങനെയാണ് ?
വ്യക്തി ജീവിതത്തിലെ പരിശുദ്ധി, വിനയം, തന്റെ അനുയായികളുമായുള്ള ഇടപാടിലും അവരുടെ കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിനും അവരുടെ നന്മ ആഗ്രഹിക്കുന്നതിലും അയാൾ വിജയിക്കുക എന്നതൊക്കെയാണ് അയാളെ പ്രശസ്തനും ജനകീയനുമാക്കുന്നത് . മൂക്കിൻ തുമ്പിൽ കോപവും നാക്കിൻ തുമ്പത്ത് അസഭ്യവും നിറഞ്ഞ നേതാക്കളെയും എമ്പാടും കാണാനാവും. എന്നാൽ ഇവിടെ ഇതാ ഒരു വ്യത്യസ്തനായ നേതാവ് , നേതാക്കളുടെ നേതാവാണദ്ദേഹം! നേതൃപാടവത്തിന്റെ പൂർണത നാം കാണുന്നത് പ്രവാചകനിലാണ്. ജീവിതത്തിന്റെ മുഴു മേഖലയിലും പൂർണ്ണമായി വിജയിച്ച ഒരേ നേതാവ് !

പ്രവാചക ജീവിതത്തിന്റെ തീരത്തിലൂടെ കടന്നു പോകുന്ന ഒരാൾക്ക് ആ ജീവിതത്തിന്റെ അതുല്യ സൗന്ദര്യം ആസ്വദിക്കാൻ കഴിയും .അതിലെ പൂമൊട്ടുകൾക്കുപോലും ഒരു പുന്തോട്ടത്തിന്റെ സൗരഭ്യമുണ്ട്. അതിലെ ഇളം കാറ്റുകൾക്കുപോലും വസന്തത്തിന്റെ പരിമളമുണ്ട്. പ്രവാചകൻ (സ) യുടെ ജീവിതം കണ്ട അനുചരർ പറഞ്ഞ മതിവരാത്ത കഥകളിൽ നിന്ന് ഒരൽപം നമുക്ക് കേൾക്കാം..

തന്നെ കാണുമ്പോൾ ബഹുമാനം കൊണ്ട് ആരെങ്കിലും എഴുന്നേറ്റ് നിൽക്കുന്നത് അവിടുന്ന് ഇഷ്ടപ്പെട്ടില്ല! (തിർമിദി: 2678)
നേതാവിനെ കാണുമ്പോൾ ബഹുമാനിച്ച് കുമ്പിടുകയും സാഷ്ടാംഗപ്രണാമം നടത്തുകയും ചെയ്തിരുന്ന കാലത്താണ് ഇതെന്ന് ഓർക്കണം!

അനുയായികൾക്ക് വേണ്ടി എത്ര ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും അത് സന്തോഷത്തോടുകൂടി സഹിക്കാനും ഏറ്റെടുക്കാനും അവിടുന്ന് തയ്യാറായിട്ടുണ്ട് . (നസാഇ : 1397)
സ്വന്തം കാര്യം സിന്ദാബാദ് എന്ന നയം അവിടുത്തേക്കില്ല!
ഇന്ന് ചിലരെങ്കിലും നേതാവാകുന്നതു തന്നെ സ്വന്തത്തിനു വേണ്ടിയാണ്!

പ്രവാചകനേക്കാൾ ഉന്നതനായ വ്യക്തിത്വം ആരാണുള്ളത് ? ആരുമില്ല. എന്നിട്ടുപോലും ആ പ്രവാചകൻ (സ) ഒരിക്കൽ പോലും ആത്മ പ്രശംസ നടത്തുകയോ മറ്റുള്ളവർ തന്നെ അമിതമായി പ്രശംസിക്കുന്നത് ഇഷ്ടപ്പെടുകയോ ചെയ്തിരുന്നില്ല.
മുൻ സമുദായങ്ങൾ അവരുടെ പ്രവാചകന്മാരെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങളെന്നെ പുകഴ്ത്തരുത് എന്ന് പ്രവാചകൻ (സ)പഠിപ്പിച്ചത് (ബുഖാരി : 3189) അവിടുത്തെ വിനയം കൊണ്ടും തന്റെ അനുയായികൾക്ക് പൂർവ്വ സമുദായങ്ങളുടെ പിഴവുകൾ സംഭവിക്കരുത് എന്ന നിർബന്ധബുദ്ധി ഉള്ളതു കൊണ്ടുമായിരുന്നു. പ്രശംസ കൊതിക്കാത്ത ഒരു നേതാവിനെ ചരിത്രത്തിൽ നാം കാണുന്നത് മക്കയിലും മദീനയിലും ജീവിച്ച ആ മുത്ത് നബി (സ) യിൽ മാത്രമാണ്.

തന്നെക്കുറിച്ച് അനുയായികൾ അമിത പ്രശംസ നടത്തിയപ്പോഴൊ ക്കെ അത് വിലക്കുന്ന ഒരു പ്രവാചകനെ നമുക്ക് കാണാൻ കഴിയും നാളെയുടെ വർത്തമാനങ്ങൾ അറിയുന്ന ഒരു നബി ഞങ്ങളുടെ കൂടെയുണ്ട് എന്നു പാടിയപ്പോൾ അതിന് പ്രവാചകൻ (സ) തിരുത്ത് നൽകിയിട്ടുണ്ട്. (ബുഖാരി : 3189)

തന്റെ അനുചരർ ഒരു ചെറിയ സദ്യ ഉണ്ടാക്കി അതിലേക്ക് നബിയെ വിളിച്ചാലും പ്രവാചകൻ (സ) പോയിരുന്നു. ഒരു ആടിന്റെ കാലിൻ കഷ്ണം കൊണ്ട് ഉണ്ടാക്കപ്പെട്ട കറി ആണെങ്കിൽ പോലും അതിലേക്കും പ്രവാചകൻ സന്തോഷത്തോടെ അതിഥിയായി കടന്നു വന്നിട്ടുണ്ട്. (ബുഖാരി : 3700 )

പ്രവാചകന് സേവനം ചെയ്യുന്നവരെ പ്രവാചകൻ (സ) അതിയായി സ്നേഹിച്ചു .പള്ളി അടിച്ചു വൃത്തിയാക്കിയിരുന്ന ഒരു വനിത വഫാത്തായപ്പോൾ
സ്ഥലത്തില്ലാത്ത പ്രവാചകൻ (സ)തിരിച്ചു വന്നതിനു ശേഷം ആ സ്ത്രീയുടെ ഖബറിന്റെ അടുക്കൽചെന്ന് നമസ്കരിച്ചത് ഹദീസുകളിൽ കാണാൻ കഴിയും (ബുഖാരി : 440 )
ഒരു പാവം പെണ്ണിനെപ്പോലും പ്രവാചകൻ (സ) പരിഗണിച്ചത് ഇങ്ങനെയായിരുന്നു!

തന്റെ അനുചരന്മാരുടെ വീടുകളിൽ പോയി അവരെ സന്ദർശിക്കുകയും അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുക എന്നത് പ്രവാചകന്റെ പതിവായിരുന്നു അൻസാരികളുടെയും മുഹാജിറുകളുടെയും അടുക്കൽ ചെല്ലുകയും അവരോട് സലാം പറയുകയും അവരുടെ
ശിരസ്സുകൾ തടവുകയും ചെയ്തിരുന്ന ഒരു നേതാവിനെയാണ് പ്രവാചകനിൽ നാം കാണുന്നത് . (നസാഇ, 5/92)

ആരെങ്കിലും തനിക്ക്
ഹസ്തദാനം നടത്തിയാൽ
അദ്ദേഹം കൈ വലിക്കുന്നവരെ പ്രവാചകൻ (സ) അങ്ങനെ തന്നെ നിൽക്കും ! (തിർമിദി: 2414) എന്തൊക്കെ തിരക്കുകൾ അവിടുത്തേക്കുണ്ടാവും!എന്നിട്ടും തന്റെ കരം പിടിച്ചവനെ നിരാശനാക്കാത്ത നേതാവ് !

തന്റെ അനുയായികൾ തന്നെ ഒരിക്കലും
ഭയക്കരുതെന്നും അവർ തന്നെ സ്നേഹിക്കണം എന്നുമാണ് പ്രവാചകൻ (സ) ആഗ്രഹിച്ചത് .
ഒരു മനുഷ്യൻ പ്രവാചകൻ (സ) അടുക്കൽ കടന്നുവന്നു. അദ്ദേഹം വല്ലാതെ ഭയക്കുന്നതായി നബി (സ) ക്ക് തോന്നി.
പ്രവാചകൻ (സ) പറഞ്ഞു: ഞാനൊരു
രാജാവ് അല്ല .
ഉണക്ക മാംസം തിന്നുന്ന ഒരു സ്ത്രീയുടെ മകനാണ് ഞാൻ !
(” هَوِّنْ عَلَيْكَ ؛ فَإِنِّي لَسْتُ بِمَلِكٍ، إِنَّمَا أَنَا ابْنُ امْرَأَةٍ تَأْكُلُ الْقَدِيدَ
(ഇബ്നുമാജ : 3312)
“.ഇത്രയും വിനയം കാണിച്ച ഒരു മനുഷ്യനെ ലോകത്ത് കാണുക സാധ്യമല്ല.

തന്റെ അനുയായികൾക്കിടയിൽ പൂർണമായും നീതി നടപ്പിലാക്കുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു .
മഖ്സൂമിയ ഗോത്രത്തിലെ ഒരു സ്ത്രീ കളവ് നടത്തിയപ്പോൾ ആ വിഷയത്തിൽ അവർക്കു വേണ്ടി ശുപാർശ പറയാൻ ഉസാമത്ത് ബ്നു സൈദ് വന്ന സന്ദർഭത്തിൽ പ്രവാചകന് കോപം വരികയും ഇനിമേലിൽ ഇങ്ങനെ ആവർത്തിക്കരുതെന്ന് ഉസാമക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തു.മുൻഗാമികൾ നശിച്ചുപോകാൻ ഇതാണ് കാരണമെന്നും എന്റെ മകൾ ഫാത്തിമയാണ് മോഷ്ടിച്ചതെങ്കിലും അവളുടെ കരം ഞാൻ മുറിക്കും എന്ന് പറഞ്ഞു നീതിയുടെ ശബ്ദം മുഴക്കുകയാണ് പ്രവാചകൻ (സ)ചെയ്തത്. (ബുഖാരി : 3216)


തന്റെ അനുയായികൾക്ക് എന്തെങ്കിലും ഒരു പ്രയാസം വന്നാൽ ആ പ്രയാസത്തിൽ അവർക്ക് താങ്ങാവുകയും, അവരെ എന്തെങ്കിലും ഒരു ജോലി ഏൽപ്പിച്ചാൽ ആ ജോലിയിൽ പ്രവാചകനും പങ്കാളിയാവുകയും ചെയ്ത ചരിത്രം നമുക്ക് കാണാം
വ്യക്തിപരവും സാമൂഹ്യവും കുടുംബപരവുമായ നിരവധി പ്രശ്നങ്ങൾ പ്രവാചകന്റെ സമക്ഷത്തിൽ എത്താറുണ്ട് .പ്രശ്നവുമായി വന്നവർക്കെല്ലാം പ്രവാചകൻ (സ) ആശ്വാസത്തിന് തെളിനീർ കുടിപ്പിച്ചിട്ടാണ് മടക്കി അയക്കാറ്.

നിങ്ങൾ ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിച്ചു കൊടുക്കണം അവരെയൊരിക്കലും ഭയപ്പെടുത്തരുത് എന്ന സന്ദേശമാണ് എപ്പോഴും പ്രവാചകൻ (സ) അനുചരന്മാർക്ക് നൽകിയിരുന്നത്.

ശത്രുക്കൾ എന്തു ഉപദ്രവം വരുത്തിയാലും അവരെ സ്നേഹിക്കുന്ന ഒരു നേതാവിനെ പ്രവാചകൻ (സ) യിൽ മാത്രമേ നമുക്ക് കാണാൻ കഴിയുന്നുള്ളൂ

ഒരു മിസ്കീൻ ആയി ജീവിച്ച പ്രവാചകൻ തന്റെ അടുക്കൽ ആര് ചോദിച്ചു വന്നാലും തന്റെ അടുത്തുള്ളത് മുഴുവൻ കൊടുത്തു അയാളെ തൃപ്തിപ്പെടുത്തുന്ന രീതിയാണ് പ്രവാചകൻ (സ) ക്ക് ഉണ്ടായിരുന്നത്. ഇല്ല എന്നൊരു വാക്ക് പ്രവാചകൻ ചോദിച്ചു വരുന്ന ഒരാളോടും പറഞ്ഞിട്ടില്ല (മുസ്ലിം : 1805 )

വിശന്ന വയറിനെ സഹിക്കാൻ കഴിയാതെ രാത്രിസമയങ്ങളിൽ വീടിനു പുറത്തിറങ്ങിയ ഒരു പ്രവാചകൻ ഉണ്ട് ചരിത്രത്തിൽ .പക്ഷേ എന്നിട്ടും ആവശ്യത്തിന് ആഹരിക്കാൻ ഭക്ഷണം കിട്ടിയപ്പോൾ അതിൽ മതിമറക്കാതെ ഭക്ഷണത്തിന്റെ ദാതാവായ റബ്ബിന് നന്ദി കാണിക്കുന്ന ഒരു പ്രവാചകനെ നമുക്ക് കാണാം (മുസ്ലിം : 2038 )

ഒരിക്കലും അനുയായികളോട് കയർക്കുകയോ അവരെ അടിക്കുകയോ സഭ്യമല്ലാത്ത വാക്കുകൾകൊണ്ട് അവരെ അഭിസംബോധന നടത്തുകയോ ചെയ്യാത്ത ഒരു നേതാവായിരുന്നു അദ്ദേഹം .

