ഹിജ്റ അഞ്ചാം വർഷം ; ശത്രുക്കൾ മദീനയെ വളഞ്ഞിരിക്കുന്നു. ഇത്തവണ ശത്രുപക്ഷം ഒന്നാകെയാണ് വന്നിരിക്കുന്നത്. മുസ്ലീംകളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം നേടണം എന്ന നിശ്ചയദാർഢ്യത്തോടെ തന്നെയാണ് വരവ്. മുസ്ലിംകളുടെ ഉള്ളിൽ ഭയത്തിന്റെ തോത് മെല്ലെ മെല്ലെ ഉയരുകയാണ്. മാറിലെ ഹൃദയം മേൽപ്പോട്ട് കയറുന്നത് പോലെ .എന്തു ചെയ്യണം? കൂടിയാലോചിക്കുക തന്നെ. ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റ് നിന്നു. “തിരുദൂതരേ! നമുക്ക് മദീനക്ക് ചറ്റും കിടങ്ങ് കുഴിച്ചാലോ?”
എല്ലാവരും ഒരു നിമിഷം സ്തബ്ദരായി ! സാഗരം കണക്കെ മണൽ പരന്നുകിടക്കുന്ന ഈ ഭൂമിയിൽ ഒരു കിടങ്ങ് !നല്ല ആശയം !
വരൂ നമുക്ക് തുടങ്ങാം. കിടങ്ങ് റെഡി !
വിജയത്തിന്റെ വിസ്മയങ്ങൾ സ്വപ്നം കണ്ടുവന്ന ശത്രുക്കൾ കിടങ്ങ് കണ്ട് ഇതികർത്തവ്യതാമൂഢരായി നിന്നു!
അറേബ്യൻ മണൽപരപ്പുക്കളിൽ കിടങ്ങിന്റെ ചരിത്രം കുറിച്ച ആ യുവാവ് ആരായിരുന്നു?
വരൂ, നമുക്കദ്ദേഹത്തിന്റെ ചരിത്രം കേൾക്കാം. ഇബ്നു അബ്ബാസ് (റ) ന് ആ വിസ്മയ ചരിതം അദ്ദേഹം കേൾപ്പിക്കുന്നുണ്ട്. നമുക്കത് കാതോർക്കാം. നബി ചരിതത്തിന്റെ താളുകൾ വായിച്ചു തുടങ്ങുമ്പോൾ , ഈ ചരിത്രവിവരണം നമ്മെ കോരിത്തരിപ്പിക്കും.
അതാ അദ്ദേഹം പറഞ്ഞു തുടങ്ങി!
” ഞാൻ അസ്ബഹാനിലെ ജയ്യുൻ ഗ്രാമത്തിലെ ഗ്രാമത്തലവന്റെ മകനാണ്. എന്റെ പിതാവിന് എന്നോട് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് പുറത്തേക്കൊന്നും എന്നെ പറഞ്ഞയക്കാറില്ല! അഗ്നിയാരാധയുടെ ആശാനായിരുന്നു എന്റെ പിതാവ്. ഞാനാവട്ടെ അതിൽ ഏറെ ഭക്തിയുള്ളവനുമായിരുന്നു. ഒരു ദിനം പിതാവിന് കുറച്ച് തിരക്കുകൾ വന്നു. അതിനാൽ അദ്ദേഹത്തിന്റെ തോട്ടത്തിലേക്ക് എന്നോട് പോവാൻ പറഞ്ഞു. ഞാൻ പുറത്തിറങ്ങി നടന്നു. വഴിമധ്യേ ഒരു ക്രിസ്ത്യൻ ആരാധനാലയം എന്റെ ശ്രദ്ധയിൽ പെട്ടു. അവരുടെ ആരാധന എന്നെ ആശ്ചര്യപ്പെടുത്തി. അവർ ചെയ്യുന്ന ആരാധനാ കർമങ്ങൾ ഞാൻ ഏറെ കൗതുകത്തോടെ വീക്ഷിച്ചു. ഇത് എന്റെ മതത്തേക്കാൾ നല്ലതാണല്ലോ .. നേരം ഇരുട്ടിയതറിഞ്ഞില്ല. പിതാവ് എന്നെ ഏൽപിച്ച കാര്യം ഞാൻ വിട്ടു പോയി.
“നിങ്ങളുടെ മതത്തിന്റെ കേന്ദ്രം എവിടെയാണ് ?” ഞാൻ അന്വേഷിച്ചു.
“ശാം ” അവർ മറുപടി തന്നു.
ഞാൻ വീട്ടിലേക്ക് മടങ്ങി. നേരം വൈകിയതിന്റെ കാരണം തിരക്കിയ പിതാവിനോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു.
