NLP: ചൂഷണത്തില്‍ മുങ്ങിയ കപടശാസ്ത്രം

NLP: ചൂഷണത്തില്‍ മുങ്ങിയ കപടശാസ്ത്രം

മനഃസംഘര്‍ഷങ്ങളുടെ നടുവിലാണ് വര്‍ത്തമാനകാല മനുഷ്യ ജീവിതം. ഭൗതിക പരിഹാരങ്ങളെല്ലാം ക്ഷണികമാണെന്ന് മാത്രമല്ല, മറ്റൊരു പ്രശ്‌നത്തിന്റെ തുടക്കം കൂടിയാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. ആത്മീയതയുടെയും മനഃശാസ്ത്ര പഠനങ്ങളുടെയും ചുവട് പിടിച്ച് നിരവധി മെഡിറ്റേഷന്‍ പ്രോഗ്രാമുകളാണ് ഈയിടെ ഉദയം കൊണ്ടത്. അതില്‍ കേരളത്തില്‍ വേര് പിടിച്ച ഒന്നാണ് NLP . എന്താണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്? എന്താണിതിന്റെ അടിസ്ഥാനം? വിശ്വാസികള്‍ക്ക് ഇതില്‍ എത്രമാത്രം ഭാഗവാക്കാവാന്‍ സാധിക്കും? അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു അവലോകനം.

പിശാചും അവന്റെ കൂട്ടാളികളും ഏതുകാലത്തും മനുഷ്യരെ വഴിപിഴപ്പിക്കാന്‍ വേണ്ടി ബദ്ധശ്രദ്ധരാണ്. കാലം മാറുന്നതിനനുസരിച്ച് അവരുടെ പ്രവര്‍ത്തന രീതിയും മാറിക്കൊണ്ടിരിക്കും. ആധുനിക കാലഘട്ടത്തില്‍ ജീവനകലക്കാരും സിദ്ധന്മാരും വ്യാജ ആത്മീയ ചികിത്സകന്മാരും ആളുകളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ടല്ലോ. മനസ്സമാധാനം തേടി അലയുന്ന മനുഷ്യരുടെ വിശ്വാസവും അഭിമാനവും ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരക്കാര്‍ സമൂഹത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്. 

ഇന്ന് ലോകം പൊതുവെ ആത്മീയതയിലേക്ക് അടുത്തു തുടങ്ങിയിട്ടുണ്ട്. ആത്മീയതയുടെ ദാഹം തീര്‍ക്കാന്‍ കൊതിക്കുന്നവര്‍ക്ക് മുന്നില്‍ പാശ്ചാത്യര്‍ പല ചതിക്കുഴികളും അവതരിപ്പിക്കാറുണ്ട്. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമാധാന സന്ദേശത്തിനു തുരങ്കം വെക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ജൂതന്മാര്‍ നിരവധി  പദ്ധതികള്‍ ഈ രംഗത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. പല പേരുകളിലും പല രൂപത്തിലും പല കോലത്തിലും അവര്‍ സമൂഹത്തില്‍ അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

പാശ്ചാത്യര്‍ അവതരിപ്പിക്കുന്ന എന്തും അതിന്റെ പിന്നാമ്പുറങ്ങള്‍ പരിശോധിക്കാതെ പ്രചരിപ്പിക്കാന്‍ ആവേശം കാണിക്കുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലും ഉണ്ട്. അതുമൂലം അവരുടെ വിശ്വാസവും ഇരുലോകത്തുള്ള സമാധാനവും തകരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുക. 

ഇത്തരത്തില്‍ ഇന്ന് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കപട ശാസ്ത്രമാണ്  NLP. അത് സംഘടിപ്പിക്കുന്നവര്‍ നല്‍കുന്ന പരസ്യവാചകങ്ങള്‍ ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ളവയാണ്.

”നിങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ മിനുട്ടുകള്‍ കൊണ്ട് മാറ്റിയെടുക്കുവാന്‍ പറ്റുന്ന, ആധുനിക ലോകത്തെ ഏറ്റവും അത്ഭുതകരവും അതീവ രഹസ്യങ്ങളുമടങ്ങിയ  NLP  എന്ന മനഃശാസ്ത്ര കോഴ്‌സ്…” എന്ന് കാണുമ്പോള്‍ ആരാണ് അതൊന്ന് പരീക്ഷിച്ചു നോക്കാന്‍ ആഗ്രഹിക്കാതിരിക്കുക! 

NLP എന്ന ഓമനപ്പേരില്‍ സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ പ്രോഗ്രാം ഒരു പൈശാചിക വലയാണ് എന്ന കാര്യം തിരിച്ചറിയാന്‍ നാമിനിയും വൈകിക്കൂടാ.

NLPക്ക് (ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്) 1970 ല്‍ അമേരിക്കക്കാരായ ജോണ്‍ ഗ്രിന്‍ഡര്‍, റിച്ചാര്‍ഡ് ബന്‍ട്‌ലര്‍ എന്നീ രണ്ട് വ്യക്തികളാണ് രൂപം കൊടുത്തത്. 

മനുഷ്യന്റെ മനസ്സും ഭാഷയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തി അവന്റെ മനഃസംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും എന്ന ധാരണയിലാണ് ഈ സിദ്ധാന്തം പടുത്തുയര്‍ത്തപ്പെട്ടത്. കൗണ്‍സിലിംഗിന്റെയും മനഃശാസ്ത്രത്തിന്റെയും വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞാണ് ഈയൊരു പദ്ധതി അവര്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്. 

നമ്മുടെ നാഡി വ്യവസ്ഥകളും നമ്മുടെ  ഭാഷയും നമ്മുടെ പെരുമാറ്റ ഗുണങ്ങളും പരസ്പരം ബന്ധിതമാണ്. ഇവയൊക്കെ ‘ഘടനകള്‍’ ആയി രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇവ ഭൗതികമായ അവസ്ഥയിലാണ് ഉള്ളത്. പ്രസ്തുത ഘടനകള്‍ തിരികെ ഓര്‍മിച്ചെടുക്കാന്‍ നമുക്ക് സാധിക്കും. ഇത്പഠിച്ചു കഴിഞ്ഞാല്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തി ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നേടുവാന്‍ നമുക്ക് സാധിക്കും. അഥവാ നമ്മുടെ ജീവിതത്തിലെ സംഭവങ്ങള്‍ തീരുമാനിക്കാന്‍ നമുക്ക് സാധിക്കും. അതുപോലെ ജീവിതത്തില്‍ വിജയം വരിച്ചവരുടെ ഈ വ്യവസ്ഥയെ പഠിച്ചറിഞ്ഞ് അവരെ മോഡല്‍ ആക്കിയാല്‍ നമുക്കും അവരെ പോലെ ആകാന്‍ കഴിയും, ഈ സംഗതിയിലൂടെ എയിഡ്‌സ്, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരെ മാറ്റുവാന്‍ കഴിയും, ഒരു വേള നാം ആഗ്രഹിക്കുന്ന എന്തും കൈക്കലാക്കാന്‍ കഴിയും… എന്നൊക്കെയാണ് ഇവരുടെ ‘തള്ളല്‍!’

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് ഇത് എന്നും അവര്‍ തട്ടിവിടാറുണ്ട്. യഥാര്‍ഥത്തില്‍ ഇന്നുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഒരു സിദ്ധാന്തമാണ് ഇത് എന്നത് ലോകത്ത് ഇന്ന് പരസ്യമായ ഒരു സംഗതിയാണ്.

http://bit.ly/NLP_not_Scientific

ഇതിനുപിന്നിലെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് മുസ്‌ലിം ലോകം തുടക്കത്തില്‍ തന്നെ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങളിലുള്ള, ഇതിന്റെ അപകടം മനസ്സിലാക്കാത്ത ചിലരെങ്കിലും ഇതിന് പിന്നാലെ പോയപ്പോള്‍; ഇസ്‌ലാമിക ലോകത്തുള്ള പണ്ഡിതന്മാര്‍ കക്ഷിഭേദമന്യെ ഈ തിന്മക്കെതിരെ ഫത്വ്‌വകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. 

എതാനും പണ്ഡിതാഭിപ്രായങ്ങളുടെ ലിങ്കുകള്‍ താഴെ നല്‍കുന്നു:

സൗദിഅറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തി ആലുശൈഖ്: http://bit.ly/2SvG9by

ശൈഖ് ഫൗസാന്‍: http://bit.ly/2K ZFSvb

ശൈഖ് സല്‍മാന്‍ റുഹൈലി: http://bit.ly/2BU9bMG

ശൈഖ് ഖാലിദ് ബിന്‍ സഊദ്: http://bit.ly/2RGVOVp

ശൈഖ് ഫൈസല്‍ ഉതയ്ബി: http://bit.ly/2zKOJfE

ഇവരെ കൂടാതെ സ്വാലിഹ് അല്‍ മുനജ്ജിദ്, യുസുഫുല്‍ ഖര്‍ദാവി, വഹബ് സുഹൈലി, അബ്ദുല്‍ അസീസ് മുസ്തഫ, അബ്ദുല്‍ അസീസ് നുഹൈമിഷ്, മുഹമ്മദ് അരീഫി, സിഫ്‌റ് അല്‍ ഹവാലി, അബ്ദുറഹ്മാന്‍ മഹ്മൂദ് തുടങ്ങിയ പണ്ഡിതന്മാരും ഈ തിന്മക്കെതിരെ ശബ്ദമുയര്‍ത്തിയവരാണ്.(http://bit.ly/2SyVok6)

ഫതാവാ ഇസ്‌ലാം വെബിലെ ഫത്‌വയും ഈ വിഷയത്തിലുണ്ട്: http://bit.ly/2EilkNM

മുഹമ്മദ് നാബല്‍സിയും ഇതിനെതിരെ ശബ്ദിച്ചതായി കാണാം:http://bit.ly/2EiStJh

ഇത് അനിസ്‌ലാമികമാണെന്നതിന് പണ്ഡിതന്മാര്‍ നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്: http://bit.ly/2EiyKtm

ചുരുക്കത്തില്‍ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന പ്രശസ്ത സലഫീ പണ്ഡിതന്‍മാരും അല്ലാത്തവരും ഈ തിന്മക്കെതിരെ കൃത്യമായി  ബോധവല്‍ക്കരണം നടത്തിയവരാണ്. ഒരു ആധുനികവിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇങ്ങനെയൊരു ഏകോപനം അപൂര്‍വമാണ്.

എന്തുകൊണ്ട് ഈ ഒരു പദ്ധതി അനിസ്‌ലാമികമാണെന്ന് പറയുന്നു? അത് നാം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. ഒന്നാമതായി മനഃശാന്തി നേടുവാനും മനഃസംഘര്‍ഷം കുറയ്ക്കുവാനും വേണ്ടിയാണ് ഈ ഒരു നൂതന സമ്പ്രദായം ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ള സ്രഷ്ടാവായ അല്ലാഹുവിന്റെ മതത്തില്‍ മനുഷ്യര്‍ക്ക് ബാധിക്കാവുന്ന എല്ലാ പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കുമുള്ള പരിഹാരം ഉണ്ട്. ഇത് വിസ്മരിച്ചു കൊണ്ടും ആ പരിഹാരമാര്‍ഗങ്ങള്‍ അവഗണിച്ചുകൊണ്ടുമാണ് പാശ്ചാത്യരുടെ ഈ പൈശാചികവലയത്തില്‍ ആളുകള്‍ വീഴുന്നത്. മനുഷ്യ മനസ്സില്‍ പൈശാചികത കുത്തി നിറക്കാന്‍വേണ്ടി തന്നെയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.

മനുഷ്യന് യഥാര്‍ഥ മനഃശാന്തി ഇസ്‌ലാമിലൂടെ മാത്രമെ ലഭിക്കുകയുള്ളൂ എന്നുള്ളത് ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലാണ് ഇത്തരത്തിലുള്ള കപട ആത്മീയതയുടെ പുതിയ രൂപങ്ങള്‍ രൂപം കൊള്ളുന്നത്. ഹൈന്ദവ-ബുദ്ധ മതങ്ങളിലെ സന്യാസ മുറയാണ് NLPയുടെ ആകെത്തുക. കണ്ണടച്ച് ദീര്‍ഘനേരം ഇരിക്കുകയും ഒരു വാക്കു തന്നെ നിരന്തരം ആവര്‍ത്തിച്ചു പറയുകയും ഉച്ചത്തിലും പതുക്കെയുമായി അത് ഉരുവിട്ടുകൊണ്ടിരിക്കുകയും ചെയ്താല്‍  മനസ്സിനെ മാറ്റിയെടുക്കാന്‍ കഴിയും എന്ന അബദ്ധധാരണയാണ് ഇതിന്റെ വക്താക്കള്‍ മുന്നോട്ടുവെക്കുന്നത്.

എന്നാല്‍ മനുഷ്യന് മനഃശ്ശാന്തി ലഭിക്കാന്‍ ഇസ്‌ലാമില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. ഒരാള്‍ വിശ്വാസി അഥവാ ‘മുഅ്മിന്‍’ ആകുന്നതോട് കൂടി തന്നെ അവന് വിശ്വാസ രംഗത്തുള്ള നിര്‍ഭയത്വം കടന്നുവരികയാണ്. മുഅ്മിന്‍ എന്ന വാക്കിന് നിര്‍ഭയത്വമുള്ളവന്‍ എന്ന അര്‍ഥംകൂടിയുണ്ടെന്നത് ഓര്‍ക്കുക. അല്ലാഹു പറയുന്നു:

”വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 6:82).

നിര്‍ഭയത്വമാണ് ഏറ്റവും വലിയ സമാധാനം. വിധിയിലുള്ള അടിയുറച്ച ‘ഈമാന്‍’ ഒരു വിശ്വാസിക്ക് നല്‍കുന്നത് അനിര്‍വചനീയമായ ആഹ്ലാദവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത മനഃശാന്തിയുമാണ്. തന്റെ മനസ്സിനെ തനിക്ക് കീഴ്‌പെടുത്താന്‍ കഴിയുമെന്നും അതിലൂടെ എല്ലാം സ്വയം ആര്‍ജിച്ചെടുക്കാന്‍ സാധിക്കുമെന്നുമുള്ള ഒരു കപടമായ ആത്മവിശ്വാസം ജനങ്ങള്‍ക്ക് നേടിക്കൊടുക്കുക എന്നതാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ശൈഖ് ഉഥൈമീന്‍(റഹി) വിധിവിശ്വാസം വിശ്വാസിക്ക് നല്‍കുന്നത് അനിര്‍വചനീയമായ ആഹ്ലാദവും മനഃശാന്തിയും ആണ് എന്ന് വിശദീകരിക്കുന്നത് കാണാനാവും.

അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുക എന്നതാണ് മനഃശാന്തി ലഭിക്കുവാനും പ്രയാസങ്ങളെ മനസ്സില്‍ നിന്ന് ഇറക്കിവെക്കുവാനും ഇസ്‌ലാം നിര്‍ദേശിക്കുന്ന മറ്റൊരു വഴി. അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മയിലൂടെയാണ് ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുക എന്ന ക്വുര്‍ആന്‍ വചനം (13:28) ഈ വിഷയത്തില്‍ ഏറെ പ്രസക്തമാണ്. 

വിശുദ്ധ ക്വുര്‍ആനുമായി അടുക്കുക, ക്വുര്‍ആനിന്റെ പഠിതാവാകുക എന്നതു മനുഷ്യന് മനഃശാന്തി ലഭിക്കുവാനുള്ള പ്രധാന കാരണം തന്നെയാണ്. അഞ്ചുനേരത്തെ നമസ്‌കാരം ഒരു മനുഷ്യന് നല്‍കുന്ന ആത്മീയ നിര്‍വൃതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ് എന്ന നബിﷺയുടെ വാക്ക് ഈ വിഷയത്തിലെ വലിയ ഒരു ചൂണ്ടുപലകയാണ്. ഇഹലോകത്തിന്റെ നശ്വരത ഓര്‍മിച്ചുകൊണ്ടും പരലോകത്തിന്റെ ശാശ്വതത്വം വിസ്മരിക്കാതെയുമാണ് മനുഷ്യന്‍  ഭൂമിയില്‍ ജീവിക്കേണ്ടത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുക, തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് കണ്ണോടിക്കുക, ഒരിക്കലും നിരാശപ്പെടാതിരിക്കുക തുടങ്ങിയ പാഠങ്ങള്‍ പ്രവാചകന്‍ﷺ നമുക്ക് പഠിപ്പിച്ചു തരികയും വിഷമങ്ങള്‍ ബാധിക്കുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനകള്‍ വിശദീകരിച്ചുതരികയും ചെയ്തിട്ടുണ്ട്. ഇങ്ങനെ നിരവധി കാര്യങ്ങള്‍ മനഃപ്രയാസങ്ങള്‍ക്ക് പരിഹാരമായി ഇസ്‌ലാം നിശ്ചയിച്ചു തന്നിരിക്കെ എന്തിനാണ് സത്യവിശ്വാസികള്‍ പാശ്ചാത്യരുടെ നിഗൂഢമാര്‍ഗം പിന്തുടരുന്നത്? 

NLP എന്ന് പറയുന്ന ഈ പദ്ധതിയുടെ പിന്നിലെ  നിഗൂഢതകളും ഇതിന്റെ അനിസ്‌ലാമികതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതിന്റെ പ്രാഥമികമായ ട്രെയിനിങ്ങുകളില്‍ പങ്കെടുത്ത പലരും അതിലെ അനുഭവങ്ങള്‍ ഈ ലേഖകനോട് പങ്കുവെച്ചിട്ടുണ്ട്. വിവിധ മതക്കാരുടെ ആത്മീയ ചികിത്സാകേന്ദ്രങ്ങളില്‍കണ്ടുവരാറുള്ളത് പോലെ മോഹാലസ്യം, വിറയല്‍, മറിഞ്ഞുവീഴല്‍… എന്നിവയൊക്കെ ചഘജയിലും കാണാനാവും. 

നിരന്തരമായി ഒരു വാക്ക് ആവര്‍ത്തിച്ചു  പറഞ്ഞിട്ട് പ്രയാസങ്ങളെയെല്ലാം സൂര്യനിലേക്ക് വലിച്ചെറിഞ്ഞു എന്ന് ആഗ്യം കാണിക്കുന്ന ഒരു ഏര്‍പ്പാട് ഇതിലുണ്ട്. പിശാച് സേവകരുടെ ഇത്തരം ഏര്‍പ്പാടിനെ ഇസ്‌ലാമികമായി എങ്ങനെ സാധൂകരിക്കാന്‍ കഴിയും? 