മറ്റുള്ളവരുടെ കാര്യത്തിലായിരുന്നു പ്രവാചകന്റെ കൂടുതൽ ശ്രദ്ധ.
തൻറെ അനുയായികളെ മതം പഠിപ്പിക്കുന്നതിനൊപ്പം തന്നെ മര്യാദകളും പ്രവാചകൻ (സ)പഠിപ്പിച്ചിരുന്നു. പല ആളുകളും പല രൂപത്തിൽ ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു. പക്ഷേ അതെല്ലാം സഹിച്ച് ക്ഷമിച്ച് അവരുടെ വാക്കുകൾ പൂർണമായി കേട്ട് അവരോട് പ്രതികരിച്ചിരുന്ന ഒരു പ്രവാചകനെ നാം ഹദീസുകളിൽ കാണുന്നു .

തന്റെ അനുയായികളോട് കളിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും ആണ് പ്രവാചകൻ (സ) ജീവിച്ചത്.
പ്രവാചകന്റെ തമാശകൾ നിരവധിയുണ്ട് .
എപ്പോഴും ഗൗരവത്തിൽ മാത്രം പെരുമാറി ആളുകളിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു സ്വഭാവം അവിടുത്തേക്ക് ഉണ്ടായിരുന്നില്ല .

തന്റെ അനുയായികളെ ആരെങ്കിലും കൊച്ചാക്കി സംസാരിക്കുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്യുന്നത് അവിടുത്തേക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു .
അബ്ദുല്ല എന്നു പറയുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. “ഹിമാർ”എന്നാണ് ആളുകൾ അദ്ദേഹത്തെ ഇരട്ടപ്പേര് വിളിച്ചിരുന്നത്. പ്രവാചകന്റെ അടുക്കൽ വന് പല തമാശകളും അദ്ദേഹം പറയാറുണ്ടായിരുന്നു. മദ്യപിച്ചതിന്റെ പേരിൽ പലതവണ അദ്ദേഹം അടി ക്കപ്പെട്ടിട്ടുണ്ട് .
അപ്പോൾ ഒരു മനുഷ്യൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു: നിങ്ങൾ അദ്ദേഹത്തെ ശപിക്കൂ പ്രവാചകരെ! അദ്ദേഹം പറഞ്ഞു :ഇല്ല അദ്ദേഹം അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഇഷ്ടപ്പെടുന്നവനാണ് ! (ബുഖാരി : 6282)
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)
ന്റെ മെലിഞ്ഞ കാൽപാദം കണ്ടപ്പോൾ ചില ആളുകൾ ചിരിച്ചു. പ്രവാചകൻ (സ) അവരെ വിമർശിക്കുകയും ആ കാല് ഉഹ്ദ് മലയേക്കാൾ തുലാസിൽ ഭാരം ഉണ്ടായിരിക്കുമെന്നും പറഞ്ഞതായി ഹദീസിൽ കാണാം (അഹ്മദ്: 3792)

തന്റെ അനുയായികളെ പുകഴ്ത്താൻ അവിടുന്ന് ഒരിക്കലും മടിച്ചിട്ടില്ല. അവരുടെ എല്ലാ നല്ല ഗുണവിശേഷങ്ങളും സൂക്ഷ്മമായി പഠിച്ചറിഞ്ഞ് അവരെ ഉപയോഗപ്പെടുത്തിയ ഒരു നേതാവായിരുന്നു പ്രവാചകൻ (സ). അവരുടെ എല്ലാ കാര്യങ്ങളിലും പ്രവാചകൻ (സ) അവരെ ഉപദേശിക്കാറുണ്ട്. അവർക്കിടയിൽ പ്രശ്നങ്ങളുണ്ടായാൽ പ്രവാചകൻ അത് ഭംഗിയായി തീർക്കാറുമുണ്ട് .

ഇങ്ങനെ തന്റെ അനുചരന്മാർക്ക് താങ്ങായും തണലായും അതിലുപരി സർവ്വ രംഗത്തും മാതൃകയായും അവിടുന്ന് ജീവിച്ചു.
(لَّقَدۡ كَانَ لَكُمۡ فِی رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةࣱ لِّمَن كَانَ یَرۡجُوا۟ ٱللَّهَ وَٱلۡیَوۡمَ ٱلۡـَٔاخِرَ وَذَكَرَ ٱللَّهَ كَثِیرࣰا)
[ അഹ്സാബ്: 21]
ഈ നേതാവ് നമുക്ക് അഭിമാനമാണ്. അഭിമാനം യാഥാർത്ഥ്യമാവുന്നത് അനുധാവനത്തിലെ പൂർണ്ണതയിലാണ്.

Leave a Comment