തെളിച്ചം കൂടുന്ന നബി ജീവിതം – 2 – അവർ കാത്തിരിക്കുകയായിരുന്നു ….

തെളിച്ചം കൂടുന്ന നബി ജീവിതം – 2 - അവർ കാത്തിരിക്കുകയായിരുന്നു ....

ആൾകൂട്ടത്തിനിടയിൽ സ്വന്തം മക്കളെ തിരിച്ചറിയാത്തവർ ഉണ്ടാകുമോ ? ഇല്ല. ഇപ്രകാരം വേദക്കാർക്ക് പ്രവാചകനെ അറിയാമായിരുന്നു. മക്കളുടെ പേര് മാത്രമാണോ രക്ഷിതാക്കൾക്കറിയുക? അല്ല.

അവരുടെ അഭിരുചികൾ, സ്വഭാവം, പെരുമാറ്റം, താൽപര്യങ്ങൾ, … എല്ലാം അറിയും. . മക്കയിൽ വരാനിരിക്കുന്ന നബിയെ വേദക്കാർ ഇപ്രകാരം അറിഞ്ഞിരുന്നു!

എവിടെ നിന്നാണ് അവർക്ക് ഈ വിവങ്ങൾ കിട്ടിയത് ?

മൂസാ നബി (അ) യുടെയും ഈസ (അ) യുടെയും അധ്യാപനങ്ങളിൽ നിന്നുതന്നെ!

നബി (സ)യുടെ പേര്, നാട്, ഹിജ്റ, ഹിജ്റയുടെ നാട്, സ്വഭാവം,

അഭിരുചികൾ …. അങ്ങനെ എല്ലാം!

പക്ഷേ, ആ പ്രവാചകൻ വന്നപ്പോൾ ചിലർ സ്വീകരിച്ചു , ചിലർ തള്ളി ! അറിയാത്തതു കൊണ്ടല്ല! അഹങ്കാരം കൊണ്ട്!

മുൻ പ്രവാചകന്മാർ ഇങ്ങനെ പ്രവചിച്ച ഒരു പ്രവാചകൻ ചരിത്രത്തിൽ വേറെയില്ല!

ചില ചരിത്ര സംഭവങ്ങളിലേക്ക് നമുക്ക് പോവാം.

നബി (സ)വരുന്നതിനു മുമ്പേ അദ്ദേഹത്തെ പഠിച്ചറിഞ്ഞവരുടെ ചരിത്രം ഏറെ കൗതുകമുളവാക്കുന്നതാണ്.

ഇബ്നു ഹയ്യബാൻ, ശാമുകാരനായ ഒരു യഹൂദിയാണ്. അയാൾ ശാമിൽ നിന്ന് മദീനയിലേക്ക് യാത്ര പോയി. അവിടെയാണിപ്പോൾ താമസം. നല്ല മനുഷ്യനായി ആളുകൾക്കിടയിൽ അറിയപ്പെട്ടു. ആരാധനകളിൽ നിഷ്ഠ പുലർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മരണമടുത്തപ്പോൾ ആളുകൾ അദ്ദേഹത്തിനടുത്ത് ഒരുമിച്ചുകൂടി. കൂട്ടത്തിൽ അസദ്, സഅലബ, അസദ് ബിൻ ഉബൈദ് എന്നീ യുവാക്കളും ഉണ്ട്.

അദ്ദേഹം പറഞ്ഞു:

“യഹൂദികളേ! സമ്പന്നതയുടെ മടിത്തട്ടിൽ നിന്ന് ദാരിദ്ര്യത്തിന്റെ ഈ നാട്ടിലേക്ക് ഞാൻ വന്നത് എന്തിനാണെന്ന് നിങ്ങൾക്കറിയുമോ?”

“ഇല്ല “

“ഒരു നബിയുടെ ആഗമനം പ്രതീക്ഷിച്ചു കൊണ്ടാണ് ഞാൻ വന്നത്. അദ്ദേഹം വരാറായിട്ടുണ്ട്. ഈ നാട്ടിലേക്കാണ് അദ്ദേഹം ഹിജ്റ വരിക. അദ്ദേഹം വന്നാൽ നിങ്ങൾ അദ്ദേഹത്തെ പിമ്പറ്റണം “

ഇത് പറഞ്ഞ് അയാൾ മരിച്ചു.

