ഗ്രന്ഥകാരന്റെ കുറിപ്പ്
“പ്രവാചകന്മാരിലുള്ള വിശ്വാസം…
പ്രാഥമിക മതപഠന ഘട്ടം മുതൽ കേട്ടു തുടങ്ങിയ വിശ്വാസ കാര്യങ്ങളിലെ പ്രധാന വശം. പക്ഷേ എങ്ങനെയെല്ലാം വിശ്വസിക്കണം എന്നതും പരമ പ്രധാനമാണല്ലോ. സാധ്യമായ വായനകളിലൂടെ വിഷയം അവതരിപ്പിക്കാൻ തുടങ്ങി.
ആരായിരുന്നു ആ പ്രവാചകന്മാർ? വിശുദ്ധ ഖുർആൻ സൂറഃ അൻ ആമിൽ നിരവധി പ്രവാചകന്മാരെ പറഞ്ഞ ശേഷം ഇങ്ങനെ കാണാം.
أوليك الذين هدى الله فبهداهم اقتده
അവരെയാണ് അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്. അതിനാൽ അവരുടെ നേർമാർഗത്തെ നീ പിന്തുടർന്ന്കൊള്ളുക. ‘
-(സൂറത്തുൽ അൻആം:6:90)
പ്രവാചകന്മാരുടെ ചരിത്രം പഠിക്കൽ ഇസ്ലാമിക വിജ്ഞാനം വർധിപ്പിക്കുന്നതിന് കാരണമാകുമെന്നതിൽ സംശയമില്ല. കാരണം അവർ ലോകത്തിന് നന്മ പഠിപ്പിക്കുവാൻ നിയുക്തരായ മഹാന്മാരാണ്. രാഷ്ടീയ നായകന്മാരുടെയോ, ശാസ്ത്രകാരന്മാരുടെയോ, കാലത്തിന്റെ പിന്നാമ്പുറങ്ങളിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന ഏതെങ്കിലും സംഭവങ്ങളുടെയോ വിവരണങ്ങൾ കേൾക്കുന്നത് പോലെ കേട്ട് രസിക്കേണ്ടുന്നതോ പുളകംകൊള്ളണ്ടുന്നതോ ആയ ചരിത്രമല്ല പ്രവാചകന്മാരുടെ ചരിത്രം. അത് ജീവിതത്തിന് ദിശാബോധം നൽകുന്നതും ധാർമിക മൂല്യങ്ങൾക്കേ ജീവിതത്തിൽ വിജയം നേടിത്തരാൻ സാധിക്കു എന്ന് നമ്മുക്ക് മനസ്സിലാക്കിത്തരുന്ന പാഠവുമാണ്.
കുറ്റമറ്റ കൃതിയല്ല. പിഴവുകൾ സ്വാഭാവികം. അറിയിച്ച് തരുന്നതിൽ സന്തോഷം.
റബ്ബ! സ്വീകരിക്കേണമേ.
പുസ്തകമായി പുറത്തിറങ്ങാൻ അണിയറയിൽ പ്രവർത്തിച്ച സഹപ്രവർത്തകന്മാർ പ്രസാധനം ഏറ്റെടുത്ത വിസ്ഡം ബുക്സ് എല്ലാവർക്കും അല്ലാഹു പ്രതിഫലം നൽകട്ടെ… ശ്രദ്ധാപൂർവമുള്ള വായനയിലേക്ക് സ്വാഗതം.
ഹുസൈൻ സലഫി