മാറേണ്ടത് പ്രായമോ, കാഴ്ചപ്പാടോ?
TK Ashraf
ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് 21 ആക്കി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറയുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഈ വിഷയത്തെ സമൂഹം സുചിന്തിതമായ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ ശൈശവവിവാഹത്തെ അനുകൂലിക്കുന്നവരായി മുദ്രകുത്തുമോ എന്ന ഭയമാണ് പലര്‍ക്കുമുള്ളത്. അതുകൊണ്ട് എതിര്‍പ്പ് മനസ്സിലൊതുക്കി മൗനം പാലിക്കുകയാണ് പലരും.
പക്വതയെത്താതെ വിവാഹംകഴിച്ചുകൊടുക്കുന്നത് മൂലം സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഗൗരവമായി നാം കാണേണ്ടതുണ്ട്. അതുകൊണ്ടാണ് 18 വയസ്സിലേക്ക് വിവാഹപ്രായം ഉയര്‍ത്തിയപ്പോള്‍ ശക്തമായ എതിര്‍പ്പ് സമൂഹത്തില്‍നിന്ന് ഉയരാതെ പോയത്. ഇരുപത്തിയഞ്ചാമത്തെ വയസ്സിലും ഒരു കുട്ടിക്ക് വിവാഹത്തിനുള്ള പ്രാപ്തി എത്തിയില്ലെന്ന് വന്നാല്‍ അവളെ വിവാഹം കഴിപ്പിക്കരുതെന്നാണ് നമ്മുടെ പക്ഷം. എന്നാല്‍ 21 ന് മുമ്പ് തന്നെ വിവാഹജീവിതം നയിക്കാന്‍ പക്വത നേടിയവര്‍ക്ക് നിയമം തടസ്സം നില്‍ക്കരുതെന്നാണ് നമുക്ക് പറയാനുള്ളത്. പ്രായമല്ല; വിവാഹത്തോടുള്ള കാഴ്ചപ്പാടാണ് മാറേണ്ടതെന്നര്‍ഥം