“മോനേ അത് പിഴച്ച മതമാണ്, നമ്മുടെ പൂർവ്വികരുടെ മതമാണ് നല്ലത് “
“അല്ല ” ഞാൻ ഉറച്ചു പറഞ്ഞു.
തന്മൂലം പിതാവ് എന്നെ ബന്ധിയാക്കി. എവിടേക്കും ഇറങ്ങാർ പറ്റാത്ത അവസ്ഥ.
ശാമിൽ നിന്ന് വല്ല കച്ച വടക്കാരും വന്നാൽ ആ വിവരം എന്നെ അറിയിക്കണമെന്ന് ഞാനവരോട് പറഞ്ഞിരുന്നു.
അതാ ഒരു സംഘം എത്തി.! ഞാൻ അവരുടെ കൂടെ കൂടി . ശാമിനെ ലക്ഷ്യമായി യാത്ര തിരിച്ചു.
ശാമിലെത്തി.
“നിങ്ങളിലെ പ്രധാനി ആരാണ്?”
ഒരാളെ അവർ എനിക്ക് കാണിച്ച് തന്നു. അയാളുടെ അടുത്ത് ഞാൻ എത്തി.
അവിടെ കഴിയാൻ ഞാൻ അനുവാദം ചോദിച്ചു. അനുവാദം കിട്ടി.
എന്റെ ജീവിതം അദ്ദേഹത്തിന്റെ കൂടെയായി. സത്യത്തിൽ അയാളൊരു നല്ല മനുഷ്യനായിരുന്നില്ല. ജനങ്ങളുടെ പണം പിടുങ്ങുക എന്നത് മൂപ്പരുടെ പതിവായിരുന്നു. ഇത് തിരിച്ചറിഞ്ഞ ജനം മരണശേഷം അയാളെ ക്രൂശിക്കുകയും കല്ലെറിയുകയും ചെയ്തു. തൽസ്ഥാനത്ത് മറ്റൊരാൾ വന്നു. നല്ല മനുഷ്യൻ ! എനിക്കയാളെ ഏറെ ഇഷ്ടമായി. കുറേ കാലം അയാളോടൊത്ത് ഞാൻ സഹവസിച്ചു. അദ്ദേഹത്തിന്റെ മരണമടുത്തപ്പോൾ , ഞാൻ ഇനിഎന്തു ചെയ്യണമെന്ന് അദ്ദേഹത്തോട് ഉപദേശം തേടി.
“നസ്വീബീനിൽ ഒരു മനുഷ്യനുണ്ട് നീ അയാളെ സമീപിക്കുക “
ഞാൻ അവിടെ എത്തി. കുറച്ച് കഴിഞ്ഞ് അയാളും മരണശയ്യയിലായി. അമൂരിയ്യയിലുള്ള പുരോഹിതനെ കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ അവിടെ എത്തി. അവിടെ നിരവധി സേവനങ്ങൾ ചെയ്ത് ഞാൻ ജീവിച്ചു. ധാരാളം ആടുകളും പശുക്കളും എനിക്കുണ്ടായി. കാലം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അയാളുടെ ജീവിതം അസ്തമിക്കാറായി എന്ന് എനിക്ക് തോന്നി. ഇനി എവിടേക്ക് ?!
ഞാൻ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു !
“മോനേ! ഇനി നിനക്ക് പോവാൻ പറ്റിയ ഒരു ഇടവും ഞാൻ കാണുന്നില്ല! എന്നാൽ ഒരു നബിയുടെ കാലം ആയിട്ടുണ്ട്. ഇബ്രാഹീമിന്റെ മതവുമായാണ് അദ്ദേഹം നിയോഗിക്കപ്പെടുക. അറബികളുടെ നാട്ടിൽ നിന്ന് കറുത്ത കല്ലുകളുള്ള രണ്ട് കുന്നുകൾക്കിടയിലെ , ഈന്തപ്പനകളുള്ള നാട്ടിലേക്കദ്ദേഹം പലായനം ചെയ്ത് വരും. അദ്ദേഹത്തെ തിരിച്ചറിയാൻ ചില അടയാളങ്ങൾ ഉണ്ട്.
ദാനധർമ്മങ്ങൾ ഭക്ഷിക്കില്ല.
സമ്മാനങ്ങൾ സ്വീകരിക്കും.
ചുമലുകൾക്കിടയിൽ പ്രവാചകത്വമുദ്രയുണ്ടാവും!
അതിനാൽ ആ നാട്ടിലേക്ക് നിനക്ക് പോകാൻ സാധിക്കുമെങ്കിൽ നീ അത് ചെയ്തോ ! “
തമസംവിനാ അദ്ദേഹം മരിച്ചു. കുറഞ്ഞ നാളുകൾ കൂടി ഞാനവിടെ കഴിച്ചു കൂട്ടി.
അതിനിടെ കൽബ് ഗോത്രത്തിലെ കുറച്ച് കച്ചവടക്കാരെ ഞാൻ കണ്ടു.
“ഈ ആടുകളേയും പശുക്കളേയും ഞാൻ നിങ്ങൾക്ക് നൽകാം; എന്നെ അറബികളുടെ നാട്ടിലെത്തിക്കാമോ?”
“അതെ!”
അവരുടെ കൂടെ ഞാൻ യാത്രയാരംഭിച്ചു.
എന്നാൽ, ”വാദിൽകുറ”യിൽ എത്തിയപ്പോൾ അവർ എന്നെ ചതിച്ചു. ഒരു ജൂതന് അടിമയായി എന്നെ അവർ വിറ്റു!
പിന്നെ അയാളുടെ കൂടെയായി എന്റെ ജീവിതം. ചിലപ്പോൾ ഈന്തപ്പനമരങ്ങൾ ഞാൻ കാണും .
“എന്റെ ഗുരു പറഞ്ഞ ആ നാട് ഇതാണോ?”
എനിക്ക് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല!
അതിനിടെ എന്റെ ഉടമയുടെ പിതൃവ്യപുത്രൻ അവിടെ വന്നു. അദ്ദേഹം മദീനയിലെ ബനൂകുറൈള ഗോത്രക്കാരനാണ്. അയാൾ എന്നെ വാങ്ങി. അയാളുടെ കൂടെ ഞാൻ മദീന ലേക്ക് …. അതെ ഇതു ഞാൻ കാത്തിരുന്ന നാടു തന്നെ!
അതിനിടെ പ്രവാചൻ മക്കയിൽ നിയോഗിതനായിരുന്നു. ഒരടിമയായിരുന്നതിനാൽ എനിക്ക് വിവരങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. അതിനിടെ
പ്രവാചകൻ മദീനയിലേക്ക് ഹിജ്റ പോന്നിരുന്നു.
ഒരു ദിവസം , ഞാൻ ഈന്തപ്പനയുടെ മുകളിൽ കയറി ചില പണികൾ ചെയ്യുകയായിരുന്നു. എന്റെ ഉടമ താഴെയുണ്ട്. ആ സമയത്ത് അയാളുടെ പിതൃവ്യപുത്രൻ അവിടെ എത്തി. അവർ സംസാരം തുടങ്ങി. ഞാൻ ശ്രദ്ധിച്ചു; എന്താണവർ സംസാരിക്കുന്നത് ?!
“ജനങ്ങൾക്കിത് എന്തു പറ്റി ! നബിയാണെന്ന് പറഞ്ഞ് മക്കയിൽ നിന്ന് ഒരാൾ വന്നിരിക്കുന്നു ! ജനങ്ങൾ കുബയിൽ അദ്ദേഹത്തിന്റെ അടുത്ത് തിരക്കു കൂട്ടുന്നു! “
ഇത് കേട്ടതും എനിക്ക് നിയന്ത്രണം വിടുന്നതു പോലെ തോന്നി. ഒരു കുളിർമ കാലിൽ നിന്ന് മുകളിലേക്ക് അരിച്ച് കയറാൻ തുടങ്ങി ! ഹൃദയമിടിപ്പ്
കൂടിവന്നു!
കാലുകൾ വിറക്കാൻ തുടങ്ങി ! ഞാൻ താഴേക്ക് വീഴുമോ എന്ന് തോന്നി. വേഗം ഊർന്നിറങ്ങി!
അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു.
“നിങ്ങൾ എന്താണ് പറഞ്ഞത് ?!!”
“നിനക്കെന്താടാ ഇതിൽ കാര്യം , നീ നിന്റെ പണിയെടുക്ക്” എന്റെ കരണത്ത് ആഞ്ഞടിച്ച് എന്റെ ഉടമ പറഞ്ഞു.
കേട്ട ആ വാർത്ത ഉറപ്പു വരുത്താൻ തന്നെ ഞാൻ തീരുമാനിച്ചു.
സന്ധ്യയായപ്പോൾ ആരും കാണാതെ പുറത്തിറങ്ങി.
ഞാൻ തിരുനബിയുടെ അടുത്തെത്തി!
അദ്ദേഹം കുബാഇലാണ് !
ഞാൻ കയറിച്ചെന്നു; “എന്റെ കയ്യിൽ കുറച്ച് സ്വദഖയുണ്ട്. അത് നിങ്ങൾക്ക് ആവശ്യമുണ്ടാവും !
ഇതാ ഇതു സ്വീകരിച്ചാലും! “
അതു തന്റെ അനുചരന്മാർക്ക് നീട്ടി നൽകി അവിടുന്ന് പറഞ്ഞു:
“നിങ്ങൾ ഭക്ഷിച്ചോളൂ “
.അദ്ദേഹം അത് തൊട്ടില്ല!
“അതെ !!
ഇതാണ് ഒന്നാമത്തെ അടയാളം” ഞാൻ മനസ്സിൽ മന്ത്രിച്ചു.
പിന്നീട് ഒരിക്കൽ ഞാൻ സമ്മാനവുമായി വന്നു. അപ്പോൾ അദ്ദേഹമത് സ്വീകരിച്ചു !
“അതെ !! ഇത് രണ്ടാമത്തേത് ! “
പിന്നീട് അദ്ദേഹം
ബകീഇൽ ഒരു ജനാസയിൽ പങ്കെടുത്തു കൊണ്ടിരിക്കെ ഞാൻ വീണ്ടും ചെന്നു!
അവിടുന്ന് അനുചരന്മാരുടെ കൂടെ ഇരിക്കുകയാണ്.
രണ്ട് മുണ്ടുകൾ അദ്ദേഹത്തിന്റെ മുതുകിലുണ്ട്.
എന്റെ ഗുരു എന്നോട് പറഞ്ഞ ആ മുദ്ര ഞാൻ തിരയുകയാണ്. അദ്ദേഹത്തെ ചുറ്റിപറ്റി ഞാൻ നിന്നു . നബി (സ)ക്ക് കാര്യം ബോധ്യമായി ; മുതുകിലെ മുണ്ട് മാറ്റി പ്രവചകത്വമുദ്ര എനിക്ക് കാണിച്ച് തന്നു!!
പ്രവാചകന്റെ പൂമേനി ഞാൻ പുണർന്നു !
അണച്ചു കൂട്ടി ഉമ്മവെച്ചു ! പെരുമഴ കണക്കെ പെയ്ത എന്റെ അശ്രുകണങ്ങൾ മണൽ തരികളെ നനച്ചു കൊണ്ടിരുന്നു ….
ഹോ !ഇബ്നു അബ്ബാസ് ! താങ്കൾക്കീ കഥ ഞാൻ പറഞ്ഞു തന്നതു പോലെ എന്റെ മുത്ത് നബിക്കും ഞാനീ കഥ പറഞ്ഞു കൊടുത്തു. അദ്ദേഹം അത്ഭുതം കൂറിയാണ് അത് ശ്രവിച്ചത് !…..
(അഹ്മദ്: 23737-
إسناده حسن )
അതെ; അദ്ദേഹമാണ് ഇസ്ലാമിന്റെ പുത്രൻ സൽമാൻ എന്ന പേരിൽ പിന്നീട് ചരിത്രത്തിൽ അറിയപ്പെട്ടത് !
മക്കയിൽ വന്ന് മദീനയിൽ അന്ത്യവിശ്രമം കൊളുന്ന അന്തിമ ദൂതൻ സത്യനബിയാണെന്നതിന് തെളിവായി സൽമാൻ (റ) ന്റെ ഈ കഥയേക്കാർ ഇനി എന്തു വേണം?!
വേദങ്ങളിൽ വിവരിക്കപ്പെട്ട
വഴികാട്ടി ഈ പ്രവാചകൻ തന്നെയാണെന്നതും ഇവിടെ തെളിയുകയാണ്.
എത്ര കൃത്യമാണ് പ്രവചനങ്ങൾ!
അത് ഗ്രഹിച്ചവർ ഗ്രഹിച്ചു; അല്ലാത്തവർ നശിച്ചു.
സന്മാർഗത്തിന്റെ വെളിച്ചത്തിന് ദാഹിക്കുന്നവൻ അവസാനം ആ വെളിച്ചത്തിനടുത്തെത്തും ; അവൻ എത്ര വിദൂരത്താണെങ്കിലും ശരി.
വെളിച്ചത്തെ വിലവെക്കാത്ത വനാണെങ്കിൽ അവനത് ലഭിക്കില്ല; എത്ര സമീപത്താണെങ്കിലും !
സൽമാൻ (റ)ന്റെയും
അബൂത്വാലിബിന്റെയും ചരിത്രം അതാണ് ലോകത്തോട് പറയുന്നത്.
വേദക്കാർ നബി (സ) യെ തിരിച്ചറിഞ്ഞ കഥകൾ ഇനിയും ഉണ്ട്.
ഹിറക് ലിന്റെ കഥ അതാണ്. അത് പറയാം
إن شاء الله
അബ്ദുൽ മാലിക് സലഫി