
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : ഇരുപത്തിയഞ്ച്
ഒരു മഹാദുരന്തം مصيبة عظيمة
നിണം മണക്കുന്ന നിരവധി സംഭവ വികാസങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. ശത്രുക്കളുടെ മനുഷ്യത്വമില്ലായ്മ കൊണ്ട് ജീവൻ നഷ്ടമായ വിശ്വാസികളുടെ കണക്ക് ചരിത്രത്തിന്റെ താളുകൾക്ക് പൂർണമായി വിശദീകരിക്കാനായിട്ടില്ല. അക്ഷരാർത്ഥത്തിൽ ചോരപ്പുഴ ഒഴുകിയ കണീരിൽ ചാലിച്ചെഴുതിയ അത്തരത്തിലുള്ള ചരിത്രം പക്ഷേ, അധികമാരും കേൾക്കാറില്ല. ഏതെങ്കിലും മുസ്ലിം നാമധാരികൾ നടത്തുന്ന അക്രമങ്ങൾ ലോകയുദ്ധത്തേക്കാൾ വലിയ സംഭവമാക്കി അവതരിപ്പിച്ച്, ഇസ്ലാമിന്റെ ശത്രുക്കൾ നടത്തിയ മനുഷ്യക്കുരുതികളെ തമസ്കരിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി.
പരിശുദ്ധമായ കഅബയുടെ തിരുമുറ്റത്ത് രക്തപ്പുഴ ഒഴുക്കിയ കറാമിത്വകളുടെ ചരിത്രം ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ടതാണ്. ചിത്രത്തിന്റെ താളുകൾ കണ്ണീരുകൊണ്ട് കുതിർന്നിട്ടുണ്ട് പ്രസ്തുത ചരിത്രം വായിക്കപ്പെട്ടപ്പോഴൊ
ക്കെ .
ഇസ്ലാമിക ചരിത്രകാരന്മാരിൽ പ്രമുഖനായ ഹാഫിള് ഇബുനു കസീർ (റ) തന്റെ “അൽ ബിദായത്തു വന്നിഹായ “എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിൽ പ്രസ്തുത ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആ താളുകൾ നമുക്കൊന്ന് മറിച്ചു നോക്കാം.
ഹിജ്റ വർഷം 317. മുസ് ലിംകൾ ഹജ്ജിനുള്ള ഒരുക്കത്തിലാണ്. ആയിരക്കണക്കിന് ഹാജിമാർ മക്കയിൽ എത്തിക്കഴിഞ്ഞു. ഹജ്ജ് തുടങ്ങുന്ന ദിനമായ ദുൽഹിജ്ജ എട്ട് ആയി. പ്രസ്തുത ദിനത്തിന് യൗമുത്തർവിയ എന്നാണു പേര്.ഹാജിമാർ മിനയിലേക്ക് നീങ്ങാൻ തുടങ്ങുകയാണ്.. പെട്ടെന്നാണ് അത് സംഭവിച്ചത്.
കറാമിതി നേതാവ് അബൂത്വാഹിറിന്റെ നേതൃത്വത്തിൽ ഒരു സൈന്യം പരിശുദ്ധ ഹറം അക്രമിക്കുന്നു. സർവ്വായുധ സജ്ജരായി ആ പരിശുദ്ധ മാസത്തിൽ ആ പരിശുദ്ധ ദിനത്തിൽ പരിശുദ്ധ ഗേഹത്തിന്റെ തിരുമുറ്റത്ത് അവർ എത്തിയത് തികഞ്ഞ ആസൂത്രണത്തോടെയായിരുന്നു.
മസ്ജിദുൽ ഹറാമിലേക്ക് ആ ദുഷ്ടന്മാർ ഇരച്ചുകയറി.
പിന്നെ അവിടെ നടന്നത് എന്താണെന്ന് പറയേണ്ടതില്ലല്ലോ. ഇഹ്റാമിന്റെ വേഷം ധരിച്ച് ത്വാവാഫ് ചെയ്തു കൊണ്ടിരുന്ന, നമസ്കരിച്ചു കൊണ്ടിരുന്ന, റബ്ബിലേക്ക് കരങ്ങൾ ഉയർത്തി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ആയിരങ്ങളെ അവർ കൂട്ടക്കൊല നടത്തി. തിരിച്ചടിക്കാൻ അവരുടെ കയ്യിൽ ഒന്നുമില്ല.