മുസ്‌ലിം സഹോദരിമാരും സഹോദരന്മാരും വലിയ തുക ഫീസ് കൊടുത്ത് ഇതില്‍ പങ്കെടുക്കുന്നത് ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെയാണ്. ആളുകളെ മാരണത്തിന്റെ മായാവലയത്തില്‍ അകപ്പെടുത്തി, മുഷിപ്പ് തോന്നാത്തവിധത്തില്‍ ഒരേ വാക്കുകള്‍ ഉരുവിട്ട്, അവരുടെ മനസ്സുകളെ പൈശാചിക ലോകത്തേക്ക് ആനയിക്കുന്ന ഈ നിഗൂഢ പദ്ധതിക്ക് കേരളത്തില്‍ ഇപ്പോള്‍ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന വ്യക്തി ഇസ്‌ലാമിക പ്രമാണങ്ങളെ വികലമാക്കി അവതരിപ്പിച്ച് ഈ പൈശാചികതക്ക് തെളിവുണ്ടാക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുകയും ആളുകളുടെ കൈയില്‍നിന്ന് വളരെ ഭീമമായ ഫീസ് ഈടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്ന വസ്തുത സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ രൂപകല്പന ചെയ്ത ഈ ഏര്‍പ്പാടിന് മുസ്‌ലിംകള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കുവാന്‍ വേണ്ടി പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്ന പ്രവണതയെ ജനമധ്യത്തില്‍ തുറന്നു കാണിക്കല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ അതിന്റെ മായാവലയത്തില്‍ പെടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കും. 

ഈ പദ്ധതിയുടെ പല രീതികളും ഹൈന്ദവ-ബുദ്ധ സന്യാസിമാരുടെ പ്രവര്‍ത്തനങ്ങളുമായി അത്ഭുതകരമാംവിധം സാമ്യപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ആള്‍ദൈവങ്ങളും കപടത്വരീക്വത്തുകളുടെ ശൈഖുമാരും ആളുകളെ പൈശാചിക വലയത്തില്‍ പെടുത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ശുദ്ധമായ സിഹ്‌റ് തന്നെയാണ് ഈ ഒരു പദ്ധതിയിലും ഉള്‍ക്കൊണ്ടിട്ടുള്ളത് എന്ന് വിശദമായി പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. 

ഇതിന്റെ ക്ലാസുകളില്‍ പങ്കെടുക്കുകയും കുറെ സംഗതികള്‍ മനസ്സിലാക്കുകയും ഇതിന്റെ പോക്ക് ശരിയല്ല എന്ന് തിരിച്ചറിഞ്ഞ് അതിനോട് വിട പറയുകയും ചെയ്ത ഒരു വ്യക്തിയാണു ഞാന്‍. നല്ല ഒരു കൗണ്‍സിലറെ തേടുന്നതിനിടയില്‍ ഈ എന്‍.എല്‍.പി ട്രെയ്‌നറെ കണ്ടുമുട്ടുകയും അദ്ദേഹം നടത്തുന്ന മൂന്ന് ദിവസത്തെ ബേസിക് കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്തു. ക്വുര്‍ആനും ഹദീഥുകളും ഉദ്ധരിച്ച് കൊണ്ട് കൂടുതല്‍ ശ്രദ്ധയാകര്‍ഷിപ്പിച്ച് നാമറിയാതെ മെല്ലെ മെല്ലെ പൈശാചിക വലയത്തില്‍ അകപ്പെടുത്തുകയാണ് അയാള്‍ ചെയ്യുന്നത്.

അന്ന് അദ്ദേഹത്തോട് ഏറെ ഇഷ്ടം തോന്നിയിരുന്നു. കേരള മുസ്‌ലിംകളിലെ എല്ലാ പ്രാസംഗികരെയും എന്റെ ഈ ക്ലാസ്സില്‍ എത്തിച്ചു തന്നാല്‍ അവരെയൊക്കെ നല്ല ശൈലിയില്‍ ക്ലാസ്സ് എടുക്കുന്നവരാക്കിത്തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ തോന്നിയ ഇഷ്ടം. 

ഒരുപാട് പുസ്തകങ്ങള്‍ എഴുതിയ ആളായത് കൊണ്ട് ക്ലാസ്സിനിടയില്‍ തന്റെ പുസ്തകങ്ങള്‍ മാര്‍ക്കറ്റിങ്ങ് ചെയ്യാനും ഇയാള്‍ ശ്രദ്ധാലുവായിരുന്നു. ഈ കോഴ്‌സിലൂടെ നാവിലെ അള്‍സര്‍ മാറി എന്നൊക്കെ അവകാശപ്പെടുന്ന ആളുകളെയും ഇടക്ക് പരിചയപ്പെടുത്തുമായിരുന്നു. അതൊക്കെ ഇന്റ്റര്‍ മീഡിയേറ്റ് (7000), അഡ്വാന്‍സ്(15000) എന്നീ ലെവലുകളിലാണ് നടക്കുന്നത് എന്ന് സൂചിപ്പിച്ച് അതിലേക്ക് ആകര്‍ഷിപ്പിക്കും.

മൊത്തത്തില്‍ ഒരു കച്ചവട തന്ത്രമായിരുന്നു അതെന്ന് തിരിച്ചറിയാന്‍ സാധിച്ചു. മൂന്നാം ദിവസത്തെ തെറാപ്പിയാണ് ശരിക്കും പൈശാചികതയുടെ അങ്ങേയറ്റം. എന്റെ ജീവിതത്തില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു വ്യക്തിയുടെ ചെറിയ വൈകാരിക ഇടപെടലുകള്‍ എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു, ആ ഒരു പ്രയാസം മാറ്റണം എന്നതായിരുന്നു തെറാപ്പിക്ക് ഒരു വിഷയമായി ഞാന്‍ എടുത്തത്. മൂന്നാം ദിനം എല്ലാവരും പരസ്പരം തെറാപ്പി ചെയ്യുക എന്നതാണെങ്കിലും എനിക്ക് ഇയാള്‍ തന്നെ ചെയ്ത് തന്നു. കണ്ണടച്ചുകൊണ്ട്, പ്രയാസപ്പെടുന്ന ആ സന്ദര്‍ഭത്തെ മനസ്സില്‍ കാണാനും അതിനെ വലുതാക്കി വലുതാക്കി എന്ന് വേഗത്തില്‍ ഉരുവിട്ട് കൊണ്ട് പെട്ടെന്ന് ‘സ്വിഷ്’ എന്ന് പറഞ്ഞ് എന്റെ മുഖത്ത് തടവി അത് സൂര്യനിലേക്ക് വലിച്ചെറിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് എന്തൊക്കെയോ സംഭവിച്ചു. ഞാന്‍ നിലത്ത് വീണു. വലത്തേ കൈ കുറേ നേരത്തേക്ക് തരിച്ച് പോയി. അത് ശരിയാക്കാന്‍ അയാള്‍ക്ക് ഏറെ സമയം ചെലവഴിക്കേണ്ടി വന്നു. പിന്നെ കണ്ണ് തുറന്ന് അദ്ദേഹത്തെ ഒരു പാട് നേരം ആലിംഗനം ചെയ്തു. പിന്നീട് എന്റെ ആ പ്രയാസം മാറി എന്ന് പിശാച് തോന്നിപ്പിച്ചു. ഇതില്‍ പങ്കെടുത്ത പലരും എന്നോട് ഇതുപോലുള്ള അനുഭവം പങ്കുവെച്ചിട്ടുണ്ട്. അറിവില്ലായ്മയില്‍ സംഭവിച്ച ഈ തെറ്റിന് ഞാന്‍ അല്ലാഹുവിനോട് മാപ്പിരന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇതിലെ നിഗൂഢതകളെക്കുറിച്ച് വിശ്വാസികള്‍ക്ക് താക്കീത് നല്‍കാന്‍ എനിക്ക് സാധിച്ചതില്‍ അല്ലാഹുവിന് സ്തുതി. 

മാരണത്തിന്റെ മായാവലയം തീര്‍ക്കുന്നതും മനുഷ്യരുടെ ഇരുലോക ജീവിതത്തെ തകര്‍ക്കുന്നതും സമ്പത്ത് കൊള്ളയടിക്കുന്നതുമായ ഒരു നിഗൂഢ പദ്ധതിയാണ് NLP എന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസികള്‍ ഇത്തരം പൈശാചികതകളെ കുറിച്ച് വ്യക്തമായ ബോധമുള്ളവരായിരിക്കണം. ഇതിന്റെ അടിമയായി മാറുന്നവര്‍ പിന്നീട് രക്ഷപ്പെടാനാവാത്ത വിധം പിശാചിന്റെ കരവലയത്തിനുള്ളില്‍ അമരാനുള്ള സാധ്യത ഏറെയാണ്. പണ്ഡിതന്മാരും ഈ കാര്യങ്ങള്‍ മനസ്സിലാക്കിയ ആളുകളും ഈ നിഗൂഢ പ്രവര്‍ത്തനത്തിനെതിരെ  ശബ്ദമുയത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

ഇഅ്ജാസ് ബിന്‍ ഇസ്മാഈല്‍
നേർപഥം വാരിക

 

നമസ്കാരത്തിൽ സുത്റ (മറ) സ്വീകരിക്കുക.

നമസ്കാരത്തിൽ സുത്റ (മറ) സ്വീകരിക്കുക.

ഇസ്ലാമിലെ ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ് നമസ്കാരം. പരലോകത്ത് ആദ്യം വിചാരണ ചെയ്യുന്ന കർമ്മം. നമസ്കാരത്തിനുളള ശ്രേഷ്ഠതകളും പ്രത്യേകതകളും ഏറെയാണ്. നാം നമസ്കാരത്തിന്റെ രൂപവും രീതിയും പഠിക്കേണ്ടത് നബി (ﷺ) യിൽ നിന്നാണ്. നമസ്കാരവുമായി ബന്ധപ്പെട്ട് പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോകുന്ന വിഷയമാണ് നമസ്കാരത്തിൽ മറ സ്വീകരിക്കുക എന്നത്.

എന്താണ് സുത്റ എന്നു പറഞ്ഞാൽ?

നമസ്കരിക്കുന്ന ആളുടെ മുമ്പിൽ, ഖിബ്’ലക്ക് നേരെ സുജൂദിന്റെ സ്ഥാനത്ത്‌ നിന്നും ഏതാണ്ട്‌ ഒരു മുഴം മാറി നമസ്ക്കരിക്കുന്നയാൾ വെക്കുന്ന ഒരു ‘മറ’യാണ്‌ സുത്‌റ.

ഇന്ന് പലരും  പള്ളിയില്‍ കയറി ഏതെങ്കിലും ഒരു ഭാഗത്ത് നിന്നു കൊണ്ട്  മുമ്പിൽ യാതൊരു മറയും ഇല്ലാതെ നമസ്ക്കരിക്കുന്നത്‌ കാണാൻ കഴിയും. സുത്റയുടെ പ്രാധാന്യം പ്രമാണങ്ങളിൽനിന്നും മനസ്സിലാക്കത്ത താണ് ഇതിന് കാരണം. 

حَدَّثَنَا يَزِيدُ بْنُ أَبِي عُبَيْدٍ، قَالَ كُنْتُ آتِي مَعَ سَلَمَةَ بْنِ الأَكْوَعِ فَيُصَلِّي عِنْدَ الأُسْطُوَانَةِ الَّتِي عِنْدَ الْمُصْحَفِ‏.‏ فَقُلْتُ يَا أَبَا مُسْلِمٍ أَرَاكَ تَتَحَرَّى الصَّلاَةَ عِنْدَ هَذِهِ الأُسْطُوَانَةِ‏.‏ قَالَ فَإِنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يَتَحَرَّى الصَّلاَةَ عِنْدَهَا

യസീദ് ബിന്‍ അബീ ഉബൈദ് (റ)പറയുന്നു : ഞാൻ സലമത് ബ്നുൽ അക്'വഇന്റെ കൂടെ വരുമ്പോൾ മുസ്വ്ഹഫിന്റെ അടുത്തുള്ള തൂണിന്റെ അരികിൽ അദ്ദേഹം നമസ്കരിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: അല്ലയോ അബൂ മുസ്‌ലിം, എന്താണ് താങ്കൾ ഈ തൂണിന്റെയരികിൽ നമസ്കരിക്കുന്നതിൽ ജാഗ്രത കാണിക്കുന്നത്? അദ്ദേഹം പറഞ്ഞു:  'നിശ്ചയം, നബി (സ്വ) അതിന്റെയരികിൽ നമസ്കരിക്കാൻ ജാഗ്രത കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് 

(ബുഖാരി:502 )

عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ الْمُؤَذِّنُ إِذَا أَذَّنَ قَامَ نَاسٌ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم يَبْتَدِرُونَ السَّوَارِيَ حَتَّى يَخْرُجَ النَّبِيُّ صلى الله عليه وسلم وَهُمْ كَذَلِكَ يُصَلُّونَ الرَّكْعَتَيْنِ قَبْلَ الْمَغْرِبِ، وَلَمْ يَكُنْ بَيْنَ الأَذَانِ وَالإِقَامَةِ شَىْءٌ‏

അനസ്(റ)ൽ നിന്ന് : പ്രവാചകൻ (ﷺ) യുടെ പ്രഗത്ഭരായ അനുചരന്മാർ മഗ്'രിബിന്റെ സമയത്ത് തൂണുകളുടെ സമീപത്തേക്ക് (സുന്നത്ത് നമസ്കരിക്കാൻ) ഓടിചെല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്.

(ബുഖാരി: 625)​

പള്ളിയില്‍ വെച്ചുള്ള നമസ്കാരത്തിന് മാത്രമല്ല, പെരുന്നാൾ ദിവസങ്ങളിലെ മൈതാനത്ത് വെച്ചുള്ള നമസ്കാരത്തിനും, യാത്രയിലെ നമസ്കാരത്തിനുമെല്ലാം നബി(ﷺ) സുത്റ സ്വീകരിച്ചിരുന്നു.

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا خَرَجَ يَوْمَ الْعِيدِ أَمَرَ بِالْحَرْبَةِ فَتُوضَعُ بَيْنَ يَدَيْهِ، فَيُصَلِّي إِلَيْهَا وَالنَّاسُ وَرَاءَهُ، وَكَانَ يَفْعَلُ ذَلِكَ فِي السَّفَرِ، فَمِنْ ثَمَّ اتَّخَذَهَا الأُمَرَاءُ

ഇബ്നു ഉമറിൽ(റ) നിന്ന് നിവേദനം :  പെരുന്നാൾ ദിവസം നബി(സ്വ) (നമസ്കാരത്തിനായി) പുറപ്പെട്ടാൽ കുന്തം കൊണ്ടുവരാൻ കൽപിക്കുകയും അങ്ങിനെ അത് അദ്ധേഹത്തിന്റെ മുമ്പിൽ വെക്കപ്പെടുകയും അതിലേക്കു അദ്ദേഹം തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. അദ്ധേഹത്തിന്റെ പിന്നിൽ ജനങ്ങളുണ്ടാവും. അദ്ദേഹം യാത്രയിലും അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. പിന്നീട് ഉമറാക്കളും അങ്ങിനെ ചെയ്യാൻ തുടങ്ങി. 

(ബുഖാരി: 494)​

സുത്റയായി സ്വീകരിക്കാന്‍ ഒന്നുമില്ലാത്ത തുറസ്സായ സ്ഥലത്ത് വെച്ച് നമസ്കരിക്കുകയാണെങ്കില്‍ പോലും നബി(ﷺ) എന്തെങ്കിലും വസ്തു സുത്റയായി സ്വീകരിച്ച് നമസ്കരിക്കുമായിരുന്നു.

(സുത്റയായി സ്വീകരിക്കാന്‍ ഒന്നുമില്ലാത്ത തുറസ്സായ സ്ഥലത്ത് വെച്ച്) നമസ്കരിക്കുമ്പോള്‍ തന്റെ മുന്നില്‍ ഒരു ചെറിയ കുന്തം നാട്ടിവെച്ച്  അതിലേക്ക് തിരിഞ്ഞ് അവിടുന്ന് നമസ്കരിക്കും. ജനങ്ങള്‍ പിന്നിലുണ്ടാകുകയും ചെയ്യും.(ബുഖാരി, മുസ്ലിം, ഇബ്നുമാജ)

ഒരിക്കല്‍ നബി(ﷺ) ഒരു മരത്തിന്റെ നേ൪ക്ക് തിരിഞ്ഞുകൊണ്ട് നമസ്കരിച്ചു.(നസാഇ, അഹ്മദ്)

عن ابن عمر رضي الله عنه أنه إذا لم يجد ما يستتر به قال لنافع رحمه الله ولني ظهرك

ഇബ്നു ഉമറിൽ(റ) നിന്ന് നിവേദനം : സുത്റയാക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ അദ്ദേഹം നാഫിഇനോട്(റ) പുറം തിരിഞ്ഞു നിൽക്കാൻ പറയുമായിരുന്നു.

(മുസ്വന്നഫ് ഇബ്നു അബീശൈബ)​

ഫ൪ളോ സുന്നത്തോ ആയ ഏതു നമസ്കാരമാണെങ്കിലും, നമസ്കരിക്കുന്ന ആളുടെ മുമ്പിൽ ഒരു മറ ഉണ്ടായിരിക്കേണ്ടതാണ്‌. നമസ്കരിക്കുന്നവന്റെ മുമ്പിൽ സുജൂദു ചെയ്യുന്ന ഭാഗത്താണ് സുത്റയുടെ സ്ഥാനം.  സുജൂദ് ചെയ്തു കഴിഞ്ഞാൽ ഒരു ആടിന് നടക്കാനുള്ള അകലമേ സുത്റക്കും നമസ്കരിക്കുന്ന ആൾക്കും ഇടയിൽ ഉണ്ടാവാൻ പാടുള്ളൂ.  സുത്റ, നമസ്കരിക്കുന്ന ആളുടെ മുമ്പിൽ ദൂരെ എവിടെയെങ്കിലും ആയാൽ പോര എന്നർത്ഥം. സുത്റയോട് അടുത്ത് നിൽക്കണമെന്നതാണ് നബിയുടെ(ﷺ) കൽപന.

عَنْ سَهْلِ بْنِ أَبِي حَثْمَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏: إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لاَ يَقْطَعُ الشَّيْطَانُ عَلَيْهِ صَلاَتَهُ

നബി(ﷺ) പറയുന്നു :നിങ്ങളില്‍ ആരെങ്കിലും സുത്റ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നതായാല്‍ അവന്‍ അതിനടുത്ത് നില്‍ക്കേണ്ടതാണ്. പിശാചിന് അവന്റെ നമസ്കാരം മുറിക്കാന്‍ സാധിക്കരുത്. 

(അബൂദാവൂദ്:695 - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )​

നബി(ﷺ) സുത്റയുടെ അടുത്തായി നിൽക്കുമായിരുന്നു.എത്രത്തോളമെന്നാല്‍  അദ്ധേഹത്തിനും ചുമരിനും ഇടയില്‍ മൂന്നു മുഴം (അകലം) മാത്രമേ ഉണ്ടായിരുന്നുള്ളൂ.(ബുഖാരി, അഹ്മദ്)

നബി(ﷺ) സുജൂദ് ചെയ്യുന്ന സ്ഥലത്തിനും ചുമരിനും ഇടയില്‍ ഒരു ആടിന് നടന്നു പോകാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ.(ബുഖാരി, മുസ്ലിം)

എന്തൊക്കെയാണ്‌ സുത്‌റയാക്കുവാൻ ഉപയോഗിക്കാവുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്. ചുമരുകൾ, തൂണുകള്‍, മുമ്പിൽ നാട്ടപ്പെടുന്ന കുന്തം എന്നിവയെല്ലാം സുത്‌റയായി ഉപയോഗിക്കാവുന്നതാണ്. അതേപോലെ സുത്‌റയായി ഉപയോഗിക്കുന്നത്‌ വസ്തുവിന്റെ ഉയരവും നാം മനസ്സിലാക്കേണ്ടതാണ്.

عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم سُئِلَ فِي غَزْوَةِ تَبُوكَ عَنْ سُتْرَةِ الْمُصَلِّي فَقَالَ : كَمُؤْخِرَةِ الرَّحْلِ

ആയിശയില്‍ നിന്ന് നിവേദനം :  ഉഹ്ദു യുദ്ധദിവസം നമസ്കരിക്കുന്ന ആളുടെ സുത്റയെ കുറിച്ച് നബി (സ്വ)ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു : അത് ഒട്ടകക്കട്ടിലിന്റെ പിന്നറ്റം (ഒട്ടകപ്പുറത്ത് ഇരിക്കാൻ ഉപയോഗിക്കുന്ന ഒരു മരക്കഷണം) പോലെയുള്ളതാണ്‌

(മുസ്‌ലിം:500)​

ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ സുത്റക്ക് ഏതാണ്ട് ഒരു മുഴമെങ്കിലും ഉയരമുണ്ടായിരിക്കണമെന്നാണ് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്.

ഒറ്റക്ക് നമസ്കരിക്കുന്ന ആളുടെ മുമ്പിൽ  അത് ഏത് നമസ്കാരമാണെങ്കിലും എവിടെ വെച്ച് നി൪വ്വഹിക്കുകയാണെങ്കിലും ഒരു മറ ഉണ്ടായിരിക്കണമെന്ന് ചുരുക്കം. എന്നാല്‍ ജമാഅത്ത് നമസ്കാരമാണെങ്കിൽ സുത്റ ഇമാമിന് മാത്രം മതിയാകുന്നതാണ്.

എന്നാല്‍ സുത്റയായി നമസ്കരിക്കുന്നവന്റെ മുമ്പിൽ ഒരു വരയെങ്കിലും ഉണ്ടായാൽ സുത്റയായി എന്ന് ചിലർ പറയാറുണ്ട്‌. അതിന് തെളിവായി സ്വഹീഹായ ഹദീസുകളൊന്നും ലഭ്യമല്ല. 

സുത്റക്കും നമസ്കരിക്കുന്ന ആളിന്റേയും ഇടയിലൂടെ ആരും കടന്നുപോകരുത്. ഇക്കാര്യം പള്ളിയില്‍ പ്രവേശിക്കുന്ന ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

عَنْ بُسْرِ بْنِ سَعِيدٍ، أَنَّ زَيْدَ بْنَ خَالِدٍ، أَرْسَلَهُ إِلَى أَبِي جُهَيْمٍ يَسْأَلُهُ مَاذَا سَمِعَ مِنْ، رَسُولِ اللَّهِ صلى الله عليه وسلم فِي الْمَارِّ بَيْنَ يَدَىِ الْمُصَلِّي فَقَالَ أَبُو جُهَيْمٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ لَوْ يَعْلَمُ الْمَارُّ بَيْنَ يَدَىِ الْمُصَلِّي مَاذَا عَلَيْهِ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ ‏"‏‏.‏ قَالَ أَبُو النَّضْرِ لاَ أَدْرِي أَقَالَ أَرْبَعِينَ يَوْمًا أَوْ شَهْرًا أَوْ سَنَةً‏.‏

അബൂജഹ്മ്‌(റ) നിവേദനം: നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ ഒരാള്‍ നടന്നാല്‍ അവനെക്കുറിച്ച്‌ തിരുമേനി(സ) പ്രസ്താവിച്ചത്‌ എന്താണെന്ന്‌ അന്വേഷിച്ചു കൊണ്ട്‌ അദ്ദേഹത്തോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി: നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ നടക്കുന്നവന്‍റെ പേരിലുള്ള കുറ്റമെന്തെന്ന്‌ അവന്‍ ഗ്രഹിച്ചിരുന്നെങ്കില്‍ നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ നടക്കുന്നതിനേക്കാള്‍ അവിടെ നാല്‍പത്‌ നില്‍ക്കുന്നതാണ്‌ അവന്‌ ഉത്തമമാക്കുക. അബൂല്‍നള്‌റ്‌ പറയുന്നു. നാല്‍പത്‌ ദിവസമാണോ അതല്ല നാല്‍പത്‌ മാസമാണോ അതല്ല നാല്‍പത്‌ കൊല്ലമാണോ തിരുമേനി(സ) പറഞ്ഞതെന്ന്‌ എനിക്കുമറിയുകയില്ല

(ബുഖാരി:510)​

സുത്റക്കും നമസ്കരിക്കുന്ന ആളിന്റേയും ഇടയിലൂടെ ആരെങ്കിലും കടന്നുപോകുന്നുവെങ്കില്‍  നമസ്കരിക്കുന്ന ആളിന് അയാളെ തടയാവുന്നതാണ്.

നബി(ﷺ) തന്റേയും മറയുടേയും ഇടയില്‍കൂടി ഒന്നിനേയും കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ അവിടുന്ന് നമസ്കരിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു ആട് അദ്ധേഹത്തിന്റെ മുന്നിലേക്ക് ഓടിയടുത്തു. അപ്പോള്‍ (ആട് മുന്നിലെത്തുന്നതിന് മുമ്പുതന്നെ) അവിടുന്ന് തന്റെ ഉദരം ചുമരിലേക്ക് ചേ൪ത്തിവെക്കും വരെ ധൃതിയില്‍ മുന്നോട്ട് നടന്നു.(അങ്ങനെ ആട് നബിയുടെ(ﷺ) പിന്നിലൂടെ കടന്നുപോയി) (സ്വഹീഹ് ഇബ്നു ഖുസൈമ:1/95/1 – ത്വബ്റാനി :3/14/3 – ഹാകിം സ്വഹീഹാണെന്ന് പറഞ്ഞു: ദഹബി അതിനേട് യോജിച്ചു)

നബി(ﷺ) പറയുമായിരുന്നു:മറ സ്വീകരിച്ചുകൊണ്ടല്ലാതെ നിങ്ങൾ നമസ്കരിക്കരുത്. നിങ്ങളുടെ മുമ്പിലൂടെ ആരെയും കടന്നുപോകാന്‍ അനുവദിക്കുകയും അരുത്.(തടയുമ്പോള്‍) ആരെങ്കിലും ചെറുത്തു നിന്നാല്‍ അവനുമായി മല്ലിടുക.കാരണം അവനോടൊപ്പം ഒരു കൂട്ടാളി (ശൈത്വാന്‍) ഉണ്ട്. (സ്വഹീഹ് ഇബ്നു ഖുസൈമ:1/93/1)

ഒരാള്‍ ഒറ്റക്ക് നമസ്കരിക്കുമ്പോള്‍ കൃത്യമായ അകലത്തില്‍ സുത്റ സ്വീകരിക്കുകയാണെങ്കില്‍ മാത്രമേ സുത്റക്കിടയിലൂടെ കടക്കുന്നവനെ തടയാന്‍ പാടുള്ളൂ. എന്നാല്‍ നമസ്കരിക്കുമ്പോള്‍ സുത്റ സ്വീകരിക്കാതിരിക്കുകയും അല്ലെങ്കില്‍ അകലം വ൪ദ്ധിപ്പിച്ച് സുത്റ സ്വീകരിക്കുകയാണെങ്കില്‍ സുത്റക്കിടയിലൂടെ കടക്കുന്നവനെ തടയാന്‍ പാടില്ല. ജമാഅത്ത് നമസ്കാരം നടന്നുകൊണ്ടിരിക്കെ ആരെങ്കിലും വുളൂ നഷ്ടപ്പെട്ടോ മറ്റോ പുറത്തേക്ക് നമസ്കരിക്കുന്നവരുടെ മുന്നിലൂടെ നടക്കുകയാണെങ്കില്‍ അവനേയും തടയാന്‍ പാടില്ല.

നമസ്കാരത്തിൽ സുത്‌റ സ്വീകരിക്കുന്നത് , നമസ്കാരത്തില്‍ ശൈത്വാന്‍ ശല്യപ്പെടുത്തുന്നതില്‍ നിന്നുള്ള രക്ഷയുമാണ്.

عَنْ سَهْلِ بْنِ أَبِي حَثْمَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏: إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لاَ يَقْطَعُ الشَّيْطَانُ عَلَيْهِ صَلاَتَهُ

നബി(സ്വ) പറയുന്നു :നിങ്ങളില്‍ ആരെങ്കിലും സുത്റ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നതായാല്‍ അവന്‍ അതിനടുത്ത് നില്‍ക്കേണ്ടതാണ്. പിശാചിന് അവന്റെ നമസ്കാരം മുറിക്കാന്‍ സാധിക്കരുത്. 

(അബൂദാവൂദ്:695 - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

നമസ്കാരത്തില്‍ സുത്റ സ്വീകരിക്കുന്നത് വാജിബ്‌ (നി൪ബന്ധം) ആണെന്നാണ് ഇമാം മാലിക്‌(റഹി), ഇമാം അഹ്മ്മദ്‌(റഹി), ഇമാം ശൗകാനി(റഹി), ഇമാം നാസ്വിറുദ്ദീൻ അൽബാനി(റഹി) എന്നിവരുടെ അഭിപ്രായം. സുത്റയില്ലാതെ നമസ്കരിക്കുന്നത് നബി(സ്വ) വിലക്കിയതും യാത്രയിലോ അല്ലാത്ത സമയത്തോ, പള്ളിയിലോ പുറത്തു വെച്ചോ നമസ്കരിച്ചപ്പോഴും സുത്റ സ്വീകരിചിരുന്നുവെന്നതും അതിനുള്ള തെളിവാണ്. സുത്റ ഇല്ലാതെ നബി (സ്വ) ഒരിക്കൽ പോലും നമസ്കരിച്ചതായി യാതൊരു രേഖയുമില്ല. 

നബിയുടെ(ﷺ) നമസ്കാരത്തെ കുറിച്ച് വിവരിക്കുന്ന ശൈഖ് നാസിറുദ്ദീൻ അല്‍ബാനിയുടെ(റഹി) ‘സ്വിഫത്തു സ്വലാത്തിന്നബിയ്യി മിന തക്ബീരി ഇല ത്തസ്ലീമി ക അന്നക്ക തറാഹാ’ എന്ന ഗ്രന്ഥത്തില്‍ നമസ്കരിക്കുന്നവന്റെ മുന്നിലെ മറയും അതിന്റെ അനിവാര്യതയും എന്നൊരു ശീ൪ഷകം തന്നെ കൊടുത്തിട്ടുണ്ട്. അതില്‍ ധാരാളം ഹദീസുകള്‍ അദ്ദേഹം എടുത്തു കൊടുത്തിട്ടുള്ളതായി കാണാം.

كان أحيانا يتحرى الصلاة عند الأسطوانة التي في مسجده

അദ്ദേഹം ചിലപ്പോള്‍  തന്റെ പള്ളിയിലുള്ള തൂണിന്റെ അരികിൽ വെച്ച് നമസ്കരിക്കുവാൻ ജാഗ്രത കാണിച്ചിരുന്നു

(ബുഖാരി, മുസ്ലിം)​

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ശൈഖ് അൽബാനി (റഹി) പ്രസ്തുത ഗ്രന്ഥത്തില്‍ പറയുന്നു:

വലിയ പള്ളിയിലാണെങ്കിൽ പോലും, ഇമാമിനും ഒറ്റയ്ക്ക് നമസ്കരിക്കുന്നവനും സുത്റ അനിവാര്യമാണ്.   ഇമാം അഹ് മദിൽ നിന്നുള്ള മസാഇലിൽ(1/66) ഇബ്നു ഹാനി പറഞ്ഞു: ഒരു ദിവസം ഞാന്‍ മുന്നില്‍ മറയെന്നും കൂടാതെ നമസ്കരിക്കുന്നത് അബൂഅബ്ദില്ല (അതായത്ഇമാം അഹ് മദ് ബിന്‍ ഹമ്പൽ (റ)) കാണാനിടയായി. ഞാന്‍ അന്ന് അദ്ദേഹത്തോടൊപ്പം ജുമുഅ നടക്കുന്ന (വലിയ) പള്ളിയിലായിരുന്നു.  അപ്പോൾ അദ്ദേഹം പറഞ്ഞു: എന്തെങ്കിലും ഒരു വസ്തു കൊണ്ട് സുത്റ സ്വീകരിക്കുക. അങ്ങിനെ ഞാൻ ഒരാളെ സുത് റയായി സ്വീകരിച്ചു. സുത്റ സ്വീകരിക്കുന്ന വിഷയത്തിൽ വലിയ പള്ളിയെന്നോ, ചെറിയ പള്ളിയെന്നോയുള്ള വേ൪തിരിവ് ഇമാം അഹ്മദ് സ്വീകരിച്ചിട്ടില്ല എന്നൊരു സൂചന ഇതിലുണ്ട്. അതാണ്‌ സത്യവും. ഇക്കാര്യത്തിൽ ഇമാമുമാരും അല്ലാത്തവരുമടക്കം, നമസ്കരിക്കുന്നവരിൽ ഭൂരിഭാഗം പേരും വീഴ്ച വരുത്തുന്ന ഒരു സംഗതിയാണിത്. ഞാന്‍ സന്ദ൪ശിച്ച എല്ലാ നാടുകളിലും  അവിടെയുള്ള പള്ളികളിലെ ഇമാമുകള്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.ഈ വർഷം (ഹിജ്റ 1410 ) റജബ് മാസത്തിൽ ഞാന്‍ സന്ദ൪ശിച്ച സഊദി അറേബ്യ പോലും ഇതില്‍ നിന്ന് ഒഴിവല്ല.അതിനാൽ പണ്ഢിതന്‍മാ൪ ഇതിനെ കുറിച്ച് – സുത്റയുടെ പ്രാധാന്യം – ജനങ്ങളെ ഉണ൪ത്തുകയും അതിനുവേണ്ടി ജനങ്ങളെ പ്രേരിപ്പിക്കുകയും  അതിന്റെ വിധികള്‍ വ്യക്തമാക്കി കൊടുക്കുകയും വേണം. ഇക്കാര്യത്തില്‍ പവിത്രമായ രണ്ട് ഹറമുകളും(മക്ക, മദിന) ഉള്‍പ്പെടും.(സ്വിഫത്തു സ്വലാത്തിന്നബിയ്യി മിന തക്ബീരി ഇല ത്തസ്ലീമി ക അന്നക്ക തറാഹാ)

നമസ്കാരത്തിലെ സുത്റയുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടും അത് അവഗണിക്കുന്നവ൪ നബിയുടെ(ﷺ) ഈ ഹദീസ് കൂടി ഓ൪ക്കേണ്ടതാണ്.

صَلُّوا كَمَا رَأَيْتُمُونِي أُصَلِّي

ഞാന്‍ എങ്ങനെ നമസ്കരിക്കുന്നതായി നിങ്ങൾ കണ്ടുവോ അതേ രൂപത്തിൽ നിങ്ങൾ നമസ്കരിക്കുവിൻ

(ബുഖാരി:6008)

നബി ചരിത്രം – 50

നബി ചരിത്രം - 50: ഹിജ്റ നാലാം വർഷം [ഭാഗം: 04]

നബിﷺയും ഉമ്മു സലമയും  رضی اللہ عنھا   തമ്മിലുള്ള വിവാഹം.

ശഅബാൻ മാസത്തിൽ ഒരു യുദ്ധമുണ്ടായി. “ചെറിയ ബദ്ർ” (കാരണം, പരസ്പരം യുദ്ധം ഇതിൽ ഉണ്ടായിട്ടില്ല) എന്നും “ബദറുൽ ആഖിറ” എന്നും ഇത് അറിയപ്പെടുന്നു. “ബദ്റുൽ മൗഇദ്” എന്നും പറയാറുണ്ട്. നബിﷺ തന്റെ കൂടെ 1500 സ്വഹാബികളെയും കൊണ്ടാണ് അങ്ങോട്ട് പോയത്. 10 കുതിരകളും കൂടെയുണ്ടായിരുന്നു. അബൂസുഫ്‌യാൻ മക്കയിൽ നിന്നും 2000 ആളുകളെയും കൊണ്ട് പുറപ്പെട്ടു. അവരുടെ കൂടെ 50 കുതിരകൾ ഉണ്ടായിരുന്നു. നിർബന്ധിതാവസ്ഥയിൽ ആണ് അബൂസുഫ്‌നും ഈ യുദ്ധത്തിന് പുറപ്പെട്ടിട്ടുണ്ടായിരുന്നത്. എന്നാൽ മർറുള്ളഹ്റാൻ എന്ന സ്ഥലത്തെത്തിയപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളിലേക്ക് ഭയം ഇട്ടുകൊടുക്കുകയും യുദ്ധത്തിന് പോകേണ്ടതില്ല എന്ന് അവർ അഭിപ്രായപ്പെടുകയും ചെയ്തു.

വഴിയിൽ വെച്ച് കൊണ്ട് അബൂസുഫിയാൻ തന്നെ ആളുകളോട് പറഞ്ഞു : ഖുറൈശികളെ, ഇത് വളർച്ചയുടെ വർഷമാണ്. സുഭിക്ഷതയുടെ വർഷത്തിൽ അല്ലാതെ നമുക്ക് യുദ്ധം ചെയ്യുന്നത് നന്നല്ല. അപ്പോൾ നമുക്ക് യാത്രയിൽ പഴ വർഗങ്ങൾ ഭക്ഷിക്കാം. പാലു കുടിക്കാം. അങ്ങനെ പലതും ചെയ്യാമല്ലോ അതു കൊണ്ട് ഇപ്പോൾ ഞാൻ മടങ്ങുകയാണ്. നിങ്ങളും മടങ്ങിക്കൊള്ളുക. അങ്ങിനെ എല്ലാ ആളുകളും മടങ്ങിപ്പോയി.

നഈമുബ്നു മസ്‌ഊദുൽ അശ്ജഇയെ അബൂസുഫിയാൻ നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു കൊണ്ട് ഇപ്രകാരം പറയാൻ പറഞ്ഞു. “ഇതു വരൾചയുടെ വർഷമാണ് മുസ്ലിംകളോട് യുദ്ധത്തിനു പുറപ്പെടരുത് ” എന്ന് പറയണം. അബൂസുഫ്യാനും കൂട്ടരും യുദ്ധം ചെയ്യാതെ മക്കയിലേക്ക് തിരിച്ചു പോകുമ്പോൾ പിറകിലൂടെ വന്നു മുഹമ്മദു നബിയുംﷺ അനുയായികളും തങ്ങളെ ആക്രമിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഈ തന്ത്രം പ്രയോഗിച്ചത്.

എന്നാൽ മുഹമ്മദ് നബിﷺ തന്റെ അനുയായികളുമായി ബദറിലേക്ക് പുറപ്പെട്ടു. എട്ടു ദിവസം അവിടെ താമസിച്ചു. അബൂസുഫ്‌യാൻ ചെയ്ത കരാറിനെ പ്രതീക്ഷിച്ചു കൊണ്ടാണ് നബിﷺ അവിടെ നിന്നത്. അതായത് ഉഹ്ദ് യുദ്ധം കഴിഞ്ഞ സന്ദർഭത്തിൽ അടുത്ത വർഷം നമുക്ക് വീണ്ടും കാണാം എന്ന ഒരു കരാർ നടത്തിയിരുന്നു. ആ കരാറിനെ സംബന്ധിച്ചു കൊണ്ടാണ് നബിﷺ ബദറിലേക്ക് പുറപ്പെട്ടതും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായതും . അതിനാൽ തന്നെ യുദ്ധം ഉണ്ടായിട്ടില്ലെങ്കിലും ബദറുൽ മൗഇദ് (കരാറിന്റെ യുദ്ധം)എന്ന പേര് ഇതിനു വരികയും ചെയ്തു.

ഏതായാലും അബൂസുഫിയാനിനെ കാണാതായപ്പോൾ നബിﷺ മദീനയിലേക്ക് മടങ്ങി. നബിﷺ ബദ്റിൽ വന്നതും അബൂസുഫിയാനിനെ കാണാതെ തിരിച്ചു പോയതും ആളുകൾക്കിടയിൽ പ്രചരിച്ചു. അതോടെ ഉഹ്ദിൽ ഉണ്ടായ പരാജയത്തിന് ശേഷം മുസ്‌ലിംകളെക്കുറിച്ച് ആളുകളുടെ മനസ്സുകളിൽ ഉണ്ടായിരുന്ന ധാരണ മാറുകയും ഒരു ഭയം അവരിൽ ഉണ്ടായിത്തീരുകയും ചെയ്തു.

ഈ ശവ്വാൽ മാസത്തിൽ തന്നെയാണ് നബിﷺയും ഉമ്മുസലമ  رضی اللہ عنھا യും തമ്മിലുള്ള വിവാഹം നടക്കുന്നത്. മഖ്സൂമിയ്യ ഗോത്രത്തിൽപ്പെട്ട അബു ഉമ്മയ്യയുടെ മകൾ ഹിന്ദാണ് ഉമ്മുസലമ رضی اللہ عنھا.  അവരുടെ ഭർത്താവ് അബൂസലമ ആയിരുന്നു. അതായത് മഖ്സൂമിയ ഗോത്രത്തിൽപ്പെട്ട അബ്ദുൽ അസദിന്റെ മകൻ അബ്ദുല്ല. ഉമ്മുസലമയുടെ എളാപ്പയുടെ മകനായിരുന്നു അദ്ദേഹം. സലമ, ഉമർ, സൈനബ്, ദുർറ എന്നീ മക്കൾ ഈ ദമ്പതിമാർക്ക് ഉണ്ടായിട്ടുണ്ട്. അങ്ങേയറ്റത്തെ ഭംഗിയുടെയും ബുദ്ധിസാമർത്ഥ്യത്തിന്റെയും ശക്തമായ അഭിപ്രായങ്ങളുടെയും യും വക്താവായിരുന്നു ഉമ്മു സലമ. സൗന്ദര്യവും തറവാട്ടു മഹിമയും അവർക്കുണ്ടായിരുന്നു. അവരുടെ ഭർത്താവിന്റെ മരണത്തെക്കുറിച്ച് മുൻ അദ്ധ്യായത്തിൽ നമ്മൾ സൂചിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു പ്രയാസം ബാധിക്കുകയും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുകയും ശേഷം അല്ലാഹുവേ ഈ വിപത്തിൽ എനിക്ക് പ്രതിഫലം നൽകേണമേ, അതിനെക്കാൾ നല്ലത് എനിക്ക് നീ പ്രദാനം ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യണം എന്ന് നബി പഠിപ്പിച്ച കാര്യത്തെക്കുറിച്ച് ഉമ്മുസലമ رضی اللہ عنھا പറഞ്ഞതായി കഴിഞ്ഞ അധ്യായത്തിൽ നാം പഠിച്ചിട്ടുണ്ട്. എന്റെ ആ പ്രാർത്ഥനയുടെ ഫലമായിരുന്നു നബിയെ ഭർത്താവായി എനിക്ക് കിട്ടിയത് എന്നും ഉമ്മു സലമ رضی اللہ عنھا പറയുന്നുണ്ട്. (മുസ്ലിം: 918)

ഉമ്മുസലമ رضی اللہ عنھا യുടെ ഇവിടെ ഇദ്ദ കാലം കഴിഞ്ഞപ്പോൾ അബൂബക്കറുംرضي الله عنه ഉമറുമെല്ലാംرضي الله عنه അവരെ വിവാഹാന്വേഷണം നടത്തിയിരുന്നു. പക്ഷേ അവർ സമ്മതിച്ചിരുന്നില്ല. അങ്ങിനെയാണ് നബിﷺ തനിക്കു വേണ്ടി അവരെ വിവാഹ അന്വേഷണം നടത്താൻ ഒരു ദൂതനെ ഉമ്മുസലമയുടെ അടുക്കലേക്ക് പറഞ്ഞയക്കുന്നത്. തുടക്കത്തിൽ ഉമ്മുസലമയും رضی اللہ عنھا ഈ വിവാഹ അന്വേഷണത്തെ നിരസിക്കുകയാണ് ചെയ്തത്. അവർ പറഞ്ഞു: നിങ്ങൾ നബിﷺയോട് ഇപ്രകാരം പറയുക” ഞാൻ അൽപം കോപിക്കുന്ന ഒരു സ്ത്രീയാണ്. എനിക്ക് കുട്ടികളുണ്ട്. മാത്രവുമല്ല എന്റെ വലിയ്യായി സാക്ഷി നിൽക്കാൻ എനിക്ക് ആരുമില്ല”.

ദൂതൻ ഇക്കാര്യം നബിﷺയെ തിരിച്ചു വന്ന് അറിയിച്ചു. അപ്പോൾ നബിﷺ വീണ്ടും അദ്ദേഹത്തെ ഇപ്രകാരം പറയാൻ ആവശ്യപ്പെട്ടു കൊണ്ട് പറഞ്ഞയച്ചു. “നിങ്ങൾക്ക് കുട്ടികൾ ഉണ്ട് എന്ന് പറഞ്ഞല്ലോ, കുട്ടികളെ സംരക്ഷിക്കാൻ അല്ലാഹുതആല മതിയായവനാണ്. നിങ്ങൾ കോപിക്കുന്ന ഒരു സ്ത്രീയാണെന്ന് പറഞ്ഞല്ലോ, നിങ്ങളുടെ കോപം നീങ്ങിപ്പോകാൻ ഞാൻ അല്ലാഹുവോട് പ്രാർത്ഥിക്കാം. എന്നാൽ സാക്ഷിയുടെ കാര്യം, എന്നെ തൃപ്തിപ്പെടുന്ന അള്ളാഹുവുണ്ട്. ഇങ്ങനെയാണ് നബിയും ഉമ്മുസലമ യും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ഇമാം അഹ്മദിന്റെ 26669ാം ഹദീസിൽ നമുക്ക് ഇത് കാണാം. ഉമ്മുസലമയെ رضی اللہ عنھا വിവാഹം കഴിച്ചതിനു ശേഷം മൂന്നു ദിവസം അവരുടെ കൂടെ നബിﷺ താമസിച്ചു. (മുസ്ലിം: 1460)
തൻറെ 90ാ മത്തെ വയസ്സിലാണ് ഉമ്മുസലമ رضی اللہ عنھا മരണപ്പെടുന്നത്. ഹിജ്റ അറുപത്തിയൊന്നാം വർഷമായിരുന്നു അത്. യസീദ് ബിൻ മുആവിയرضي الله عنهയാണ് അന്ന് ഭരണം നടത്തിയിരുന്നത്. നബിﷺയുടെ ഭാര്യമാരിൽ ഏറ്റവും അവസാനം മരണപ്പെട്ട ഭാര്യയുമാണ് ഉമ്മു സലമ رضی اللہ عنھا. മദീനയിലെ ബഖീഇലാണ് അവരെ മറവ് ചെയ്തത്.

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 49

നബി ചരിത്രം - 49: ഹിജ്റ നാലാം വർഷം [ഭാഗം: 03]

ബനൂ നളീർ യുദ്ധം

റബീഉൽ അവ്വൽ മാസത്തിലാണ് ബനൂ നളീർ യുദ്ധം ഉണ്ടാകുന്നത്. യുദ്ധത്തിന് മൂന്ന് കാരണങ്ങളാണ് ചരിത്രത്തിൽ കാണുവാൻ സാധിക്കുന്നത്.
(1) ഖുറൈശികൾ ജൂതന്മാരിലേക്ക് ആളെ അയച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു:” നിങ്ങൾ മുഹമ്മദിനോട് യുദ്ധം ചെയ്യാത്ത പക്ഷം ഞങ്ങൾ നിങ്ങളോട് യുദ്ധം ചെയ്യും”. ഈ ഭീഷണി കാരണത്താൽ ബനൂ നളീറുകാർ ഖുറൈശികളുടെ ആഗ്രഹത്തിന് വശം വദരായി. അങ്ങിനെ ചതിയിലൂടെ നബിﷺയെ കൊല്ലുവാനോള്ള ഒരു പ്ലാനും അവർ ഉണ്ടാക്കി.
ഇതിന്റെ ഭാഗമായി മുഹമ്മദ് നബിﷺയോട് 30 ആളുകളെയും കൂട്ടി ജൂതന്മാർ വരാൻ പറഞ്ഞു. വസ്വത് എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് അവരുടെ 30 പുരോഹിതന്മാർ ഉണ്ട്. അവരുമായി സംസാരിച്ച് ആ പുരോഹിതന്മാർ മുഴുവൻ മുഹമ്മദിനെ സത്യപ്പെടുത്തുന്നുവെങ്കിൽ ജൂതന്മാർ മുഴുവനും മുഹമ്മദ് നബിയിﷺൽ വിശ്വസിക്കും എന്നായിരുന്നു അവർ പറഞ്ഞത്. പക്ഷേ ഇതു പറഞ്ഞ ജൂതന്മാർക്ക് തന്നെ മുഹമ്മദ്ﷺ  ആളുകളെയും കുട്ടി വന്നാൽ എന്താകും എന്ന പേടിയും ഉണ്ടായി. അതു കൊണ്ട് അവർ പറഞ്ഞു: മുഹമ്മദും 3 ആളുകളും വന്നാൽ മതി. അവർക്ക് ജൂതന്മാരുടെ 3 പുരോഹിതന്മാരുമായി ഇരുന്നു ചർച്ച ചെയ്യാം. അങ്ങിനെ പുരോഹിതന്മാർ അവരുടെ കഠാരകളും ഒരുക്കി മുഹമ്മദ് ﷺ നബിയെ കാത്തിരുന്നു.

എന്നാൽ ജൂതന്മാരിൽ പെട്ട ഒരു സ്ത്രീ തന്നെ അവളുടെ മുസ്ലിമായ സഹോദരനോട് ഈ രഹസ്യം തുറന്നു പറഞ്ഞു. ഈ വിവരം നബിﷺ അറിഞ്ഞപ്പോൾ ജൂതന്മാരുടെ അടുക്കലേക്ക് ചെല്ലാതെ തിരിച്ചു പോരുകയും ചെയ്തു. ശേഷം നബിﷺ വലിയ ഒരു സൈന്യത്തെ ഒരുക്കുകയും ജൂതന്മാരെ അവരുടെ വീടുകൾക്കുള്ളിൽ വെച്ച് വലയം ചെയ്യുകയും ചെയ്തു. അവസാനം നബിﷺ അവർക്ക് ഇറങ്ങി പോകാനുള്ള അനുമതി നൽകി. ആയുധങ്ങളൊന്നും എടുക്കാതെ ഒട്ടകങ്ങൾക്ക് ചുമക്കാൻ കഴിയുന്ന വസ്തുക്കൾ എടുത്തു പോകുവാനുള്ള അനുവാദം നൽകി. ഖുബാ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തായിരുന്നു ബനൂ നളീറിന്റെ വീടുകൾ ഉണ്ടായിരുന്നത്.

(2) അംറുബ്നു ഉമയ്യതുള്ളംരിرضي الله عنه എന്ന സഹാബി കൊലപ്പെടുത്തിയ 2 ആളുകൾക്കുള്ള പ്രായശ്ചിത്തം നൽകാൻ വേണ്ടി നബിﷺ ബനൂ നളീറുകാരിലേക്ക് പുറപ്പെട്ടു.

പ്രായ ശ്ചിത്തങ്ങളുടെ വിഷയത്തിൽ ജൂതന്മാരെ സഹായിക്കാമെന്ന കരാർ നബിﷺ അവരോട് മുമ്പ് നടത്തിയിരുന്നു. അങ്ങിനെ നബി ﷺ മസ്ജിദു ഖുബാഇൽ വരികയും അതിൽ വച്ചുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു. നബിﷺയോടൊപ്പം തന്റെ ചില സ്വഹാബിമാരും ഉണ്ടായിരുന്നു.

ശേഷം ബനൗ നളീർ കാരുടെ അടുക്കലേക്ക് വരികയും അവരോട് സംസാരിക്കുകയും ചെയ്തു. അപ്പോൾ അവർ പറഞ്ഞു: ശരി അബുൽ ഖാസിം. താങ്കൾ ഇഷ്ടപ്പെടുന്ന കാര്യത്തിൽ ഞങ്ങൾ നിങ്ങളെയും സഹായിക്കാം. ജൂതന്മാർ ചെയ്ത കരാർ പാലിക്കുന്നതും പ്രതീക്ഷിച്ചു കൊണ്ട് നബിﷺ അവരുടെ വീടുകളിൽ ഒരു വീടിന്റെ പരിസരത്ത് ഇരുന്നു.

അബൂബക്കറുംرضي الله عنه  ഉമറുംرضي الله عنه  അലിയുംرضي الله عنه പിന്നെ വേറെ ചില സ്വഹാബികളും ആയിരുന്നു അപ്പോൾ നബിﷺ യോടൊപ്പം ഉണ്ടായിരുന്നത്. ജൂതന്മാർ നബിയുﷺടെ അടുക്കൽ നിന്നും പിരിഞ്ഞു പോയപ്പോൾ അവർ പരസ്പരം ഇപ്രകാരം പറഞ്ഞു: “മുഹമ്മദിന്റെ കാര്യത്തിൽ ഇതിനെക്കാൾ നല്ല ഒരു അവസരം നമുക്ക് ലഭിക്കുകയില്ല. അതു കൊണ്ട് ആർക്കെങ്കിലും സാധിക്കുമെങ്കിൽ ആ വീടിന്റെ മുകളിൽ കയറി വലിയ ഒരു പാറക്കല്ല് മുഹമ്മദിന്റെ തലയിലേക്ക് ഇട്ടാൽ മുഹമ്മദിന്റെ എല്ലാ ശല്യത്തിൽ നിന്നും നമുക്ക് ആശ്വാസം ലഭിക്കും”.

അംറുബ്നു ജഹ്‌ഹാശുബ്നു കഅ്‌ബ് എന്ന വ്യക്തിയെ ഇതിനു വേണ്ടി അവർ ഒരുക്കി നിർത്തുകയും ചെയ്തു. അയാൾ പറഞ്ഞു:” ഞാൻ അതിനു തയ്യാറാണ്”. നബിﷺയുടെ തലയ്ക്കുമുകളിലൂടെ കല്ല് ഇടുന്നതിനു വേണ്ടി അയാൾ വീടിന് മുകളിൽ കയറി. ഉടനെ നബിﷺയുടെ അടുക്കലേക്ക് ജിബ്‌രീൽ വരികയും ജൂതന്മാരുടെ ഉദ്ദേശത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. നബി അവിടെ നിന്നും എണീറ്റ് അതി വേഗതയിൽ മദീനയിലേക്ക് പോയി.

നബിﷺയുടെ കൂടെ ഉണ്ടായിരുന്ന അനുചരന്മാർ മസ്ജിദ് ഖുബയുടെ സമീപത്തു തന്നെ ഉണ്ടായിരുന്നു. നബിﷺ തിരിച്ചു വരുന്നത് കാണാതായപ്പോൾ അവർ നബിﷺയെ തേടി മദീനയിലേക്ക് പുറപ്പെട്ടു.

വഴിയിൽ വെച്ച് മദീനയിൽ നിന്നും ഇങ്ങോട്ട് വരുന്ന ഒരാളെ കണ്ടപ്പോൾ നബിﷺയെക്കുറിച്ച് അന്വേഷിച്ചു. നബിﷺ മദീനയിലേക്ക് പ്രവേശിക്കുന്നതായി ഞാൻ കണ്ടു എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. അങ്ങിനെ ആ സ്വഹാബിമാർ മദീനയിൽ നബിﷺയുടെ അടുക്കൽ എത്തി. ജൂതന്മാർ ഉദ്ദേശിച്ച ചതിയെക്കുറിച്ച് നബിﷺ സ്വഹാബിമാരെ വിവരമറിയിച്ചു. മാത്രവുമല്ല, അവരോട് യുദ്ധം ചെയ്യാൻ വേണ്ടി ഇറങ്ങിപ്പുറപ്പെടാനുള്ള കല്പനയും നബി നൽകി. ഈ ഒരു സന്ദർഭത്തെ കുറിച്ചാണ് അള്ളാഹു പറയുന്നത് (മാഇദ :11)

(3) ബനൂ നളീർ യുദ്ധത്തിന്റെ മൂന്നാമത്തെ കാരണമായി ചരിത്രം പറയുന്നത് ഇപ്രകാരമാണ്.
ബനൂ നളീറുകാർ ഖുറൈശികളുടെ അടുക്കലേക്ക് ചെല്ലുകയും നബിﷺയോടും മുസ്‌ലിംകളോടും യുദ്ധം ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. 
ഇത്തരം കാരണങ്ങളാലാണ് നബിﷺ ബനൂ നളീറു കാരെ മദീനയിൽ നിന്നും പുറത്താക്കിയത്.

നബിﷺയേയും സ്വഹാബികളെയും അവർ ചതിച്ചു. കരാറുകൾ അവർ ലംഘിച്ചു. അപ്പോൾ നബിﷺ മുഹമ്മദുബ്നു മസ്‌ലമയെرضي الله അവരിലേക്ക് പറഞ്ഞയക്കുകയും “മദീനയിൽ നിന്നും എല്ലാവരും പുറത്തു പോകണം എന്നും ഇനി നമ്മൾ ഒരുമിച്ചുള്ള ജീവിതം മദീനയിൽ വേണ്ട എന്നും നിങ്ങൾ ചതിയന്മാരാണെന്നും മദീനയിൽ ഇനി ആരെയെങ്കിലും കണ്ടാൽ അവരുടെ കഴുത്തു വെട്ടും എന്നും” പറയാൻ നബിﷺ ഏൽപ്പിച്ചു. ഇതോടെ ബനൂ നളീറുകാർ മദീനയിൽ നിന്നും പുറത്തു പോകുവാനോള്ള ഒരുക്കങ്ങളുമായി നിൽക്കുന്ന അവസരത്തിൽ മുനാഫിക്കുകൾ ഈ വിവരം അറിഞ്ഞു. അവരുടെ നേതാവായ ഇബ്നു സലൂൽ ബനൂ നളീറുകാരുടെ അടുത്ത് ചെന്നു കൊണ്ടു പറഞ്ഞു: നിങ്ങൾ നിങ്ങളുടെ വീടുകളിൽ നിന്നും ഒരിക്കലും പുറത്തു പോകരുത്. ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്.

ഇതു കേട്ടതോടെ ബനൂ നളീറുകാരുടെ മനസ്സിന് ശക്തി ലഭിച്ചത് പോലെയായി. അപ്പോൾ അവർ ബനൂ നളീറിന്റെ നേതാവായ ഹുയയ്യുബ്നു അഖ്തബിനെ നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. എന്നിട്ട് പറഞ്ഞു: ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ വീടുകൾ വിട്ടു പോവുകയില്ല. മുനാഫിക്കുകളുടെ ഈ ഇട പെടലിനെ കുറിച്ച് അല്ലാഹു പറയുന്നു (ഹഷ്ർ: 11- 13) ഇതോടെ നബിﷺ തന്റെ അനുചരന്മാരെയും കൂട്ടി ബനൂ നളീർ കാരിലേക്ക് പുറപ്പെട്ടു. മദീനയുടെ ചുമതല ഇബ്നു ഉമ്മി മഖ്തൂമിനെرضي الله ഏൽപ്പിച്ചു.

നബിയും സ്വഹാബിമാരും വരുന്നത് കണ്ടപ്പോൾ ജൂതന്മാർ അവരുടെ കോട്ടകളിൽ അഭയം തേടി.കോട്ടകൾക്കുള്ളിൽ നിന്നു കൊണ്ട് അവർ മുസ്ലിംകൾക്ക് നേരെ കല്ലെറിയാനും അമ്പെയ്യാനും തുടങ്ങി. നബിﷺ യും സ്വഹാബിമാരും അവരുടെ കോട്ടകളെ വളഞ്ഞു. അവരുടെ ഈത്തപ്പന മരങ്ങൾ മുറിച്ചു കളയുവാനും കരിച്ചു കളയുവാനും കൽപ്പിച്ചു. അല്ലാഹുവിന്റെ കല്പനപ്രകാരം ആയിരുന്നു ഈ നട പടികൾ (ഹശ്റ്: 5) കോട്ടകളിൽ നിന്ന് ഇറങ്ങി വരുവാനും ഈത്തപ്പന മരങ്ങൾ അവർ തന്നെ മുറിച്ചു കളയുവാനും മുസ്ലിംകൾ ജൂതന്മാരോട് ആവശ്യപ്പെട്ടു. ജൂതന്മാർക്കുള്ള നിന്ദ്യതയും അവരെ ഭയപ്പെടുത്തലുമായിരുന്നു ഇതിന്റെ ലക്ഷ്യം.

മുനാഫിക്കുകൾ ജൂതൻമാരെ സഹായിക്കാൻ നിന്നില്ല. ബദറിൽ പ്രത്യക്ഷപ്പെട്ട ഇബിലീസിന്റെ ഉദാഹരണമാണ് ഈ സന്ദർഭത്തിൽ മുനാഫിക്കുകൾക്ക് അനുയോജ്യമായത്. (ഹശ്ർ :16, 17) ജൂതന്മാരുടെ മനസ്സുകളിൽ അള്ളാഹു ഭയം ഇട്ടു കൊടുത്തു. മുസ്ലിംകൾ അവരെ വലയം ചെയ്തത് അവർക്ക് വലിയ ഭാരമായി. അവരുടെ കോട്ടകൾ അല്ലാഹുവിൽ നിന്നും അവരെ തടയുകയില്ല എന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ ഞങ്ങൾ മദീനയിൽ നിന്നും പുറത്തു പോകാം എന്ന് അവർ നബിﷺ യോട് കരാർ ചെയ്തു.

ആയുധങ്ങൾ അല്ലാത്ത മറ്റു വിഭവങ്ങളും സമ്പത്തും ഒട്ടകത്തിനു വഹിക്കാവുന്നത് എടുക്കാമെന്ന കരാറും ഉണ്ടായിരുന്നു. ഇവരെ കുറിച്ചാണ് അല്ലാഹു ഇപ്രകാരം ആയത്ത് അവതരിപ്പിച്ചത് ( ഹശ്ർ:2-3) ഒട്ടകങ്ങൾക്ക് വഹിക്കാവുന്നതുമെടുത്ത് അവർ പുറത്തിറങ്ങി. 600 ഒട്ടകങ്ങളാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്. വീടുകൾ പോലും അവർ തകർത്ത് അതിന്റെ എൻറെ വാതിലുകളും ജനലുകളും കൂടെ എടുത്തു. അവർക്ക് ശേഷം മുസ്ലിംകൾ അത് ഉപയോഗപ്പെടുത്തരുന്നത് എന്ന ഉദ്ദേശമായിരുന്നു അവർക്ക്.

സല്ലാം ഇബ്‌നു അബീ ഹുഖൈഖ്, കിനാനതുബ്നു റബീഅ്, ഹുയയ്യുബ്നു അഖ്തബ്, തുടങ്ങിയ ജൂത നേതാക്കന്മാർ ഖൈബറിലേക്കും മറ്റു ചിലർ ശാമിലേക്കുമാണ് പോയത്. അവർ വിട്ടേച്ചുപോയ സമ്പത്തും ആയുധങ്ങളും നബിﷺ ശേഖരിച്ചു. ബനൂ നളീർ കാരുടെ സമ്പത്തും ഭൂമിയും വീടുകളും പ്രവാചകന്റെ ഇഷ്ട പ്രകാരം വീതിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അഞ്ചിലൊന്ന് പ്രവാചകന് എന്ന നിയമം അവിടെ ഉണ്ടായിരുന്നില്ല. കാരണം യുദ്ധം നടത്താതെ ലഭിച്ച സ്വത്തായിരുന്നു ഇത്. “ഫൈഅ്‌” എന്നാണ് ഇതിനു പറയുക. യുദ്ധം ചെയ്തതിനു ശേഷം ലഭിക്കുന്നതിനാണ് “ഗനീമത്ത്” എന്നു പറയുന്നത്. (ഹഷ്ർ: 6)

ബനൂ നളീർ നിന്നും ലഭിച്ച അധിക സ്വത്തും നബി ﷺ മുഹാജിറുകൾക്കാണ് നൽകിയത്. അവരിൽ മാത്രമായിക്കൊണ്ടാണ് നബിﷺ അത് ഓഹരി വെച്ചത്. മുഹാജിറുകളുടെ ദാരിദ്ര്യമായിരുന്നു ഇതിനു കാരണം. ഇതോടു കൂടി അല്ലാഹു മുഹാജിറുകളെ സമ്പന്നരാക്കുകയും അവരുടെ ദാരിദ്ര്യം നീക്കി കളയുകയും ചെയ്തു. ബാക്കിയുള്ള സ്വത്തിൽ നിന്നും അല്പം നബിﷺ തന്റെ കുടുംബത്തിന്റെ ഒരു വർഷത്തെ ചെലവിനായി മാറ്റി വെച്ചു. ബാക്കിയുള്ളത് അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങുവാനുള്ള ആയുധങ്ങൾക്കും മാറ്റി വെച്ചു. സൂറത്തു ഹശ്റിലെ മിക്ക ആയത്തുകളും ബനൂ നളീറുമായി ബന്ധപ്പെട്ടു കൊണ്ട് ഇറങ്ങിയതാണ്. ഇമാം ബുഖാരിയുടെ 4030, 4028 തുടങ്ങിയ ഹദീസുകളിലും ഇമാം മുസ്ലിമിന്റെ 1771 ാമത്തെ ഹദീസിലും ബനൂ നളീറുമായി ബന്ധപ്പെട്ട ഈ വിഷയങ്ങൾ കാണാം.

ഇത്രയൊക്കെയായിട്ടും ജൂതന്മാർ അവരുടെ കുതന്ത്രങ്ങൾ അവസാനിപ്പിച്ചില്ല. മറിച്ച് പല കക്ഷികളെയും അവർ പ്രവാചകനെതിരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അങ്ങിനെയാണ് ഖന്തക്ക് യുദ്ധം ഉണ്ടാകുന്നത്. ഇൻഷാ അള്ളാ അത് വഴിയേ വിശദീകരിക്കാം.

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 
 

സമ്പത്ത്: അനുഗ്രഹവും പരീക്ഷണവും

സമ്പത്ത്: അനുഗ്രഹവും പരീക്ഷണവും

അല്ലാഹു മനുഷ്യന് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ സുപ്രധാനമായ ഒന്നാണ് സമ്പത്ത് എന്നത്. ധനം ആരുടെയും കുത്തകയല്ല. മറിച്ച് അല്ലാഹു അവന്റെ ഇഷ്ടപ്രകാരം വീതിച്ച് കൊടുത്ത അനുഗ്രഹമാണ്. 

”അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം”(ക്വുര്‍ആന്‍ 43:32).

ഈ നിലയ്ക്ക് അല്ലാഹു ധനം വീതിച്ചതിലുള്ള ഏറ്റക്കുറച്ചിലില്‍ കൃത്യമായ യുക്തിയും ലക്ഷ്യവും അല്ലാഹുവിനുണ്ട്.

”അല്ലാഹു തന്റെ ദാസന്‍മാര്‍ക്ക ് ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ, അവന്‍ ഒരു കണക്കനുസരിച്ച്താന്‍ ഉദ്ദേശിക്കുന്നത് ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 42:27).

എല്ലാവര്‍ക്കും ഒരേപോലെ ധനം നല്‍കപ്പെട്ടാല്‍ ലോകത്തിന് പുരോഗമനമോ വളര്‍ച്ചയോ ഉണ്ടാകുമായിരുന്നില്ല. പ്രവര്‍ത്തനങ്ങള്‍ നടക്കുകയില്ല. മറിച്ച് എല്ലാം വെട്ടിപ്പിടിക്കാനുള്ള മത്സരവും അതിനുവേണ്ടിയുള്ള അക്രമങ്ങളും അതിലൂടെ മനുഷ്യരുടെ നാശവുമായിരിക്കും സംഭവിക്കുക.

ധനം ലഭിച്ചവര്‍ക്ക് ഉത്തരവാദിത്തങ്ങളുണ്ട്. അര്‍ഹരായവരിലേക്ക് എത്തിച്ച് കൊടുക്കുക എന്നതാണത്. ഇവിടെ കഷ്ടപ്പെടുന്നവരുണ്ട്. പട്ടിണി അനുഭവിക്കുന്നവരുണ്ട്. മാറാരോഗങ്ങളാല്‍ കണ്ണീര്‍ തോരാത്തവരുണ്ട്. ആരുടെയും അവസ്ഥകള്‍ ശാശ്വതമല്ല. അവസ്ഥകള്‍ എപ്പോഴും മാറാം. ഇന്നത്തെ ഉള്ളവന്‍ നാളത്തെ ഇല്ലാത്തവനാകാം.

പണമാണ് എല്ലാം; അതെനിക്കുണ്ട്, ഇനി എനിക്കെന്തുമാകാം എന്ന ചിന്താഗതി  ഒരു സത്യവിശ്വാസിക്ക് ഒരിക്കലും യോജിച്ചതല്ല. ഇരുതല മൂര്‍ച്ചയുള്ള വാളാണ് ധനം. ആരെയും വെട്ടാം. മനുഷ്യജീവിതത്തിലെ ഒരു വലിയ പരീക്ഷണം കൂടിയാണ് പണം. അല്ലാഹു പറയുന്നു:

”നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍” (ക്വുര്‍ആന്‍ 96: 6,7).

ധനത്തെക്കുറിച്ച് അല്ലാഹു സൂചിപ്പിച്ചേടത്തെല്ലാം വളരെ ഗൗരവകരമായ കാര്യങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. മരണശേഷം പണം ഫലം ചെയ്യില്ല എന്ന് പറയുന്നു: ”അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല” (ക്വുര്‍ആന്‍ 92:11). 

ധനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ക്വബ്‌റിനെക്കുറിച്ച് ഉണര്‍ത്തി: ”തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്‌നേഹം കഠിനമായവനാകുന്നു. എന്നാല്‍ അവന്‍ അറിയുന്നില്ലേ? ക്വബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ടു വരപ്പെടുകയും…” (ക്വുര്‍ആന്‍ 100:8,9). 

ധനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അന്ത്യദിനത്തെക്കുറിച്ചുണര്‍ത്തി:” അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു. അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും നിന്റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും…”(ക്വുര്‍ആന്‍ 89: 19-22). 

അതുകൊണ്ട് തന്നെ സമ്പാദിക്കേണ്ടതുപോലെ സമ്പാദിക്കുകയും ചെലവഴിക്കേണ്ടിടത്ത് ചെലവഴിക്കുകയും ചെയ്തില്ലെങ്കില്‍ മനുഷ്യന്റെ നാശഹേതുവാണ് പണമെന്നകാര്യത്തില്‍ സംശയമില്ല.

മറ്റുള്ളവരെ എപ്പോഴും പരിഗണിക്കണം. അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുത്. ‘തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസികളാവുകയില്ല’ എന്നാണല്ലോ നബി ﷺ  പഠിപ്പിച്ചത് (മുസ്‌ലിം).

നമ്മളെപ്പോലെ ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയാണ് സമൂഹത്തില്‍. അവരെ പരിഗണിക്കാന്‍ പണമുള്ളവര്‍ ബാധ്യസ്ഥരാണ്. അധ്വാനിച്ചുണ്ടാക്കിയ പണം എടുത്തുകൊടുക്കാന്‍ ആര്‍ക്കും പ്രയാസമുണ്ടാകും. അതു കൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ തക്കതായ മനസ്സ് ഉണ്ടാക്കിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന വചനങ്ങള്‍ അല്ലാഹു ക്വുര്‍ആനിലൂടെ അവതരിപ്പിച്ചു. നബി ﷺ യുടെ നാവിലൂടെ സമൂഹത്തെ പഠിപ്പിച്ചു. ക്വുര്‍ആന്‍ ഒരാവര്‍ത്തി വായിക്കുന്നവര്‍ക്ക് ദാനധര്‍മത്തിന്റെ മഹത്ത്വം കാണാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. അല്ലാഹു പറയുന്നു:

”അവരുടെ രഹസ്യാലോചനകളില്‍ മിക്കതിലും യാതൊരു നന്‍മയുമില്ല. വല്ല ദാനധര്‍മവും ചെയ്യാനോ, സദാചാരം കൈക്കൊള്ളാനോ, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനോ കല്‍പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്നപക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 4:114).

വമ്പിച്ച പ്രതിഫലമാണ് സമ്പത്ത് ചെലവഴിക്കുന്ന ആളുകള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ്  ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ് ” (ക്വുര്‍ആന്‍ 2:261).

”അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത്ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു”(ക്വുര്‍ആന്‍ 2:265).

ഇന്ന് മരിച്ചാല്‍ നാളെ പണം കൊണ്ട് ഗുണമില്ല. ഒരുരൂപ പോലും നമ്മുടെ ക്വബ്‌റിലേക്കില്ല; മരണത്തിനു മുമ്പായി നാം ചെലവഴിച്ചതൊഴികെ. ചെലവഴിക്കാന്‍ സമൂഹത്തില്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. അവസരങ്ങള്‍ നഷ്ടമാകുന്നതിനു മുമ്പ് ഉപയോഗപ്പെടുത്തുക. അഞ്ചോ ആറോ കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്നിടത്ത് കിണര്‍ കുഴിച്ച് കൊടുക്കാം. പൈപ്പ് സംവിധാനം ഉണ്ടാക്കിക്കൊടുക്കാം. വെള്ളമില്ലാതെ കഷ്ടപ്പെടുന്ന എത്രയോ ആളുകളുണ്ട് സമൂഹത്തില്‍. നമ്മുടെ വീടുകളില്‍ വാങ്ങിവെച്ച ഡൈനിംഗ് ടേബിളിന്റെ അത്രയും കാശ് ചിലപ്പോള്‍ ഒരു കിണര്‍ കുഴിക്കാന്‍ വേണ്ടിവരില്ല. പക്ഷേ, അത്തരം കാര്യങ്ങളൊന്നും നാം പലപ്പോഴും ചിന്തിക്കാറില്ല എന്ന് മാത്രം. നബി ﷺ  പറയുന്നു: ”നല്ല സമ്പാദ്യത്തില്‍ നിന്നും വല്ലവനും ധര്‍മം ചെയ്താല്‍ അല്ലാഹു തന്റെ വലതു കൈകൊണ്ട് അത് സ്വീകരിക്കും. അല്ലാഹുവിന്റെ രണ്ട്‌കൈകളും വലതാണ്. അതൊരു ഈത്തപ്പഴമാണെങ്കില്‍ പോലും അത് അല്ലാഹുവിന്റെ കൈകളില്‍ വളരും. അത് മലയെക്കാള്‍ വലുതായിത്തീരും, നിങ്ങള്‍ ആട്ടിന്‍കുട്ടിയെ വളര്‍ത്തുന്നപോലെ.” 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പണം ചെലവഴിക്കുന്നവര്‍ക്ക് പാപമോചനം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രവുമല്ല നല്‍കുന്നതിനെല്ലാം പകരമായി പരലോകത്ത് തിരിച്ച് നല്‍കാമെന്ന വാഗ്ദാനവും അല്ലാഹു നല്‍കുന്നുണ്ട്. നബി ﷺ  പറയുന്നു: ”ദാഹിക്കുന്നവിശ്വാസിക്ക് ഒരു വിശ്വാസി വെള്ളം നല്‍കിയാല്‍ അന്ത്യദിനത്തില്‍ അവന് റഹീക്വുല്‍ മഖ്തൂം കുടിപ്പിക്കപ്പെടുന്നതാണ്. വസ്ത്രമില്ലാത്ത വിശ്വാസിക്ക് ഒരു വിശ്വാസി വസ്ത്രം നല്‍കിയാല്‍ അന്ത്യദിനത്തില്‍ സ്വര്‍ഗത്തിലെ വസ്ത്രങ്ങളില്‍ നിന്ന് അവരെ ധരിപ്പിക്കും”(തുര്‍മുദി). 

മറ്റുള്ളവരെ ഈ നിലയില്‍ സഹായിക്കുമ്പോള്‍ മനസ്സിന് ലഭിക്കുന്ന ഒരു ആശ്വാസവും കുളിര്‍മയുമുണ്ട്. ജീവിത സന്തോഷങ്ങളുടെ ഒരു വലിയ ഘടകം തന്നെയാണത്. ധനം ചെലവഴിക്കുന്നതിലൂടെ സമ്പത്തില്‍ കുറവ് വരുമെന്ന ഭയമേ വേണ്ടതില്ല. ആ ഒരു സന്തോഷവാര്‍ത്തയും അല്ലാഹു അറിയിച്ചിട്ടുണ്ട്. ബിലാല്‍(റ)നോട് നബി ﷺ  പറഞ്ഞു: ”ബിലാല്‍! നീ ചെലവഴിക്കുക; അര്‍ശിന്റെ ഉടമസ്ഥനില്‍ നിന്നും കുറവിന്റെ ഭയം നിനക്ക് വേണ്ട”(ബസ്സാര്‍). 

