സ്വലാത്തിന്റെ രൂപം
സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമായിരിക്കണമെന്ന് നബി(സ്വ) തന്റെ സ്വഹാബികളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ക്ക് വിവരിച്ചുകൊടുത്തിട്ടുണ്ട്.
അബ്ദുറഹ്മാനു ബ്‌നു അബൂലൈലയില്‍(റ)നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. എന്നെ കഅബുബ്‌നു ഉജ്‌റ(റ) കണ്ടുമുട്ടിയപ്പോള്‍ എന്നോടായി അദ്ദേഹം പറഞ്ഞു: ‘നബിയില്‍ (സ്വ) നിന്നും എനിക്ക് ലഭിച്ച ഒരു ഹദ്’യ (പാരിതോഷികം) ഞാന്‍ താങ്കള്‍ക്ക് സമ്മാനിക്കാം’. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ‘സലാം ചൊല്ലേണ്ടത് അല്ലാഹു ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. എങ്ങനെയാണ് താങ്കള്‍ക്കും കുടുംബത്തിനും സ്വലാത്ത് ചൊല്ലേണ്ടതെന്ന് ഞാന്‍ നബിയോട്(സ്വ) ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:
اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീമ ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീമ ഇന്നക ഹമീദുന്‍ മജീദ് ‘
അല്ലാഹുവേ, ഇബ്രാഹീമിനും (അ) കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബിക്കും (സ്വ) കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീമിനേയും(അ) കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബിയേയും(സ്വ) കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.(ബുഖാരി)
ഇതാണ് ഇബ്രാഹീമിയ സ്വലാത്ത് എന്നറിയപ്പെടുന്നത്. ഇതേ ആശയത്തില്‍ തന്നെ ചെറിയ ചില മാറ്റങ്ങളോടെ വേറെയും ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്.