അവർ ഇഹ്റാമിലാണല്ലോ ഉള്ളത് !
അവരുടെ നേതാവ് അബൂത്വാഹിർ ഇപ്രകാരം അട്ടഹസിക്കുന്നുണ്ടായിരുന്നു : ” ഞാൻ തന്നെയാണ് അല്ലാഹു . ഞാനാണ് സൃഷ്ടികളെ സൃഷ്ടിച്ചത്. ഞാൻ അവരെ നശിപ്പിക്കുകയും ചെയ്യും!”
നിമിഷങ്ങൾക്കകം പരിശുദ്ധ ഹറമിനുള്ളിൽ മയ്യിത്തുകൾ കുമിഞ്ഞു കൂടി.
ആ മയ്യിത്തുകൾ സംസം കിണറിലേക്ക് ഇടാൻ അയാൾ കൽപ്പിച്ചു!
ചിലത് മസ്ജിദുൽ ഹറാമിൽ തന്നെ കുഴിച്ചുമൂടാനും കൽപനയുണ്ടായി!
ഹാജിമാരുടെ മുഴുവൻ സമ്പത്തും അവർ കൊള്ളയടിച്ചു !
അരിശം തീരാതെ അയാൾ വീണ്ടും പരാക്രമങ്ങൾ അഴിച്ചുവിട്ടു.
സംസം കിണറിനു മുകളിലുണ്ടായിരുന്ന മറ തകർത്തു.
കഅബയുടെ വാതിൽ പിഴുതുമാറ്റാൻ കൽപന കൊടുത്തു.
കഅബയുടെ ക്വില്ലകൾ അഴിച്ചു മാറ്റപ്പെട്ടു!
അത് കഷ്ണം കഷ്ണമാക്കി.
കഅബയുടെ പാത്തി ഇളക്കി മാറ്റാൻ ഒരുത്തൻ കഅബയുടെ മുകളിലേക്ക് കയറി.
അത് തലയിലേക്ക് വീണ് അവൻ മരിച്ചു!
ഹജറുൽ അസ്വദ് പിഴുത് മാറ്റാൻ അബൂത്വാഹിർ കൽപന കൊടുത്തു!
കഴിഞ്ഞില്ല!
ഒരുത്തൻ ചുറ്റികയുമായി വന്ന് അത് പൊട്ടിച്ചു!
“അബാബീൽ എവിടെ? ചുട്ടുപഴുത്ത ചരൽക്കല്ലുകൾ എവിടെ?” എന്നയാൾ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു!
അവസാനം ഹജറുൽ അസ് വദ് അവർ പിഴുതുമാറ്റി !
അത് അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി !
22 വർഷം അതവരുടെ കയ്യിലായിരുന്നു !
ഹജറുൽ അസ് വദില്ലാത്ത കഅബയെ ആണ് അക്കാലത്ത് വിശ്വാസികൾ വലയം വെച്ചത് !
إنا لله وإنا إليه راجعون
ഈ നരനായാട്ടനു ശേഷം അട്ടഹാസം മുഴക്കി അവർ മടങ്ങി.
ഹജറുൽ അസ് വദ് അവരുടെ കയ്യിലായിരുന്നു !
ഈ സമയത്ത് മക്കാ അമീർ അവരെ പിന്തുടർന്നു.ചെറിയൊരു സൈന്യവും കൂടെയുണ്ടായിരുന്നു.
ഹജറുൽ അസ് വദ് തിരികെ നൽകാൻ ആവശ്യപെട്ടു
എത്ര പണം വേണമെങ്കിലും നൽകാം എന്നു പറഞ്ഞു നോക്കി !
അയാൾ വഴങ്ങിയില്ല! ഏറ്റുമുട്ടൽ ഉണ്ടായി.മക്കാ അമീറും മുസ്ലീംകളും വധിക്കപ്പെട്ടു.
അയാൾ ഹജറുൽ
അസ് വദുമായി നാട്ടിലേക്ക് കടന്നു.
ആരായിരുന്നു ഇവർ?
ഒരു മുസ്ലിമിന് ഇതൊരിക്കലും ചെയ്യാനാവില്ല!