ധനം ചെലവഴിക്കുന്നവരെ തക്വ്‌വയുള്ളവരെന്നും നേര്‍മാര്‍ഗം പ്രാപിച്ചവരെന്നും വിജയികളെന്നുമൊക്കെയാണ് അല്ലാഹു വിശേഷിപ്പിക്കുന്നത്.

”അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും പ്രാര്‍ഥന അഥവാ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും പരലോകത്തില്‍ ദൃഢമായിവിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍). അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍” (ക്വുര്‍ആന്‍ 2:3-5).

നബി ﷺ  ഒരിക്കല്‍ നടത്തിയ ഖുത്വുബ ജാബിര്‍(റ) പറഞ്ഞു തരുന്നു: ”അല്ലയോ ജനങ്ങളേ, മരണത്തിനു മുമ്പായി നിങ്ങളെല്ലാം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. തിരക്ക് വരുന്നതിന് മുമ്പ് സല്‍കര്‍മങ്ങള്‍ കൊണ്ട് നിങ്ങള്‍ ഒരുങ്ങുക. അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റ്‌കൊണ്ട് അവനും നിങ്ങള്‍ക്കുമിടയിലുള്ള ബന്ധം ചേര്‍ത്തുകൊണ്ടിരിക്കുക. രഹസ്യവും പരസ്യവുമായുള്ള ദാനത്തിലൂടെയും അല്ലാഹുമായുള്ള ബന്ധംചേര്‍ക്കുക. നിങ്ങള്‍ക്ക് ഉപജീവനം നല്‍കപ്പെടും. സഹായം നല്‍കപ്പെടും…” (ഇബ്‌നുമാജ).

അന്ത്യനാളില്‍ ശക്തമായ പ്രയാസത്തിന്റെ സന്ദര്‍ഭത്തില്‍ ഏഴു വിഭാഗം ആളുകള്‍ക്ക് അല്ലാഹു തണല്‍ നല്‍കും. അതില്‍ ഒരു വിഭാഗം ആളുകള്‍ ഇടതുകൈ അറിയാത്ത വിധം വലതുകൈ കൊണ്ട് ചെലവഴിച്ചവരാണ്. നരകമോചനത്തിനുള്ള മാര്‍ഗമായും നബി ﷺ  പഠിപ്പിച്ചുതന്നത് ദാനധര്‍മം തന്നെയാണ്. ”ഒരു ചീളു കാരക്കകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ തടുക്കുക”(അഹ്മദ്) എന്നാണല്ലോ നബി ﷺ  പറഞ്ഞത്. 

ഉപജീവനത്തില്‍ വിശാലത ലഭിക്കുവാനും ദാനധര്‍മം കാരണമാണ്. പിശുക്കില്‍ നിന്നുള്ള മോചനമാര്‍ഗമാണ് ദാനം ചെയ്യുക എന്നത്.

”അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍”(ക്വുര്‍ആന്‍ 64:16).

നാളെ പരലോകത്ത് നമുക്ക് ഉപകാരപ്പെടുന്നത് നാം ചെലവഴിച്ചത് മാത്രമാണ്. വസ്ത്രം ധരിച്ചതും ഭക്ഷണം കഴിച്ചതുമെല്ലാം തീര്‍ന്നുപോയി. അവശേഷിക്കുന്നതാകട്ടെ നാം നല്‍കിയതുമാത്രം (മുസ്‌ലിം). ഒരു തരിമ്പുപോലും കുറവ് വരാതെ പരിപൂര്‍ണമായ പ്രതിഫലം അല്ലാഹു പരലോകത്ത് വെച്ച് നല്‍കുന്നതാണ്. 

”…നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടി തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങള്‍ക്ക്പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല”(ക്വുര്‍ആന്‍ 2:272).

ദാനധര്‍മത്തിന് പ്രേരണ നല്‍കാന്‍ വ്യത്യസ്ത ശൈലികളാണ് അല്ലാഹു സ്വീകരിച്ചിട്ടുള്ളത്. ക്വുര്‍ആനിക വചനങ്ങള്‍ പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും. അതോടൊപ്പം അതിന് ഇസ്‌ലാം നല്‍കുന്ന സ്ഥാനവും നമുക്ക് വിലയിരുത്താനാകും. പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രോത്സാഹനമാണ് ഒരു ശൈലി: 

”രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല”(ക്വുര്‍ആന്‍ 2:274).

”ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും”(ക്വുര്‍ആന്‍ 32:16).

‘ചെലവഴിക്കൂ’ എന്ന കല്‍പനാരീതിയിലുള്ള ശൈലിയും അല്ലാഹു സ്വീകരിച്ചിട്ടുണ്ട്. ഒരു താക്കീതിന്റെ സ്വരവും അത്തരം വചനങ്ങളില്‍ കാണുവാന്‍ സാധിക്കും: 

”സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്‌നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍” (ക്വുര്‍ആന്‍ 2:254).

”സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മങ്ങളില്‍) ചെലവഴിക്കുവാനായി കരുതിവെക്കരുത്. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക” (ക്വുര്‍ആന്‍ 2:267).

പരലോകത്തും ഇഹലോകത്തും കൂടുതല്‍ നല്‍കുമെന്ന വാഗ്ദാനം നല്‍കിക്കൊണ്ടും അല്ലാഹു ദാനധര്‍മത്തിന് വിശ്വാസികളെ പ്രേരിപ്പിക്കുന്നുണ്ട്:

”അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല”(ക്വുര്‍ആന്‍ 2:276).

”നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ” (സബഅ്: 39).

സമ്പത്ത് അല്ലാഹുവിന്റെതാണ്; നമ്മുടേതല്ല. താല്‍കാലികമായി നമ്മില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചു എന്ന് മാത്രം. അല്ലാഹു നമ്മെ ഏല്‍പിച്ചത് അവന്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ചെലവഴിക്കുവാന്‍ നാം ബാധ്യസ്ഥരാണ്: ”…അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കിസഹായിക്കുകയും ചെയ്യുക”(ക്വുര്‍ആന്‍ 24:33). 

”നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവന്‍ നിങ്ങളെ ഏതൊരു സ്വത്തില്‍ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയിരിക്കുന്നോ അതില്‍ നിന്നു ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വലിയ പ്രതിഫലമുണ്ടായിരിക്കുന്നതാണ്” (ക്വുര്‍ആന്‍ 57:7).

ഒരിക്കലും നഷ്ടം ഭയപ്പെടേണ്ടതില്ലാത്ത ഒരു കച്ചവടമാണ് ദാനധര്‍മം: ”സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ്‌നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍” (ക്വുര്‍ആന്‍ 61: 10,11).

”തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനു പകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹുവാങ്ങിയിരിക്കുന്നു” (ക്വുര്‍ആന്‍ 9:111).

നാം ഇപ്പോള്‍ ഉള്ളത് റമദാന്‍ മാസത്തിലാണ്. സല്‍കര്‍മങ്ങള്‍ക്ക് ഏറെ പ്രതിഫലം നല്‍കപ്പെടുന്ന മാസം. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെ വിശപ്പിന്റെയും പ്രയാസങ്ങള്‍ അനുഭവിച്ചറിഞ്ഞ മാസം. നമ്മുടെ സഹോദരങ്ങളെ നമ്മള്‍ പരിഗണിക്കുക. അവരുടെ ദുഃഖങ്ങളില്‍ പങ്കുചേരുക. കുറച്ചുദിവസം നാം അനുഭവിക്കുന്ന വിശപ്പ് അവര്‍ എന്നും അനുഭവിക്കുന്നു. വിശപ്പിന്റെ വിലയും വിശക്കുന്ന സമയത്ത് ഭക്ഷണത്തിലേക്കുള്ള ആഗ്രഹവും നാം ഈ മാസത്തില്‍ അനുഭവിച്ചറിയുന്നു. മറ്റുള്ളവരുടെ പ്രയാസങ്ങളെ ദൂരീകരിക്കുന്നവന്റെ അന്ത്യദിനത്തിലെ പ്രയാസങ്ങള്‍ അല്ലാഹു അകറ്റിക്കൊടുക്കും എന്നാണല്ലോ നബി ﷺ  പഠിപ്പിച്ചത്. നബി ﷺ  വലിയ ധര്‍മിഷ്ഠനായിരുന്നു. ദാരിദ്ര്യം ഭയപ്പെടാത്ത വിധത്തില്‍ ധര്‍മം നല്‍കിയിരുന്നു. റമദാനില്‍ നബി ﷺ  അടിച്ചുവീശുന്ന കാറ്റുപോലെയായിരുന്നു. ധര്‍മം ല്‍കുന്ന വിഷയത്തില്‍ പ്രശസ്തരായ ഉസ്മാന്‍(റ)വും ആഇശ(റ)യും അസ്മ(റ)യും ഒക്കെ പോയ സ്വര്‍ഗത്തിലേക്കാണ് നമുക്കും പോകാനുള്ളത്.

സമ്പത്ത് ഒരിക്കലും ശാശ്വതമല്ല, നീങ്ങിക്കൊണ്ടിരിക്കുന്ന തണലാണ്. ഉള്ള കാലത്ത് ചെലവഴിച്ചാല്‍ അത് ഉപകാരപ്പെടും. അല്ലെങ്കില്‍ മരണ സന്ദര്‍ഭത്തില്‍ പോലും ഖേദിക്കേണ്ടിവരും 

”നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും: എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ്‌നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു”(മുനാഫിഖൂന്‍:10,11)

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 47

നബി ചരിത്രം - 47: ഹിജ്റ നാലാം വർഷം.

“നബി ﷺ നിയോഗിച്ച സൈന്യങ്ങളും പങ്കെടുത്ത യുദ്ധങ്ങളും”

1) അബൂസലമ (رضي الله عنه) യുടെ നേതൃത്വത്തിലുള്ള സൈന്യം.

മുസ്ലിംകൾക്ക് ബാധിച്ച പ്രയാസം കാരണത്താൽ മറ്റുള്ള ആളുകളുടെ മനസ്സിൽ മുസ്‌ലിംകളെ കുറിച്ചുള്ള ഭയം നീങ്ങിപ്പോയി. പല ഗോത്രങ്ങളും അവർക്കെതിരെ രംഗത്തിറങ്ങാൻ ആഗ്രഹിച്ചു. ജൂതന്മാരും മുനാഫിക്കുകളുമാകട്ടെ അവരുടെ മനസ്സുകളിൽ ഒളിപ്പിച്ചു വെച്ചിരുന്ന ശത്രുതയും പകയും അവർ പുറത്തു കാണിക്കാൻ തുടങ്ങി.

ഉഹ്ദ് യുദ്ധം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ബനൂ അസദ് ഗോത്രങ്ങൾ മദീനക്കാർക്കെതിരെ അക്രമങ്ങൾ അഴിച്ചു വിടാൻ ഒരുങ്ങി. മദീനയിലുള്ള ഉള്ള സ്വത്തു മുതലുകൾ കൈപ്പറ്റലും മുശിരിക്കുകൾ മദീനക്കാരോടുള്ള ശത്രുതയിൽ കൂടിക്കൊടുക്കലുമായിരുന്നു അവരുടെ ലക്ഷ്യം.

അങ്ങിനെ തുലൈഹതുബ്നു ഖുവൈലിദും അയാളുടെ സഹോദരൻ സലമയും തങ്ങളുടെ ഗോത്രമായ ബനു അസദിൽ നിന്ന് തങ്ങളെ അനുസരിക്കുന്നവരെയും കൂട്ടി നബിﷺക്കെതിരെ യുദ്ധത്തിനിറങ്ങി.

ഈ വിവരം അറിഞ്ഞപ്പോൾ നബിﷺ അവരിലേക്ക് അബൂ സലമതുബ്നു അബ്ദുൽ അസദി رضي الله عنه നെ അയച്ചു. അദ്ദേഹത്തിന്റെ ചുമലിലാകട്ടെ ഉഹ്ദിൽ ഏറ്റ ശക്തമായ മുറിവുണ്ടായിരുന്നു. നബിﷺ അബൂസലമക്ക്رضي الله عنه പതാക കെട്ടിക്കൊടുത്തു. മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നുമായി 150 ഓളം ആളുകളെ അദ്ദേഹത്തിന്റെ കൂടെ അയക്കുകയും ചെയ്തു. അബൂസലമرضي الله عنهക്കും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും അല്ലാഹുവിനെക്കൊണ്ടുള്ള തഖ്‌വ കൊണ്ട് നബിﷺ വസ്വിയ്യത്ത് നൽകി.

അബൂസലമرضي الله عنه തന്റെ അനുയായികളെയും കൊണ്ടു പുറപ്പെട്ടു. മുഹർറം മാസത്തിന്റെ തുടക്കത്തിലായിരുന്നു അത്. “ഖത്വൻ” എന്ന് പേരുള്ള മലയിൽ ബനൂ അസദിന്റെ ജല തടാകം ഉള്ളിടത്തേക്ക് അവർ എത്തിച്ചേർന്നു. അവിടെ ഉണ്ടായിരുന്ന ഒരു ആട്ടിൻ പറ്റത്തെയും മൂന്ന് ഇടയന്മാരെയും അവർ പിടി കൂടി. ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയും തങ്ങളുടെ ആളുകളുടെ അടുക്കൽ ചെന്ന് അവരെ വിവരം അറിയിക്കുകയും ചെയ്തു.

ഇതോടെ അവർ ഛിന്ന ഭിന്നമായി അങ്ങോട്ടുമിങ്ങോട്ടും ഓടി. അബൂസലമرضي الله عنه അവരുടെ ജല തടാകത്തിനടുത്ത് തമ്പടിച്ചു. തന്റെ കൂടെയുള്ളവരെ 3 ഭാഗമാക്കി തിരിച്ചു. ഒരു വിഭാഗം തന്റെ കൂടെയും മറ്റു രണ്ടു വിഭാഗങ്ങളെ രണ്ടു വ്യത്യസ്ത ഭാഗങ്ങളിലേക്കും അയച്ചു.

അവർ പോയി യുദ്ധം ചെയ്ത് സുരക്ഷിതരായി തിരിച്ചുവന്നു. ഒട്ടനവധി അനുഗ്രഹങ്ങൾ അന്ന് അവർക്ക് ലഭിക്കുകയുണ്ടായി. ശേഷം എല്ലാവരും കൂടി ഒന്നിച്ച് മടങ്ങി. യുദ്ധം കഴിഞ്ഞ് മദീനയിലേക്ക് മടങ്ങി വന്ന ഉടനെ അബൂ സലമرضي الله عنه യുടെ കയ്യിനെ ബാധിച്ചിരുന്ന പഴുപ്പ് ശക്തമായി. ജമാദുൽ ആഖിറിൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഉമ്മുസലമرضي الله عنه പറയുന്നു: “അബൂസലമرضي الله عنه മരിച്ചു കിടക്കുമ്പോൾ നബിﷺ അവിടെ വന്നു. അദ്ദേഹത്തിന്റെ രണ്ടു കണ്ണുകളും തുറന്നു കിടക്കുകയായിരുന്നു. ആ കണ്ണുകൾ അടച്ചു കൊണ്ട് നബിﷺ ഇപ്രകാരം പറഞ്ഞു. “നിശ്ചയമായും ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണ് അതിനെ പിന്തുടരുന്നതാണ്.”

ഇതുകേട്ടപ്പോൾ അവിടെ കൂടിയവർക്ക് ഭയമായി. നബിﷺ അവരോടായി ഇപ്രകാരം പറഞ്ഞു. “നിങ്ങൾ നല്ലതിനല്ലാതെ പ്രാർത്ഥിക്കരുത്. കാരണം നിങ്ങൾ പറയുന്ന വിഷയങ്ങളിൽ അല്ലാഹുവിന്റെ മലക്കുകൾ ആമീൻ പറയുന്നുണ്ട്.” ശേഷം നബിﷺ ഇപ്രകാരം പ്രാർത്ഥിച്ചു. “അല്ലാഹുവേ അബൂസലമക് നീ പൊറുത്തു കൊടുക്കേണമേ. അദ്ദേഹത്തിന്റെ സ്ഥാനം സച്ചരിതരിൽ നീ ഉയർത്തേണമേ. അദ്ദേഹത്തിന്റെ പിൻഗാമികളിൽ അദ്ദേഹത്തിന് നീ പകരം നൽകേണമേ. ലോക രക്ഷിതാവായ അല്ലാഹുവേ അദ്ദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തു തരേണമേ. അദ്ദേഹത്തിന് ഖബറിനെ വിശാലമാക്കി കൊടുക്കേണമേ. അദ്ദേഹത്തിന്റെ ഖബറിൽ പ്രകാശം ചൊരിഞ്ഞു കൊടുക്കുകയും ചെയ്യേണമേ”.(മുസ്ലിം: 920)

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം. ഉമ്മുസലമرضي الله عنه പറയുന്നു. നബിﷺ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. “ഒരു അടിമക്ക് ഒരു വിപത്ത് ബാധിക്കുകയും അപ്പോൾ അവൻ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ, [അല്ലാഹുവേ എനിക്ക് ബാധിച്ച വിപത്തിൽ നീ പ്രതിഫലം നൽകേണമേ, അതിനേക്കാൾ നല്ലത് എനിക്ക് നീ പ്രദാനം ചെയ്തു തരേണമേ] എന്നു പ്രാർത്ഥിക്കുകയും ചെയ്താൽ അവനു ബാധിച്ച വിപത്തിൽ അല്ലാഹു പ്രതിഫലം നൽകാതിരിക്കുകയില്ല. അതിനേക്കാൾ നല്ലത് അവന് പകരം നൽകാതിരിക്കുകയും ഇല്ല.”

ഉമ്മുസലമرضي الله عنه പറയുകയാണ്: “അബൂ സലമرضي الله عنه മരിച്ചപ്പോൾ നബിﷺ എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്തു. അങ്ങനെ അല്ലാഹു എനിക്ക് അദ്ദേഹത്തെക്കാൾ നല്ലത് ലഭിക്കുകയും ചെയ്തു. നബി ﷺ ആയിരുന്നു” (ആ നല്ലത്).(മുസ്ലിം: 918)

2) അബ്ദുല്ലാഹിബ്നു അനീസിرضي الله عنه ന്റെ സൈന്യം.

മുഹർറം അഞ്ചിന് ഖാലിദ്ബ്നു സുഫിയാൻ അൽഹുദ ലിയെ കൊലപ്പെടുത്തുന്നതിന് വേണ്ടി അബ്ദുല്ലാഹിബിനു അനീസിرضي الله عنه നെ നബിﷺ നിയോഗിക്കുകയുണ്ടായി.

അബ്ദുല്ലാഹിബ്നു അനീസ് رضي الله عنه പറയുന്നു: “നബിﷺ എന്നെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ഖാലിദ് ബിനു സുഫ്‌യാൻ എന്നോട് യുദ്ധം ചെയ്യാൻ ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അയാൾ ഇപ്പോൾ ഉറനയിലാണുള്ളത്. അവിടെ ചെല്ലുകയും അയാളെ കൊലപ്പെടുത്തുകയും വേണം. അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അദ്ദേഹത്തെ ശരിക്കും എനിക്ക് മനസ്സിലാക്കാവുന്ന നിലക്ക് വർണിച്ചു തന്നാലും. നബിﷺ പറഞ്ഞു: നീ അയാളുടെ അടുത്ത് എത്തിയാൽ അയാളിൽ ഒരു വിറയൽ നിനക്കു കാണാം.

അങ്ങിനെ ഞാനെന്റെ വാളുമായി ചെന്നു. അയാളെ കണ്ടുമുട്ടുകയും ചെയ്തു. വീട്ടിലേക്ക് മടങ്ങിപ്പോകുന്ന ഒട്ടകങ്ങൾകൊപ്പമായിരുന്നു അയാളുണ്ടായിരുന്നത്. അസർ നമസ്കാരത്തിന് സമയവും ആയിട്ടുണ്ടായിരുന്നു. നബിﷺ എന്നോട് പറഞ്ഞ അടയാളവും ഞാൻ അയാളിൽ കണ്ടു.

ഞാൻ അയാൾക്ക് നേരെ ചെന്നു. എനിക്കും അയാൾക്കും ഇടയിൽ ഏറ്റു മുട്ടൽ ഉണ്ടാക്കുകയും അങ്ങിനെ എന്റെ നമസ്കാര സമയം വൈകി പോവുകയും ചെയ്യുമോ എന്നു ഞാൻ ഭയപ്പെട്ടു. അതിനാൽ നമസ്കരിച്ചു കൊണ്ടാണ് ഞാൻ നടന്നു ചെന്നത്. എന്റെ തല കൊണ്ട് റുകൂഉം സുജൂദും ആംഗ്യം കാണിക്കുകയും ചെയ്തു.

ഞാൻ അയാളുടെ അടുക്കൽ എത്തിയപ്പോൾ എന്നോട് ചോദിച്ചു; നിങ്ങളാരാണ്?. ഞാൻ പറഞ്ഞു: നിങ്ങളെക്കുറിച്ചും നിങ്ങളുടെ സംഘത്തെക്കുറിച്ചും കേട്ടറിവുള്ള ഒരു അറബി വംശത്തിൽ പെട്ട ആളാണ് ഞാൻ. അങ്ങനെ ഞാൻ അയാളുടെ കൂടെ അല്പം നടന്നു. കൊലപ്പെടുത്താനുള്ള സൗകര്യം എനിക്ക് ലഭിച്ചപ്പോൾ ഞാൻ എന്റെ വാൾ ഉയർത്തുകയും അയാളെ കൊലപ്പെടുത്തുകയും ചെയ്തു. ശേഷം ഞാൻ അവിടെ നിന്നും പോന്നു. അയാളുടെ ഒട്ടക കട്ടിൽ അയാൾക്ക് മുകളിൽ തന്നെ ഞാൻ കമഴ്ത്തി ഇടുകയും ചെയ്തു.

ശേഷം ഞാൻ നബിﷺ യുടെ അടുക്കലേക്ക് എത്തുകയും നബിﷺ എന്നെ കാണുകയും ചെയ്തപ്പോൾ ഇപ്രകാരം പറഞ്ഞു: “മുഖം വിജയിച്ചിരിക്കുന്നുവല്ലോ”. ഞാൻ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരെ ഞാൻ അയാളെ കൊലപ്പെടുത്തി. നബിﷺ പറഞ്ഞു: നിങ്ങൾ പറഞ്ഞത് സത്യമാണ്. ശേഷം എന്നെയും കൂട്ടി നബിﷺ തന്റെ വീട്ടിലേക്ക് പ്രവേശിച്ചു. അവിടെ നിന്നും എൻറെ കയ്യിൽ ഒരു വടി തന്നു. എന്നിട്ട് പറഞ്ഞു: ഈ വടി നിന്റെ അടുക്കൽ വെക്കുക.”(അഹ്മ്ദ്: 16047)(അബൂദാവൂദ്: 1249)

3) റജീഅ്رضي الله عنه സൈന്യം.

സ്വഫർ മാസത്തിൽ നബിﷺ നിയോഗിച്ച സൈന്യമായിരുന്നു ഇത്. അബൂഹുറൈറ رضي الله عنه  യിൽ നിന്നും നിവേദനം “രഹസ്യാന്വേഷണത്തിനായി നബിﷺ ഒരു സൈന്യത്തെ അയക്കുകയുണ്ടായി. ആസിം ഇബ്നു സാബിതി رضي الله عنه നെയാണ് അമീറായി നബി നിശ്ചയിച്ചത്. ഉമറുബ്നുൽ ഖത്താബി رضي الله عنه ന്റെ മകൻ ആസ്വിമി رضي الله عنه ന്റെ വല്ല്യുപ്പയായിരുന്നു ഇദ്ദേഹം.

അങ്ങിനെ അവർ പോവുകയും മക്കയുടെയും അസ്ഫാനിന്റെയും ഇടക്കുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ ഹുദൈൽ വംശത്തിൽപ്പെട്ട ബനൂ ലഹ്‌യാൻ എന്ന് പേരുള്ള ഒരു ഗോത്രത്തെ കുറിച്ച് അവർ കേട്ടു. അങ്ങിനെ സ്വഹാബികൾ അവരെ അന്വേഷിച്ചു പുറപ്പെട്ടു. ബനൂ ലഹ്‌യാൻ കാർ നടന്ന കാലടയാളങ്ങൾ പരിശോധിച്ചു കൊണ്ടായിരുന്നു യാത്ര.

അവർ ഒരു സ്ഥലത്ത് ചെന്ന് ഇറങ്ങുകയും ഈത്തപ്പഴത്തിന്റെ കുരു കാണുകയും ചെയ്തു. ഇത് മദീനയിലുള്ള ഈത്തപ്പഴമാണ് എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. അവർ പറഞ്ഞു: ഇത് യസ്‌രിബിലെ ഈത്തപ്പഴം ആണല്ലോ. അങ്ങിനെ അടയാളം നോക്കി അവർ അവരെ പിന്തുടരുകയും അവസാനം അവരെ കണ്ടുമുട്ടുകയും ചെയ്തു. വിശാലമായ ഒരു സ്ഥലത്തേക്ക് അവർ അഭയം തേടി. അപ്പോൾ ആ നാട്ടുകാർ വന്നു അവരെ വലയം ചെയ്തു. എന്നിട്ട് പറഞ്ഞു ഞങ്ങളുടെ സംരക്ഷണത്തിൽ നിങ്ങൾ ഇവിടെ നിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങളിൽ ഒരാളെയും ഞങ്ങൾ കൊല്ലുകയില്ല എന്ന ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ കരാറുകളും വ്യവസ്ഥകളും ഉണ്ടാക്കണം. അപ്പോൾ ആസ്വിംرضي الله عنه പറഞ്ഞു. ഒരു സത്യ നിഷേധി യുടെ സംരക്ഷണം എനിക്ക് ആവശ്യമില്ല. അല്ലാഹുവേ ഞങ്ങളെ കുറിച്ചുള്ള വിവരം ഞങ്ങളുടെ പ്രവാചകന് നീ എത്തിക്കേണമേ. അങ്ങിനെ അവർ തമ്മിൽ യുദ്ധം ഉണ്ടാവുകയും ആസ്വിംرضي الله عنه ഉൾപ്പെടെ 17 പേരെ അവർ കൊലപ്പെടുത്തുകയും ചെയ്തു.

ഖുബൈബുംرضي الله عنه സൈദുംرضي الله عنه മറ്റൊരു വ്യക്തിയുമാണ് ബാക്കിയായത്. ഇവരുമായി അവർ കരാറുണ്ടാക്കി. ആ കരാറിന്റെ അടിസ്ഥാനത്തിൽ അവർക്ക് അവിടെ അഭയം നൽകുകയും ചെയ്തു. എന്നാൽ സ്വഹാബികളുടെ കാര്യത്തിൽ ബനൂ ലഹ്‌യാൻ കാർക്ക് സ്വാധീനം ലഭിച്ചപ്പോൾ അവരുടെ വസ്ത്രത്തിന്റെ കയറുകൾ ഊരി സ്വഹാബികളെ ബന്ധിച്ചു. അപ്പോൾ ഖുബൈബിന്റെرضي الله عنهയും സൈദിന്റെرضي الله عنهയും കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞു: ഇത് ഒന്നാമത്തെ ചതിയാണ്. അതു കൊണ്ടു തന്നെ ബനൂ ലഹ്‌യാൻ കാരുടെ കൂടെ പോകുവാൻ അവർ വിസമ്മതിച്ചു. അങ്ങിനെ അവർ ശക്തമായ നിലക്ക് വലിച്ചു കൊണ്ടു പോകുവാൻ ഉദ്ദേശിച്ചു എങ്കിലും സ്വഹാബികൾ അതിനു സമ്മതിച്ചില്ല. അപ്പോൾ അവർ ഈ മൂന്നാമത്തെ വ്യക്തിയെ കൊന്നു കളഞ്ഞു.

ഖുബൈബിനെرضي الله عنهയും സൈദിനെرضي الله عنهയും മക്കയിലേക്ക് കൊണ്ടുപോയി അവർ വിൽപ്പന നടത്തി. ബനുൽ ഹാരിസ് ഇബ്നു ആമിർ ഇബ്നു നൗഫൽ (ഹാരിസ് കുടുംബം) ആയിരുന്നു ഖുബൈബിرضي الله عنهനെ വിലകൊടുത്ത് വാങ്ങിയത്. ഈ ഖുബൈബൈرضي الله عنهയിരുന്നു ബദ്ർ യുദ്ധത്തിൽ ഹാരിസിനെ കൊലപ്പെടുത്തിയത്.

അങ്ങിനെ ഒരു ബന്ധിയായി അദ്ദേഹം അവരുടെ കൂടെ കഴിഞ്ഞു. അവസാനം ഖുബൈബിرضي الله عنه നെ കൊല്ലുവാനുള്ള തീരുമാനത്തിലേക്ക് അവർ എത്തിയപ്പോൾ ഹാരിസിന്റെ പെൺമക്കളിൽ നിന്ന് ഒരു കത്തി അവർ കടമായി ചോദിക്കുകയും അവർ അതു കൊടുക്കുകയും ചെയ്തു.

ഹാരിസിന്റെ മകൾ പറയുന്നു. എനിക്ക് ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടിയുടെ കാര്യത്തിൽ ഞാൻ അശ്രദ്ധയായപ്പോൾ ഖുബൈബ്رضي الله عنه ആ കഠാര എടുത്ത് കുട്ടിയുടെ കാൽ തുടയിൽ വെച്ചു. അപ്പോൾ എനിക്ക് പേടി തോന്നി. എന്റെ പേടി ഖുബൈബിനുرضي الله عنه മനസ്സിലായി. അദ്ദേഹത്തിന്റെ കയ്യിൽ ആകട്ടെ കഠാരയും ഉണ്ട്. അദ്ദേഹം എന്നോട് ചോദിച്ചു; ഈ കുട്ടിയെ ഞാൻ കൊലപ്പെടുത്തുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടോ?. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല. ഹാരിസിന്റെ മകൾ പറയുകയാണ്: ഖുബൈബിനെرضي الله عنه പോലെ നല്ല ഒരു ബന്ധിയെ ഞാൻ വേറെ കണ്ടിട്ടില്ല.

ഖുബൈബ്رضي الله عنه മുന്തിരി തിന്നുന്നത് ഞാൻ കണ്ടു. അന്നാകട്ടെ മക്കയിൽ ഒരു പഴവും ഉണ്ടായിരുന്നുമില്ല. മാത്രവുമല്ല ഖുബൈബ്رضي الله عنه ഇരുമ്പിൽ ബന്ധിക്കപ്പെട്ട അവസ്ഥയിലും ആയിരുന്നു. ഇത് അല്ലാഹു നൽകിയ ഭക്ഷണം അല്ലാതെ മറ്റൊന്നുമല്ല എന്ന് ഞാൻ മനസ്സിലാക്കി. 

അങ്ങിനെ ഖുബൈബിനെرضي الله عنه കൊല്ലാൻ വേണ്ടി അവർ ഹറം പ്രദേശത്തിന്റെ പുറത്തേക്ക് കൊണ്ടുപോയി. ഖുബൈബ്رضي الله عنه പറഞ്ഞു: എന്നെ ഒന്നു വിട്ടേക്കൂ, ഞാൻ രണ്ടു റൿഅത്തു നമസ്കരിക്കട്ടെ. നമസ്കാരശേഷം ഖുബൈബ്رضي الله عنه അവരിലേക്ക് തിരിച്ചു ചെന്നു. മരണത്തെ പേടിച്ച് കൊണ്ടാണ് ഖുബൈബ്رضي الله عنه കൂടുതൽ സമയം നമസ്കരിക്കുന്നത് എന്ന് നിങ്ങൾ പറയുമായിരുന്നില്ലെങ്കിൽ ഞാൻ ഇനിയും നമസ്കരിക്കുകയായിരുന്നു.

കൊല ചെയ്യപ്പെടുന്നതിനു മുമ്പ് ആദ്യമായി രണ്ടു റകഅത്ത് സുന്നത്ത് നമസ്കരിച്ച വ്യക്തി എന്ന സ്ഥാനം ഇതോടെ ഖുബൈബിനുرضي الله عنه ലഭിച്ചു. മാത്രമല്ല അവിടെ നിന്നു കൊണ്ട് ഖുബൈബ്رضي الله عنه ഒരു പാട്ടു പാടുകയും ചെയ്തു. ” ഞാൻ ഒരു മുസ്ലിമായി മരിക്കുന്നതുകൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞാൻ എങ്ങനെ മരിച്ചു വീണാലും അല്ലാഹുവിന്റെ മാർഗ്ഗത്തിലാണ്”.

ശേഷം ഉഖ്ബതുബ്നു ഹാരിസ് ഖുബൈബിനെ കൊന്നു. മുമ്പ് കൊലചെയ്യപ്പെട്ട ആസിമിന്റെرضي الله عنه ശരീരത്തിൽ നിന്നും ചില ഭാഗങ്ങൾ കൊണ്ടു വരാൻ വേണ്ടി ഖുറൈശികൾ മരിച്ചു കിടക്കുന്ന ആസ്വിമിന്رضي الله عنهറെ അടുക്കലേക്ക് ആളെ അയച്ചു. ഖുറൈശികളിലെ പല പ്രമുഖരെയും ബദർയുദ്ധത്തിൽ ആസ്വിംرضي الله عنه കൊന്നിട്ടുണ്ടായിരുന്നു. പക്ഷേ ആസ്വിമിന്റെرضي الله عنه ശരീരം മുറിച്ചെടുക്കാൻ ഖുറൈശികൾ അവിടെ എത്തിയപ്പോഴേക്കും അല്ലാഹു ആസ്വിമിന്رضي الله عنهറെ ശരീരത്തെ തേനീച്ചക്കൂട്ടം കൊണ്ട് പൊതിഞ്ഞിരുന്നു. ഖുറൈശികളുടെ ദൂതൻമാർക്ക് ആസ്വിമിرضي الله عنهനെ ഒന്നും ചെയ്യാനായില്ല. (ബുഖാരി: 4086) 

സൈദിനെ رضي الله عنه വാങ്ങിയത് സഫ്‌വാൻ ഇബ്നു ഉമയ്യ ആയിരുന്നു. തന്റെ പിതാവ് ഉമയ്യത്ത് ബിനു ഖലഫിനെ കൊന്നതിനു പകരം കൊല്ലലായിരുന്നു സ്വഫ്‌വാനിന്റെ ലക്ഷ്യം. സൈദിനെ رضي الله عنه കൊല്ലാൻ വേണ്ടി കൊണ്ടുവരപ്പെട്ടപ്പോൾ അബൂ സുഫ്‌യാൻ പറഞ്ഞു: അല്ലാഹുവിനെ സാക്ഷി നിർത്തി ഞാൻ ചോദിക്കട്ടെ സൈദേ. നിന്റെ സ്ഥാനത്ത് മുഹമ്മദിനെ ഇവിടെ കൊണ്ടുവരികയും അങ്ങനെ മുഹമ്മദിന്റെ കഴുത്ത് എടുക്കുകയും നീ നിന്റെ കുടുംബത്തോടൊപ്പം ആവുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ?. സൈദ്رضي الله عنه പറഞ്ഞു: ഇല്ല അല്ലാഹുവാണ് സത്യം. എന്നെ എന്റെ കുടുംബത്തോടൊപ്പം ഇരുത്തി മുഹമ്മദ് നബിﷺയെ കൊലപ്പെടുത്താൻ ഇവിടെ കൊണ്ടുവരുന്നത് പോയിട്ട് മുഹമ്മദ് നബിﷺയുടെ കാലിൽ ഒരു മുള്ള് തറച്ച് അദ്ദേഹം വേദനിക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല.

അപ്പോൾ അബൂസുഫിയാൻ പറഞ്ഞു.: മുഹമ്മദിന്റെ അനുയായികൾ മുഹമ്മദിനെ സ്നേഹിക്കുന്നതു പോലെ ഒരാളും മറ്റൊരാളെ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ശേഷം സ്വഫ്‌വാനിന്റെ رضي الله عنهഭൃത്യനായിരുന്ന നസ്‌ത്വാസ് സൈദിനെ കൊലപ്പെടുത്തി. അല്ലാഹു അദ്ദേഹത്തെ കൊണ്ട് തൃപ്തിപ്പെട്ടിരിക്കുന്നു.

ഫദ്‌ലുല്‍ ഹഖ് ഉമരി

 

 
 
 

നേർപഥം ക്വിസ് മത്സരം – 8 (ലക്കം 178)

നേർപഥം ലക്കം 178
ചോദ്യം

1) യാകൂത്ത് അല്‍ഹമാവി രചിച്ച, രാജ്യങ്ങളെ കുറിച്ച് വിശാലമായി പ്രതിപാദിക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥം?
(1) മുഅ്ജമുല്‍ ബുല്‍ദാന്‍. (2) താരീഖുല്‍ ബുല്‍ദാന്‍ (3) സീറത്തുല്‍ ആലം

ഉത്തരം: (1) മുഅ്ജമുല്‍ ബുല്‍ദാന്‍.

