നബി ചരിത്രം - 45: ശുഹദാക്കൾ ഖബ്‌റുകളിലേക്ക്.

ശുഹദാക്കൾ ഖബ്‌റുകളിലേക്ക്.
ഉഹ്ദ് യുദ്ധത്തിൽ മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നുമായി 70 ആളുകളാണ് ശഹീദായിരുന്നത്. അൻസാറുകളിൽ നിന്ന് 64 ആളുകളും മുഹാജിറുകളിൽ നിന്ന് ആറ് ആളുകളും ആയിരുന്നു. ഹംസതു ബ്നു അബ്ദിൽ മുത്തലിബ്(رضي الله عنه) മിസ്അബ് ബ്നു ഉമൈർ(رضي الله عنه) തുടങ്ങിയവർ അതിൽ പ്രധാനികളായിരുന്നു. ശത്രു പക്ഷത്തു നിന്നും 23 പേരാണ് കൊല്ലപ്പെട്ടത്. ഉഹ്ദ് യുദ്ധത്തിൽ ശുഹദാക്കൾ മരിച്ചുവീണ സ്ഥലത്തു തന്നെ പിന്നെ അവരെ മറമാടാൻ കൽപ്പിക്കുകയുണ്ടായി. “അന്ത്യദിനത്തിൽ ഞാൻ ഇവർക്ക് സാക്ഷിയാണ്” എന്നും നബിﷺ പറഞ്ഞു (ബുഖാരി 4079).
ശഹീദായവരുടെ ആയുധങ്ങളും പടയങ്കികളും അവരിൽ നിന്ന് ഊരി എടുക്കുവാനും അവർ മരിച്ചുവീണ സ്ഥലത്തു തന്നെ ആ വസ്തുക്കൾ രക്തത്തോടൊപ്പം കുഴിച്ചുമൂടുവാനും നബിﷺ കല്പിച്ചു. അവരെ കുളിപ്പിക്കേണ്ടതില്ല എന്ന് പ്രത്യേകം പറയുകയും ചെയ്തു. ജാബിർ(رضي الله عنه) പറയുന്നു: ഉഹ്ദ് യുദ്ധത്തിൽ രണ്ട് ആളുകളെ ഒരേ വസ്ത്രത്തിൽ നബിﷺ കഫൻ ചെയ്തിട്ടുണ്ട്. ആരാണ് കൂടുതൽ ഖുർആൻ അറിയുന്നവർ എന്ന് നബിﷺ ചോദിക്കുമായിരുന്നു. അങ്ങിനെ അവരെ ഖബ്‌റിൽ ആദ്യം ഇറക്കി വെക്കുകയും ചെയ്തു. അവർക്കു വേണ്ടി നമസ്കരിക്കുകയോ അവരെ കുളിപ്പിക്കുകയോ ചെയ്തിട്ടില്ല. അന്ത്യ ദിനത്തിൽ ഇവർക്ക് ഞാൻ സാക്ഷിയാണ് എന്നും നബിﷺ പറയുകയുണ്ടായി. (ബുഖാരി: 4079) ഹംസക്ക്(رضي الله عنه) വേണ്ടി മാത്രമാണ് അന്ന് നബിﷺ നമസ്കരിച്ചത്. അനസുബ്നു മാലിക്(رضي الله عنه) പറയുന്നു: നബിﷺ ഹംസ(رضي الله عنه) യുടെ അടുക്കലൂടെ നടന്നു പോയി. അദ്ദേഹത്തിന്റെ ശരീരം ചിഹ്നഭിന്നമാക്കപ്പെട്ടിരുന്നു. ഹംസ(رضي الله عنه) ക്ക് വേണ്ടി അല്ലാതെ മറ്റാർക്കും ഉഹ്ദിൽ നബിﷺ നമസ്കരിച്ചിട്ടില്ല (അബൂദാവൂദ്: 3137)
സത്യ നിഷേധികളോടൊപ്പം യുദ്ധം ചെയ്തു ശഹീദാകുന്ന ആളുകളെ കുളിപ്പിക്കേണ്ടതില്ല. ഇമാം അദ്ദേഹത്തിനു വേണ്ടി നമസ്കരിക്കുകയോ നമസ്കരിക്കാതിരിക്കുകയോ ചെയ്യാം. ശേഷം നബി ﷺ അവർ മരിച്ചു വീണ സ്ഥലങ്ങളിൽ മറവ് ചെയ്യുവാൻ കൽപ്പിച്ചു. ഒരു ഖബ്‌റിൽ തന്നെ രണ്ടും മൂന്നും ആളുകളെ മറവ് ചെയ്യുന്ന സാഹചര്യം അന്നുണ്ടായിരുന്നു. മുസ്‌ലിംകൾക്ക് ബാധിച്ച മുറിവുകളും പ്രയാസങ്ങളും കാരണത്താൽ വ്യത്യസ്ത ഖബറുകൾ കുഴിക്കാൻ അവർക്ക് പ്രയാസമായിരുന്നതിനാലാണ് ഇങ്ങനെ ഒരു കല്പന നബി ﷺ നൽകിയത്. ഒരേ വസ്ത്രത്തിൽ തന്നെ രണ്ടും മൂന്നും ആളുകളെ അവർ കഫൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. വസ്ത്രങ്ങൾ കുറവായത് അതിന് ഒരു കാരണമായിരുന്നു. ഹംസ ബിൻ അബ്ദുൽ മുത്തലിബി(رضي الله عنه) നെ മറവു ചെയ്തത് തന്റെ സഹോദരിയായ ഉമൈമയുടെ മകൻ അബ്ദുല്ലാഹിബിനു ജഹ്ശി(رضي الله عنه) ന്റെ കൂടെയായിരുന്നു. അബ്ദുല്ലാഹിബിന് ഹറാമും(رضي الله عنه) അംറുബ്നു ജമൂഹും ഒരേ ഖബ്‌റിലാണ് മറമാടപ്പെട്ടത്. ഹിഷാം ഇബ്നു ആമിറുൽ അൻസാരി(رضي الله عنه) പറയുന്നു : ഉഹ്ദിൽ ജനങ്ങൾക്ക് മുറിവുകകളും ശക്തമായ പ്രയാസവും ബാധിച്ചപ്പോൾ നബിﷺ ഇപ്രകാരം പറഞ്ഞു: നിങ്ങൾ ഖബ്‌ർ കുഴിക്കുക. ഖബ്‌റുകളെ വിശാലമാക്കുക. ഒരു ഖബ്‌റിൽ രണ്ടും മൂന്നും ആളുകളെ മറവു ചെയ്യുകയും ചെയ്യുക. അപ്പോൾ സ്വഹാബികൾ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ആരെയാണ് ഞങ്ങൾ മുന്നിൽ വെക്കേണ്ടത്. നബി ﷺ പറഞ്ഞു ഖുർആൻ കൂടുതൽ പഠിച്ച ആളുകളെ. (അഹ്മദ്: 16251)
സൗന്ദര്യവും സമ്പത്തും ചുറു ചുറുക്കുമുള്ള യുവാവായിരുന്നു മിസ്അബ് ബ്നു ഉമൈർ(رضي الله عنه). മക്കയിൽ ഏറ്റവും നല്ല സുഗന്ധം ഉപയോഗിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഇസ്ലാമിലേക്ക് കടന്നു വന്നതോടു കൂടി തന്റെ ഈ സുഖങ്ങളെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. അങ്ങിനെ ഉഹുദിൽ അദ്ദേഹം ശഹീദായി. തന്റെ ശരീരം മുഴുവൻ മറക്കാൻ പോലും വസ്ത്രമില്ലാതെയാണ് അദ്ദേഹത്തെ മറവ് ചെയ്യുന്നത്. തല മറച്ചാൽ കാൽ വെളിവാകുകയും കാൽ മറച്ചാൽ തല വെളിവാകുകയും ചെയ്യുന്ന രൂപത്തിൽ ചെറിയ വസ്ത്രമായിരുന്നു അദ്ദേഹം ഷഹീദാകുമ്പോൾ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഉള്ള വസ്ത്രം കൊണ്ട് തല മറക്കാനും കാലിന്റെ ഭാഗത്ത് “ഇദ്ഖിർ”എന്ന് പേരുള്ള പുല്ല് വച്ചു കെട്ടുവാനും നബിﷺ കൽപന നൽകുകയുണ്ടായി. (ബുഖാരി: 3897. മുസ്ലിം: 940)
