നിരീശ്വരവാദത്തില്‍നിന്ന് വിശ്വാസത്തിലേക്കുള്ള ദൂരം

നിരീശ്വരവാദത്തില്‍നിന്ന് വിശ്വാസത്തിലേക്കുള്ള ദൂരം

സത്യവിശ്വാസത്തിലേക്ക് നിരീശ്വരവാദത്തില്‍നിന്ന് വന്ന പ്രസിദ്ധരായ വ്യക്തികളുടെ ഉദാഹരണങ്ങള്‍ മതവിശ്വാസത്തില്‍ അസ്വസ്ഥരായി കഴിയുന്ന യുവാക്കള്‍ക്ക് പ്രയോജനപ്രദമാണ്. ചിന്താപരമായ ദൗര്‍ബല്യം, തങ്ങളുടെ അടിസ്ഥാനങ്ങളോട് മതവിശ്വാസങ്ങള്‍ക്കുള്ള എതിര്‍പ്പ് എന്നിവ കാരണമായി മതപരമായ വിശ്വാസങ്ങളില്‍ അസ്വസ്ഥരായും സന്ദേഹമുള്ളവരായും ജീവിക്കുന്ന ചെറുപ്പക്കാരാണവര്‍. മതത്തിനെതിരെ വ്യത്യസ്തമായ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നവര്‍ തെറ്റുധാരണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ തെറ്റുധാരണകള്‍ക്കെതിരെ ചോദ്യങ്ങളുന്നയിക്കുമ്പോള്‍ എതിര്‍ക്കാനാവശ്യമായ ചിന്താ വൈഭവമൊന്നും അവരില്‍ കാണാന്‍ കഴിയില്ല.

നിരീശ്വരവാദികളാവുകയും പിന്നീട് വിശ്വാസത്തിലേക്ക് വരികയും ചെയ്ത പ്രസിദ്ധരായ ഏതാനും വ്യക്തികളുടെ ഉദാഹരങ്ങളാണ് ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്.

ആന്റണി റിച്ചാര്‍ഡ് ഫ്‌ളു

ബ്രിട്ടീഷ് ദാര്‍ശനികനായിരുന്നു ആന്റണി റിച്ചാര്‍ഡ് ഫ്‌ളു. 1923ലാണ് അദ്ദേഹം ജനിക്കുന്നത്. ആധുനിക കാലത്തെ നിരീശ്വരവാദികളില്‍ പ്രധാനിയും നിരീശ്വരവാദികളുടെ നേതാവെന്ന നിലയില്‍അറിയപ്പെട്ട വ്യക്തിത്വവുമായിരുന്നു ആന്റണി ഫ്‌ളു. ദാര്‍ശനികതയെ വിശകലനവിധേയമാക്കിയ അദ്ദേഹത്തിന്റെ പ്രധാന പുസ്തകമാണ് ‘മതങ്ങളുടെ തത്ത്വശാസ്ത്രം.’ മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹമെഴുതിയിട്ടുണ്ട്. അതില്‍ അധികവും മതചിന്തയെ വിമര്‍ശിച്ചുകൊണ്ടുളളതായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധ വാചകമാണ് ‘ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച യഥാര്‍ഥ തെളിവ് അനുഭവഭേദ്യമാകുന്നതുവരെ മനുഷ്യര്‍ നിരീശ്വരവാദികളായി തുടരുക’ എന്നത്. ആന്റണിയുടെ ജീവിതത്തിലെ അവസാനത്തില്‍ തന്റെ വ്യക്തിപരമായ ബോധ്യങ്ങള്‍ തിരുത്തുന്നുണ്ട്. 2004ലെ ഒരു തത്ത്വശാസ്ത്ര സംവാദത്തിനിടയിലാണ് അദ്ദേഹം തന്റെ ഇസ്‌ലാം ആശ്ലേഷണം പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന്, അദ്ദേഹം മുമ്പ് എഴുതിയ പുസ്‌കങ്ങളെ തിരുത്തി ‘ഇവിടെ ദൈവമുണ്ട്’ എന്ന പുസ്തകം രചിച്ചു. തന്റെ ഇസ്‌ലാം പ്രഖ്യാപനംകൊണ്ട് അദ്ദേഹത്തിന് ലോക നിരീശ്വരവാദ വിഭാഗങ്ങളില്‍നിന്ന് വലിയ അപകീര്‍ത്തി ഏറ്റുവാങ്ങേണ്ടിവന്നു. കാരണം, ഏകദേശം അമ്പതുവര്‍ഷത്തോളം സംവാദങ്ങളില്‍ നിരീശ്വരവാദത്തിനായി ഉയര്‍ന്നുനിന്ന ശബ്ദമായിരുന്നു ആന്റണി ഫ്‌ളുവിന്റെത്. എഴുപത്തിയെട്ടാമത്തെ വയസ്സില്‍ (2010ല്‍) അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

ആന്റണി ഫ്‌ളു പറയുന്നു: ‘ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത് മുതല്‍ ആളുകള്‍ വ്യത്യസ്ത പരിപാടികളിലായി വളരെ ഗൗരവപൂര്‍വം എന്നോട് ചോദിച്ചത്; താങ്കളുടെ മുമ്പത്തെ വീക്ഷണത്തില്‍നിന്ന് എന്തുകൊണ്ട് പിന്മാറി എന്നതാണ്. എന്നാല്‍, ഞാന്‍ അതിനെക്കുറിച്ച് അവര്‍ക്ക് വിശദീകരണം നല്‍കിയില്ല. ഇപ്പോള്‍ ഞാന്‍ യഥാര്‍ഥ ബോധ്യത്തിലേക്ക് എത്തിയിരിക്കുന്നു. എന്റെ അവസാനത്തെ സാക്ഷ്യവും ഉല്‍ബോധവുമാണ് എന്റെ പുസ്തകത്തിന്റെ പേര് മുന്നോട്ടുവയ്ക്കുന്നത്-ഇവിടെ ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ തുടര്‍ന്ന് പറയുന്നു: ‘ഈ പ്രപഞ്ചം ദൈവമുണ്ടെന്ന് തന്നെ പൂര്‍ണമായും ബോധ്യപ്പെടുത്തുന്നുണ്ട്. നിലനില്‍ക്കുന്ന ലോകത്തിന്റെ താളാത്മകത സ്രഷ്ടാവുണ്ടെന്ന ചിന്ത പ്രതിഫലിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന ജീവനുകളും അവയുടെ വളര്‍ച്ചയും ദൈവികതയില്‍ നിന്നാണെന്ന് ഞാന്‍ വശ്വസിക്കുന്നു.’

അമ്പതുവര്‍ഷത്തിന് മുകളില്‍ നിരീശ്വരവാദത്തിന്റെ പ്രചാരകനായി നിലകൊണ്ട ആന്റണി ഒരുപാട് പുസ്തകങ്ങളെഴുതുകയും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തത് നിരീശ്വരവാദത്തില്‍നിന്ന് വിശ്വാസത്തിലേക്ക് പ്രവേശിക്കാന്‍ ലോകത്തിന് നല്‍കുന്ന വിശ്വസ്തതയുടെ വലിയ പ്രതീകമാണ്.

 

മുനീര്‍ ശഫീഖ്

ക്രിസ്തുമത വിശ്വാസികളായ മാതാപിതാക്കളുടെ മകനായി 1934ല്‍ ഖുദ്‌സിലാണ് മുനീര്‍ ശഫീഖ് ജനിക്കുന്നത്. പിന്നീട് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. ജോര്‍ദാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ശേഷം മധ്യപൗരസ്ത്യ ദേശത്തില്‍ നിരീശ്വരവാദ മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രത്തിനായി സംവാദങ്ങളില്‍ എഴുന്നേറ്റുനില്‍ക്കുന്ന സവിശേഷ സാന്നിധ്യമായി മാറി. അദ്ദേഹം 1970കളുടെ അവസാനംവരെയും നിരീശ്വരവാദിയായി ജീവിച്ചു.

ചില കമ്യൂണിസ്റ്റ് സൈദ്ധാന്തികരുമായി ചേര്‍ന്ന്, സോവിയറ്റ് യൂണിയനിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ മാതൃകയില്‍ മുനീര്‍ ശഫീഖ് മധ്യപൗരസ്ത്യ ദേശത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി രൂപീകരിച്ചു. അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന അംഗമായിരുന്നു. ഒമ്പത് അംഗങ്ങളാല്‍ രൂപീകൃതമായ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തന ദൗത്യം ഇറാഖ്, സിറിയ, ലബനാന്‍, ജോര്‍ദാന്‍, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വങ്ങള്‍ക്ക് പരിശീലനം നല്‍കുകയെന്നതായിരുന്നു. തുടര്‍ന്ന്, സോവിയറ്റ് യൂണിയനിലെ നിരീശ്വരവാദ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിന് റഷ്യന്‍ എംബസിയുടെ ക്ഷണപ്രകാരം ഈ കമ്മിറ്റി 1970കളുടെ തുടക്കത്തില്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഈ സംഘം വളരെ നിരാശയോടെയാണ് റഷ്യയില്‍നിന്ന് യാത്രതിരിക്കുന്നത്. മാര്‍ക്‌സിസത്തിന്റെ ആചാര്യനായ കാറല്‍ മാര്‍ക്‌സ് അവതരിപ്പിച്ച പ്രത്യയശാസ്ത്ര കാഴ്ചപ്പാടില്‍നിന്ന് വ്യതിചലിച്ച സാമൂഹിക, സാമ്പത്തിക ക്രമമാണ് അവര്‍ക്ക് സോവിയറ്റ് യൂണിയനില്‍ കാണാന്‍ കഴിഞ്ഞത്. മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു! തുടര്‍ന്ന് കമ്മിറ്റി തങ്ങളുടെ പ്രവര്‍ത്തനം മോസ്‌കോവില്‍ നിന്നും അവരുടെ മാര്‍ക്‌സിയന്‍ പ്രായോഗികതയില്‍ നിന്നും വ്യത്യസ്തമായി തുടരാന്‍ തീരുമാനിച്ചു.

മാര്‍ക്‌സിസ്റ്റ് കാലത്തെ അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍ ഇപ്പോഴും കമ്യൂണിസ്റ്റ് വേദികളില്‍ ആഘോഷിക്കപ്പെടുന്നവയാണ്. മാത്രമല്ല, അതില്‍നിന്ന് അവര്‍ പ്രചോദനവും ഉള്‍ക്കൊള്ളുന്നു. അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങളാണ് ‘മാര്‍ക്‌സിസം, ലെനിനിസം, അടിയന്തര വിപ്ലവം,’ ‘മാര്‍ക്‌സിസം, ലെനിനിസം, വിപ്ലവ പാര്‍ട്ടിയുടെ സിദ്ധാന്തം,’ ‘യുദ്ധശാസ്ത്രം’ എന്നിവ.

മുനീര്‍ ശഫീഖ് മാര്‍ക്‌സിസ്റ്റ് നിരീശ്വരവാദത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് വന്ന ശേഷം  പറയുകയുണ്ടായി: ‘കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ മറ്റു സംസ്‌കാരങ്ങളുടെ അടിസ്ഥാനങ്ങള്‍വച്ച് മാര്‍ക്‌സിയന്‍ സംസ്‌കാരത്തെ വൈവിധ്യവത്കരിക്കാനും സമ്പന്നമാക്കാനും തീരുമാനിച്ചിരുന്നു. കമ്മിറ്റി കൂടിയപ്പോള്‍ തീരുമാനിച്ചത് വിശുദ്ധ വേദങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുക എന്നതായിരുന്നു. അതിനായി ആദ്യമായി ഹിന്ദുമത വിശ്വാസികളുടെ വേദങ്ങള്‍ പഠിച്ചു തുടങ്ങാന്‍ തീരുമാനിച്ചു. തുടര്‍ന്ന്, ജൂതന്മാരുടെ വിശുദ്ധ വേദമായ തൗറാത്തും ക്രിസ്ത്യാനികളുടെ വിശുദ്ധ വേദമായ ബൈബിളും മുസ്‌ലിംകളുടെ വിശുദ്ധ ക്വുര്‍ആനും വായിക്കാനും പഠിക്കാനും തീരുമാനിക്കുകയായിരുന്നു. ഈ വിശുദ്ധ വേദങ്ങളുടെയെല്ലാം വിശദീകരണം അതത് വേദങ്ങളുടെ വ്യാഖ്യാതാക്കളില്‍ നിന്ന് ലഭ്യമായത് അവര്‍ക്ക് അര്‍ഥവും സംശയവുമെല്ലാം തീര്‍ക്കുന്നതിന് സഹായകരമാവുകയും ചെയ്തു.’

മുനീര്‍ ശഫീഖ് തന്റെ ഈ അനുഭവം പങ്കുവെച്ചതിന് ശേഷം പറയുന്നു: ‘വ്യത്യസ്ത മതവിഭാഗങ്ങളുടെ വിശുദ്ധ വേദഗ്രന്ഥങ്ങള്‍ വായിച്ച് വിശകലനവും താരതമ്യവും നടത്തിയപ്പോള്‍, അവര്‍ക്ക് വിശുദ്ധ ക്വുര്‍ആനിലെ മാനുഷികമൂല്യങ്ങളെ സംബന്ധിച്ചും പ്രാവര്‍ത്തിക ജിവതത്തെ സംബന്ധിച്ചും വ്യക്തമായ ബോധ്യമുണ്ടായി. കൂടാതെ, അവരുടെ എല്ലാവിധ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കുന്നതിനും ചിന്തയിലും സംസ്‌കാരത്തിലും മാനുഷിക നാഗരിക രീതിശാസ്ത്രത്തിലും മികച്ചുനില്‍ക്കുന്നതാണ് വിശുദ്ധ ക്വുര്‍ആനെന്നും അവര്‍ തിരിച്ചറിഞ്ഞു. ഇതിന് സമാനമായ വേദഗ്രന്ഥമോ ചിന്താപദ്ധതിയോ ഇല്ലെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി.’

തുടര്‍ന്ന് അദ്ദേഹം പറയുന്നു:  ‘പിന്നീട് വിശുദ്ധ ക്വുര്‍ആനിന്റെ കല്‍പനകളും പാഠങ്ങളും നടപ്പില്‍ വരുത്തുന്നതിനായുളള ചിന്ത കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ ഉദയംകൊണ്ടു. വിശുദ്ധ ക്വുര്‍ആനിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും അത് മുറുകെപിടിക്കുകയുമാണ് കമ്മിറ്റി അംഗങ്ങള്‍ പിന്നീട് ചെയ്തത്. അങ്ങനെ ഇസ്‌ലാമിലേക്ക് പ്രവേശിച്ച് വിശ്വാസത്തിന്റെ ഭാഗമായി നീങ്ങാനുള്ള തീരുമാനം രൂപപ്പെട്ടു. ഇസ്‌ലാമിലേക്ക് വന്നതിന് ശേഷം മുനീര്‍ ശഫീഖ് വ്യതിരിക്തമായ ഇസ്‌ലാമിക സംസ്‌കാരത്തെ സംബന്ധിച്ച് ധാരാളം ലേഖനങ്ങളും പുസ്തകളും എഴുതി. അവയില്‍ പ്രധാന പുസ്തകങ്ങള്‍: 1) നാഗരിക പോരാട്ടങ്ങള്‍ക്കിടയിലെ ഇസ്‌ലാം. 2) ഇസ്‌ലാമും ആധുനിക അധഃപതന വെല്ലുവിളികളും. 3) നവോത്ഥാനവും പതിതാവസ്ഥയും. 4) വികസനസ്വാതന്ത്ര്യ പ്രശ്‌നങ്ങള്‍. 5) മാറ്റത്തിന്റെ പ്രത്യയശാസ്ത്രം. 6) പുതിയ ലോകക്രമവും പ്രതിസന്ധികളും.

വൈജ്ഞാനികവും രാഷ്ട്രീയവുമായ മേഖലകളിലും അദ്ദേഹത്തിന്റെ ലേഖനകളും പുസ്തകങ്ങളും കാണാന്‍ കഴിയുന്നതാണ്. ആധുനിക കാലത്ത് പരിഗണിക്കപ്പെടുന്ന പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതനാണ് മുനീര്‍ ശഫീഖ്.

 

ജെഫ്രി ലാങ്

1954ല്‍ അമേരിക്കയിലെ ബ്രിഡ്ജ്‌പോര്‍ട്ട് പട്ടണത്തിലാണ് ജെഫ്രി ലാങ് ജനിക്കുന്നത്. പെര്‍ഡു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. നിലവില്‍ യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റിലെ കന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര വിഷയത്തില്‍ പ്രൊഫസറായി ജോലിചെയ്യുന്നു.

അദ്ദേഹം പറയുന്നു: ‘ക്രിസ്തുമത വിശ്വാസം അനുസരിച്ച് ജീവിക്കുന്ന മാതാപിതാക്കളുടെ മകനായിട്ടാണ് ഞാന്‍ ജനിച്ചത്. തുടര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടി. ഈ സമയത്ത് ദൈവവിശ്വാസത്തെക്കുറിച്ച് ക്ലാസ്സെടുത്തിരുന്ന അധ്യാപകനോട് ധാരാളം ചോദ്യങ്ങള്‍ ചോദിച്ചു. അത് ദൈവമുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നതിനായിരുന്നു. ക്രിസ്തുമതത്തിലെ ത്രിയേകത്വം സംബന്ധിച്ച ചോദ്യത്തിലൂടെ ദൈവത്തെ കണ്ടെത്താനുള്ള ശ്രമം നടത്തി. നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചത് കാരണം പഠിപ്പിച്ചിരുന്ന അധ്യാപകന്‍ ക്ലാസ്സില്‍നിന്ന് നിരീശ്വരവാദിയെന്ന് അധിക്ഷേപിച്ച് പുറത്താക്കി. അത് കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കുമിടയില്‍ സംസാരവിഷയമായി. അവരാരും ജെഫ്രി നിരീശ്വരവാദിയെല്ലെന്ന് സ്ഥാപിക്കാന്‍ തയ്യാറായതുമില്ല. മറിച്ച്, നിരീശ്വരവാദിയെന്ന ആ വിളിയെ ശരിവയ്ക്കുകയായിരുന്നു.’

തുടര്‍ന്ന് പത്തുവര്‍ഷത്തോളം നിരീശ്വരവാദിയായി ജെഫ്രി ലാങ് ജീവിച്ചു. അതിനിടയില്‍ ഉന്നത പഠനം പൂര്‍ത്തീകരിക്കുകയും സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി നിയമിക്കപ്പെടുകയും ചെയ്തു. ഈ യൂണിവേഴ്‌സിറ്റിയില്‍ ഒരു അറബി വിദ്യാര്‍ഥിയുണ്ടായിരുന്നു. ജെഫ്രി ലാങും ആ അറബി വിദ്യാര്‍ഥിയും തമ്മില്‍ നല്ല ബന്ധമായിരുന്നു. ആ വിദ്യാര്‍ഥി വിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷ അദ്ദേഹത്തിന് നല്‍കി. അതായിരുന്നു ജെഫ്രി ലാങ് ഇസ്‌ലാം ആശ്ലേഷിക്കാനുളള കാരണം.

ജെഫ്രി ലാങ് പറയുന്നു: ‘വിശുദ്ധ ക്വുര്‍ആന്‍ ആദ്യമായി വായിച്ച സമയത്ത്, വിശുദ്ധ ക്വുര്‍ആന്‍ എന്നെ വായിക്കുകയാണോ എന്നെനിക്ക് തോന്നി. മാനസികശാസ്ത്ര വിഷയം പഠിപ്പിക്കുന്ന അധ്യാപകന്റെ മുന്നിലാണെന്ന പോലെ അനുഭവപ്പെട്ടു. എന്റെ മറഞ്ഞുകിടന്ന എല്ലാ വിചാരങ്ങള്‍ക്കുമേലും അത് പ്രകാശമായി വിരിഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ എന്റെ മുന്നിലെ പ്രധാന അവലംബമായിരുന്നു വിശുദ്ധ ക്വുര്‍ആന്‍. അത് എന്നെ ആഴത്തിലേക്ക് കൊണ്ടുപോവുകയും സത്യത്തിന് മുന്നില്‍ എന്നെ നഗ്‌നനാക്കുകയും ചെയ്തു. മനസ്സില്‍ രൂപപ്പെടുന്ന എല്ലാ ചോദ്യങ്ങള്‍ക്കും വിശുദ്ധ ക്വുര്‍ആനില്‍ യുക്തിപരമായ മറുപടി ഞാന്‍ കണ്ടെത്തി. ഇതെന്നെ ദൈവ വിശ്വാസത്തിലേക്ക് നയിച്ചു. അങ്ങനെ ഞാന്‍ മുസ്‌ലിമായി.’

ഇസ്‌ലാമിക വിശ്വാസം സ്വീകരിച്ച് അടങ്ങിയിരിക്കുകയല്ല ജെഫ്രി ലാങ് ചെയ്തത്. ആഴമേറിയ ഒരുപാട് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ നിരീശ്വരവാദത്തില്‍ നിന്നുളള വിശ്വാസത്തിലേക്കുള്ള പ്രയാണത്തെ സംബന്ധിച്ച്.

അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍:

1) Sruggling to Surrender: Some Impressions of an American Convert to Islam.  ഈ പുസ്തകത്തിലാണ് നിരീശ്വരവാദത്തില്‍നിന്ന് വിശ്വാസത്തിലേക്ക് വന്ന തന്റെ അനുഭവം പങ്കുവെക്കുന്നത്. 2) Even Angels Ask: A Journey to Islam in America. 3) Losing My Religion: A Call for Help.

നിലവില്‍, അമേരിക്കയിലെ പ്രസിദ്ധ ഇസ്‌ലാമിക ചിന്തകനും പ്രബോധകനും കര്‍മശാസ്ത്ര പണ്ഡിതനുമാണ് ജെഫ്രി ലാങ്.

 

അഹ്മദ് അബ്ദുല്‍ ആല്‍
നേർപഥം വാരിക

കുഞ്ഞ് ജനിച്ചാല്‍

കുഞ്ഞ് ജനിച്ചാല്‍

സന്താനമോഹം മനുഷ്യസഹജമാണ്. പ്രവാചകന്മാര്‍ പോലും അതിനായി കൊതിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. മഹാനായ ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചത് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നു.

”എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ”(ക്വുര്‍ആന്‍ 37:100).

സകരിയ്യാ നബി(അ) നടത്തിയ പ്രാര്‍ഥന ഇങ്ങനെയാണ്: ”…എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു” (ക്വുര്‍ആന്‍ 3:38).

മക്കളുണ്ടാകുന്നത് വലിയ അനുഗ്രഹമാണ്. എന്നാല്‍ അതിന്റെ മഹത്ത്വമറിയാത്തതുകൊണ്ടും മറ്റുപല തെറ്റുധാരണകള്‍ കൊണ്ടും മക്കള്‍ അധികരിക്കുന്നത് വലിയ നാണക്കേടാണ് പലര്‍ക്കുമിന്ന്. അത് എന്തോ വലിയ അപരാധം പോലെയാണ് പൊതുവില്‍ പലരും ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ‘അബോര്‍ഷനു’ കളുടെയും (ഗര്‍ഭഛിദ്രം) ശിശുഹത്യകളുടെയും ബാല പീഡനങ്ങളുടെയും എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണിന്ന്.

അതേസമയം ഒരു കുഞ്ഞ് പിറന്ന് കാണുവാനുള്ള ആഗ്രഹത്തിന്റെ പേരില്‍ കുറെയേറെ വിഷമങ്ങള്‍ സഹിച്ചുള്ള ചികിത്സകളും നിയന്ത്രണങ്ങളുമൊക്കെ പാലിക്കുന്ന ചിലരെയും മറുവശത്ത് കാണാം. ആഗ്രഹവും പരിശ്രമങ്ങളും പ്രാര്‍ഥനകളും ഒക്കെയുണ്ടായിട്ടും മക്കളില്ലാത്തതിന്റെ സ്വകാര്യ ദുഃഖവും പേറി നടക്കുന്ന എത്രയോ ആളുകള്‍! അവിടെയും ചിലരുടെ ചുവടുകള്‍ തെറ്റാറുണ്ട്. പിശാചിന്റെ കെണിയില്‍ പെട്ട് ആത്യന്തിക പരാജയത്തിന്റെ പടുകുഴികളിലേക്ക് ആപതിക്കാറുമുണ്ട്. പലരുടെയും ഉപദേശങ്ങള്‍ കേട്ട്, അതിന്റെ മതപരമായ വിധിവിലക്കുകളൊന്നും അന്വേഷിക്കാനോ പിന്‍പറ്റാനോ തയ്യാറാകാതെ ശിര്‍ക്കിന്റെയും (ബഹുദൈവത്വം) മറ്റു തിന്മകളുടെയും വഴി സ്വീകരിച്ച് ആഗ്രഹ സഫലീകരണത്തിനായി ശ്രമിക്കാറുണ്ട്. സത്യത്തില്‍ നമ്മുടെ വിശ്വാസത്തിന്റെയും ‘തൗഹീദി’ന്റെയും ‘തവക്കുലി’ന്റെയുമൊക്കെ ശരിയായ ആദര്‍ശം തെളിഞ്ഞ് ജ്വലിച്ച് നില്‍ക്കേണ്ട രംഗമാണതൊക്കെ. മേല്‍പറഞ്ഞ പ്രവാചകന്മാരുടെ ജീവിതം നമുക്ക് സ്ഥൈര്യവും ധൈര്യവും പകരുന്ന മാതൃകകളാവണം.