മഹ്മൂദ് ബിൻ ലബീദ് പറയുന്നു: “ഞങ്ങളുടെ വീടിനടുത്ത് ഒരു യഹൂദി ഉണ്ടായിരുന്നു. ഒരു ദിനം തന്റെ ജനതയോടയാൾ മരണാനന്തര ജീവിതത്തെ കുറിച്ചും സ്വർഗ നരകങ്ങളെ കുറിച്ചും വിചാരണയെ കുറിച്ചുമെല്ലാം സംസാരിച്ചു. അവർ പരലോക ജീവിതത്തെ അംഗീകരിക്കാത്ത വിഗ്രഹാരാധകരായിരുന്നു. നബി (സ) യുടെ നിയോഗത്തിന് തൊട്ട് മുമ്പാണ് ഈ സംഭവം.

“നിനക്ക് നാശം! മരണാനന്തരം ഒരു ലോകമോ? അസംബന്ധം !!

“എന്താണ് നിനക്കുള്ള തെളിവ് ?”

മക്കയുടെ ഭാഗത്തേക്ക് വിരൽ ചൂണ്ടി അയാൾ പറഞ്ഞു: “ആ നാട്ടിൽ നിന്ന് ഒരു നബി വരാനുണ്ട്. “

എപ്പോഴാണ് ഞങ്ങൾ അദ്ദേഹത്തെ കാണുക?

അദ്ദേഹം ചുറ്റും നോക്കി. എന്നെ അദ്ദേഹം കണ്ടു. ഞാൻ കൂട്ടത്തിൽ ചെറുപ്പമായിരുന്നു.

“ഈ കുട്ടിക്ക് ആയുസ്സ് ഉണ്ടെങ്കിൽ അവൻ കാണും “

ദിനങ്ങൾ ഏറെ കഴിഞ്ഞില്ല! നബി (സ) വന്നു ! ഞങ്ങൾ എല്ലാവരും വിശ്വസിച്ചു. പക്ഷേ, അസൂയ മൂത്ത അയാൾ വിശ്വസിച്ചില്ല!!

വിഗ്രഹാരാധകരുമായി യുദ്ധമുണ്ടാകുമ്പോൾ ജൂതന്മാർ ഇപ്രകാരം പറയാറുണ്ട് :

“ഒരു നബി വരാറായിട്ടുണ്ട്. അദ്ദേഹം വന്നാൽ ഞങ്ങൾ അദ്ദേഹത്തിനൊപ്പം ചേർന്ന് നിങ്ങളോട് യുദ്ധം ചെയ്ത് നിങ്ങളെ നിലംപരിശാക്കും”

“ഞങ്ങൾക്കും അവർക്കും മിടയിൽ തീർപ്പുകൽപ്പിക്കുന്ന ആ പ്രവാചകനെ നീ വേഗം നിയോഗിക്കണേ അല്ലാഹുവേ ” എന്നു വരെ ജൂതന്മാർ പ്രാർത്ഥിക്കാറുണ്ടായിരുന്നു!

സഫിയ (റ) പിതാവ് ഹുയയ്യും പിതൃസഹോദരൻ അബൂ യാസിറും മദീനയിലെത്തിയ നബി (സ)യെ കാണാൻ ചെന്നു. കണ്ടു. സംസാരിച്ചു. മടക്കത്തിൽ അബൂ യാസിർ ചോദിച്ചു:

“ഇത് “അദ്ദേഹം ” തന്നെയല്ലേ?!

“അതെ”

നിങ്ങൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞോ ?

” അതെ “

ഇനിയെന്താണ് പദ്ധതി?

“ശത്രുത തന്നെ ” !

( സംഭവങ്ങൾ, :

هداية الحيارى في أجوبة اليهود والنصارى

എന്ന ഇബ്നുൽ കയ്യിം(റ) യുടെ ഗ്രന്ഥത്തിൽ നിന്ന് )

ഖദീജ (റ) യുടെ പിതൃവ്യപുത്രനായ വറകത്ത് ബിൻ നൗഫലിന്റെ കഥ ഏറെ പ്രസിദ്ധമാണ്. നബി (സ)യുടെ വർത്തമാനങ്ങൾ കേട്ട ഉടനെ അദ്ദേഹം പ്രവാചകനെ തിരിച്ചറിഞ്ഞു !

അബ്ദുല്ലാഹി ബിൻ സലാമും (റ) ഇത്തരത്തിൽ നബിയെ തിരിച്ചറിഞ്ഞ വ്യക്തിയാണ്.

വരാനുള്ള നബിയെ കുറിച്ച് കേട്ട അറബികളിൽ ചിലർ തങ്ങളുടെ മക്കൾക്ക് മുഹമ്മദ് എന്ന പേരു മന:പ്പൂർവ്വം വെച്ചിരുന്നു!

അദിയ്യ് , സുഫ്യാൻ ബിൻ മഷാജിഅ,ഉസാമാ ബിൻ മാലിക്, യസീദ് ബിൻ റബീഅ എന്നിവർ അതിൽ പെട്ടവരായിരുന്നു. ശാമിൽ നിന്ന് ഒരു പുരോഹിതനിൽ നിന്നാണ് ഈ വിവരം അവർക്കു കിട്ടിയത്! [ ത്വബ്റാനി : 273]

ഇരുട്ടിൽ മുങ്ങിയ ലോകത്തേക്ക് വെളിച്ചവുമായിവന്ന

മുത്ത്നബി (സ) യെ

മുൻ വേദക്കാർ എപ്രകാരം അറിഞ്ഞിരുന്നു എന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.

അല്ലാഹുവിന്റെ ഈ വചനങ്ങൾ ശ്രദ്ധേയമാണ്:

(ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَعۡرِفُونَهُۥ كَمَا یَعۡرِفُونَ أَبۡنَاۤءَهُمۡۖ وَإِنَّ فَرِیقࣰا مِّنۡهُمۡ لَیَكۡتُمُونَ ٱلۡحَقَّ وَهُمۡ یَعۡلَمُونَ)

[ അൽ ബകറ : 146]

“നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്‌. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു. “

(وَإِذۡ قَالَ عِیسَى ٱبۡنُ مَرۡیَمَ یَـٰبَنِیۤ إِسۡرَ ٰ⁠ۤءِیلَ إِنِّی رَسُولُ ٱللَّهِ إِلَیۡكُم مُّصَدِّقࣰا لِّمَا بَیۡنَ یَدَیَّ مِنَ ٱلتَّوۡرَىٰةِ وَمُبَشِّرَۢا بِرَسُولࣲ یَأۡتِی مِنۢ بَعۡدِی ٱسۡمُهُۥۤ أَحۡمَدُۖ فَلَمَّا جَاۤءَهُم بِٱلۡبَیِّنَـٰتِ قَالُوا۟ هَـٰذَا سِحۡرࣱ مُّبِینࣱ)

[സ്വഫ്ഫ്: :6]

“മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു. “

മക്കത്തുദിച്ച മുത്തിനെ

ലോകം കാത്തിരിക്കുകയായിരുന്നു എന്ന് സാരം!കൈ വെള്ളയിലെത്തിയ ആ മുത്തിനെ പക്ഷേ ചിലർ കണ്ടില്ല! അവർക്കതിന്റെ പരിമളം ആസ്വദിക്കാനായില്ല! എന്നാൽ അങ്ങ് പേർഷ്യയിൽ ഒരാളുണ്ടായിരുന്നു! ഈ പരിമളം തേടി മദീനയിലേക്ക് യാത്ര തിരിച്ച സൽമാൻ എന്ന യുവാവ് ! ആശ്ചര്യ ദായകമാണ് അദ്ദേഹത്തിന്റെ കഥ .

നബി (സ) പോലും അദ്ദേഹത്തിന്റെ കഥ കേട്ട് അത്ഭുതം കൂറിയിട്ടുണ്ട്! അത് പിന്നീട് പറയാം.

إن شاء الله

അബ്ദുൽ മാലിക് സലഫി .

 

Leave a Comment