2) ‘ബിദഈ കക്ഷികളുടെ അടിസ്ഥാനം ഏഴ് വിഭാഗങ്ങളാണ്. മുഅ്തസിലി, ശീആ, ഖവാരിജ്, നജ്ജാരിയ്യ, ജബ്‌രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ എന്നിവരാണവര്‍. ഇവര്‍ യഥാക്രമം 20,22,20,3,1,5,1 എന്നീ എണ്ണം ഉപവിഭാഗങ്ങളായി പിന്നീട് ഭിന്നിച്ചു.’ ഇത് ആരുടെ വാക്കുകളാണ്?
(1) ഇമാം ശാഫിഈ (2) മുഹമ്മദ് ഇബ്‌നു അബ്ദില്‍ വഹാബ് (3) മുല്ലാ അലിയ്യുല്‍ഖാരി

ഉത്തരം: (3) മുല്ലാ അലിയ്യുല്‍ഖാരി

3) ഇസ്‌ലാമിക ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂന്‍ ജീവിച്ചത്?
(1)10ാം നുറ്റാണ്ടില്‍ (2) 14ാം നുറ്റാണ്ടില്‍ (3) 16ാം നുറ്റാണ്ടില്‍

ഉത്തരം: (2) 14ാം നുറ്റാണ്ടില്‍

4) ആഫ്രിക്കയില്‍ അടിമക്കച്ചവടം നിരോധിച്ച വര്‍ഷം?
(1) 1875 (2) 1903 (3) 1850

ഉത്തരം: (1) 1875

5) ‘ഇദ്ദത്തുസ്സ്വാബിരീന്‍’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?
(1) ശൈഖ് ഫൗസാന്‍ (2) ഇമാം നവവി (3) ഇമാം ഇബ്‌നുല്‍ക്വയ്യിം

ഉത്തരം: (3) ഇമാം ഇബ്‌നുല്‍ക്വയ്യിം

6) ഹാരിഥ ഇബ്‌നു സുറാക്വ(റ)യുടെ മാതാവ്?
(1) ഉമ്മുറുബയ്യിഅ് ബിന്‍ത് അല്‍ബറാഅ (2) അസ്മാഅ് ബിന്‍ത് ഹകം (3) ഉമ്മുസുലൈം

ഉത്തരം: (1) ഉമ്മുറുബയ്യിഅ് ബിന്‍ത് അല്‍ബറാഅ

7) ഇന്ത്യയില്‍ അബോര്‍ഷന്‍ നിരോധിച്ച വര്‍ഷം?
(1) 1960 (2) 1965 (3) 1971

ഉത്തരം: (3) 1971

8)”എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ”(ക്വുര്‍ആന്‍ 37:100). ഇത് ഏത് പ്രവാചകന്റെ പ്രാര്‍ഥനയാണ്?
(1) സകരിയ്യാ(അ) (2) ഇബ്‌റാഹീം(അ) (3) യഅ്ഖൂബ്(അ)

ഉത്തരം(2) ഇബ്‌റാഹീം(അ)

9) ‘അന്നേരം അല്ലാഹുവിന്റെ ദൂതരേ, അവരാരെങ്കിലും പാദങ്ങള്‍ക്കു ചുവട്ടിലൂടെ നോക്കിയാല്‍ നമ്മെ കണ്ടെത്തുമല്ലോ’ എന്നു ഞാന്‍ പറഞ്ഞു. ഇത് ആരുടെ വാക്കുകളാണ്?
(1) ഉമര്‍(ര്‍) (2) അലി(റ) (3) അബൂബക്കര്‍(റ)

ഉത്തരം: (3) അബൂബക്കര്‍(റ)

10) മ്യാന്മറില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമായി ഒറ്റക്കുട്ടി നയം പ്രഖ്യാപിച്ച വര്‍ഷം?
(1) 2013 (2) 2017 (3) 2010

ഉത്തരം(1) 2013

പ്രകാശം പരത്തിയ പ്രവാചകന്മാർ

ഗ്രന്ഥകാരന്റെ കുറിപ്പ്

ഗ്രന്ഥകാരന്റെ കുറിപ്പ്

“പ്രവാചകന്മാരിലുള്ള വിശ്വാസം…

പ്രാഥമിക മതപഠന ഘട്ടം മുതൽ കേട്ടു തുടങ്ങിയ വിശ്വാസ കാര്യങ്ങളിലെ പ്രധാന വശം. പക്ഷേ എങ്ങനെയെല്ലാം വിശ്വസിക്കണം എന്നതും പരമ പ്രധാനമാണല്ലോ. സാധ്യമായ വായനകളിലൂടെ വിഷയം അവതരിപ്പിക്കാൻ തുടങ്ങി. 

ആരായിരുന്നു ആ പ്രവാചകന്മാർ? വിശുദ്ധ ഖുർആൻ സൂറഃ അൻ ആമിൽ നിരവധി പ്രവാചകന്മാരെ പറഞ്ഞ ശേഷം ഇങ്ങനെ കാണാം.

أوليك الذين هدى الله فبهداهم اقتده

അവരെയാണ് അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്. അതിനാൽ അവരുടെ നേർമാർഗത്തെ നീ പിന്തുടർന്ന്കൊള്ളുക. ‘

-(സൂറത്തുൽ അൻആം:6:90)

പ്രവാചകന്മാരുടെ ചരിത്രം പഠിക്കൽ ഇസ്ലാമിക വിജ്ഞാനം വർധിപ്പിക്കുന്നതിന് കാരണമാകുമെന്നതിൽ സംശയമില്ല. കാരണം അവർ ലോകത്തിന് നന്മ പഠിപ്പിക്കുവാൻ നിയുക്തരായ മഹാന്മാരാണ്. രാഷ്ടീയ നായകന്മാരുടെയോ, ശാസ്ത്രകാരന്മാരുടെയോ, കാലത്തിന്റെ പിന്നാമ്പുറങ്ങളിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന ഏതെങ്കിലും സംഭവങ്ങളുടെയോ വിവരണങ്ങൾ കേൾക്കുന്നത് പോലെ കേട്ട് രസിക്കേണ്ടുന്നതോ പുളകംകൊള്ളണ്ടുന്നതോ ആയ ചരിത്രമല്ല പ്രവാചകന്മാരുടെ ചരിത്രം. അത് ജീവിതത്തിന് ദിശാബോധം നൽകുന്നതും ധാർമിക മൂല്യങ്ങൾക്കേ ജീവിതത്തിൽ വിജയം നേടിത്തരാൻ സാധിക്കു എന്ന് നമ്മുക്ക്  മനസ്സിലാക്കിത്തരുന്ന പാഠവുമാണ്.

കുറ്റമറ്റ കൃതിയല്ല. പിഴവുകൾ സ്വാഭാവികം. അറിയിച്ച് തരുന്നതിൽ സന്തോഷം. 

റബ്ബ! സ്വീകരിക്കേണമേ.

പുസ്തകമായി പുറത്തിറങ്ങാൻ അണിയറയിൽ പ്രവർത്തിച്ച സഹപ്രവർത്തകന്മാർ പ്രസാധനം ഏറ്റെടുത്ത വിസ്ഡം ബുക്സ് എല്ലാവർക്കും അല്ലാഹു പ്രതിഫലം നൽകട്ടെ… ശ്രദ്ധാപൂർവമുള്ള വായനയിലേക്ക് സ്വാഗതം.

 

ഹുസൈൻ സലഫി

 

ഒരു മഹാദുരന്തം

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിയഞ്ച്

ഒരു മഹാദുരന്തം مصيبة عظيمة

നിണം മണക്കുന്ന നിരവധി സംഭവ വികാസങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. ശത്രുക്കളുടെ മനുഷ്യത്വമില്ലായ്മ കൊണ്ട് ജീവൻ നഷ്ടമായ വിശ്വാസികളുടെ കണക്ക് ചരിത്രത്തിന്റെ താളുകൾക്ക് പൂർണമായി വിശദീകരിക്കാനായിട്ടില്ല. അക്ഷരാർത്ഥത്തിൽ ചോരപ്പുഴ ഒഴുകിയ കണീരിൽ ചാലിച്ചെഴുതിയ അത്തരത്തിലുള്ള ചരിത്രം പക്ഷേ, അധികമാരും കേൾക്കാറില്ല. ഏതെങ്കിലും മുസ്ലിം നാമധാരികൾ നടത്തുന്ന അക്രമങ്ങൾ ലോകയുദ്ധത്തേക്കാൾ വലിയ സംഭവമാക്കി അവതരിപ്പിച്ച്, ഇസ്ലാമിന്റെ ശത്രുക്കൾ നടത്തിയ മനുഷ്യക്കുരുതികളെ തമസ്കരിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി.
പരിശുദ്ധമായ കഅബയുടെ തിരുമുറ്റത്ത് രക്തപ്പുഴ ഒഴുക്കിയ കറാമിത്വകളുടെ ചരിത്രം ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ടതാണ്. ചിത്രത്തിന്റെ താളുകൾ കണ്ണീരുകൊണ്ട് കുതിർന്നിട്ടുണ്ട് പ്രസ്തുത ചരിത്രം വായിക്കപ്പെട്ടപ്പോഴൊ
ക്കെ .
ഇസ്ലാമിക ചരിത്രകാരന്മാരിൽ പ്രമുഖനായ ഹാഫിള് ഇബുനു കസീർ (റ) തന്റെ “അൽ ബിദായത്തു വന്നിഹായ “എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിൽ പ്രസ്തുത ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആ താളുകൾ നമുക്കൊന്ന് മറിച്ചു നോക്കാം.

ഹിജ്റ വർഷം 317. മുസ് ലിംകൾ ഹജ്ജിനുള്ള ഒരുക്കത്തിലാണ്. ആയിരക്കണക്കിന് ഹാജിമാർ മക്കയിൽ എത്തിക്കഴിഞ്ഞു. ഹജ്ജ് തുടങ്ങുന്ന ദിനമായ ദുൽഹിജ്ജ എട്ട് ആയി. പ്രസ്തുത ദിനത്തിന് യൗമുത്തർവിയ എന്നാണു പേര്.ഹാജിമാർ മിനയിലേക്ക് നീങ്ങാൻ തുടങ്ങുകയാണ്.. പെട്ടെന്നാണ് അത് സംഭവിച്ചത്.
കറാമിതി നേതാവ് അബൂത്വാഹിറിന്റെ നേതൃത്വത്തിൽ ഒരു സൈന്യം പരിശുദ്ധ ഹറം അക്രമിക്കുന്നു. സർവ്വായുധ സജ്ജരായി ആ പരിശുദ്ധ മാസത്തിൽ ആ പരിശുദ്ധ ദിനത്തിൽ പരിശുദ്ധ ഗേഹത്തിന്റെ തിരുമുറ്റത്ത് അവർ എത്തിയത് തികഞ്ഞ ആസൂത്രണത്തോടെയായിരുന്നു.
മസ്ജിദുൽ ഹറാമിലേക്ക് ആ ദുഷ്ടന്മാർ ഇരച്ചുകയറി.
പിന്നെ അവിടെ നടന്നത് എന്താണെന്ന് പറയേണ്ടതില്ലല്ലോ. ഇഹ്റാമിന്റെ വേഷം ധരിച്ച് ത്വാവാഫ് ചെയ്തു കൊണ്ടിരുന്ന, നമസ്കരിച്ചു കൊണ്ടിരുന്ന, റബ്ബിലേക്ക് കരങ്ങൾ ഉയർത്തി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ആയിരങ്ങളെ അവർ കൂട്ടക്കൊല നടത്തി. തിരിച്ചടിക്കാൻ അവരുടെ കയ്യിൽ ഒന്നുമില്ല.
അവർ ഇഹ്റാമിലാണല്ലോ ഉള്ളത് !
അവരുടെ നേതാവ് അബൂത്വാഹിർ ഇപ്രകാരം അട്ടഹസിക്കുന്നുണ്ടായിരുന്നു : ” ഞാൻ തന്നെയാണ് അല്ലാഹു . ഞാനാണ് സൃഷ്ടികളെ സൃഷ്ടിച്ചത്. ഞാൻ അവരെ നശിപ്പിക്കുകയും ചെയ്യും!”
നിമിഷങ്ങൾക്കകം പരിശുദ്ധ ഹറമിനുള്ളിൽ മയ്യിത്തുകൾ കുമിഞ്ഞു കൂടി.
ആ മയ്യിത്തുകൾ സംസം കിണറിലേക്ക് ഇടാൻ അയാൾ കൽപ്പിച്ചു!
ചിലത് മസ്ജിദുൽ ഹറാമിൽ തന്നെ കുഴിച്ചുമൂടാനും കൽപനയുണ്ടായി!
ഹാജിമാരുടെ മുഴുവൻ സമ്പത്തും അവർ കൊള്ളയടിച്ചു !

അരിശം തീരാതെ അയാൾ വീണ്ടും പരാക്രമങ്ങൾ അഴിച്ചുവിട്ടു.
സംസം കിണറിനു മുകളിലുണ്ടായിരുന്ന മറ തകർത്തു.
കഅബയുടെ വാതിൽ പിഴുതുമാറ്റാൻ കൽപന കൊടുത്തു.
കഅബയുടെ ക്വില്ലകൾ അഴിച്ചു മാറ്റപ്പെട്ടു!
അത് കഷ്ണം കഷ്ണമാക്കി.
കഅബയുടെ പാത്തി ഇളക്കി മാറ്റാൻ ഒരുത്തൻ കഅബയുടെ മുകളിലേക്ക് കയറി.
അത് തലയിലേക്ക് വീണ് അവൻ മരിച്ചു!
ഹജറുൽ അസ്വദ് പിഴുത് മാറ്റാൻ അബൂത്വാഹിർ കൽപന കൊടുത്തു!
കഴിഞ്ഞില്ല!
ഒരുത്തൻ ചുറ്റികയുമായി വന്ന് അത് പൊട്ടിച്ചു!
“അബാബീൽ എവിടെ? ചുട്ടുപഴുത്ത ചരൽക്കല്ലുകൾ എവിടെ?” എന്നയാൾ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു!
അവസാനം ഹജറുൽ അസ് വദ് അവർ പിഴുതുമാറ്റി !
അത് അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി !
22 വർഷം അതവരുടെ കയ്യിലായിരുന്നു !
ഹജറുൽ അസ് വദില്ലാത്ത കഅബയെ ആണ് അക്കാലത്ത് വിശ്വാസികൾ വലയം വെച്ചത് !
إنا لله وإنا إليه راجعون

ഈ നരനായാട്ടനു ശേഷം അട്ടഹാസം മുഴക്കി അവർ മടങ്ങി.
ഹജറുൽ അസ് വദ് അവരുടെ കയ്യിലായിരുന്നു !
ഈ സമയത്ത് മക്കാ അമീർ അവരെ പിന്തുടർന്നു.ചെറിയൊരു സൈന്യവും കൂടെയുണ്ടായിരുന്നു.
ഹജറുൽ അസ് വദ് തിരികെ നൽകാൻ ആവശ്യപെട്ടു
എത്ര പണം വേണമെങ്കിലും നൽകാം എന്നു പറഞ്ഞു നോക്കി !
അയാൾ വഴങ്ങിയില്ല! ഏറ്റുമുട്ടൽ ഉണ്ടായി.മക്കാ അമീറും മുസ്ലീംകളും വധിക്കപ്പെട്ടു.
അയാൾ ഹജറുൽ
അസ് വദുമായി നാട്ടിലേക്ക് കടന്നു.

ആരായിരുന്നു ഇവർ?
ഒരു മുസ്ലിമിന് ഇതൊരിക്കലും ചെയ്യാനാവില്ല!
അക്കാലത്ത് ആഫ്രിക്കൻ മേഖലയിൽ രംഗത്തു വന്ന ഒരു ഭരണകൂടമാണിതിനു പിന്നിൽ ഉണ്ടായിരുന്നത്.
മഹ്ദി എന്നാണ് അവരുടെ നേതാവിന് അവർ നൽകിയ നാമം!
ഉബൈദുല്ലാഹ് ബിൻ
മയ്മൂൻ അൽ കദ്ദാഹ്’ എന്നാണ് ശരിക്കുള്ള പേര്!
ജൂതനായിരുന്നു അയാൾ.
മുസ്ലിമായി അഭിനയിച്ച് ആഫ്രിക്കയിലെത്തിയതാണ് !
ഞാൻ ഫാത്വിമിയാണ് എന്നയാൾ വാദിച്ചു തുടങ്ങി!
നബികുടുംബത്തോടുള്ള കപട സ്നേഹത്തിന്റെ മറവിലാണ് ഇയാൾ സമൂഹത്തിൽ സ്വാധീനം നേടാൻ നോക്കിയത്.
അവസാനം അയാൾക്ക് ഭരണം കിട്ടി.മഹ്ദിയ എന്ന പേരിൽ അവർ ഒരു പട്ടണം ഉണ്ടാക്കി!
ഇസ്ലാമിനോടും മുസ്ലിംകളോടും
കഠിന ശത്രുത വെച്ചു പുലർത്തിയവരാണിവർ !

280 വർഷം അവരുടെ ഭരണ കാലഘട്ടം നീണ്ടു.
ഉബൈദിയാ കാലഘട്ടം എന്നാണതിന്റെ ശരിയായ പേര്!
അഹ്ലുസ്സുന്നക്ക് വല്ലാത്ത പരീക്ഷണ കാലഘട്ടമായിരുന്നു അവരുടെ ഭരണകാലം.
നിരവധി പണ്ഡിതന്മാർ വധിക്കപ്പെട്ടു.
മുസ്ലിംകൾ കൊല്ലപെട്ടതിന് യാതൊരു കണക്കും ഇല്ല!
നിരവധി ആചാരങ്ങൾ അക്കാലത്ത് ജന്മം കൊണ്ടു.
അതിലൊന്നാണ് പ്രവാചകന്റെ ജന്മദിനാഘോഷം!

ചരിത്രത്തിന്റെ ഇത്തരം ഏടുകൾക്ക് നിരവധി ഗുണപാഠങ്ങൾ വർത്തമാനകാലത്തോട് പറയാനുണ്ട് !
പരീക്ഷണങ്ങളുടെ കാലഘട്ടം നമുക്ക് മുമ്പും എമ്പാടും ഉണ്ടായിട്ടുണ്ട്.
ത്വവാഫും ഹജ്ജും ഇതിനു മുമ്പും മുടങ്ങിയിട്ടുണ്ട്!
അത് പരീക്ഷണമാണ്!റബ്ബിന്റെ ശക്തമായ പരീക്ഷണം !
പരീക്ഷണങ്ങളിൽ പിടിച്ചു നിൽക്കാനുള്ള ഊർജ്ജമാണ് ഇത്തരം ചരിത്രങ്ങൾ നമുക്ക് നൽകുന്നത്‌.
കഅബ തന്നെ തകർക്കപ്പെട്ടേക്കാം അതു പ്രവാചകൻ (സ) അറിയിച്ചതാണ്.
പക്ഷേ ക്വൽബിലെ വിശ്വാസം തകർന്നാൽ അതാണ് വലിയ ദുരന്തം.
അനാചാരങ്ങളുടെ അടിവേരുകൾ ആരിലാണ് ചെന്നു നിൽക്കുന്നത് എന്ന് ഇത്തരം ചരിത്രങ്ങൾ ഉറക്കെ പറയുന്നുണ്ട്.
ശത്രു കെണിയൊരുക്കുന്നത് പുറമെ നന്മ കാണിച്ചും പുഞ്ചിരിച്ചുമായിരിക്കും എന്ന തിരിച്ചറിവ് നമുക്ക് നഷ്ടമായി കൂടാ.
ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്തവരെ ചരിത്രം പാഠം പഠിപ്പിക്കും.
അല്ലാഹു എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ!