ഭാഗം 3- ഇസ്ലാമിൽ പ്രവാചക കുടുംബത്തിന്റെ മഹത്വവും പദവിയും

“സഹാബത്തും അഹ്‌ലു ബൈത്തും"

ഭാഗം 3- ഇസ്ലാമിൽ പ്രവാചക കുടുംബത്തിന്റെ മഹത്വവും പദവിയും

പ്രവാചക കുടുംബം എന്ന് പറയുന്നത് പ്രവാചകനും ഭാര്യമാരും സന്തതികളും അതുപോലെ സകാത്/സദഖകൾ സ്വീകരിക്കൽ വിലക്കപ്പെട്ട അടുത്ത കുടുംബങ്ങളുമാണ്. അള്ളാഹു അവർക്കു എണ്ണമറ്റ സവിശേഷതകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവരെ സ്നേഹിക്കലും അവരുടെ അവകാശങ്ങൾ പരിരക്ഷിക്കലും നിർബന്ധമാണെന്ന കാര്യത്തിൽ അഹുലുസ്സുന്ന വൽ ജമാഅത് ഏകാഭിപ്രായക്കാരാണ്. അവരുടെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാം:

1 – അള്ളാഹു വിശുദ്ധ ക്വുർആനിൽ പറഞ്ഞു: “(പ്രവാചകന്റെ) വീട്ടുകാരെ. നിങ്ങളിൽ നിന്ന് മാലിന്യം നീക്കിക്കളയുവാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അള്ളാഹു ഉദ്ദേശിക്കുന്നത്.” (അഹ്സാബ് :33 ) ഈ സൂക്തമനുസരിച്ചു പ്രവാചകന്റെ ഭാര്യമാർ അഹ്ലു ബൈത്തിൽ പെട്ടവരാണെന്നു വെക്തമായി. കാരണം ഈ വചനം പ്രവാചക പത്നിമാരെക്കുറിച്ചു അവതരിച്ചതാണ്. ഇതിനു മുമ്പും ശേഷവുമുള്ള വചനങ്ങളെല്ലാം അവരെ അഭിസംബോധന ചെയ്തു കൊണ്ടുള്ളവയാണ്.

2 – നബി ﷺ പറഞ്ഞു: ഞാൻ രണ്ടു ഭാരമേറിയ (മുഖ്യമായ) കാര്യങ്ങൾ നിങ്ങളിൽ വിട്ടേച്ചു കൊണ്ട് പോകുന്നു. ഒന്നാമത്തേത് അല്ലാഹുവിന്റെ കിതാബാണു. അതിൽ സന്മാർഗവും വെളിച്ചവുമുണ്ട്. നിങ്ങൾ അല്ലാഹുവിന്റെ ഗ്രന്ഥത്തെ മുറുകെപിടിക്കുക. അല്ലാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ചു അദ്ദേഹം പ്രേരണ നൽകുകയും അതിൽ താല്പര്യമുണ്ടാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞത് “എന്റെ കുടുംബം; അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു… അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. (മുസ്ലിം 2408 )

3- നബി ﷺ പറഞ്ഞു: ഫാത്തിമ സ്വർഗീയ സ്ത്രീകളുടെ നേതാവാണ്. (ബുഖാരി 3624)

4- നബി ﷺ പറഞ്ഞു : ഫാത്തിമ എന്റെ (ശരീരത്തിന്റെ) ഒരു ഭാഗമാണ്.

അവൾക്കു മനഃപ്രയാസമുണ്ടാക്കുന്നതു എനിക്കും പ്രയാസമുണ്ടാക്കും. അവളെ ബുദ്ധിമുട്ടിക്കുന്നത് എന്നെയും ബുദ്ധിമുട്ടിക്കും. (മുത്തഫഖുൻ അലൈഹി)

5- നബി ﷺ അലി ബിൻ അബീത്വാലിബിനോട് പറഞ്ഞു: നീ എന്നിൽ പെട്ടവനും ഞാൻ നിന്നിൽ പെട്ടവനുമാണ്. (ബുഖാരി – 2699)

6- നബി ﷺ ഹസൻ ബിൻ അലി (റ) യെക്കുറിച്ചു പറഞ്ഞു: എന്റെ ഈ പുത്രൻ നേതാവാണ്. അവനെ കൊണ്ടു മുസ്ലിംകളിലെ രണ്ടു വിഭാഗത്തിന്നിടയിൽ അല്ലാഹു രഞ്ജിപ്പു ഉണ്ടാക്കിയേക്കാം. (ബുഖാരി 2629)

7- അബൂ ഹുറൈറയിൽ നിന്ന് നിവേദനം; നബി ﷺ ഹസൻ (റ) വിനെക്കുറിച്ചു പറഞ്ഞു: അല്ലാഹുവെ, ഞാൻ അവനെ ഇഷ്ടപ്പെടുന്നു. നീയും അവനെ ഇഷ്ടപ്പെടേണമേ. അവനെ ഇഷ്ടപ്പടുന്നവരെയും നീ ഇഷ്ടപ്പെടേണമേ (മുത്തഫഖുൻ അലൈഹി)

 

ക്രോഡീകരണം: ഡോ: ഹമദ്‌ അൽഹാജിരി, കുവൈത്ത്‌.
വിവർത്തനം: പി.എൻ അബ്ദുല്ലത്തീഫ് മദനി

 

Leave a Comment