ശുഹദാക്കളെ മറവു ചെയ്ത ശേഷം നബിﷺ മദീനയിലേക്ക് മടങ്ങുകയാണ്. ആ സന്ദർഭത്തിൽ നബിﷺയും തന്റെ സ്വഹാബികളും ഉഹ്ദ് മലയുടെ സമീപം നിന്നു. എന്നിട്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടും അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടും അല്ലാഹുവിനോട് താഴ്മ പ്രകടിപ്പിച്ചു. ഇമാം അഹ്മദിന്റെ (15492)- ഹദീസിൽ അന്ന് നബിﷺ പ്രാർത്ഥിച്ച പ്രാർത്ഥന നമുക്ക് കാണുവാൻ സാധിക്കും. തന്റെ സ്വഹാബിമാരെ തനിക്കു പിന്നിൽ വരി വരിയായി നിർത്തിയ ശേഷം ഇപ്രകാരം പ്രാർത്ഥിച്ചു;
“അല്ലാഹുവേ നിനക്കാണ് സർവ്വ സ്തുതികളും. നീ നൽകിയതിനെ പിടിച്ചു വെക്കുന്നവനായി ആരുമില്ല. നീ പിടിച്ചു വെച്ചത് നൽകുന്നവനായും ആരുമില്ല. നീ വഴിപിഴപ്പിച്ചവനെ നേർമാർഗത്തിൽ ആക്കുന്നവനായി ആരുമില്ല. നീ നേർ മാർഗ്ഗം നൽകിയവനെ വഴി പിഴപ്പിക്കുന്നവനായും ആരുമില്ല. നീ നൽകിയതിനെ തടയാനോ തടഞ്ഞതിനെ നൽകാനോ ആരുമില്ല. നീ അകറ്റിയതിനെ അടുപ്പിക്കുവാനോ അടുപ്പിച്ചതിനെ അകറ്റുവാനോ ആരുമില്ല. അല്ലാഹുവേ നിന്റെ ബറകത്തും അനുഗ്രഹവും കാരുണ്യവും ഉപജീവനവും ഞങ്ങൾക്ക് നീ ചൊരിഞ്ഞു തരേണമേ. അല്ലാഹുവേ ഒരിക്കലും നീങ്ങി പോകാത്തതും മാറി പോകാത്തതുമായ നില നിൽക്കുന്ന നിന്റെ അനുഗ്രഹങ്ങൾ നിന്നോട് ഞാൻ ചോദിക്കുന്നു. അല്ലാഹുവേ പ്രയാസത്തിന്റെ ദിവസങ്ങളിൽ നിന്റെ അനുഗ്രഹവും ഭയത്തിന്റെ ദിവസങ്ങളിൽ നിർഭയത്വവും നിന്നോട് ഞാൻ ചോദിക്കുന്നു. അല്ലാഹുവേ നീ ഞങ്ങൾക്ക് നൽകിയതും തടഞ്ഞതുമായ എല്ലാ ശർറുകളിൽ നിന്നും നിന്നോട് ഞങ്ങൾ രക്ഷ തേടുന്നു. അല്ലാഹുവേ ഈമാനിനോട് ഞങ്ങൾക്ക് സ്നേഹം ഉണ്ടാക്കി തരേണമേ. ഞങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കിത്തരേണമേ. നിഷേധത്തോടും (കുഫ്‌റ്) തിന്മകളോടും അനുസരണക്കേടിനോടും ഞങ്ങൾക്ക് നീ വെറുപ്പ് ഉണ്ടാക്കിത്തരേണമേ. ഞങ്ങളെ നേർമാർഗം പ്രാപിച്ചവരിൽ ആക്കേണമേ. അല്ലാഹുവേ ഞങ്ങളെ നീ മുസ്ലിമായി മരിപ്പിക്കുകയും മുസ്ലിമായി ജീവിപ്പിക്കുകയും ചെയ്യണമേ. തിന്മയും പരീക്ഷണങ്ങളിൽ അകപ്പെടുകയും ചെയ്യാതെ ഞങ്ങളെ സൽകർമ്മികളോടൊപ്പം ചേർക്കേണമേ. അല്ലാഹുവേ നിന്റെ പ്രവാചകന്മാരെ കളവാക്കുകയും നിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുന്ന നിഷേധികളെ നശിപ്പിക്കേണമേ. നിന്റെ ശിക്ഷ അവരിൽ ആക്കേണമേ. വേദ ഗ്രന്ഥം നൽകപ്പെട്ട നിഷേധികളെ അല്ലാഹുവേ നീ നശിപ്പിക്കേണമേ. ഹഖായ ആരാധ്യനായ അല്ലാഹുവേ.(അഹ്മ്ദ്: 15492)
ശനിയാഴ്ച വൈകുന്നേരം സ്വഹാബികളെയും കൊണ്ട് നബിﷺ മദീനയിലേക്ക് മടങ്ങുകയും അവിടെയെത്തി മഗ്‌രിബ് നമസ്കരിക്കുകയും ചെയ്തു. സുമൈറാഅ് എന്ന് പേരുള്ള ബനൂ ദീനാർ ഗോത്രത്തിൽ പെട്ട ഒരു സ്ത്രീ വന്നു കൊണ്ട് ചോദിച്ചു (അവരുടെ ഭർത്താവും സഹോദരനും ഉഹ്ദിൽ ശഹീദായിട്ടുണ്ടായിരുന്നു) എന്താണ് മുഹമ്മദ് നബിﷺ യുടെ വിശേഷം. സ്വഹാബികൾ പറഞ്ഞു: എല്ലാം നന്മയാണ്. അപ്പോൾ അവർ ചോദിച്ചു; എനിക്ക് പ്രവാചകനെ ഒന്ന് കാണിച്ചു തരുമോ? അപ്പോൾ സഹാബികൾ അവർക്ക് പ്രവാചകനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. നബിﷺ യെ കണ്ടപ്പോൾ ആ മഹതി ഇപ്രകാരം പറഞ്ഞു: അങ്ങ് ജീവിച്ചിരിപ്പുണ്ടെങ്കിൽ മറ്റു പ്രയാസങ്ങൾ എല്ലാം നിസ്സാരമാണ്. (ബൈഹഖി തന്റെ ദലാഇലിൽ ഉദ്ധരിച്ചത്) മദീനയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പാറാവുകാരെ നിർത്തിക്കൊണ്ടായിരുന്നു അന്നത്തെ രാത്രി മദീനയിൽ സ്വഹാബികൾ ഉറങ്ങിയത്. ക്ഷീണം അവരെ വല്ലാതെ ബാധിച്ചിരുന്നു. മസ്ജിദുന്നബവിയോട് ചേർന്ന് നബിﷺ യുടെ വാതിലിന്റെ മുമ്പിലും സ്വഹാബികൾ കാവൽ നിന്നു. ശത്രുക്കൾ മദീനയെ ആക്രമിക്കുമോ എന്ന ഭയമായിരുന്നു ഇതിനു കാരണം.
സൂറത്ത് ആലു ഇംറാനിൽ ഉഹ്ദുമായി ബന്ധപ്പെട്ട് കൊണ്ട് അറുപതോളം ആയത്തുകൾ അല്ലാഹു ഇറക്കിയിട്ടുണ്ട്. ശക്തമായ ഈ യുദ്ധത്തിലെ ചില രംഗങ്ങൾ അല്ലാഹു അതിൽ വിശദീകരിക്കുന്നുണ്ട്. അതിന്റെ തുടക്കം ഇപ്രകാരമാണ് (ആലു ഇംറാൻ: 121) യുദ്ധത്തിലൂടെ ഒട്ടനവധി പാഠങ്ങൾ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. അതിൽ ചിലത് സ്വഹാബികളെ തന്നെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു. പ്രവാചകനോട് കാണിക്കുന്ന അനുസരണക്കേടും ദുനിയാവ് നേടാനുള്ള താൽപര്യവും പരസ്പര ഭിന്നതകളും എന്നും നാശത്തിന് കാരണമാണ് എന്ന പാഠം ഉഹ്ദിലൂടെ ലഭിക്കുന്നുണ്ട്. (ആലു ഇംറാൻ: 152) ഈ ആയത്തിന്റെ അവതരണ ശേഷം സ്വഹാബികൾ ഇത്തരം കാര്യങ്ങളിൽ വലിയ ജാഗ്രത തന്നെ പാലിച്ചിട്ടുണ്ട്.
വിശ്വാസികൾക്ക് ചിലപ്പോൾ വിജയവും മറ്റു ചിലപ്പോൾ പരാജയവും ഉണ്ടാവുക എന്നുള്ളത് അല്ലാഹുവിന്റെ ഒരു നട പടിക്രമമാണ് എന്നും എന്നാൽ ഏറ്റവും നല്ല പര്യവസാനം വിശ്വാസികൾക്കാണ് എന്നുമുള്ള ഒരു പാഠവും ഉഹ്ദ് യുദ്ധത്തിലൂടെ അല്ലാഹു നൽകുന്നുണ്ട്. എപ്പോഴും വിശ്വാസികൾക്ക് തന്നെ വിജയം ലഭിച്ചാൽ ആരാണ് സത്യസന്ധർ ആരാണ് അല്ലാത്തവർ എന്ന് വേർതിരിക്കാൻ കഴിയില്ല. എന്നാൽ എപ്പോഴും വിശ്വാസികൾക്ക് തന്നെ പരാജയം സംഭവിച്ചാൽ പ്രവാചകത്വത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയും ഇല്ല. ബദ്റിൽ വിജയം ലഭിച്ചപ്പോൾ ഒരുപാട് കപട വിശ്വാസികൾ നബിയോടൊപ്പം ഇസ്ലാം പ്രകടമാക്കിക്കൊണ്ട് മാത്രം ചേർന്നിട്ടുണ്ട്. എന്നാൽ പരാജയം സംഭവിക്കുമ്പോൾ ആരെല്ലാമാണ് കപടന്മാർ എന്ന് തിരിച്ചറിയാൻ സാധിക്കും. കാരണം പരാജയം മുന്നിൽ കാണുമ്പോൾ അവിടെ നിന്ന് സ്വന്തം ശരീരം സംരക്ഷിക്കുവാനുള്ള പണിയാണ് അവർ ചെയ്യുക. അതല്ലാതെ പ്രവാചകന്റെ സംരക്ഷണമോ ഇസ്ലാമിന്റെ വിജയമോ അവർക്ക് ലക്ഷ്യമല്ല. (ആലു ഇമ്രാൻ: 179)
സന്തോഷത്തിലും സന്താപത്തിലും ക്ഷമയോടെയും അല്ലാഹുവിന് നന്ദി കാണിച്ചു കൊണ്ടും നില കൊള്ളണം എന്ന പാഠമാണ് പരാചയത്തിലൂടെ അല്ലാഹു വിശ്വാസികൾക്ക് നൽകിയ മറ്റൊന്ന്. എല്ലാ സന്ദർഭങ്ങളിലും സത്യവിശ്വാസികളെ അല്ലാഹു സഹായിക്കുകയും അവർ വിജയിക്കുകയും ചെയ്താൽ അവരുടെ മനസ്സുകൾ അതിക്രമം പ്രവർത്തിക്കും. ചിലപ്പോൾ അത് അഹങ്കാരത്തിന് കാരണമായിത്തീരുകയും ചെയ്യും. അതു കൊണ്ടു തന്നെ അല്ലാഹു അവരെ സന്തോഷം കൊണ്ടും സന്താപം കൊണ്ടും വളർത്തിയെടുക്കുകയാണ്. എളുപ്പം നൽകിയും പ്രയാസം നൽകിയും അവരെ പടി പടിയായി വളർത്തുകയാണ്. അപ്പോഴാണ് അവർ അല്ലാഹുവിലേക്ക് കൂടുതൽ കീഴടങ്ങുകയും നന്ദിയുള്ളവരായി ജീവിക്കുകയും ചെയ്യുക. ഇതും ഉഹ്ദിലെ പരാജയത്തോടെ അള്ളാഹു പഠിപ്പിക്കുന്ന ഒരു പാഠമാകുന്നു.
സന്തോഷവും സന്താപവും ഉണ്ടാകുമ്പോൾ ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്തു കൊണ്ട് രണ്ടിന്റെയും പ്രതിഫലം അവർക്ക് ലഭിക്കുവാൻ വേണ്ടിയാണ് അല്ലാഹു ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. മാത്രവുമല്ല തന്റെ വിശ്വാസികളായ അടിമകൾക്ക് വേണ്ടി ഉന്നതങ്ങളായ സ്ഥാനങ്ങളും പ്രതിഫലവുമാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്. അത്തരം ഉന്നതമായ സ്ഥാനങ്ങൾ നേടാൻ ഉതകുന്ന പ്രവർത്തനങ്ങളിലേക്ക് അല്ലാഹു അവരെ എത്തിക്കുകയും ചെയ്യും. ഉഹ്ദ് യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിൽ സംഭവിച്ചത് അതായിരുന്നു. ശഹീദ് എന്ന സ്ഥാനം അതി മഹത്തരമാണല്ലോ. ആ സ്ഥാനത്തേക്ക് ചില ആളുകൾ എത്തണം എന്നുള്ളത് അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു. അതു കൊണ്ടും ആയിരിക്കാം യുദ്ധത്തിന്റെ അവസാന സന്ദർഭത്തിൽ അല്ലാഹു അവരിൽ നിന്നും സഹായം ഉയർത്തിക്കളഞ്ഞത്.
