“സഹാബത്തും അഹ്‌ലു ബൈത്തും"
ഭാഗം 1- സഹാബാക്കളുടെ ശ്രേഷ്ഠതയും നീതിബോധവും

പ്രവാചകന്മാർ കഴിഞ്ഞാൽ പിന്നെ നല്ല മനുഷ്യർ പ്രവാചകന്റെ അനുചരന്മാരായ സഹാബാക്കളാണ്. അവരുടെ ശ്രേഷ്ടതയെക്കുറിച്ചു ധാരാളം പ്രമാണങ്ങൾ വന്നിട്ടുണ്ട്. അവരുടെ വിശുദ്ധിയും നീതിനിഷ്ഠയും വരച്ചു കാട്ടുന്ന ഒട്ടനേകം രേഖകൾ ലഭ്യമാണ്. ചില തെളിവുകൾ പരാമർശിക്കാം:
1 – വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞു: “മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ, അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.” (അതൗബ – 100 )
2 – അബൂ ഹുറൈറ (റ) യിൽ നിന്ന് നിവേദനം; പ്രവാചകൻ ﷺ പറഞ്ഞു: നിങ്ങൾ എന്റെ സഹാബാക്കളെ ചീത്ത പറയരുത് .. നിങ്ങൾ എന്റെ സഹാബാക്കളെ ചീത്ത പറയരുത്… എന്റെ ജീവൻ ആരുടെ കയ്യിലാണോ അവനെക്കൊണ്ട് സത്യം, നിങ്ങളിൽ ആരെങ്കിലും ഉഹ്ദ് മലയോളം വരുന്ന സ്വർണ്ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദു (രണ്ടു കൈകളും കൂട്ടി വാരുന്ന അത്ര അളവ്) അല്ലെങ്കിൽ അതിന്റെ പകുതി എത്തുകയില്ല. (ബുഖാരി 3470 , മുസ്ലിം 2540 ).
3- ഇബ്നു മസ്ഊദിൽ (റ) നിവേദനം; നബി ﷺ പറഞ്ഞു:
ജനങ്ങളിൽ ഏറ്റവും ഉത്തമന്മാർ എന്റെ നൂറ്റാണ്ടിൽ ജീവിച്ചവരാണ്. പിന്നെ അവരോടടുത്തത് …. പിന്നെ അവരോടടുത്തത്. (ബുഖാരി 2509 , മുസ്ലിം 2533).
4 – അബൂ ബുർദ (റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു; റസൂൽ ﷺ പറഞ്ഞു:
നക്ഷത്രങ്ങൾ ആകാശത്തിനു കാവൽക്കരാണ്. നക്ഷത്രങ്ങൾ അപ്രത്യക്ഷമായാൽ ആകാശത്തിനു നിശ്ചയിക്കപ്പെട്ട വിനാശം വരാവായി. ഞാൻ എന്റെ അനുചരന്മാർക്കു കാവലാണ്. ഞാൻ പോയാൽ എന്റെ അനുചരന്മാർക്കു നിശ്ചയിക്കപ്പെട്ട വിനാശം വരികയായി. എന്റെ സഖാക്കൾ എന്റെ സമുദായത്തിന്റെ കാവൽക്കാരാണ്. എന്റെ സഖാക്കൾ അപ്രത്യക്ഷരായാൽ എന്റെ സമുദായത്തിന് നിശ്ചയിക്കപ്പെട്ട വിനാശം വരികയായി (മുസ്ലിം 2531).
5 – പണ്ഡിത ലോകം മുഴുവനും അവരുടെ നീതിനിഷ്ഠയെ ക്കുറിച്ചു ഏകാഭിപ്രായക്കാരാണ്. ഇബ്നു അബ്ദുൽ ബറു പറഞ്ഞു: സഹാബാക്കൾ മുഴുവനും നീതിമാന്മാരും സത്യസന്ധരും സമൂഹം തൃപ്തിപ്പെട്ടവരും ആണെന്ന വിഷയത്തിൽ പണ്ഡിത ലോകത്തു ഏകാഭിപ്രായമുണ്ട്. (അത്തംഹീദു 22 /47).
സഹാബാക്കളെ ഉപദ്രവിക്കുക ചീത്ത പറയുക എന്നീ വിഷയങ്ങളിൽ വന്ന കടുത്ത താക്കീതുകളും മുന്നറിയിപ്പുകളും:
സഹാബാക്കളെ ചീത്ത പറയലും അവരോടു വിദ്വേഷം വെച്ചുപുലർത്തലും ആക്ഷേപാർഹവും കടുത്ത മുന്നറിയിപ്പും നിരോധനവും വന്നിട്ടുള്ള വിഷയവുമാണ്. അതിൽ പെട്ടതാണ് ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്തത്; റസൂൽ ﷺ പറഞ്ഞു:
ആരെങ്കിലും എന്റെ സഹാബാക്കളെ ചീത്ത പറഞ്ഞാൽ അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവൻ മനുഷ്യരുടെയും ശാപമുണ്ടാവട്ടെ. (അൽബാനി സഹീഹാക്കിയത് – 2240 ).
സഹാബാക്കളുടെ അഭിമാനം വിശുദ്ധമാണ്. അത് കാത്തുസൂക്ഷിക്കാലും അവരുടെ ഉന്നത സ്ഥാനവും മഹത്വവും അംഗീകരിക്കലും നിർബന്ധമാണ്.