അക്കാലത്ത് ആഫ്രിക്കൻ മേഖലയിൽ രംഗത്തു വന്ന ഒരു ഭരണകൂടമാണിതിനു പിന്നിൽ ഉണ്ടായിരുന്നത്.
മഹ്ദി എന്നാണ് അവരുടെ നേതാവിന് അവർ നൽകിയ നാമം!
ഉബൈദുല്ലാഹ് ബിൻ
മയ്മൂൻ അൽ കദ്ദാഹ്’ എന്നാണ് ശരിക്കുള്ള പേര്!
ജൂതനായിരുന്നു അയാൾ.
മുസ്ലിമായി അഭിനയിച്ച് ആഫ്രിക്കയിലെത്തിയതാണ് !
ഞാൻ ഫാത്വിമിയാണ് എന്നയാൾ വാദിച്ചു തുടങ്ങി!
നബികുടുംബത്തോടുള്ള കപട സ്നേഹത്തിന്റെ മറവിലാണ് ഇയാൾ സമൂഹത്തിൽ സ്വാധീനം നേടാൻ നോക്കിയത്.
അവസാനം അയാൾക്ക് ഭരണം കിട്ടി.മഹ്ദിയ എന്ന പേരിൽ അവർ ഒരു പട്ടണം ഉണ്ടാക്കി!
ഇസ്ലാമിനോടും മുസ്ലിംകളോടും
കഠിന ശത്രുത വെച്ചു പുലർത്തിയവരാണിവർ !
280 വർഷം അവരുടെ ഭരണ കാലഘട്ടം നീണ്ടു.
ഉബൈദിയാ കാലഘട്ടം എന്നാണതിന്റെ ശരിയായ പേര്!
അഹ്ലുസ്സുന്നക്ക് വല്ലാത്ത പരീക്ഷണ കാലഘട്ടമായിരുന്നു അവരുടെ ഭരണകാലം.
നിരവധി പണ്ഡിതന്മാർ വധിക്കപ്പെട്ടു.
മുസ്ലിംകൾ കൊല്ലപെട്ടതിന് യാതൊരു കണക്കും ഇല്ല!
നിരവധി ആചാരങ്ങൾ അക്കാലത്ത് ജന്മം കൊണ്ടു.
അതിലൊന്നാണ് പ്രവാചകന്റെ ജന്മദിനാഘോഷം!
ചരിത്രത്തിന്റെ ഇത്തരം ഏടുകൾക്ക് നിരവധി ഗുണപാഠങ്ങൾ വർത്തമാനകാലത്തോട് പറയാനുണ്ട് !
പരീക്ഷണങ്ങളുടെ കാലഘട്ടം നമുക്ക് മുമ്പും എമ്പാടും ഉണ്ടായിട്ടുണ്ട്.
ത്വവാഫും ഹജ്ജും ഇതിനു മുമ്പും മുടങ്ങിയിട്ടുണ്ട്!
അത് പരീക്ഷണമാണ്!റബ്ബിന്റെ ശക്തമായ പരീക്ഷണം !
പരീക്ഷണങ്ങളിൽ പിടിച്ചു നിൽക്കാനുള്ള ഊർജ്ജമാണ് ഇത്തരം ചരിത്രങ്ങൾ നമുക്ക് നൽകുന്നത്.
കഅബ തന്നെ തകർക്കപ്പെട്ടേക്കാം അതു പ്രവാചകൻ (സ) അറിയിച്ചതാണ്.
പക്ഷേ ക്വൽബിലെ വിശ്വാസം തകർന്നാൽ അതാണ് വലിയ ദുരന്തം.
അനാചാരങ്ങളുടെ അടിവേരുകൾ ആരിലാണ് ചെന്നു നിൽക്കുന്നത് എന്ന് ഇത്തരം ചരിത്രങ്ങൾ ഉറക്കെ പറയുന്നുണ്ട്.
ശത്രു കെണിയൊരുക്കുന്നത് പുറമെ നന്മ കാണിച്ചും പുഞ്ചിരിച്ചുമായിരിക്കും എന്ന തിരിച്ചറിവ് നമുക്ക് നഷ്ടമായി കൂടാ.
ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്തവരെ ചരിത്രം പാഠം പഠിപ്പിക്കും.
അല്ലാഹു എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ!