ഭാഗം 2-“സഹാബാക്കളുടെ മഹത്വം പൂർവ്വീകരുടെ വചനങ്ങളിൽ”​

“സഹാബത്തും അഹ്‌ലു ബൈത്തും"

ഭാഗം 2-"സഹാബാക്കളുടെ മഹത്വം പൂർവ്വീകരുടെ വചനങ്ങളിൽ"

1- അബ്ദുല്ലാഹ് ബിൻ ഉമർ (റ) പറഞ്ഞു: പ്രവാചകന്റെ അനുചരന്മാരെ നിങ്ങൾ ചീത്ത പറയരുത്. നിങ്ങളുടെ ആയുഷ്ക്കാലം മുഴുവനുമുള്ള കർമ്മങ്ങളെക്കാൾ മെച്ചപ്പെട്ടതാണ് അവരുടെ ജീവിതത്തിലെ ഒരു മണിക്കൂർ സേവനങ്ങൾ. (അഹ്മദ്, ഇബ്നുമാജ, അൽബാനി)

2- ഒരാൾ അബ്ദുല്ലാഹ് ബിൻ മുബാറകിന്റെ അടുക്കൽ വന്നു കൊണ്ട് ചോദിച്ചു. മുആവിയ (റ) ആണോ ഉമർ ബിൻ അബ്ദുൽ അസീസ് ആണോ ഏറ്റവും നല്ലവൻ? അദ്ദേഹം പറഞ്ഞു: പ്രവാചകനോടൊപ്പം (പടയോട്ട വേളയിൽ) മുആവിയയുടെ (റ) നാസദ്വാരങ്ങളിൽ കയറിയ മണ്ണ് ഉമർ ബിൻ അബുൽ അസീസിനെക്കാൾ മെച്ചപ്പെട്ടതാണ്. (ഇബിൻ അസാകിർ 59 /2018 )

3- ഇമാം അഹ്മദ് (റാഹിമഹുല്ലാഹ്) പറഞ്ഞു: വല്ലവനും സഹാബാക്കളെക്കുറിച്ചു മോശമായി സംസാരിക്കുന്നതു കേട്ടാൽ അവന്റെ ഇസ്ലാമിനെക്കുറിച്ചു തന്നെ സംശയിക്കേണ്ടണ്ടതാണ്. (ശറഹ് ഉസൂൽ അൽ-ഇഅതികാത് – ലാലിക്കാനി 7/1252)

4- ബിശ്‌റുബിനുൽ ഹാരിസ് (റാഹിമഹുല്ല) പറഞ്ഞു: വല്ലവനും റസൂലിന്റെ അനുചരന്മാരെക്കുറിച്ചു ചീത്ത പറഞ്ഞാൽ അവൻ കാഫിറാണ്. അവൻ നമ്സകരിച്ചാലും നോമ്പെടുത്തലും മുസ്ലിംകളിൽ പെട്ടവനാണെന്നു വാദിച്ചാലും. (അശറഹ് വൽ ഇബാന – ഇബിൻ ബത്ത 162 )

5- ഇബിൻ അസ്സലാഹ് (റഹ്‌മഹുള്ള) അദ്ദേഹത്തിന്റെ മുഖദ്ദിമയിൽ പറഞ്ഞു: എല്ലാ സഹാബാക്കളും നീതിമാന്മാരാണ് എന്ന കാര്യത്തിൽ മുസ്ലിം സമുദായം ഏകോപിച്ചിട്ടുണ്ട്. അവരിൽ (ചില) രാഷ്ട്രീയ കുഴപ്പങ്ങളിൽ ബന്ധപ്പെട്ടവരടക്കം. പരിഗണനാർഹമായ ഏകാഭിപ്രായം ഈ വിഷയത്തിൽ ഉണ്ട്.

6- ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ “അൽഅഖീദത്തുൽ വാസിത്വിയ്യ” എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: സഹാബാക്കൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെ കുറച്ചു അവർ മൗനമവലംബിക്കുന്നു. അവരുടെ (സഹാബാക്കളുടെ) തിന്മകളെക്കുറിച്ചുള്ള റിപോർട്ടുകൾ ഒന്നുകിൽ കള്ളമായിരിക്കും, അല്ലെങ്കിൽ പെരുപ്പിച്ചു പറയുന്നതോ ചുരുക്കിക്കെട്ടിയതോ യഥാർത്ഥ ഉദ്ദേശത്തിൽ നിന്ന് വഴിതിരിച്ചു വിട്ടതോ ആയിരിക്കും. അവയിൽ ശരിയായ സംഭവങ്ങളിൽ അവർ മാപ്പുനൽകപ്പെട്ടവരാണ്. കാരണം അവരുടെ നിഗമനങ്ങളിൽ (ഇജ്തിഹാദ്) ശരിയായതും തെറ്റിപ്പോയതുമുണ്ടാകാം. അവരുടെ ചെറിയ വീഴ്ചകൾ പൊറുക്കപ്പെടാൻ മാത്രം അവരുടെ (ഇസ്ലാമിന് വേണ്ടിയുള്ള) ജീവത്യാഗങ്ങൾ ധാരാളമാണ്. പിൽക്കാലക്കാർക്കു ലഭിക്കാത്ത വിധത്തിലുള്ള പാപ മോചനം അവർക്ക്‌ ലഭിക്കും.

 
ക്രോഡീകരണം: ഡോ: ഹമദ്‌ അൽഹാജിരി, കുവൈത്ത്‌.
വിവർത്തനം: പി.എൻ അബ്ദുല്ലത്തീഫ് മദനി

Leave a Comment