മാത്രവുമല്ല അല്ലാഹു തന്റെ ശത്രുക്കളെ നശിപ്പിക്കാൻ ഉദ്ദേശിച്ചാൽ അതിന് ആവശ്യമായ കാരണങ്ങളെയും അവൻ ഉണ്ടാക്കുന്നു. അത് ചിലപ്പോൾ മുസ്ലിംകളുടെ മരണം ആകാം. അവർ അനുഭവിക്കേണ്ടി വരുന്ന ത്യാഗങ്ങളും ആകാം. അതു കൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത് (ആലു ഇംറാൻ: 139, 140) ബദർ യുദ്ധത്തിൽ ശഹീദായ ആളുകൾക്ക് അല്ലാഹു നൽകിയിട്ടുള്ള ആദരവിനെക്കുറിച്ച് നബിﷺ സ്വഹാബികളെ അറിയിച്ചപ്പോൾ ആ സ്ഥാനം നേടുവാനുള്ള ആഗ്രഹം അവരിലുമുണ്ടായി. അപ്പോൾ അതിനുള്ള അവസരം അല്ലാഹു ഉഹ്ദിൽ ഒരുക്കിക്കൊടുക്കുകയും ചെയ്തു. എന്നാൽ നബിﷺ യോട് അവരിൽ ചിലർ കാണിച്ച അനുസരണക്കേടിന്റെ ഫലമായി അല്ലാഹു അവരിൽ നിന്ന് സഹായത്തെ ഉയർത്തിക്കളയുകയും ചെയ്തു. (ആലു ഇംറാൻ: 143).
അതോടൊപ്പം തന്നെ നബിﷺ യുടെ മരണം എന്ന മഹാ ദുരന്തം അവരുടെ മുമ്പിൽ വരാനൈരിക്കുന്നുണ്ടായിരുന്നു. മാനസികമായി അതിനെ കൂടി നേരിടാനുള്ള ഒരു കരുത്ത് ഇവർക്ക് ബാധിച്ച പ്രയാസങ്ങളിലൂടെ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു അള്ളാഹു. അതു കൊണ്ടു തന്നെ നബിﷺ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താലും മതത്തിൽ അവർ ക്ഷമയോടെ ഉറച്ചു നിൽക്കണം എന്നുള്ള പാഠം അല്ലാഹു അവർക്ക് നൽകുകയായിരുന്നു. (ആലു ഇംറാൻ: 144)
അതോടൊപ്പം തന്നെ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള ഒരു പരീക്ഷണവും മനസ്സുകളുടെ ശുദ്ധീകരണവുമായിരുന്നു അത് (ആലു ഇംറാൻ: 154) ഇതിനു ശേഷം ഉഹ്ദിൽ ശഹീദായ ആളുകളുടെ വിഷയത്തിൽ അല്ലാഹുതആല നബിﷺ യെയും സ്വഹാബികളെയും ആശ്വസിപ്പിച്ചു. (ആലു ഇമ്രാൻ: 169 ,170)
ചുരുക്കത്തിൽ അല്ലാഹു ബദ്റിൽ ലാ ഇലാഹ ഇല്ലല്ലയുടെ ശക്തിയും ഉഹ്ദിൽ മുഹമ്മദുൻ റസൂലുള്ളയുടെ ശക്തിയും പ്രകടിപ്പിച്ചു കൊടുത്തു. മുഹമ്മദ് നബിﷺ യോട് കാണിച്ച അനുസരണക്കേട് ആയിരുന്നല്ലോ പരാജയത്തിന്റെ കാരണം.
ഫദ്‌ലുല്‍ ഹഖ് ഉമരി