തെളിച്ചം കൂടുന്ന നബി ജീവിതം - 5: മക്കയിലെ അൽ അമീൻ

ഇരുൾ മുറ്റിനിന്നിരുന്ന മക്കയിൽ ഒരു യതീം പിറക്കുന്നു. മുഹമ്മദ് എന്ന് കുടുംബം പേര് വിളിച്ചു. വെളുത്ത സുമുഖനായ, ഓമനത്തമുള്ള ഒരാൺകുഞ്ഞ്. മാതാവിന്റെ പരിലാളനയിൽ പടിപടിയായി വളർന്നു വന്നു.
ഓടിച്ചാടി നടക്കാറായതും , മാതാവും വിടചൊല്ലി.
ശേഷം, പിതാമഹനും പിതൃവ്യനും പോറ്റിവളർത്തി.
ചെറുപ്പത്തിൽ തന്നെ അസാധാരണ ബുദ്ധിയും
സ്വഭാവ മഹിമയും ജീവിതവിശുദ്ധിയും
അർപ്പണബോധവും
നേതൃപാടവവും
തന്റേടവും
ധൈര്യവും പ്രകടമാക്കിയ ആ കുഞ്ഞ് ഏറെ വൈകാതെ ആ നാടിന്റെ ഓമനയായി മാറി.
ഖുറൈശി കുടുംബത്തിലെ സുമുഖനായ ചെറുപ്പക്കാരൻ എല്ലാവർക്കും വേണ്ടപ്പെട്ടവനായി. ആർക്കും ദുഷിച്ചൊന്നും പറയാനില്ല. തിന്മകളുടെ ഓവുചാലുകൾ കരകവിഞ്ഞൊഴുകിയിരുന്ന മക്കയിൽ , തിമയുടെ ഗന്ധം പോലും അറിയാതെ വിശുദ്ധ ജീവിതം നയിച്ച അദ്ദേഹത്തെ നാട്ടുകാർ ഓമനിച്ച് വിളിച്ച പേരായിരുന്നു “അൽ അമീൻ ” എന്നത്.
ആ ചെറുപ്പക്കാരന് കിട്ടിയ തന്റെ നാടിന്റെ ആദരവായിരുന്നു അത്.
അബൂത്വാലിബിന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത്. അദ്ദേഹമാവട്ടെ പരമ ദരിദ്രനും . കഷ്ടിച്ച് മാത്രം ചിലവ് കഴിയുന്ന അവസ്ഥ. തന്റെ പിതൃവ്യനെ സാമ്പത്തികമായി സഹായിക്കണമല്ലോ, എന്തു ചെയ്യും ?
ആടിനെ മേയ്ക്കാം. താൻ നിയോഗിതനാവാൻ പോവുന്ന ഉന്നതമായ സ്ഥാനത്തേക്കുള്ള ഒരു പരിശീലന കളരി കൂടിയായിരുന്നു അത്. കാരണം, അടുമേയ്ക്കാത്ത അമ്പിയാക്കൾ
ഇല്ല എന്നു പറയാം. ചെറുപ്പത്തിൽ തന്നെ അദ്ധ്വാനിച്ച് ആഹരിക്കാനുള്ള അനുഭവ പാഠങ്ങൾ
ആടുമേയ്ക്കലിലൂടെ അദ്ദേഹം ആർജിച്ചെടുത്തു.
സമൂഹത്തിൽ നിന്ന് അകന്ന് അന്തർമുഖനായിട്ടല്ല അദ്ദേഹം ജീവിച്ചത്.
കച്ചവടം നടത്തി ലാഭം നേടുന്ന വഴികൾ നന്നായി ഗ്രഹിച്ച് കുറഞ്ഞ കാലം കൊണ്ട് ഏറെ കേളികേട്ട കച്ചവടക്കാരനായി മാറി. കച്ചവടത്തിൽ നിലനിന്നിരുന്ന അരുതായ്മകളുടെ അരികിലൂടെ പോലും അദ്ദേഹം സഞ്ചരിച്ചില്ല.
ഇപ്പോൾ വയസ്സ് 14 ആയി.
ഒരു യുദ്ധം നടക്കാൻ ഉള്ള ഒരുക്കമാണ്. സ്വന്തം നാടിനെ ഹവാസിനുകാർ
അക്രമിക്കാനിരിക്കുന്നു. ഒട്ടും അമാന്തിച്ചില്ല.
പ്രസ്തുത യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ചു.
തന്നിലെ പോരാട്ടവീര്യവും ആയുധ കലയിലെ മെയ് വഴക്കവും ജനം ദർശിച്ച നിമിഷമായിരുന്നു അത്.
സമൂഹത്തിലെ സർവ്വ നന്മകളുടെയും മുൻപന്തിയിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു.
حلف الفضول
എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെട്ട അനുരഞ്ജന കമ്മിറ്റിയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഗോത്രങ്ങൾ തമ്മിൽ ഐക്യം ഉണ്ടാക്കുക, അഗതികൾക്ക് ആശ്രയം നൽകുക, നാടിനെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുക എന്നിവയായിരുന്നു അതിന്റെ പ്രവർത്തന മേഖലകൾ . അതിലെല്ലാം അദ്ദേഹം മുന്നിൽ ആയിരുന്നു.
لقد شَهِدتُ مع عمومَتي حِلفًا في دارِ عبدِ اللَّهِ بنِ جُدعانَ ما أُحبُّ أن لي بهِ حُمْرَ النَّعَمِ، ولَو دُعيتُ بهِ في الإسلامِ لأجَبتُ.
الألباني (ت ١٤٢٠)، فقه السيرة ٧٢ • سند صحيح
“എന്റെ പിതൃവ്യന്മാരുടെ കൂടെ അബ്ദുല്ലാഹിബ്നു ജുദ്ആന്റെ ഭവനത്തിൽ നടന്ന സഹകരണ കരാറിൽ ഞാൻ പങ്കെടുത്തിരുന്നു. ചുവന്ന ഒട്ടകത്തേക്കാൾ എനിക്കത് പ്രിയം നിറഞ്ഞതായിരുന്നു.
ഇസ്ലാമായിരിക്കെ അതിലേക്ക് ക്ഷണിക്കപ്പെട്ടാലും തീർച്ചയായും ഞാൻ അതിൽ പങ്കെടുക്കും “
എന്ന ഹദീസ് അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലിനെ അടയാളപ്പെടുത്തുന്നുണ്ട്.
സാമൂഹീക സഹകരണത്തോടൊപ്പം, ഭിന്നതകൾ രമ്യമായി പരിഹരിക്കുന്നതിനാവശ്യമായ സമർത്ഥമായ ഇടപെടലുകൾ നടത്തി മക്കയിലെ നേതൃത്വത്തിന് വ്യക്തമായ ദിശാബോധം നൽകാൻ അദ്ദേഹത്തിനായിരുന്നു. തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ നടന്ന കഅബയുടെ അറ്റകുറ്റ പണികളിൽ നേതൃപരമായ പങ്കു വഹിച്ച്, ഹജറുൽ അസ്‌വദിന്റെ വിഷയത്തിൽ തർക്കം വന്നപ്പോൾ ബുദ്ധി പരമായി അതിനെ കൈകാര്യം ചെയ്തത് ഒരു ഉദാഹരണം മാത്രം.
ചുരുക്കത്തിൽ, സമൂഹത്തിന്റെ നേതൃനിരയിലേക്കു വരേണ്ട വ്യക്തികളിൽ ഉണ്ടാവേണ്ട മുഴുവൻ ഗുണങ്ങളും സമ്പൂർണ രീതിയിൽ തന്നെ അദ്ദേഹത്തിൽ ദർശിക്കപ്പെട്ടിരുന്നു എന്നർഥം.
അതേസമയം,
സമൂഹത്തിന്റെ ആത്മീയ മേഖലയിലെ ജീർണതകളിൽ അദ്ദേഹം ഏറെ ഖിന്നനുമായിരുന്നു. അത് ഉള്ളിൽ നോവായി നിലനിൽക്കുമ്പോഴും പരസ്യമായി ഒന്നും
പ്രതികരിച്ചില്ല!
അതുകൊണ്ടു തന്നെ
അബ്ദുല്ലയുടെ മകൻ
മുഹമ്മദ് അവർക്ക് എല്ലാ അർത്ഥത്തിലും
“അൽ അമീൻ ” തന്നെ ആയിരുന്നു.
صلى الله عليه وسلم.
അബ്ദുൽ മാലിക് സലഫി .