നബി ചരിത്രം - 48: ഹിജ്റ നാലാം വർഷം [ഭാഗം: 02]

ബിഅ്‌റു മഊന യുദ്ധം.
സരിയ്യതുൽ ഖുർറാഅ് എന്നും ഇതിനെ പറയാറുണ്ട് . സഫർ മാസത്തിലാണ് ഈ യുദ്ധം ഉണ്ടാകുന്നത്. മൂന്ന് കാരണങ്ങളാണ് യുദ്ധത്തിൻറെ പിന്നിലുള്ളത്.
അനസ് رضي الله عنه ൽ നിന്നും നിവേദനം; രിഅ്‌ല്, ദക്‌വാൻ, ഉസ്വയ്യ എന്നീ ഗോത്രങ്ങൾ ശത്രുക്കൾക്കെതിരെ നബിﷺ യോട് സഹായം ചോദിച്ചു വന്നു. 70 അൻസ്വാറുകളെ അയച്ചു കൊടുത്തു കൊണ്ട് നബിﷺ അവരെ സഹായിക്കുകയും ചെയ്തു.
അക്കാല ഘട്ടത്തിൽ ഖുർറാഅ് (ഓത്തുകാർ) എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. പകലിൽ വിറക് ശേഖരിച്ച് വില്പന നടത്തുകയും രാത്രിയിൽ നമസ്കാരം നിർവഹിക്കുന്നവരുമായിരുന്നു അവർ. ബിഅ്റു മഊന എന്ന സ്ഥലത്ത് എത്തിയപ്പോൾ ഈ ആളുകൾ സ്വഹാബിമാരെ ചതിച്ചു കൊല്ലപ്പെടുത്തുകയുണ്ടായി. ഈ വാർത്ത നബിﷺ ക്ക് എത്തിയപ്പോൾ അറബികളിലെ ഈ ഗോത്രങ്ങൾക്കെതിരെ സുബഹിയിൽ നബിﷺ ഒരുമാസത്തോളം പ്രാർത്ഥിക്കുക (ഖുനൂത്ത്) ഉണ്ടായി.
രിഅ്‌ല്, ദക്‌വാൻ, ഉസ്വയ്യ, ബനൂ ലഹ്‌യാൻ തുടങ്ങിയവരായിരുന്നു ആ അറബികൾ…..(ബുഖാരി: 4090) അനസ് رضي الله عنه ന്റെ മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം; ഖുർറാഉകൾ എന്നറിയപ്പെട്ടിരുന്ന നബിﷺ യുടെ സ്വഹാബിമാരെ ചില ആളുകൾ കൊന്നപ്പോൾ അവർക്കെതിരിൽ ഒരുമാസം നബിﷺ ഖുനൂത് ഓതുകയുണ്ടായി. (മുസ്ലിം: 677)
കുന്ത പയറ്റിൽ പ്രശസ്തനായ വ്യക്തിയായിരുന്നു ആമിറുബ്നു മാലിക്. അദ്ദേഹം മദീനയിൽ നബിﷺ യുടെ അടുക്കൽ വന്നു. നബിﷺ അദ്ദേഹത്തിന്റെ മുമ്പിൽ ഇസ്ലാം സമർപിച്ചു. പക്ഷേ അദ്ദേഹം സ്വീകരിച്ചില്ല. എന്നാൽ ഇസ്‌ലാമിൽ നിന്ന് അകന്നു പോയതുമില്ല. അദ്ദേഹം നബിﷺ യോട് പറഞ്ഞു അല്ലയോ മുഹമ്മദ്; നിങ്ങളുടെ അനുയായികളിൽ നിന്ന് കുറച്ച് ആളുകളെ നജ്ദുകാരിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെങ്കിൽ താങ്കൾ ക്ഷണിക്കുന്ന കാര്യത്തിലേക്ക് അവരെ ആ ആളുകൾക്ക് ക്ഷണിക്കാമായിരുന്നു. അവർ നിങ്ങൾക്ക് ഉത്തരം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അപ്പോൾ നബിﷺ പറഞ്ഞു: അവരുടെ വിഷയത്തിൽ നെജ്ദു കാരെ ഞാൻ ഭയപ്പെടുന്നു. അബു ആമിർ പറഞ്ഞു: ഞാൻ അവർക്ക് അഭയം നല്കുന്നവനാണ്. അതു കൊണ്ട് താങ്കൾ ക്ഷണിക്കുന്ന വിശ്വാസത്തിലേക്ക് അവരെ ക്ഷണിക്കാൻ നിങ്ങൾ അനുചരന്മാരെ പറഞ്ഞയക്കുക.
അങ്ങിനെ നബിﷺ തന്റെ എഴുപതോളം വരുന്ന സ്വഹാബിമാരെ അങ്ങോട്ടയച്ചു. സഹാബിമാർ ഇറങ്ങിപ്പുറപ്പെട്ടു. ബിഅ്‌റു മഊന എന്ന സ്ഥലത്തെത്തി അവിടെ ഇറങ്ങുകയും ചെയ്തപ്പോൾ ഹർറാനുബ്നു മൽഹാന്റെ കയ്യിൽ നബിﷺ യുടെ ഒരു എഴുത്ത് അല്ലാഹുവിന്റെ ശത്രുവായ ആമിറുബ്നു തുഫൈലിലേക്ക് കൊടുത്തയച്ചു. അല്ലാഹുവിന്റെ ശത്രുവായ ആമിർ നബിﷺ യുടെ ആ കത്ത് തുറന്നു നോക്കിയത് പോലുമില്ല. ആമിർ തന്റെ കൂടെയുള്ള ആളുകളിലേക്ക് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. ഈ സന്ദർഭത്തിൽ ഹറാം ഹർറാനെ പിറകു വശത്ത് കൂടി കുന്തം പ്രയോഗിച്ചു. ശേഷം ഹറാം പറഞ്ഞു: കഅ്‌ബയുടെ റബ്ബ് തന്നെയാണ് സത്യം, ഞാൻ വിജയിച്ചിരിക്കുന്നു (ബുഖാരി: 4092)
ശേഷം ആമിർ ഇബ്നു തുഫൈൽ ബനു ആമിർ ഗോത്രത്തോട് ബാക്കിയുള്ള സ്വഹാബികൾക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചു. പക്ഷെ അവർ അതിനു സമ്മതിച്ചില്ല. അപ്പോൾ ആമിർ ബനൂ സുലൈം ഗോത്രത്തിലെ ആളുകളെ ഇതിനു വേണ്ടി ക്ഷണിച്ചു. രിഅ്‌ല്, ദക്‌വാൻ, ഉസ്വയ്യ, എന്നിവരായിരുന്നു അവർ. അവർ ഈ ആവശ്യം സ്വീകരിക്കുകയും സഹാബികളെ ചതിച്ചു കൊല്ലാൻ അവർ ഇറങ്ങുകയും ചെയ്തു. സഹാബികൾ യാത്ര ചെയ്തു വന്ന അവരുടെ വാഹനമാര ഒട്ടകങ്ങൾക്ക് ചുറ്റും അവർ വലയം ചെയ്തു. അപ്പോൾ മുസ്ലിംകൾ അവരോട് പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞങ്ങൾ നിങ്ങളേ ഉദ്ദേശിച്ച് വന്നതല്ല. നബിﷺ പറഞ്ഞയച്ച മറ്റൊരു ആവശ്യത്തിനു വേണ്ടി വന്നവരാണ് ഞങ്ങൾ. പക്ഷേ അതൊന്നും ഈ മുശിരിക്കുകൾ സമ്മതിച്ചില്ല. അതോടെ സ്വഹാബികൾ അവരുടെ വാളുകൾ ഊരി. ശത്രു പക്ഷവുമായി യുദ്ധം ചെയ്തു. കഅബ് ഇബ്നു സൈദ് رضي الله عنه ഒഴികെ ബാക്കി എല്ലാ സ്വഹാബിമാരും ഇവിടെ കൊല്ലപ്പെട്ടു. ഖന്തക്ക് യുദ്ധത്തിലാണ് ഈ സ്വഹാബി പിന്നീട് ശഹീദാകുന്നത്.
അംറുബ്നു ഉമയ്യതുള്ളംരി رضي الله عنه, മുൻദിറുബ്നു ഉഖ്ബതുൽ അൻസാരി رضي الله عنه തുടങ്ങിയവർ മുസ്‌ലിം സൈന്യത്തിന്റെ പിറകിൽ വന്നവരായിരുന്നു. തങ്ങളുടെ കൂട്ടുകാർക്ക് സംഭവിച്ച കാര്യങ്ങൾ ഒന്നും അവർ അറിഞ്ഞിരുന്നില്ല. എന്നാൽ കൊല ചെയ്യപ്പെട്ട സ്ഥലത്ത് പക്ഷി വട്ടമിട്ട് പറക്കുന്നത് കണ്ടപ്പോൾ അവർ പറഞ്ഞു: അല്ലാഹുവാണ് സത്യം; ഈ പക്ഷിയുടെ പറക്കലിൽ എന്തോ ഒരു കാര്യമുണ്ട്. ഉടനെ അവർ ആ സ്ഥലത്തേക്ക് കുതിച്ചു. പക്ഷേ അവർക്ക് കാണാൻ കഴിഞ്ഞത് രക്തത്തിൽ കുതിർന്ന കിടക്കുന്ന തങ്ങളുടെ സഹോദരങ്ങളെയായിരുന്നു. ഈ സന്ദർഭത്തിൽ മുൻദിർ رضي الله عنه അംറുബ്നു ഉമയ്യ رضي الله عنهയോട് ചോദിച്ചു; നാം എന്താണ് ചെയ്യേണ്ടത് ? എന്താണ് താങ്കളുടെ അഭിപ്രായം?. അദ്ദേഹം പറഞ്ഞു: താങ്കൾ ഉടനെ നബിയുടെ അടുക്കലേക്ക് ചെല്ലുകയും എന്നിട്ട് നബിﷺ യെ വിവരം അറിയിക്കുകയും വേണം. അപ്പോൾ മുൻദിർرضي الله عنه പറഞ്ഞു: നമ്മുടെ ആളുകൾ കൊല്ലപ്പെട്ട ഈ സ്ഥലത്തു നിന്നും മാറി പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ അദ്ദേഹം ആ സമൂഹത്തോട് യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തു. അംറുബ്നു ഉമയ്യയെرضي الله عنه അവർ ബന്ധിയായി പിടി കൂടി. അംറുബ്നു ഉമയ്യرضي الله عنه മുളർ ഗോത്രത്തിൽ പെട്ട ആളാണെന്ന് അവരെ അറിയിച്ചപ്പോൾ ആമിർ ഇബ്നു തുഫൈൽ അദ്ദേഹത്തെ സ്വീകരിക്കുകയും ആമിറിന്റെ തലയുടെ മുൻഭാഗത്തെ മുടി മുറിച്ചു കളയുകയും ചെയ്തു. ഒരു അടിമ എന്ന നിലക്ക് അദ്ദേഹത്തെ അവർ മോചിപ്പിച്ചു. അദ്ദേഹം മദീനയിലേക്ക് മടങ്ങുകയും ഉണ്ടായ സംഭവങ്ങളെല്ലാം നബിയോട് വിവരിക്കുകയും ചെയ്തു. (സീറതു ഇബ്നു ഹിശാം: 3/ 205)
ബിഅ്റു മഊനയിൽ കൊല്ലപ്പെട്ടവരിൽ ആമിറുബ്നു ഫുഹൈറرضي الله عنه എന്ന സഹാബിയും ഉണ്ടായിരുന്നു. അദ്ധേഹത്തിന്റെ കാര്യത്തിൽ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള കറാമത്ത് വെളിപ്പെട്ട യുദ്ധമായിരുന്നു ഇത്. അബൂബക്കറിرضي الله عنه ന്റെ ഭൃത്യനായിരുന്നു ആമിറുബ്നു ഫുഹൈറرضي الله عنه. മുമ്പ് അദ്ദേഹം ഒരു അടിമയായിരുന്നു. മുസ്‌ലിമായപ്പോൾ അബൂബക്കർرضي الله عنه വില കൊടുത്തു വാങ്ങുകയും മോചിപ്പിക്കുകയും ചെയ്തതായിരുന്നു.
നബിﷺ ദാറുൽ അർഖമിൽ പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. മദീനയിലേക്കുള്ള ഹിജ്റയിൽ നബിﷺ യുടെയും അബൂബക്കറിرضي الله عنه ന്റെയും കൂട്ടുകാരൻ കൂടിയായിരുന്നു അദ്ദേഹം. ബദ്റിലും ഉഹ്ദിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ശേഷമാണ് ബിഅ്‌റു മഊനയിൽ അദ്ദേഹം കൊല്ലപ്പെടുന്നത്. ആ സമയത്ത് 40 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
ബിഅ്റു മഊനയിലെ മരണ വാർത്തകളും അതിന് മുമ്പുണ്ടായ റെജീഅ് യുദ്ധത്തിലെ മരണ വാർത്തകളും ഒന്നിച്ചാണ് നബിﷺ ക്ക് എത്തിയത്. നബിﷺ യേയും മുസ്‌ലിംകളെയും ഈ വാർത്തകൾ ശക്തമായ ദുഃഖത്തിലാഴ്ത്തി. ഇവരുടെ വിഷയത്തിലുള്ള ദുഃഖം കാരണത്താൽ ബിഅ്‌റു മഊനയിൽ സ്വഹാബികൾക്കെതിരെ യുദ്ധം ചെയ്ത അറബി ഗോത്രങ്ങൾക്കെതിരെ ഒരുമാസത്തോളം നബിﷺ നമസ്കാരത്തിൽ പ്രാർത്ഥിച്ചു. ഈ വിഷയത്തിൽ ഖുർആനിലെ ആയത്ത് ഇറങ്ങി. പിന്നീട് ആയത്ത് നസ്ഖ് ചെയ്യപ്പെടുകയാണ് ഉണ്ടായത്. അവരുടെ വിഷയത്തിൽ ഇറങ്ങിയ ആയത്ത് ഞങ്ങൾ ഓതാറുണ്ടായിരുന്നു എന്ന് അനസ് പറയുന്നുണ്ട്. പിന്നീട് ആയത്ത് ഉയർത്തപ്പെട്ടു (ബുഖാരി:4090 .മുസ്ലിം: 677) ഈ സ്വഹാബികൾക്ക് അഭയം നൽകാമെന്നു പറഞ്ഞിരുന്ന ബനൂ ആമിർ ഗോത്രത്തിന്റെ നേതാവായ ആമിറോബ്നു മാലിക്കിന് ഇവരുടെ മരണ വാർത്ത എത്തിയപ്പോൾ ശക്തമായ ദുഃഖം ഉണ്ടാവുകയും ദുഃഖ ഭാരത്താൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു.
അംറുബ്നു ഉമയ്യرضي الله عنه മദീനയിലേക്ക് തിരിച്ചു വരുന്ന വഴിയിൽ ബനു ആമിർ ഗോത്രത്തിൽ പെട്ട രണ്ടാളുകളെ കണ്ടു. അബൂ ആമിർ വിശ്രമിച്ചിരുന്ന തണലിൽ അവരും വന്നിരുന്നു. നിങ്ങൾ എവിടെ നിന്നാണ് എന്ന് അംറ് അവരോട് ചോദിച്ചു. ഞങ്ങൾ ബനു ആമിർ ഗോത്രത്തിൽ പെട്ടവരാണ് എന്ന് അവർ മറുപടി പറയുകയും ചെയ്തു. അവർ രണ്ടു പേരും കിടന്നുറങ്ങിയപ്പോൾ അംറുബ്നു ഉമയ്യرضي الله عنه അവരെ കൊന്നു കളഞ്ഞു. തന്റെ സുഹൃത്തുക്കളെ ഇവരുടെ ഗോത്രക്കാർ കൊന്നതിനുള്ള പ്രതികാരദാഹമായിരുന്നു അത്. എന്നാൽ ഈ ഗോത്രവുമായി നബിﷺ കരാറും ഉടമ്പടിയും ഉണ്ടാക്കിയിട്ടുണ്ട് എന്ന വസ്തുത ഇദ്ദേഹത്തിന് അറിയുമായിരുന്നില്ല. അംറുബ്നു ഉമയ്യرضي الله عنه മദീനയിൽ വന്നു. തന്റെ കൂട്ടുകാർ ബിഅ്‌റു മഊനയിൽ കൊല്ലപ്പെട്ടു എന്ന വാർത്ത നബിﷺ യെ അറിയിച്ചു. വരുന്ന വഴിക്ക് ബനൂ ആമിർ ഗോത്രത്തിൽ പെട്ട രണ്ട് ആളുകളെ കൊന്ന വിവരവും അദ്ദേഹം നബിﷺ യോട് പറഞ്ഞു. അപ്പോൾ നബി പറയുകയുണ്ടായി: എത്രമാത്രം മോശമാണ് നീ ചെയ്തത്…… കൊല്ലപ്പെട്ട രണ്ടു വ്യക്തികൾക്ക് പകരമായി നബിﷺ അവർക്ക് പ്രായശ്ചിത്തം എന്ന നിലക്ക് (ദിയത്) നഷ്ടപരിഹാരം കൊടുത്തയക്കുകയുണ്ടായി.(ദലാഇലുന്നുബുവ്വ: 3/340)
ഫദ്‌ലുല്‍ ഹഖ് ഉമരി