ഈ രംഗത്ത് മനുഷ്യരില്‍ ചിലര്‍ ചെയ്തുകൂട്ടുന്ന നന്ദികേടിന്റെ ഒരു രൂപം അല്ലാഹു തന്നെ വിശദമാക്കിയിട്ടുണ്ട്: ”ഒരൊറ്റ സത്തയില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ)ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അവന്‍ (അല്ലാഹു) അവര്‍ക്കൊരു നല്ല സന്താനത്തെ നല്‍കിയപ്പോള്‍ അവര്‍ക്കവന്‍ നല്‍കിയതില്‍ അവര്‍ അവന്ന് പങ്കുകാരെ ഏര്‍പെടുത്തി. എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു. അവര്‍ പങ്കുചേര്‍ക്കുന്നത് യാതൊന്നും സൃഷ്ടിക്കാത്തവരെയാണോ? അവര്‍ (ആ ആരാധ്യര്‍) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്. അവര്‍ക്കൊരു സഹായവും ചെയ്യാന്‍ അവര്‍ക്ക് (പങ്കാളികള്‍ക്ക്) സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്കു തന്നെ അവര്‍ സഹായം ചെയ്യുന്നതുമല്ല” (ക്വുര്‍ആന്‍ 7:189-192).

വേറെ ചിലര്‍ ജനിച്ച കുഞ്ഞ് പെണ്ണായതിന്റെ പേരില്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. രണ്ടും മൂന്നും കഴിഞ്ഞ് നാലാമത്തേതും പെണ്ണായിപ്പോയി എന്നതിന്റെ പേരില്‍ കുടുംബവഴക്കുകയും ലഹളകളും അവസാനം വിവാഹമോചനം വരെയും അതിന്റെ പേരില്‍ നടന്ന സംഭവങ്ങളുണ്ട്.

ചിലര്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ലിംഗ നിര്‍ണയം നടത്തി ജനിക്കാനുള്ള അവസരം തന്നെ നിഷേധിക്കുന്ന സ്ഥിതിയുമുണ്ട്. ഗുരുതര പാതകമാണ് ആ ചെയ്യുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. അല്ലാഹുവിന്റെ ദാനത്തിലും തീരുമാനത്തിലും ദേഷ്യവും വെറുപ്പും അസ്വസ്ഥതയുമല്ല ഒരു യഥാര്‍ഥ വിശ്വാസിക്കുണ്ടാവേണ്ടത്.

അല്ലാഹു പറയുന്നത് കാണുക: ”അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു” (ക്വുര്‍ആന്‍ 42:49,50).

ഇവിടെ പെണ്‍കുട്ടിയെ മുന്തിച്ചു പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. ആളുകളുടെ ഇഷ്ടമല്ല; അല്ലാഹുവിന്റെ തീരുമാനമാണ് അതില്‍ നടപ്പാക്കുന്നത് എന്ന ഓര്‍മപ്പെടുത്തലാണത്. പെണ്‍കുട്ടികളെ സംരക്ഷിച്ചു വളര്‍ത്തി വലുതാക്കി മാന്യമായി വിവാഹം ചെയ്തയക്കല്‍ മഹത്തായ പുണ്യമായിട്ടാണ് നബി ﷺ  പഠിപ്പിച്ചത്.

നബി ﷺ  പറഞ്ഞു: ”ആരെങ്കിലും രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതുവരെ സംരക്ഷിച്ചാല്‍ പരലോകത്ത് അയാള്‍ എന്നോടൊപ്പമായിരിക്കും” (മുസ്‌ലിം).

പ്രവാചകനോടൊപ്പമുള്ള സഹവാസത്തിന് അര്‍ഹമാക്കുന്ന മഹനീയ കര്‍മമാണ് പെണ്‍കുട്ടികളെ വളര്‍ത്തലെന്ന് നബി ﷺ  പ്രഖ്യാപിച്ച സാഹചര്യംകൂടി നാം വിലയിരുത്തുമ്പോഴാണ് അതിന്റെ വീര്യവും വലിപ്പവും വിപ്ലവാത്മകതയും ബോധ്യപ്പെടുക. പെണ്‍കുട്ടി ജനിക്കുന്നതിനെ അപമാനമായിക്കണ്ട് അവളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നവരുണ്ടായിരുന്ന ഒരു സമൂഹത്തിനിടയിലാണ് മുഹമ്മദ് നബി ﷺ  ഈ ധീരമായ പ്രഖ്യാപനം നടത്തിയത്!

കുഞ്ഞ് പിറന്നാല്‍ നാം നിര്‍വഹിക്കേണ്ട ചില മര്യാദകളും ആചാരങ്ങളുമുണ്ട്. ആദ്യമായി സന്താനത്തെ നല്‍കിയതിന് റബ്ബിനെ സ്തുതിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക. ശേഷം മറ്റു മര്യാദകള്‍ പാലിക്കുക.

1. ചെവിയില്‍ ബാങ്ക് വിളിക്കല്‍

ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും നവജാത ശിശുവിന്റെ ചെവിയില്‍ ഏകദൈവാരാധനയുടെ വിളംബരമായ ബാങ്കിന്റെ വചനങ്ങള്‍ ഉരുവിടുന്നത് നല്ലതാണ്. പ്രസ്തുത വിഷയത്തില്‍ ഉദ്ധരിക്കപ്പെടുന്ന ഹദീഥിന്റെ പ്രബലതയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സച്ചരിതരായ മുന്‍ഗാമികള്‍ അംഗീകരിച്ച ഒന്നാണിത്.

ശൈഖ് ഉഥൈമീന്‍(റഹി) പറഞ്ഞു: ‘നവജാതശിശു ആദ്യമായി കേള്‍ക്കേണ്ടത് ബാങ്കിന്റെ വചനങ്ങളാണെന്നുണ്ട്. എന്നാല്‍ ആദ്യസമയത്തൊന്നും അതിന് സാധിച്ചില്ലെങ്കില്‍ പിന്നീട് അത് ചെയ്യേണ്ടതില്ല. എന്നാല്‍ ഇക്വാമത്ത് കൊടുക്കുന്നതിന് രേഖകളില്ല.’

2. സന്തോഷം പ്രകടിപ്പിക്കല്‍

കുട്ടി ജനിച്ചതിന്റെ പേരിലുള്ള സന്തോഷം കാരണം മിഠായി അല്ലെങ്കില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്ന രീതി ആളുകള്‍ക്കിടയില്‍ കാണാറുണ്ട്. അത് പ്രത്യേക സുന്നത്തുള്ള കാര്യമല്ലെങ്കില്‍ കൂടി എതിര്‍ക്കപ്പെടേണ്ട തെറ്റല്ല. എന്നാല്‍ വര്‍ഷാവര്‍ഷം ജന്മ ദിനത്തില്‍ മധുരപലഹാരങ്ങള്‍ നല്‍കി ‘ബര്‍ത്ത് ഡെ’ ആഘോഷിക്കല്‍ അനിസ്‌ലാമിക സംസ്‌കാരങ്ങളുടെ ഭാഗമാണ്. അതിനാല്‍ അത് ഒഴിവാക്കപ്പെടേണ്ടതാണ്.

3. ‘തഹ്‌നീക്ക്’ (മധുരംനല്‍കല്‍)

സ്വഹാബികള്‍ക്ക് കുട്ടികള്‍ ജനിച്ചാല്‍ അവര്‍ ആ കുട്ടികളെ നബി ﷺ യുടെ അടുക്കല്‍ കൊണ്ടുപോവുകയും നബി ﷺ  പഴുത്ത ഈത്തപ്പഴം വായിലിട്ട് ചവച്ച് ആ കുട്ടിയുടെ നാവില്‍ വെച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. ഇതിനാണ് ‘തഹ്‌നീക്ക്’ എന്ന് പറയുന്നത്. എന്നാല്‍ പണ്ഡിതന്മാരിലൊരു വിഭാഗം ഇത് നബി ﷺ യ്ക്ക് മാത്രമുള്ള സവിശേഷതയാണെന്നാണ് അഭിപ്രായപ്പെടുന്നത്. മറ്റൊരു വിഭാഗം ഈത്തപ്പഴത്തിന്റെ മഹത്ത്വവും മര്‍യം ബീവി ഗര്‍ഭിണിയായി പ്രസവിക്കാനടുത്ത സമയത്ത് അല്ലാഹു ഈത്തപ്പഴം നല്‍കിയതും ക്വുര്‍ആന്‍ വിവരിച്ചതിന്റെ വ്യാപകാര്‍ഥവും പരിഗണിച്ചുകൊണ്ട് നബി ﷺ യ്ക്ക് മാത്രമുള്ളതല്ലായെന്നും അഭിപ്രായപ്പെടുന്നു. മധുരം തൊട്ടുകൊടുക്കുന്ന വ്യക്തിയില്‍ നിന്ന് പ്രത്യേകം അനുഗ്രഹങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടും ദിവ്യത്വമാരോപിച്ചുകൊണ്ടുമാണെങ്കില്‍ അത് പാടില്ലാത്തതാകുന്നു. എന്നാല്‍ അത്തരത്തിലുള്ള വിശ്വാസങ്ങളൊന്നുമില്ലാതെ കേവലം ഒരു ആചാരമായി അതുചെയ്യുന്നതിന് വിരോധമില്ല എന്നുമാണ് മനസ്സിലാകുന്നത്.

4. പേരിടല്‍

കുട്ടി ജനിച്ച അന്നുതന്നെ പേര് വിളിക്കലാണ് ഉത്തമം. അതിനായി നല്ല പേരുകള്‍ കണ്ടെത്തി കരുതിവെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഇമാം ബൈഹക്വി(റ) പറയുന്നു: ‘കുട്ടി ജനിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ പേരുവിളിക്കലാണ് ഏഴാം ദിവസം പേരുവിളിക്കണമെന്നതിനെക്കാള്‍ പ്രബലം’ (ഫത്ഹുല്‍ ബാരി 9/589). സ്വഹീഹുല്‍ ബുഖാരിയില്‍ ‘കുട്ടി ജനിച്ച ദിവസം പേരുവിളിക്കല്‍’ എന്നൊരു അധ്യായം തന്നെ കൊടുക്കുന്നുണ്ട്.

പേരുവിളിക്കുമ്പോള്‍ നല്ല അര്‍ഥമുള്‍കൊള്ളുന്നതും ഇസ്‌ലാമിന്റെ ആദര്‍ശത്തെ ധ്വനിപ്പിക്കുന്നതുമാവാന്‍ ശ്രദ്ധിക്കണം. അല്ലാഹുവിന്റെ ദാസന്‍ എന്നര്‍ഥം വരുന്ന അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നീ പേരുകളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമെന്ന് നബി ﷺ  പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ പേരിനോട് ചേര്‍ത്ത് അടിമ/ദാസന്‍ എന്നര്‍ഥം വരുന്ന അബ്ദ് ചേര്‍ത്ത് വിൡക്കുന്ന ഏത് പേരുകളും (ഉദാ: അബ്ദുറഹീം, അബ്ദുല്‍ കരീം, അബ്ദുല്‍ അസീസ്… തുടങ്ങിയവ) ഈ പരിധിയില്‍ വരുമെന്നാണ് പണ്ഡിതാഭിപ്രായം.

മോശമായ പേരുകള്‍ നബി ﷺ  തിരുത്തിയ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആധുനികതയുടെയും ഫാഷനുകളുടെയും പേരില്‍ പുതിയ പേരുകള്‍ നിര്‍മിക്കുമ്പോള്‍ ഇസ്‌ലാമിക വിശ്വാസം ആദര്‍ശങ്ങള്‍ക്ക് എതിരാകാതിരിക്കാനെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പേരും വിളിക്കപ്പെടുന്ന വ്യക്തിയും തമ്മില്‍ പ്രത്യേകമായ ബന്ധവും സ്വാധീനവുമുണ്ട് എന്ന കാര്യം വിസ്മരിക്കരുത്.

 

ശമീര്‍ മദീനി
നേർപഥം വാരിക

ശുക്‌റിന്റെ സുജൂദ്

ശുക്‌റിന്റെ സുജൂദ്

മദീനയിലെ ഒരു ദിനം; റസൂല്‍ ﷺ  തന്റെ വീട്ടില്‍നിന്നും പുറത്തിറങ്ങി ദാനധര്‍മ സ്വത്ത് (സ്വദക്വ)സൂക്ഷിക്കുന്ന ഭാഗത്തേക്ക് നടന്നു. ക്വിബ്‌ലയെ മുന്‍നിര്‍ത്തി പെട്ടെന്ന് പ്രവാചകന്‍ സുജൂദില്‍ വീണു. ദീര്‍ഘമായി സുജൂദില്‍ കിടന്ന ശേഷം അവിടുന്ന് തലയുയര്‍ത്തി കൂടെയുണ്ടായിരുന്ന അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫി(റ)നോട് പറയുകയാണ്: ‘ജിബ്‌രീല്‍ എന്റെ അരികില്‍ വന്ന് ഒരു സന്തോഷവാര്‍ത്ത അറിയിച്ചു; അല്ലാഹു പറഞ്ഞിരിക്കുന്നു: ആരെങ്കിലും അങ്ങയുടെമേല്‍ സ്വലാത്ത് ചൊല്ലിയാല്‍ അവന്റെമേല്‍ ഞാനും സ്വലാത്ത് ചൊല്ലും, ആരെങ്കിലും അങ്ങയുടെമേല്‍ സലാം പറഞ്ഞാല്‍ അവന്റെ മേല്‍ ഞാനും സലാം പറയും’ (അഹ്മദ്).

തന്നിലൂടെ സമുദായത്തിന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി എന്നോണമാണ് പ്രവാചകന്‍ ﷺ  സുജൂദില്‍ വീണത്.

വിശ്വാസികളില്‍ അധികമാളുകള്‍ക്കും ഇന്ന് നഷ്ടപ്പെട്ടുപോകുന്ന ഒരു പ്രവാചകചര്യയാണ് ഈ ശുക്‌റിന്റെ (നന്ദിയുടെ) സുജൂദ്.

അബൂബക്ര്‍(റ) നിവേദനം ചെയ്യുന്നു: ‘ഒരു സന്തോഷവാര്‍ത്ത കിട്ടുകയോ താന്‍ നിയോഗിച്ച സൈന്യം അവരുടെ ശത്രുക്കള്‍ക്കെതിരെ വിജയം കൈവരിച്ച വാര്‍ത്ത കേള്‍ക്കുകയോ ചെയ്താല്‍ നബി ﷺ  സുജൂദില്‍ വീഴുമായിരുന്നു’ (അഹ്മദ്, അബൂദാവൂദ്).

എപ്പോഴാണ് ഒരാള്‍ നന്ദിയുടെ സുജൂദ് ചെയ്യേണ്ടത് എന്ന് ഇബ്‌നുല്‍ ക്വയ്യിം(റഹി) വിവരിക്കുന്നത് നോക്കൂ: ‘ഒരാളുടെ ജീവിതത്തില്‍ രണ്ട് രൂപത്തിലാണ് അനുഗ്രഹങ്ങള്‍ ഉണ്ടാവുക. ഒന്ന്: സ്ഥിരമായി അനുഭവിക്കുന്നവ. അതിനു നന്ദി എന്നോണം അവന്‍ പതിവായി ഇബാദത്തുകളില്‍ മുഴുകുന്നു. രണ്ട്: പെട്ടെന്ന്  ഉണ്ടാകുന്ന അനുഗ്രഹങ്ങള്‍, അതിന് നന്ദി എന്നോണം  അവന്‍ സുജൂദ് ചെയ്യുന്നു’ (ഇഅ്‌ലാമുല്‍ മുവക്ക്വിഈന്‍ 1/579).

അഥവാ നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു സന്തോഷം കടന്നുവരുമ്പോള്‍ അല്ലെങ്കില്‍ ഒരു വിപത്ത് നീങ്ങിപ്പോയ വാര്‍ത്ത അറിയുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ വിധിച്ച നാഥന് നാം തിരിച്ചു നല്‍കുന്ന നന്ദിയാണ് ഈ സുജൂദ്. ഇത്തരം ഘട്ടങ്ങളില്‍ അവനിലേക്കാണല്ലോ ഒരു വിശ്വാസി കൂടുതല്‍ അടുക്കേണ്ടതും.

പക്ഷേ, ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ വരുമ്പോള്‍ അറിവില്ലായിമ കൊണ്ടോ ആ നേരത്തെ അശ്രദ്ധമൂലമോ അധികമാളുകള്‍ക്കും ഇത് നഷ്ടപ്പെടാറാണ് പതിവ്. ചിലരാണെങ്കില്‍ അല്ലാഹു അല്ലാത്തവരിലേക്ക് നന്ദി സൂചകമായി വല്ലതും സമര്‍പ്പിക്കുന്നു. അവര്‍ എത്ര വലിയ അപരാധമാണ് ചെയ്യുന്നത്!

യമനില്‍ നിന്നും അലി(റ)യുടെ കത്ത് മദീനയില്‍ തിരുസവിധത്തില്‍ ലഭിച്ചു. ഹമദാന്‍ ഗോത്രം ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ച സന്തോഷ വാര്‍ത്തയാണ് പ്രവാചകന്‍ അതില്‍ വായിച്ചത.് ഉടനെ അവിടുന്ന് സുജൂദില്‍ വീണു; ശേഷം തലയുയര്‍ത്തി ഹമദാന്‍ ഗോത്രത്തിന് അല്ലാഹുവില്‍ നിന്നുള്ള സമാധാനം വര്‍ഷിക്കാന്‍ വേണ്ടി പ്രാര്‍ഥിച്ചു (അല്‍ബിദായ).

നോക്കൂ! ജീവിതത്തില്‍ വന്ന പരീക്ഷണങ്ങളില്‍ അനിര്‍വചനീയമായ ക്ഷമയിലൂടെ നാഥനിലേക്കടുത്ത പ്രവാചകന്‍ സന്തോഷങ്ങളില്‍ ആത്മീയതയുടെ ഏറ്റവും മനോഹരമായ രൂപം സ്രഷ്ടാവിന്റെ മുന്നില്‍ സമര്‍പ്പിക്കുന്നു!

പ്രവാചക വിയോഗാനന്തരം സ്വഹാബികള്‍ അഭിമുഖീകരിച്ച കുഴപ്പമായിരുന്നല്ലോ മുസൈലിമത്തുല്‍ കദ്ദാബിന്റെ രംഗപ്രവേശം. അയാള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത മദീനയില്‍ അമീറുല്‍ മുഅ്മിനീന്‍ അബൂബക്ര്‍(റ) അറിഞ്ഞപ്പോള്‍  അദ്ദേഹം സുജൂദില്‍ വീണു (സാദുല്‍ മആദ്).

കഅബ് ഇബ്‌നു മാലികി(റ)ന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു എന്ന വാര്‍ത്ത അദ്ദേഹം അറിഞ്ഞപ്പോള്‍ നന്ദിസൂചകമായി സുജൂദില്‍ വീണു (ബുഖാരി).

അമവീ ഭരണകാലഘട്ടത്തില്‍ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരെ അങ്ങേയറ്റം ഉപദ്രവിച്ച ഭരണാധികാരിയായിരുന്നു ഹജ്ജാജ് ഇബ്‌നു യൂസുഫ്. ഹസനുല്‍ ബസ്വരി(റഹി)ക്ക് അദ്ദേഹത്തില്‍നിന്നും രക്ഷനേടാന്‍ ഒളിവില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. ഹജ്ജാജിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആ താബിഈ പണ്ഡിതവര്യന്‍ സുജൂദില്‍ വീണ് സൂറത്തു ഇബ്‌റാഹീമിലെ അഞ്ചാം സൂക്തത്തിലെ അവസാനഭാഗം പരായണം ചെയ്തുവത്രെ.

”…തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച”(14:5).

എങ്ങനെയാണ് ശുക്‌റിന്റെ സുജൂദ്? സാധാരണ നമസ്‌കാരത്തിലുള്ളത് പോലുള്ള ഒരു സുജൂദ് ചെയ്യുക. എന്താണോ സുജുദില്‍ ചൊല്ലാറുള്ളത് അത് ചൊല്ലാം. വുദൂഅ് ഉണ്ടായിയിരിക്കണമെന്ന് നിര്‍ബന്ധവുമില്ല.

എങ്കില്‍ ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍  വന്നണയുമ്പോള്‍ നാഥന്റെ മുന്നില്‍ വിനയവും താഴ്മയും പ്രകടിപ്പിക്കാന്‍ നമുക്കു സാധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ.

 

നൂറുദ്ദീന്‍ സ്വലാഹി
നേർപഥം വാരിക

ഭയപ്പെടരുത്, അല്ലാഹു കൂടെയുണ്ട്

ഭയപ്പെടരുത്, അല്ലാഹു കൂടെയുണ്ട്

പ്രപഞ്ച സ്രഷ്ടാവാണ് അല്ലാഹു. അവന്റെ അറിവിലും കഴിവിലും കാഴ്ചയിലും കേള്‍വിയിലും അവന്‍ നമ്മുടെ കൂടെ തന്നെയുണ്ട്

”…നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു”(കുര്‍ആന്‍ 57:4).

അല്ലാഹു തന്റെ കൂടെയുണ്ടന്ന വിശ്വാസം ഒരു സത്യവിശ്വാസിക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. എത്ര വലിയ പ്രശ്‌നങ്ങളിലും, ഏത് വലിയ പ്രയാസത്തിലും, സകല പ്രതിസന്ധികളിലും തന്നെ സഹായിക്കുവാന്‍ എല്ലാമറിയുന്ന, എല്ലാത്തിനും കഴിവുള്ള  അല്ലാഹു ഉണ്ട് എന്ന ബോധം ഒരു വിശ്വാസിയെ ധീരനാക്കി മാറ്റുന്നു.

മുഹമ്മദ് നബി ﷺ യും പ്രിയ അനുചരന്‍ അബൂബക്ര്‍ സ്വിദ്ദീക്വ്(റ)വും ശത്രുക്കളുടെ പീഡനങ്ങള്‍ സഹിക്കുവാന്‍ സാധിക്കാതെ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യുന്ന സന്ദര്‍ത്തില്‍ സൗര്‍ എന്ന ഗുഹയില്‍ അഭയം പ്രാപിച്ചു. തങ്ങളെ കൊന്നുകളയാന്‍ ഒരുങ്ങിപ്പുറപ്പെട്ട ശത്രുക്കള്‍ ഗുഹാമുഖത്തെത്തി. അവരുടെ സംസാരം കേട്ടപ്പോള്‍ അവരില്‍ ആരെങ്കിലും താഴോട്ട് നോക്കിയാല്‍ നമ്മെ കാണുമല്ലോ എന്ന് വേവലാതിപ്പെട്ട അബൂബക്ര്‍(റ)നോട് ‘മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടു പേരെപ്പറ്റി താങ്കളെന്താണ് കരുതിയത്’ എന്ന മറുപടിയാണ് നബി ﷺ  നല്‍കിയത്. അതില്‍ സത്യവിശ്വാസികള്‍ക്ക് വലിയ ഗുണപാഠമുണ്ട്.

പരിശുദ്ധ ക്വുര്‍ആനില്‍ ഈ സംഭവം വിവരിക്കുന്നതായി കാണാം: ”നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്‌റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (കുര്‍ആന്‍ 9:40).

ഒരു സത്യവിശ്വാസിക്ക് സമാധാനം പകരുന്ന വാചകമാണ് ‘ദുഃഖിക്കരുത്, അല്ലാഹു കൂടെയുണ്ട്’ എന്നത്. 

 മൂസാനബി(അ)യും സഹോദരന്‍ ഹാറൂന്‍ നബി(അ)യും ധിക്കാരിയും അഹങ്കാരിയും ഞാന്‍ നിങ്ങളുടെ അത്യുന്നതനായ റബ്ബാണ് എന്ന് പ്രഖ്യാപിച്ച ഭരണാധികാരിയുമായ ഫിര്‍ഔനിന്റെ കൊട്ടാരത്തിലേക്ക് അല്ലാഹുവിന്റെ മതത്തിന്റെ സന്ദേശമെത്തിക്കുവാന്‍ പോകുമ്പോള്‍ പറഞ്ഞു:

”…ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്” (കുര്‍ആന്‍ 20:45,46).

മൂസാനബി(അ) ഇസ്‌റാഈല്‍ സന്തതികളെ ഫിര്‍ഔനില്‍ നിന്നും അവന്റെയാളുകളില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുപോകുന്ന സന്ദര്‍ഭത്തില്‍ ഫിര്‍ഔനും പട്ടാളവും അവരെ പിന്തുടര്‍ന്നു. അവരുടെ മുന്നില്‍ കടല്‍. പിന്നില്‍ ഫിര്‍ഔനും പരിവാരങ്ങളും. കടലിനും ചെകുത്താനും മധ്യത്തിലെന്നത് അക്ഷരാര്‍ഥത്തില്‍ പുലര്‍ന്ന സാഹചര്യം! ഈ സന്ദര്‍ഭത്തില്‍ പ്രതീക്ഷയറ്റുപോയ ഇസ്‌റാഈല്‍ സമൂഹം മൂസാനബി(അ)യോട് പറഞ്ഞു:

”…തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്” (കുര്‍ആന്‍ 26:61).

അവര്‍ക്ക് മറുപടിയായി മൂസാനബി(അ) പറഞ്ഞു: ”…ഒരിക്കലുമില്ല! തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട.് അവന്‍ എനിക്ക് വഴി കാണിച്ചുതരും” (കുര്‍ആന്‍ 26:62).

അപ്പോള്‍ അല്ലാഹു വിന്റെ സഹായം അവര്‍ക്ക് ലഭിച്ചു. അല്ലാഹു മൂസാനബി(അ)ക്ക് ഇപ്രകാരം ബോധനം നല്‍കി:

”…നീ നിന്റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന.് അങ്ങനെ അത് (കടല്‍) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്‍വതം പോലെ ആയിത്തീരുകയും ചെയ്തു. മറ്റവരെ(ഫിര്‍ഔനിന്റെ പക്ഷം)യും നാം അതിന്റെ അടുത്തെത്തിക്കുകയുണ്ടായി. മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി” (കുര്‍ആന്‍ 26:63-65).

നാം യഥാര്‍ഥ വിശ്വാസികളാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായം നാം വിചാരിക്കാത്ത രൂപത്തില്‍ നമുക്ക് ലഭിക്കും. ലോകത്തുള്ള സകലരും ഒറ്റക്കെട്ടായി നമ്മെ നശിപ്പിക്കുവാനായി ഒരുങ്ങിപ്പുറപ്പെട്ടാലും നാം ഒറ്റപ്പെട്ടുപോയാലും ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യരുത്. കാരണം അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല, തീര്‍ച്ച!

ഇബ്‌റാഹീം നബി(അ)ക്കെതിരെ പിതാവും കുടുബവും നാട്ടുകാരും രാജാവും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തെ ചുട്ടുകരിക്കുവാന്‍ വലിയ തീകുണ്ഠാരം അവര്‍ തയ്യാറാക്കി. അദ്ദേഹത്തെ അവരതിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ രോമത്തിനു പോലും യാതൊരു പോറലുമേല്‍ക്കാതെ അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തി. തീയിന് ചൂട് നല്‍കിയ അല്ലാഹു അന്നേരം അതിനെ തണുപ്പുള്ളതാക്കി മാറ്റി! അഗ്‌നിയിലേക്കെറിയപ്പെടുമ്പോള്‍ ‘എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ’ എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 

മുഹമ്മദ് നബി ﷺ യും അനുചരന്മാരും ഇപ്രകാരം പ്രഖ്യാപിച്ചതായി കുര്‍ആന്‍ പറയുന്നുണ്ട്:

”ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ” (കുര്‍ആന്‍ 3:173).

നമുക്കും നമ്മുടെ അല്ലാഹു മതി. അല്ലാഹു നമ്മെ സഹായിക്കുന്നുവെങ്കില്‍ ആര്‍ക്കും നമ്മെ തോല്‍പിക്കാന്‍ കഴിയില്ല.

”നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ” (കുര്‍ആന്‍ 3:160).

അവന്‍ നല്‍കുവാന്‍ ഉദ്ദേശിച്ചത് തടയുവാനോ, തടഞ്ഞുവെച്ചത് നല്‍കുവാനോ, അവന്റെ വിധിയെ തട്ടിമാറ്റാനോ ആര്‍ക്കും സാധ്യമല്ല. 

ലോകത്ത് ആരെല്ലാം അധികാരത്തിലേറിയാലും അവര്‍ ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നാലും അധികാരത്തിന്റെ ചെങ്കോലുപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്തിയാലും അന്തിമ വിജയം സത്യവിശ്വാസികള്‍ക്കാണന്ന കാര്യം ചരിത്രം പഠിപ്പിക്കുന്നുണ്ട്. ആധിപത്യം താല്‍ക്കാലികമായി അല്ലാഹു ചിലര്‍ക്ക് നല്‍കുന്നതാണ്.

”പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്‍മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു” (കുര്‍ആന്‍ 3:26).

എന്നാല്‍ ലോകത്തിന്റെ യഥാര്‍ഥ അധികാരം അല്ലാഹുവിന്റെ കയ്യിലാണ്.

”അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു” (കുര്‍ആന്‍ 3:189).

”ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു” (കുര്‍ആന്‍ 67:1).

അവനാണ് യഥാര്‍ഥ രാജാവ്: ”എന്നാല്‍ യഥാര്‍ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനത്രെ അവന്‍” (ക്വുര്‍ആന്‍ 23:116).

എല്ലാ ഭരണാധികാരികളുടെയും മീതെ എല്ലാം അടക്കിഭരിക്കുന്ന ഏകനായ അല്ലാഹു ഉണ്ടെന്നത് നാം മറക്കാതിരിക്കുക. അവന്‍ നമ്മെ കാത്തുരക്ഷിക്കും. അല്ലാഹു പറയുന്നു:

”ഹേ; റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല” (കുര്‍ആന്‍ 5:67).

അല്ലാഹു വിധിച്ചത് മാത്രമേ നമുക്ക് ബാധിക്കുകയുള്ളു: ”പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്” (കുര്‍ആന്‍ 9:51).

അല്ലാഹു നമുക്ക് മരണം വിധിച്ച സമയത്ത് മാത്രമെ നാം മരിക്കൂ. പിന്നെയെന്തിന് നാം മറ്റുള്ളവരെ ഭയപ്പെടണം? 

”തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല. വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ? ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്” (കുര്‍ആന്‍ 39:36-38).

ഇങ്ങനെയുള്ള സ്രഷ്ടാവ് നമ്മുടെ കൂടെയുണ്ടെന്ന ബോധം നല്‍കുന്ന സുരക്ഷിതത്വത്തെക്കാള്‍ വലിയ സുരക്ഷിതത്വവും നിര്‍ഭയത്വവും ആര്‍ക്കാണ് നല്‍കാനാവുക?

 

മുനവ്വര്‍ ഫൈറൂസ്
നേർപഥം വാരിക

ഗ്രഹണ നമസ്‌കാരം ഒരു പഠനം ‍

ഗ്രഹണ നമസ്‌കാരം ഒരു പഠനം ‍

അല്ലാഹു തആലാ അവന്റെ അടിമകള്‍ക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ചില ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്താറുണ്ട്. ഭൂമികുലുക്കം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങി പലതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. അത്തരം ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും. അതിനാല്‍ ഗ്രഹണങ്ങള്‍ മനുഷ്യര്‍ക്ക് പാഠമാകണം. സൂര്യനും ചന്ദ്രനും ഒന്നും ആരാധിക്കപ്പെടാന്‍ യോഗ്യമല്ലെന്നും അവയുടെ സ്രഷ്ടാവിന്റെ തീരുമാനങ്ങള്‍ക്കും കല്‍പനകള്‍ക്കും വിധേയമായി മാത്രമെ അവ സഞ്ചരിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നുള്ളൂ എന്നും തിരിച്ചറിയാന്‍ ബുദ്ധിമാനായ മനുഷ്യന് സാധിക്കണം. 

ഖേദകരമെന്ന് പറയട്ടെ ഗ്രഹണത്തിന്റെ പേരില്‍ പോലും മനുഷ്യരില്‍-മുസ്‌ലിംകളില്‍ വരെ- ധാരാളം അന്ധവിശ്വാസങ്ങള്‍ എല്ലാകാലത്തും നിലനിന്നിട്ടുണ്ട്. പ്രവാചകന്‍ ﷺ യുടെ ഇബ്‌റാഹീം എന്ന കുട്ടി മരണപ്പെട്ട ദിവസം യാദൃച്ഛികമെന്നോണം സൂര്യഗ്രഹണമുണ്ടായി. പ്രവാചകപുത്രന്റെ വിയോഗത്തില്‍ സൂര്യന്‍ പോലും ദുഃഖിക്കുന്നുവെന്നും അതിനാലാണ് സൂര്യഗ്രഹണം ബാധിച്ചതെന്നുമുള്ള മട്ടില്‍ ജനസംസാരം ഉണ്ടായി. ഇതറിഞ്ഞ പ്രവാചകന്‍ ﷺ  ആ ധാരണ തിരുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘നിശ്ചയം സൂര്യനും ചന്ദ്രനും ദൈവിക ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ.് ഒരാളുടെയും മരണം മൂലമോ ജനനം മൂലമോ അതിന് ഗ്രഹണം ബാധിക്കുകയില്ല…”(ബുഖാരി, മുസ്‌ലിം).

ഈ പ്രവാചക വചനം വ്യാഖ്യാനിച്ചു കൊണ്ട് ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: ”ഇതിനെ രണ്ടു തരത്തില്‍ വ്യാഖ്യാനിക്കാം: ഒരാളുടെ മരണമോ ജനനമോ കാരണം ഗ്രഹണം സംഭവിക്കുകയില്ല. ഏതെങ്കിലും ഒരു പ്രമുഖന്റെ മരണവും ജനനവും ഗ്രഹണത്തിനു നിമിത്തമാവുമെന്ന അബദ്ധധാരണയെ നബി ﷺ  ഇതിലൂടെ തിരുത്തുന്നു. ഗ്രഹണം കാരണം ഒരു മരണമോ ജനനമോ സംഭവിക്കുകയുമില്ല. എന്നാല്‍ അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നതിനുവേണ്ടി നടപ്പാക്കുന്ന ചില ദൃഷ്ടാന്തങ്ങള്‍ മാത്രമാണ് അത്.”(മിഫ്താഹു ദാരിസ്സആദ 3:212).

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറയുന്നു: ”മറ്റു പല ദൃഷ്ടാന്തങ്ങളുമെന്ന പോലെ ഇതും അടിമകളെ ഭീതിപ്പെടുത്താനാണ് എന്നാണ് പ്രവാചകന്‍ ﷺ  പഠിപ്പിച്ചത്. കാറ്റ്, ക്ഷാമം, പേമാരി തുടങ്ങിയ പല കാരണങ്ങളാലും ശിക്ഷ വരുന്നത് പോലെ ഇതും ചിലപ്പോള്‍ ഒരു ശിക്ഷക്ക് നിമിത്തമായേക്കാം. ഒരു പക്ഷേ, ഭൂമിയില്‍ വല്ല ശിക്ഷയും തുടങ്ങാന്‍ അല്ലാഹു ഇതിനെ ഒരു കാരണമാക്കി നിശ്ചയിക്കുകയും ചെയ്യാം.” (സൂറഃ അല്‍ ഇസ്‌റാഅ് 59, അല്‍ അന്‍കബൂത്ത് 40 എന്നീ ആയത്തുകള്‍ ശൈഖുല്‍ ഇസ്‌ലാം ഇതിന് ഉപോല്‍ബലകമായി കൊടുക്കുകയും ചെയ്യുന്നു). (മജ്മൂഉല്‍ ഫതാവാ). 

ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: ”സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ ആളുകള്‍ക്ക് പരീക്ഷണവും വിപത്തുമാകാവുന്ന വിധം അല്ലാഹു വല്ല തീരുമാനവും എടുക്കുന്നതിനെ നാം നിഷേധിക്കുന്നില്ല. അതിനാലാണ് ഗ്രഹണമുണ്ടായാല്‍ നമസ്‌കാരം, ദിക്ര്‍, അടിമമോചനം, ദാന ധര്‍മം, നോമ്പ് തുടങ്ങിയ കര്‍മങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ നിര്‍ദേശിച്ചത്. അവ റബ്ബിന്റെ പരീക്ഷണങ്ങളില്‍ നിന്ന് രക്ഷ കിട്ടുവാനായി നിശ്ചയിക്കപ്പെട്ട നിമിത്തങ്ങളാണ്” (മിഫ്താഹു ദാരിസ്സആദ 3/220).

അത് കൊണ്ടാണ് ഗ്രഹണമുണ്ടായപ്പോള്‍ നബി ﷺ  ഭയപ്പെട്ടതും; ഇത് ഭയപ്പെടുത്തലാണ് എന്ന് ഓര്‍മിപ്പിച്ചതും. ഇവിടെ ഒരു കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഗ്രഹണത്തിന്റെ കാരണം എന്താണ് എന്ന് അറിയാത്തതിനാലാണ് പെട്ടെന്ന് ഗ്രഹണം ഉണ്ടായപ്പോള്‍ നബി ﷺ  ഭയപ്പെട്ടതെന്നും, എന്നാല്‍ ഗ്രഹണത്തിന്റെ തുടക്കവും ഒടുക്കവും അതിന്റെ ഓരോ ഘട്ടങ്ങളും കൃത്യമായി അറിയാന്‍ സംവിധാനമുള്ള ഈ കാലഘട്ടത്തില്‍ അത്തരം ഒരു ഭയത്തിന് പ്രസക്തിയില്ലെന്നും ചിലരെങ്കിലും ചിന്തിക്കുകയോ പറയുകയോ ചെയ്യാറുണ്ട്. എന്നാല്‍ അത് ശരിയല്ല. കേവലം ചില പ്രതിഭാസങ്ങള്‍ എന്നതിനപ്പുറം ഇത് ഒരു ശിക്ഷക്കും പരീക്ഷണത്തിനും നിമിത്തമാകും എന്ന കാര്യം ഏതൊരു വിശ്വാസിയെയും ഭീതിപ്പെടുത്തുന്നത് തന്നെയാണ്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) തന്റെ മജ്മൂഉല്‍ ഫതാവാ 35ാം വാള്യത്തിലും ഇബ്‌നുല്‍ ക്വയ്യിം(റഹി) തന്റെ മിഫ്താഹു ദാറിസ്സആദ മൂന്നാം വാള്യത്തിലും ശൈഖ് ഇബ്‌നു ഉസൈമിന്‍(റഹി) തന്റെ ശറഹുല്‍ മുംതിഅ് അഞ്ചാം വാള്യത്തിലും ഇക്കാര്യം വിവരിച്ചു പറഞ്ഞിട്ടുണ്ട്.

ഗ്രഹണം കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങളും അതില്‍ നിന്ന് വിശ്വാസികള്‍ ഉള്‍കൊള്ളേണ്ടുന്ന പാഠങ്ങളും ധാരാളം പണ്ഡിതന്മാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.  

അവയെ പ്രധാനമായും ഇങ്ങനെ സംഗ്രഹിക്കാം:

1. സൂര്യനും ചന്ദ്രനും ഇത്ര വലിയ സൃഷ്ടികളായിട്ടുപോലും അവയുടെ സ്രഷ്ടാവിന്റെ നിയന്ത്രണത്തിന് അത് വിധേയമാണ് എന്ന് ബോധ്യപ്പെടുത്തല്‍.

2. അവയ്ക്ക് മാറ്റങ്ങള്‍ സംഭവിക്കാമെങ്കില്‍ അതിനെക്കാള്‍ ചെറിയ സൃഷ്ടികള്‍ക്ക് എന്തായാലും എന്തും സംഭവിക്കാം എന്ന് ബോധ്യപ്പെടുത്തല്‍.

3. അശ്രദ്ധമായ മനസ്സുകളെ തട്ടിയുണര്‍ത്തല്‍.

4. അന്ത്യനാളില്‍ ചന്ദ്രന് ഗ്രഹണം ബാധിക്കുമെന്നും സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുമെന്നും ക്വുര്‍ആന്‍ (അല്‍ക്വിയാമ 8,9) വ്യക്തമാക്കുന്നു. അതിന്റെ മാതൃക കാണിച്ചു കൊടുക്കല്‍.

5. പൂര്‍ണാര്‍ഥത്തില്‍ നിലകൊള്ളുന്ന അവക്ക് പോരായ്മകള്‍ സംഭവിക്കുകയും വീണ്ടും അത് പഴയ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നത് കാണുക നിമിത്തം അല്ലാഹുവിന്റെ ശിക്ഷയും അവന്റെ മാപ്പും ബോധ്യപ്പെടല്‍.

6. പൂര്‍ണമായും അല്ലാഹുവിന് കീഴ്‌പെട്ടും ഒരു നിലക്കും സ്രഷ്ടാവിനെ ധിക്കരിക്കാതെയും നില നില്‍ക്കുന്ന സൂര്യനും ചന്ദ്രനും പോലും ഈ നിലക്ക് സ്രഷ്ടാവിന്റെ പിടുത്തത്തിന് വിധേയമാണെങ്കില്‍ പാപികള്‍ എന്തായാലും പിടിക്കപ്പെടും എന്ന് ബോധ്യപ്പെടുത്തല്‍.

7. നിര്‍ബന്ധ നമസ്‌കാരത്തില്‍ പോലും അശ്രദ്ധരായ ആളുകളെ ഒന്ന് ശ്രദ്ധാലുക്കളാക്കല്‍. 

ഇതല്ലാത്ത തത്ത്വങ്ങളും പണ്ഡിതര്‍ വിവരിച്ചത് കാണാം. (ഫത്ഹുല്‍ ബാരി 2/532, ഉംദതുല്‍ ക്വാരി 6/53 എന്നിവ നോക്കുക).

ഗ്രഹണം ബാധിച്ചാല്‍ വിശ്വാസികളുടെ ബാധ്യത

ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കുക. പ്രസ്തുത നമസ്‌കാരം പ്രബലമായ സുന്നത്താണ് എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. സുന്നത്താണ് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട് എന്ന് ഇമാം നവവി(റഹി) പറഞ്ഞിരിക്കുന്നു. (ശറഹു മുസ്‌ലിം) 

ഇബ്‌നു ഖുദാമ മുഗ്‌നി 3:330ലും ഇത് സുന്നത്താണെന്ന് പറഞ്ഞിരിക്കുന്നു. നബി ﷺ  അത് നര്‍വഹിക്കുകയും നമസ്‌കരിക്കാന്‍ കല്‍പിക്കുകയും ചെയ്തു എന്നതാണ് സുന്നത്താണ് എന്നതിന് തെളിവായി അവര്‍ ഉന്നയിക്കുന്നത.് എന്നാല്‍ ചുരുക്കം ചില പണ്ഡിതന്മാര്‍ ഹദീഥിന്റെ പദപ്രയോഗങ്ങളുടെ ബാഹ്യാര്‍ഥ പ്രകാരം അത് നിര്‍ബന്ധമാണ് എന്നും അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) പറയുന്നു: ”ഭൂരിപക്ഷം പണ്ഡിതരും ഇത് ശക്തമായ സുന്നത്താണ് എന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ അബൂ അവാന(റഹി) ഇത് നിര്‍ബന്ധമാണെന്ന് തന്റെ സ്വഹീഹില്‍ വ്യക്തമാക്കിയിരിക്കുന്നു. മറ്റാരും അങ്ങനെ പറഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല. ഇമാം മാലിക്(റഹി) ഗ്രഹണ നമസ്‌കാരം ജുമുഅയെ പോലെയാണെന്ന് പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. അബൂ ഹനീഫ(റഹി) ഇത് നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് സൈനുബ്‌നുല്‍ മുനീര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇത് പോലെ ഹനഫി മദ്ഹബിലെ ചില രചയിതാക്കളും അങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു” (ഫത്ഹുല്‍ ബാരി 2/527).

നമസ്‌കരിച്ചില്ലെങ്കില്‍ ശക്ഷാര്‍ഹരാണ് എന്ന് പറഞ്ഞില്ലെങ്കിലും ഇത് നിര്‍ബന്ധമാണ് എന്ന് പറയുക തന്നെയാണ് വേണ്ടത് എന്നും നബി ﷺ  ഗ്രഹണസമയത്ത് പ്രകടിപ്പിച്ച ആശങ്കയും ഭയവും ഗൗരവതരമായ ഉപദേശം ഉള്‍കൊള്ളുന്ന അവിടുത്തെ ഖുത്വുബയും ദീര്‍ഘമായ നമസ്‌കാരവും എല്ലാം അതാണ് അറിയിക്കുന്നത് എന്നും അല്ലാത്തപക്ഷം ഗ്രഹണ സമയത്തും ആളുകള്‍ കച്ചവടത്തിലും വിനോദത്തിലും കൃഷിയിലും മറ്റും മുഴുകി അശ്രദ്ധമായി കഴിയാനും അല്ലാഹുവിന്റെ ശിക്ഷയെ വിസ്മരിക്കാനും ഒരുപക്ഷേ, അത് ശിക്ഷ ലഭിക്കാനും നിമിത്തമായേക്കാം എന്നും ശൈഖ് ഇബ്‌നു ഉസൈമിന്‍ ‘തന്റെ ശറഹുല്‍ മുംതിഅ്’ 5/237-240ല്‍ രേഖപ്പെടുത്തുന്നു.

ഗ്രഹണ നമസ്‌കാരത്തിന്റെ മര്യാദകള്‍

1. ഗ്രഹണ സമയത്ത് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് കൂടുതല്‍ ഭയമുള്ളവരാകുക.

നബി ﷺ  ഇത്തരം ഘട്ടത്തില്‍ ഏറെ ഭയപ്പെട്ടിരുന്നതായി ഹദീഥില്‍ കാണാം.

ആഇശ(റ) പറഞ്ഞു: ”കാറ്റും മേഘവും ഉള്ള ദിവസത്തില്‍ നബി ﷺ യുടെ മുഖത്ത് (പ്രയാസം) പ്രകടമാകുമായിരുന്നു. നബി അങ്ങോട്ടും ഇങ്ങോട്ടും വന്നും പോയുമിരിക്കും. മഴ പെയ്താല്‍ സന്തോഷിക്കുകയും പ്രയാസങ്ങള്‍ മാറുകയും ചെയ്യും.”

അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ നബി ﷺ  പറഞ്ഞു: ”അല്ലാഹു എന്റെ സമുദായത്തിന് നിശ്ചയിച്ച വല്ല ശിക്ഷയും ആയേക്കുമോ ഇത് എന്ന ഭയമാണെനിക്ക്. മഴ വര്‍ഷിക്കുന്നത് കണ്ടാല്‍ അവിടുന്ന് പറയും ‘കാരുണ്യമാകുന്നു’ എന്ന്” (ശറഹു മുസ്‌ലിം).

കാറ്റടിച്ചാല്‍ നബി ﷺ  അതിന്റെ നന്മക്കായി പ്രാര്‍ഥിക്കുകയും അതിന്റെ ദുരിതത്തില്‍ നിന്ന് അല്ലാഹുവിനോട് രക്ഷതേടുകയും ചെയ്യുമായിരുന്നു. (മുസ്‌ലിം).

2. ഒരു ഗ്രഹണ നമസ്‌കാരത്തില്‍ നബി ﷺ ക്ക് നരകവും സ്വര്‍ഗവും കാണിക്കപ്പെടുകയുണ്ടായി. അതിനെക്കുറിച്ച് പ്രപവാചകന്‍ ﷺ  പറഞ്ഞ കാര്യങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്മരിക്കുന്നത് നല്ലതാണ്. നരക ശിക്ഷകള്‍, ക്വബ്ര്‍ ശിക്ഷ, സ്വര്‍ഗീയ അനുഭൂതികള്‍ എല്ലാം നബി ﷺ  അന്ന് കാണുകയുണ്ടായി. നബി ﷺ  പറഞ്ഞത് വളരെ ചിന്തനീയമാണ്: ‘ഞാന്‍ അറിയുന്ന കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ അറിയുകയാണെങ്കില്‍ നിങ്ങള്‍ അല്‍പം മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്‌ലിം).

3. ഗ്രഹണ നമസ്‌കാരത്തിന് ബാങ്കും ഇക്വാമത്തുമില്ല. 

നബി ﷺ  ഗ്രഹണ നിസ്‌കാരത്തിന് ബാങ്കും ഇക്വാമത്തും നിര്‍വഹിക്കുകയോ നിര്‍വഹിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല. പകരം അസ്സ്വലാത്തു ജാമിഅഃ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: നബി ﷺ യുടെ കാലത്ത് സൂര്യഗ്രഹണമുണ്ടായപ്പോള്‍ അസ്സ്വലാത്തു ജാമിഅഃ എന്ന് വിളിച്ച് പറയപ്പെട്ടു (ബുഖാരി, മുസ്‌ലിം).

4. ഇമാം ഉറക്കെയാണ് ക്വുര്‍ആന്‍ പാരായണം ചെയ്യേണ്ടത്.

നബി ﷺ  ഗ്രഹണ നമസ്‌കാരത്തില്‍ ഉറക്കെ ക്വുര്‍ആന്‍ പാരായണം ചെയ്തു എന്ന് ആഇശ(റ) പറയുന്നു.(ബുഖാരി, മുസ്‌ലിം).

5. സംഘടിതമായാണ് നമസ്‌കരിക്കേണ്ടത്.

എന്നാല്‍ ജമാഅത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒറ്റക്കും നമസ്‌കരിക്കാം.

ഇബ്‌നു ഖുദാമ (റ) പറയുന്നു: ”പള്ളിയില്‍ വെച്ച് സംഘടിതമായി നിര്‍വ്വഹിക്കലാണ് സുന്നത്ത്. കാരണം നബി ﷺ  അങ്ങനെയാണ് നിര്‍വഹിച്ചത്. എന്നാല്‍ ഒറ്റക്ക് നിര്‍വഹിക്കലും അനുവദനീയമാണ്.” (മുഗ്‌നി 3/323).

സ്ത്രീകള്‍ക്കും സംഘടിത നമസ്‌കാരത്തില്‍ പങ്കെടുക്കാം

അസ്മാഅ്(റ) പറയുന്നു: ”നബിയുടെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. അങ്ങനെ ഞാന്‍ ആഇശ(റ)യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ ജനങ്ങളെല്ലാം നമസ്‌കരിക്കുന്നു. ആഇശയും നമസ്‌കരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എന്തുപറ്റി? എല്ലാവരും എന്തേ നിസ്‌കരിക്കുന്നു? അന്നേരം ആഇശ(റ) മേല്‍പോട്ട് ആംഗ്യം കാണിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘വല്ല ദുഷ്ടാന്തവുമുണ്ടായോ?’ അതെ! എന്ന് അവര്‍ ആംഗ്യം കാണിച്ചു. അങ്ങനെ ഞാനും നമസ്‌കാരം ആരംഭിച്ചു. നബി ﷺ വളരെ ദീര്‍ഘമായി നമസ്‌കരിച്ചു. എനിക്ക് ബോധക്ഷയം ഉണ്ടാകാറായി. അപ്പോള്‍ ഞാന്‍ എന്റെ സമീപത്തുള്ള ഒരു തോല്‍പാത്രത്തില്‍ നിന്ന് വെള്ളം എടുത്ത് എന്റെ തലയിലും മുഖത്തും ഒഴിച്ചു. നബി ﷺ യുടെ നമസ്‌കാരം അവസാനിച്ചപ്പോള്‍ ഗ്രഹണം നീങ്ങി സൂര്യന്‍ പ്രത്യക്ഷപ്പെട്ടിരുന്നു” (ബുഖാരി, മുസ്‌ലിം).

ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്റെയും റിപ്പോര്‍ട്ടുകളിലെ ചില വാചകങ്ങളില്‍ ചില വ്യത്യാസങ്ങള്‍ കാണാം. ഇമാം ബുഖാരി ഈ ഹദീഥ് ഉദ്ധരിച്ചത് തന്നെ ‘ഗ്രഹണത്തില്‍ പുരുഷന്‍മാരുടെ കൂടെ സ്ത്രീകള്‍ നമസ്‌കരിക്കല്‍’ എന്ന അധ്യായത്തിലാണ്. ആ തലക്കെട്ടിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു ഹജര്‍(റഹി) പറയുന്നു: ”സ്ത്രീകള്‍ പ്രസ്തുത ജമാഅതില്‍ പങ്കെടുക്കേണ്ടതില്ലെന്നും അവര്‍ ഒറ്റക്കാണ് നിസ്‌കരിക്കേണ്ടതെന്നും പറഞ്ഞവരുടെ അഭിപ്രായം ശരിയല്ലെന്ന് ഇതിലൂടെ ഇമാം ബുഖാരി സൂചിപ്പിക്കുന്നു” (ഫത്ഹുല്‍ ബാരി 2/543)

ഇമാം നവവി(റ) പറയുന്നു: ”ഗ്രഹണ നമസ്‌കാരം സ്ത്രീകള്‍ക്കും സുന്നത്താണെന്നും  പുരുഷന്മാരുടെ പിറകില്‍ അവര്‍ നില്‍ക്കണമെന്നും ഈ ഹദീഥ് അറിയിക്കുന്നു” (ശറഹു മുസ്‌ലിം).

യാത്രക്കാരനും ഈ നമസ്‌കാരം സുന്നത്താണ്. കാരണം ഹദീസിലെ വാചകം ഇപ്രകാരമാണ്: ”നിങ്ങള്‍ ഗ്രഹണം ദര്‍ശിച്ചാല്‍ നമസ്‌കരിക്കുവിന്‍.”(ബുഖാരി) ഇതുപ്രകാരം യാത്രക്കാരനും അല്ലാത്തവര്‍ക്കുമെല്ലാം ഇത് നിയമമാക്കപ്പെട്ടതാണ്. എന്ന് ഇബ്‌നു ഖുദാമ(റഹി) മുഗ്‌നി 3/322ല്‍ വ്യക്തമാക്കുന്നു. 

ദീര്‍ഘമായാണ്നമസ്‌കരിക്കേണ്ടത്. നേരത്തെ നാം പറഞ്ഞ അസ്മാഅ്(റ)യുടെ ഹദീഥ് ഇതിന് തെളിവാണ്. 

ജാബിര്‍(റ) പറയുന്നു: ”നബി ﷺ  സ്വഹാബത്തിനെയും കൂട്ടി നമസ്‌കരിച്ചു. അവര്‍ വീഴുമാറ് നിറുത്തം ഏറെ ദീര്‍ഘിപ്പിച്ചു.” (മുസ്‌ലിം)

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”നബി ﷺ  ദീര്‍ഘമായി നമസ്‌കരിച്ചു. (ഒന്നാമത്തെ നിറുത്തത്തില്‍) സൂറതുല്‍ ബക്വറ ഓതി. നബി ﷺ യുടെ നിറുത്തം നീണ്ടു. പിന്നീട് അവിടുന്ന് ദീര്‍ഘമായി റുകൂഅ് ചെയ്തു. പിന്നെ എഴുന്നേറ്റ് ദീര്‍ഘമായി നിന്നു. എന്നാല്‍ ആദ്യത്തെ നിറുത്തത്തെക്കാള്‍ അല്‍പം കുറവായിരുന്നു രണ്ടാമത്തെ നിറുത്തം…” (ബുഖാരി, മുസ്‌ലിം).

ഖുത്വുബ സുന്നത്താകുന്നു

ആഇശ(റ) പറയുന്നു: ”നബി ﷺ  നമസ്‌കാര ശേഷം മിമ്പറില്‍ ഇരുന്ന് ഖുത്വുബ നിര്‍വഹിച്ചു” (ബുഖാരി, നസാഈ).

നബി ﷺ യുടെ ഖുത്വുബയില്‍ അവിടുന്ന് ക്വബ്ര്‍ ശിക്ഷ, മസീഹുദ്ദജ്ജാലിന്റെ ഫിത്‌ന എന്നിവയെ ക്കുറിച്ച് താക്കീത് ചെയ്യുകയും സ്വദക്വ, അടിമമോചനം, പാപമോചനത്തിനായി പ്രാര്‍ഥിക്കല്‍, പ്രാര്‍ഥന തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. വ്യഭിചാരത്തിന്റെ ഗൗരവം, നരക-സ്വര്‍ഗങ്ങളിലെ കാഴ്ചകള്‍, ശിര്‍ക്കിന്റെ ഗൗരവം, മക്കയില്‍ ആദ്യമായി ശിര്‍ക്ക് കൊണ്ടുവന്ന അംറ് ബ്‌നു ലുഹയ്യിന് നരകത്തില്‍ ലഭിക്കുന്ന ശിക്ഷ, നബി ﷺ യുടെ ഒട്ടകത്തെ മോഷ്ടിച്ചവന്റെ അവസ്ഥ, മഹ്ശര്‍ തുടങ്ങിയ ധാരാളം കാര്യങ്ങളെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചു. (ബുഖാരി, മുസ്‌ലിം, നസാഈ).

നമസ്‌കാരത്തിന്റെ രൂപം

ആദ്യമായി നിയ്യത്തോടു കൂടി തക്ബീറതുല്‍ ഇഹ്‌റാം ചെയ്യുക. ശേഷം പ്രാരംഭ പ്രാര്‍ഥന ചൊല്ലുക. ഫാതിഹ പാരായണം ചെയ്യുക. ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്യുക. ദീര്‍ഘമായി റുകൂഅ് ചെയ്യുക. (പ്രാര്‍ഥനകള്‍ ആവര്‍ത്തിച്ചു നിര്‍വഹിക്കാവുന്നതാണ്). ശേഷം റുകൂഇല്‍ നിന്ന് ഉയരുകയും വീണ്ടും ഫാതിഹ ഓതി ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്യുക. 

ആദ്യ റക്അത്തിലെ പാരായണത്തെക്കാള്‍ രണ്ടാമത്തെക്വുര്‍ആന്‍ പാരായണം ചുരുക്കലാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ശേഷം ദീര്‍ഘമായി റുകൂഅ് ചെയ്യുക. ആദ്യ റുകൂഇനെക്കാള്‍ രണ്ടാമത്തെ റുകൂഅ് അല്‍പം കുറയലാണ് പ്രവാചക മാതൃക. റുകൂഇല്‍ നിന്ന് ഉയര്‍ന്ന് ഇഅ്തിദാല്‍ നിര്‍വഹിക്കുക. ശേഷം ദിര്‍ഘമായി സുജൂദ് ചെയ്യുക. രണ്ടാമത്തെ സുജൂദ് ആദ്യ സുജൂദിനെക്കാള്‍ അല്‍പം ചുരുക്കുക. ഇടയിലെ ഇരുത്തം ഏകദേശം സുജൂദിന്റെ അത്ര തന്നെ ദൈര്‍ഘ്യമുള്ളതാകണം. 

ഇപ്പോള്‍ ഒരു റക്അത്ത് പൂര്‍ത്തിയായി. ഇപ്രകാരം രണ്ട് റക്അത്താണ് ഗ്രഹണ നമസ്‌കാരം. ശേഷം അത്തഹിയ്യാത് നിര്‍വഹിച്ച് രണ്ട് സലാം വീട്ടുക. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ധാരാളം ഹദീഥുകള്‍ ഈ രൂപത്തെയാണ് അറിയിക്കുന്നത.് എന്നാല്‍ ഒരു റക്അത്തില്‍ ഒരു റുകൂഅ് മാത്രമെന്നും അതല്ല മൂന്ന് റുകൂഅ് വേണമെന്നും നാലു റുകൂഅ് വേണമെന്നും അഞ്ച് റുകൂഅ് വേണമെന്നും ഒക്കെ അറിയിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും മുകളില്‍ പറഞ്ഞ രൂപമാണ് പ്രബലം. ഗ്രഹണം അധികസമയം നീണ്ടു നില്‍ക്കുകയാണെങ്കിലാണ് റുകൂഇന്റെ എണ്ണം വര്‍ധിപ്പിക്കേണ്ടതെന്നും അതല്ല ഏത് അവസരത്തിലും ഈ രീതികളില്‍ ഏതും സ്വീകരിക്കാമെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. ഭൂരിപക്ഷം പണ്ഡിതര്‍ സ്വീകരിച്ചതും ഏറ്റവും അധികം ഹദീഥുകളില്‍ ഉദ്ധരിക്കപ്പെട്ടതും കൂടുതല്‍ സ്വഹാബിമാര്‍ റിപ്പോര്‍ട്ട് ചെയ്തതും പ്രശസ്തരായ സ്വഹാബിമാര്‍ അഭിപ്രായപ്പെട്ടതും നാം മുകളില്‍ വിവരിച്ച രീതിയാണ്. 

വിശദ പഠനത്തിന് ശറഹു മുസ്‌ലിം 6/452, നൈലുല്‍ ഔത്വാര്‍ 2/632, സാദുല്‍ മആദ് 1/450, മുഗ്‌നി 3/323, സുബുലുസ്സലാം 3/260 എന്നിവ നോക്കുക.

ഗ്രഹണ നമസ്‌കാരത്തിന്റെ സമയം

ഗ്രഹണം ആരംഭിച്ചത് മുതല്‍ പൂര്‍ണമായും നീങ്ങുന്നത് വരെയാണ് നമസ്‌കാര സമയം.  ‘ഗ്രഹണം നീങ്ങുന്നത് വരെ നിങ്ങള്‍ നമസ്‌കരിക്കുവിന്‍’ എന്ന് നബി ﷺ  പറഞ്ഞതായി ആഇശ(റ)യും മറ്റും ഉദ്ധരിക്കുന്നത് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒരാള്‍ക്ക് ഗ്രഹണം നടക്കുന്ന സമയത്ത് നമസ്‌കരിക്കുവാന്‍ സൗകര്യപ്പെട്ടിട്ടില്ലെങ്കില്‍ ഗ്രഹണത്തിന് ശേഷം നമസ്‌കരിക്കാവതല്ല.

സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ച അവസ്ഥയില്‍ അസ്തമിച്ചാല്‍ പിന്നെ നമസ്‌കരിക്കേണ്ടതില്ലെന്നാണ് പ്രബലാഭിപ്രായം. നമസ്‌കാരത്തിനിടയില്‍ ഗ്രഹണം അവസാനിച്ചാല്‍ ദൈര്‍ഘ്യം ചുരുക്കി നമസ്‌കാരം പൂര്‍ണമാക്കാവുന്നതാണ്. അഥവാ നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോഴും ഗ്രഹണം അവസാനിച്ചിട്ടില്ലെങ്കില്‍ വീണ്ടും നമസ്‌കരിക്കാവതല്ല. കാരണം നബി ﷺ  രണ്ട് റക്അത്ത് മാത്രമെ നമസ്‌കരിച്ചിട്ടുള്ളൂ. ബാക്കിയുള്ള സമയം പ്രാര്‍ഥനയിലും പ്രകീര്‍ത്തനങ്ങളിലും മുഴുകി കഴിച്ചുകൂട്ടാവുന്നതാണ്. ചന്ദ്രന് ഗ്രഹണം ബാധിച്ച അവസ്ഥയില്‍ സുര്യന്‍ ഉദിച്ചാല്‍ പിന്നെ നമസ്‌കരിക്കേണ്ടതില്ല.

സുബ്ഹി നമസ്‌കാരത്തിന്റെ തൊട്ടുമുമ്പാണ് ചന്ദ്രഗ്രഹണം അറിഞ്ഞതെങ്കില്‍ ചുരുങ്ങിയ രണ്ട് റക്അത്തുകളായി ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കുകയും ശേഷം സുബ്ഹ് നമസ്‌കരിക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന് ശൈഖ് ഇബ്‌നു ബാസ്(റ) ഫത്‌വ നല്‍കിയതായി കാണുന്നു.

ജുമുഅയും ഗ്രഹണവും ഒന്നിച്ച് വന്നാല്‍ അല്ലെങ്കില്‍ ഫര്‍ദ് നമസ്‌കാരവും ഗ്രഹണ നമസ്‌കാരവും അല്ലെങ്കില്‍ വിത്ര്‍ നമസ്‌കാരവും ഗ്രഹണ നമസ്‌കാരവും ഒന്നിച്ച് വന്നാല്‍ ഏതാണോ നഷ്ടപ്പെടാന്‍ കൂടുതല്‍ സാധ്യത അതിന് മുന്‍ഗണന നല്‍കണം. രണ്ടും നഷ്ടപ്പെടാന്‍ ഒരേ സാധ്യതയാണെങ്കില്‍ ഫര്‍ദിന് മുന്‍ഗണന നല്‍കണം. 

ഗ്രഹണ നമസ്‌കാരത്തില്‍ വൈകി വന്നവന് ആദ്യത്തെ റുകൂഅ് ലഭിച്ചാല്‍ റക്അത്ത് ലഭിച്ചതായി പരിഗണിക്കാം. രണ്ടാമത്തെ റുകൂഇലാണ് ഒരാള്‍ വന്ന് ചേര്‍ന്നതെങ്കില്‍ ആ റക്അത്ത് പരിഗണിക്കാവതല്ല. അപ്പോള്‍ നഷ്ടപ്പെട്ട റക്അത്ത് അവന്‍ വീണ്ടെടുക്കണം. (ഫതാവാ ലജ്‌നതുദ്ദാഇമ 8/324, ശറഹുല്‍ മുംതിഅ് 5/259, ശൈഖ് ഉസൈമീന്‍).

(ഈ ലേഖനത്തിന്റെ മുഖ്യ അവലംബം: ശൈഖ് ഇബ്‌നു ബാസിന്റെ ശിഷ്യന്‍ അല്ലാമാ ഖഹ്താനിയുടെ ‘സ്വലാതുല്‍ മുഅ്മിന്‍’).

 

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

പ്രവാചക വിയോഗം (ഭാഗം: 2)​

പ്രവാചക വിയോഗം (ഭാഗം: 2)

അസഹനീയ വേദന

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്(റ) നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ﷺ അസഹനീയമായ വേദന സഹിക്കുന്ന സമയം ഞാന്‍ അവിടുത്തേക്ക് പ്രവേശിക്കുകയുണ്ടായി. ഞാനെന്റെ കൈ കൊണ്ട് അദ്ദേഹത്തെ തടവിക്കൊണ്ടിരുന്നു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ക്ക് അങ്ങേയറ്റത്തെ വേദനയുണ്ടല്ലേ?’ അപ്പോള്‍ റസൂലുല്ലാഹ്ﷺ പറഞ്ഞു: ‘അതെ, നിങ്ങളില്‍ രണ്ടാളുടെ വേദന ഞാന്‍ സഹിച്ച് കൊണ്ടിരിക്കുന്നു.’ ഞാന്‍ പറഞ്ഞു: ‘അതിന് താങ്കള്‍ക്ക് രണ്ടാളുടെ പ്രതിഫലവും ലഭിക്കുമല്ലോ.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘അതെ.’ ശേഷം അവിടുന്ന് പറഞ്ഞു: ‘ഒരു മുസ്‌ലിമിനും രോഗമെന്ന പരീക്ഷണം ബാധിക്കുകയില്ല, മരത്തില്‍ നിന്നും അതിന്റെ ഇലകള്‍ കൊഴിഞ്ഞ് വീഴുന്ന പോലെ അതിലൂടെ അവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ച് കളയാതെ.” 

ആഇശാ(റ) നിവേദനം: ”അവര്‍ പറയുന്നു: റസൂലുല്ലാഹ്ﷺ വഫാതാകുന്ന സമയം അവിടുന്ന് തന്റെയടുത്തുള്ള വെള്ളപ്പാത്രത്തില്‍ കൈകള്‍ പ്രവേശിപ്പിച്ച് തന്റെ മുഖം തടവുന്നതായി ഞാന്‍ കണ്ടു. അവിടുന്ന് ഇങ്ങനെ പറയുകയും ചെയ്തുകൊണ്ടിരുന്നു: അല്ലാഹുവേ, മരണവേദനയില്‍ നീയെന്നെ സഹായിക്കണമേ” (അഹ്മദ്, തിര്‍മിദി, ഇബ്‌നുമാജ).

അനസ്(റ) നിവേദനം: ”നബിﷺക്ക് രോഗം കഠിനമായപ്പോള്‍ അദ്ദേഹത്തെ കൂട്ടിപ്പിടിച്ച് കൊണ്ട് ഫാത്വിമ പറയുകയുണ്ടായി: ‘എന്റെ ഉപ്പാക്ക് എന്ത് പ്രയാസമാണ്.’ അപ്പോള്‍ അവിടുന്ന് അവരോട് പറഞ്ഞു: ‘ഈ ദിവസത്തിന് ശേഷം നിന്റെ ഉപ്പാക്ക് പ്രയാസമുണ്ടാവില്ല” (ബുഖാരി) 

ഇബ്‌നു അബ്ബാസ്(റ) നിവേദനം: അദ്ദേഹം തന്റെ ഉമ്മയായ ഉമ്മുല്‍ഫദ്‌ലില്‍ നിന്നും: ”റസൂലുല്ലാഹ്ﷺ രോഗിയായ സന്ദര്‍ത്തില്‍ തന്റെ തലയില്‍ തുണികെട്ടിക്കൊണ്ട് ഞങ്ങളുടെ അടുത്ത് വരികയും മഗ്‌രിബ് നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. മുര്‍സലാത്ത് സൂറത്താണ് പാരായണം ചെയ്തത്. അവര്‍ പറയുന്നു: അവിടുന്ന് അതിന് ശേഷം അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ നമസ്‌കരിച്ചിട്ടില്ല.” 

ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി തന്റെ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: ”നബിﷺ രോഗ ബാധിതനായി എത്ര ദിവസമാണ് കഴിച്ചുകൂട്ടിയതെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഭൂരിപക്ഷത്തിന്റെ അഭിപ്രായം പതിമൂന്ന് ദിവസം എന്നാണ്. പത്ത് ദിവസം, തുടങ്ങി വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു”'(ഫത്ഹുല്‍ ബാരി).

 

അവസാന വസ്വിയ്യത്ത്

ആഇശ(റ) നിവേദനം: അവര്‍ പറയുന്നു: ”റസൂലുല്ലാഹ്ﷺ വഫാതായ രോഗശയ്യയില്‍ കിടന്ന് പറയുകയുണ്ടായി: ‘ജൂത ക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു, അവര്‍ അവരുടെ പ്രവാചകന്മാരുടെ ക്വബ്‌റിടങ്ങള്‍ ആരാധനാലയങ്ങളാക്കിയിരിക്കുന്നു.’ അവിടുത്തെ ക്വബ്‌റിടത്തെ ആരാധനാലയമാക്കുമെന്ന് ഭയപ്പെട്ടിരുന്നില്ലെങ്കില്‍ അത് ആളുകള്‍ക്ക് കാണുന്ന രൂപത്തില്‍ പ്രത്യക്ഷമാക്കുമായിരുന്നു”(ബുഖാരി, മുസ്‌ലിം) 

ഇബ്‌നു അബ്ബാസ്(റ) നിവേദനം: ”നബിﷺ വഫാതായ രോഗ ശയ്യയിലായിരിക്കെ തലയില്‍ കറുത്ത നിറമുള്ള ഒരു തുണിക്കഷ്ണം ബന്ധിച്ചുകൊണ്ട് വരികയും മിമ്പറില്‍ കയറി ഇരിക്കുകയും ചെയ്തു. അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞു: അതിന് ശേഷം, ജനങ്ങള്‍ അധികരിക്കുകയും അന്‍സ്വാരികള്‍ കുറഞ്ഞ് കൊണ്ടിരിക്കുകയും ചെയ്യുന്നു. അന്‍സ്വാരികള്‍ക്ക് ജനങ്ങളിലുള്ള സ്ഥാനം ഭക്ഷണത്തിലെ ഉപ്പ് പോലെയാണ്. അവരില്‍ ആരെങ്കിലും നിങ്ങളില്‍ രക്ഷാധികാരിയായാല്‍ അത് ചിലയാളുകള്‍ക്ക് ഉപദ്രവവും മറ്റു ചിലര്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും. അവരുടെ നന്മകള്‍ സ്വീകരിക്കുകയും അവരുടെ തിന്മകള്‍ നിങ്ങള്‍ വെടിയുകയും ചെയ്യുക.” (ബുഖാരി)

ഇബ്‌നു അബ്ബാസ്(റ) നിവേദനം: ”റസൂലുല്ലാഹ്ﷺ തന്റെ വീടിന്റെ വിരി മാറ്റി നോക്കി. ആ സമയം ജനങ്ങള്‍ അബൂബക്കറിന്റെ പിന്നില്‍ അണിയണിയായി നില്‍ക്കുകയാണ്. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഓ, ജനങ്ങളേ, പ്രവാചകത്വത്തിന്റെ സന്തോഷ വാര്‍ത്തയില്‍ നിന്ന് സ്വാലിഹായ സ്വപ്‌നമല്ലാതെ അവശേഷിക്കുന്നില്ല. അത് മുസ്‌ലിം കാണും അഥവാ മുസ്‌ലിം കാണിക്കപ്പെടും. അറിയുക, നിശ്ചയം സുജൂദിലോ, റുകൂഇലോ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് എനിക്ക് വിരോധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ റകൂഇല്‍ നിങ്ങള്‍ ഉന്നതനും പ്രതാപവാനുമായ റബ്ബിനെ വാഴ്ത്തിപ്പറയുകയും, സുജൂദില്‍ നിങ്ങള്‍ പ്രാര്‍ഥനക്കായി നിങ്ങള്‍ പരിശ്രമിക്കുകയും ചെയ്യുക, സുജൂദിലെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും”’ (ബുഖാരി).

ഉമ്മുസലമ(റ) നിവേദനം: ”റസൂല്‍ﷺ വഫാതായ രോഗശയ്യയില്‍ കിടന്ന് കൊണ്ട് പറയുകയുണ്ടായി: ‘നമസ്‌കാരം! നിങ്ങളുടെ വലതു കരം ഉടമപ്പെടുത്തിയവരും.” ഇത് അവിടുന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നു” (ഇബ്‌നുമാജ).

ഇമാം സിന്‍ദി ഈ ഹദീഥിനെ വിശദീകരിച്ച് കൊണ്ട് പറയുന്നു: ”ഇവിടെ നമസ്‌കാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമസ്‌കാരം നിങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും അതിനുള്ള സ്ഥാനം നല്‍കുകയും അതിനെ അവഗണിക്കാതിരിക്കുകയും ചെയ്യുക എന്നാണ്. അതുപോലെ വലതുകരം ഉടമപ്പെടുത്തിയത് എന്നത്‌കൊണ്ടുള്ള വിവക്ഷ; സമ്പത്തില്‍ നിന്ന് സകാതും ധര്‍മവും നല്‍കുകയും അടിമകളെ പരിഗണിക്കുകയും അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും ചെയ്യുക എന്നാണ്” (ഹാശിയതുസ്സിന്‍ദി അലാ ഇബ്‌നുമാജ). 

 

അവസാന ദിവസം

ഇബ്‌നു ശിഹാബ്(റ) നിവേദനം: അനസ്ബ്‌നുമാലിക്(റ) അറിയിക്കുകയുണ്ടായി: മുസ്‌ലിംകള്‍ സുബ്ഹി നമസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. നബിﷺയുടെ അവസ്ഥ അവര്‍ക്ക് പ്രയാസമുണ്ടാക്കി. അവിടുന്ന് ആഇശ(റ)യുടെ റൂമിന്റെ വിരി അല്‍പം വെളിവാക്കിക്കൊണ്ട് അവരെ നോക്കി. അവര്‍ സ്വഫ്ഫായി നില്‍ക്കുന്നു. അന്നേരം അവിടുന്ന് പുഞ്ചിരിക്കുകയും ചിരിക്കുകയും ചെയ്തു. അപ്പോള്‍ അബൂബക്കര്‍(റ) അവിടുന്ന് നമസ്‌കാരത്തിന് വരികയാണെന്ന് കരുതി സ്വഫ്ഫിലേക്ക് നില്‍ക്കാനായി തിരിഞ്ഞു. അനസ്(റ) പറയുന്നു: നബിയെ കണ്ട സന്തോഷത്താല്‍ നമസ്‌കാരത്തില്‍ കുഴപ്പമുണ്ടാകുമോയെന്ന് മുസ്‌ലിംകള്‍ വിചാരിക്കുകയുണ്ടായി. ആ സമയം അവിടുന്ന് നിങ്ങള്‍ നിങ്ങളുടെ നമസ്‌കാരം പൂര്‍ത്തിയാക്കൂ എന്ന് കൈകൊണ്ട് സൂചന നല്‍കുകയുണ്ടായി. അങ്ങനെ അദ്ദേഹം മുറിയില്‍ പ്രവേശിക്കുകയും വിരി താഴ്ത്തിയിടുകയും ചെയ്തു. ആ ദിവസത്തിന്റെ അവസാനത്തില്‍ അവിടുന്ന വഫാതാവുകയും ചെയ്തു.

ആഇശ(റ) പറയുന്നു: ”എനിക്ക് അല്ലാഹുവിന്റെ വലിയ ഒരു അനുഗ്രഹമായിരുന്നു നബിﷺ എന്റെ വീട്ടില്‍, എന്റെ ദിവസത്തില്‍ എന്റെ മാറിടത്തിനും മടിത്തട്ടിനിടക്കും കിടന്ന് കൊണ്ടാണ് വഫാത്തായത് എന്നത്; അതുപോലെ അവിടുത്തെ വഫാതിന് മുമ്പ് എന്റെയും അവിടുത്തെയും ഉമനീര്‍ ഒരുമിച്ചു കൂട്ടിയെന്നതും. എന്റെയടുത്ത് അബ്ദുര്‍റഹ്മാന്‍ പ്രവേശിച്ചു, കയ്യില്‍ ഒരു മിസ്‌വാകുമുണ്ടായിരുന്നു.  പ്രവാചകന്‍ എന്നില്‍ ചാരിക്കിടക്കെ ആ മിസ്‌വാക്കിലേക്ക് നോക്കി. അവിടുന്ന് മിസ്‌വാക്ക് ആഗ്രഹിക്കുന്നുവെന്നെനിക്ക് മനസ്സിലായി. ഞാന്‍ ചോദിച്ചു: ‘അത് താങ്കള്‍ക്ക് ഞാന്‍ വാങ്ങിച്ച് തരട്ടെയോ?’ അവിടുന്ന് ശിരസ്സ്‌കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചു. ഞാനത് വാങ്ങിക്കൊടുത്തു. അത് പരുപരുത്തതായിരുന്നു. ഞാന്‍ ചോദിച്ചു: ‘ഞാനത് ലോലമാക്കി തരട്ടെയോ?’ അവിടുന്ന് ശിരസ്സ്‌കൊണ്ട്അതെയെന്ന് ആംഗ്യം കാണിച്ചു. ഞാനത് കടിച്ച് ലോലമാക്കിക്കൊടുത്തു. അവിടുന്ന് തന്റെയരികിലുള്ള പാത്രത്തിലെ വെള്ളത്തില്‍ കയ്യിട്ട് തന്റെ മുഖം തടവിക്കൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. നിശ്ചയം മരണത്തിന് അസഹനീയമായ വേദനയുണ്ട്’. ശേഷം തന്റെ കൈകള്‍ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: ‘ഉന്നതരായ കൂട്ടുകാരുടെ അടുത്തേക്ക്.’ അങ്ങെന അവിടുന്ന് വഫാതാവുകയും കൈകള്‍ താഴുകയും ചെയ്തു” (ബുഖാരി, മുസ്‌ലിം).

അനസ്ബ്‌നുമാലിക്(റ) നിവേദനം: ”നബിﷺക്ക് മരണത്തിന് മുമ്പ് വഹ്‌യ് ഇറങ്ങിക്കൊണ്ടിരുന്നു. വഫാതായ ദിനമായിരുന്നു അധികമായി വഹ്‌യ് ഇറങ്ങിയത്” (ബുഖാരി, മുസ്‌ലിം).

ആഇശ(റ) നിവേദനം: ”റസൂല്‍ﷺ എന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് ഇങ്ങനെ പറയുന്നതായി ഞാന്‍ ചെവി അടുത്ത് വെച്ചപ്പോള്‍ കേട്ടു: ‘അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കുകയും കൂട്ടുകാരോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ” (ബുഖാരി, മുസ്‌ലിം).  

ആഇശ(റ) നിവേദനം: ”അവിടുന്ന് വഫാതിന്റെ തൊട്ട് മുമ്പ് എന്റെ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍ ബോധക്ഷയമുണ്ടായി, ശേഷം ബോധം തിരിച്ച് വരുകയും വീടിന്റെ മേല്‍ക്കൂരയുടെ ഭാഗത്തേക്ക് നോക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: ‘ഉന്നതരായ കൂട്ടുകാരുടെ അടുത്തേക്ക്.’ അവിടുന്ന് അവസാനമായി സംസാരിച്ചത് ‘ഉന്നതരായ കൂട്ടുകാരുടെ അടുത്തേക്ക്’ എന്നായിരുന്നു” (ബുഖാരി, മുസ്‌ലിം).  

ആഇശ(റ) നിവേദനം: നബിﷺ തന്റെ അറുപത്തി മൂന്നാമത്തെ വയസ്സിലാണ് വഫാതായത്’ (ബുഖാരി, മുസ്‌ലിം).

നബിﷺയെയും അവിടുന്ന് കൊണ്ടുവന്ന ആദര്‍ശത്തെയും സ്വന്തത്തെക്കാളും സ്‌നേഹിച്ച അനുചരന്മാര്‍ക്ക് പ്രവാചകന്റെ മരണം അങ്ങേയറ്റം സങ്കമുണ്ടാക്കി. ചിലര്‍ക്കത് ഉള്‍കൊള്ളാന്‍ പോലും സാധിച്ചില്ല. 

ഇമാം ഇബ്‌നുറജബ് പറയുന്നു:”നബിﷺ വഫാതായപ്പോള്‍ മുസ്‌ലിംകളാകെ ആശയക്കുഴപ്പത്തിലായി. അവരില്‍ ചിലര്‍ അവിടുന്ന് മണപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തില്‍ സംശയിത്തിലായി. ചിലര്‍ അത് കേട്ടമാത്രയില്‍ ഇരുന്ന് പോയി; അവര്‍ക്ക് എഴുന്നേല്‍ക്കാനായില്ല!! ചിലര്‍ക്ക് സംസാരിക്കാന്‍ കഴിയാതെ നാവ് നിശ്ചലമായി. ചിലര്‍ നബിﷺ ഒരിക്കലും മരിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയുണ്ടായി”’ (ലതാഇഫുല്‍ മആരിഫ്)

ആഇശ(റ) നിവേദനം: റസൂല്‍ﷺ വഫാതായ സന്ദര്‍ഭത്തില്‍ അബൂബക്കര്‍ ‘സുന്‍ഹിലായിരുന്നു. ഉമര്‍(റ) എഴുന്നേറ്റ് നിന്ന് പറയുകയുണ്ടായി: ‘അല്ലാഹു സത്യം! റസൂലുല്ലാഹ്ﷺ വഫാതായിട്ടില്ല.’ ആഇശ(റ) പറഞ്ഞു: ‘എന്റെ മനസ്സില്‍ അതല്ലാതെ മറ്റൊന്നും ആ സമയത്ത് ഉണ്ടായില്ല.’ ഉമര്‍(റ) പറഞ്ഞു:’അല്ലാഹു അദ്ദേഹത്തെ വീണ്ടും നിയോഗിക്കും, വഫാതായിയെന്ന് പറയുന്നവരുടെ കൈകാലുകള്‍ ഞാന്‍ മുറിക്കും.’ അപ്പോഴാണ് അബൂബക്കര്‍(റ)വന്നതും പ്രവാചന്റെ ശരീരത്തിലുള്ള വസ്ത്ര അല്‍പം മാറ്റി തിരുദൂതരെ ചുംബിച്ചതും. ശേഷം അദ്ദേഹം പറഞ്ഞു: ‘എന്റെ മാതാപിതാക്കളെ അങ്ങേക്ക് വേണ്ടി സമര്‍പിക്കുന്നു. താങ്കള്‍ ജീവിച്ചാലും വഫാതായാലും നല്ലത് തന്നെ. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം! അല്ലാഹു ഒരിക്കലും താങ്കള്‍ക്ക് രണ്ട് മരണം നല്‍കുകയില്ല.’ ശേഷം അവിടെ നിന്നിറങ്ങിക്കൊണ്ട് പറഞ്ഞു: ‘ഓ, സത്യം ചെയ്ത് പറയുന്നവനേ, സമാധാനമായിരിക്കൂ.’ അങ്ങനെ അബൂബക്കര്‍(റ) സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഉമര്‍(റ) ശാന്തമായി. അബൂബക്കര്‍(റ) അല്ലാഹുവിനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് പറഞ്ഞു: ‘അറിയുക, ആരെങ്കിലും മുഹമ്മദ് നബിﷺയെ ആരാധിക്കുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ്ﷺ വഫാതായിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ നിശ്ചയം അവന്‍ ഒരിക്കലും മരിക്കുകയില്ല.’ ശേഷം അദ്ദേഹം (ഈ ക്വുര്‍ആന്‍ വചനങ്ങള്‍) പാരായണം ചെയ്തു: ‘തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു’ (സുമര്‍: 30).”മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്” (ആലു ഇംറാന്‍: 144)” (ബുഖാരി)

അനസ്(റ) നിവേദനം: റസൂലുല്ലാഹ്ﷺ വഫാതായപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു: ‘എന്റെ ഉപ്പാ, ജിബ്‌രീല്‍ മരണ വാര്‍ത്തയറിയിക്കുന്നു. എന്റെ ഉപ്പാ, ജന്നത്തുല്‍ ഫിര്‍ദൗസ് ആണ് സങ്കേതം”(നസാഈ).

ആഇശ(റ) നിവേദനം: നബിﷺയുടെ വഫാതിന് ശേഷം അബൂബക്കര്‍(റ) വരുകയും പ്രവാചകന്റെ രണ്ടു കണ്ണുകള്‍ക്കിടയില്‍ തന്റെ ചുണ്ടുകള്‍ വെക്കുകയും രണ്ട് ചെവികള്‍ക്കിടയില്‍ കൈകള്‍ വെക്കുകയും ചെയ്ത് (ഇങ്ങനെ) പറയുകയുണ്ടായി: ‘എന്റെ പ്രവാചകരേ, എന്റെ ഉറ്റ ചങ്ങാതീ, എന്റെ ആത്മ മിത്രമേ” (അഹ്മദ്).

അനസ്(റ) പറയുന്നു: ”നബിﷺയും അബൂബക്കറും മദീനയിലേക്ക് പ്രവേശിച്ച ദിവസത്തെക്കാള്‍ നല്ലതും പ്രകാശപൂരിതവുമായ ഒരു ദിനവും ഞാന്‍ കണ്ടിട്ടില്ല. അതുപോലെ നബിﷺ വഫാതായ ദിവസം പോലെ ഇരുട്ടുള്ളതും സങ്കടകരവുമായ ദിവസം ഞാന്‍ കണ്ടിട്ടില്ല” (അഹ്മദ്).

നബിﷺ തിങ്കളാഴ്ച ദിവസം ദുഹാ സമയം വഫാതാവുകയും സ്വഹാബികള്‍ പ്രവാചകന്‍ ധരിച്ചിരുന്ന വസ്ത്രം അഴിക്കാതെ കുളിപ്പിക്കുകയും മൂന്ന് വെള്ള വസ്ത്രത്തില്‍ കഫന്‍ ചെയ്യുകയും ചെയ്തു. അതില്‍ കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല. ബുധന്‍ രാത്രിയാണ് മറമാടിയത്. സ്വഹാബിമാര്‍ ചെറു സംഘമായിട്ടും ഒറ്റക്കുമാണ് നബിﷺയുടെ ജനാസ നമസ്‌കാരം നിര്‍വഹിച്ചത്. അങ്ങനെ പ്രവാചകനെ എവിടെ മറമാടണമെന്ന സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം പ്രവാചകന്മാര്‍ എവിടെയാണോ മരണപ്പെട്ടത് അവിടെത്തന്നെ മറമാടണമെന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ ആഇശ(റ)യുടെ വീട്ടില്‍ ലഹ്ദ് (അറേബ്യന്‍ നാടുകളില്‍ കാണുന്ന ക്വബ്ര്‍) ഉണ്ടാക്കി അതില്‍ മറമാടി. (അവലംബം)

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

പ്രവാചക വിയോഗം

പ്രവാചക വിയോഗം (ഭാഗം: 1)

പ്രവാചക ശൃംഖലക്ക് പര്യവസാനം കുറിച്ചാണ് മുഹമ്മദ് നബി ﷺ യുടെ നിയോഗമുണ്ടായത്. ഈ പ്രവാചകനിലൂടെയാണ് അല്ലാഹു അവന്റെ മതം പൂര്‍ത്തീകരിച്ചത്. പ്രവാചകന്‍ ﷺ ജനിച്ചതും അറുപത്തിമൂന്ന് വയസ്സു വരെ ജീവിച്ചതും മക്കയിലാണ്; മരണമടഞ്ഞത് മദീനയിലും.

പ്രവാചകന്‍ ﷺ യുടെ മരണം മുസ്‌ലിംകളെ ബാധിക്കുന്ന ഏറ്റവും വലിയ വിപത്തായിരിക്കുമെന്ന് അവിടുന്ന് ഉണര്‍ത്തിയതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം.

വഹ്‌യ് നിലച്ചു

ഉമ്മുഐമന്‍(റ) നിവേദനം: നബി ﷺ വഫാതായ സന്ദര്‍ഭത്തില്‍ അവര്‍ കരയുകയുണ്ടായി. എന്തുകൊണ്ടാണ് കരയുന്നതെന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: ”അല്ലാഹു സത്യം! നബി ﷺ മരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, എന്നെ കരയിപ്പിച്ചത് വാനലോകത്തുനിന്ന് ഇറങ്ങുന്ന വഹ്‌യ് നിലച്ചു പോയല്ലോ എന്നതാണ്” (അഹ്മദ്). 

അബൂബര്‍ദ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ”നക്ഷത്രങ്ങള്‍ ആകാശത്തിന് നിര്‍ഭയത്വമാണ്, നക്ഷത്രങ്ങള്‍ പോയിക്കഴിഞ്ഞാല്‍ വാനലോകത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്. ഞാനെന്റെ സ്വഹാബത്തിന് നിര്‍ഭയത്വമാണ്, ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ സ്വഹാബത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്. എന്റെ സ്വഹാബത്ത് എന്റെ സമുദായത്തിന് നിര്‍ഭയത്വമാണ്, എന്റെ സ്വഹാബത്ത് പോയിക്കഴിഞ്ഞാല്‍ എന്റെ സമുദായത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്.” (മുസ്‌ലിം: 2531).

ഈ ഹദീഥിനെ വിശദീകരിച്ച് കൊണ്ട് ഇമാം നവവി(റ) തന്റെ ശറഹില്‍ പറയുന്നു: ”ഞാനെന്റെ സ്വഹാബത്തിന് നിര്‍ഭയത്വമാണ്, ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ സ്വഹാബത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്;’കുഴപ്പങ്ങള്‍, യുദ്ധങ്ങള്‍, അഅ്‌റാബികളില്‍ നിന്ന് മതപരിത്യാഗികളായവര്‍, മുസ്‌ലിംകള്‍ക്കിടയിലുള്ള ഭിന്നിപ്പുകള്‍ പോലുള്ള, വ്യക്തമായി നബി ﷺ താക്കീത് ചെയ്ത കാര്യങ്ങളാണ് ഇതുകൊണ്ടുള്ള ഉദ്ദേശം. ഇവയെല്ലാം സംഭവിച്ച് കഴിഞ്ഞു” (ശറഉന്നവവി: 8/316).

വഫാത് അടുത്തിരിക്കുന്നു

വിശുദ്ധ ക്വുര്‍ആനിലെ ഒട്ടനവധി വചനങ്ങളിലൂടെ, മരണം വന്നെത്തും മുമ്പു തന്നെ താന്‍ വിടപറയാനായിട്ടുണ്ടെന്ന കാര്യം തിരുമേനി ﷺ മനസ്സിലാക്കിയിരുന്നു.  

”തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു” (ക്വുര്‍ആന്‍ 39:30). 

”(നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും”(ക്വുര്‍ആന്‍ 21:34,35).

”മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 3:144). 

”അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍, ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍, നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു”'(ക്വുര്‍ആന്‍ 110:1-3).

ഇബ്‌നുഉമര്‍(റ) നിവേദനം: ”അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍…’എന്ന സൂറത്ത് നബി ﷺ ക്ക് ഇറങ്ങിയത് അയ്യാമുത്തശ്‌രീക്വിന്റെ മധ്യത്തിലായിരുന്നു. ഇതില്‍നിന്ന്  താന്‍ വിടവാങ്ങാനായിരിക്കുന്നുവെന്ന് അവിടുന്ന് മനസ്സിലാക്കിയിരുന്നു” (സുനനുല്‍ ബൈഹക്വി).

ഇബ്‌നുഉമര്‍(റ) നിവേദനം: ”അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍…എന്ന സൂറത്തിനെ കുറിച്ച് ഉമര്‍(റ) സ്വഹാബിമാരോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘രാജ്യങ്ങളും കൊട്ടാരങ്ങളും വിജയിച്ചടക്കുന്നതാണ് ഉദ്ദേശിക്കുന്നത്.’ ഉമര്‍(റ) ഇബ്‌നുഅബ്ബാസി(റ)നോട് എന്താണഭിപ്രായമെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘മുഹമ്മദ് നബി ﷺ ക്ക് സ്വന്തം മരണത്തെക്കുറിച്ചും അവധിയെക്കുറിച്ചും ഉദാഹരണത്തിലൂടെ അറിയിച്ച് കൊടുത്തതാണ്” (ബുഖാരി: 4969).

”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു” (ക്വുര്‍ആന്‍ 5:3)

ഈ വചനത്തെ വിശദീകരിച്ച് കൊണ്ട് ഇബ്‌നുല്‍ അറബി തന്റെ അല്‍ അവാസ്വിം മിനല്‍ ഖവാസിം എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”ഈ ദുന്‍യാവില്‍ പൂര്‍ണമായ ഒരു കാര്യത്തിന് പിന്നീട് വരാനുള്ളത് കുറവുകളും ന്യൂനതകളുമാണ്, അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിക്കുന്നതിലൂടെയാണ് പൂര്‍ണതയുണ്ടാവുക”(പേജ്: 59).

നബി ﷺ തന്റെ അവധിയെത്തിയിട്ടുണ്ടെന്നും, താന്‍ തന്റെ രക്ഷിതാവിന്റെ സന്നിധിയിലേക്ക് നീങ്ങാനായിട്ടുണ്ടെന്നും അനുചരന്മാരോട് ഒന്നിലധികം തവണ പങ്കുവെച്ചിരുന്നു. 

നബി ﷺ മുആദ്(റ)വിനെ യമനിലേക്ക് നിയോഗിച്ച വേളയില്‍ മുആദിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം ഇങ്ങനെ പറയുകയുണ്ടായി: ”ഓ, മുആദ്! ഒരുപക്ഷേ, ഈ വര്‍ഷത്തിന് ശേഷം നിനക്ക് എന്നെ കാണാന്‍ സാധിച്ചുവെന്ന് വരില്ല. ഒരുപക്ഷേ, എന്റെ പള്ളിക്കരികിലൂടെ പോകുമ്പോള്‍ എന്റെ ക്വബ്‌റിന്നരികിലൂടെയായിരിക്കും കടന്ന്‌പോവുക.”’മുആദ്(റ) നബി ﷺ വിട്ടുപിരിയാറായിയെന്നറിഞ്ഞ് കരഞ്ഞുപോയി. ശേഷം മദീനക്ക് നേരെ തിരിഞ്ഞ് കൊണ്ട് അവിടുന്ന് പറഞ്ഞു: ”എന്നോട് ഏറ്റവും അടുത്തയാളുകള്‍ സൂക്ഷ്മാലുക്കളാണ്. അവര്‍ ആരായിരുന്നാലും എവിടെയായിരുന്നാലും ശരി” (അഹ്മദ്).

സ്വന്തം മകളെ പോലും അവിടുന്ന് ഈ ദുന്‍യാവില്‍ നിന്ന് താന്‍ യാത്ര പറയാനായിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.

ആഇശ(റ) നിവേദനം: ഫാത്വിമ(റ) തിരുദൂതരുടെയടുത്തേക്ക് നടന്ന് വരികയുണ്ടായി. അവരുടെ നടത്തം നബി ﷺ യുടെ നടത്തം പോലെയായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്റെ മകള്‍ക്ക് സ്വാഗതം.’ ശേഷം അവിടുന്ന് അവരെ തന്റെ വലത് വശത്തിരുത്തി. എന്നിട്ട് അവിടുന്ന് അവരോട് ഒരു രഹസ്യം പറയുകയും (അതു കേട്ട്) അവര്‍ കരയുകയും ചെയ്തു. ഞാനവരോട് ചോദിച്ചു: ‘എന്തിനാണ് കരയുന്നത്?’ ശേഷം അവിടുന്ന് വീണ്ടും രഹസ്യം പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിക്കുകയും ചെയ്തു…എന്താണ് അവിടുന്ന് പറഞ്ഞതെന്ന് ഞാനവരോട് ചോദിച്ചു. അപ്പോള്‍ ഫാത്വിമ(റ) പറഞ്ഞു: ‘നബി ﷺ യുടെ രഹസ്യം ഞാന്‍ പരസ്യപ്പെടുത്തുകയില്ല.’ അങ്ങനെ നബി ﷺ വഫാതായപ്പോള്‍ ഞാന്‍ വീണ്ടും അതിനെപ്പറ്റി ചോദിച്ചു. അവര്‍ പറഞ്ഞു: ‘അവിടുന്ന് എന്നോട് രഹസ്യം പറഞ്ഞത്; എല്ലാ വര്‍ഷവും ജിബ്‌രീല്‍(അ) ക്വു ര്‍ആന്‍ ഓതിക്കാറുള്ളത് ഒരു പ്രാവശ്യമാണ്. എന്നാല്‍ ഈ വര്‍ഷം ജിബ്‌രീല്‍(അ) രണ്ട് പ്രാവശ്യം അത് പാരായണം ചെയ്യിപ്പിച്ചു. അതിന് കാരണം എന്റെ അവധിയെത്തിയിട്ടുണ്ട് എന്നതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നീയായിരിക്കും എനിക്ക് ശേഷം എന്റെ കുടുംബത്തില്‍ ആദ്യം എന്നെ കണ്ടെത്തുക. അപ്പോള്‍ ഞാന്‍ കരഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘സ്വര്‍ഗ സ്ത്രീകളുടെ അല്ലെങ്കില്‍ വിശ്വാസികളായ സ്ത്രീകളുടെ നേതാവാകുന്നത് നീ ഇഷ്ടപ്പെടുന്നില്ലേ?’ അപ്പോള്‍ ഞാന്‍ ചിരിക്കുകയും ചെയ്തു” (ബുഖാരി: 3624, മുസ്‌ലിം: 2450).

രോഗവും കാരണവും

നബി ﷺ യെ മരണത്തിലേക്ക് നയിച്ച രോഗത്തിന്റെ തുടക്കവും കാരണവും പണ്ട് ജൂതസ്ത്രീ നല്‍കിയ വിഷം പുരട്ടിയ മാംസം കഴിച്ചതായിരുന്നു. അവിടുന്ന് കൂടെയുള്ളവരോട് പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ കൈകള്‍ ഈ ഭക്ഷണത്തില്‍ നിന്ന് പിന്‍വലിക്കൂ. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു.” പിന്നീട് അവിടുന്ന് വഫാതായ രോഗശയ്യയില്‍ കിടന്ന് അവിടുന്ന് പറഞ്ഞു: ”ഞാന്‍ മുമ്പ് ഖൈബറില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ വേദന ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നു. അതെന്റെ കണ്ഠനാഡികള്‍ മുറിച്ച് കളയാറായിരിക്കുന്നു” (അബൂദാവൂദ്: 4512).

ഉമ്മുബിശ്ര്‍(റ) നിവേദനം: അവര്‍ റസൂലുല്ലാഹ് ﷺ വഫാതായ രോഗശയ്യയിലായിരിക്കെ തിരുദൂതരുടെ അടുത്ത് പ്രവേശിച്ച് പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ക്കെന്റെ മാതാപിതാക്കളെ സമര്‍പിക്കുന്നു. താങ്കളുടെ ഈ അവസ്ഥക്ക് കാരണമായി ഒന്നുമില്ല, താങ്കള്‍ മുമ്പ് ഖൈബറില്‍ നിന്ന് കഴിച്ച ഭക്ഷണമല്ലാതെ.” അവരുടെ മകന്‍ ആ ഭക്ഷണം കഴിച്ച് വഫാതായിരുന്നു. നബി ﷺ പറഞ്ഞു: ”ഞാനും അതല്ലാതെ മറ്റൊരു കാര്യവും വിചാരിക്കുന്നില്ല, അതെന്റെ നാഡികള്‍ മുറിക്കാറായിരിക്കുന്നു” (അഹ്മദ്).

ഇതിലൂടെ പ്രവാചകന്മാരെ വധിച്ചിരുന്ന ജൂതന്മാരിലൂടെ നബി ﷺ ക്ക് രക്തസാക്ഷ്യം (ശഹാദത്ത്)  നല്‍കിയിരിക്കുന്നു. മരണങ്ങളില്‍ ഏറ്റവും ഉദാത്തമായ മരണം ശഹാദത്തിലൂടെയുള്ള മരണമാണ്. അതോടൊപ്പം രോഗവും ബാധിച്ചിരുന്നു; ഇത് അവിടുത്തെ പദവികള്‍ ഉയര്‍ത്തെപ്പെടുന്നതുമാണ്. 

തന്റെ സ്വഹാബിമാരില്‍ ഒരാളുടെ മൃതദേഹം മറമാടിക്കഴിഞ്ഞ് മടങ്ങിവരുന്ന വേളയിലാണ്  നബി ﷺ ക്ക് രോഗം ആരംഭിച്ചത്. ആഇശ(റ) പറയുന്നു: 

ബക്വീഇല്‍ ഒരു ജനാസയെ മറമാടിയതിന് ശേഷം റസൂലുല്ലാഹ് ﷺ എന്റെയടുത്തേക്ക് മടങ്ങി വന്നു. ആ സന്ദര്‍ഭം എനിക്ക് തലവേദനയുണ്ടായിരുന്നു. ഞാനിങ്ങനെ പറഞ്ഞ് കൊണ്ടിരുന്നു:”എന്റെ തലക്ക് എന്താണ് ബാധിച്ചത്.’ അവിടുന്ന് പറഞ്ഞു: ‘അല്ല, എന്റെ തലക്ക് എന്താണ് ബാധിച്ചത്? നല്ല വേദനയുണ്ടല്ലോ! നബി ﷺ പറഞ്ഞു: ‘നീയാണ് ആദ്യം മരണപ്പെടുന്നതെങ്കില്‍ ഞാന്‍ നിന്നെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ശേഷം നിനക്കായി നമസ്‌കരിക്കുകയും മറമാടുകയും ചെയ്യും.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ഞാനങ്ങനെയായാല്‍ താങ്കളങ്ങനെ ചെയ്ത് എന്റെ വീട്ടിലേക്ക് മടങ്ങി വന്ന് മറ്റു ഭാര്യമാരുമായി ജീവിക്കുമല്ലേ?’ അപ്പോള്‍ റസൂലുല്ലാഹ് ﷺ ഒന്ന് പുഞ്ചിരിച്ചു. ശേഷം അവിടുന്ന് വഫാതായ അസുഖം ആരംഭിച്ചു” (അഹ്മദ്, ഇബ്‌നുമാജ).

നബി ﷺ മരണം തെരഞ്ഞെടുക്കുന്നു

അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം: റസൂലുല്ലാഹ് ﷺ ജനങ്ങളോട് ഖുതുബ പറയുന്ന കൂട്ടത്തില്‍ പറഞ്ഞു: ”നിശ്ചയം! അല്ലാഹു ഒരടിമക്ക് ഐഹിക ലോകവും അവന്റെയടുത്തുള്ളതും തെരഞ്ഞെടുക്കുവാന്‍ അവസരം നല്‍കി. ആ അടിമ അല്ലാഹുവിന്റെ അടുത്തുള്ളതാണ് തെരഞ്ഞെടുത്തത്. ഇത്‌കേട്ടപ്പോള്‍ അബൂബക്ര്‍(റ) കരഞ്ഞു. അദ്ദേഹത്തിന്റെ കരച്ചില്‍ കണ്ടിട്ട് ഞങ്ങള്‍ക്ക് അത്ഭുതമായി. തെരഞ്ഞെടുക്കുവാനുള്ള ഒരവസരം അല്ലാഹു അവന്റെ ഒരടിമക്കല്ലേ നല്‍കിയത്. അതിനെന്തിന് കരയണം? പക്ഷേ, തെരഞ്ഞെടുക്കുവാനുള്ള അവസരം നല്‍കപ്പെട്ട അടിമ നബി ﷺ യായിരുന്നു. ഞങ്ങളില്‍ ഏറ്റവും കൂടുതല്‍ അറിവുള്ളയാള്‍ അബൂബക്‌റായിരുന്നു” (ബുഖാരി: 3654, മുസ്‌ലിം: 2383).

ആഇശ(റ) പറയുന്നു: നബി ﷺ പൂര്‍ണ ആരോഗ്യവാനായിരിക്കെ ഒരിക്കല്‍ പറഞ്ഞു: ”ഒരു നബിയും തന്റെ സ്വര്‍ഗത്തിലെ സ്ഥാനം കാണാതെ മരണപ്പെടുകയില്ല. ശേഷം തെരഞ്ഞെടുക്കുവാനുള്ള അവസരം നല്‍കും. അങ്ങനെ അവിടുന്ന് രോഗിയായിരിക്കെ, ആഇശ(റ)യുടെ മടിത്തട്ടില്‍ തലചായ്ച്ച് കിടക്കുന്നു. ഇടയ്ക്കിടക്ക് ബോധക്ഷയമുണ്ടാകുന്നു. ബോധം തിരിച്ച് കിട്ടിയ സമയം തന്റെ നയനങ്ങള്‍ വീടിന്റെ മേല്‍ക്കൂരയിലേക്ക് പായിച്ച് കൊണ്ട് പറഞ്ഞു: ‘അല്ലാഹുവേ, ഉന്നതരായ കൂട്ടുകാരിലേക്ക്…” (ബുഖാരി 4437).

ഉന്നതരായ കൂട്ടുകാര്‍ എന്നത്‌കൊണ്ട് അവിടുന്ന് ഉദ്ദേശിച്ചത് മലക്കുകളെയാണ്, നബിമാരെയാണ്,സ്വര്‍ഗത്തെയാണ് തുടങ്ങിയ വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോഅഭിപ്രായം പറഞ്ഞവര്‍ക്കും അവരുടേതായ തെളിവുകളുമുണ്ട്.

നബി ﷺ യുടെ രോഗം

തിരുദൂതര്‍ ﷺ വഫാതായ രോഗത്തെ കുറിച്ച് ആഇശ(റ) പറയുന്നു: ”നബി ﷺ ക്ക് രോഗം കഠിനമായപ്പോള്‍ അതിശക്തമായ വേദന അനുഭവപ്പെടുകയുണ്ടായി. അവിടുന്ന് രോഗാവസ്ഥയില്‍ എന്റെ വീട്ടില്‍ കഴിയാനായി മറ്റു ഭാര്യമാരോട് അനുവാദം ചോദിക്കുകയുണ്ടായി. അവരെല്ലാം അനുവാദം നല്‍കുകയും ചെയ്തു. അവിടുന്ന് അബ്ബാസിന്റെയും മറ്റൊരു വ്യക്തിയുടെയും ഇടയില്‍ അവരുടെ ചുമലില്‍ കൈവെച്ച് ഇരുകാലുകളും ഭൂമിയിലൂടെ വലിക്കുന്നതുപോലെ നമസ്‌കാരത്തിനായി പുറപ്പെട്ടു. ഉബൈദുല്ലാഹ് പറയുന്നു: മറ്റൊരു വ്യക്തി ആരാണെന്ന് താങ്കള്‍ക്കറിയുമോയെന്ന് അബ്ദുല്ലാഹ്ബ്‌നു അബ്ബാസ്(റ) ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ അലിയ്യുബ്‌നു അബൂത്വാലിബ്(റ) ആയിരുന്നു അയാള്‍. ആഇശ(റ) വീണ്ടും തുടരുന്നു: അവിടുന്ന് തന്റെ വീട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ അവിടുത്തെ വേദന അതികഠിനമായി. അവിടുന്ന് പറഞ്ഞു: എന്റെ മേല്‍ നിങ്ങള്‍ ഏഴ് പ്രാവശ്യം വെള്ളം ഒഴിക്കൂ. ഒരുപക്ഷേ, ആശ്വാസം ലഭിച്ച് എനിക്ക് ജനങ്ങള്‍ക്കായി വസ്വിയ്യത്ത് ചെയ്യാനായേക്കാം. അങ്ങനെ പ്രവാചക പത്‌നി ഹഫ്‌സ്വ(റ)യുടെ അടുത്തുണ്ടായിരുന്ന ഒരു വലിയ പാത്രത്തില്‍ പ്രവാചകനെ ഇരുത്തി. ശേഷം വെള്ളം ഒഴിക്കുകയും ചെയ്തപ്പോള്‍ അല്‍പം ആശ്വാസം ലഭിക്കുകയും ചെയ്തപ്പോള്‍ ജനങ്ങളിലേക്ക് പുറപ്പെടുകയും ചെയ്തു.”'(ബുഖാരി, മുസ്‌ലിം).    

ഇബ്‌നു അബ്ബാസ്(റ) നിവേദനം: ”അവിടുന്ന് വഫാതായ രോഗം ബാധിച്ചപ്പോള്‍ അവിടുന്ന് തലയില്‍ ഒരു തുണിക്കഷ്ണം കെട്ടി മിമ്പറില്‍ കയറി, അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തിപ്പറയുകയും ചെയ്തതിന് ശേഷം പറഞ്ഞു: ‘തന്റെ സമ്പത്ത് കൊണ്ടോ, ശരീരം കൊണ്ടോ അബൂബക്‌റുബ്‌നു അബൂ കുഹാഫ സഹായിച്ചത് പോലെ ജനങ്ങളില്‍ ഒരാളും എന്നെ സഹായിച്ചിട്ടില്ല. ഞാന്‍ ജനങ്ങളില്‍ നിന്ന് ഒരാളെ ഖലീലായി സ്വീകരിച്ചിരുന്നെങ്കില്‍ അബൂബക്‌റിനെ ഖലീലായി സ്വീകരിക്കുമായിരുന്നു. പക്ഷേ, ഇസ്‌ലാമിന്റെ മിത്രമാണ് ഏറ്റവും ശ്രേഷ്ഠമായത്. അബൂബക്ര്‍(റ) വരുന്ന ആ ചെറിയ വാതിലൊഴിച്ച് ഈ പള്ളിയിലേക്കുള്ള എല്ലാ ചെറിയ വാതിലുകളും കൊട്ടിയടക്കുക.’

ആഇശ(റ) നിവേദനം: ”റസൂലുല്ലാഹ് ﷺ വഫാതായ രോഗം ബാധിച്ച സമയം നമസ്‌കാരത്തിനു ബാങ്ക് വിളിക്കാനായി ബിലാല്‍(റ) വരികയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അബൂബക്‌റിനോട് ജനങ്ങളെയും കൊണ്ട് നമസ്‌കരിക്കുവാന്‍ കല്‍പിക്കുക.’ ഞാന്‍ അവിടുത്തോട് പറഞ്ഞു: ‘അബൂബക്ര്‍ ലോല ഹൃദയിത്തിനുടമയാണ്. അദ്ദേഹത്തിന് താങ്കള്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നാല്‍ കരച്ചില്‍ കാരണം ക്വുര്‍ആന്‍ പാരായണം ചെയ്യുവാന്‍ കഴിയില്ല.’ നബി ﷺ പറഞ്ഞു: ‘അബൂബക്‌റിനോട് നമസ്‌കരിക്കുവാന്‍ കല്‍പിക്കുക.’ അവര്‍ മറുപടി ആവര്‍ത്തിച്ചു. മൂന്നാമതും അല്ലെങ്കില്‍ നാലാമതും അതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: ‘തീര്‍ച്ചയായും നിങ്ങള്‍ യൂസുഫിനെ കെണിയില്‍ പെടുത്തിയവരാണ്. അബൂബക്‌റിനോട് നമസ്‌കരിക്കാന്‍ കല്‍പിക്കൂ. അങ്ങനെ അബൂബക്ര്‍ നമസ്‌കരിക്കുകയുണ്ടായി. അപ്പോള്‍ നബി ﷺ രണ്ടാളുകള്‍ക്കിടയില്‍ നിന്ന് കൊണ്ട് നമസ്‌കാരത്തിലേക്ക് നടന്നു. പ്രവാചകന് കാല്‍ നിലത്തുറപ്പിക്കാന്‍ കഴിയാതെ രണ്ടു കാലുകളും നിലത്തിഴഞ്ഞ് പോകുന്നത് ഞാന്‍ കാണുകയുണ്ടായി. തിരുനബിയെ അബൂബക്ര്‍ കാണാനിടയായപ്പോള്‍ പിന്നിലേക്ക് നില്‍ക്കാന്‍ ഭാവിച്ചു. അപ്പോള്‍ അവിടെത്തന്നെ നില്‍ക്കാനായി നബി ﷺ ആംഗ്യം കാണിച്ചു. അങ്ങനെ പ്രവാചകന്‍ ﷺ അബൂബക്‌റിന്റെ ഒരു വശത്ത് ഇരിക്കുകയുണ്ടായി. അബൂബക്ര്‍ ജനങ്ങളെ തക്ബീര്‍ കേള്‍പിക്കുകയുണ്ടായി” (ബുഖാരി, മുസ്‌ലിം).

അനസ്ബ്‌നു മാലിക്(റ) നിവേദനം: ”രോഗം കാരണം നബി ﷺ മൂന്ന് ദിവസം പുറത്തിറങ്ങിയില്ല. നമസ്‌കാരത്തിന് ഇക്വാമത്ത് വിളിക്കപ്പെട്ടപ്പോള്‍ അബൂബക്ര്‍(റ) ഇമാമത്ത് നില്‍ക്കാനായി പുറപ്പെട്ടു. അപ്പോള്‍ നബി ﷺ തന്റെ വീടിന്റെ വിരി ഉയര്‍ത്തി. ആ സമയം ഞങ്ങള്‍ക്ക് അവിടുത്തെ മുഖം വ്യക്തമായി കാണാന്‍ സാധിച്ചു. അന്നേരം നബി ﷺ യുടെ മുഖം വളരെ അത്ഭുതകരമായ രൂപത്തില്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ച രൂപത്തില്‍ ഞങ്ങള്‍ ഒരു കാഴ്ചയും കണ്ടിട്ടില്ല. അങ്ങനെ അവിടുന്ന് അബൂബക്‌റിനോട് തന്നെ ഇമാമായി നില്‍ക്കാന്‍ സൂചന നല്‍കി. ശേഷം നബി ﷺ തന്റെ വിരി താഴ്ത്തിയിടുകയും ചെയ്തു. തുടര്‍ന്ന് മരണം വരെ വീട്ടില്‍ തന്നെയായിരുന്നു” (ബുഖാരി, മുസ്‌ലിം).

ഹിശാം തന്റെ പിതാവില്‍ നിന്നും നിവേദനം: ”നബി ﷺ രോഗിയായ സന്ദര്‍ഭത്തില്‍ അവിടുന്ന് തന്റെ ഭാര്യമാരുടെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞിരുന്നു: ‘ഞാന്‍ നാളെ എവിടെയാണ്? ഞാന്‍ നാളെ എവിടെയാണ്?’ ആഇശ(റ)യുടെ വീടാഗ്രഹിച്ച് കൊണ്ടായിരുന്നു അവിടുന്നിങ്ങനെ പറഞ്ഞിരുന്നത്. ആഇശ(റ) പറയുന്നു: ‘എന്റെ ദിവസമായാല്‍ അവിടുന്ന് ശാന്തനായിരുന്നു.” (ബുഖാരി). 

ആഇശ(റ) പറയുന്നു: ”അവിടുന്ന് രോഗബാധിതനായാല്‍ മുഅവ്വിദാത് സൂറത്തുകള്‍ പാരായണം ചെയ്ത് തന്റെ കൈകള്‍ കൊണ്ട് സ്വയം തടവിയിരുന്നു. എന്നാല്‍ അവിടുന്ന് വഫാതായ രോഗ ശയ്യയിലായിരിക്കെ അവിടുന്ന് പാരായണം ചെയ്ത് ഊതാറുള്ളത് പോലെ ഞാന്‍ പാരായണം ചെയ്തു. അവിടുത്തെ ശരീരത്തിലേക്ക് ഞാന്‍ ഊതാറുണ്ടായിരുന്നു, അവിടുത്തെ കൈകള്‍ കൊണ്ട് തന്നെ ശരീരം ഞാന്‍ തടവാറുണ്ടായിരുന്നു.” (ബുഖാരി, മുസ്‌ലിം).

ആഇശ(റ) പറയുന്നു: ”നബി ﷺ യുടെ രോഗ സംഗതികള്‍ ഞങ്ങള്‍ അവിടെ നിന്ന് പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നിങ്ങളെന്റെ രോഗത്തെപ്പറ്റി പറയരുത്.’ അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: ‘മരുന്നിനോടുള്ള രോഗിയുടെ വെറുപ്പാണത്.’ അങ്ങനെ ബോധം തിരിച്ചു വന്നപ്പോള്‍ പറഞ്ഞു: ‘നിങ്ങളിലൊരാളും എന്റെ രോഗത്തെ കുറിച്ച് പറയാതെ അവശേഷിച്ചിട്ടില്ല അബ്ബാസ് ഒഴിച്ച് കാരണമദ്ദേഹം നിങ്ങളോടൊപ്പം ഹാജറായിട്ടില്ല.” (ബുഖാരി, മുസ്‌ലിം). (തുടരും)

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

ക്വുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം

ക്വുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം

ജനങ്ങള്‍ക്ക് മാര്‍ഗദീപമായും വഴികാട്ടിയായും അല്ലാഹു ഇറക്കിയ ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ‘തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു…’ (ക്വുര്‍ആന്‍ 17::9). കേവലം പാരായണം ചെയ്യുക എന്നതിലുപരി അത് പഠിക്കലും പ്രാവര്‍ത്തികമാക്കലും നമ്മുടെ മേല്‍ അനിവാര്യമാണ്. 

വഴിപിഴച്ചുപോകാതിരിക്കാനുള്ള ഏകമാര്‍ഗം അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം പിന്‍പറ്റുക എന്നതു മാത്രമാണ്. അല്ലാഹു പറയുന്നത് കാണുക: ”എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല” (ക്വുര്‍ആന്‍ 20:123). 

മാത്രവുമല്ല ഉത്തമനായ വിശ്വാസിയുടെ സ്വഭാവമായി പഠിപ്പിക്കപെട്ട കാര്യമാണ് ക്വുര്‍ആന്‍ പഠനം. നബി ﷺ  പറഞ്ഞതായി ഉഥ്മാന്‍(റ) ഉദ്ധരിക്കുന്നു: ”നിങ്ങളില്‍ ഉത്തമന്‍ ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവനാകുന്നു” (ബുഖാരി). 

ക്വുര്‍ആന്‍ പഠനത്തിലൂടെ നാം ലക്ഷ്യമാക്കേണ്ടത് ഇരുലോക വിജയമാണ്. അത്തരക്കാരാണ് യഥാര്‍ഥ ഉല്‍ബുദ്ധത കൈവരിച്ചവര്‍. അല്ലാഹു പറയുന്നത് കാണുക: ”നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി” (ക്വുര്‍ആന്‍ 38:29).

ക്വുര്‍ആന്‍ പഠനത്തിന്റെ മഹത്ത്വം

ക്വുര്‍ആന്‍ പഠനത്തിന്റെ മഹത്ത്വം വിവരിക്കുന്ന ചില ഹദീഥുകള്‍ നമുക്ക് പരിചയപ്പെടാം.

1. ‘ക്വുര്‍ആനില്‍ നിപുണരായവര്‍ ആദരണീയരും പരിശുദ്ധരുമായ മലക്കുകളുടെ കൂടെയാണ്.’ (ബുഖാരി, മുസ്‌ലിം) 2. ‘ക്വുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസിയുടെ ഉപമ മധുരനാരങ്ങയെ പോലെയാണ്. അതിനു നല്ല രുചിയും പരിമളവുമാണുള്ളത്. ക്വുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസിയുടെ ഉപമ കാരക്കയെപ്പോലെയാണ്. അതിന് രുചിയാണുള്ളത്; യാതൊരു പരിമളവുമില്ല’ (ബുഖാരി, മുസ്‌ലിം). 3. ‘ക്വുര്‍ആന്‍ നിങ്ങള്‍ പാരായണം ചെയ്യുക. അത് ക്വിയാമത്തു നാളില്‍ തന്റെയാളുകള്‍ക്കായി ശുപാര്‍ശ ചെയ്യും’ (മുസ്‌ലിം). 4. ‘നിങ്ങളാരെങ്കിലും പ്രഭാതത്തില്‍ പള്ളിയിലേക്ക് പുറപ്പെടുകയും അവിടെ നിന്നും രണ്ട് ആയത്തുകള്‍ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്താല്‍ അത് നിങ്ങള്‍ക്ക് രണ്ട് പെണ്ണൊട്ടകങ്ങള്‍ ലഭിക്കുന്നതിനെക്കാള്‍ ഉത്തമമാണ്. മൂന്ന് ആയത്തുകള്‍ മൂന്ന് ഒട്ടകത്തെക്കാളും നാല് ആയത്തുകള്‍ നാല് ഒട്ടകത്തെക്കാളും ഓരോ എണ്ണവും ഓരോ ഒട്ടകം ലഭിക്കുന്നതിനെക്കാളും ഉത്തമമാകുന്നു’ (മുസ്‌ലിം). 5. ‘അല്ലാഹുവിന്റെ ഭവനങ്ങളില്‍ ക്വുര്‍ആന്‍ പാരായണത്തിനും പരസ്പര പഠനത്തിനുമായി ഒരുമിച്ച് കൂടിയവരില്‍ (അല്ലാഹുവിന്റെ) സമാധാനമിറങ്ങുകയും (അല്ലാഹുവിന്റെ)കാരുണ്യം അവരെ പൊതിയുകയും മലക്കുകള്‍ അവരെ വലയം ചെയ്യുകയും അല്ലാഹു അവരെക്കുറിച്ച് തന്റെ അടുക്കലുള്ളവരോട് അനുസ്മരിക്കുകയും ചെയ്യും’ (മുസ്‌ലിം). ഇത്തരത്തില്‍ ക്വുര്‍ആന്‍ പഠനത്തിന്റെ മഹത്ത്വം പരിചയപ്പെടുത്തുന്ന ധാരാളം സ്വഹീഹായ ഹദീഥുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും.

തിരിഞ്ഞ് നടക്കുന്നവന്റെ ഉപമ

അല്ലാഹുവില്‍ നിന്നുള്ള ഉല്‍ബോധനമാണ് ക്വുര്‍ആന്‍. അതില്‍ നിന്നും തിരിഞ്ഞ് നടക്കുന്നവനെ കഴുതയോടാണ് അല്ലാഹു ഉപമിച്ചത്. അല്ലാഹു പറയുന്നത് നോക്കൂ: ”എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)” (ക്വുര്‍ആന്‍ 74:49-51). 

മുന്‍ഗാമികളില്‍ നിന്നും, വേദം ലഭിച്ചിട്ട് അത് ജീവിതത്തില്‍ പകര്‍ത്താത്ത, അതിനുവേണ്ടി പ്രയത്‌നിക്കാത്ത ആളുകളെയും ഇത് പോലെ തന്നെയാണ് അല്ലാഹു വിമര്‍ശിച്ചത്: ”തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത!…” (ക്വുര്‍ആന്‍ 62:5). 

പഠിച്ചത് ജീവിതത്തില്‍ പകര്‍ത്താതെ തന്നിഷ്ടത്തെ പിന്‍പറ്റുന്നവനെ അല്ലാഹു ഉപമിച്ചത് നോക്കൂ: ”നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും അങ്ങനെ പിശാച് പിന്നാലെ കൂടുകയും എന്നിട്ട് ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചു കൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷേ, അവന്‍ ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും സ്വദേഹങ്ങള്‍ക്ക് തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ” (ക്വുര്‍ആന്‍ 7:175-177). അത് കൊണ്ടുതന്നെ ഇത്തരത്തില്‍ ഉപമിക്കപ്പെട്ട ആളുകളുടെ കൂട്ടത്തില്‍ നിന്നും നാം രക്ഷപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം വമ്പിച്ച നഷ്ടമാണ് നമ്മെ കാത്തിരിക്കുന്നത്.

ഉത്തരം പറയാന്‍ തയ്യാറാവുക.

ക്വബ്‌റിലെ രക്ഷാശിക്ഷകളില്‍ വിശ്വസിക്കുന്നവരാണല്ലോ നാം. ക്വബ്‌റിലെ ചോദ്യങ്ങളില്‍ സുപ്രധാനമായ ഒരു ചോദ്യം നമ്മുടെ അറിവിനെ കുറിച്ചാണ്. വിശ്വാസികള്‍ അതിനു പറയുന്ന മറുപടി നബി  ﷺ  നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. അത് ഇപ്രകാരമാകുന്നു: ‘ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം വായിച്ചു. അതില്‍ ഞാന്‍ വിശ്വസിച്ചു. അതിനെ ഞാന്‍ സത്യപ്പെടുത്തി’ (മുസ്‌ലിം). 

നമുക്ക് ഈ ഉത്തരം പറയുവാന്‍ കഴിയുേമാ? നാം അതിന് തയ്യാറായിട്ടുണ്ടോ? ഒരിക്കലും ദുരന്തം പേറേണ്ട അവസ്ഥ നമ്മില്‍ ഉണ്ടാകരുത്. തലയിലേക്ക് വലിയ പാറക്കല്ലുകള്‍ എറിയപ്പെടുകയും തല ഛിന്നഭിന്നമാക്കപ്പെടുകുയും ചെയ്യുന്ന വമ്പിച്ച ശിക്ഷ ലഭിക്കുന്നവര്‍ നിര്‍ബന്ധ നമസ്‌കാരത്തിന്റെ സമയത്ത് കിടന്നുറങ്ങുകയും ക്വുര്‍ആന്‍ ലഭിച്ചിട്ടും അത് തിരസ്‌കരിക്കുകയും ചെയ്തവരാണെന്ന് (ബുഖാരി) നബി ﷺ  നെമ്മ അറിയിച്ചത് നാം എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. പഠിക്കാന്‍ അവസരം ലഭിച്ചിട്ടും പഠിക്കാത്തവരും പഠിച്ചത് ജീവിതത്തില്‍ പകര്‍ത്താതിരിക്കുന്നവരുമെല്ലാം ഈ ഗണത്തിലാണ് ഉള്‍പെടുക.

താക്കീതിനെ കണ്ടില്ലെന്ന് നടിക്കരുത്

അല്ലാഹു പറയുന്നു: ”എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്. അവന്‍ പറയും: എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെ തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അതിരുകവിയുകയും തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അപ്രകാരമാണ് നാം പ്രതിഫലം നല്‍കുന്നത്. പരലോകത്തെ ശിക്ഷ കൂടുതല്‍ കഠിനമായതും നിലനില്‍ക്കുന്നതും തന്നെയാകുന്നു” (20:124-127) 

ഇത് അല്ലാഹു നല്‍കുന്ന താക്കീതാണ്. ഇത് കണ്ടില്ലെന്ന് നാം നടിക്കരുത്. നമുക്ക് വേണ്ടി ക്വുര്‍ആന്‍ ശുപാര്‍ശ പറയണമെങ്കില്‍ ക്വുര്‍ആനിനനുസരിച്ച് നാം ജീവിതത്തെ ക്രമപ്പെടുത്തണം. നബി ﷺ  പോലും നമുക്കെതിരില്‍ സാക്ഷിയായി കടന്നുവരുന്ന മഹാദുരന്തത്തില്‍ നാം അകപ്പെടരുത്. അല്ലാഹു പറയുന്നു: ”(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു” (ക്വുര്‍ആന്‍ 25:30).

 

ഷബീബ് സ്വലാഹി തിരൂരങ്ങാടി
നേർപഥം വാരിക

പാക്കിസ്ഥാനിയായ മോഷ്ടാവും ശൈഖ് ഇബ്‌നുബാസും

പാക്കിസ്ഥാനിയായ മോഷ്ടാവും ശൈഖ് ഇബ്‌നുബാസും

അയാള്‍ തന്നെ തുടങ്ങട്ടെ: ”ഞാന്‍ പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ത്വാഇഫിലെ ഒരു വ്യവസായ ശാലയില്‍ പാറാവുകാരനായി ജോലിയെടുത്തു വരികയായിരുന്നു. അതിനിടയില്‍ ഒരു സങ്കടവാര്‍ത്ത കടല്‍ കടന്നെത്തി. എന്റെ മാതാവിന് ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്നു. കിഡ്‌നി മാറ്റിവെക്കുന്ന ഓപ്പറേഷന്‍ നടത്തണം. കിട്ടിയ വിവരമനുസരിച്ച് 7000 സൗദി രിയാലിന്നു തുല്യമായ സംഖ്യ വേണം. കയ്യിലുള്ളതാകട്ടെ അരമുറുക്കി സ്വരൂപിച്ച 1000 രിയാല്‍ മാത്രം. പലരോടും കടം ചോദിച്ചു. കിട്ടിയില്ല. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ലോണ്‍ ആവശ്യപ്പെട്ട് നോക്കി. അവര്‍ നിരസിച്ചു. 

മാതാവിന്റെ രോഗം ദിനം പ്രതി കൂടിവരുന്നതായും ഒരാഴ്ചക്കുള്ളില്‍ ഓപറേഷന്‍ നടന്നില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്തുക പ്രയാസമായിരിക്കുമെന്നും നാട്ടില്‍ നിന്നുള്ള മുന്നറിയിപ്പെത്തി. എന്ത് ചെയ്യും? തന്നെ ഊണും ഉറക്കവുമൊഴിച്ചു വളര്‍ത്തി വലുതാക്കിയ ഉമ്മയുടെ രോഗം… ചികില്‍സിക്കാന്‍ പണമില്ലാത്തതിന്റെ വിഷമം… മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ. ആ ദിവസം മുഴുവന്‍ കരഞ്ഞു തീര്‍ത്തു. ഒടുവില്‍ ആ സാഹസത്തിന്നു തയ്യാറായി. 

ഭവനഭേദനം! രാത്രി രണ്ടു മണിയായിക്കാണും. ജോലിസ്ഥലത്തിനടുത്തുള്ള ഒരു വീടിന്റെ മതില്‍ചാടി അകത്തെത്തി. മുന്‍പരിചയമില്ലാത്ത ഒരു വേലയുടെ തത്രപ്പാടുണ്ടാക്കിയ ശബ്ദം വീട്ടുകാരെ ഉണര്‍ത്തി! കൂട്ടബഹളത്തിന്നിടയില്‍ കുതിച്ചെത്തിയ പോലീസുകാര്‍ വാരിയെടുത്ത് അവരുടെ വാഹനത്തിലേക്കെറിഞ്ഞ് കുതിച്ചോടി. എന്റെ കണ്ണില്‍ ഇരുട്ട് പടര്‍ന്നു. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, നേരം പുലരുന്നതിന്നു മുമ്പു തന്നെ മോഷണത്തിന്നു ചാടിയിറങ്ങിയ അതേ വീട്ടിലേക്കു പോലീസുകാര്‍ തിരികെ കൊണ്ടുവന്നു. ആ വീട്ടിലെ മജ്‌ലിസിലേക്ക് എന്നെ കയറ്റിയിരുത്തി പോലീസുകാര്‍ തിരിച്ച് പോയി. അല്‍പ സമയത്തിന്നുള്ളില്‍ ഒരു ചെറുപ്പക്കാരന്‍ ആഹാരവുമയിട്ടെത്തിയിട്ട് പറഞ്ഞു: ‘ബിസ്മി ചൊല്ലി കഴിക്കൂ.’ നടക്കുന്നതൊന്നും എനിക്കു വിശ്വസിക്കാനായില്ല. സുബ്ഹി ബാങ്കു കൊടുത്തപ്പോള്‍ അവരെന്നോട്  വുദൂഅ് എടുത്തു നമസ്‌കാരത്തിന്ന് തയ്യാറാവാന്‍ പറഞ്ഞു. ഞാന്‍ ആ സമയം ചകിതനായി എന്റെ നിലയോര്‍ത്ത് തലതാഴ്ത്തിയിരിക്കുകയായിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു വയോധികനെ ഒരു യുവാവു കൈപിടിച്ചു ആ സദസ്സിലേക്കു കൊണ്ടു വന്നു. അദ്ദേഹം ‘ബിശ്ത്’ (ദിശ്ദാശക്കു മുകൡലിടുന്ന ആചാര വസ്ത്രം) ധരിച്ചിട്ടുണ്ട്. എന്റെ അടുത്ത് വന്ന് കൈ പിടിച്ച് സലാം ചൊല്ലി. ഭക്ഷണം കഴിച്ചില്ലേ എന്നു ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്റെ വലതു കൈ പിടിച്ചു അദ്ദേഹം പള്ളിയിലേക്കു നടന്നു. ഞങ്ങള്‍ സുബ്ഹ് നമസ്‌കരിച്ചു. പന്നീട് മസ്ജിദിന്റെ മുന്‍ഭാഗത്തായി ഒരുക്കിവെച്ച കസേരയില്‍ അദ്ദേഹം ഇരുപ്പുറപ്പിച്ചു. നമസ്‌കാരത്തിനെത്തിയവരടക്കം ധാരാളം പേര്‍ ആ കസേരക്കു ചുറ്റും ആ വയോധികന്റെ സംസാരം കേള്‍ക്കാന്‍ കാതോര്‍ത്തു. ലജ്ജകൊണ്ടും ആശങ്കകൊണ്ടും ഞാന്‍ തലയില്‍ കൈ വെച്ചു പോയി! അല്ലാഹുവേ, എന്തു വിഡ്ഢിത്തമാണു ഞാന്‍ ചെയ്തത്? ഞാന്‍ കളവു നടത്താന്‍ കയറിച്ചെന്നതു ശൈഖ് ഇബ്‌നു ബാസിന്റെ വീട്ടിലേക്കോ? അദ്ദേഹത്തെ പേരുകൊണ്ട് അറിയാം.  ഞങ്ങളുടെ നാടായ പാക്കിസ്ഥാനില്‍ അദ്ദേഹം പ്രസിദ്ധനാണ്. 

ക്ലാസ്സ് കഴിഞ്ഞപ്പോള്‍ വീണ്ടും അവരെന്നെ ശൈഖിന്റെ വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടു പോയി. ശൈഖ് എന്റെ കൈപിടിച്ചിരുത്തി. നിരവധി ചെറുപ്പക്കാരോടൊപ്പം ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു. ശൈഖ് എന്നെ അദ്ദേഹത്തിന്റെ അരികിലേക്ക് അടുപ്പിച്ചിരുത്തി. ആഹാരം കഴിക്കുന്നതിന്നിടയില്‍ ചോദിച്ചു: ‘പേരെന്താ?’ ‘മുര്‍ത്തദാ!’ ‘എന്തിനാണു മോഷ്ടിക്കാന്‍ തുനിഞ്ഞത്?’ അപ്പോള്‍ ഞാന്‍ എന്റെ കഥയുടെ ചുരുളുകള്‍ നിവര്‍ത്തി. കഥ കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നിനക്ക് ഞാന്‍ 9000 രിയാല്‍ തരാം.’ ‘അത്രയും വേണ്ട. എനിക്ക് 7000 രിയാലിന്റെ ആവശ്യമേ ഉള്ളൂ.’ ‘അതാവട്ടെ, ബാക്കി നിന്റെ ചെലവിന്നുമെടുക്കുക. പക്ഷേ, ഒരു കാര്യം; മേലാല്‍ മോഷണത്തിന് മുതിരരുത്.’ ഞാന്‍ പണം വാങ്ങി അദ്ദേഹത്തിന്നു നന്ദി പറഞ്ഞു പാക്കിസ്താനിലേക്കു പറന്നു. മാതാവിന്റെ ഓപറേഷന്‍ നടന്നു. അവര്‍ അല്ലാഹുവിന്റെ തുണയാല്‍ സുഖം പ്രാപിച്ചു. അഞ്ച് മാസങ്ങള്‍ക്കു ശേഷം ഞാന്‍ സൗദിയില്‍ തിരികെയെത്തി. ശൈഖ് അപ്പോള്‍ രിയാദിലാണെന്നറിഞ്ഞപ്പോള്‍ അങ്ങോട്ട് അദ്ദേഹത്തെ തിരക്കിച്ചെന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഞാന്‍ സ്വയം പരിചയപ്പെടുത്തി.  അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ഉമ്മയുടെ രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ബാക്കിയുണ്ടായിരുന്ന 1500 രിയാല്‍ തിരികെ കൊടുത്താപ്പോള്‍ അതു നിന്റെ ആവശ്യത്തിന്നു തന്നെ ഉപയോഗിക്കുക എന്നു പറഞ്ഞു വാങ്ങാന്‍ വിസമ്മതിച്ചു. 

‘ശൈഖ്! എനിക്കു താങ്കളോട് ഒരു വിനീതമായ അപേക്ഷയുണ്ട്..’ ഞാന്‍ പറഞ്ഞു. ‘അതെന്താ കുട്ടീ?’ അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു. ‘എനിക്ക് താങ്കളുടെ ഭൃത്യനായി താങ്കളൊടൊത്തു കഴിയണം. എന്റെ ഈ വിനീതമായ അപേക്ഷ തള്ളരുത്.’ നല്ലത് എന്ന് പറഞ്ഞ് അദ്ദേഹം എന്റെ ആവശ്യം അംഗീകരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ മരണം വരെ ആദ്ദേഹത്തിന്നു സേവനം ചെയ്ത് കഴിയാന്‍ എനിക്കു സൗഭാഗ്യമുണ്ടായി. 

ശൈഖിനോട് അടുപ്പമുണ്ടായിരുന്ന ഒരൂ യുവാവ് എന്റെ കഥയുടെ ചില അനുബന്ധങ്ങള്‍ പിന്നീട് എന്നോട്  പറയുകയുണ്ടായി: ”അന്ന് മോഷണത്തിന്നായി താങ്കള്‍ മതില്‍ ചാടിയ നേരത്ത് ശൈഖ് രാത്രി നമസ്‌കാരം നിര്‍വഹിക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് അസാധാരണ ശബ്ദം കേട്ടപ്പോള്‍ അദ്ദേഹം ബെല്‍ അമര്‍ത്തി. സാധാരണ എല്ലാ ദിവസവും നമസ്‌കാരങ്ങള്‍ക്കായി വീട്ടുകാരെ വിളിച്ചുണര്‍ത്താന്‍ അദ്ദേഹം ഉപയോഗിക്കുന്ന ബെല്ലായിരുന്നു അത്. അസമയത്ത് ബെല്ലു കേട്ട് എല്ലാവരും ഉറക്കമുണര്‍ന്നു. അദ്ദേഹം ശബ്ദം കേട്ടകാര്യം പറഞ്ഞപ്പോള്‍ കാവല്‍ക്കാരിലൊരാള്‍ പോലീസിനെ വിളിച്ചു വരുത്തി. അവര്‍ താങ്കളെ പിടികൂടി. അത് ശൈഖ് അറിഞ്ഞു. മോഷ്ടിക്കാന്‍ വന്നവനെ പൊലീസ് കൊണ്ടുപോയി എന്നറിഞ്ഞപ്പോള്‍ അദ്ദേഹം കുപിതനായി. ‘പറ്റില്ല… പറ്റില്ല…. പൊലീസിനെ വിളിക്കൂ. അയാളെ തിരികെ കൊണ്ടു വരട്ടെ. എന്തെങ്കിലും അത്യാവശ്യമുള്ളതു കൊണ്ടായിരിക്കണം അയാള്‍ അതിന്നു മുതിര്‍ന്നത്’ എന്ന് ശഠിച്ചു. അതുകൊണ്ടാണ് താനും മാതാവും രക്ഷപ്പെട്ടത്.”

ഇത് പറയുമ്പോള്‍ ആ പാക്കിസ്ഥാന്‍ സ്വദേശിയുടെ കണ്ണകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച് ജീവിച്ച അന്ധനായിരുന്ന ആ മഹാപണ്ഡിതന്‍ ഇസ്‌ലാമിനു വേണ്ടി ചെയ്ത സേവനങ്ങള്‍ ചെറുതല്ല. അല്ലാഹു അദ്ദേഹത്തിന്റെ ക്വബ്‌റിനെ പ്രകാശപൂരിതമാക്കി കൊടുക്കുമാറാകട്ടെ.

 

പി.എന്‍. അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക

മൃതദേഹം എംബാമിങ്ങ്: ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍

മൃതദേഹം എംബാമിങ്ങ്: ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍

ജീവന്‍ നിലനില്‍ക്കുമ്പോള്‍ മാത്രമല്ല, മരണശേഷവും ആദരിക്കപ്പെടേണ്ടതാണ് മനുഷ്യശരീരം എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ദൂരെ ദിക്കുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി, ജൈവികഘടനയില്‍ മാറ്റം വരാതിരിക്കാന്‍എംബാമിങ്ങ് ചെയ്യുന്ന രീതി ഇന്ന് സാര്‍വത്രികമാണ്. ഇസ്‌ലാമിക വിശ്വാസ-കര്‍മാനുഷ്ഠാനങ്ങളുമായി ഇത് എത്രമാത്രം യോജിക്കുന്നുണ്ട്? സങ്കീര്‍ണതകളൊഴിവാക്കാന്‍ മരണപ്പെടുന്ന സ്ഥലത്ത് തന്നെ സംസ്‌കരിക്കുകയാണോ ഉത്തമം? പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ ഗവേഷണ ലേഖനം

ഇസ്‌ലാമിക ശരീഅത്ത് ജീവനുള്ള അവസ്ഥയിലെന്ന പോലെ ജഡാവസ്ഥയിലും മനുഷ്യന്‍ ആദരിക്കപ്പെടേണ്ടതായാണ് പഠിപ്പിക്കുന്നത്. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ടതും ക്വബ്‌റുകളുമായി ബന്ധപ്പെട്ടതുമായ ഇസ്‌ലാമിക വിധികള്‍ ഈ ആദരവിന്റെ  പ്രകടമായ അടയാളങ്ങളാണ്. ഈ ആദരവിന്റെ പ്രയോഗവല്‍കരണമായി ഇസ്‌ലാം നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ കാണുക:

1. മയ്യിത്തിന്റെ കണ്ണുകള്‍ അടച്ച് കൊടുക്കുകയും കൈകാലുകള്‍ നെരെയാക്കുകയും  (തുണികൊണ്ട്) മൂടുകയും ചെയ്യുക.

2. കുളിപ്പിക്കുക,  കഫന്‍ ചെയ്യുക, നമസ്‌കരിക്കുക. 

3. മറവു ചെയ്യുക.

4. ക്വബ്‌റുകളിന്‍ മേല്‍ ഇരിക്കുന്നതും ചവിട്ടുന്നതും അനിവാര്യമായ കാരണത്താലല്ലാതെ ക്വബ്‌റുകള്‍ മാന്തുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. 

5. മനുഷ്യജഡം വികൃതമാക്കി അപമാനിക്കുന്നതിനെ വിലക്കി.

6. മയ്യിത്തിന്റെ മുന്‍കാല  ജീവിതത്തിലെ നല്ല വശങ്ങളല്ലാത്തത് പരാമര്‍ശിക്കുന്നതിനെ നബി ﷺ വിലക്കി.

മറമാടുന്നതിലെ പൊതുവിധി

മരണം സംഭവിച്ചാല്‍ കഴിവതും വേഗം മറമാടുകയെന്നത്, ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യതകളില്‍ (ഫര്‍ദ് കിഫായ) ഒന്നാണ്. അല്ലാഹു മനുഷ്യന്ന് തുടക്കം മുതലേ അതിന്റെ രീതി പോലും പഠിപ്പിച്ചിട്ടുണ്ട്.  അല്ലാഹു പറയുന്നു: ”അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു” (ക്വുര്‍ആന്‍ 5:31).

മറവ് ചെയ്യുകെയന്നത് ആദ്യതലമുറയില്‍ നിന്ന് തന്നെ മനുഷ്യന്‍  അനന്തരമായെടുത്തതാണ് എന്ന് വ്യക്തം

കുര്‍ആനില്‍ സൂറഃ അബസയിലെ 21ാം വചനം കാണുക: ”അനന്തരം അവനെ മരിപ്പിക്കുകയും ക്വബ്‌റില്‍ മറയ്ക്കുകയും ചെയ്തു.” ഇമാം ക്വുര്‍ത്വുബി(റഹ്) ഈ ആയത്തിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘വന്യമൃഗങ്ങളും പക്ഷികളും തിന്നുപോകുന്നതില്‍ നിന്ന് സംരക്ഷണമായി അഥവാ ആദരവ് എന്ന നിലയില്‍ അവനെ മറവു ചെയ്യുന്ന ക്വബ്‌റുകള്‍ ഉണ്ടാക്കിക്കൊടുത്തു” (തഫ്‌സീറുല്‍ ക്വുര്‍ത്വുബി). സൂറഃ അല്‍മുര്‍സലാത്തിലെ 25, 26 വചനങ്ങളും ഇത് തന്നെ സൂചിപ്പിക്കുന്നു. ഇതെല്ലാം ചേര്‍ത്തു കൊണ്ടാണ് മയ്യിത്തിനെ മറമാടുകയെന്നത് നിര്‍ബന്ധമാണെന്ന് വിധി പറയുന്നത്. അഥവാ മയ്യിത്ത് മറവ് ചെയ്യാതെ സൂക്ഷിച്ചു വെക്കുന്നത് ഇസ്‌ലാമിക വിരുദ്ധവും പ്രകൃതി വിരുദ്ധവുമാണന്നര്‍ഥം. അത് കഴിവതും വേഗമാകണമെന്നാണ് നബി ﷺ യുടെ നിര്‍ദേശം.

നബി ﷺ പറഞ്ഞു: ”ജനാസയെ നിങ്ങള്‍ വേഗത്തിലാക്കുക. കാരണം അത് നല്ലതാെണങ്കില്‍ അതിനെ അതിലേക്ക് (പുണ്യത്തിലേക്ക്) എത്തിക്കുന്നതാണ് ഏറ്റവും ഉത്തമം, ഇനി അതല്ലെങ്കില്‍ ഒരു ബുദ്ധിമുട്ട് നിങ്ങളുടെ പിരടിയില്‍ നിന്ന് ഇറക്കി വെക്കുകയും ചെയ്യാം” (ബുഖാരി, മുസ്‌ലിം). 

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു നബിവചനത്തില്‍ ഇപ്രകാരമാണുള്ളത്: നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ നിന്ന് ആരെങ്കിലും മരണപ്പെട്ടാല്‍ നിങ്ങള്‍ അതിന്റെ പിടിച്ച് വെച്ചേക്കരുത്(വൈകിപ്പിക്കരുത്).  മറവു ചെയ്യാന്‍ നിങ്ങള്‍ ധൃതി കാണിക്കണം.”  

സ്വഹാബിയായ ത്വല്‍ഹത്ത് ബ്‌നുബറായെ രോഗം മൂര്‍ഛിച്ച നേരത്ത് സന്ദര്‍ശിക്കുകയും അദ്ദേഹം മരിച്ചതായി കുടുംബത്തെ അറിയിക്കുകയും ചെയ്ത് കൊണ്ട് നബി ﷺ പറഞ്ഞു: ”ഒരു മുസ്‌ലിമിന്റെ മയ്യിത്ത് കുടുംബത്തിന്നു മുന്നില്‍ ഇങ്ങനെ പിടിച്ചുവെക്കുന്നത് (മറവുചെയ്യാന്‍ വൈകിപ്പിക്കുന്നത്) നല്ലതല്ല” (അബൂദാവൂദ്). ഇതിനെ അവലംബിച്ചു കൊണ്ട് ഇമാം അഹ്മദ് പറഞ്ഞു: ‘വേഗം മറവു ചെയ്യുകയെന്നത് മയ്യിത്തിനെ ആദരിക്കലില്‍ പെട്ടതാണ്.’

ചുരുക്കത്തില്‍, മരിച്ചാല്‍ മണ്ണില്‍ മറവു ചെയ്യുകയെന്നതും അത് വൈകിപ്പിക്കാതിരിക്കുകയെന്നതുമാണ് ഇസ്‌ലാമിന്റെ പൊതുവിധി. അതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നു മയ്യിത്തിന്റെ നല്ല അവസ്ഥക്ക് മാറ്റം സംഭവിക്കുന്നതിനെ തടയുകയെന്നതാണ്.

അനിവാര്യ ഘട്ടങ്ങളിലെ വൈകിപ്പിക്കലും മയ്യിത്തിനെ ഒരു നാട്ടില്‍ നിന്നു മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യലും

അനിവാര്യ ഘട്ടങ്ങളില്‍ മയ്യിത്ത് മറവു ചെയ്യുന്നത് വൈകിപ്പിക്കേണ്ടി വന്നേക്കാം. (നബി ﷺ യുടെ ക്വബ്‌റടക്കം മരണം സംഭവിച്ച രണ്ട് ദിവസം കൊണ്ടാണ് മറവ് ചെയ്തത്). അജ്ഞാത ജഡം തിരിച്ചറിയുന്നത് വരെ, ദുരൂഹ സാഹചര്യത്തിലെ മരണം കാരണം ഉറപ്പിക്കുന്നത് വരെ തുടങ്ങിയ സന്ദര്‍ഭങ്ങള്‍ ഉദാഹരണം. അതില്‍ ഒന്നാണ് മരണം സംഭവിച്ച സ്ഥലത്ത് നിന്നും മറ്റൊരു നാട്ടിലേക്ക് മയ്യിത്തു നീക്കം ചെയ്യേണ്ടി വരല്‍. ഇതിന്റെ ഇസ്‌ലാമിക വിധി പണ്ഡിതന്മാര്‍ വിശദീകരിച്ചതിന്റെ ചുരുക്കം താഴെ കൊടുക്കാം.

1. മരിച്ച സ്ഥലത്തെ മുസ്‌ലിം ക്വബ്ര്‍സ്ഥാനിയില്‍ തന്നെ മറവ് ചെയ്യലാണ് പ്രബലമായ സുന്നത്ത് എങ്കിലും മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പൊകുന്നതില്‍ തെറ്റില്ല. (ഇബ്‌നു ആബിദീന്‍(റഹ്) പോലുള്ള ഹനഫി പണ്ഡിതര്‍ ഈ അഭിപ്രായക്കാരാണ്. അതിന്റെ തെളിവ്: സ്വഹാബികളായ സഅദ്ബിന്‍ അബീവക്വാസും സഈദ് ബ്‌നു സൈദ് ബ്‌നു അംറും അക്വീക്വ് എന്ന പ്രദേശത്ത് മരണമടയുകയും അവരെ ഏഴു മൈല്‍ അകലത്തുള്ള മദീനയില്‍ കൊണ്ട് വന്നു മറമാടുകയും ചെയ്തു.(ഇമാം മാലിക് തന്റെ മുവത്വയില്‍ ഉദ്ധരിക്കുന്നത്). എന്നാല്‍ ഈ സംഭവത്തെ നിലനിര്‍ത്തികൊണ്ട് തന്നെ (അതിന്ന് ചില പ്രത്യേക കാരണങ്ങല്‍ ഉള്ളതിനാലാവാം) പൗരാണികരും ആധുനികരുമായ ഭൂരിപക്ഷം പണ്ഡിതന്മാരും (ഇമാം നവവി, ഇമാം ഔസാഈ, ഇബ്‌നു മുന്‍ദിര്‍ അടക്കം) പറയുന്നത് ഏറ്റവും ശരിയായ കാരണമില്ലാതെ മയ്യിത്ത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുന്നത് അനുവദനീയമല്ല എന്നാണ്. അതാവട്ടെ മയ്യിത്തിന്ന് പ്രയാസം ഇല്ലാതാക്കാനും മയ്യിത്തിന്റെ അവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതില്‍ നിന്ന് മയ്യിത്തിനെ സംരക്ഷിക്കാനുമാണ്. ശരിയായ കാരണങ്ങളുടെ ഉദാഹരണങ്ങളില്‍ ചിലത്: 

1. മറവു ചെയ്യുന്ന മയ്യിത്തിനോട് പ്രസ്തുത സ്ഥലത്ത് അനാദരവ് ഉണ്ടാകുമെന്ന് ഭയപ്പെടുക, യുദ്ധം, ശത്രുത മൂലം മയ്യിത്തിനെ അവമതിക്കുമെന്ന് ഭയമുള്ള സന്ദര്‍ഭം.(ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകളുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ട് പൊകല്‍ നിര്‍ബന്ധമാണ്).

2. സ്വന്തം ആളുകളുടെ അടുത്താവാനും ബന്ധുക്കള്‍ക്ക് സന്ദര്‍ശനം നടത്താനും അവസരം ഉദ്ദേശിക്കുക.

അബ്‌സീനിയയില്‍ വെച്ച് മരണപ്പെട്ട സ്വഹാബി അബ്ദുര്‍റഹ്മാനുബ്‌നു അബൂബക്‌റി(റ)ന്റെ മയ്യിത്ത് മക്കയില്‍ കൊണ്ട് വന്നു മറവു ചെയ്തതില്‍ സഹോദരിയും വിശ്വാസികളുടെ മാതാവുമായ ആഇശ(റ) നീരസം പ്രകടിപ്പിച്ചത് ഇതിനോട് പണ്ഡിതമാര്‍ ചേര്‍ത്ത് വെക്കുന്നു. മയ്യിത്ത് മറ്റൊരു നാട്ടിലേക്ക് മാറ്റാന്‍ മയ്യിത്തിന്റെ തന്നെ വസ്വിയ്യത്തുെണ്ടങ്കില്‍ പോലും അത് നടപ്പിലാക്കേണ്ടതില്ലെന്നാണ് ഇമാം നവവി(റ) അടക്കമുള്ളവരുടെ അഭിപ്രായം (അല്‍ അദ്കാര്‍).  ഈ വിഷയത്തില്‍ ലജ്‌നതുദ്ദാഇമയോട് (സൗദിയുടെ ഔദ്യോഗിക ഫത്‌വ ബോര്‍ഡ്) ഉള്ള ചോദ്യത്തിന്ന് നല്‍കിയ മറുപടിയുടെ ചുരുക്കം ഇപ്രകാരമാണ്:

നബി ﷺ യുടെയും സ്വഹാബത്തിന്റെയും കാലത്തെ പ്രായോഗിക സുന്നത്ത് പ്രകാരം മരിച്ചിടത്ത് മറവ് ചെയ്യുകയെന്നതാണ് വേണ്ടത്. രക്തസാക്ഷികളെ പോലും അവര്‍ മരിച്ചിടത്ത് മറവു ചെയ്യാന്‍ നബി ﷺ കല്‍പിക്കുകയാണ് ചെയ്തത്. അതിനാല്‍ ശരിയായ കാരണങ്ങള്‍ കൊണ്ടല്ലാതെ മയ്യിത്ത് മറ്റു നാടുകളിലേക്ക് കൊണ്ടുപോകുന്നത് നല്ലതല്ല. അതിന്നുള്ള കാരണങ്ങള്‍:

1. മുന്‍ഗാമികളുടെ ചര്യ പിന്‍പറ്റുകയന്നതിനാല്‍.

2. പ്രയാസങ്ങളെ ഒഴിവാക്കുക എന്നതിനാല്‍.

3. മയ്യിത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ ഇല്ലാതെ മയ്യിത്തിനെ സംരക്ഷിക്കാന്‍.

4. കഴിവതും വേഗം മറവു ചെയ്യുകയെന്ന നബികല്‍പന നടപില്‍ വരുത്താന്‍.

5. മയ്യിത്തിന്റെ സംരക്ഷണത്തിന്റെ പേരില്‍  ശരീരത്തില്‍ നടത്തേണ്ടി വരുന്ന നടപടികള്‍ ഒഴിവാക്കിക്കിട്ടാന്‍. 

എംബാമിങ്ങും ഇസ്‌ലാമിക വിധി വിലക്കുകളും

 എന്താണ് എംബാമിങ്ങ്?

മയ്യിത്ത് സാധാരണയില്‍ കവിഞ്ഞ സമയത്തേക്ക് മറമാടാതെ സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥയില്‍, മയ്യിത്തിനെ അതിന്റെ തല്‍സ്ഥിതിയില്‍ നിലനിര്‍ത്താന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ശരീരത്തിന്റെ അകത്തോ പുറത്തോ ചെയ്യുന്ന രീതിക്കാണ് മൊത്തത്തില്‍ എംബാമിങ്ങ് എന്ന് പറയുന്നത്.  

ആധുനിക കാലത്ത് അനുവദനീയമായ കാരണങ്ങളാല്‍ മയ്യിത്ത് ദീര്‍ഘ ദൂരത്തേക്ക് കൊണ്ട് പൊകേണ്ടി വരുമ്പോഴും അവ കേടുവരാതെ സൂക്ഷിക്കാന്‍ എംബാം ചെയ്യാറുണ്ട്. ഇതിന്ന് അറബിയില്‍ ‘തഹ്‌നീത്വ്’ എന്നാണ് പറയുക. സത്യത്തില്‍ മയ്യിത്തില്‍ സുഗന്ധം പൂശുന്നതിനാണ് ഇൗ പദം ഉപയോഗിച്ചിരുന്നതെങ്കിലും പിന്നിട് മെഡിക്കല്‍ എംബാമിങ്ങിന്ന് സാങ്കേതികമായി ഇത് ഉപയോഗിച്ച് തുടങ്ങകയായിരുന്നു. 

മുസ്‌ലിം മയ്യിത്ത് എംബാമിങ്ങ് ചെയ്യുന്നതിന്റെ ലക്ഷ്യം?

നിയമപരമായ കാര്യങ്ങള്‍ക്കായി വൈകിക്കേണ്ടി വരുന്നതിന്ന് പുറമെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് മയ്യിത്ത് എത്തിക്കാനുള്ള സമയമെടുക്കുന്നത് നിമിത്തവും മയ്യിത്ത് എംബാം ചെയ്യേണ്ടി വന്നേക്കാം.

വിവിധ തരം എംബാമിങ്ങും അവയുടെ ഇസ്‌ലാമിക വിധികളും

അഞ്ചു തരം എംബാമിങ്ങുകളാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ വിശദീകരിച്ച് തരുന്നത്. ആര്‍ട്ടീരിയല്‍, കാവിറ്റി, ഹൈപ്പൊ ടെര്‍മിക്, സര്‍ഫൈസ്, പ്ലാസ്റ്റിനിങ്ങ് എന്നിവയാണവ. വിശദീകരണ സൗകര്യത്തിനായി ഇവയെ മൂന്നായി തിരിക്കാം:

1. ആന്തരികമായ മാറ്റങ്ങളിലൂടെയുള്ള എംബാമിങ്. 

(ഉള്ളിലേക്കുള്ള നിക്ഷേപം, ഉള്ളില്‍ നിന്ന് പിന്‍വലിക്കല്‍ (രക്തം, അവയവങ്ങള്‍).

ആന്തരിക മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള എല്ലാതരം എംബാമിങ്ങും ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ വിലക്കപ്പെട്ടതാണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അത് മയ്യിത്തിനെ രൂപഭേദം വരുത്തുകയും അനാദരിക്കുകയും ചെയ്യുന്നതിന്നു തുല്യമാണ്. അവയവങ്ങള്‍ കീറി മാറ്റുക, രക്തം വലിച്ചെടുക്കുക തുടങ്ങിയ രീതിയില്‍ ചെയ്യുന്നതല്ലാം ഈ അനാദരവിന്റെ ഗണത്തില്‍ പെടും. നിരുപാധിക നിരോധനം ആണ് ഇവിടെ കാണുന്നത്, (ഇത് കൊണ്ടാണ് കുവൈത്ത് പോലുള്ള രാജ്യങ്ങളില്‍ ഈ അര്‍ഥത്തിലുള്ള എംബാമിങ്ങിനു നിരോധനമുള്ളത്). എന്നാല്‍ നിര്‍ബന്ധിത സാഹചര്യങ്ങളെ ഒഴിച്ചു നിര്‍ത്തുന്നു. (ഇസ്‌ലാമിന്റെ പൊതുനിയമ രീതി അനുസരിച്ച് വിലക്കുകള്‍ നിര്‍ബന്ധിത കാരണങ്ങളില്‍ അനുവദനീയമാവും). എന്നാല്‍ ശരീരം പിളര്‍ത്തുക, കീറിമുറിക്കുക തുടങ്ങിയ രീതികളൊന്നുമില്ലാതെ രക്ത ധമനികളിലേക്ക് ചില ലായനികള്‍ കുത്തിവെച്ചുകൊണ്ടുള്ള എംബാമിങ്ങ് അനുവദനീയമാണന്ന് അഭിപ്രായമുള്ളവര്‍ ഉണ്ട്. കാരണത്തെ വിലയിരുത്തുന്നതിലുള്ള വൈവിധ്യമാണ് ഗവേഷണ നിലപാടിലെ അഭിപ്രായ വ്യത്യാസത്തിന്നു കാരണം. ചുരുക്കത്തില്‍ മറ്റു മാര്‍ഗങ്ങള്‍ നിലവില്‍ ഇല്ലാതിരിക്കുകയും, കൊണ്ടുപോകല്‍ നിര്‍ബന്ധമായി വരികയും ചെയ്യുന്ന അവസ്ഥയില്‍, മറ്റ് കീറിമുറിക്കലുകളൊന്നുമില്ലാത്ത വിധം, രക്ത ധമനികളില്‍ കുത്തിവെപ്പിലൂടെ രാസവസ്തുക്കള്‍ പ്രവേശിപ്പിച്ചു കൊണ്ടുള്ള എംബാമിങ്ങ് മാത്രമെ ഈ വിഭാഗത്തില്‍ അല്‍പമെങ്കിലും അനുവദനീയമെന്നു പറയാന്‍ പറ്റുന്നതുള്ളൂ. (അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍). ഈ രംഗത്തുള്ള ആധുനിക ഗവേഷണാത്മക അഭിപ്രായം മാത്രമാണിത്. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാവതല്ലാത്തതൊന്നും മയ്യിത്തിനോടും പാടില്ലെന്നതാണ് ഇസ്‌ലാമിന്റെ പൊതു വിധി. നബി ﷺ പറഞ്ഞു: ”ഒരു മയ്യിത്തിന്റെ എല്ല് പൊട്ടിക്കല്‍ അതിനെ ജീവിനുള്ള അവസ്ഥയില്‍ പൊട്ടിക്കുന്നതിന്നു സമാനമാണ്” (അബൂദാവൂദ്).  

2. ബാഹ്യമായ എംബാമിങ്ങ് (ശരീരത്തില്‍ പുരട്ടല്‍)

ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്ന കാരണങ്ങള്‍ക്കാണ് ഈ തരം എംബാം നടത്തുന്നതെങ്കില്‍, മയ്യിത്തിന്റെ അവസ്ഥക്ക് രൂപമാറ്റമുണ്ടാക്കി അതിന്റെ മാന്യതയെ അവമതിക്കാത്ത രീതി എന്ന നിലയില്‍ ഇതിന്ന് വിലക്കില്ല. പക്ഷേ, ഉപയോഗിക്കുന്ന രാസവസ്തുക്കളോ മറ്റോ ഇസ്‌ലാം വിരോധിച്ചതാവരുെതന്നു മാത്രം. (പന്നി നെയ്യ്, ലഹരി വസ്തുക്കള്‍ പോലെ). എന്നാല്‍ മയ്യിത്ത് ഒന്നായി ലായനിയില്‍ മുക്കി എടുക്കുക പോലുള്ള രീതി മയ്യിത്തിനെ അവമതിക്കുന്ന ഗണത്തില്‍ പെടും. (അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍).

3. പരിസരങ്ങളുടെ എംബാമിങ്ങ് (പെട്ടി, റൂം)

മയ്യിത്ത് സൂക്ഷിക്കുന്ന ഫ്രീസര്‍, നാട്ടിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി തയ്യാറാക്കുന്ന മയ്യിത്ത് പെട്ടിയില്‍ നിക്ഷേപിക്കുന്ന പൊടികളും ലായനികളും എന്നിവ ഈ ഇനത്തില്‍ പെടും. മയ്യിത്തിനെ അഴുകുന്നതില്‍ നിന്ന് സൂക്ഷിക്കുകയെന്ന പൊതുലക്ഷ്യമായതിനാലും, മയ്യിത്തിന്റെ മാന്യതക്ക് പരിക്കേല്‍പിക്കാത്തതെന്ന നിലയ്ക്കും ഈ തരം എംബാമിങ്ങിന് ഇസ്‌ലാമിക വിലക്കുകളൊന്നും പണ്ഡിതന്മാര്‍ കാണുന്നില്ല. മറിച്ച് അനിവാര്യമായ കാരണത്താല്‍ മയ്യിത്ത് സൂക്ഷിക്കേണ്ടി വരുമ്പോള്‍ അതിന്റെ പവിത്രത സൂക്ഷിക്കാന്‍ അത് അവിവാര്യമാണെന്നാണ് പണ്ഡിതാഭിപ്രായം. കൂടാതെ എംബാമിങ്ങിന്റെ ആശയക്കുഴപ്പത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ഫ്രീസര്‍ സംവിധാനത്തെ വികസിപ്പിക്കുകയാണ് നല്ലതെന്ന നിര്‍ദേശവും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. 

(അവസാനത്തെ രണ്ട് വിഭാഗവും സാങ്കേതികാര്‍ഥത്തില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ‘എംബാമിങ്ങ്’ ആയി പരിഗണിക്കുന്നില്ല.)

പ്രവാസികളും മയ്യിത്തും 

ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ ജീവിക്കുന്നവരുടെ ബാധ്യത ആ മയ്യിത്തിനെ എത്രയും പെട്ടെന്ന് ക്വബ്‌റടക്കുകയെന്നതാണല്ലോ. മയ്യിത്തിന്ന് നല്‍കുന്ന ആദരവും അതിനെ പ്രയാസപ്പെടുത്താതിരിക്കലുമാണ് അതിലൂടെ ലഭിക്കുന്നത്. ഈ വസ്തുത മുന്നില്‍ വെച്ചു വേണം പ്രവാസികളും നാട്ടിലുള്ള ബന്ധുക്കളും മയ്യിത്തിന്റെ വിഷയത്തില്‍ തീരുമാനമെടുക്കാന്‍. ഇസ്‌ലാമിക സമൂഹവും നിയമവും പരിരക്ഷയും വേണ്ടുവോളം ലഭിക്കുന്ന ഒരു സ്ഥലത്തു നിന്ന് ദിവസങ്ങളോളം എംബാമിങ്ങിലൂടെയും മറ്റും സംരക്ഷണം തീര്‍ത്ത് ഒരു മുസ്‌ലിം മയ്യിത്ത് നാട്ടില്‍ എത്തിക്കുന്നതില്‍ ഉള്ള ഉപകാരം, മയ്യിത്തിനോടുള്ള ഇസ്‌ലാമിക താല്‍പര്യങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണോ എന്ന് പരിശോധിക്കുകയാണ് ആദ്യം അനിവാര്യമായിട്ടുള്ളത്. ഇവിടെയാണ് മയ്യിത്ത് കാണല്‍, കുടുംബങ്ങള്‍ക്കും മറ്റും ക്വബ്ര്‍ സന്ദര്‍ശനത്തിന്നും പ്രാഥനക്കും അവസരം ലഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടെന്ന കാര്യങ്ങള്‍ വിലയിരുത്തപ്പെടുന്നത്. മയ്യിത്തിന്നും അതിനെ കൈകാര്യം ചെയ്യുന്ന ആളുകള്‍ക്കും ഉണ്ടാകുന്ന പ്രയാസത്തെക്കാള്‍ ഇത് ഉയര്‍ന്നു നില്‍ക്കുമോ ഇല്ലയോ എന്നതിന്നനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടേണ്ടതെന്നര്‍ഥം. താല്‍ക്കാലിക സമയത്തെ കേവല വൈകാരികതക്കപ്പുറം ചിന്തിക്കാന്‍ മാത്രം ഈമാനികമായി നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും ഉദ്ബുദ്ധരാക്കുകയാണ് ഇവിടെ അനിവാര്യം. മാത്രവുമല്ല അന്യ ദേശത്ത് മരണപ്പെടേണ്ടി വരുന്നവര്‍ക്ക് ലഭിക്കുന്ന പുണ്യത്തെ കുറിച്ച് നബി ﷺ നല്‍കിയ സന്തോഷവാര്‍ത്ത വിശ്വാസികള്‍ക്ക് സമാധാനം നല്‍കേണ്ടതുണ്ട്. 

നബി ﷺ ഒരിക്കല്‍ ഒരു സ്വദേശി മരിച്ചപ്പോള്‍ അയാള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്‌കരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: ”അദ്ദേഹം ജന്മ നാട്ടിലല്ലാത്തിടത്ത് വെച്ചു മരിച്ചിരുന്നെങ്കില്‍!” ‘അതന്ത് കൊണ്ടാണ് തിരുദൂതരേ’ എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോല്‍ നബി തങ്ങള്‍ മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ”തന്റെ ജന്മനാട്ടിലല്ലാതെ മരിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ അത്രയും ദൂരം അളന്ന് നല്‍കി പ്രതിഫലം നല്‍കുന്നതാണ്.” (നസാഈ).

എന്നാല്‍ അതില്‍ കുടുംബത്തിന്റെ വൈകാരികത പരിഗണിക്കാതെ കടുംപിടുത്തം പിടിക്കാതിരിക്കലുമാണ് ഇസ്‌ലാമിന്റെ കര്‍മശാസ്ത്ര വിശാലതയുടെ വെളിച്ചം നല്‍കുന്ന പാഠം. (അല്ലാഹുവാണ് എറ്റം നന്നായി അറിയുന്നവന്‍). 

മയ്യിത്ത് കാണുന്നതിന്റെ ഇസ്‌ലാമിക വിധി

എല്ലാവരും മയ്യിത്ത് കാണല്‍ സുന്നത്താണെന്ന നിലയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ലെങ്കിലും അനുവദനീയമാണ്. നബി ﷺ ഉസ്മാനുബ്‌നു മള്ഊനി(റ)ന്റെ മയ്യിത്ത് (മുഖം) തുറന്ന് ചുംബിച്ചിരുന്നു. (അബൂദാവൂദ്) നബിയുടെ വിശുദ്ധ ശരീരം അബുബക്ര്‍(റ) മുഖം തുറന്ന് നോക്കുകയും  ഉമ്മ വെക്കുകയും ചെയ്തിരുന്നു (ബുഖാരി). സുന്നത്ത് എന്ന് പറയുമ്പോള്‍ ആ കര്‍മത്തിന്ന് അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ അനുവദനീയം എന്നാകുമ്പോള്‍ മനുഷ്യ താല്‍പര്യങ്ങളുടെ ഭാഗമായി ചെയ്യുന്ന, മതം വിലക്കാത്ത കാര്യങ്ങള്‍ ആണ്. 

ചുരുക്കം:

1. മയ്യിത്ത് വേഗം മറവു ചെയ്യുകയന്നതാണ് ഇസ്‌ലാമിക മര്യാദ.

2. അനിവാര്യ കാരണങ്ങളാല്‍ വൈകിപ്പിക്കാവുന്നതാണ്.

3. ബാഹ്യതലത്തിലെ എംബാമിങ്, മയ്യിത്ത് അഴുകുന്നതില്‍ നിന്നു സംരക്ഷിക്കുകയെന്ന ലക്ഷ്യമായതിനാലും മയ്യിത്തിന്റെ ഭൗതിക ശരീരത്തില്‍ പ്രയാസകരമായ ഇടപെടലുകള്‍ നടക്കാത്തതിനാലും അതില്‍ തെറ്റു കാണുന്നില്ല.

4. സംശയകരമായതില്‍ നിന്ന് മുക്തി നേടാന്‍ സഹായകരം എന്ന നിലക്ക് ഫ്രീസര്‍ സംവിധാനം വികസിപ്പിക്കുന്നതാണ് കൂടുതല്‍ നല്ലത്. 

5. മയ്യിത്ത് വേഗം മറവു ചെയ്യാനാണ് ബന്ധുക്കളടക്കം ജീവിച്ചിരിക്കുന്നവര്‍ സൗകര്യം അന്വേഷിക്കേണ്ടത്. അതിനാവശ്യമായ ഈമാനിക ബോധം വളര്‍ത്തുകയാണ് പരിഹാരം. 

6. അന്യദേശത്ത് മരിക്കേണ്ടി വരുന്നവര്‍ക്ക് അല്ലാഹു പ്രത്യേക പ്രതിഫലം നല്‍കുന്നതാണ്. 

7. ആവശ്യമുള്ളവര്‍ക്ക് മയ്യിത്ത് കാണുന്നതിലോ കാണിക്കുന്നതിലോ ഇസ്‌ലാമില്‍ വിലക്കില്ല. 

എന്റെ പഠനത്തിലും അന്വേഷണത്തിലും ബോധ്യമായ ചില കാര്യങ്ങളാണ് ഇവിടെ പറഞ്ഞത്. കൂടുതല്‍ വ്യക്തതയും തിരുത്തലുകളും ആവശ്യമുണ്ടായേക്കാം. വിഷയം ഗവേഷണാത്മകമായതിനാല്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ക്ക് സാധുത ഉണ്ടാവുക സ്വഭാവികം. 

അല്ലാഹുവേ, ഞങ്ങള്‍ മറന്നതോ തെറ്റിയതോ മൂലം ഞങ്ങളെ നീ പിടികൂടരുതേ. ഏറ്റവും ശരിയായതിലേക്ക് നീ ഞങ്ങളെ വഴി നടത്തുകയും ചെയ്യേണമേ. (ആമീന്‍)

അവലംബം: 

1. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ മനുഷ്യ ജഡത്തെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍. ഗവേഷണപ്രബന്ധം. നാഷണല്‍ യൂനിവേഴ്‌സിറ്റി. ഫലസ്തീന്‍. 

2. ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദിന്റെ മേല്‍നോട്ടത്തിലുള്ള വെബ് സൈറ്റ് (www.islamqa.info)

3. ഫിക്വ്ഹ് വിഞ്ജാനകോശം. കുവൈത്ത് ഔക്വാഫ് മന്ത്രാലയം

4. അഭിമുഖം: ഡോ.ആദില്‍ അല്‍ മുെത്വയ്‌റാത്. പ്രഫ.ഫിക്വ്ഹ് വിഭാഗം. കുവൈത്ത് യൂനിവേഴ്‌സിറ്റി.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക